തനിയെ ~ ഭാഗം 01, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ

ഓടിക്കിതച്ചുവന്ന് ബസിലേക്ക് കയറുമ്പോഴേക്കും കണ്ടക്ടർ ഡബിൾ ബെൽ കൊടുത്തിരുന്നു. ശ്വാസംമുട്ടിക്കുന്ന തിരക്ക്. കൈകൾ മുകളിലെ കമ്പിയിലേക്കൊന്ന് എത്തിപ്പിടിക്കാൻ ഏറെ പണിപ്പെട്ടു.

ഇനിയും കാത്തുനിന്നാൽ വേറെ ബസ് കിട്ടാതെ വരും. പിന്നെ വീടെത്തുമ്പോഴേക്കും സമയമൊരുപാടാകുമെന്ന ഗീതുവിന്റെ വേവലാതിക്ക് മറുത്തൊന്നും പറയാൻ തോന്നിയില്ല

ബസെത്തുമ്പോഴേക്കും ടിക്കറ്റിനുള്ള പൈസയെടുത്തു കയ്യിൽ വെക്കുന്ന ശീലമുണ്ട്. ഇന്നതിനും സമയം കിട്ടിയില്ല.

അവൾ ബാഗിന്റെ സിബ് തുറന്ന് പൈസയെടുക്കാൻ തുടങ്ങിയപ്പോഴേക്കും കണ്ടക്ടർ അടുത്തെത്തിയിരുന്നു.

“ഒരു തമ്പുരാൻപടി.. പൈസ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.

ഒരു നിമിഷം, പൈസ നീട്ടിയ കൈകൾ വിറച്ചു. കണ്ണുകളിൽ വല്ലാത്തൊരു നീറ്റൽ.

തനിക്കു നേരെ നീണ്ട കൈകളും ഒരു നിമിഷം നിശ്ചലമായതും പിന്നെയത് തൊട്ടടുത്തയാളിലേക്ക് നീളുന്നതും ടിക്കറ്റ് മുറിച്ചു കൊടുത്ത് വീണ്ടും മുന്നോട്ട് നീങ്ങിപ്പോകുന്നതുമൊക്കെ ഒരു സ്വപ്നത്തിലെന്നപോലെ അവൾ കണ്ടു.

അവളുടെ ഭാവമാറ്റം കണ്ട് ഗീതു ചോദ്യഭാവത്തിൽ ഒന്ന് നോക്കി.

ഒന്നുമില്ലെന്ന് അവളൊന്ന് ചിരിക്കാൻ ശ്രമിച്ചത് വൃഥാവിലായി.

കണ്ണുകൾ പരസ്പരം കൂട്ടിമുട്ടാതെ പലതവണ ആ കൈകൾ അവൾക്ക് മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും കടന്നു പോയി.അപ്പോഴൊക്കെ ദേഹമാകെ വിറപൂണ്ടു.

തൊണ്ടക്കുഴിയിൽ നിന്നും തികട്ടി വരുന്ന തേങ്ങലുകളെ സാരിത്തലപ്പുകൊണ്ട് അമർത്തി നിർത്താൻ അവൾ പാടുപെട്ടു.

17 വർഷങ്ങൾ, അതിനിടയിൽ ഒരിക്കൽപ്പോലും ഇങ്ങനെയൊരു കൂടിക്കാഴ്ച നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ടാകാം മനസ്സ് ഇത്രയേറെ വെപ്രാളപ്പെടുന്നത്.

വർഷങ്ങൾക്കിപ്പുറവും പ്രണയത്തിന്റെ വറ്റി വരണ്ടു പോകാത്തൊരു നീർത്തുള്ളി മനസ്സിനെ ആർദ്രമാക്കുന്നുവോ എന്നവൾ ഭയപ്പെട്ടു.

ചാരി നിന്ന സീറ്റിൽ നിന്നും ആരോ എഴുന്നേറ്റതും തിടുക്കപെട്ട് അവളത് കൈക്കലാക്കി. പിന്നിൽ നിന്ന ഗീതു അവൾക്കരികിലേക്ക് നീങ്ങി നിന്ന് എന്തുപറ്റിയെന്ന് ശബ്ദം താഴ്ത്തി.

ഒന്നുമില്ല ഗീതു.തലവേദനിക്കുന്നു.

ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ വേണി നിശബ്ദയായിരുന്നു. അവൾക്ക് കാര്യമായെന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി ഗീതുവും അവളോട്‌ പിന്നെയും ചോദിക്കാൻ മുതിർന്നില്ല.

അവർ ചെല്ലുമ്പോൾ ശ്രുതി ചായക്കുള്ള വെള്ളം വെച്ചിരുന്നു.

മോള് ഇതുവരെ ചായകുടിച്ചില്ലേ. ക്ലാസ്സ്‌ കഴിഞ്ഞു വന്നിട്ട് ഇത്രേം നേരമായില്ലേ.

എല്ലാരും വരട്ടെന്ന് വിചാരിച്ചു ആന്റി.

ഗീതുവിന്റെ ചോദ്യത്തിനു മറുപടി പറഞ്ഞു കൊണ്ട് അവൾ പഞ്ചസാര ടിന്നെടുത്തു ചായയിൽ മധുരം ചേർത്തു.

ഗീതുവിന്റെ കുട്ടികൾ കൂടി ട്യൂഷൻ കഴിഞ്ഞു വന്നപ്പോഴേക്കും എല്ലാരുമൊന്നിച്ചു ചായ കുടിച്ച് പതിവുപോലെ രാത്രിയിലേക്കുള്ള ആഹാരം തയ്യാറാക്കി വെച്ച് രണ്ടുപേരും മക്കളുടെയരുകിൽ ചെന്നിരുന്നു.

ശ്രുതി, പാച്ചുവിനെ ഹോംവർക്ക്‌ ചെയ്യാൻ സഹായിക്കുകയായിരുന്നു.

“ഗീതുവാന്റി ഈ ചെറുക്കൻ ഒരക്ഷരം പഠിക്കുന്നില്ല ട്ടോ.ട്യൂഷൻ ഫീസ് കൊടുത്തു മുടിയത്തെയുള്ളൂ ഇവനെക്കൊണ്ട്.

“അയ്നേ ആ ടീച്ചർക്ക് ഒന്നും അറിയില്ല. അറിയാത്ത ചോദ്യങ്ങളുടെ ഉത്തരമൊക്കെ ഞങ്ങളോട് ചോദിക്കും. ഞങ്ങളെങ്ങനെ പറഞ്ഞു കൊടുക്കാനാ.

പാച്ചുവിന്റെ പരാതിപറച്ചിൽ കേട്ട് എല്ലാരും ഒന്നിച്ചു പൊട്ടിച്ചിരിച്ചുപോയി.

ഗീതുവിന്റെ നാലുമക്കളിൽ ഇളയവനാണ് നാലാം ക്ലാസുകാരനായ പാച്ചുവെന്ന പ്രിൻസ്.അതിനിളയ റിമി മോളും മൂത്തവരായ റോഷനും, രൂപേഷും ചേർന്നാൽ ഗീതുവിന്റെ കുടുംബമായി.

രാജഗിരിയിലേക്ക് സ്റ്റാഫ്‌ നഴ്സായി ജോലി കിട്ടി വന്നപ്പോൾ വേണി ആദ്യമന്വേഷിച്ചത് കുറഞ്ഞ ചിലവിൽ ഒരു വാടകവീടായിരുന്നു.

” ഗീതുവിനോട് ചോദിച്ചാൽ അറിയാൻ പറ്റിയെക്കും ഞാനൊന്നു ചോദിക്കട്ടെ നമ്മുടെ ശ്യാം ഡോക്ടറുടെ ഫ്ലാറ്റിലെ ജോലിക്കാരിയാഗീതു. അവൾ പാർട്ട്‌ ടൈം ആയി അവിടെ തന്നെ കുറെ വീടുകളിൽ ജോലി ചെയ്യുന്നുണ്ട്. താമസം ഇവിടെ അടുത്തെവിടെയോ വാടകക്ക് തന്നെയാ.”

റിസപ്ഷനിസ്റ്റ് അനിത അപ്പോൾ തന്നെ അവളെ വിളിച്ചു പരിചയപ്പെടുത്തികൊടുക്കുകയും ചെയ്തു.

“വീടൊക്കെ കിട്ടും. പക്ഷേ അന്യായ വാടകയാ. ഞാൻ തന്നെ വാടക കൊടുക്കാൻ പെടുന്ന പാട്.

എന്നാലും ഒരെണ്ണം എനിക്ക് കൂടി കണ്ടു പിടിച്ചു തരൂ. ഒരു ചെറുത് മതി. ഞാനും മോളും മാത്രേ ഉള്ളു.

“എന്നാപ്പിന്നെ ഞാനൊരു ഐഡിയ പറയട്ടെ എന്റെ വീട്ടിൽ കൂടിക്കോ. എനിക്ക് അത്രേം വലിയ വീട് ആവശ്യമുണ്ടായിട്ടല്ല. വേറെ കിട്ടാനില്ലാത്ത കൊണ്ട് കയറിക്കൂടിയതാ.ഒരു മുറി ചുമ്മാ കിടക്കുവാ. അത് മതിയല്ലോ നിങ്ങൾക്ക്. വാടക നമുക്ക് ഷെയർ ചെയ്യാം.”

അത് നല്ല കാര്യാ വേണി. അവിടെ ഇവളും പിള്ളേരും മാത്രമല്ലെയുള്ളൂ. രണ്ടു പേർക്കും പരസ്പരം കൂട്ടായല്ലോ.ഗീതുവിന്റെ അഭിപ്രായത്തോട് അനിതയും യോചിച്ചു.

“ആ കുട്ടിയുടെ ഹസ് മരിച്ചു പോയതാണോ ?

ലഞ്ച് ബ്രേക്കിൽ അനിതയോടന്വേഷിച്ചു.

“ഹേയ്… അയാൾ വേറെ ഏതോ പെണ്ണിന്റ കൂടേ പോയി. നാല് പിള്ളേരെ സമ്പാദിച്ചു കൊടുത്തിട്ടുണ്ട് കഴുവേറി.

മറ്റൊരു രീതിയിൽ തന്റെ അനുഭവങ്ങളുടെ ആവർത്തനം തന്നെയെന്ന് വേണി സങ്കടത്തോടെ ഓർത്തു. പെണ്ണായി പിറന്ന ഓരോരുത്തർക്കും ഓരോ കഥകളുണ്ടാകും, ചായാൻ ഒരു ചുമൽ കിട്ടിയാൽ ഒന്ന് പെയ്തൊഴിയാൻ.

എനിക്ക് ഹോസ്റ്റൽ മടുത്തമ്മേ. അവിടെയാണെങ്കിൽ എനിക്ക് കോളേജിലേക്ക് ദിവസവും പോയി വരാലോ.

ശ്രുതിമോളുടെ നിർബന്ധംകൂടിയായപ്പോൾ പിന്നെയൊന്നും ആലോചിച്ചില്ല.

രണ്ടു കുടുംബങ്ങൾ അതോടെ ഒന്നായി.

ഗീതുവിന്റെ മക്കളുടെ കളി ചിരിയും കലപില സംസാരവും എല്ലാ സങ്കടങ്ങളെയും കുറച്ചു നേരത്തേക്കെങ്കിലും മാറ്റി നിർത്താൻ ഗീതുവിനെപ്പോലെ വേണിക്കും സഹായകമായി.

വീട്ടിൽ നിന്നിറങ്ങി പോരുമ്പോൾ അമ്മയുടെ പതിവ് ചോദ്യം കേട്ടില്ലന്ന് നടിച്ചു.

“നിനക്കിതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ. ഇവിടെ താമസിച്ചു പോയി വരാവുന്നിടത്തു ജോലി അന്വേഷിച്ചൂടെ.

എന്തിന് ?സ്വന്തം വീട്ടിലും അന്യയാകാനോ??

മനസ്സിൽ ഉയർന്നുവന്ന ചോദ്യം ഉള്ളിലേക്ക് തന്നെ ഒതുക്കി വെച്ചു.

രണ്ടു വർഷമായി ശ്രുതിയും ഹോസ്റ്റലിൽ. ആഴ്ചയിൽ ഒരു ദിവസം അവളെ പോയിക്കാണും അപ്പോഴൊക്കെ മോളോടൊപ്പം ജീവിക്കാനുള്ള കൊതി അവളെ വീർപ്പുമുട്ടിക്കും.

ഒരു വീടെടുത്തു തരൂ ഞാനും മോളും എങ്ങനെയും ജീവിച്ചുകൊള്ളാം എന്ന യാചനക്ക്, എന്നിട്ട് വേണം നാട്ടുകാരെക്കൊണ്ട് പറയിക്കാൻ എന്ന ഒറ്റ വാക്കുകൊണ്ട് അമ്മ തീർപ്പ് കൽപ്പിക്കും.

രാജഗിരിയിൽ സ്റ്റാഫ്‌ നഴ്സിന്റെ ഒഴിവുണ്ട് എന്നറിഞ്ഞപ്പോ അതിന് വേണ്ടി ശ്രമിച്ചത് തന്നെ മോളെയും കൂട്ടി ഒരു വീടെടുത്തു മാറണം എന്ന ഉദ്ദേശത്തോടെയായിരുന്നു.

ശ്രുതി ആഗ്രഹിച്ചതു പോലെ തന്നെ മഹാരാജാസിൽ അഡ്മിഷൻ കിട്ടുകയും ചെയ്തു.

ജീവിതം സങ്കടങ്ങളില്ലാത്ത ഒരു കരയിലേക്ക് അടുത്തു തുടങ്ങിയ ആശ്വാസമായിരുന്നു ഗീതുവിന്റെ വാടകവീട്ടിലേക്കു താമസം മാറിയപ്പോ. പക്ഷേ വീണ്ടും കാർമേഘങ്ങൾ വന്നു മൂടാനൊരുങ്ങുകയാണോ എന്നവൾ സങ്കടപ്പെട്ടു

“നിന്റെ ക്ലാസ്സ്‌ എങ്ങനെയുണ്ട്. പ്ലസ് ടു ന് കൂടേ പഠിച്ച ആരെങ്കിലുമുണ്ടോ കൂടേ.?

രാത്രി ഊണ് കഴിഞ്ഞു കിടക്കുമ്പോൾ വേണി ശ്രുതിയോട് ചോദിച്ചു.

“ഉണ്ട്‌. എന്റെ ബാച്ചിൽ അല്ലന്ന് മാത്രം. നവീനും, ശ്രീകാന്തും ഇംഗ്ലീഷ് ബാച്ചിലാ. പിന്നെ സ്റ്റെല്ലയും മിനിയും മലയാളം. ഞാൻ മാത്രമുള്ളു സുവോളജിക്ക്.

ഉം.. എന്നാലും അറിയുന്ന കൂട്ടുകാർ ക്ലാസ്സിൽ ഉള്ളത് നല്ലതായിരുന്നു. ഒന്നിച്ചു പോയി വരാലോ.

ഫ്രണ്ട്സിനെയൊക്കെ ഇനിയും കിട്ടുമമ്മേ.മഹാരാജാസിൽ പഠിക്കാൻ പറ്റിയത് തന്നെ എന്റെ ഭാഗ്യം. എന്തോരം ആശിച്ചതാ.

“നന്നായി പഠിച്ചോ. ബിഎസ് സി കഴിഞ്ഞു നഴ്സിംഗ്നു തന്നെ ചേരാം. അതല്ല മറ്റെന്തെങ്കിലും താല്പര്യമുണ്ടെങ്കിൽ അതിനും ശ്രമിക്കാം. നീയൊരു കരപറ്റി കണ്ടാൽ മതി അമ്മക്ക്. എനിക്ക് നീയേ ഉള്ളു…

അത് പറഞ്ഞപ്പോഴേക്കും വേണിയുടെ തൊണ്ടയിടറി. കണ്ണുകൾ നിറഞ്ഞൊഴുകി.

“ഉം… തുടങ്ങി. ഇതെന്നുമിങ്ങനെ പറയണോ അമ്മേ.. എനിക്കറിയില്ലേ ഇതൊക്കെ. അമ്മ കിടന്നുറങ്ങാൻ നോക്ക്.

അവൾ അമ്മയെ കേട്ടിപ്പിടിച്ചു ചേർന്ന് കിടന്നു.

ശ്രുതി… അമ്മയിന്ന് അച്ഛനെ കണ്ടു.

ങേ… എവിടെവെച്ച്

ശ്രുതി അത്ഭുതം കൂറുന്ന മിഴികളോടെ ചാടിയെഴുന്നേറ്റു കൊണ്ട് അവളെ നോക്കി.

“ബസിൽ….ഈ റൂട്ടിലായിരിക്കും ഇപ്പൊ ഡ്യൂട്ടി.”

“എന്നിട്ട് അമ്മ മിണ്ടിയോ?

“ഇല്ല”

അച്ഛനോ?

“എന്നോടും മിണ്ടിയില്ല.”

“ഉം… സാരമില്ല. അതൊക്കെ പോട്ടെ. എനിക്ക് അമ്മയും അമ്മക്ക് ഞാനുമില്ലേ. നമ്മളെ വേണ്ടാത്ത ആരെയും നമുക്കും വേണ്ടമ്മേ. പോകാൻ പറ. അമ്മ ഉറങ്ങാൻ നോക്ക്. എനിക്കും നല്ല ഉറക്കം വരുന്നു.

ശ്രുതി പുതപ്പെടുത്തു പുതച്ചു കൊണ്ട് തിരിഞ്ഞു കിടന്നു.

അവളങ്ങനെ പറഞ്ഞെങ്കിലും ആ മനസ്സ് വായിക്കാൻ വേണിക്ക് കഴിഞ്ഞു,അച്ഛന്റെ ലാളനകൾ ഏറെ കൊതിക്കുന്ന പെൺകുട്ടിയാണവൾ. കൂട്ടുകാർ അച്ഛനെക്കുറിച്ച് വാതോരാതെ സംസാരിക്കുമ്പോൾ മൗനമായിരുന്ന് കരയുന്ന ഒരുവൾ.

മോളുറങ്ങിയോ എന്ന ചോദ്യത്തിന് മറുപടി ഉണ്ടായില്ല.അവൾ ഒരു നെടുവീർപ്പോടെ ശ്രുതിയോട് ചേർന്ന് കിടന്നു.

അടഞ്ഞ കണ്ണുകൾക്ക് മുന്നിൽ, എവിടെക്കാ എന്ന ദാർഷ്ട്യം നിറഞ്ഞ ചോദ്യത്തിനു മുന്നിൽ നീട്ടിപ്പിടിച്ച ഒരഞ്ചു രൂപ നോട്ടുമായി വേണിയെന്ന പതിനെട്ടുകാരി കയറി വന്നു.

പുളിഞ്ചോട് കവല എന്ന് വിക്കി വിക്കി പറയുമ്പോൾ പുളിഞ്ചോട്ടിലേക്കു എട്ടു രൂപയാ. അഞ്ചുരൂപക്ക് കുന്നുംപുറത്തു ഇറങ്ങിക്കോണം എന്ന ഭീഷണിയായിരുന്നു മറുപടി.

“ഇത്രയും ദിവസം മറ്റേ ചേട്ടൻ അഞ്ചുരൂപയാണല്ലോ മേടിച്ചത്.”

“അതൊന്നും എനിക്കറിയണ്ട.. ഞാൻ ഇറങ്ങാൻ പറഞ്ഞാ ഇറങ്ങിക്കോണം.”

“ഇറങ്ങിയില്ലെങ്കിലോ”

“ഇറങ്ങിയില്ലെങ്കിൽ ഇറക്കി വിടും”

“ആ നമുക്ക് കാണാം”

“ആ കാണാം “

ഒരു വഴക്കിന്റെ തുടക്കമായിരുന്നു അത്.

സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി ആരെയും എവിടെയും ഇറക്കി വിടാൻ യാതൊരു മടിയുമില്ലാത്ത ഒരുവന്റെ ജീവിതത്തിലേക്കു കയറിച്ചെല്ലുവാനുള്ള ചവിട്ടുപടികൂടിയായിരുന്നു അതെന്ന് അപ്പോഴവൾ അറിഞ്ഞില്ല.

നിറഞ്ഞു വരുന്ന മിഴികളോടെ ഉറക്കം കാത്തു കിടക്കേ ഓർമ്മകൾ കയ്യെത്തും ദൂരെ നിന്ന് അവളെ നോക്കി ചിരിച്ചു. ഇന്ന് ഞങ്ങളും വരട്ടെ കൂടെയിരുന്ന് ഉറക്കമൊഴിയാനെന്ന കുസൃതിച്ചിരിയുമായി.

തുടരും…

സിന്ധു..