തനിയെ ~ ഭാഗം 02, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

എന്താ ഇറങ്ങുന്നില്ലേ.?

കുന്നുംപുറമെത്തിയപ്പോൾ ബെല്ലടിച്ച് കലിപ്പോടെ അവൻ വേണിക്കരികിൽ വന്നു നിന്ന് ചോദിച്ചു.

ജീവിതത്തിൽ ഒരുപാട് തവണ അവനിൽ നിന്നും കേൾക്കേണ്ടി വന്നിട്ടുള്ള ഒരു വാക്കാണതെന്നവൾ വേദനയോടെ ഓർത്തു.

“ഞാൻ പറഞ്ഞില്ലേ എനിക്ക് പുളിഞ്ചോട് കവലയിലാ ഇറങ്ങേണ്ടതെന്ന്.”

“എന്നാപ്പിന്നെ ബാക്കി മൂന്നു രൂപ ഇങ്ങോട്ട് എടുത്തോ.?

വേണിയത് കേൾക്കാത്ത ഭാവത്തിൽ പുറത്തേക്ക് നോക്കിയിരുന്നു.അല്പനേരം കൂടി അവളെ ക്രൂദ്ധമായി നോക്കി നിന്ന ശേഷം അവൻ പിന്തിരിഞ്ഞു.

ബസിലെ മറ്റുയാത്രക്കാരെല്ലാം അവന്റെ പ്രവർത്തികളെ സാകൂതം നോക്കുന്നുണ്ടായിരുന്നു.

“എടാ പ്രസാദേ നീയെന്തിനാടാ ആ കൊച്ചിന്റെ മെക്കിട്ട് കേറുന്നേ. ഇന്നലെ വരെ ആന്റുവായിരുന്നല്ലോ ബാഗ്. അയാള് അഞ്ചു രൂപയേ വാങ്ങിയിട്ടുണ്ടാകുള്ളൂ. മുതലാളിക്കില്ലാത്ത വിഷമം നിനക്കെന്തിനാ.”

ഡ്രൈവർ സീറ്റിട്ടിലിരുന്നയാൾ അവനെ നോക്കി ദേഷ്യപ്പെട്ടു.

“ആ കൊച്ച് ഒരു മാസമായിട്ട് സ്ഥിരമായി ഇതിൽ വരുന്നുണ്ട്. അതാകും ചാർജ് കുറച്ചത്.നീ ഇന്നല്ലേ ഡ്യൂട്ടിക്ക് കയറിയത്.”

“അതേയ്.. ജയൻ ചേട്ടോ ചേട്ടൻ ചേട്ടന്റെ പണി നോക്കിക്കോ. എന്റെ ഡ്യൂട്ടിയിൽ കയറി ഇടപെടേണ്ട. ഞാൻ ഇന്ന് ആദ്യമായിട്ടല്ലല്ലോ ഡ്യൂട്ടിക്ക് കയറിയത്. വർഷങ്ങൾ ഒരുപാടായില്ലേ.വൈകിട്ട് കളക്ഷൻ എണ്ണി കണക്ക് ബോധിപ്പിക്കുമ്പോ അങ്ങേരുടെ മോന്ത കാണേണ്ടത് ഞാനാ. ബാഗിലെ കാശെടുത്തു ഞാൻ പുട്ടടിച്ചു തീർത്തു എന്നൊരു ഭാവം”

പിന്നെയാരുമൊന്നും മിണ്ടിയില്ല.

പിന്നീടുള്ള ദിവസങ്ങളിലെല്ലാം എന്തോ മുൻവൈരാഗ്യമുള്ളതുപോലെയായിരുന്നു പ്രസാദിന്റെ പെരുമാറ്റം. വേണിയത് മൈൻഡ് ചെയ്യാനേ പോയില്ല. അവൾക്കും എന്തിനെന്നറിയാത്തൊരു ദേഷ്യം ഉള്ളിൽ ഉറവെടുത്തിരുന്നു.

ദിവസങ്ങൾക്കു ശേഷമൊരു വൈകുന്നേരം.ബസ് കാത്തു നിൽക്കെ ആന്റു ചേട്ടൻ അവിടെ നിൽക്കുന്നത് കണ്ട് അവളൊന്ന് പുഞ്ചിരിച്ചു.

ബസിപ്പൊ വരും. സ്റ്റാൻഡിലേക്ക് പോയേക്കുവാ. അയാൾ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

“താനും പ്രസാദും ബസിൽ വെച്ച് വഴക്ക് കൂടിയെന്നോ, ബസിൽ നിന്നിറക്കിവിടാൻ ശ്രമിച്ചെന്നോ ഒക്കെ കേട്ടല്ലോ. ഉള്ളതാണോ.

“എന്റെ പൊന്ന് ചേട്ടോ അയാളെ ആരാ ഈ പണിക്ക് നിർത്തിയെ. ബസിൽ കയറുന്ന ഒരാളോടും അയാൾ നന്നായി പെരുമാറുന്ന കണ്ടിട്ടില്ല. കണ്മുന്നിൽ കാണുന്നവരോടെല്ലാം എന്തോ ശത്രുതയുള്ള പോലെയാ . ഇങ്ങനെയായാൽ ആരും ആ ബസിൽ കയറില്ല. ചേട്ടൻ കുത്തുപാളയെടുക്കും നോക്കിക്കോ.”

“ഹഹഹ… അങ്ങനെയൊന്നുമില്ല. അവൻ വർഷങ്ങളായി ഈ ജോലി ചെയ്യുന്നു. ഇത്തിരി ദേഷ്യം കൂടുതലാണെന്നെയുള്ളൂ. ആളൊരു പാവമാ. വീട്ടിൽ സമാധാനമില്ല അതിന്റെ വിഷമമാ.

“വീട്ടിലെ പ്രശ്നം വീട്ടിൽ തീർക്കണം.അല്ലാതെ നാട്ടുകാരുടെ മെക്കിട്ട് കേറി തീർത്താൽ വല്ലവരുടേമൊക്കെ കയ്യിന്റെ ചൂടറിയും അങ്ങേര്.”

” ദേഷ്യത്തിന്റെ കാര്യത്തിൽ താനും മോശമല്ലെന്ന് തോന്നുന്നല്ലോ. കണ്ടാൽ ഒരു പഞ്ചപാവം ലുക്കും.. ഹഹഹ

ആന്റു ചേട്ടൻ അവളെ നോക്കി പൊട്ടിച്ചിരിച്ചു.

“പാവമൊക്കെ തന്നെ. ആവശ്യമില്ലാതെ ചൊറിയാൻ വന്നാൽ മാന്തി വിടും എന്നേയുള്ളു.”

ഹഹഹ… മിടുക്കി. അങ്ങനെ വേണം.

അവളതിന് മറുപടി പറയാനൊരുങ്ങിയതും ബസ് അരികിൽ വന്നു നിന്നു.

അന്നും അവളുടെ കയ്യിൽ നിന്നും പൈസ വാങ്ങുമ്പോൾ അവനവളെ കുർപ്പിച്ചു നോക്കി. അവളപ്പോൾ ചുണ്ടുകൾ കോട്ടി ഒരു പുച്ഛഭാവം മുഖത്തെടുത്തണിഞ്ഞു . ഡോറിൽ നിന്നിരുന്ന ആന്റു ചേട്ടൻ അത് കണ്ട് ചിരിയോടെ, പ്രസാദേ വണ്ടി വിട്ടോ എന്ന് വിളിച്ചു പറഞ്ഞു.

ബസിൽ സ്ഥിരമായി കയറുന്നവരെല്ലാം ആന്റുച്ചേട്ടന്റെ ചിരിക്കൊപ്പം കൂടി.കനത്തനോട്ടത്തോടെ പ്രസാദ് ബാഗ് കക്ഷത്തിൽ ഒന്നൂടി ഉറപ്പിച്ചു വെച്ച് പുറകിലേക്ക് പോയി.

“ഇക്കണക്കിനു പോയാൽ ഇവനീ പെണ്പിള്ളേരുടെ കയ്യീന്ന് അടി മേടിക്കുന്ന ലക്ഷണമുണ്ട്”

പുറകിലെ സീറ്റിലിരുന്ന് ആരോ പറയുന്നത് വേണി കേട്ടു.

നൈറ്റ്‌ ഡ്യൂട്ടിയുള്ള ദിവസങ്ങളിൽ രാവിലെ ഉണർന്ന് ആദ്യം ചെയ്യുന്ന ജോലിയായ,കമ്പ്യൂട്ടറും മറ്റും വെച്ചിരിക്കുന്ന മേശ തുടച്ചു വൃത്തിയാക്കിക്കൊണ്ടിരിക്കെ ആരോ കടന്നു വരുന്നത് കണ്ട് വേണി മുഖമുയർത്തി.

പ്രസാദ് ഒരു വൃദ്ധയെ താങ്ങിപ്പിടിച്ച് ഗ്ലാസ്‌ ഡോറിനപ്പുറം നില്ക്കുന്നു.

വേണി ഒരു നിമിഷം അവനെത്തന്നെ തുറിച്ചു നോക്കി. പിന്നെ കേബിനിൽ നിന്നിറങ്ങി ഡോർ തുറന്നു കൊടുത്തു.

“ഡോക്ടറില്ലേ?

“ഇല്ല. ഇത്തിരികൂടി കഴിയും വരാൻ.,

“അങ്ങനെ തോന്നുമ്പോ വരാൻ ആണെങ്കിൽ എന്തിനാ നഴ്സിംഗ്ഹോം എന്ന ബോർഡും തൂക്കി രാവിലെ തന്നെ ഇത് തുറന്നു വെച്ചേക്കുന്നേ.

“ഇതൊരു ചെറിയ ക്ലിനിക് ആണെന്ന് കണ്ടാലറിയില്ലേ . ഡോക്ടറെ വിളിച്ചാൽ ഉടനെ എത്തിക്കോളും. നിങ്ങൾ അകത്തു കയറിയിരിക്ക്.

അവൾ വൃദ്ധയുടെ കൈകളിൽ പിടിച്ച് അകത്തേക്ക് നടത്തി.

“അമ്മേ… എന്തുപറ്റിയതാ.?

അവരെ ബെഡിലേക്കിരുത്തി അരികിൽ ചേർന്നു നിന്ന് വേണി മെല്ലെ ചോദിച്ചു.

“ഒന്ന് തലകറങ്ങിയതാ. ഇതുവഴി ഓട്ടോയിൽ വരികയായിരുന്നു. എറണാകുളം വരെ പോകാനുണ്ട്. അതോണ്ട് ഇവിടെ നിർത്തി ഡോക്ടറെ കണ്ടിട്ട് പോകാമെന്നു കരുതി.

മറുപടി പറഞ്ഞത് പ്രസാദായിരുന്നു.

ബി പി കുറഞ്ഞതാകും. നോക്കട്ടെ. അവൾ ബി പി അപ്പാരെറ്റസ് എടുത്തു അവരുടെ ബി പി ചെക്ക് ചെയ്യാൻ തുടങ്ങി.

പേടിക്കേണ്ട. ബി പി കുറഞ്ഞതാ. ഡോക്ടർ ഇപ്പോ വരുട്ടോ.അവൾ വൃദ്ധയെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. സാന്ത്വനം പകരുന്ന സ്നേഹം നിറഞ്ഞ പുഞ്ചിരി.

“താനിവിടെയാണോ വർക്ക്‌ ചെയ്യുന്നേ.?

പ്രസാദ് വേണിയോട് ചോദിച്ചു.

“അല്ല.. അപ്പുറത്തെ സൂപ്പർ മാർക്കറ്റിലാ.. എന്ത്യേ .?

“ഓ… എനിക്കും തോന്നി. അതൊന്നു ഉറപ്പിക്കാലോ എന്ന് കരുതി ചോദിച്ചതാ മാഡം.

അവൻ പുച്ഛഭാവത്തോടെ അവളെ നോക്കി കൈകൂപ്പും പോലെ കാണിച്ചു.

അവളത് അവഗണിച്ചു കൊണ്ട് കേബിനിലേക്ക് കയറിപ്പോന്നു.

“ഡോക്ടർ എപ്പോ വരുമെന്ന് കൂടി പറഞ്ഞിട്ട് പോ.ഇവിടുന്ന് ഇറങ്ങിയിട്ട് വേറെ ജോലിയുണ്ട്.”

“ഡോക്ടർ ഇപ്പോ വരും എന്ന് പറഞ്ഞില്ലേ. ഇതിന്റെ മുകളിൽ തന്നെ യാ ഡോക്ടർ താമസിക്കുന്നെ. വിളിച്ചു പറഞ്ഞിട്ടുണ്ട്.”

“ഇക്കണക്കിനു ഇവിടെ വരുന്ന രോഗികൾ വായു വലിച്ച് ചത്താലും ഡോക്ടർ എത്തില്ല ല്ലോ.

“അങ്ങനെ സീരിയസ് ആയി കൊണ്ടു വരുന്നവരെ കണ്ടാൽ ഒറ്റ നോട്ടത്തിൽ മനസ്സിലാകും. അവർക്ക് ഉടനടി പ്രാഥമിക ചികിത്സ കൊടുത്ത് മറ്റു ഹോസ്പിറ്റലുകളിലേക്കു പറഞ്ഞയക്കും. അതിനുള്ള സൗകര്യമേ ഇവിടുള്ളു.ഇത്ര തിരക്കുള്ളവർ വല്ല സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിലും പൊയ്ക്കൊള്ളണം.

അവൾ ദേഷ്യത്തോടെ അവനെ തുറിച്ചു നോക്കി.

“ഉം… കൊള്ളാം.. ഹോസ്പിറ്റലിൽ വരുന്നവരോട് മാനേഴ്സ് ഇല്ലാതെ പെരുമാറാൻ ആണോ നിങ്ങളെ പഠിപ്പിച്ചേക്കുന്നെ .ഇങ്ങനെയാണെൽ ഒരു പട്ടിക്കുഞ്ഞുപോലും ഇങ്ങോട്ട് തിരിഞ്ഞു നോക്കില്ല.”

“ഓ… മാനേഴ്സ് പറഞ്ഞു തരാൻ പറ്റിയയാള്. ആദ്യം താൻ പോയി അത് പഠിച്ചിട്ട് വാ. എന്നിട്ട് മതി മറ്റുള്ളവരെ പഠിപ്പിക്കാൻ.”

അവനതിനു എന്തോ മറുപടി പറഞ്ഞെങ്കിലും അവളത് കേൾക്കാത്ത ഭാവത്തിൽ അകത്തു കയറി ഗ്ലാസ്‌ ഡോർ വലിച്ചടച്ചു

ഡോക്ടർ വന്നു ഡ്രിപ്പിടാൻ നിർദ്ദേശിച്ചു പോയപ്പോൾ അവൾ ഡ്രിപ് ബോട്ടിലും ക്യാനുലയുമായി അവർക്കരികിലേക്ക് ചെന്നു.

സൂചി കുത്തിയിറക്കുമ്പോൾ വേദനകൊണ്ടു പിടയുന്ന കണ്ണുകളിലേക്ക് നോക്കി അവൾ ചെറുതായി പുഞ്ചിരിച്ചു.

“വേദനയുണ്ടോ അമ്മേ?

ഉം..

“സാരമില്ലട്ടോ. ഇതിപ്പോ തീരും. കണ്ണടച്ചു കിടന്നോ.”

അവൾ അവരുടെ കൈപ്പത്തിയിൽ പതുക്കെ അമർത്തിപ്പിടിച്ചു.

“മോള് പ്രസാദിനെ അറിയോ.?

അവർ അവളെ നോക്കി മറു ചിരി ചിരിച്ചുകൊണ്ട് ചോദിച്ചു.

“അറിയാം. ബസിൽ സ്ഥിരമായി കാണാറുണ്ട്.”

“പ്രസാദിന്റെ അമ്മയാണോ.?

“അല്ല മോളെ. മുത്തശ്ശിയാ.”

“ഇത്രയും സ്നേഹമുള്ള, സൗമ്യയായ മുത്തശ്ശിക്ക് എങ്ങനെയാ വെട്ടുപോത്തിനെപ്പോലെ ഒരു പേരക്കുട്ടിയെ കിട്ടിയേ.??

“ഹഹഹ…അതവന്റെ അച്ഛന്റെ ഗുണമാകും കുട്ടീ.”

അവന് മൂക്കത്താ ശുണ്ഠി.എത്ര പറഞ്ഞാലും അത് മാറ്റൂല. അച്ഛനെ കണ്ടിട്ടില്ല അവൻ. പിന്നെയുള്ളത് ഞാനും മുത്തശ്ശനും അമ്മയുമാ. എന്റെ മോളാണെന്നു പറഞ്ഞിട്ട് കാര്യമില്ല അവളൊരു ഒരുമ്പെട്ടോള്. അവള് കാരണാ ഇവനിങ്ങനായെ.

ഈയിടെ ഒരപകടം പറ്റി. വണ്ടീന്ന് വീണതാ. കയ്യും കാലുമൊക്കെ ഒടിഞ്ഞു രണ്ടു മാസത്തോളം ഒരേ കിടപ്പായിരുന്നു. ആരും ഉണ്ടായില്ല കൂടെയിരുന്ന് ശുശ്രൂഷിക്കാൻ. ഞാനും മുത്തശ്ശനും പാതി ജീവനായ് നടക്കുന്ന രണ്ടു ജന്മങ്ങളാ. ഞങ്ങളെക്കൊണ്ട് എന്താവും മോളെ.

അവന്റെ തള്ള വല്ലപ്പോഴും വരും. കുറച്ചു കാശ് എടുത്തു തരും. അവിടെ തീർന്നു അവളുടെ കടമ. മുല കുടി മാറും മുൻപ് ഞങ്ങളെ ഏൽപ്പിച്ചു പോയതാ ജോലിക്കെന്നും പറഞ്ഞ്.

സ്നേഹിക്കാനും ശാസിക്കാനും ആരുമില്ലാത്തതിന്റെ സങ്കടമാ അവന്. അത് ദേഷ്യമായി പുറത്ത് വരുന്നതായിരിക്കും.

അവൾക്കതു കേട്ട് എന്തോ വല്ലായ്മ തോന്നി

“ഉം.. സാരമില്ല മുത്തശ്ശി. ഒക്കെ ശരിയാകും. വിഷമിക്കണ്ട.മുത്തശ്ശി ഉറങ്ങിക്കോ. ഞാൻ കുറച്ചു കഴിഞ്ഞു വരാം

സ്മിതയും ദേവികയും ഡ്യൂട്ടിക്ക് കയറാനെത്തിയപ്പോൾ എല്ലാം അവരെ പറഞ്ഞേൽപ്പിച്ചു അവൾ പോകാനൊരുങ്ങി.

യാത്ര പറയാൻ മുത്തശ്ശി കിടക്കുന്ന ബെഡിനരികിലെത്തിയപ്പോൾ അവർ കണ്ണടച്ചു കിടക്കുകയായിരുന്നു.പ്രസാദ് അവർക്കരുകിൽ ഒരു സ്റ്റൂളിൽ ഇരിക്കുന്നുണ്ട്.

“മുത്തശ്ശി ഉണരുമ്പോൾ ഞാൻ പോയെന്ന് പറഞ്ഞേക്കുട്ടോ. എനിക്ക് നൈറ്റ്‌ ഡ്യൂട്ടി ആണ് . ഇനി വൈകുന്നേരം വന്നാൽ മതി.”

“ഓ.. ആയിക്കോട്ടെ.”

അവൻ അവളുടെ മുഖത്തു നോക്കാതെ അലക്ഷ്യമായി പറഞ്ഞു.

പിറ്റേന്ന് വൈകുന്നേരം അവൾ ടിക്കറ്റ്‌ ചാർജായി എട്ടു രൂപ അവന്റെ കയ്യിൽ വെച്ചു.

ചില്ലറത്തുട്ടുകൾ എണ്ണിനോക്കിയിട്ട് അവനൊന്നു സംശയിച്ചു നിന്നു. പിന്നെയത് ബാഗിലെക്കിട്ട് അടുത്തയാൾക്ക് നേരെ കൈ നീട്ടി.

വേണി ഊറി വരുന്ന ചിരിയോടെ പുറത്തേക്ക് നോക്കിയിരുന്നു.. അവന്റെ കണ്ണുകൾ ഇടയ്ക്കിടെ അവൾക്ക് നേരെ പാറി വരുന്നത് കണ്ടിട്ടും കാണാത്ത പോലെ..

തുടരും….