ശ്രീഹരി ~ അധ്യായം 7, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

മെഡിക്കൽ കോളേജിൽ ചെല്ലുമ്പോൾ തന്നെ അവരെ കാത്ത് ഡോക്ടർമാരുടെ ഒരു സംഘം തന്നെ ഉണ്ടായിരുന്നു.

പിന്നെ എല്ലാം പെട്ടന്നായിരുന്നു…
എം ആർ ഐ
സ്കാനിങ്
ബ്ലഡ്‌ ടെസ്റ്റുകൾ

താലൂക് ആശുപത്രിലേ ഡോക്ടർ സംശയിച്ചത് ശരിയായിരുന്നു. ബ്രെയിനിൽ ഒരു growth

ജെസ്സിയുടെ ഭർത്താവ് അരുൺ വന്നതിനു ശേഷം ആയിരുന്നു സർജറി നടത്തിയത്. കേരളത്തിലേ തന്നെ ഏറ്റവും മിടുക്കനായ ഡോക്ടറുടെ നേതൃത്വത്തിൽ വിജയകരമായി അത് പൂർത്തിയാക്കി

ഹരി ഐ സിയു വിൽ കയറി കുഞ്ഞിനെ കണ്ടു.പിന്നെ അവൻ ഇറങ്ങി പുറത്തേക്ക് വന്നു

ഇതൊക്കെയും ഇത്രയും എളുപ്പമാക്കിയത് ബാലചന്ദ്രൻ സാറാണെന്ന് അവന് മനസിലായിരുന്നു

“ഹരി?” അരുൺ അവന്റെ തോളിൽ ഒന്ന് തൊട്ടു

“സത്യത്തിൽ ഇപ്പോഴാണ് ഡാ ഞാൻ ഒന്ന് ശ്വാസം വിട്ടത്.. എന്റെ കുഞ്ഞ്..”

ഹരി പുഞ്ചിരിച്ചു

“നിന്നോട് ഞാൻ എങ്ങനെ നന്ദി പറഞ്ഞാലും അത് കുറഞ്ഞു പോകും. എന്റെ ജീവൻ തന്നെയാ നീ..”

“ഞാൻ എന്ത് ചെയ്തുഒന്ന് പോയെ അച്ചായാ. സത്യത്തിൽ ദേ ആ കാറിൽ ചാരി നിൽക്കുന്ന ആളെ കണ്ടോ? ബാലചന്ദ്രൻ സാർ. നമ്മുടെ നകുലൻ സാറിന്റെ ഫ്രണ്ട് ആണ്. വലിയ പണക്കാരനാ. പക്ഷെ പാവാ. ഇതെല്ലാം നടന്നത് അദേഹത്തിന്റെ ഇൻഫ്ലുൻസ് ആണ്..നിൽക്കുന്ന കണ്ടില്ലേ..സാധാരണ മനുഷ്യനെ പോലെ?”

“ജെസ്സി പറഞ്ഞു.. അയാൾക്ക് നിന്നോടുള്ള ഇഷ്ടം കൊണ്ടാണ് ഇതൊക്കെ എന്നും പറഞ്ഞു. ഈ ദിവസങ്ങളിൽ ഒക്കെ അത് ഞങ്ങൾ എല്ലാരും കണ്ടു കൊണ്ടൊരിക്കുകയല്ലായിരുന്നോ?’

“അച്ചായൻ വാ നമുക്ക് പുള്ളിയോട് ഒരു താങ്ക്സ് പറയാം “

അവർ ഒന്നിച്ചങ്ങോട്ട് ചെന്നു

“സാർ… എങ്ങനെ നന്ദി പറയണം എന്നൊന്നും ഞങ്ങൾക്ക് അറിയില്ല.. മറക്കില്ല. മരണം വരെ “

അരുണിന്റെ ശബ്ദം ഇടറീ. ബാലചന്ദ്രൻ ആ തോളിൽ ഒന്ന് തട്ടി

“ഞാൻ ഇന്ന് പോവാ ഹരി.. എന്റെ അവധി കഴിഞ്ഞു ” അയാൾ ഹരിയോട് പറഞ്ഞു

ഹരിക്ക് അയാളോട് പോകരുത് എന്ന് പറയണം എന്നുണ്ടായിരുന്നു. എന്തോ ഒരു വല്ലാത്ത ആത്മബന്ധം തോന്നുന്നുണ്ടായിരുന്നു ഹരിക്ക്

അരുൺ യാത്ര പറഞ്ഞു പോയിട്ടും ഹരി അയാൾക്ക് ഒപ്പം നിന്നു

“നമുക്ക് എന്തെങ്കിലും കഴിച്ചാലോ? സാറിന് കുറച്ചു ദൂരം ഡ്രൈവ് ചെയ്യാൻ ഉള്ളതല്ലേ?” ബാലചന്ദ്രൻ തലയാട്ടി

“ഇന്നെന്റെ ചിലവ് ” ഹരി അയാളുടെ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചു

അയാൾ എത്ര ഉന്നതനെന്നും ബഹുമാന്യനൊന്നും ഒന്നും ഹരിക്ക് അറിയില്ലായിരുന്നു..നല്ല പൈസ ഉള്ള ഒരാൾ. അത്രേ അറിയൂ..അതവനെ സംബന്ധിച്ചു വലിയ കാര്യമല്ലായിരുന്നു താനും..അയാളുടെ മനസ്സിനെയാണ് അവൻ സ്നേഹിച്ചത്

“തിരുവനന്തപുരം എനിക്ക് പുതിയതാ.. ഞാൻ ആദ്യം വരികയാണ്  ” നടക്കുന്നതിനിടയിൽ ഹരി പറഞ്ഞു

“ഞാൻ ഇടയ്ക്കിടെ വരും ” ബാലചന്ദ്രൻ പറഞ്ഞു

“ഉവ്വോ? ഇവിടെ ബന്ധുക്കൾ ഉണ്ടാവും അല്ലെ?” ബാലചന്ദ്രൻ ഒന്ന് മൂളി

“ദേ അവിടെ നിന്ന് ഒരു മസാല ദോശ കഴിക്കാം. എനിക്ക് എന്തിഷ്ടമാണെന്നോ അത്?”

ബാലചന്ദ്രൻ കൗതുകത്തോടെ അവനെ നോക്കി. കുഞ്ഞുങ്ങളെ പോലെയാണ് അവൻ. ചെറിയ കാര്യങ്ങൾ അവന്റെ വലിയ സന്തോഷം ആണ്

“സാറിന് ഏറ്റവും ഇഷ്ടം ഉള്ള ഫുഡ് ഏതാ?’ ബാലചന്ദ്രൻ ഒന്ന് ആലോചിച്ചു

“എന്റെ അമ്മ ഉണ്ടാക്കി തന്നിരുന്നു പൊതിച്ചോറ്. അത് ” അയാൾ പെട്ടെന്ന് പറഞ്ഞു

“എനിക്ക് പിന്നെ അച്ഛനും അമ്മയും ഒന്നുമില്ലാത്ത കൊണ്ട് ഈ വക നൊസ്റ്റാൾജിയ ഒന്നുമില്ല “

ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു. ബാലചന്ദ്രൻ വല്ലാതായി

“എന്ന് കരുതി എനിക്ക് വിഷമം ഒന്നുമില്ല ട്ടോ. ഞാൻ ഹാപ്പിയാ. എന്റെ നാടും നാട്ടുകാരും ദേ ഇപ്പൊ സാറും ഒക്കെ എന്റെ ഉള്ളിലുണ്ട്. ആ സ്നേഹം മതി “nഹരിയുടെ വാചകങ്ങൾ അയാളുടെ കണ്ണ് നിറയിച്ചു

“ഞാൻ ഇത് വരെ സാറിനോട് വീട്ടുകാരെ കുറിച്ച് ചോദിച്ചില്ല. ആരൊക്കെ ഉണ്ട് വീട്ടിൽ?”

“മോള് മാത്രം.. വൈഫ് മരിച്ചു. മൂത്ത രണ്ടു പെൺകുട്ടികൾ  ഭർത്താക്കന്മാരോടുത്ത് വേറെ രാജ്യത്താ. ഒരാൾ ദുബായ്. ഒരാൾ യുകെ.” ഹരി തലയാട്ടി

“എന്റെ മോളും നന്നായി പാടുമായിരുന്നു. ഹരിയെ പോലെ “

“ആണോ? ഇപ്പൊ പാടില്ലേ?”

“ഇല്ല… ഓരോരുത്തരും ഓരോ തരത്തിൽ ഉള്ള സങ്കടം കൊണ്ടാ ഹരി നടക്കുന്നത്. എന്റെ മോള് നന്നായി ഡാൻസ് ചെയ്യും പാട്ട് പാടും പഠിക്കും ഒക്കെതിനും മിടുക്കി ആയിരുന്നു. എന്റെ ഒരു തെറ്റ്. ഞാൻ അവളെ കല്യാണം കഴിപ്പിച്ചു. വേണ്ട എന്ന് എന്റെ മോള് നൂറു തവണ പറഞ്ഞു. കേട്ടില്ല
ഡോക്ടർ ആയിരുന്നു അവൻ.. എന്റെ മോള് ഒത്തിരി കണ്ണീർ കുടിച്ചു ഹരി.. അവന്റെ വൈകല്യങ്ങൾ മറയ്ക്കാൻ, കുറവുകൾ മറയ്ക്കാൻ എന്റെ മോളെ ഒത്തിരി ഉപദ്രവിച്ചു. കഷ്ടിച്ച് ആറു മാസം..ആ ബന്ധം അവസാനിച്ചു. പിന്നെ ഇത് വരെ എന്റെ മോള് ഒന്ന് ചിരിച്ചു കണ്ടിട്ടില്ല..”

ഹരി വേദനയോടെ അത് കേട്ടിരുന്നു

നിമിഷങ്ങൾ കഴിഞ്ഞു പോയി

അവർ യാന്ത്രികമായി ഭക്ഷണം കഴിച്ചു തീർത്തു

“ഞാൻ എന്നാ പോവാ ഹരി. എനിക്ക് ആണ്മക്കൾ ഇല്ല എന്നൊരു വിഷമം ഉണ്ടായിരുന്നു. അത് ഇപ്പൊ തീർന്നു ” അയാൾ അവനെ നെഞ്ചിൽ ചേർത്ത് പിടിച്ചു

“എന്താവശ്യത്തിനും എപ്പോ വേണേൽ വിളിക്കാം. വീട്ടിൽ വരണം ഒരു ദിവസം ” ഹരി തലയാട്ടി

അയാൾ പോകുന്നത് നിറഞ്ഞ കണ്ണുകളോടെ അവൻ നോക്കിനിന്നു..ഹൃദയയത്തിന്റെ ഒരു ഭാഗം അടർന്നു പോയ പോലെ..ചില മനുഷ്യർ ഇങ്ങനെ ആണ്..വന്നു ഹൃദയത്തിൽ ഒരു കസേര വലിച്ചിട്ട് ഇരുന്ന് കളയും. അവരെ മറക്കാൻ പിന്നെ ഈ ജന്മം കഴിയില്ല താനും

ബാലചന്ദ്രൻ ഹരിയെ കുറിച്ച് തന്നെ ആലോചിച്ചു കൊണ്ട് ഡ്രൈവ് ചെയ്യുകയായിരുന്നു..ഈ കാലത്തിനിടയിൽ ഇത്രയും ഇഷ്ടം തോന്നിയ ഒരാൾ അയാളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല

ഹരി എത്ര പാവമാണെന്ന് അയാൾ ഓർത്തു. അവന്റെ ചിരി, നോട്ടം സാറെ എന്നുള്ള വിളി. അവൻ ഇത് പോലെ സന്തോഷം ആയി ജീവിക്കട്ടെ. തന്റെ മോളുടെ ജീവിതത്തിൽ കൊണ്ട് വന്ന് അവന്റെ സമാധാനം നശിപ്പിക്കണ്ട എന്നയാൾ തീരുമാനിച്ചു

കുറച്ചു ദിവസം മുൻപ് വരെ എങ്ങനെ എങ്കിലും ഹരിയെ അഞ്ജലിയുടെ ഭർത്താവ് ആക്കണമെന്ന് അയാൾ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇപ്പൊ അത് അയാൾക്ക് ആഗ്രഹം ഇല്ല. ഹരി സന്തോഷം ആയി ഇരിക്കണം..അത് മതി

അഞ്ജലിയുടെ വിധി ദൈവം തീരുമാനിക്കും..അയാൾ വണ്ടി ഓടിച്ചു കൊണ്ട് ഇരുന്നു

ഓപ്പറേഷൻ കഴിഞ്ഞു കുഞ്ഞിനെ മുറിയിലേക്ക് മാറ്റിയപ്പോൾ തോമസ് ചേട്ടനും മേരി ചേച്ചിയും ജെന്നിയും വീട്ടിൽ പോയി. ഹരി പോട്ടെ എന്ന് ചോദിച്ചെങ്കിലും അരുൺ സമ്മതിച്ചില്ല

നീ പോയ എന്റെ ധൈര്യം പോകും എന്നയാൾ പറഞ്ഞപ്പോ പിന്നെ അവൻ എതിരൊന്നും പറഞ്ഞില്ല

“ഇത് വരെ ബില്ല് ഒന്നും കൊണ്ട് വന്നില്ലല്ലോ ഹരി. എത്ര ആകുമെന്ന് നമുക്ക് ഒരു ഊഹം വേണ്ടേ? കുറച്ചു സ്വർണം ഉണ്ട് അത് വിൽക്കാം “

ജെസ്സി പറഞ്ഞു

“ഗവണ്മെന്റ് ഹോസ്പിറ്റലിൽ ബില്ല് ഒന്നുംഉണ്ടാവില്ലേ?” അരുൺ ചോദിച്ചു

“ഹേയ് അഞ്ചു ലക്ഷം രൂപ എങ്കിലും ആകുമെന്ന് താലൂക് ആശുപത്രിയിൽ ഉള്ള ഡോക്ടർ പറഞ്ഞല്ലോ. ഞാൻ വിഷ്ണുവിനെ വിളിച്ചു പറഞ്ഞിട്ടുണ്ട് കുറച്ചു ശരിയാക്കി വെയ്ക്കാൻ ഞാൻ എന്തായാലും ഡോക്ടറെ കണ്ടു ചോദിച്ചിട്ട് വരാം “

ഹരി ഡോക്ടർ ജയകുമാറിനെ കാണാൻ പോയി

ഓപി സമയം കഴിഞ്ഞത് കൊണ്ട് ഡോക്ടർ മുറിയിൽ തന്നെ ഉണ്ടായിരുന്നു

“ആ വാ ഹരി.. എന്തെങ്കിലും വിശേഷം ഉണ്ടോ മോൾക്ക്?”

“ഇല്ല ഡോക്ടർ അവൾ സുഖമായി ഇരിക്കുന്നു.ഞാൻ വന്നത് ബില്ല് ഒന്നും ഇത് വരെ കിട്ടിയില്ല  കാശ് എത്ര എന്നറിഞ്ഞിരുന്നുവെങ്കിൽ നാട്ടിൽ പോയി ഒന്ന് അറേഞ്ച് ചെയ്യാൻ ആയിരുന്നു “

ജയകുമാർ ഒന്ന് നിവർന്നിരുന്നു

“ഹരിയുടെ കൂടെ വന്നത് ബാലചന്ദ്രൻ സാറല്ലേ?”

“അതേ “

“ഹരിക്ക് എങ്ങനെ ആണ് പരിചയം?” ഹരി അതൊന്നു ചുരുക്കി പറഞ്ഞു

“അപ്പൊ ഹരിക്ക് ആളെ വലിയ പിടിയില്ല ല്ലേ?”

ഹരി ഇല്ല എന്ന് തല ചലിപ്പിച്ചു

“കേരളത്തിലേ ഏറ്റവും പണക്കാരായ ബിസിനസ്കാരുടെ ലിസ്റ്റ് എടുത്താൽ ആദ്യ അഞ്ചിൽ വരും ബാലചന്ദ്രൻ സാർ. ഈ മന്ത്രിസഭയിൽ പോലും സ്വാധീനം ഉള്ള ആളാണ്.ആഭ്യന്തരമന്ത്രിയുടെ സുഹൃത്താണ്. എല്ലാ ബില്ലും അദ്ദേഹം അടച്ചു ഹരി. ഇനി എന്തെങ്കിലും ആയാലും അത് കൂടി ചേർത്ത് അടച്ചു…”

ഹരി കുറച്ചു നേരം ശബ്ദിക്കാൻ കഴിയാതെ ഇരുന്നു പോയി

പിന്നെ യാത്ര പറഞ്ഞു പോരുന്നു

അവന് പെട്ടെന്ന് സങ്കടം വന്നു

സാറിന്റെ ശബ്ദം ഒന്ന് കേൾക്കാൻ തോന്നി

ഒറ്റ ബെല്ലിന് തന്നെ ബാലചന്ദ്രൻ ഫോൺ എടുത്തു

“പറയ്യ് ഹരി “

“സാർ….. ഞാൻ. അറിഞ്ഞില്ല സാർ ഇത്രയും വലിയ ഒരാൾ ആണെന്ന്. സാർ എന്തിനാ ഇത്രയധികം ഞങ്ങൾക്ക് വേണ്ടിട്ട്…”

“എനിക്ക് നിന്നേ ഇഷ്ടം ആണ് ഹരി. നീ നല്ല മനുഷ്യൻ ആണ്. ഞാൻ കണ്ടിട്ടുള്ള ഏത് മനുഷ്യരേക്കാളും നല്ലവൻ “

ഹരിയുടെ കണ്ണ് നിറഞ്ഞു. ഇനിയൊരു വാക്ക് പറഞ്ഞാൽ ചിലപ്പോൾ കരഞ്ഞു പോകും..

ശരി സാർ എന്ന് പറഞ്ഞവൻ കാൾ കട്ട്‌ ചെയ്തു

ബാലചന്ദ്രന് ചോറ് വിളമ്പി കൊടുക്കുകയായിരുന്ന അഞ്ജലി ഒരു നിമിഷം അത് ശ്രദ്ധിച്ചു. അച്ഛൻ ഇങ്ങനെ ഇമോഷണൽ ആയി ഇതിന് മുന്നേ കണ്ടിട്ടില്ലവൾ

ഇത്തവണ യാത്ര പോയി വന്ന അച്ഛൻ പഴയ അച്ഛൻ അല്ല ഒത്തിരി മാറിയ പോലെ

“ആരാ അച്ഛാ വിളിച്ചത്?” അവൾ ചോദിച്ചു

“ശ്രീഹരി ” അയാൾ മറുപടി പറഞ്ഞു

“അതാരാ?” അയാൾ മൊബൈലിൽ ഒരു ഫോൾഡർ ഓപ്പൺ ചെയ്തു

ഗാനമേളയ്ക്ക് ഹരി പാടുന്നു

“ആത്മാവിലെ ആനന്ദമേ.. ആരോരും അറിയാതെ കാക്കുന്നു ഞാൻ…”

അവൾ അത് കയ്യിൽ വാങ്ങി.. പിന്നെയും പാട്ടുകൾ

“ശ്യാമ സുന്ദര പുഷ്പമേ…എന്റെ പ്രേമസംഗീതമാണ് നീ “

“നന്നായി പാടുന്നു ” അവൾ മെല്ലെ പറഞ്ഞു

“പ്രൊഫെഷണൽ സിങ്ങർ ആണോ?”

“അല്ല ഒരു കൃഷിക്കാരനാണ്.. ഒരു അനാഥൻ..” അയാൾ എഴുന്നേറ്റു കൈ കഴുകി

അഞ്ജലി ഒന്നുടെ നോക്കി

“ആ വളക്കൈകളിൽ ആദ്യത്തെ പൊന്മുത്തം ഏകി ഞാൻ അന്നൊരു നാളിൽ
മിഴിയോരമായി നീ വന്ന രാവിൽ “

ബാലചന്ദ്രൻ മൊബൈൽ എടുത്തു പോക്കറ്റിൽ ഇട്ടു അവളുടെ ഉള്ളിൽ ആ നേരം ആ പാട്ട് ആയിരുന്നു

“ആത്മാവിലെ ആനന്ദമേ… ആരോരും അറിയാതെ കാക്കുന്നു ഞാൻ ” അവൾ വെറുതെ അത് ഒന്ന് മൂളി

അത് കേട്ട ബാലചന്ദ്രന്റെ കണ്ണുകൾ വിടർന്നു. അയാൾ ഒന്ന് തിരിഞ്ഞു നോക്കി

വർഷങ്ങൾക്ക് ശേഷം ഒരു മൂളിപ്പാട്ട്..

അയാളുടെ ഉള്ളു തണുത്തു.

(തുടരും )