തനിയെ ~ ഭാഗം 08, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“വേണൂ, ഉറങ്ങിയോ?

ചോദ്യത്തിനൊപ്പം തണുത്ത കൈത്തലം കവിളിനെ തഴുകി.

വേണി മെല്ലെ കണ്ണുകൾ തുറന്നു.

പ്രസാദ് അവൾക്കരികിൽ ഇരിപ്പുണ്ടായിരുന്നു.

“എന്താ വിളിച്ചേ.. വേണു ന്നോ…മറന്നിട്ടില്ല ല്ലേ…ഇപ്പോഴും ഓർമ്മയുണ്ടോ നിനക്ക് നമ്മുടെ പഴയനാളുകൾ ..എത്ര കാലമായി അങ്ങനൊന്നു വിളിച്ചിട്ട്. ഞാനും.മറന്നു തുടങ്ങിയിരുന്നു.

ഓരോ ദിവസവും എന്നോട് വഴക്കിട്ടു ഇറങ്ങി പോവുമ്പോ എത്ര കൊതിച്ചു, വേണൂ ന്ന് വിളിച്ച് കയറി വരുന്നത്. ക്ഷമിക്കെടീ.. പിണങ്ങല്ലേ ന്ന് ചെവിയിൽ മൂളുന്നത്..പിന്നിൽ നിന്ന് കേട്ടിപ്പിടിച്ചു കഴുത്തിൽ ഉമ്മ തരുന്നത്.

“സോറി ഡീ.. ക്ഷമിക്ക്.. എനിക്ക് തെറ്റുപറ്റിപ്പോയി..ഇനി എന്റെ പൊന്നിനോട് ഞാൻ വഴക്കിടില്ല. സത്യം.

“ഒക്കെ ഞാൻ ക്ഷമിച്ചുട്ടോ. ഇനി അതൊന്നുമോർത്തു സങ്കടപ്പെടേണ്ട.നമ്മുടെ കുഞ്ഞിന് നല്ലൊരച്ചനെ വേണ്ടേ.. ഇല്ലേൽ അത് ഒരുപാട് വിഷമിക്കുമെന്നേ. ഇനിമുതൽ നല്ലകുട്ടിയായിക്കോ.

“ഷുവർ… ഇന്നുമുതൽ പ്രസാദ് നല്ല കുട്ടിയായി.

എനിക്കതു കേട്ടാ മതി.. അതു മാത്രം..വേണി വിങ്ങിക്കരഞ്ഞു കൊണ്ട് അവന്റെ കൈകൾ നെഞ്ചിൽ ചേർത്ത് വെച്ചു. പിന്നെ ചുണ്ടുകൾക്ക് മുകളിൽ, കണ്ണുകളിൽ…

ഇവിടെ കിടക്ക് എന്നെ കെട്ടിപ്പിടിച്ച്..

രണ്ടു കൈകൊണ്ടും അവനെ ചുറ്റിപ്പിടിച്ച് മഴനനഞ്ഞ കിളിക്കുഞ്ഞിനെപ്പോലെ, അവന്റെ മടിയിലെ ഇത്തിരി ചൂടിലേക്കവൾ ചുരുണ്ടുകൂടി.

അവളുടെ ഉടൽ തണുത്തിട്ടെന്നപോലെ ചെറുതായി വിറക്കുന്നുണ്ടായിരുന്നു

“വേണി… എന്തായിങ്ങനെ വിറക്കുന്നെ. പനിക്കുന്നുണ്ടോ നിനക്ക്.കരയുവാണോ നീ

മുത്തശ്ശി കുലുക്കി വിളിച്ചപ്പോൾ അവൾ മെല്ലെ കണ്ണ് തുറന്നു

പ്രസാദ് പോയോ? അവൾ കൈകൾകൊണ്ട് കട്ടിലിൽ പരതി.

പ്രസാദോ..?അവനെവിടെ പോകാൻ..?അപ്പുറത്തെ മുറിയിൽ ഉണ്ടാകും

“അല്ല.. ഇവിടെ ഇരിപ്പുണ്ടായിരുന്നല്ലോ.. എന്റടുത്ത്…ഇത്രയും നേരം.”

അവൾ ഇടറിയിടറി വാക്കുകൾ പെറുക്കി വെച്ചു.

“നീ വല്ല സ്വപ്നവും കണ്ടു കാണുംഅതാ .പിച്ചും പേയും പറയുന്നെ.

വേണി താൻ കണ്ടു കൊണ്ടിരുന്ന വെള്ളി നിറമുള്ള കിനാവിൽ നിന്നും ഇരുളിലേക്കു മിഴികൾ തുറന്നു.

ശരിയാ.. അതൊരു സ്വപ്നമായിരുന്നു. അവൾ പിറുപിറുത്തു.മനസ്സ് നിരന്തരമായ് ആഗ്രഹിക്കുന്നത് സ്വപ്നമായ് വന്നു ചേർന്നതാണ്. ഒരു നിമിഷത്തേക്ക്.

അവൾക്ക് കരച്ചിൽ വന്നു.

കുറച്ചു ദിവസങ്ങളായി മുത്തശ്ശിയുടെ കൂടെയാണ് ഉറക്കം.. അവർക്കും പേടിയാണിപ്പോ. ഉറക്കത്തിൽ ശ്വാസംമുട്ടിച്ചു കൊല്ലാനും മടിക്കില്ലവൻ എന്ന് അവളോട്‌ കയർക്കും.

വേണി എഴുന്നേറ്റു ലൈറ്റിട്ടു.

മേശപ്പുറത്തെ ജഗ്ഗിൽ നിന്നും കുറച്ചു വെള്ളമെടുത്തു കുടിച്ചു.

വീണ്ടും കിടക്കാനായി ലൈറ്റ് ഓഫ്‌ ചെയ്തു തിരിയുമ്പോ പ്രസാദ് മുറ്റത്തുകൂടി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കണ്ടു. അവന്റെ കയ്യിൽ ചെവിയോട് ചേർത്തുവെച്ച ഫോണും ഉണ്ടായിരുന്നു.

ആരെയായിരിക്കും ഈ പാതിരനേരത്ത്.

മുറ്റത്തൊഴുകിപ്പരക്കുന്ന നിലാവിൽ അവന്റെ ആത്മഹർഷം തുളുമ്പുന്ന മുഖവും, നേർത്ത ചിരിയും അവൾക്ക് കാണാൻ കഴിഞ്ഞു.

തന്നോട് ഒന്ന് ചിരിച്ചിട്ട് എത്രനാളായി എന്നവൾ വേദനയോടെ ഓർത്തു.

നെഞ്ചിൻകൂടിൽ ഉണർന്നുവന്ന തേങ്ങലടക്കി അവൾ മുത്തശ്ശിക്കരികിലേക്ക് ചേർന്ന് കിടന്നു. അവളുടെ സങ്കടത്തിൽ കൂട്ടു ചേർന്ന് കുഞ്ഞും ഒന്നിളകി.

അമ്മേടെ പൊന്ന് ഉറങ്ങിക്കോട്ടോ.. അമ്മക്ക് ഒന്നൂല്യ.. അമ്മേടെ മുത്ത് ഒന്നു വേഗം വന്നോളൂ .. കാണാൻ കൊതിയായിട്ട് വയ്യെടാ..

ആ കുഞ്ഞിച്ചുണ്ടിൽ അവളുമ്മ വെച്ചു. ആർദ്രതയോടെ.

******************

എങ്ങനെയുണ്ടായിരുന്നെടാ ബാംഗ്ലൂർ ട്രിപ്പ്‌. എൻജോയ് ചെയ്തോ?

റൂമിന് വെളിയിൽ ആരുടെയോ സംസാരം കേട്ട് വേണി ചെവിയോർത്തു.

ഛർദിയും തലചുറ്റലും അധികരിച്ചപ്പോൾ ഡോക്ടറെ കാണാൻ വന്നതായിരുന്നു അവൾ.

ക്ഷീണം മാറാൻ നമുക്കൊരു ഡ്രിപ് ഇടാം. വേറെ പ്രോബ്ലമൊന്നുമില്ലാ. താൻ നന്നായി ആഹാരം കഴിക്കുന്നില്ല എന്ന് തോന്നുന്നു. വെയിറ്റ് വളരെ കുറവാണ്. ഇങ്ങനെ പോയാൽ അത് കുഞ്ഞിനെയും ബാധിക്കും. ഒന്നുമില്ലേലും താനൊരു നഴ്സല്ലേ..ഇതെല്ലാം ഞാൻ പറയാതെ തന്നെ അറിയാവുന്നതല്ലേ. എന്നിട്ടും താനെന്താടോ ഇങ്ങനെ. കൂടെ നിന്ന് ചെയ്തു തരാൻ ആരുമില്ലെങ്കിൽ സ്വയം കെയർ ചെയ്യണം. അല്ലാതെ സമയത്തു ഫുഡ്‌ കഴിക്കാതെ ആവശ്യമില്ലാത്ത ടെൻഷനും കൊണ്ടു നടന്നാൽ ഇതെന്റെ കയ്യിൽ നിൽക്കില്ല ട്ടോ. പറഞ്ഞേക്കാം.

വേണി മറുപടിയൊന്നുമില്ലാത്തവളെപ്പോലെ ചുണ്ടിൽ ഒട്ടിച്ചുവെച്ച ചിരിയുമായി ഡോക്ടറെ നോക്കിയിരുന്നു.

നീരുവന്ന് വീർത്ത കാലുമായി,മുടിയിലും, ഇടയ്ക്കിടെ വയറിലും തലോടി കൂടെയിരുന്ന മുത്തശ്ശിയെ വീട്ടിലേക്ക് പറഞ്ഞയക്കാൻ വേണി ആവതും ശ്രമിച്ചു. പക്ഷേ അവർ പോകാൻ കൂട്ടാക്കിയില്ല.

ഈയിടെയായി മുത്തശ്ശി വല്ലാതെ തളർന്നു തുടങ്ങിയിട്ടുണ്ടെന്ന് അവളോർത്തു.

“മുത്തശ്ശി പ്രസാദിനെയൊന്ന് വിളിച്ചു നോക്ക്. ഇത്തിരിനേരത്തെ കാര്യമല്ലേയുള്ളു. വന്നാൽ മുത്തശ്ശി വീട്ടിൽ പൊയ്ക്കോ. ഇവിടെയിരുന്നു അസുഖം കൂട്ടണ്ട.”

ഉം… നോക്കട്ടെ. നീയൊന്നു വിളിക്ക്.

അവൾ ഡയൽ ചെയ്തു കൊടുത്ത ഫോൺ അവർ കാതിൽ ചേർത്തു.

അന്നെന്തോ, തടസ്സമൊന്നും പറയാതെ പ്രസാദ് ഹോസ്പിറ്റലിലെത്തി.

മുത്തശ്ശി തിരിച്ചു പോയപ്പോൾ, ഓർമ്മകളെ കൂട്ടു പിടിച്ച് അവരോട് സങ്കടം പറഞ്ഞു കിടന്ന് ചെറിയൊരു മയക്കത്തിലേക്കു ഇറങ്ങി പോയിരുന്നു വേണി.

“എന്നാലും അവള് ആള് കൊള്ളാമല്ലോടാ. കെട്ട്യോനേം രണ്ടുപിള്ളേരേം ഇട്ടിട്ട് ഷാജിയുടെ കൂടെ ഓടിപ്പോന്നവളല്ലേ. അവളിപ്പോ അവനേം വിട്ട് നിന്നെ മയക്കിയെടുത്തു. ഹോ.. എന്തൊരു ജന്മം.

ശാപം കിട്ടുമെടാ, ആ പാവം പെങ്കൊച്ചിനെ ഇങ്ങനെ കണ്ണീര്കുടിപ്പിക്കുന്നതിന്. അതിനാണേൽ വയറ്റിലുള്ള സമയവും.കഷ്ടം.

“ചേട്ടന് മിനിയുടെ മേത്ത് ഒരു കണ്ണുണ്ടായിരുന്നു ന്ന് എനിക്കറിയാം. കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞ മാതിരി ഒരു ഫീലിങ്ങിലല്ലേ ചേട്ടനിപ്പോ. അതെനിക്ക് ശരിക്കുമങ്ങട് മനസ്സിലായിട്ടാ. കൂടുതൽ നിന്ന് കാല് കഴക്കണ്ട. എനിക്ക് തരാൻ ബാക്കിയുള്ള ഉപദേശോo കെട്ടിപ്പെറുക്കി പോകാൻ നോക്കിയാട്ടെ. ഇനി അത്ര മുട്ടി നിക്കുവാണേൽ കൊണ്ടോയി പെണ്ണുംപിള്ളക്ക് കൊടുക്ക്‌. അവർ ആരുടെയെങ്കിലും കൂടെ പോകാൻ പ്ലാനിട്ടിട്ടുണ്ടെങ്കിൽ ഇത് കേട്ട് ആ പ്ലാനങ്ങു ഉപേക്ഷിച്ചാലോ.

അമർത്തിയ ശബ്ദത്തിൽ പിന്നെയയാൾ പറഞ്ഞതൊന്നും വേണിക്ക് വ്യക്തമായില്ല.

അല്പം കഴിഞ്ഞു പ്രസാദ് മുറിയിലേക്ക് കയറി വന്നു.

ആരോടാ സംസാരിക്കുന്ന കേട്ടേ?

മറുപടി കിട്ടും എന്ന് ഉറപ്പില്ലാഞ്ഞിട്ടും അവൾ അവന്റെ നേരെ മുഖംമുയർത്തി.

“ബസിലെ സുരേഷേട്ടൻ.”

“അന്ന് എന്റെ വളയും ഊരിക്കൊണ്ട് ബാംഗ്ലൂർക്ക് പോയതാണോ നീ.?

“ആണെങ്കിൽ?

ആരുടേ കൂടെ ?

“അത് നീയറിയേണ്ട.

“എനിക്കറിയണം. എന്നോട് ഇങ്ങനെയൊക്കെ ചെയ്യാൻ നിനക്ക് കഴിയുന്നതിന്റെ കാരണമടക്കം എനിക്ക് എല്ലാം അറിഞ്ഞേ പറ്റൂ..

“പറയാനെനിക്ക് സൗകര്യമില്ല.ഇത് ഹോസ്പിറ്റലാണെന്ന് നീ മറക്കണ്ട.എനിക്ക് ദേഷ്യം വന്നാൽ ഞാനതൊന്നും ഓർത്തെന്നു വരില്ല.എന്തൊക്കെ ചെയ്യുമെന്നും.നാവടക്കിക്കോ നീ.അതാ നല്ലത്.

അവൻ പല്ലുകൾ കടിച്ചു പൊട്ടിച്ച് അമർത്തിയ ശബ്ദത്തിൽ അവളുടെ നേർക്ക് വിരൽ ചൂണ്ടി.

ഞാൻ എനിക്കിഷ്ടമുള്ള പലരുടെയും കൂടെ പോയെന്നിരിക്കും. എന്നെ ചോദ്യം ചെയ്യാൻ വരരുത്. അതെനിക്കിഷ്ടമല്ല. കേട്ടോടീ നായിന്റെ മോളെ..

അവളതിന് മറുപടിപറയാനൊരുങ്ങിയതും വയറിനു മേലെ രണ്ടു കുഞ്ഞിക്കൈകൾ അവളെ വന്നു തൊട്ടു. അമ്മേ വേണ്ട എന്ന ദൈന്യതയോടെ.

ആ യാചന തിരിച്ചറിഞ്ഞതും അവൾ അവനിൽ നിന്നും വെറുപ്പോടെ മുഖം തിരിച്ചു. കണ്ണുകൾ പെയ്യാനൊരുങ്ങിയെങ്കിലും അവളതിനെ തടുത്തു നിർത്തി. ഇനി കരഞ്ഞു പോകരുത് എന്ന താക്കീതോടെ.. തന്നിലേക്ക് ഓങ്ങുന്ന കത്തിയെ വാളുകൊണ്ട് തന്നെ നേരിട്ടേ പറ്റൂ.

ചവിട്ടിയരക്കാൻ ശ്രമിക്കുന്നിടത്തു തന്നെ തലയുയർത്തി നിൽക്കണം. അവഗണനകളെ അർഹിക്കുന്ന വെറുപ്പോടെ തള്ളിക്കളയണം.വേണി തനിച്ചാണ്. തനിയെ… പൊരുതിയെ പറ്റൂ…പിറക്കാനിരിക്കുന്ന തന്റെ കുഞ്ഞിന് വേണ്ടി.

മുൻപില്ലാത്തവിധം മനസ്സ് ധൈര്യപ്പെടുന്നതറിഞ്ഞു അവൾ ആശ്ചര്യപ്പെട്ടു. പിന്നെ സ്വയം ചേർത്തുപിടിച്ച് പറഞ്ഞു കൊണ്ടേയിരുന്നു.

“നിനക്ക് ഞാനുണ്ട് കേട്ടോ… വിഷമിക്കണ്ട.”

തുടരും…