ശ്രീഹരി ~ അധ്യായം 12, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ബാലചന്ദ്രൻ വളരെ വേഗം സുഖം പ്രാപിച്ചു കൊണ്ടിരുന്നു. അദേഹത്തിന്റെ കൈകളുടെ സ്വാധീനം പഴയ പോലെ തന്നെ തിരിച്ചു കിട്ടി. കാലുകൾക്ക് നല്ല പുരോഗതി ഉണ്ട്. ഒരാഴ്ച കൊണ്ട് തന്നെ അദ്ദേഹം എഴുന്നേറ്റു നടക്കുമെന്ന് ഫിസിയോതെറാപ്പിസ്റ് പറഞ്ഞപ്പോൾ ഹരി സന്തോഷത്തോടെ അഞ്ജലിയെ നോക്കി.അഞ്‌ജലിക്ക് അത് സന്തോഷം തന്നെ ആയിരുന്നു എങ്കിലും അവൻ പോകുമല്ലോ എന്നോർക്കുമ്പോൾ വിഷമം ഉണ്ടായിരുന്നു താനും. എന്നാലും അച്ഛൻ സുഖപ്പെട്ടു വരുന്നത് അവൾക്കാനന്ദം തന്നെയായിരുന്നു

“ഇവിടെ അടുത്ത് ക്ഷേത്രം ഇല്ലെ?”

ഹരി ബാലചന്ദ്രനോട്‌ ചോദിച്ചു

“ഉവ്വല്ലോ ഒരു വളവ് കഴിഞ്ഞാൽ പാർത്ഥ സാരഥിയുടെ ക്ഷേത്രം ആണ്. എന്തെ?”

“ഞാനെ ദിവസവും ക്ഷേത്രത്തിൽ പോകുന്ന ഒരാളാണ്. അത് മുടങ്ങിയത് അന്ന മോള് ആശുപത്രിയിൽ കിടന്നപ്പോൾ പിന്നെ ദേ ഇപ്പൊ. എന്നും പോകുന്നത് മുടങ്ങിയപ്പോൾ ഒരു വല്ലായ്മ “

“അത് പറയണ്ടേ? ഹരി പോയിട്ട് വാ.. ചെല്ല് “

ഹരി തലയാട്ടി മുറിയിൽ നിന്നു പോയി. അയാൾ പുഞ്ചിരിയോടെ ആ പോക്ക് നോക്കി ഇരുന്നു.

ഇപ്പൊ കിടക്കണ്ട. വീൽ ചെയർ ഉണ്ട്. അത് കൊണ്ട് പഴയ മുഷിപ്പ് ഇല്ല

അത്യാവശ്യം ഓഫിസ് കാര്യങ്ങൾ ഒക്കെ അദ്ദേഹം വീട്ടിൽ ഇരുന്ന് നോക്കി തുടങ്ങിയിരുന്നു

“ശ്രീ എവിടെ അച്ഛാ?”

അഞ്ജലി ഓഫീസിൽ നിന്ന് വന്നപ്പോൾ ലേറ്റ് ആയി. അവൾ മുറിയിൽ നോക്കിയപ്പോൾ അവൻ ഇല്ല

“ശ്രീ പോയല്ലോ “

വെറുതെ അവളുടെ ഭാവമാറ്റം കാണാൻ ബാലചന്ദ്രൻ പറഞ്ഞു

“എങ്ങോട്ട്?”

“ഹരിയുടെ വീട്ടിലേക്ക്. അല്ലാതെ എങ്ങോട്ട്?”

“ഒന്ന് പൊ അച്ഛാ എന്നോട് പറയാതെ ശ്രീ പോവില്ല..”അവൾ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. ആ നേരം തന്നെയാണ് ശ്രീ ഗേറ്റ് തുറന്നു വന്നത്

“ദേ വന്നല്ലോ എവിടെ പോയിരുന്നു ശ്രീ?”

“അമ്പലത്തിൽ ” അവൻ ബാലചന്ദ്രന്റെ നെറ്റിയിൽ ചന്ദനം തൊട്ട് കൊടുത്തു

“ആഹാ എന്താ ഭംഗി..” അവൻ പറഞ്ഞു

“പിന്നേ ഈ വയസ്സന് എന്ത് ഭംഗി?”

“ആര് പറഞ്ഞു വയസ്സായിന്ന്. കണ്ടാൽ ഒരു അമ്പത്… അല്ലെ അഞ്ജലി?”

അഞ്ജലി ചിരിച്ചു

“അല്ലെങ്കിലും ചന്ദനം തൊട്ടാൽ ആർക്കും ഒരു ഭംഗി വരും “അവൾ പറഞ്ഞു

“അത് കുളിക്കുന്നവരുടെ കാര്യമാ. കുളിയും നനയും ഇല്ലാത്തവരുടെ കാര്യമല്ല “
ഹരി പറഞ്ഞത് കേട്ട് ബാലചന്ദ്രൻ ഉറക്കെ ചിരിച്ചു

“ദേ ഞാൻ പറഞ്ഞിട്ടുണ്ട്… ഞാൻ എന്നും കുളിക്കും. അച്ഛാ പറഞ്ഞു കൊടുക്കച്ഛാ “

“നമ്മളില്ലേ “

അയാൾ തലയിൽ കൈ വെച്ചു

അവൾ പിണങ്ങി മുറിയിൽ പോയി

“പിണങ്ങിയോ?”ഹരി ചോദിച്ചു

“പിണങ്ങിയാൽ തനി മൂശേട്ടയാ. ഇനി ഇന്ന് ആ പ്രദേശത്തേക്ക് പോകണ്ട. നാളെ തണുക്കും അപ്പൊ മിണ്ടാം “

“ശൊ “

ഹരി പറഞ്ഞു പോയി

ബാലചന്ദ്രനെ കാണാൻ സന്ദർശകർ വന്നപ്പോൾ ഹരി മുകൾ നിലയിൽ ഉള്ള അഞ്ജലിയുടെ മുറിയിലേക്ക് പോയി

“അകത്തേക്ക് വന്നോട്ടെ മാഡം ” അവൻ വാതിലിൽ ഒന്ന് തട്ടി

“വേണ്ട ” അവൾ കുളിച്ചിട്ട് മുടി തൂവർത്തുകയായിരുന്നു

“അങ്ങനെ പറയല്ലേ ” അവൻ അകത്തേക്ക് വന്നു

“ശ്രീ get out “

“ഇല്ലെങ്കിൽ?” അവൻ അവിടെ തന്നെ നിന്നു

“ഇറങ്ങി പൊ ശ്രീ “

“പോവില്ലാന്ന്. തല്ലുമോ.. എന്നാ തല്ല് “

അവൻ അവളുടെ മുന്നിൽ ചെന്നു കളിയാക്കി ചിരിച്ചു

പിന്നെ നെറ്റിയിൽ ചന്ദനം തൊട്ട് കൊടുത്തു

“എനിക്ക് വേണ്ട ഇത് ” അവൾ അത് കൈ കൊണ്ട് തൂത്തെറിഞ്ഞു

“ഞാൻ കുളിക്കില്ല നനയ്ക്കില്ല വൃത്തി ഇല്ലാത്തവളാ കൊള്ളില്ല പോരെ?”

അവൾ കിതച്ചു. ഹരി ഒരു നിമിഷം നിലത്ത് വീണ ചന്ദനം നോക്കി. പിന്നെ കുനിഞ്ഞു അത് തുടച്ചെടുത്തു. പിന്നെ അവളെയൊന്ന് നോക്കി

“സോറി അഞ്ജലി ” അത്ര മാത്രം

അവൻ മുറിയിൽ നിന്ന് ഇറങ്ങി പോയി

അഞ്ജലിയുടെ മനസ്സിൽ പെട്ടെന്ന് ഒരു പേടി നിറഞ്ഞു. ഹരിയുടെ മുഖം മാറിയിരുന്നു. ഇത് വരെ അവൾ അവനെ അങ്ങനെ കണ്ടിട്ടുണ്ടായിരുന്നില്ല

അവൻ എപ്പോഴും അവളെ ഓരോന്ന് പറഞ്ഞു കളിയാക്കും. പക്ഷെ ഇന്ന് എന്തോ ദേഷ്യം വന്നു. ചന്ദനം തുടച്ചു കളയണ്ടായിരുന്നു

അവൾ താഴെ ഇറങ്ങി വന്നു നോക്കി. ഹരി മുറ്റത്താണ്അ. ച്ഛൻ ഉണ്ട് അരികിൽ

അവൾ തിരിച്ചു പോയി. ഹരി അവളെ പൂർണമായും അവഗണിച്ചു കളഞ്ഞു. അവൻ മിക്കവാറും സമയം ബാലചന്ദ്രന്റെ മുറിയിൽ ചിലവിട്ടു

അവൻ കഴിക്കാൻ വരുന്നത് പോലും അവൾ കാണുന്നില്ലായിരുന്നു

ഓഫീസിൽ പോയി കഴിഞ്ഞാവും അവൻ വന്നു കഴിക്കുക എന്ന് അവൾ ഊഹിച്ചു. രാത്രി കഴിക്കുന്നുണ്ടാവില്ലേ?എന്നോർത്ത് വിഷമിച്ചു

അച്ഛന്റെ ഫിസിയോ നടക്കുമ്പോൾ അവൾ അവന്റെ അടുത്ത് ചെന്നു

“ശ്രീ..”

അവൻ പെട്ടെന്ന് അവളെ കടന്നു പോയി മുറിയിൽ കയറി വാതിൽ അടച്ചു കളഞ്ഞുഅവൾ തകർന്ന ഹൃദയത്തോടെ കുറച്ചു നേരം അങ്ങനെ നിന്നു

പിന്നെ മുറിയിൽ വന്നു. അവന്റെ ഫോണിൽ വിളിച്ചു

സാധാരണ ഒരു ഫോൺ ആണ് അവന്റെ. വാട്സാപ്പ് ഒന്നുമില്ല. അത് കൊണ്ട് മെസ്സേജ് അയയ്ക്കാനും സാധിക്കുന്നില്ലായിരുന്നു

അവൻ ഫോൺ ഓഫ്‌ ചെയ്തു വെച്ച് കളഞ്ഞു

അവൾ വേദന നിറഞ്ഞ മനസ്സോടെ മുറിയിൽ ഇരുന്നു

കുറച്ചു ദിവസം കഴിഞ്ഞു അവൻ പോകും. അന്ന് അനുഭവിക്കുന്ന വേദന ഇതിലും വലുതായിരിക്കും. അവന് താൻ വെറുതെ കളിയാക്കാൻ ഉള്ള ഒരു തമാശ മാത്രം ആണോ? അവൾ ചിന്തിച്ചു

അല്ലെങ്കിലും തനിക്ക് എന്ത് യോഗ്യത ആണ് ഉള്ളത്?

ശ്രീക്ക് പണത്തിനു കുറവുണ്ടെന്നേയുള്ളു..അവനെ സ്നേഹിക്കാൻ അവന് സ്നേഹിക്കാൻ ഒത്തിരി പേരുണ്ട്

ഒരു പാട് നെഞ്ചിൽ ഏറ്റുമ്പോൾ ആൾക്കാർ നമ്മെ ഒത്തിരി വേദനിപ്പിക്കും എന്ന് അവളോർത്തു..

ഇനി പിന്നാലെ പോവില്ല എന്നുറച്ചു

ഹരി അവന്റെ മുറിയിൽ കിടക്കുകയായിരുന്നു. അവന് തല വേദനിക്കുന്നുണ്ടായിരുന്നു

ബാം എടുത്തു പുരട്ടിയിട്ട് അവൻ പുതപ്പ് വലിച്ചു മൂടി കിടന്നു

“ഹരി എവിടെ മോളെ?” അഞ്ജലി വന്നപ്പോൾ അയാൾ ചോദിച്ചു

“മുറിയിൽ ഉണ്ടാവും “

“ഇന്ന് ഇങ്ങോട്ട് കണ്ടില്ല… ഒന്ന് വിളിക്ക് “

അവൾ മറുത്ത് പറയാൻ വയ്യാത്തത് കൊണ്ട് അവിടെ നിന്ന് പോരുന്നു. കിച്ചണിൽ ചെന്നു ജോലിക്കാരൻ അനന്തുവിനെ പറഞ്ഞു വിട്ടു. പിന്നെ അവൾ ഓഫീസിൽ പോകുകയും ചെയ്തു. വൈകുന്നേരം വന്നപ്പോഴും ഹരിയുടെ മുറി അടഞ്ഞു കിടക്കുകയാണ്

അവൾ വാതിലിൽ മുട്ടാൻ ഭാവിച്ചിട്ട് അവനു ഇഷ്ടം ആയില്ലെങ്കിലോ എന്ന് കരുതി മുറിയിലേക്ക് പോരുന്നു. പിറ്റേന്ന് അച്ഛന്റെ മുറിയിൽ ചെല്ലുമ്പോഴും അച്ഛൻ ഒറ്റയ്‌ക്കെയുള്ളു

“നീ ഹരിയോട് പിണങ്ങിയോ?” പെട്ടെന്ന് ബാലചന്ദ്രൻ ചോദിച്ചു

അവൾ മിണ്ടാതെ നിന്നു

“നമ്മുടെ വീട്ടിൽ താമസിക്കുന്ന ഒരാൾ.അതും അച്ഛൻ പറഞ്ഞിട്ട്.. അവനും ചെറുപ്പമാണ് നിന്നോടുള്ള സ്വാതന്ത്ര്യം കൊണ്ടാ തമാശ പറയുന്നത്. നിനക്ക് അത് ഇഷ്ടം അല്ലെങ്കിൽ അവനെ അകറ്റി നിർത്താം. അത് നിന്റെ ഇഷ്ടം. പക്ഷെ സുഖമില്ലാതെ കിടക്കുന്ന ഒരാളോട് വൈരാഗ്യം വെയ്ക്കുന്നത് എന്റെ മോൾക്ക് അത്ര നല്ലതല്ല ” അവൾ നടുക്കത്തോടെ അച്ഛനെ നോക്കി

“രണ്ടു ദിവസമായി കടുത്ത പനിയ അവന്. ഇന്ന് ഡോക്ടർ വന്നിട്ട് പോയി. എനിക്ക് അവനെ നോക്കണം ന്നുണ്ട് പക്ഷെ… ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ്‌ ചെയ്യാൻ ഡോക്ടർ പറഞ്ഞു. ഇന്നു കൂടി നോക്കിട്ട് കുറവില്ലേൽ.. പറ്റുമെങ്കിൽ ഇന്ന് ഒന്ന് ശ്രദ്ധിക്കണം.. ഈഗോ ഇല്ലെങ്കിൽ “

അവളുടെ കണ്ണ് നിറഞ്ഞു പോയി. അവൾ ഓടി അവന്റെ മുറിയിൽ ചെന്നു

ഹരി ചാരി ഇരുന്ന് അനന്തു കൊടുത്ത കാപ്പി കുടിക്കുകയായിരുന്നു

“അനന്തു പൊയ്ക്കോ “അവൾ പറഞ്ഞു. അവൻ പോയി

ഹരി ബെഡിലേക്ക് കിടന്നു പുതപ്പ് മൂടി ലൈറ്റ് അണച്ചു. അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അവന്റെ കാൽക്കൽ മുഖം അണച്ചു

“എന്നോട് ക്ഷമിക്ക് ശ്രീ. ഇങ്ങനെ പെരുമാറല്ലേ… ഞാൻ മരിച്ചു പോം സത്യം..” ഹരി ഞെട്ടി കാല് വലിച്ചു

അവൻ നടുക്കത്തോടെ എഴുന്നേറ്റു ലൈറ്റ് ഇട്ടു

“എനിക്ക് വയ്യ ശ്രീ ഇത് താങ്ങാൻ.. ഞാൻ.. ഞാൻ ചെയ്തത് തെറ്റാ. എന്നോട് ക്ഷമിക്ക്…”

ഹരിയുടെ മനസ്സിലെ വാശിയുടെ കരിമ്പാറ കെട്ടുകൾ തകർന്ന് തുടങ്ങി

അവൾ കരഞ്ഞു കൊണ്ട് ആ മുഖത്ത് നോക്കി

“എന്തിനാ ശ്രീ എന്റെ ജീവിതത്തിലേക്ക് വന്നത്? ഞാൻ ഇവിടെയെങ്ങാനും ഒതുങ്ങി ജീവിച്ചു മരിച്ചു പോയെനെല്ലോ.. ഇതിപ്പോ എന്നോട് പിണങ്ങി എന്നെ ഒഴിവാക്കി മുഖം തിരിച്ചു നടക്കുമ്പോൾ എന്റെ ഹൃദയം പൊട്ടി പോകുന്ന പോലെയാ..”

അവൾ മെല്ലെ എഴുന്നേറ്റു മുഖം തുടച്ചു

“ഞാൻ… ഞാൻ കൊള്ളില്ല എന്ന് എനിക്ക് അറിയാം. ശ്രീയിൽ നിന്ന് ഞാൻ വേറെ ഒന്നും ആഗ്രഹിക്കുകയുമില്ല. പക്ഷെ ഇവിടെ ഉള്ളപ്പോ എന്നോട് മിണ്ടണം.. പോയി കഴിഞ്ഞു ഞാൻ ഒരിക്കൽ പോലും ശല്യം ചെയ്യില്ല… സത്യം “

അവൾ ഏങ്ങലടിച്ചു കരയുന്നത് കണ്ടവൻ അവളെ കോരിയെടുത്ത് നെഞ്ചിൽ ചേർത്തു

“ഇങ്ങനെ കരയല്ലേ… പ്ലീസ്.. കരയല്ലേ..”

അവൾ വിങ്ങി വിങ്ങി കരഞ്ഞു കൊണ്ടിരുന്നു

“അഞ്ജലി .. നോക്ക്.. സോറി..നീ ആ ചന്ദനം തുടച്ചു കളഞ്ഞപ്പോ അത്…. നിന്റെ പേരിൽ ഞാൻ കഴിപ്പിച്ച വഴിപാട് ആയിരുന്നു അഞ്ജലി . അത് നീ നിസാരമായിട്ട്… എനിക്ക് എന്നെ നിയന്ത്രിക്കാൻ പറ്റിയില്ല. ഞാൻ പറഞ്ഞിട്ടുണ്ട് നിന്നോട്. ഒത്തിരി സ്നേഹിച്ചാൽ ഞാൻ ചീത്തയാ.. ഇത് പോലെ വാശി കാണിക്കും. അതോണ്ടാ പറഞ്ഞത് ഒരു ഡിസ്റ്റൻസ് വെയ്ക്കാൻ… ഇനി കുറച്ചു ദിവസം കൂടിയേ ഞാൻ ഉള്ളിവിടെ..അത് കഴിഞ്ഞ്…”

അവൾ അവന്റെ മുഖത്ത് നോക്കിക്കൊണ്ടിരുന്നു

“നീ എനിക്ക് തമാശ അല്ല അഞ്ജലി. മുൻപൊരു പെണ്ണിനേയും ഞാൻ ഇത് പോലെ…”അവൻ നിർത്തി

അവനെ വിറയ്ക്കുന്നത് കണ്ട് അവൾ നെറ്റിയിൽ കൈ വെച്ച് നോക്കി

പൊള്ളുന്ന ചൂട്

ഈശ്വര!

“ഗുളിക കഴിച്ചോ?”

“വേണ്ട..കിടന്ന മതി “അവൻ അവളുടെ ദേഹത്തുള്ള പിടി വിട്ട് കട്ടിലിലേക്ക് വീണു

“തളർന്നു പോവ.. ശരീരം “അവനെ വിറച്ചു

അവൾ ഗുളിക എടുത്തു ചൂട് വെള്ളം ഗ്ലാസിൽ പകർന്നു

“കഴിക്ക്..”

“ഗുളിക എനിക്ക് ഇഷ്ടമല്ല അഞ്ജലി “

“അസുഖം മാറണ്ടേ ശ്രീ?”

“വേണ്ട… നിന്നേ കരയിച്ചതിനുള്ള ശിക്ഷ ആയി കൂട്ടിക്കൊള്ളാം ഞാൻ ഇത് “

“ഒന്ന് തന്നാലുണ്ടല്ലോ.. ഇത് കഴിച്ചേ..”

“വേണ്ട..”

“എന്റെ ശ്രീയല്ലേ?” അവൾ വിതുമ്പി

ശ്രീ അവളുടെ മുഖത്തേക്ക് നോക്കി കിടന്നു. പിന്നെ ഗുളിക വാങ്ങി

അഞ്ജലി അവൻ കുടിച്ചു തീർത്ത ഗ്ലാസ്‌ വാങ്ങി വെച്ചു. പിന്നെ അരികിൽ വന്നിരുന്നു. ഹരിയുടെ കണ്ണുകൾ അടഞ്ഞു തുടങ്ങി. അവൻ ഉറങ്ങി എന്ന് തോന്നിയപ്പോൾ അവൾ എഴുന്നേറ്റു

കയ്യിൽ ഒരു പിടിത്തം വീണു

“ക്ഷമിക്ക്….”ചിലമ്പിച്ചു പോയ ശബ്ദം. ഉറക്കത്തിൽ തന്നെ ആണ് ആള്

കണ്ണുകൾ അടഞ്ഞു തന്നെ ആണ് ഇരിക്കുന്നത്

അഞ്ജലി മെല്ലെ ആ കൈ വിടുവിച്ചു

പിന്നെ പുതപ്പ് മൂടി ലൈറ്റ് അണച്ച് വാതിൽ ചാരി ഇറങ്ങി

(തുടരും )