തനിയെ ~ ഭാഗം 20, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“ദേ… ഒരു കാര്യം പറഞ്ഞേക്കാം. വേണിയല്ല ലീന . ഉള്ളത് പറയുമ്പോ കയ്യോങ്ങി കുരച്ചു ചാടിയിട്ട് കാര്യമില്ല.നിങ്ങള് കിട്ടുന്നത് മുഴുവൻ ക-ള്ളും കുടിച്ച് സുഖിച്ചു നടന്നാൽ ഇവിടുത്തെ കാര്യങ്ങൾക്ക് ഞാൻ എങ്ങോട്ട് പോകും. എന്നെക്കൊണ്ട് വയ്യ ഇവിടെ കൂലിപ്പണിക്ക് പോകാനൊന്നും.

ലീന രാവിലെ തുടങ്ങിയ വഴക്കാണ്. വീട്ടിൽ ഓരോ സാധനങ്ങൾ തീരുമ്പോഴും ഇത് പതിവാണ്. പണിയില്ല, കയ്യിൽ പൈസയില്ല എന്നൊക്കെ പലവട്ടം പറഞ്ഞാലും അവളുടെ തലയിൽ കയറില്ല.എന്തിനും ഏതിനും ഉറക്കെ ബഹളം വെക്കുന്നത് അവളുടെ ശീലമായി.

സഹിക്കുകയല്ലാതെ മറ്റുവഴികളൊന്നും പ്രസാദിനുമുന്നിൽ ഉണ്ടായിരുന്നില്ല.

നാട്ടിൽ നിന്ന് ഒളിച്ചു പോന്നതിനു ശേഷം വല്ലപ്പോഴും മാത്രമേ മ ദ്യപിക്കാറുള്ളു.പണി കഴിഞ്ഞു വരുന്ന ദിവസങ്ങളിൽ മുഴുവൻ പൈസയും ലീന പിടിച്ചു വാങ്ങും.

വഴക്ക് മൂർച്ഛിക്കുമ്പോൾ അവൻ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി പോകും. ഏതെങ്കിലും കൂട്ടുകാരെ കണ്ടാൽ അവരോട് കടം വാങ്ങി മൂക്കറ്റം കുടിക്കും.

കുടിച്ചു ബോധം മറഞ്ഞു തുടങ്ങുമ്പോൾ വേണിയുടെ മുഖം അവന്റെ ഓർമ്മകളിലേക്ക് ഒരു പാദസരകിലുക്കമുതിർക്കും.

പാവം, എത്ര ദ്രോഹിച്ചിട്ടും മറുത്തൊന്നും പറയാതെ കണ്ണീരിൽ എല്ലാം മറന്നു ജീവിക്കാൻ ശ്രമിച്ച ന്റെ വേണു…

വേണു… വേണു… അവൻ നിർത്താതെ വിളിച്ചു കൊണ്ടിരിക്കും. പിറു പിറുപ്പ് പോലെ.

പലപ്പോഴും ഓർക്കും തിരിച്ചു പോയാലോ.

അപ്പോഴൊക്കെ ലീന ആത്മഹത്യ ഭീഷണി മുഴക്കും.

“ഇനിയിപ്പോ തിരിച്ചു ചെന്നിട്ട് എന്ത് ചെയ്യാൻ. എന്റെ കെട്ട്യോന്റെ കയ്യിൽ കിട്ടിയാൽ വെട്ടിയരിയും അങ്ങേര്. അതിൽ ഭേദം ഇവിടെ തന്നെ കെട്ടിത്തൂങ്ങി ചാവുന്നതാ.

താൻ വല്ലാത്തൊരു കെണിയിലാണ് വന്നു പെട്ടിരിക്കുന്നതെന്ന് അപ്പോഴാണവന് ബോധ്യം വരിക . ഒന്നും വേണ്ടായിരുന്നു.കുറ്റബോധത്തോടെ അവൻ നെടുവീർപ്പിടും.

“നിങ്ങളെന്തുട്ട് കോപ്പാ ആലോചിച്ചു കൂട്ടുന്നെ. പോയി കുറച്ചു അരിയെങ്കിലും വാങ്ങിക്കൊണ്ട് വാ. കഞ്ഞി വെച്ച് കുടിക്കാലോ. വിശന്നു ചാവാറായി.

അല്ല എനിക്കിതിന്റെയൊക്കെ വല്ല ആവശ്യോം ഉണ്ടായിരുന്നോ. കയ്യും കലാശവും കാട്ടി എന്നെയങ്ങു മയക്കിയെടുത്തു. എന്റെ കെട്ട്യോൻ എന്നെ നല്ലപോലെ നോക്കിക്കൊണ്ടിരുന്നതാ. അതും കളഞ്ഞു പോരേണ്ട കാര്യമില്ലായിരുന്നു. ഇനിയിപ്പോ പറഞ്ഞിട്ടെന്തിനാ “

ലീനയുടെ ശകാരം വീണ്ടും കാത് തുളച്ചു തുടങ്ങിയപ്പോൾ അവൻ എഴുന്നേറ്റു പുറത്തേക്ക് നടന്നു.

********************

കുറെ ദിവസങ്ങളുടെ അലച്ചിലിന് ശേഷം ഒരു തുണിമില്ലിൽ സ്ഥിരജോലി കിട്ടിയ സന്തോഷത്തിലായിരുന്നു പ്രസാദ് അന്ന് വീട്ടിലെത്തിയത്.

അടഞ്ഞു കിടന്ന വാതിലിനപ്പുറം അകത്താരോ ഉണ്ടെന്ന് അവന് തോന്നി. അല്പസമയം കാത്തു നിന്നിട്ട് അവൻ കതകിൽ മുട്ടി.

ഏറെ കഴിഞ്ഞാണ് വാതിൽ തുറക്കപ്പെട്ടത്. അവന്റെ മുന്നിലേക്ക് ആദ്യമിറങ്ങി വന്നത് വീട്ടുടമസ്ഥൻ ശെൽവനായിരുന്നു. പിന്നാലെ ലീനയും.

“യാരിത് പ്രസാദാ.. എന്നാ പ്രസാദ് എപ്പടി ഇറുക്കെ? എന്നാ സമാചാരം..
നല്ലാ ഇറുക്കെ..??ഇന്ത വഴിയേ പോയപ്പോത് ചുമ്മാ ഉങ്കളെയും പാത്തിട്ട്…. അതുക്കുള്ളെ ലീന ഒരു ടീ പോട്ട് കൊടുത്തിട്ടേ.. സരി അത് കുടിച്ചിട്ട് പോലാം ന്ന് നെനച്ചേ..”

ശെൽവൻ പരിഭ്രമമടക്കി വെളുക്കെ ചിരിച്ചു

“ടീ മട്ടും താൻടാ???

പ്രസാദ് അയാളെ നോക്കി കടപ്പല്ല് ഞെരിച്ചു.

ശെൽവൻ അതിന് മറുപടിയൊന്നും പറയാതെ, ചുണ്ടിലൊരു കള്ളച്ചിരിയുമൊളിപ്പിച്ച്‌ വാതിൽ കടന്ന് റോഡിലേക്കിറങ്ങി.

പ്രസാദ് അയാൾക്ക് നേരെ കയ്യോങ്ങാനാഞ്ഞെങ്കിലും അത് വേണ്ടന്ന് വെച്ച് ലീനക്ക് നേരെ തിരിഞ്ഞു.

എടി, പന്ന നായിന്റെ മോളെ.. നീയെന്നെയും ചതിച്ചു അല്ലേടി.??

ഞാനില്ലാത്തപ്പോ ആരൊക്കെ വരുന്നുണ്ടെടി ഇവിടെ…?

അവൻ ലീനയുടെ കവിളിൽ ആഞ്ഞടിച്ചു. പിന്നെ മുടിയിൽ ചുറ്റിപ്പിടിച്ച് അകത്തേക്ക് വലിച്ചിഴച്ചു.

“ഇവിടെ പലരും വരുന്നുണ്ട്. എന്നെക്കൊണ്ട് പറ്റില്ല പട്ടിണി കിടക്കാൻ. നിങ്ങൾ ജോലിയും തെണ്ടി നടന്നാൽ കലത്തിൽ ചോറുണ്ടാവോ.

അവൾ അവന്റെ പിടുത്തം വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് അവന് നേരെ ആക്രോശിച്ചു.

“അപ്പൊ ഞാൻ കൊള്ളാത്തവനായോണ്ട് നീയങ്ങു കേറി ഒണ്ടാക്കാമെന്നു വെച്ചു അല്ലെ..?

അതിവിടെ നടക്കില്ല.. ഇപ്പൊ ഇറങ്ങിക്കൊണം ഇവിടുന്ന്.

“അതിന് ഇത് നിങ്ങളുടെ വീടല്ല ല്ലോ. വാടക കൊടുക്കുന്നുണ്ട് എന്ന് വെച്ച് നിങ്ങൾക്ക് എന്താ അധികാരം എന്നെ ഇവിടുന്ന് ഇറക്കി വിടാൻ.

“ഓ… ആ ചെറ്റ ഇത് നിനക്ക് എഴുതി തരാമെന്ന് പറഞ്ഞു കാണും അല്ലെ.?

“ഉവ്വ്.. എഴുതി തരാമെന്ന് മാത്രമല്ല ചിലവിനും തരാമെന്ന് പറഞ്ഞിട്ടുണ്ട്. എന്നെക്കൊണ്ട് വയ്യ ഇങ്ങനെ കിടന്നു നരകിക്കാൻ. ജീവിതം ഒന്നേയുള്ളു.

“നീ ആഘോഷിക്കെടി, പ്രസാദിന് ഒരു തേവിടിച്ചികളുടെയും കൂട്ട് വേണ്ട.എട്ടു പത്തു കൊല്ലം കൂടെ ജീവിച്ചവനെയും രണ്ടു കൊച്ചുങ്ങളേം ഇട്ടിട്ട് ഇറങ്ങി പോന്നവളല്ലേ നീ. ആ നിനക്ക് എന്നെ ഉപേക്ഷിക്കാൻ വല്യ പ്രയാസമൊന്നുമുണ്ടാകില്ല. അത് ഞാൻ ആദ്യമേ ചിന്തിക്കേണ്ടതായിരുന്നു. അന്ന് ഇതൊന്നും തലയിൽ കയറില്ല.. ഭ്രാന്ത്‌ അല്ലായിരുന്നോ.. കാമ ഭ്രാന്ത്‌.. അതിന്റെ ശിക്ഷ വേണ്ടുവോളം കിട്ടി.

നിനക്കു വേറെയാളായി.ഇനിയിപ്പോ എനിക്ക് പോകാലോ അല്ലെ. വേണിയെ കണ്ട് കാല് പിടിച്ചു നോക്കണം. അവളോട് ചെയ്തു കൂട്ടിയ ക്രൂരതകൾക്ക് മാപ്പ് തരുമോ എന്നൊന്നും അറിയില്ല. എന്നാലും ഒന്ന് ശ്രമിക്കണം.

വെയിൽ നിഴൽ ചിത്രങ്ങൾ വരച്ചു തുടങ്ങിയ ചെമ്മൺ പാതയെ ചവുട്ടിത്തള്ളി ലക്ഷ്യമില്ലാതെ മുന്നോട്ട് കുതിക്കുമ്പോൾ, നിസ്സഹായത തിങ്ങിയ മുഖവും നീർ നിറഞ്ഞ മിഴികളുമായി വേണി അയാൾക്ക് തൊട്ടുമുന്നിൽ നിന്ന് പിന്നോട്ട് നടന്നു കൊണ്ടിരുന്നു.

അവളുടെ നോട്ടം നേരിടാനാകാതെ കണ്ണുകളടച്ചു പോയി.

ആ നിമിഷത്തിലാണ്, എല്ലുകൾ ഒടിഞ്ഞു നുറുങ്ങുന്ന വേദനയോടെ എന്തോ ദേഹത്ത് വന്നു തട്ടിയതും, ശരീരമപ്പാടെ ശക്തിയിൽ എടുത്തെറിഞ്ഞതും.

ബോധം മറയും മുൻപ് അവൻ ചുറ്റിലുമൊന്നു നോക്കി.. വേണിയെവിടെ എന്ന ആകുലതയോടെ.

******************

“അമ്മ വേണിയെ വിളിച്ചിരുന്നോ..?

വായിലേക്കിറ്റിച്ചു തരുന്ന കഞ്ഞി വെള്ളം കുടിച്ചിറക്കുന്നതിനിടെ പ്രസാദ് തുളസിയോട് ചോദിച്ചു.

“ഉവ്വ്…

“എന്നിട്ട്??

“അവൾക്ക് നിന്നെ കാണണ്ടത്രേ നീയിപ്പോ അവളുടെ ആരുമല്ലെന്ന്. നീയിനി അവളെ തേടിച്ചെല്ലരുതെന്ന്.”

“ഉം…. അവൻ ആത്മനിന്ദയോടെ നെടുവീർപ്പിട്ടു.

പിന്നെ തുളസി ചുണ്ടോടു ചേർത്ത സ്പൂൺ, മുഖത്തിന്റെ ഒരു ചലനം കൊണ്ട് തട്ടി മാറ്റി കണ്ണുകളടച്ചു.

ആ കണ്ണുകളിൽ നിന്നുമൊരു നീർച്ചാല് ഉറവയെടുക്കുന്നതും, ഇരുവശത്തുമായി കവിളിലൂടെ ഒലിച്ചിറങ്ങുന്നതും കണ്ട് തുളസി വേദനയോടെ ഏറെ നേരം അവനെ നോക്കി നിന്നു. പിന്നെ കണ്ണുനീർ തുടച്ച് അടുക്കളയിലേക്ക് നടന്നു.

പെയ്തു തോരട്ടെ ഇന്നലെയുടെ പാപങ്ങൾ. ഹൃദയം ശുദ്ധമാകും വരെ.

തുളസി ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടിരുന്നു

തുടരും….