തനിയെ ~ ഭാഗം 21, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

കോടതി വരാന്തയിൽ നിൽക്കുമ്പോൾ വേണി പ്രസാദിന്റെ മുഖത്തു നോക്കുകപോലും ചെയ്തില്ല.

കുടുംബകോടതിയിൽ നിന്നും ഡിവോഴ്സ് അനുവദിച്ചു കിട്ടിയ ദിവസമായിരുന്നു.

നഷ്ടപരിഹാരമായി പ്രസാദിൽ നിന്നും നല്ലൊരു തുക വേണിക്ക് കൊടുക്കാനും കോടതി ഉത്തരവായി.

പ്രസാദ് പലവട്ടം വേണിയുടെ കണ്ണുകളിലേക്ക് യാചനയോടെ നോക്കി.

എന്നെ വിട്ടു പോകരുതേ എന്ന ദൈന്യതയായിരുന്നു ആ മിഴികളിൽ.

വേണി അത് കണ്ടതായിപ്പോലും ഭാവിച്ചില്ല. ശ്രുതിമോൾ പല വട്ടം അവനെ ചൂണ്ടി അവളുടെ ഭാഷയിൽ എന്തൊക്കയോ അവളോട് പറഞ്ഞുകൊണ്ടിരുന്നു

വേണി എല്ലാറ്റിനും ഒരു ചിരിയോടെ അവളുടെ കവിളിൽ തലോടി.

വർഷങ്ങൾ പിന്നെയും ഓടി മറഞ്ഞു കൊണ്ടിരുന്നു.

ശാരി രണ്ടു കുട്ടികളുടെ അമ്മയായി. ശ്രുതിമോൾ ഹൈ സ്കൂളിലെത്തി നിൽക്കുന്നു.

കയ്യിലുള്ള കുറച്ചു സമ്പാദ്യമെടുത്തു ചെറിയൊരു വീടുണ്ടാക്കിയാലോ എന്ന ചിന്തയിലായിരുന്നു വേണി.

“വീടിന്റെ കാര്യം അവിടെ നിൽക്കട്ടെ. കയ്യിലുള്ളതുകൊണ്ട് ചിലപ്പോൾ ഒന്നുമാകില്ല. നീ വലിയ കടക്കാരിയാകും. ഒരു പെൺകുട്ടിയല്ലേ വളർന്നു വരുന്നത്. എല്ലാം കൂടി നിനക്ക് ഒറ്റക്ക് തുഴയാൻ ആയെന്ന് വരില്ല. ഈ വീട് വിറ്റാൽ നിനക്കും ഒരു ഷെയർ ഉണ്ട്. എന്റേതും കൂടി നിനക്ക് തരാം. എന്നിട്ട് മതി വീട്.”

അമ്മ അവളെ ഉപദേശിച്ചു.

അത് ശരിയാണെന്നു അവൾക്കും തോന്നി. എന്നിരുന്നാലും വീടിനോട് ചേർന്ന് കുറച്ചു സ്ഥലം അവൾ സ്വന്തം പേരിൽ എഴുതി വാങ്ങി.

അതിനിടെ അമ്മ,തറയിലൊന്നു വഴുതി വീണ് കാൽമുട്ടിന്റെ ചിരട്ട തെന്നി മാറി.ഓപ്പറേഷൻ കഴിഞ്ഞതോടെ തീരെ കിടപ്പിലുമായി.

ഒരു സഹായത്തിനു ശാരിയെ വിളിച്ചെങ്കിലും അവൾ വീട്ടിൽ വരാനോ, അമ്മക്കായ് എന്തെങ്കിലും ചെയ്യാനോ ശ്രമിച്ചില്ല.

“സാരമില്ല. അവള് പിള്ളേരേം ഇട്ട് ഇവിടെ വന്നു നിക്കുന്നതെങ്ങനെയാ. എന്നെയോർത്തു നീ ജോലി മുടക്കണ്ട. ഞാനിവിടെ കിടന്നോളാം.”

വേണിയുടെ നിസ്സഹായാവസ്ഥ കണ്ട് അമ്മ പറഞ്ഞു.

വേണി പുലർച്ചെയെഴുന്നേറ്റ് വീട്ടു ജോലികളും, അമ്മയുടെ കാര്യങ്ങളുമെല്ലാമൊതുക്കി ജോലിക്ക് പോയി തുടങ്ങി.

ജീവിതത്തിൽ തനിച്ചായിപ്പോകുന്നവരുടെ എല്ലാ സങ്കടങ്ങളും, വേദനകളും തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. തളരുമ്പോൾ ഒന്ന് ചായാൻ ഒരു ചുമൽ കൊതിച്ചു പോകും പലപ്പോഴും.

എത്ര അടക്കിപ്പിടിച്ചാലും ചില നേരങ്ങളിൽ ഉണർന്നു വരുന്ന വികാരങ്ങളെ തടുത്തു നിർത്താനാകാതെ വേണിയുടെ നെഞ്ച് നീറിപ്പുകഞ്ഞു

എന്നിരുന്നാലും എല്ലാ പ്രതികൂല സാഹചര്യങ്ങളോടും പൊരുതി നഷ്ടപ്പെട്ടുപോയ ജീവിതം തിരിച്ചു പിടിക്കാൻ അവൾ ആവതും ശ്രമിച്ചു കൊണ്ടിരുന്നു. ശ്രുതിമോൾക്ക് വേണ്ടി. അവളുടെ നല്ല ഭാവിക്കു വേണ്ടി.

***********************

“ശ്രീജിത്തിന് കുറച്ചു കടങ്ങൾ. ഈ വീട് വിറ്റാൽ ആ ബാധ്യതകൾ തീർക്കാം എന്നാ ശ്രീ പറയുന്നേ. അമ്മയെ ഞങ്ങൾ കൊണ്ടു പോകാം . ചേച്ചി തല്ക്കാലം ഒരു വാടക വീടെടുക്കട്ടെ

“അത് നടക്കില്ല. എന്റെ കാലശേഷം എന്താന്ന് വെച്ചാ ചെയ്തോളു. ഇത് വിറ്റിട്ട് ഞാൻ എവിടേക്കുമില്ല. നിങ്ങളുടെ അച്ഛനുണ്ടാക്കിയ വീടാ ഇത്. എന്റെ മരണംവരെ എനിക്കീ വീട്ടിൽ കഴിയണം.”

അമ്മയും ശാരിയും കുറെ നേരമായി തർക്കം തുടരുന്നു. വേണി അങ്ങോട്ട് നോക്കാനേ പോയില്ല. എല്ലാം അവളും കേൾക്കുന്നുണ്ടായിരുന്നു.

“അത്രക്കും പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയാണെങ്കിൽ അവന്റെ വീട് വിൽക്കട്ടെ. എന്നിട്ട് നിങ്ങൾ ഇവിടെ വന്നു താമസിച്ചോ.

അമ്മ അവസാന വാക്കെന്നോണം പറഞ്ഞു നിർത്തി.

“അത് ശരിയാവില്ലമ്മേ. ഇതിലും നല്ല വീടല്ലേ അത്. അത് വിറ്റാൽ ശരിയാകില്ല.പിന്നെ അതുമല്ല ശ്രീക്ക് താല്പര്യമില്ല ഇവിടെ വന്നു നിൽക്കാൻ.

“എന്തു തന്നെയായാലും ഇതിപ്പോ വിൽക്കാൻ ഞാൻ സമ്മതിക്കില്ല.”

അമ്മ ഉറപ്പിച്ചു പറഞ്ഞു.

“വേണിയും മോളും തനിച്ച് വാടക വീട്ടിൽ താമസിക്കുന്നതൊന്നും ശരിയാവില്ല.അവള് ജോലിക്കു പോകുമ്പോ ആ കുട്ടി തനിച്ചാകില്ലേ വീട്ടിൽ.

“എന്നാപ്പിന്നെ അമ്മ ചേച്ചിയുടെ കൂടെ നിൽക്ക്.”

“ഓഹോ… അപ്പൊ വീട് വിറ്റ് കിട്ടാനുള്ളതും വാങ്ങി അമ്മയേം ഒഴിവാക്കാം അല്ലെ.? ഇപ്പോ ഇറങ്ങിക്കോ ഇവിടുന്ന്. എന്റെ കാലശേഷം ഇത് നിനക്ക് തന്നെയാ. കൂടുതൽ ഒന്നുമെനിക്ക് പറയാനില്ല.

“ചേച്ചി അമ്മയോടൊന്നു പറ

പോകാനിറങ്ങുമ്പോൾ ശാരി യാചനയുമായി വേണിക്കരുകിലെത്തി.

“ഉം.. ഞാൻ പറയാം.

ഉള്ളിൽ സങ്കടമുണ്ടായിരുന്നെങ്കിലും വേണി അവൾക്ക് വാക്ക് കൊടുത്തു.

അതവൾ അമ്മയ്ക്കുമുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.

“പറയാനുള്ളത് ഞാനവളോട് പറഞ്ഞിട്ടുണ്ട്. ഇനി നീയൊന്നും പറയണ്ട.”

അമ്മയുടേത് മാറ്റമില്ലാത്ത തീരുമാനമാണെന്ന് വേണിക്ക് മനസ്സിലായി.

ശാരി മുഖം വീർപ്പിച്ചു ഇറങ്ങി പോകുകയും ചെയ്തു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം അവൾ കുട്ടികൾക്കും ശ്രീജിത്തിനുമൊപ്പം വീട്ടിലേക്ക് താമസത്തിനെത്തി.

“ഞങ്ങൾ ആ വീട് വാടകക്ക് കൊടുത്തു. അതൊരു വരുമാനമായല്ലോ. കടങ്ങൾ കുറച്ചായി തീർക്കുകയും ചെയ്യാം.

അവൾ ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി.

വേണിയും, ശ്രുതിമോളും ഉപയോഗിച്ചിരുന്ന മുറി അവരുടെ അനുവാദം പോലുമില്ലാതെ അവൾ കൈക്കലാക്കി.

പതിയെപ്പതിയെ അടിച്ചിറക്കപ്പെടുകയാണെന്ന് മനസ്സിലായ വേണി. എപ്പോ വേണമെങ്കിലും ഇറങ്ങി കൊടുക്കാൻ തയ്യാറായി കാത്തിരുന്നു.

തുടരും..