ഭാര്യ
എഴുത്ത്: ദേവാംശി ദേവ
=================
ഇരുപതാമത്തെ വയസ്സിലാണ് ഇരുപത്തെട്ടുകാരൻ രവിയുടെ ഭാര്യയായി ഭാമ ആ വീട്ടിലേക്ക് വരുന്നത്..
ഏതൊരു പെണ്ണിനേയും പോലെ ഭർത്താവിന്റെ സ്നേഹപ്രകടനങ്ങളും അയാളുമൊത്ത് പുറത്തൊക്കെ കറങ്ങാനും ഭർത്താവ് വാങ്ങിത്തരുന്ന കുഞ്ഞ് കുഞ്ഞ് സമ്മനങ്ങളുമൊക്കെ സ്വപ്നം കണ്ട ഭാമക്ക് ആ വീട് മറ്റൊരു ലോകമായാണ് തോന്നിയത്..
ആദ്യരാത്രിയിൽ തന്നെ രവി അവളോട് പറഞ്ഞത് അമ്മയും പെങ്ങളും കഴിഞ്ഞെ തനിക്ക് ആരുമുള്ളു എന്നും അതുകൊണ്ട് നീയും അവരെ സ്നേഹിക്കുകയും അനുസരിക്കുകയും വേണമെന്നാണ്. പെങ്ങളോടുള്ള രവിയുടെ സ്നേഹക്കൂടുതൽ കാരണം പെങ്ങൾ രാധികയും ഭർത്താവും അവിടെ തന്നെയാണ് താമാസം..
ഭാമയോട് രവി അധികം സംസാരിച്ചിരുന്നില്ല..രാവിലെ ജോലിക്ക് പോകും രാത്രിയാണ് തിരികെ വരുന്നത്..ഉറങ്ങും വരെ പെങ്ങൾ രവിയോട് സംസാരിച്ചിരിക്കും…ആഹാരം അമ്മ തന്നെ വിളമ്പി കൊടുക്കണമെന്ന് രവിക്ക് നിർബന്ധമാണ്..റൂമിലേക്ക് വന്നാൽ ഉടനെ തന്നെ അവൻ ഉറങ്ങുകയും ചെയ്യും..ഇടക്കൊക്കെ അവളുടെ ശരീരത്തിൽ അവൻ സ്നേഹം പ്രകടിപ്പിക്കും..അവളോടൊന്ന് സ്നേഹത്തോടെ സംസാരിക്കുകയോ ചേർത്തു പിടിക്കുകയോ അവൻ ചെയ്യാറില്ല..മറ്റ് ദുശ്ശീലങ്ങളൊന്നും ഇല്ലാത്ത രവി ശമ്പളത്തിൽ നിന്ന് അത്യാവശ്യം വേണ്ട കാശ് എടുത്ത ശേഷം മുഴുവൻ അമ്മയുടെ കൈയ്യിൽ കൊടുക്കും..പിന്നെ അതിനെ പറ്റി തിരക്കാറില്ല..
രവി ജോലിക്ക് പോയി കഴിഞ്ഞാൽ ആ വീട്ടിലെ ജോലി മുഴുവൻ ചെയ്യുന്നത് ഭാമയാണ്..മടുത്തപ്പോൾ രവിയോട് തുറന്ന് പറയാൻ തന്നെ ഭാമ തീരുമാനിച്ചു.
“ഈ വീട്ടിലെ ജോലി മുഴുവൻ ഞാൻ ഒറ്റക്കാണ് ചെയ്യുന്നത്..ചേച്ചിയോ അമ്മയോ എന്നെ സഹായിക്കാറില്ല.”
“അതിന് നിനക്ക് എന്തെങ്കിലും ജോലി അറിയുമോ..അമ്മ പറഞ്ഞിരുന്നു നിനക്കൊരു ചായപോലും ഇടാൻ അറിയില്ല..അമ്മയും രാധികയുന്ന കൂടി നിന്നെ എല്ലാം പഠിപ്പിക്കുകയാണെന്ന്..എന്നും ആരും കാണില്ല വെച്ച് വിളമ്പി തരാൻ..എല്ലാം സ്വയം ചെയ്യാൻ പഠിക്കണം..ഇന്നലെ നീ ഉണ്ടാക്കിയ കറിയിൽ എരിവ് കൂടുതലായിരുന്നു..ഇന്ന് ഉപ്പും. കഴിക്കും മുൻപേ അമ്മ എന്നോട് അത് പറഞ്ഞു..കൂട്ടത്തിൽ നിന്നെ വഴക്കു പറയരുത്..നീ പഠിച്ചു വരുന്നതേയുളളു വെന്നും. അങ്ങനെയുള്ള അമ്മയെയാണോ നീ കുറ്റപ്പെടുത്തുന്നത്.” രവിയുടെ ഒച്ച ഉയർന്നപ്പോൾ ഭാമ പേടിയോടെ പുറകിലേക്ക് നീങ്ങി..
രവി കഴിച്ച അതെ ആഹാരം തന്നെയാണ് അവളും കഴിച്ചത്..അതിൽ ഉപ്പോ എരിവോ കൂടുതൽ ആയിരുന്നില്ല..പിന്നെ എങ്ങനെ രവിയുടെ ആഹാരത്തിൽ മാത്രം ഇതൊക്കെ കൂടിയതെന്ന് അവൾക്ക് അറിയില്ലായിരുന്നു.
ഭാമ ഗർഭിണിയായപ്പോൾ രവിയുടെ അമ്മക്കും പെങ്ങൾക്കും അവളോടുള്ള ദേഷ്യം കൂടി..വിവാഹം കഴിഞ്ഞ് വർഷങ്ങൾ ആയിട്ടും രാധികക്ക് കുഞ്ഞുങ്ങൾ ആയില്ല എന്നതായിരുന്നു കാര്യം…
രവിയുള്ളപ്പോൾ അവർ അവളോട് വളരെ സ്നേഹത്തിൽ പെരുമാറി..അല്ലാത്തപ്പോൾ ഓരോ ജോലികളായി കൊടുത്ത് അവളോടുളള ദേഷ്യം തീർത്തുകൊണ്ടിരുന്നു..കുഞ്ഞ് ജനിച്ചപ്പോഴും അതുപോലെ തന്നെയായിരുന്നു. രവിയുള്ളപ്പോൾ കുഞ്ഞിനെയവർ താഴത്ത് വെയിക്കില്ല..അല്ലാത്തപ്പോൾ കുഞ്ഞ് കരഞ്ഞാൽ പോലും തിരിഞ്ഞു നോക്കില്ല..രവിയോട് കാര്യങ്ങൾ പറയാൻ ഭാമക്ക് പേടിയായിരുന്നു..പറഞ്ഞാലും അവൻ വിശ്വസിക്കില്ല..
ഒരു ദിവസം ജോലി കഴിഞ്ഞ് വരുന്ന വഴിയിൽ രവിയുടെ ബൈക്ക് ആക്സിഡന്റ് ആയി..നട്ടെല്ലിന് പരിക്കേറ്റ് അവൻ കിടപ്പിലായി..ആദ്യം കുറച്ചു ദിവസം ആശുപത്രിയിൽ വന്ന അമ്മയെയും രാധികയെയും പിന്നെ കണ്ടില്ല..കുഞ്ഞിനെ സ്വന്തം വീട്ടിൽ ഏൽപ്പിച്ച് ഭാമ അവനോടൊപ്പം ഹോസ്പിറ്റലിൽ നിന്നു..
വീട്ടിലേക്ക് വന്ന് ശേഷവും അമ്മയുടെയും പെങ്ങളുടെയും പഴയ സ്നേഹമൊന്നും രവിക്ക് കാണാൻ കഴിഞ്ഞില്ല..രവി കിടപ്പിലായതോടെ രാധികയുടെ ഭർത്താവായിരുന്നു വീട്ടു ചിലവുകൾ നോക്കി ഇരുന്നത്..ആഹാരത്തിന് പോലും കണക്കുകൾ ഉയർന്നു..പലപ്പോഴും ഭാമ പട്ടിണിയിൽ ആയി..
എല്ലാ മാസവും രവിയെ ഹോസ്പിറ്റലിൽ ചെക്കപ്പിന് കൊണ്ട് പോകണം..കിടപ്പിൽ ആയതിനാൽ ആംബുലൻസ് വിളിച്ചാണ് പോകുന്നത്..
“എന്തിനാ എല്ലാ മാസവും ഇങ്ങനെ കൊണ്ട് പോകുന്നത്…” രാധിക ദേഷ്യത്തോടെ ചോദിച്ചു..
“ചെക്കപ്പ് നടത്തണ്ടേ ചേച്ചി..”
“ചെക്കപ്പ് നടത്തിയാൽ പിന്നെ എഴുന്നേറ്റ് നടക്കാനല്ലെ പോകുന്നത്..നട്ടെല്ല് തകർന്നവരാരും എഴുന്നേറ്റ് നടന്ന ചരിത്രം ഇല്ല..മാസാമാസം ഇങ്ങനെ പോകാൻ ഇവിടെ കാശൊന്നും ഇല്ല.”
രവിക്കുവേണ്ടി ഇതുവരെ അമ്മയോ രാധികയോ ഒരു രൂപ പോലും കൊടുത്തിട്ടില്ല..ഭാമായുടെ സ്വർണാഭരണങ്ങൾ വിറ്റാണ് ഇതുവരെ അവൾ അവനെ ചികിത്സിപ്പിച്ചത്..കൈയ്യിലെ കാശ് മുഴുവൻ തീർന്നപ്പോഴാണ് രാധികയോട് ചോദിച്ചത്..
ഭാമ അടുത്ത വീട്ടിൽ നിന്ന് കടം വാങ്ങി രവിയെ ഹോസ്പിറ്റലിൽ കൊണ്ടുപോയി..
“കാശ് എവിടുന്നാ..” രവി ചോദിച്ചു..
“രാധിക ചേച്ചി തന്നതാ..” അവളുടെ മറുപടി കള്ളമാണെന്ന് ഭാമയുടെയും രാധികയുടെയും സംസാരം കേട്ട രവിക്ക് അറിയാമായിരുന്നു.
“നാളെ മുതൽ ഞാൻ ജോലിക്ക് പോകും കേട്ടോ..” രണ്ട് ദിവസങ്ങൾക്ക് ശേഷം ഒരു ദിവസം ഭാമ രവിയോട് പറഞ്ഞു..
“എന്ത് ജോലിയാ..”
“വീട്ടുജോലിയാ..അതാകുമ്പോൾ നല്ല ശമ്പളവും കിട്ടും..നേരത്തെ വീട്ടിലും വരാം. മോളെ അങ്കൻവാടിയിൽ വിടാം” രവിയുടെ കണ്ണുകൾ നിറഞ്ഞത് ഭാമ തുടച്ചു കൊടുത്തു..
പിറ്റേന്നുമുതൽ ഭാമ ജോലിക്ക് പോയി തുടങ്ങി..ആരുടെയും മുന്നിൽ കൈ നീട്ടാതെ ഭാമ രവിയുടെ കാര്യങ്ങളൊക്കെ നോക്കി..
യാദിർശ്ചികമായാണ് ഭാമ ജോലി ചെയ്യുന്ന വീട്ടിൽ അവരുടെയൊരു കുടുംബ സുഹൃത്ത് ആയുർവേദ ഡോക്ടർ വന്നത്..രവിയുടെ അവസ്ഥയൊക്കെ അറിഞ്ഞപ്പോൾ അവനെ പഴയത് പോലെ ആക്കാമെന്ന് അയാൾ വാക്ക് കൊടുത്തു..പക്ഷെ അവനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യണം..കൂടെ നിൽക്കാൻ ആൾ വേണം..പണം വേണം..
എന്ത് ചെയ്യുമെന്ന് അറിയാതെ അവൾ വിഷമിച്ചു..
“ഒരു കാര്യം ചെയ്യാം..ഞാൻ ഭാമക്ക് ഹോസ്പിറ്റലിൽ ഒരു ജോലി ശരിയാക്കി തരാം..അതാകുമ്പോൾ രവിയുടെ കൂടെ നിൽക്കുകയും ചെയ്യാം കാശിന്റെ കാര്യത്തിൽ പേടിക്കുകയും വേണ്ട..” ഡോക്ടർ പറഞ്ഞപ്പോൾ അവൾ നന്ദിയോടെ കൈകൾ കൂപ്പി…
ദിവസങ്ങൾക്കുള്ളിൽ തന്നെ ഭാമ ഹോസ്പിറ്റലിൽ ക്ലീനിങ് ജോലിക്ക് കയറി..രവിയെ അഡ്മിറ്റ് ചെയ്തു. കുഞ്ഞിനെ ഭാമയുടെ വീട്ടുകാർ കൊണ്ടുപോയി..
മാസങ്ങൾ കഴിഞ്ഞുപോയി..രവി പതിയെ പഴയ നിലയിലേക്ക് തിരികെ വന്നു..നടന്ന് തുടങ്ങി..
ഇതിനിടയിൽ ഒരിക്കൽ പോലും അമ്മയോ രാധികയോ അവനെ അന്വേഷിച്ച് വന്നില്ല..
ഒരു ദിവസം വൈകുന്നേരം കുഞ്ഞിനെയുമെടുത്ത് ഭാമയുടെ കൈയ്യും പിടിച്ച് വീട്ടിലേക്ക് വന്നുകയറുന്ന രവിയെ അമ്മയും രാധികയും അത്ഭുതത്തോടെ നോക്കി..
“ഏട്ടാ..
മോനെ…”
രണ്ടുപേരും അവന്റെ അടുത്തേക്ക് ഓടി വന്നെങ്കിലും അവൻ മൈൻഡ് ചെയ്യാതെ ഭാമയെയും കുഞ്ഞിനേയും കൂട്ടി റൂമിൽ കയറി കതകടച്ചു..
പിറ്റേ ദിവസം മുതൽ രവിയും ഭാമയും ജോലിക്ക് പോയി തുടങ്ങി..മോളെ ഡേ കെയറിലാക്കി..രവി ശമ്പളം ഭാമയെ ഏൽപ്പിച്ചു..ആ വീട്ടിൽ പുതിയൊരു അടുക്കളയുണ്ടായി..രവിയുടെ മുറിയിൽ നിന്ന് പൊട്ടിച്ചിരികൾ കേട്ടു തുടങ്ങി…എപ്പോഴും മങ്ങി നിന്ന ഭാമയുടെ മുഖം പൂർണചന്ദ്രനെ പോലെ ശോഭിച്ചു..
“ഞാൻ ഈ വീട് വിൽക്കാൻ തീരുമാനിച്ചു..ഞായറാഴ്ചയാണ് എഗ്രിമെന്റ്..” രവി പറയുന്നത് കേട്ട് അമ്മയും രാധികയും ഞെട്ടി..
“വീട് വിൽക്കാനോ..ഈ വീടും സ്ഥലവും നീ ഇവൾക്ക് കൊടുക്കാമെന്ന് പറഞ്ഞതല്ലേ..” ദേഷ്യത്തോടെ അമ്മ ചോദിച്ചു..
“അതെ അങ്ങനെ തന്നെയാ കരുതിയത്. പക്ഷെ അത് വേണ്ടെന്ന് വെച്ചു..ഞാനൊന്ന് വീണുപോയപ്പോൾ നിങ്ങളുടെയൊക്കെ ശരിക്കുള്ള മുഖം ഞാൻ കണ്ടതാ…ഇനി ഞാനെങ്ങാനും മരിച്ചുപോയാൽ എന്റെ ഭാര്യയെയും കുഞ്ഞിനേയും നിങ്ങൾ കൊ* ല്ലാനും മടിക്കില്ല..അതുകൊണ്ട് ഞാൻ അധ്വാനിച്ചുണ്ടാക്കിയത് എന്റെ ഭാര്യയും കുഞ്ഞും അനുഭവിച്ചാൽ മതി.
ഈ വീട് വിറ്റ് ടൗണിൽ ഞാനൊരു വീട് വാങ്ങാൻ പോകുവാ..അത് ഭാമയുടെ പേരിൽ ആയിരിക്കും..ടൗണിൽ ആകുമ്പോൾ എനിക്കും ഭാമക്കും ജോലിക്ക് പോകാനും ബുദ്ധിമുട്ട് ഉണ്ടാകില്ല..”
“ഭാര്യയെ ജോലിക്ക് വിടാൻ നിനക്ക് നാണംം ഇല്ലേടാ..” അമ്മയുടെ ചോദ്യം കേട്ട് രവി പുച്ഛത്തോടെ അവരെ നോക്കി..
“അവൾക്ക് ജോലിയുള്ളതുകൊണ്ടാണ് ഞാനിന്ന് എഴുന്നേറ്റ് നിൽക്കുന്നത്..ഇല്ലെങ്കിൽ മരണം വരെ ഒരേകിടപ്പ് കിടന്നേനെ…അതുകൊണ്ട് ഇനിമുതൽ അവൾ ജോലിക്കും പോകും പഠിക്കുകയും ചെയ്യും.”
“ഏട്ടാ..” രാധിക വിളിച്ചതും രവി കൈ എടുത്ത് തടഞ്ഞു..
ഞായറാഴ്ചയാണ് എഗ്രിമെന്റ്..അതിന് മുൻപ് എല്ലാവരും ഇറങ്ങി തരണം..” താക്കീത് പോലെ പറഞ്ഞിട്ട് ഭാമയേയും കുഞ്ഞിനേയും കൂട്ടി അവൻ റൂമിലേക്ക് നടന്നു..