എന്റെ കള്ള ചിരി നിറച്ച സംസാരം കേട്ടപ്പോൾ ഏട്ടന്റെ കണ്ണിലൊരു കുസൃതിച്ചിരി പടർന്നു…

ദാമ്പത്യം…

എഴുത്ത്: ഭാവനാ ബാബു

=================

“അപ്പൊ സെ-ക്സ് മോഹിച്ചാണ് സ്നേഹ ചേച്ചി മൂന്നാമതും കെട്ടിയതെന്നാണോ ദേവേട്ടനീ പറഞ്ഞു വരുന്നത്…..”

എന്റെ ചോദ്യത്തിനുത്തരമായി ദേവേട്ടൻ ഒന്നൂറി ചിരിക്കുകയാണ് ചെയ്തത്…

“പിന്നല്ലാതെ, അവർക്കിത് എന്തിന്റെ കേടാണ്?അതും ഈ അമ്പതാമത്തെ വയസ്സിൽ.സാധാരണ ഈ പ്രായത്തിൽ പെണ്ണുങ്ങളൊക്കെ വല്ല അമ്പലത്തിലും പോയി ഭജന ഇരിക്കുകയാണ് പതിവ്.അപ്പോഴാണ് അവരുടെയൊരു ഒടുക്കത്തെ ആർത്തി”

സ്ത്രീകളെ താഴ്ത്തികെട്ടിയുള്ള ദേവേട്ടന്റെ സംസാരം എനിക്കെന്തോ തീരെ പിടിച്ചില്ല..

“നിങ്ങൾ ആണുങ്ങൾക്ക് എപ്പോ വേണേലും കെട്ടാം ല്ലേ?… കഴിഞ്ഞാഴ്ചയല്ലേ അമ്പത്തിയഞ്ചുകാരനായ നിങ്ങളുടെ ഓഫീസിലെ സണ്ണിയുടെ രണ്ടാം കെട്ട് കഴിഞ്ഞത്. പിന്നെ ഏകദേശം ഇതേ പ്രായമുള്ള സുഭാഷ് സാർ ഭാര്യ ഉണ്ടായിട്ടും വേറെ ഒരുത്തിയുമായി ലിവിങ് ടുഗെതറിൽ കഴിയുന്നു.അതിനൊന്നും ഒരു കുഴപ്പവുമില്ല.അല്ലെ?”

“അതു കൊണ്ട് ദേവേട്ടാ ഇമ്മാതിരി ചൊറിയുന്ന വർത്തമാനവും കൊണ്ട് എന്റെയടുത്തേക്ക് വരരുത് കേട്ടല്ലോ.”

ഞാൻ ഒരു പോരിനുള്ള പുറപ്പാടെന്നറിഞ്ഞതും ദേവേട്ടൻ മെല്ലെ ശബ്ദം താഴ്ത്തി.

“അതെ, ഞാൻ കുളിച്ചിട്ട് വരാം…അപ്പോഴേക്കും എനിക്കെന്തേലും കഴിക്കാൻ എടുത്തു വയ്ക്ക്..”

അതും പറഞ്ഞു പുള്ളിക്കാരൻ തിരിഞ്ഞു നോക്കാതെ ബാത്‌റൂമിലേക്ക് ഒറ്റ പോക്ക്.

അല്ലെങ്കിലും എന്നെ സംസാരിച്ചു തോൽപ്പിക്കാൻ ദേവേട്ടന് കഴിയില്ലെന്ന് എനിക്ക് മുൻപേ അറിയാം.

ഒരു പോരിൽ ജയിച്ച ഭാവത്തോടെ ഞാൻ കിച്ചനിലേക്ക് പോയെങ്കിലും മനസ്സിൽ നിറയെ സ്നേഹച്ചി മാത്രമായിരുന്നു.പിന്നെ ദേവേട്ടന്റെ വാക്കുകളും.

കുറച്ചു ഇരുണ്ടിട്ട് ആണെങ്കിലും സ്നേഹ ചേ ച്ചിയെ കാണാൻ നല്ല ഐശ്വര്യമാണ് . ഞാനത് പലപ്പോഴും ചേച്ചിയോട് പറഞ്ഞിട്ടുമുണ്ട്…. സാരിയൊക്കെ ഉടുത്തു വരുമ്പോൾ ഞാനെന്റെ ചില സജ്ജെഷൻ ഒക്കെ ചേച്ചിയോട് പറയും…. അപ്പൊ ചേച്ചീടെ വിചാരം എനിക്ക് ഭയങ്കര ഡ്രസ്സ്‌ കോൺഷ്യസ് ആണെന്നാണ്. നിറത്തിലോ രൂപത്തിലോ ഒന്നും ഒരു കാര്യവുമില്ലെന്നും, എവിടെ പോകുമ്പോഴും ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടെങ്കിൽ എല്ലാവർക്കും ഭംഗി തോന്നുമെന്നും എനിക്ക് കാണിച്ചു തന്നത് ചേച്ചിയാണ്.

ഓരോന്നോർത്ത് നേരം പോയത് ഞാനറിഞ്ഞില്ല…. സമയം ഇപ്പോൾ ഏഴര ആയിരിക്കുന്നു

ദേവേട്ടന് ഇഷ്ടപ്പെട്ട കൊഞ്ച് തീയലും,, സാമ്പാറുമാണ് ഞാൻ അത്താഴത്തിനായി ഒരുക്കിവച്ചത് , ഇഷ്ടവിഭവം കഴിക്കുമ്പോഴും ആ മുഖം കടന്നൽ കുത്തിയപോലെയായിരുന്നു ഇരുന്നത്.

ഈ മനുഷ്യൻ ഇങ്ങനെ മുഖം വീർപ്പിച്ചു നടന്നാൽ നാളത്തെ അമ്പലത്തിലേക്കുള്ള പോക്ക് മുടങ്ങിയത് തന്നെ.എങ്ങനേലും സോപ്പിട്ടെടുക്കണം.എന്ത് പറഞ്ഞാലാണ് ആ മോന്ത ഒന്ന് വെളുക്കുക? അതായിരുന്നു അപ്പൊഴെന്റെ ചിന്ത.

“ഏട്ടാ, കൊഞ്ച് തീയൽ എങ്ങനെ ഉണ്ട് ഇഷ്ടായോ?”

സോപ്പിടലിന്റെ ആദ്യ പടിയെന്നോണം ഞാൻ ചോദിച്ചു. മുഖത്തെ എക്സ്പ്രെഷന് എന്തേലും മാറ്റമുണ്ടോ എന്നറിയാൻ ദേവേട്ടനെ ഞാൻ ഇടം കണ്ണിട്ട് നോക്കി….

“കുഴപ്പമില്ല… എരിവ് ഇച്ചിരി കുറയ്ക്കായിരുന്നു..” ആ നീ കുറച്ചു ചോറ് ഇങ്ങോട്ട് വിളമ്പിക്കെ”…

ദേവേട്ടന്റെ ആ സംസാരത്തിൽ നിന്ന് ഇത് ചുമ്മാ മസിൽ പിടുത്തമാണെന്നും ആൾക്ക് അത്ര ദേഷ്യമൊന്നുമില്ലെന്നും എനിക്ക് മനസ്സിലായി….

“ഏട്ടാ നാളെ അമ്പലത്തിൽ പോയി തിരികെ വരുമ്പോൾ എന്നെ സ്നേഹെച്ചിയുടെ വീട്ടിലൊന്ന് ഡ്രോപ്പ് ചെയ്യാമോ?”

എന്റെ ആ ചോദ്യം ദേവേട്ടനൊട്ടും ഇഷ്ടമായില്ല

“മൂന്നാല് ദിവസം മുന്നേ കല്യാണം കഴിഞ്ഞ അവരെ ശല്യപ്പെടുത്താനായിട്ട് നീയെന്തിനാ ഇപ്പോ അങ്ങോട്ടേക്ക് പോകുന്നത്… അതുമല്ല എനിക്ക് അവിടെ നിന്നേം കാത്ത് കെട്ടി നിൽക്കാനൊന്നും പറ്റില്ല….”

ദേവേട്ടൻ ഓരോ ഒഴിവ് കഴിവ് പറയുകയാണെന്ന് എനിക്ക് അപ്പോൾ മനസ്സിലായി.

“ഉം… ശരി ഇനി ഇതിന്റെ പേരിൽ തല്ല് കൂടി നല്ലൊരു രാത്രി നമ്മളില്ലാതെ ആക്കേണ്ട… എന്നെ ചേച്ചിയുടെ വീട്ടിൽ ഡ്രോപ്പ് ചെയ്തു ഏട്ടൻ പൊയ്ക്കോ…ഞാനൊരു റിക്ഷ പിടിച്ചു തിരിച്ചു വന്നോളാം.ഓക്കേ….”?

എന്നാലും നിനക്ക് പോകാതിരിക്കാൻ പറ്റില്ല ല്ലേ…. എന്തൊരു വാശിയാണ് ആര്യേ നിനക്ക്…

“കുറച്ചു മുന്നേ ഞാൻ പറഞ്ഞതാണേ അടിപിടി കൂടി നല്ലൊരു രാത്രി ഇല്ലാതെ ആക്കേണ്ടെന്ന്…”

എന്റെ കള്ള ചിരി നിറച്ച സംസാരം കേട്ടപ്പോൾ ഏട്ടന്റെ കണ്ണിലൊരു കുസൃതിച്ചിരി പടർന്നു……

ഓഹോ…അങ്ങനെ ആണേൽ വാ പെണ്ണെ…. ഇനി വച്ചു താമസിപ്പിക്കേണ്ട…. പുറത്തു കോരിച്ചൊരിയുന്ന മഴയും പിന്നെ നല്ല തണുപ്പും….

ദേവേട്ടന്റെ ആ കൊതി പൂണ്ട നിൽപ്പ് കണ്ടപ്പോ എനിക്ക് ചിരിയാണ് വന്നത്.ഇത്രേയുള്ളൂ ഈ മനുഷ്യൻ!

ആ രാത്രിയിൽ പ്രണയത്തിന്റെ വേലിയേറ്റത്തിൽ ഞങ്ങളുടെ കുഞ്ഞു കുഞ്ഞു പിണക്കങ്ങളെല്ലാം എവിടെയോ പോ യൊളിച്ചു. പ്രണയാലസ്യത്തിനൊടുവിൽ ഏട്ടന്റെ നെഞ്ചോട് പറ്റി ചേർന്ന് ഞാനും ഉറങ്ങി……

പുലർച്ചെ അമ്പലത്തിൽ പോയി തിരികെ വന്നപ്പോൾ ഏട്ടനെന്നെ ചേച്ചിയുടെ വീടിന് മുന്നിൽ ഡ്രോപ്പ് ചെയ്തു…. എത്ര നിർബന്ധിച്ചിട്ടും ഏട്ടൻ ചേച്ചിയെ കാണാൻ കൂട്ടാക്കിയില്ല

“ഇപ്പോ തന്നെ നേരം വൈകി ആര്യേ.ഇനിയും നിന്നോട് കിന്നാരം പറഞ്ഞു നിന്നാൽ ഹാഫ് ഡേ ലീവ് അടിച്ചു കൈയിൽ തരും . നീ ചേച്ചിയെ കണ്ട് എപ്പോഴാണെന്ന് വച്ചാൽ വീട്ടിലേക്ക് പൊക്കോ “

ഇതിപ്പോ കുശുമ്പാണോ, ദേഷ്യമാണോ ആ വാക്കുകളിലെന്ന് എനിക്ക് തിരിച്ചറിയാൻ പറ്റിയില്ല…

മെല്ലെ തലയാട്ടി,ഞാൻ ചേച്ചിയുടെ വീടിനുള്ളിലേക്ക് നടന്നു…

അവിടെ ചേച്ചിയുടെ ഭർത്താവ് ഉണ്ടെന്ന ഓർമ്മയിൽ എന്റെ നടത്തം ഹാളിനപ്പുറം പോയില്ല

ഒന്ന് രണ്ടു പ്രാവശ്യം ചേച്ചിയുടെ പേരുറക്കെ വിളിച്ചിട്ടും ആരും വന്നില്ല….അപ്പോഴാണ് കോ ളിംഗ് ബെൽ ഉണ്ടല്ലോ എന്നോർത്തത്… തിരിഞ്ഞ് നടന്ന് സിറ്റ് ഔട്ടിലെത്തി കോളിങ് ബെൽ അമർത്തി.

“ആരാത് എന്ന് ചോദിച്ചും കൊണ്ട് സ്നേഹ ചേച്ചി സ്റ്റെയർ കേസ് ഇറങ്ങി വന്നു….

എന്നെ കണ്ടതും വല്ലാത്തൊരു സന്തോഷവും ഒപ്പം ആശ്ചര്യ ഭാവവും ആ മുഖത്ത് വിടർന്നു.

ആര്യയോ.. എന്താ പെണ്ണെ പതിവില്ലാത്തൊരു ഫോർമാലിറ്റിയൊക്കെ…ദേവനില്ലേ നിന്റെയൊപ്പം?

ചേച്ചിയുടെ ഉന്മേഷമമില്ലാത്ത മുഖം കണ്ടതും എനിക്കാകെ സങ്കടമായി ചേച്ചി ആകെ ക്ഷീണിച്ചിരിക്കുന്നു.ആ വാക്കുകളിലും പതിവില്ലാത്ത ഒരു ഇടർച്ചയുള്ളത് പോലെ

“ചേച്ചിക്ക് എന്ത് പറ്റി സുഖമില്ലേ… ആകെ വല്ലാതെ ആയിട്ടുണ്ടല്ലോ…..

എന്റെ ചോദ്യം ചേച്ചി ചിരിച്ചു കൊണ്ട് അവഗണിക്കുകയാണ് ചെയ്തത്….

നീ വന്ന കാലിൽ നിൽക്കാതെ ഇരിക്ക് പെണ്ണെ..

ചുറ്റിലുമൊന്ന് കണ്ണോടിച്ചു ഞാൻ സോഫയിലേക്ക് ചേച്ചിയുടെ അഭിമുഖ മായി ഇരുന്നു….

ചേച്ചിയുടെ ഹസ്ബൻഡ് ഇവിടെയില്ലേ? സുഭാഷേട്ടൻ….. പുള്ളിയെ കണ്ടില്ല.

ഒരൽപ്പം മടിയോടെയായിരുന്നു എന്റെ ചോദ്യം….

“സുഭാഷോ…. അദ്ദേഹം ഇവിടെയില്ല ആര്യേ .. ജിമ്മിൽ പോയിരിക്കുകയാണ്….സൂര്യൻ പടിഞ്ഞാറ് ഉദിച്ചാലും ആ പതിവ് അദ്ദേഹം മുടക്കില്ല.

ഓ ആള് വലിയ ഹെൽത്ത്‌ കോൺഷ്യസ് ആണെന്ന് തോനുന്നു. ഞാൻ മനസ്സിൽ പറഞ്ഞു…

എന്നാലും ആര്യയെ ഞാൻ മാര്യേജിന് പ്രതീക്ഷിച്ചിരുന്നു . കോർട്ടിൽ വേറെ ആരും ഞങ്ങളുടെ സൈഡിൽ നിന്നും ഉണ്ടായിരുന്നില്ല….

ഞങ്ങളെ ചേച്ചി പ്രതീക്ഷിച്ചിരുന്നതായി അപ്പോഴെനിക്ക് മനസ്സിലായി .. ഞങ്ങൾ വരാത്തതിന്റെ സങ്കടവും ആ വാക്കുകളിൽ നിഴലിച്ചിരുന്നു.

“സോറി ചേച്ചി ദേവേട്ടൻ എറണാകുളത്തത് പോയിരുന്നു…. ഒറ്റയ്ക്ക് ആയത് കൊണ്ട് ഞാനെന്റെ വീട്ടിലേക്കൊന്ന് പോയി…. അതാണ് ഞങ്ങൾക്ക് വരാൻ പറ്റാത്തത്.

ആ കള്ളം ചേച്ചി വിശ്വസിച്ചെന്ന് എനിക്ക് മനസ്സിലായി…. പിന്നെ അതിനെപ്പറ്റിയൊന്നും ചേച്ചി സംസാരിച്ചില്ല….

സത്യത്തിൽ ചേച്ചി ഇനിയൊരു വിവാഹ കഴിക്കില്ലെന്നല്ലേ പറഞ്ഞത്… അപ്പോൾ വെഡിങ് കാർഡ് കിട്ടിയപ്പോൾ ഞാൻ ശരിക്കും ഞെട്ടി.അതെന്താ ചേച്ചി പെട്ടെന്ന് ഇങ്ങനയൊരു തീരുമാനം.

ചേച്ചി പകർന്നു തന്ന ചൂട് ചായ ഊതി കുടിക്കുന്നതിനിടെയായിരുന്നു എന്റെ ചോദ്യം

“നീ പറഞ്ഞത് സത്യമാണ് ആര്യ…. എന്റെ രണ്ടു വിവാഹങ്ങളും ഫ്ലോപ്പ് ആയിരുന്നു.. ആദ്യ വിവാഹം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞപ്പോഴാണ് അമ്മയാകാൻ കഴിയില്ലെന്ന നടുക്കുന്ന സത്യമെനിക്ക് മനസ്സിലായത്…. അതോടെ ആ മനുഷ്യനെ ഞാനാ ബന്ധത്തിൽ നിന്നും മുക്തനാക്കി.ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയാത്തത് അത്ര വലിയ കാര്യമായി എനിക്ക് തോന്നിയില്ലെങ്കിലും അയാൾക്ക് അങ്ങനെയൊരു ആഗ്രഹമുള്ളതായി എനിക്ക് മനസ്സിലായി…..

പിന്നെ എന്റെ പണം മോഹിച്ചു വന്ന ജോൺസൺ എന്നായാളായിരുന്നു എന്റെ രണ്ടാമത്തെ പങ്കാളി അയാൾക്ക് എന്നെ വേണ്ട, എന്റെ ബാങ്ക് ബാലൻസ് മാത്രം മതി. ഒക്കെ എടുത്തോട്ടെ പകരം എന്നെ ഒന്ന് സ്നേഹിച്ചിരുന്നെങ്കിൽ, എന്റെ സങ്കടങ്ങൾ കേൾക്കാൻ മനസ്സ് കാണിച്ചിരുന്നെങ്കിൽ.പക്ഷെ നിർഭാഗ്യകരം, ഞാൻ പ്രതീക്ഷിച്ച പോലെ ഒന്നും ഉണ്ടായില്ല. അങ്ങനെ വേദനയോടെ ആ ബന്ധവും വേർപെട്ടു.

ഈ രണ്ടു വേർപിരിയലുകളും എനിക്ക് സമ്മാനിച്ചത് ആഴത്തിലുള്ള മുറിവുകളാണ്…. ഉറക്കമില്ലാത്ത രാത്രികൾ എന്നെയൊടുവിൽ ഡിപ്രെഷനിൽ എത്തിച്ചു. ഗുളികകൾ ഇല്ലാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയിലായി ഞാൻ.ഒടുവിൽ അതെന്നെ വലിയൊരു രോഗത്തിലെത്തിച്ചു

ആ വിരസതയുടെയും വേദനയുടെയും ഇടയിലാണ് ഞാൻ സുഭാഷിനെ കണ്ടു മുട്ടുന്നത്..എന്റെ നൊമ്പരങ്ങളെല്ലാം ക്ഷമ യോടെ കേട്ടിരിക്കാൻ മനസ്സ് കാണിച്ചത് കൊണ്ടാകും സുഭാഷിനോട് ഞാനെല്ലാം തുറന്നു പറഞ്ഞത്. എന്നെ മറ്റാരേക്കാളും മനസ്സിലാക്കാൻ അയാൾക്ക് കഴിഞ്ഞു എന്നതാണ് എന്റെ ഭാഗ്യം.

ട്രീറ്റ്മെന്റ് മുടക്കമില്ലാതെ നടന്നു കൊണ്ടേയിരുന്നു.. ഞങ്ങളുടെ സുഹൃത്ത് ബന്ധത്തിന് ദിവസങ്ങൾ കഴിയുന്തോറും ആഴം കൂടി.സുഭാഷിന്റെ ഭാര്യ വർഷങ്ങൾക്ക് മുന്നേ ഒരു ആക്സിഡന്റിൽ മരിച്ചു പോയതാണ്. അപ്പോൾ അവർ ഗർഭിണിയായിരുന്നു. കുഞ്ഞിനേയും ഭാര്യയെയും നഷ്ടപ്പെട്ട ഷോക്ക് കാരണം എന്നെപോലെ സുഭാഷും മറ്റൊരു വിവാഹം വേണ്ടെന്ന് ഇരിക്കുകയായിരുന്നു. പക്ഷെ ഈശ്വരൻ ഞങ്ങളെ ചേർത്തു വച്ചു

ചേച്ചിയുടെ സങ്കടം ഞാൻ നിശബ്ദയായി കേ ട്ടിരുന്നു

അല്ല ചേച്ചിക്ക് എന്താണ് അസുഖം….? ഒരൽപ്പം ആശങ്കയോടെ ഞാൻ ചോദിച്ചു.

അത് കേട്ടതും ഹാളിലെ ഷെൽഫിലിരുന്ന ഒരു റെഡ് ഫയൽ ചേച്ചി എന്റെ നേരെ നീട്ടി.

ഹോസ്പിറ്റൽ ടെസ്റ്റുകളുടെ റിപ്പോർട്ട്‌ ആയിരുന്നു അതൊക്കെയെന്ന് വായിച്ചപ്പോൾ എനിക്ക് മനസ്സിലായി.

ഓരോന്നും നോക്കി നോക്കി വന്നപ്പോഴാണ് നടുക്കുന്ന ആ സത്യം ഞാനറിഞ്ഞത്.ചേച്ചിയുടെ രോഗം നിസ്സാരമല്ല . യൂട്രെസ് ക്യാ-ൻസർ…. അതും സെക്കന്റ്‌ സ്റ്റേജിൽ…..

ചേച്ചി…. ഈ അസുഖം വച്ചിട്ടാണോ ഇങ്ങനെ ചിരിച്ച മുഖവുമായി എന്റെ മുന്നിലിങ്ങനെ സന്തോഷത്തോടെ ഇരിക്കുന്നത്.

ആശ്ചര്യത്തോടെ ഞാൻ ചേച്ചിയോട് ചോദിച്ചു….. ഇടക്കെപ്പോഴോ സങ്കടം കൊണ്ട് എന്റെ കണ്ണൊന്നു നിറഞ്ഞു.

“സ്നേഹ, താൻ ബ്രെക്ക് ഫാസ്റ്റ് കഴിച്ചോ” എന്ന് ചോദിച്ചും കൊണ്ട് അപ്പോഴാണൊരാൾ ഞങ്ങൾക്കിടയിലേക്ക് കടന്ന് വന്നത്…..

“കഴിച്ചു സുഭാഷ്, അതിന് ശേഷമുള്ള മെഡിസിനും കഴിച്ചു.”

ആ പേര് കേട്ടപ്പോഴാണ് എനിക്ക് ആളെ പിടികിട്ടിയത്…. അപ്പോഴാണ് ഞാൻ അയാളെ ആകെയൊന്ന് ശ്രദ്ധിച്ചത്.

നല്ല ആരോഗ്യമുള്ള ഒരു മനുഷ്യൻ. വയസ്സ് അമ്പത് കഴിഞ്ഞെങ്കിലും കാഴ്ച്ചയ്ക്ക് അത്ര തോന്നില്ല .ചേച്ചിക്ക് അയാൾ നന്നായി ചേരുമെന്ന് ഒറ്റ നോട്ടത്തിലെനിക്ക് മനസ്സിലായി.

അയാളും ചേച്ചിയുമായുള്ള സംസാരമാണ് ഞാനപ്പോൾ നോക്കിയിരുന്നത് ചേച്ചിയോടുള്ള അയാളുടെ സ്നേഹം, കരുതൽ ഒക്കെ ആ നോട്ടത്തിലും സ്പർ ശത്തിലുമുണ്ടെന്നെനിക്ക് മനസ്സിലായി.

സത്യത്തിൽ പ്രായത്തിനും അതീതമായൊരു അനുരാഗം ഞാനവിടെ കണ്ടു.

“അയ്യോ ആര്യേ, ഏട്ടനെ ഞാൻ നിനക്ക് പരിചപ്പെടുത്താൻ മറന്നു .. ഇതാണ് കഥാ നായകൻ സുഭാഷ്.ഒരു യോഗ സെന്ററിൽ വച്ചാണ് ഞങ്ങൾ പരസ്പരം കണ്ടുമുട്ടുന്നത്. ആദ്യം സുഹൃത്ത് ഒടുവിൽ “

“സ്നേഹം മൂത്ത് തന്നെ ഞാനെന്റെ ആത്മാവിന്റെ പാതിയാക്കി, എന്താ സത്യമല്ലേ ?”ഇടയിൽ കേറി സുഭാഷേട്ടൻ ആ വാചകം മുഴുമിപ്പിച്ചു..

ഒരു അനിയത്തിയോടുള്ള കരുതലോടെയാണ് അയാളെന്നോട് സംസാരിച്ചത്. ഇടയ്ക്കിടെ അയാൾ ചേച്ചിയെ നോക്കുന്നുണ്ടായിരുന്നു. ക്ഷീണിച്ചു തുടങ്ങിയെന്നറിഞ്ഞപ്പോൾ അയാൾ ചേച്ചിയെ സ്വന്തം ചുമലിലേക്ക് ചായ്ച്ചു കിടത്തി.

കുറച്ചു നേരം അവിടെയിരുന്നു ചേച്ചിയോടും ഏട്ടനോടും യാത്ര പറഞ്ഞു തിരികെ പോകാൻ നേരം സ്നേഹേച്ചിയെ ഞാൻ കെട്ടിപ്പിടിച്ചു….

“ചേച്ചി എനിക്ക് ഒത്തിരി സന്തോഷമായി…സുഭാഷേട്ടൻ ഒരു നിഴലുപോലെ എന്നും ചേച്ചിക്ക് ഒപ്പമുണ്ടാകും ആ കണ്ണുകളിൽ ഞാൻ കണ്ടത് ചേച്ചിയോടുള്ള സ്നേഹവും, കരുതലും മാത്രമാണ് “

“അതെ ആര്യ, നീ പറഞ്ഞതൊക്കെ സത്യമാണ്….. ക്യാ-ൻസറിന്റെ വേദനയ്ക്കിടയിലും എന്നെ ചിരിപ്പിക്കുവാനും, സന്തോഷവതിയാക്കുവാനും ആ മനുഷ്യന്റെയൊരു പെടാപ്പാട് കാണണം.സത്യത്തിൽ ഇപ്പോൾ ജീവിക്കാനെന്തോ വല്ലാത്തൊരു ആർത്തിയാണ് … ഈ അവസ്ഥയിൽ എനിക്ക് താങ്ങായി ആ നെഞ്ചോരം മാത്രം മതി മോളെ “

ചേച്ചിയുടെ വീടിന്റെ പടിക്കെട്ടിറങ്ങുമ്പോൾ ദേവേട്ടൻ ഒപ്പമില്ലാത്തത് വലിയൊരു നഷ്ടമായെനിക്ക് തോന്നി….. ഇപ്പോൾ ഞാൻ കണ്ടതാണ് ശരിക്കുമുള്ളൊരു ദാമ്പത്യമെന്നെനിക്ക് തോന്നി.ജീവിതം നിലയില്ലാതെ ഒഴുകികൊണ്ടിരിക്കും…..ആ ഒഴുക്കിലെ മനോഹരങ്ങളായ മുഹൂർത്തങ്ങൾ ആസ്വദിക്കുന്നത് സ്നേഹേ ച്ചിയും സുഭാഷേട്ടനുമാണെന്ന തിരിച്ചറിവിൽ ഞാൻ മെല്ലെ നടന്നു.

✍️ ചെമ്പകം