ശ്രീഹരി ~ അധ്യായം 23, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“നമ്മൾ കുറച്ചു നേരമായല്ലോ ഇങ്ങനെ നടക്കാൻ തുടങ്ങിയിട്ട്? നിനക്ക് എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട് ഒന്നും മിണ്ടുന്നുമില്ല. എന്താ സംഭവം? നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടൊ? കാശ് വല്ലതും വേണോ?”

തോമസ് ചേട്ടൻ ഹരിയോട് ചോദിച്ചു..ഹരി രാവിലെ ചെന്നു കൂട്ടിക്കൊണ്ട് വന്നതാണ് കക്ഷിയേ ഹരിക്ക് ഇതെങ്ങനെ അവതരിപ്പിക്കണം എന്നോരൂഹവും കിട്ടിയില്ല.

അവർ അമ്പലത്തിന്റെ നൃത്തമണ്ഡപത്തിൽ ഇരുന്നു

“ഹോ വയ്യ. ഇനി നടക്കാൻ വയ്യ. ഒരു രണ്ടു കിലോമീറ്റർ എങ്കിലും നടന്നു കാണും”

ഹരി അപ്പോഴും നിശബ്ദമായി ഇരിക്കുകയാണ്

“എന്റെ കൊച്ചേ നിന്റെ മുഖം എന്താ വല്ലാതെ? എന്നെ ഇങ്ങനെ ഇട്ട് ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ.എന്നതാ കാര്യം?”

“ഞാൻ എന്ത് പറഞ്ഞാലും തോമസ് ചേട്ടന് ടെൻഷൻ തന്നെയാ ഇത്. പക്ഷെ അറിഞ്ഞ സ്ഥിതിക്ക് ഞാൻ ഒളിച്ചു വെച്ചാൽ അത് നിങ്ങളോട് ചെയ്യുന്ന തെറ്റാണ് താനും. ആദ്യമേ ഞാൻ പറയുന്നു എനിക്ക് ഇതിൽ ഒരു മനസ്സറിവും ഇല്ല. ഞാൻ അറിഞ്ഞിട്ടില്ല. ഇന്നലെ ജെന്നി പറഞ്ഞപ്പോൾ മാത്രം ആണ് ഞാൻ ഇത് അറിയുന്നത് “

“എന്ത് അറിയുന്നത്?” ഹരിക്ക് തൊണ്ടയിൽ ഉമിനീർ വറ്റി

എങ്ങനെ പറയും ദൈവമേ

“പറ ഹരി “

“ജെന്നിക്ക് ഒരു… അഫയർ “

“എന്ന് വെച്ച?” തോമസ് ചേട്ടൻ നെറ്റി ചുളിച്ചു

“ഒരു പ്രണയം ” അയാൾ പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ലാതെ അവനെ നോക്കി

അയാൾ എന്താ ഞെട്ടാത്തത് എന്നാണ് ഹരി  ആലോചിച്ചത്

“അല്ല ചേട്ടന് ഇത് നേരെത്തെ അറിയാമോ?”

“എന്റെ ഹരി ഇപ്പോഴത്തെ പിള്ളേർ പ്രേമത്തിൽ പെട്ടില്ല എങ്കിൽ അല്ലെ അത്ഭുതം ഉള്ളു. പെടും പെട്ടിരിക്കും. ബാംഗ്ലൂർ ആണോടാ ഉവ്വേ?”

“അല്ല ഇവിടെ..”

“ഇവിടെയൊ? നമ്മുടെ നാട്ടിലോ? ആരാ?”

“വിഷ്ണു “

ഇപ്പൊ തോമസ് ചേട്ടന്റെ മുഖത്ത് നടുക്കമുണ്ടാകുന്നത് ഹരി കണ്ടു

“നമ്മുടെ വിഷ്ണുവോ?”

ഹരി ഒന്ന് മൂളി..അവന്റെ നെഞ്ചു ശക്തിയായി മിടിച്ച് തുടങ്ങി

“അവന്റെ അച്ഛൻ തിരുമേനി ഇതെങ്ങനെ താങ്ങും? കഷ്ടം!” ഹരി അതിശയത്തിൽ ആ പിതാവിന്റെ മുഖത്ത് നോക്കി

മറ്റൊരു പിതാവിനെ ഓർത്തു വേദനിക്കുന്ന ആ മനുഷ്യന്റെ നന്മയിലേക്ക്

“ജാതീം മതവുമൊക്കെ മനുഷ്യൻ ഉണ്ടാക്കുന്നതാണെന്ന് പറയുമ്പോഴും നമ്മൾ ഇപ്പോഴും അതിനെയൊക്കെ അനുസരിച്ചല്ലേ ജീവിക്കുന്നെ? കാലമെത്ര പുരോഗമിച്ചാലും ചിലത് മാറുകേല..”

ഹരിക്ക് എന്ത് പറയണം എന്ന് അറിയാതെയായി

“നിന്റെ മുഖം ഇപ്പോഴും എന്താ ഇത്രയും വിഷമത്തിൽ? ഞാൻ നിന്നേ തെറ്റിദ്ധരിക്കുമെന്ന് കരുതിയാണോ? നിന്നേ എനിക്ക് എന്റെ മക്കളെക്കാൾ അറിയാം ഹരി. അവരെക്കാൾ നിന്നേ എനിക്ക് വിശ്വാസമാ. നോക്കട്ടെ എന്താ വേണ്ടതെന്ന്. നി വിഷമിക്കാതെ “

ഹരിക്ക് വേദന തോന്നി. താൻ ആശ്വസിപ്പിക്കേണ്ട ആളാണ് തന്നെ ആശ്വസിപ്പിക്കുന്നത്

പാവം!

“മേരിയോട് ഇതെങ്ങനെ പറയും ഞാൻ?” അയാൾ താടിക്ക് കൈ കൊടുത്തു

“സമ്മതിച്ചില്ലെങ്കിലും അവർ ഒന്നിച്ചു ജീവിക്കുമായിരിക്കും അല്ലെ ഹരി? രണ്ടു പേരും പഠിച്ചവർ ജോലിയുള്ളവർ. നമ്മുടെയൊന്നും ആവശ്യം അവർക്കിനി കാണുകേല “

അയാൾ വേദനയോടെ പറഞ്ഞു

“അങ്ങനെയാണെങ്കിൽ എന്നോട് വന്ന് ഇത് പറഞ്ഞു സമ്മതിപ്പിക്കാൻ പറയുമോ ചേട്ടാ? നിങ്ങൾ രണ്ടു വീട്ടുകാരും സമ്മതിച്ചു ജീവിക്കാൻ അല്ലെ അവർക്കാഗ്രഹം? പക്ഷെ ഇതെങ്ങനെ വേണമെന്ന് അവർക്കും ഒരു ഊഹമില്ല. അതാണ്‌ എന്നെ വന്ന് കണ്ടു പറഞ്ഞത് “

“ഞാൻ ഒന്ന് വീട്ടിലോട്ട് പോയി നോക്കട്ടെ. മേരിയോട് പറഞ്ഞു നോക്കാം.”

“ചേട്ടാ…” ഹരി ആ കയ്യിൽ പിടിച്ചു

“ഞാൻ പറയാം… ഞാൻ പറഞ്ഞോളാം ” അവനെയൊന്ന് നോക്കി അയാൾ…പിന്നെ ഒന്ന് മെല്ലെ പുഞ്ചിരിച്ചു

“എന്റെ മോൻ തന്നെ പറഞ്ഞോ അതാണ്‌ നല്ലത് ” ഹരി തലയാട്ടി

അവൻ ചെല്ലുമ്പോൾ മേരി ചേട്ടത്തി മീൻ വറുക്കുകയായിരുന്നു

“എന്നാ മീനാ കൊച്ചേ അയില ആണോ?” അവൻ ഇച്ചിരി എടുത്തു തിന്നു നോക്കി

“കപ്പ പുഴുങ്ങിയത് ഉണ്ട് അത് കൂട്ടി കഴിക്ക് “

“അത് കൊള്ളാം സാധാരണ മീൻ കൂട്ടി കപ്പ കഴിക്ക് എന്നല്ലേ? ഇതിപ്പോ കൊള്ളാല്ലോ “

“നീ കൂടുതൽ മീനല്ലേ കഴിക്കുക? അപ്പൊ അങ്ങനെ അല്ലെ പറയണ്ടേ?”

“ശൊ ബുദ്ധിമതി..”അവൻ അവരുടെ കവിളിൽ നുള്ളി”ഈയിടെ ഗ്ലാമർ കൂടിയോ ഒന്ന് വെളുത്തു “

“ദേ ചെക്കാ വല്ലോം വേണേൽ നേരിട്ട് പറഞ്ഞോ ഇങ്ങനെ പതപ്പിക്കണ്ട. കുഞ്ഞിലേ ഉണ്ട് ഈ സ്വഭാവം..അയ്യടാ “

ഹരി അൽപനേരം മിണ്ടാതെ നിന്നു

ജെന്നി അപ്പുറത്തെ മുറിയിൽ നിന്ന് അവനെ നോക്കുന്നതവന് കാണാം

“അതേയ്… എനിക്ക് ഒരു പ്രേമം ഉണ്ടെന്ന് വെക്കുക ” മേരി ഒന്ന് തിരിഞ്ഞു

“ഉണ്ടെന്നല്ല ഉണ്ട് എന്ന് വെയ്ക്കുക ” അവൻ വിക്കി

“അങ്ങനെ വെയ്ക്കുന്നില്ല. നീ പ്രേമിക്കുന്നുമില്ല “

അവർ ഗ്യാസ് ഓഫ്‌ ചെയ്തു

“ശേ അങ്ങനെ പറയല്ലേ എനിക്ക് ആരോടെങ്കിലും സ്നേഹം തോന്നി പ്പോയാലോ? ഞാൻ ഒരു പുരുഷൻ അല്ലെ മേരിപെണ്ണേ… പ്രേമം നല്ലതാണെന്നെ “

അവർ അവന്റെ കയ്യും പിടിച്ചു മുൻവശത്തെ കസേരയിൽ വന്നിരുന്നു

“ദേ നിങ്ങൾ കേട്ടോ ഹരിക്കുട്ടന് ആരോടോ പ്രേമം “

“ആ ഞാൻ ഒരു പ്രാവശ്യം കേട്ടതാ ഇനി നീ കേൾക്ക് “

അയാൾ ഉറക്കെ പറഞ്ഞു

“ആട്ടെ എവിടെ ആണ് പെണ്ണ്?”

“പെണ്ണും പിടക്കോഴിയുമൊന്നുമില്ല. ഞാൻ ഒരു ഉദാഹരണം പറയുവാ
ഞാൻ ഒരു ക്രിസ്ത്യൻ പെണ്ണിനെ പ്രേമിക്കുന്നതിനെ കുറിച്ച് ചേട്ടത്തിയുടെ അഭിപ്രായം എന്താ?”

“മുട്ട് കാല് തല്ലിയൊടിക്കും ഞാൻ. നല്ല ഹിന്ദു പെണ്ണുങ്ങൾ ഉണ്ട് നാട്ടിൽ..അത് മതി “

അവർ അലറി

“ശെടാ…. ഇപ്പോഴും ഈ മൂരാച്ചി ചിന്ത വെച്ച് കൊണ്ട് ഇരിക്കുവാണോ? കാലം മാറി കേട്ടോ. ഞാൻ പ്രേമിച്ച പെണ്ണിനെ കൊണ്ട് ഈ നാട്ടിന്നു പോയ്കളയും സമ്മതിച്ചില്ലെങ്കിൽ “

അവരുടെ മുഖം മാറി. ആ കണ്ണുകൾ നിറഞ്ഞു

“നീ പോവോ എന്നെ വിട്ടിട്ട്?”

അവർ മൂക്ക് പിഴിഞ്ഞ് അവനെ നോക്കി

“കള്ളക്കരച്ചിൽ ഒന്ന് നിർത്തിക്കെ.. സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോഴാ “

“പോട ഞാൻ കരഞ്ഞു പോയതാ “

“നീ ഏത് ക്രിസ്ത്യൻ പെണ്ണിനെയാ സ്നേഹിക്കുന്നെ? പറ ഞാൻ പോയി പറയാം അവരുടെ വീട്ടിൽ?” അവൻ സ്നേഹത്തോടെ അവരെ നോക്കി ആ കൈ പിടിച്ചു

“സ്നേഹിക്കുന്നത് ഞാനല്ല നമ്മുടെ ജെന്നിയാ. അവൾ സ്നേഹിക്കുന്നത് നമ്മുടെ വിഷ്ണുവിനെയായി പോയി അതാണ്‌ പ്രശ്നം “

മേരി എഴുന്നേറ്റു പോകുന്നത് കണ്ടു പിന്നാലെ ചെന്നെങ്കിലും ജെന്നിക്ക് അടി വീണു കഴിഞ്ഞു. ഹരി തടഞ്ഞെങ്കിലും മൂന്നാലെണ്ണം അവൾക്ക് കൊണ്ടു

മേരിയേ പറഞ്ഞു സമാധാനിപ്പിക്കാൻ അവനൊരു പാട് പ്രയാസപ്പെട്ടു

“ഞാൻ സ്നേഹിക്കുന്നെങ്കിൽ ആ പെണ്ണിന്റെ വീട്ടിൽ പോയി പറയാമെന്നു പറഞ്ഞ ആളാ ഇത്? അപ്പൊ ഞാൻ വേറെ സ്വന്തം മോള് വേറെ അല്ലെ?”

ആ ഒറ്റ ഡയലോഗിൽ മേരി വീണു

പിന്നെ വലിയ കോലാഹലം ഉണ്ടായില്ല. പക്ഷെ ജെന്നിയോട് ക്ഷമിക്കാൻ ഉടനെ ഒന്നും അവർ തയ്യാറായതുമില്ല. ആരും പരസ്പരം മിണ്ടുന്നില്ല

ഒരു മരണവീട് പോലെ

അവൻ എന്തുണ്ടായാലും അവരെ പ്രകോപിപ്പിക്കുന്നത് ഒന്നും ചെയ്യരുത് എന്ന് ജെന്നിയോട് നിർദേശിച്ചു

പിന്നെയും  കുറച്ചു നേരം കൂടി അവിടെ ഇരുന്നിട്ട് ഹരി സ്വന്തം വീട്ടിലേക്ക് പോരുന്നു

വിഷ്ണു കാത്തു നിൽക്കുന്നുണ്ടായിരുന്നു

“ഒരു വിധം പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട്. പക്ഷെ ഉടനെ ഒന്നും നീ പ്രതീക്ഷിക്കരുത് കുറച്ചു സമയം കൊടുക്കണം “

“ഉം.. പക്ഷെ ഹരി എന്റെ വീട്ടിൽ സമ്മതിക്കില്ലടാ “

ഹരി അവനെയൊന്നു സൂക്ഷിച്ചു നോക്കി. തകർന്നു പോയ മുഖം

“അച്ഛൻ ആ-ത്മഹത്യ ചെയ്യുമെന്നാ പറയുന്നേ. അനിയത്തിയെയും അമ്മയെയും കൂട്ടിപ്പിടിച്ചു വിഷം കഴിക്കുമെന്നൊക്കെ പറഞ്ഞു.. നീ ഒന്ന് സംസാരിക്കാമോ?”

ഹരി ഭയന്ന് പോയി. ഏത് അവസ്ഥയും നേരിടാൻ അവനിതു വരെ ഭയം തോന്നിയിട്ടില്ല

പക്ഷെ ഇത്

തോമസ് ചേട്ടൻ തന്നെ വളർത്തിയെങ്കിൽ വിഷ്ണുവിന്റെ അച്ഛൻ കൃഷ്ണൻ നമ്പൂതിരി അവന്റെ ഗുരുവാണ്. അവന് സംഗീതം പഠിപ്പിച്ചു കൊടുത്ത ഗുരു. എപ്പോഴും സ്നേഹം നിറഞ്ഞ പെരുമാറ്റം മാത്രമേ അനുഭവിച്ചിട്ടുള്ളു അവിടെ നിന്ന്. താൻ എങ്ങനെ ആ മുന്നിൽ ചെന്നു പറയും?

“ഞാൻ… എനിക്ക് വയ്യ വിഷ്ണു.നമ്പൂതിരി സാറിന്റെ മുന്നിൽ നിൽക്കാൻ പോലും വയ്യ “

“ഞാൻ അങ്ങ് മരിച്ചു കളഞ്ഞേക്കാം അപ്പൊ എല്ലാർക്കും സമാധാനം ആകുമല്ലോ “

വിഷ്ണു പൊട്ടിത്തെറിച്ചു…ഹരി അവനിട്ടു ഒന്ന് കൊടുത്തു

“പ്രേമിക്കും മുന്നേ ചിന്തിക്കണം ഇത് വല്ലോം നടക്കുമോന്നു അല്ലാതെ ഇപ്പൊ കിടന്നു കയ്യും കാലുമിട്ട് അടിക്കുകയല്ല വേണ്ടത് “

“അത് നീ ആരെയും സ്നേഹിച്ചിട്ടില്ലാത്തത് കൊണ്ട് തോന്നുന്നതാ. നീ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ ഹരി? നിന്റെ ഒരു നോട്ടത്തിന് നിന്റെ പിന്നാലെ നടന്ന ഒരു പെണ്ണിനെയെങ്കിലും നീ തിരിഞ്ഞു നോക്കിയിട്ടുണ്ടോ? ഇല്ല. പെണ്ണിനെ നിനക്ക് അറിയുമൊ? പെണ്ണിന്റെ മനസ്സ് അറിയുമോ? ഒരു പെണ്ണിനെ സ്നേഹിച്ചു നോക്കണം. അപ്പൊ അറിയാം. അവളെ ഉപേക്ഷിച്ചു കളയാൻ പറയുമ്പോൾ ഉള്ള വേദന”

എന്തോ പറയാൻ വന്നിട്ട് ഹരി നിർത്തി

“നിനക്ക് അച്ഛനോട് ഒരു തവണ സംസാരിക്കാൻ പറ്റുമോ ഇല്ലയോ?”

ഹരി തോറ്റു. വേറെ വഴിയില്ല

അവിടെ ചെല്ലുമ്പോൾ സമാനമായ അവസ്ഥ തന്നെ

മൂകം

ശോകം

“ഹരി എന്താ പറയാൻ വന്നതെന്ന് എനിക്ക് നന്നായി അറിയാം. പക്ഷെ അത് നടക്കില്ല. എന്റെ സമ്മതത്തോടെ നടക്കില്ല. ഞാൻ ഒരു പാവം ബ്രാഹ്മണനാണ് ഇന്നും പൂജയും തേവാരവുമായി നിത്യ വൃത്തി കഴിക്കുന്ന ഒരു ദരിദ്രൻ. ഇവനാ പെൺകുട്ടിയേ വിവാഹം കഴിച്ചാൽ പൂജക്ക്‌ പോലും പിന്നെ ഒരാളും എന്നെ വിളിക്കില്ല. എന്റെ മോൾക്ക് നല്ല ഒരു ആലോചന വരില്ല. ഹരിക്ക് ഇത് പറഞ്ഞാൽ ചിലപ്പോൾ മനസ്സിലാകണമെന്നില്ല. മനസിലാകണമെങ്കിൽ ഹരിയും ഒരു കുടുംബത്തിൽ ജീവിക്കണമായിരുന്നു “

ഹരിയുടെ ഉള്ളിലേക്ക് ആ വാക്കുകൾ ആഴ്ന്നിറങ്ങി

“അച്ഛൻ അമ്മ അനിയത്തി ഒക്കെ ആയിട്ട് ജീവിക്കുമ്പോൾ അത് മനസിലാകും ഹരി “

ഹരി കുറച്ചു നേരം നിശബ്ദനായി

“സാർ ഞാൻ അനാഥനാണ്. പക്ഷെ എല്ലാവരും എന്റെ കുടുംബം പോലെ തന്നെയാ ഞാൻ കാണുന്നെ. അത് കൊണ്ട് എനിക്ക് അത് മനസിലാകും. എല്ലാവരുടെ സങ്കടങ്ങളും എനിക്ക് മനസിലാകും. ഞാൻ സാറിനോടു തർക്കിക്കുന്നില്ല. പറഞ്ഞതൊക്കെ സത്യമാണ്. എന്നാലും വിഷ്ണുവിന്റെ അനിയത്തിയുടെ വിവാഹം കഴിയും വരെ കാത്തിരുന്നാൽ…”

“നടക്കില്ല ഹരി. വിഷ്ണുവിന് ഇവിടം വിട്ട് പോകാം. ഈ കുടുംബം വിട്ട്.. അതല്ലാതെ ഒരു വഴിയില്ല. പിന്നെ ഞങ്ങളും ഞങ്ങളുടെ വഴി നോക്കും. മാനം നഷ്ടം ആയാൽ പിന്നെ ജീവിതം എന്തിനാ?”

ഹരി വിഷ്ണുവിനെ നോക്കി

“സാർ ഇവർ കാത്തിരിക്കും.. സാറിനെ ധിക്കരിച്ച് ഇവർ ഇവിടെ നിന്നു പോകുകയോ ഒന്നിച്ചു ജീവിക്കുകയോ ചെയ്യില്ല അത് ഹരിയുടെ വാക്ക്. ഒരവിവേകവും ചെയ്യരുത്. അത് പാപമാണ്.അവർ സ്നേഹിച്ചു പോയി. ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ചു പോയി.ഇത് തെറ്റാണ് എന്ന് ഞാൻ കരുതുന്നില്ല. രണ്ടു മതമായി പോയി എന്നതിന് എന്ത് ചെയ്യാൻ പറ്റും? ജെന്നി നല്ല പെൺകുട്ടിയാണ്. സ്നേഹം ഉള്ളവളാണ്. ഒരു വീട് നോക്കാൻ മിടുക്കിയാണ്. വിദ്യാഭ്യാസം ഉണ്ട് ഉടനെ ജോലിയും കിട്ടും. ഒരു പെൺകുട്ടിക്ക് ഇതിൽ കൂടുതൽ യോഗ്യത വേണോ?”

“എനിക്ക് കൂടുതൽ ഒന്നും പറയാനില്ല ഹരി “

ഹരി എഴുന്നേറ്റു

“കാലം തെളിയിക്കട്ടെ “

ഹരി പറഞ്ഞു

പിന്നെ വിഷ്ണുവിനെ കൂട്ടി അവിടെ നിന്നിറങ്ങി

“ഒരെടുത്തുചാട്ടവും ഇപ്പൊ പാടില്ല. ഒരു വർഷം നിങ്ങൾ വെയിറ്റ് ചെയ്യ്. മിനിമം ഒരു വർഷം അപ്പോഴേക്കും അവർ ഇതിനോട് പൊരുത്തപ്പെട്ടു വരും.”

വിഷ്ണു തലയാട്ടി

“ഞാൻ ജെന്നിയോടും പറയാം ” അവൻ വിഷ്ണുവിന്റെ തോളിൽ തട്ടി

“നീ നോക്കിക്കോ ഹരി ഈ കല്യാണം നടത്തും “

വിഷ്ണു അമ്പരന്ന് അവനെ നോക്കി

ഹരി പുഞ്ചിരിച്ചു. പിന്നെ വീട്ടിലേക്ക് പോയി

പക്ഷെ അവന്റെ മനസ്സ് വാടിപ്പോയിരുന്നു

ആരുമില്ലാത്തവൻ എന്ന ആ വിളിപ്പേര് ഇന്ന് വീണ്ടും ഓർമിപ്പിക്കപ്പെട്ടു. അഞ്ജലി വിളിച്ചപ്പോൾ ആ മൂഡ് ഓഫിൽ തന്നെയാണ് അവൻ സംസാരിച്ചത്

അവൻ എല്ലാം വിശദമായി പറഞ്ഞു

“ഒരു തരത്തിൽ നമ്പൂതിരി സാർ പറഞ്ഞത് സത്യമാണ് അഞ്ജലി. എനിക്ക് ഒരു കുടുംബം ഇല്ലായിരുന്നു. ആരും ഇല്ലായിരുന്നു.. ഞാൻ ഒറ്റ ആയിരുന്നു…”

“ശ്രീ?”

“ഞാൻ ഇന്നും തനിച്ചല്ലേ അഞ്ജലി?” അഞ്ജലി വേദനയോടെ ആ ചോദ്യം കേട്ട് നിന്നു

“എനിക്ക് ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ… ഒളിഞ്ഞും തെളിഞ്ഞും ഇങ്ങനെ ആരെങ്കിലും പറയുമോ?”

“ഞാനില്ലേ ശ്രീ?”

“അതാർക്കാ അറിയുക?” അവൻ പെട്ടന്ന് ചോദിച്ചു

അഞ്‌ജലിക്ക് മറുപടി ഇല്ലായിരുന്നു

“വെയ്ക്കട്ടെ ഞാൻ.. ക്ഷീണം ഉണ്ട് “

അവൾ ഒന്ന് മൂളി

ബാലചന്ദ്രൻ കിടക്കാനുള്ള ഒരുക്കത്തിലായിരുന്നു. അഞ്ജലി വന്നത് കണ്ട് അയാൾ ചിരിച്ചു.

“എന്താ മോള് ഉറങ്ങിയില്ലേ?”

“അച്ഛാ ഞാൻ ശ്രീയെ സ്നേഹിക്കുന്നു ” അവൾ പെട്ടന്ന് പറഞ്ഞു

അയാൾ കള്ളച്ചിരിയോടെ അവളെ നോക്കി

“ഞാനും ഹരിയെ സ്നേഹിക്കുന്നുണ്ടല്ലോ ” അയാൾ പറഞ്ഞു

“അച്ഛാ… പ്ലീസ് എനിക്ക് ശ്രീക്ക് ഒപ്പം ജീവിക്കണം. കല്യാണം കഴിക്കണം ” ബാലചന്ദ്രൻ അവളെ സൂക്ഷിച്ചു നോക്കി

സീരിയസ് ആണ്

“ഹരി പറയട്ടെ…”

അവൾ അച്ഛനെ നോക്കി

“ചെക്കൻ വീട്ടുകാർ വന്ന് പെണ്ണ് ചോദിക്കട്ടെ അതല്ലേ നാട്ട് നടപ്പ്?”അയാൾ ചിരിയടക്കി

“ശ്രീക്ക് ആരുമില്ല എന്ന് അറിയില്ലേ?”

“അവന് ഒരു നാട് മുഴുവൻ ഉണ്ട്. അത് ഞാൻ കണ്ടറിഞ്ഞ സത്യം.”

“എനിക്ക് ശ്രീയെ ഒന്ന് കാണണം. ഞാൻ ഒന്ന് പൊയ്ക്കോട്ടെ ” അദ്ദേഹം അതിശയത്തോടെ വീണ്ടും അവളെ നോക്കി

“അത്ര സീരിയസ് ആണ്?”

“അതേ..”

“അച്ഛൻ നോ പറഞ്ഞാൽ?”

“ആര് നോ പറഞ്ഞാലും ഞാൻ ശ്രീയെ ഉപേക്ഷിച്ചു പോകില്ല.. ആര് എതിർത്താലും…” അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു

“എന്നാ പിന്നെ ഞാൻ എന്ത് പറയാൻ? നീ നിന്റെ ചെക്കനെ കാണാൻ പൊയ്ക്കോ ” അവൾ അച്ഛനെ കെട്ടിപിടിച്ചു

“താങ്ക്യൂ ” പിന്നെ അവൾ ആ കവിളിൽ ഉമ്മ വെച്ചു

“പോയിട്ട് വരില്ലേ?”അയാൾ കളിയാക്കി

“പൊ അച്ഛാ പിന്നെ വരാതെ? “

“എന്ന് പോകും?”

“ഇന്നിപ്പോ രാത്രി ആയില്ലേ? ” അവൾ കണ്ണിറുക്കി

“പോ കൊച്ചേ “ബാലു ചിരിച്ചു

“അച്ഛൻ ശ്രീയോട് പറയരുത് ട്ടോ സർപ്രൈസ്. വഴി പറഞ്ഞു തന്നാ മാത്രം മതി”

“done “അയാൾ കൈ ഉയർത്തി അവളുടെ കയ്യിൽ അടിച്ചു

അവൾ അച്ഛനെ വീണ്ടും കെട്ടിപിടിച്ചു

“അച്ഛൻ ആണച്ഛാ അച്ഛൻ “

അയാൾ പൊട്ടിച്ചിരിച്ചു പോയി

(തുടരും )