ശ്രീഹരി ~ അധ്യായം 27, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഹരി അനന്തുവിന്റെ മുഖത്ത് തൊട്ടു. ഉറങ്ങിക്കിടക്കുകയാണെന്നേ തോന്നൂ..അവന്റെ കണ്ണ് നിറഞ്ഞൊഴുകി

ഹരിയേട്ടാ എന്നൊരു വിളി മുഴങ്ങുന്ന പോലെ

ഒരു തരത്തിൽ തന്നെ പോലെയാണ് അവനും…അനാഥൻ

അഞ്ജലി ഇക്കുറി തളർന്നു പോയി. അവൾ വിങ്ങിപ്പൊട്ടി കരഞ്ഞു കൊണ്ട് ഹരിയുടെ തോളിൽ തല ചായ്ച്ചു

“ശ്വാസം മുട്ടിച്ചാണ്….” നകുലൻ പാതിയിൽ നിർത്തി

“പോസ്റ്റ്‌ മാർട്ടം കഴിഞ്ഞു സംസ്കാരം ഇവിടെ പൊതു ശ്മാശാനത്തിൽ….”

പെട്ടെന്ന് ഹരി കൈ ഉയർത്തി

“എന്റെ പറമ്പിൽ സംസ്കാരം നടത്താം. കുറച്ചു ദൂരമുണ്ടെന്നേയുള്ളു. അവൻ അനാഥനല്ല. ജീവിച്ചിരുന്നപ്പോ ഒരു പാട് സ്നേഹിച്ചവനാണ്. അങ്ങനെ ആരുമില്ലാതെ പോകണ്ട “

അങ്ങനെ അത് തീരുമാനമായി. അനന്തുവിന്റെ ശരീരം ഹരിയുടെ നാട്ടിൽ എത്തിച്ചു. ഹരി തന്നെ കർമ്മങ്ങൾ ചെയ്തു

എന്റെ ചേച്ചിയേ കല്യാണം കഴിക്കണേ ഹരിയേട്ടാ അവന്റെ ശബ്ദം കേൾക്കുന്ന പോലെ..ഹരിയേട്ടാ എന്നുള്ള വിളിയൊച്ച എങ്ങും മുഴങ്ങുന്നു

ഹരി പൊട്ടിക്കരഞ്ഞു കൊണ്ട് നിലത്തിരുന്നു പോയി…തോമസ് ചേട്ടൻ അവനെ ചേർത്ത് പിടിച്ചു വീട്ടിലേക്ക് കൊണ്ട് പോയി

അവനെ അത്രയും തളർന്നവരാരും അത് വരെ കണ്ടിട്ടില്ലായിരുന്നു

“എന്റെ കുഞ്ഞിനെ കാത്തോളണേ കർത്താവെ “മേരി പ്രാർത്ഥിച്ചു കൊണ്ടിരുന്നു
സ്നേഹം ഇത്രയും വേദനിക്കുന്ന ഒന്നാണോ എന്നാണ് ഹരി ചിന്തിച്ചു കൊണ്ടിരുന്നത്

ബാലു സാർ..അതും വേദനയാണ്

ബാലചന്ദ്രന്റെ അവസ്ഥ മോശമായി തുടരുകയായിരുന്നു..അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി..പോലീസിന്റെ ചോദ്യം ചെയ്യൽ തുടർന്നു കൊണ്ടിരുന്നു

തെളിവില്ല..സാക്ഷികൾ ഇല്ല

അമിതമായ രീതിയിൽ ഉറക്കഗുളികകൾ ഉള്ളിൽ ചെന്നിട്ടുണ്ട് എന്ന് മാത്രം ആണ് പരിശോധന ഫലം. ബലമായി ആരുമതുള്ളിലേക്ക് കൊടുത്തിട്ടില്ല

അനന്തു എങ്ങനെ മരിച്ചു?

ആര് കൊ-ന്നു?

പോലീസ് ഇരുട്ടിൽ തപ്പിക്കൊണ്ടിരുന്നു..ആദിത്യന് പക്ഷെ തിരിച്ചു പോകാൻ കഴിഞ്ഞില്ല..ഗോകുലിനും സുഭദ്രക്കും കഴിഞ്ഞില്ല

പട്ടാളക്കാരന്റെ പ്രിവിലേജോന്നും ഗോകുലിന് കിട്ടിയില്ല..വളരെ സെൻസഷണൽ ആയ ഒരു കേസ് ആയി അത് മാറി

എത്ര പുറത്തറിയണ്ട എന്ന് തീരുമാനിച്ചിട്ടും ന്യൂസ്‌ ലീക് ആയി. ചർച്ചകൾക്ക് ഒരു വിഷയം വീണു കിട്ടി

അഞ്ജലിയുടെ രണ്ടാമത്തെ ചേച്ചിയോ ഭർത്താവോ ഇതറിഞ്ഞിട്ടും നാട്ടിലേക്ക് വന്നില്ല എന്നത് പോലീസിനെ പോലും അതിശയിപ്പിച്ചു. ആദിത്യന്റെ ഭാര്യ രാധിക നാട്ടിലേക്ക് വരുന്നുണ്ട് എന്ന് ഒരു സൂചന കിട്ടി

പോലീസ് അവർക്കായ് കാത്തു..

ആശുപത്രിയിൽ ഒരു മുറി എടുത്തിട്ടുണ്ടായിരുന്നു അഞ്ജലി…ശ്രീ എപ്പോഴും അവൾക്കൊപ്പം ഉണ്ടായിരുന്നു

അഞ്‌ജലി മുറിയിലേക്ക് വരുമ്പോൾ ശ്രീ ഒരു ഫോൺ കാൾ അറ്റൻഡ് ചെയ്യുകയായിരുന്നു

മാധവ് ഇതിപ്പോ നാലാമത്തെ തവണ ആണ് വിളിക്കുന്നത് ഇത് പോലെ ഒരു ചാൻസ് കിട്ടില്ലയെന്ന് അയാൾ നൂറാവൃത്തി പറഞ്ഞു. ഹരി അവന്റെ അവസ്ഥ പറഞ്ഞു. ഒരു പാട്ട് പാടിയിട്ട് തിരിച്ചു പോകു ഹരി എന്നയാൾ വീണ്ടും പറഞ്ഞു. അഞ്ജലി വരുന്നത് കണ്ട് ഞാൻ വിളിക്കാം മാധവ് എന്ന് പറഞ്ഞവൻ കട്ട്‌ ചെയ്തു

“ശ്രീ?” അവൻ തിരിഞ്ഞു

“മാധവ് വിളിച്ചില്ലേ?”

“വിളിച്ചു “

“പോകുന്നില്ലേ?”

അവൻ രൂക്ഷമായി ഒന്ന് നോക്കി

ഈ അവസ്ഥയിലോ എന്നൊരു ചോദ്യം അതിലുണ്ടായിരുന്നു

“ശ്രീ. ഞാൻ ഒരു ഭാഗ്യം കെട്ടവളാ ശ്രീ. ഞാൻ ജനിച്ച ഉടനെ അമ്മ മരിച്ചു. പിന്നെ..അറിയാല്ലോ എല്ലാം.. ഇപ്പൊ കണ്ടില്ലേ ശ്രീ കയ്യെത്തും ദൂരത്തു വന്നപ്പോൾ ഇങ്ങനെ.. എന്റെ ഒപ്പം ചേർന്ന ശ്രീയും ഭാഗ്യമില്ലാതെ ആയിപ്പോകും.”

“ഒന്ന് നിർത്താമോ നീ?” അവൻ ദേഷ്യത്തിൽ ചോദിച്ചു

“ഞാൻ പറയുന്നത് കേൾക്കു ശ്രീ. ആ പാട്ട് പോയി പാട്…”

“അഞ്ജലീ..നിർത്ത് “

“ശ്രീ… എനിക്ക് അല്പം സമാധാനം താ ശ്രീ.. ശ്രീ പോകു.. പ്ലീസ് “

“ഞാൻ പോയാൽ എനിക്ക് പാടാൻ കഴിയില്ല. എന്തിനാ ഞാൻ പോകുന്നത്?” അവൾ വേദനയോടെ അവനെ നോക്കി

എത്ര സന്തോഷമായി ജീവിച്ചു കൊണ്ടിരുന്ന ആളാണ്..എന്ന് തന്നെ കണ്ടുമുട്ടി അന്ന് പാവത്തിന്റെ സന്തോഷം തീർന്നു..ഒരു ഗ്രാമത്തിൽ ഒരു അല്ലലോ അലട്ടലോ ഇല്ലാതെ പാട്ടും പാടി നടന്ന ഒരാൾ

ഒരു പക്ഷെ ശത്രുക്കളുടെ അടുത്ത ലക്ഷ്യം ഹരിയാവും..ഇത്രയും ചെയ്തവർക്ക് ഇത് ചെയ്യാൻ ആരുടെയും സഹായം വേണ്ട. ഈസി.

ശ്രീക്ക് എന്തെങ്കിലും സംഭവിച്ചാൽ?? അവൾ അതോർക്കാൻ തന്നെ ഭയപ്പെട്ടു

ഒരാളുടെ ജീവിതം താൻ കാരണം നശിച്ചു പോകരുത്. അത് പാടില്ല. അതിന് വേണ്ടി താൻ അല്പം പരുഷമായി പെരുമാറിയാലും കുഴപ്പമില്ല.

“ശ്രീ ഇവിടെ നിൽക്കണ്ട ശ്രീ. ഇപ്പൊ തന്നെ പത്രക്കാർ, ചാനൽകാര് ഓരോരുത്തരും ഓരോ കഥകൾ ഉണ്ടാക്കുന്നുണ്ട്. ശ്രീ പോകു പ്ലീസ് “അവൾ പാടുപെട്ടു പറഞ്ഞൊപ്പിച്ചു

“കഥകൾ ഉണ്ടാവട്ടെ സത്യം അല്ലെ അത്?” അവനത് നിസാരമാക്കി

“നമുക്ക് ഇനി ഉടനെ ഒന്നും ഒന്നിച്ചു ജീവിക്കാൻ കഴിയില്ല ശ്രീ എന്റെ ജീവിതം വേറെ… ശ്രീയുടെ വേറെ.. എനിക്ക് പറ്റില്ല ശ്രീ “

ശ്രീഹരി അവിശ്വസനീയതയോടെ അവളെ ഒന്ന് നോക്കി

“ഞാൻ ഒത്തിരി ആലോചിച്ചു. അച്ഛൻ ജീവിതത്തിലേക്ക് തിരിച്ചു വരുമൊ? അറിയില്ല. അച്ഛൻ നടത്തി കൊണ്ട് പോയതെല്ലാം നോക്കി നടത്തണം.. അച്ഛൻ തിരിച്ചു വരുമ്പോൾ ഇതെല്ലാം ഏല്പിച്ചു കൊടുക്കണം. ഇത് ചെയ്ത മുഴുവൻ പേരെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം. അങ്ങനെ ഓരോ പാട് ജോലികൾ ഉണ്ട് “

“ഞാൻ കൂടെ നിന്നാൽ ഇതൊന്നും നടക്കില്ലേ?”

“ഇല്ല. എന്റെ ശ്രദ്ധ ശ്രീയിലാവും. ശ്രീക്ക് എന്റെ ലോകം ഇഷ്ടാവില്ല. എനിക്ക് കുറച്ചു നാൾ ഒറ്റയ്ക്ക് വേണം ശ്രീ.. എന്നെ വെറുതെ വിട് “

ശ്രീഹരി കുറച്ചു നേരം അനങ്ങാതെ നിന്നു

“എന്റെ അഞ്‌ജലിക്ക് ഇങ്ങനെ ഒക്കെ സംസാരിക്കാൻ അറിയാമായിരുന്നോ?”

അവൻ വേദനയോടെ ചോദിച്ചു..അവളുടെ ഉള്ള് പിടഞ്ഞടിച്ചു

“ഞാൻ പഴയ അഞ്ജലിയായാൽ എല്ലാം തകരാറിലാവും. എന്റെ മനസ്സിൽ ഇപ്പൊ പ്രണയമില്ല. ശ്രീക്ക് എന്നോട് സ്നേഹം ഉണ്ടെങ്കിൽ ശ്രീ ഇവിടെ നിന്നു പോകണം. ബാലചന്ദ്രൻ എന്ന പേരിന് ശ്രീ മൂലം ഒരു കളങ്കമുണ്ടാകരുത്.”

അവൾ അവന്റെ മുഖത്ത് നോക്കാതെ തിരിഞ്ഞു നിന്നു

“എന്റെ അഞ്ജലിയാണോ ഈ പറഞ്ഞതൊക്കെ?” അവൻ അവളെ തനിക്ക് അഭിമുഖമായി പിടിച്ചു നിർത്തി

“എന്നെ വേണ്ടേ അഞ്ജലി?”

ആ ചോദ്യം അവളെ തകർത്തു കളഞ്ഞു പക്ഷെ അവൾ അത് ഭാവിച്ചില്ല

“എന്നെ മനസിലാക്കു ശ്രീ.ഇപ്പൊ ശ്രീ എനിക്ക് ഒരു ബാധ്യതയാണ്. ഓരോരുത്തരും ചോദ്യങ്ങൾ ചോദിക്കുമ്പോൾ എനിക്ക് മറുപടി ഇല്ല.”

ശ്രീഹരി അവളുടെ മേൽ ഉള്ള പിടി വിട്ട് കളഞ്ഞു. അവൻ മെല്ലെ പിന്നിലേക്ക് മാറി

“ഞാൻ നിനക്ക് ഇപ്പൊ ഒരു നാണക്കേട് ആണല്ലേ?” അവന്റെ ശബ്ദം ഇടറി

“എന്നെ സ്നേഹിച്ചത് എന്തിനാ നീ?”

“എന്നെ മോഹിപ്പിച്ചത് എന്തിനാ?

“എന്റെ ജീവിതത്തിലേക്ക് വന്നതെന്തിനാ?

“നിനക്ക് ഞാൻ ആരായിരുന്നു?”

അവൾ കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചു

“നിനക്ക് എന്നെ വേണ്ട എന്നല്ലേ പറഞ്ഞത്? ഞാൻ ഒരു ബാധ്യത അല്ലെ?”

“അങ്ങനെ അല്ല ശ്രീ. ഈ സിറ്റുവേഷൻ മനസിലാക്കാൻ ശ്രമിക്ക് “

അവന്റെ മുഖം പരുക്കനായി

“എന്ത് സിറ്റുവേഷൻ? ഞാൻ ഇപ്പൊ നിനക്ക് ബാധ്യതയാണ് ഞാൻ ഇവിടെ നിൽക്കരുത്. പോകണം.. എന്നെ വേണ്ടെങ്കിൽ എന്തിനാ നിനക്ക് ഞാൻ അണിയിച്ച ഈ മാല?കോടിശ്വരിക്ക് അണിയാൻ ഈ പാവപ്പെട്ടവന്റെ മാല എന്തിനാ?” അവൻ മുന്നോട്ട് നീങ്ങി അത് പൊട്ടിച്ചെടുത്തു

അഞ്ജലി ഹൃദയം പൊട്ടിപ്പോയ പോലെ നെഞ്ചു പൊത്തി

“ഇനി നീ എന്നെ കാണില്ലടി. ശ്രീഹരി ഇവിടെ വെച്ച് ഇത് അവസാനിപ്പിക്കുകയാ. ഒരെ ഒരു ദുഃഖം മാത്രേ ഉള്ളു. ബാലചന്ദ്രൻ സാർ…പക്ഷെ സാർ തിരിച്ചു വരും. അന്ന് കഴിയുമെങ്കിൽ സാറിനോട് പറയണം ഈ വിഡ്ഢി പോയിന്ന്.. ഈ കോമാളി ഇനി വരില്ലാന്ന് “

അഞ്ജലി തകർന്നു നിൽക്കെ ശ്രീഹരി മുറിയുടെ വാതിൽ വലിച്ചടച്ചു കൊണ്ട് ഇറങ്ങി പോയി

(തുടരും )