മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
ഉത്സവത്തിന്റെയാദ്യ ദിനം തന്നെ ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്കനുഭവപ്പെട്ടു
ദീപാരാധന ആയപ്പോൾ മണ്ണ് നുള്ളിയിട്ടാൽ താഴെ വീഴാത്തപോലെ ജനങ്ങൾ വന്നു കൂടി
ദീപാരാധന കഴിഞ്ഞു. ഭഗവതിക്കുള്ള പറ നിറയ്ക്കലാണ് ഇനി
എല്ലാ ഉത്സവദിനത്തിലും രാത്രി ദീപാരാധനയ്ക്ക് ശേഷം ആ ചടങ്ങുണ്ട്. ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും പറയിടീലിന് ആള് വരും. വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവിയാണ്. നൊന്തു വിളിച്ചാൽ വിളികേൾക്കുന്ന അമ്മ
അത് കൊണ്ട് തന്നെ സ്ത്രീജനങ്ങൾ കൂടുതലായി എത്തുന്നിടമാണ്
ആനയുടെ പുറത്തല്ല ദേവി എഴുന്നള്ളുക
നാലു ബ്രാഹ്മണർ തോളിൽ വഹിക്കുന്ന പല്ലക്കിലാണ് ദേവി വരിക. അതൊരു കാഴ്ച തന്നെ ആണ്
നിലവിളക്കുകൾ ഏഴു തിരിയിട്ട് കത്തിച്ചു വെച്ച്, തുമ്പിലയിൽ ഗണപതിക്ക് അവലും മലരും ശർക്കരയും പഴവും ഒരുക്കി വെച്ച് സ്വർണ നിറമുള്ള പറയിൽ നെല്ല് നിറച്ച് അതിൽ തെങ്ങിന്റെ പൂവ് താഴ്ത്തി വെച്ച് ദേവിയെ കാത്തു നിൽക്കുന്ന സ്ത്രീ ജനങ്ങൾ
ദേവി എഴുന്നള്ളുമ്പോൾ അമ്മേ വിളികൾ കൊണ്ട് മുഖരിതമാകും ക്ഷേത്രങ്കണം
ദേവി വന്നു പറയെടുപ്പ് കഴിഞ്ഞാൽ ഒരു പൂജയുണ്ട്
പിന്നെ അത്താഴ ശീവേലി
അത് കഴിഞ്ഞു നട അടയ്ക്കും
അടുത്തത് ഗാനമേളയാണ്
അപ്പോഴേക്കും ക്ഷേത്രത്തിന്റെ ഗ്രൗണ്ടിൽ സൂചി കുത്താൻ ഇടമില്ലാത്ത വിധം ആള് നിറഞ്ഞു
ഹരി സ്റ്റേജിൽ വന്നു കഴിഞ്ഞു
ഗാനമേള ആരംഭിക്കുകയാണ്…അന്നൗൺസ്മെന്റ് മുഴങ്ങി..അത് കേട്ടപ്പോൾ തന്നെ ജനങ്ങൾ ആരവം മുഴക്കി
“ദേ ശരിക്കും കണ്ടോ അതാണ് ഹരിയേട്ടൻ ” ജെന്നി മീനാക്ഷിയുടെ ചെവിയിൽ പറഞ്ഞു
മീനാക്ഷിയും ജെന്നിയും സ്റ്റേജിൽ നിന്ന് കുറച്ചു ദൂരെയാണ് നിൽക്കുന്നത്.
ഹരി മൈക്ക് കയ്യിലെടുത്തു. നിലക്കാത്ത കൈയടികളും ആർപ്പ് വിളികളും
“ശ്രീഹരി…ഹരിയേട്ടാ…ഹരിയെ “
വിളിയൊച്ചകൾ
പെൺകുട്ടികളും ഉണ്ട് ആർപ്പ് വിളിക്കാൻ
“ഇത്രയ്ക്കും ഫാൻസ്? unbelievable” മീനാക്ഷി പറഞ്ഞു
“അതാണ് ഞങ്ങളുടെ ശ്രീഹരി “
ജെസ്സി പറഞ്ഞു
ശ്രീഹരി ഗണപതി സ്തുതി പാടി തുടങ്ങി
അതിന് ശേഷം ഹരി മുരളീരവം
പൂർണ നിശബ്ദത ആയിരുന്നു അപ്പോൾ
“ഈശ്വര എന്ത് നല്ല ശബ്ദം.ഇങ്ങേർക്ക് വല്ല സിനിമയിലും പാടിക്കൂടെ?”
മീനാക്ഷി മെല്ലെ ചോദിച്ചു
“മിണ്ടാതെ അടുത്ത പാട്ട് കേൾക്ക് ” ജെന്നി ഒരു നുള്ള് വെച്ചു കൊടുത്തു
അടുത്തത് വിജയുടെ പാട്ടായിരുന്നു
“രഞ്ജിതമേ..”
കാതടപ്പിക്കുന്ന കരഘോഷം
“വിജയ് ഫാൻ “
മീനാക്ഷി കണ്ണിറുക്കി
“എല്ലാരുടെ പാട്ടും പാടും “
ജെന്നി പറഞ്ഞു
നാല് പാട്ടുകൾ കഴിഞ്ഞു ഹരി മൈക്ക് ഗായികക്ക് കൈമാറി
“ഹരി ദാ വെള്ളം “
വിഷ്ണു വെള്ളവുമായി സ്റ്റേജിന്റെ പിന്നിൽ തന്നെ ഉണ്ടായിരുന്നു
“വിയർത്തു നനഞ്ഞു. നി ഷർട്ട് മാറിക്കോ “
ബ്ലാക്ക് ഷർട്ട് നീട്ടി വിഷ്ണു. ഹരി വേഷം മാറ്റി. കറുപ്പ് ഷർട്ട് കറുത്ത കരയുള്ള മുണ്ട്
“എന്റെ പൊന്നോ എജ്ജാതി ലുക്ക്. ആണായ എനിക്ക് പോലും നിന്നോട് പ്രേമം തോന്നുന്നുടാ.”
“അമ്പലത്തിൽ വെച്ചു പറയാൻ പറ്റിയ
ഡയലോഗ് ” ഹരി അവനിട്ടു ഒരു കൊട്ടു വെച്ചു കൊടുത്തു
“അല്ലടാ നി ഭയങ്കര ഗ്ലാമർ ആണെടാ. സത്യം “
“ഗ്ലാമർ ഒക്കെ ഇച്ചിരി ചൂട് വെള്ളം വീണാ പോവൂലെ? മനസ്സ്…അതിലാ കാര്യം ” അവൻ നെഞ്ചിൽ തട്ടി
ഗായിക പാടി തീർന്നു. അടുത്തത് ഹിന്ദി പാടുന്ന നിയാസ് പാടി തുടങ്ങി
ഹരിയെവിടെ?
ഹരീ
ഹരീ
വിളികൾ ഉയർന്നു കേൾക്കാം
“ആ നിയാസ് പാടി തീർക്കാൻ സമ്മതിക്കൂലേ ദൈവമേ “
ഹരി സ്റ്റേജിലേക്ക് പോയി മിണ്ടാതിരിക്കാൻ ആംഗ്യം കാട്ടി
ജനങ്ങൾ നിശബ്ദരാകുന്നത് ഗാനമേള കേട്ട് നിന്ന ബാലചന്ദ്രൻ അത്ഭുതത്തോടെ കണ്ടു
ഹരിയുടെ കരിസ്മ ആയാൾ മറ്റൊരാളിലും ഇത് വരെ കണ്ടിട്ടുണ്ടായിരുന്നില്ല. ഹരി വന്നു മൈക്ക് വാങ്ങിച്ചു
“old song പാടട്ടെ?”
അവൻ അനുവാദം ചോദിച്ചു
“yes… ” ജനക്കൂട്ടം മറുപടി കൊടുത്തു
“ശ്യാമ സുന്ദര പുഷ്പമേ….എന്റെ പ്രേമ സംഗീതമാണ് നീ…”
സദസ്സ് ശ്വാസം അടക്കി പിടിച്ച പാട്ട് കേട്ടിരുന്നു
ബാലചന്ദ്രൻ അയാളുടെ ക്യാമറയിൽ അത് റെക്കോർഡ് ചെയ്തു
ഗാനമേള തീർന്നപ്പോൾ രാത്രി രണ്ടു മണിയായി. ആരും പിരിഞ്ഞു പോകാതെ മുഴുവൻ കേട്ട് നിന്നു. ഇനി അടുത്ത വർഷമേയുള്ളു ഇതെന്ന് അവർക്കറിയാം
ലാസ്റ്റ് പാട്ട്
വേൽമുരുകാ ഹരോ ഹര..
ഹരി പാടുന്നതിനൊപ്പം ആൾക്കാർ കൂടെ പാടി
ഹരി നല്ല ഒരു എന്റർടൈൻമെന്റ് ടൂൾ ആണെന്ന് ബാലചന്ദ്രന് തോന്നി
He is fantastic
അയാൾ ഉള്ളിൽ പറഞ്ഞു
“എന്റെ ഭഗവതി ഈ ചെക്കനെ എന്റെ മോൾക്ക് തന്നാൽ അടുത്ത വർഷം ഈ സമയം ഞങ്ങൾ ഒന്നിച്ചു വന്നു ഈ ഉത്സവം നടത്തിക്കൊള്ളാം “
അയാൾ ഒരു നിമിഷം കണ്ണടച്ചു പ്രാർത്ഥിച്ചു
“ഹലോ പോവാം..ഉറങ്ങണ്ടേ തനിക്ക് പ്രഷറും ഷുഗറും ഒക്കെ ഉള്ളതല്ലേ?”
നകുലൻ അയാളെ നോക്കി ചോദിച്ചു
“പൊയ്ക്കളയാം “
അയാൾ ഒന്നുടെ നോക്കി
ഹരി കുറെയധികം ആൾക്കാർക്ക് നടുവിൽ ആണ്. ഫോട്ടോ എടുക്കുന്നു സംസാരിക്കുന്നു. അയാൾ മുഖം തിരിച്ചു നടന്നു തുടങ്ങി
“ഹരിയേട്ടാ ഇത് മീനാക്ഷി. ഞാൻ പറഞ്ഞില്ലേ എന്റെ ഫ്രണ്ട് “
ജെന്നി ഹരിയെ തോണ്ടി.ഹരി വാച്ചിൽ നോക്കി
“മൂന്ന് മണിയായിട്ടും ഇവിടെ നിൽക്കുന്നോ. വീട്ടിൽ പോടീ..ജെസ്സിചേച്ചിയും തോമസ് ചേട്ടനും എവിടെ?”
ജെന്നി ചമ്മി
നല്ല മാന്യമായി ചമ്മി
“അവർ പോയി “
“ബെസ്റ്റ്..മോള് പോയെ.. വേഗം..പുഷ്പചേച്ചി ഇവരെ കൂടെ കൊണ്ട് പൊ “
അവൻ ഉറക്കെ വിളിച്ചു പറഞ്ഞു
“വേഗം വാ പിള്ളേരെ “
അത് ചേച്ചിയുടെ വക
“വീട്ടിലോട്ട് വാ കേട്ടോ വെച്ചിട്ടുണ്ട് “
ജെന്നി അവന്റെ കയ്യിൽ ഒരു നുള്ള് വെച്ചു കൊടുത്തു പറഞ്ഞു
“ആവൂ “
അവൻ കൈ കുടഞ്ഞു. മീനാക്ഷി ചിരിച്ചു കൊണ്ട് വാ പൊത്തി. ഹരിയുടെ നോട്ടം ഒരു തവണ അവളിൽ വന്നു വീണു
അടുത്ത സെക്കന്റ് അത് മാറുകയും ചെയ്തു
മീനാക്ഷിക്ക് പക്ഷെ നെഞ്ചിൽ ഒരു ഇടിമുഴക്കം ഉണ്ടായി. അവൾ നടന്നു തുടങ്ങിയിരുന്നു. പക്ഷെ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി കൊണ്ടിരിക്കുന്നു
ഹരി അത് കണ്ടില്ലന്നു നടിച്ചു. അവനിതു പതിവാണ്. അത് കൊണ്ട് തന്നെ ഒരു നോട്ടത്തിൽ തീർക്കും അവൻ എല്ലാം
പിന്നെ വിഷമിക്കാനും നീറാനും ഒരു പെണ്ണിനെയും ഓർമയിൽ സൂക്ഷിച്ചു വെയ്ക്കില്ലാന്നു പണ്ടേ എടുത്ത തീരുമാനം ആണ്. അത് കൊണ്ട് തന്നെ ഹരി ഇത് വരെ ഒരു പെണ്ണിനും മനസ്സ് കൊടുത്തിട്ടുമില്ല. ഒരാളെയും എടുത്തിട്ടുമില്ല
“നകൂലാ “ബാലചന്ദ്രൻ വിളിച്ചു
“നീ ഉറങ്ങിയില്ലേ?”
“എനിക്ക് എന്തോ ഉറക്കം വരുന്നില്ല. ഹരിയാണ് മനസ്സിൽ. സത്യത്തിൽ ബിസിനസ് ടെൻഷൻ, മോളുടെ കാര്യം ഇതൊക്കെ ഓർത്തപ്പോൾ എവിടെ എങ്കിലും ഒരു യാത്ര പോകണം എന്ന് മാത്രേ ചിന്തിച്ചുള്ളൂ. അപ്പോഴാണ് നീ ഉത്സവം, ക്ഷേത്രം എന്നൊക്കെ പറഞ്ഞത്. എല്ലാ വർഷവും ദുബായ്, പാരീസ് അങ്ങനെ എവിടെ എങ്കിലുമാണ് ടൂർ പോകുക. നീ ഈ നാടിനെ കുറിച്ച് പറഞ്ഞപ്പോ വരാൻ തോന്നി. വന്നത് നന്നായി. ഹരിയെ കണ്ടു…ഹരിയെ എനിക്ക് ഒരു പാട് ഇഷ്ടമായി നകൂലാ. അവൻ ഞാൻ തന്നെ ആണ്. ഒന്നുമില്ലായ്മയിൽ നിന്ന് അധ്വാനിച്ചു മുന്നേറുന്ന ഞാൻ.. എന്റെ ബാല്യവും ഇങ്ങനെ തന്നെ ആയിരുന്നു…ഹരിയോട് നീ ഒന്ന് സംസാരിക്കണം. എനിക്കുള്ളതൊക്കെ ഞാൻ കൊടുക്കാം.”
നകുലൻ കുറച്ചു നേരം നിശബ്ദനായിരുന്നു
“അഞ്ജലി സമ്മതിക്കണ്ടേ?”
“ഞാൻ അവളുടെ കാല് പിടിച്ചാണെങ്കിലും സമ്മതിപ്പിച്ചു കൊള്ളാം. നീ ഹരിയോട് സംസാരിക്കണം. എനിക്ക് തോന്നുന്നു എന്റെ മോള് അവന്റെ കൂടെയുള്ള ജീവിതത്തിൽ ഹാപ്പി ആവുമെന്ന്. കുറെ കണ്ണീര് കുടിച്ചതല്ലെടാ എന്റെ മോള് “
“ബാലു നിന്റെ മോള്,അവള് എം ബി ഒക്കെ കഴിഞ്ഞ ഒരു പെൺകുട്ടിയാണ്. മുംബൈ, കൊച്ചി മുതലായ മെട്രോ നഗരത്തിൽ താമസിച്ചു മാത്രം പരിചയം ഉള്ള ഒരു പെൺകുട്ടി. അവളുടെ ജീവിതത്തിൽ ഒരു ട്രാജഡി ഉണ്ടായി. ശരി. പക്ഷെ അതിന് പരിഹാരം ഇങ്ങനെ ഒരു വിവാഹം ആണോ? അവൾക്ക് എന്താ തോന്നുക? അവൾക്ക് ഹരിയെ അറിയില്ല. അവന്റെ ക്വാളിറ്റി അറിയില്ല. അവൾ നോക്കുമ്പോൾ ആടിനെയും പശുവിനെയും കോഴിയെയും വളർത്തി ജീവിക്കുന്ന ഒരു കൃഷിക്കാരൻ. അവൾക്ക് ഇത് അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ല. പിന്നെ ഹരി അങ്ങോട്ട് വരില്ല.എനിക്ക് അവന്റെ സ്വഭാവം അറിയാം. അഞ്ജലി ഇങ്ങോട്ട് വന്നു ഈ കൊച്ച് വീട്ടിൽ താമസിക്കുമോ? നെവർ. അവളുടെ ജീവിതത്തിൽ ഇനിയൊരു ദുരന്തം ഉണ്ടായാൽ അവൾ താങ്ങുമോ? അവൾ ആ* ത്മഹത്യ ചെയ്യും ബാലു “
ബാലചന്ദ്രൻ ഞെട്ടിപ്പോയി
“നീ ആലോചിച്ചു നോക്ക് എന്നിട്ട് തീരുമാനിക്ക്.”
നകുലൻ പുതപ്പ് വലിച്ചു മൂടി
“രാവിലെ ആലോചിച്ച മതി. ഉത്സവം ഇനിയും ഒമ്പത് ദിവസം ഉണ്ട്. ഹരിയുടെ ഒരു മുഖം കൂടി ഭാഗ്യം ഉണ്ടെങ്കിൽ നിനക്ക് കാണാം. അപ്പൊ ചിലപ്പോൾ നീ നിന്റെ തീരുമാനം മാറ്റും “
അതെന്താണെന്ന് ബാലുവിന് മനസിലായില്ല.
അത് മനസിലാക്കാൻ അധിക ദിവസങ്ങൾ ഒന്നും വേണ്ടി വന്നില്ല താനും
ആ വിശ്വരൂപം കണ്ട് ബാലചന്ദ്രൻ ഞെട്ടി പോകുകയും ചെയ്തു.
അത് അഞ്ചാം ഉത്സവത്തിനായിരുന്നു
ശ്രീഹരി സംഹാരരുദ്രനായ അഞ്ചാം ഉത്സവം
(തുടരും)