കുഞ്ഞുകുഞ്ഞ് വേദനകൾ…
Story written by Nisha Pillai
=====================
മദറിന്റെ മുറിയിലേയ്ക്കു സിസ്റ്റർ അനബെല്ല കടന്നു വന്നപ്പോൾ മദർ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു.ദേഷ്യം കൊണ്ട് മദറിന്റെ മുഖം വലിഞ്ഞു മുറുകി.ദേഷ്യത്തോടെ മൊബൈൽ ഫോൺ മേശപ്പുറത്തേയ്‌ക്ക് വയ്ക്കുമ്പോൾ മദർ എന്തോ ആലോചനയിലായിരുന്നു.അനബെല്ലയെ നോക്കി മദർ ചിരിക്കാൻ ശ്രമിച്ചു.
“സംഗതി അങ്ങ് അരമന വരെയെത്തി.എന്തൊരു അഹങ്കാരമാണ് അവർക്ക്.”
“എന്താ മദർ ,ആരുടെ കാര്യമാണ് ?”
“ആ സിസ്റ്റർ സൂസന്റെ കാര്യമാണ്,അവർ ഫാദർ ജോഷിയെ വിളിച്ചു ,സിസ്റ്റർ അനബെല്ല സ്കൂളിന്റെ കാര്യത്തിൽ അനാവശ്യമായി ഇടപെടുന്നു എന്നൊരു പരാതി പറഞ്ഞിട്ടുണ്ട്.നിനക്കറിയാല്ലോ അവരുടെ രണ്ടുപേരുടേയും ഇടയിൽ ചുറ്റിക്കളികൾ തുടങ്ങിയിട്ടുണ്ട് എന്നൊരു പറച്ചിൽ മഠത്തിലുണ്ട്.നീ ഇനി സ്കൂളിലേയ്ക്ക് പോകേണ്ട എന്നാണ് ഫാദർ പറയുന്നത്.നീ വിഷമിയ്ക്കണ്ട ഞാൻ ജോഷിയച്ചനെ പറഞ്ഞു മനസിലാക്കിയ്ക്കാം.”
“ഞാൻ ഇനി സ്കൂളിൽ പോകണ്ടേ. അയ്യോ ആന്റി …ആന്റിക്കറിയില്ലേ ഞാൻ എന്തിനാണ് പോകുന്നതെന്ന്.”
സിസ്റ്റർ അനബെല്ല മദറിനെ കെട്ടി പിടിച്ചു ഉമ്മ കൊടുത്തു.
“എന്റെ അന്നക്കുട്ടി,നീയിപ്പോൾ ചെറിയൊരു കുട്ടിയല്ല,നീയിപ്പോൾ എന്റെ ചേട്ടന്റെ മകൾ മാത്രമല്ല ഈ മഠത്തിലെ കൗൺസിലർ ആയ സിസ്റ്റർ അനബെല്ലയാണ്.ഇവിടെ ഞാൻ നിന്റെ ആന്റി അല്ല ,മദർ തെരേസയാണ്. എനിക്ക് മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ചേ പറ്റൂ.”
“ആന്റി എനിക്ക് ക്ലാര മോളെ ഒന്ന് കാണണം ,ആന്റി കണ്ടിട്ടില്ലേ ആ കുഞ്ഞിന്റെ മുഖം. ഈ പ്രായത്തിൽ ചിരിച്ചു കളിച്ചു നടക്കേണ്ട ഒരു പതിനൊന്നുകാരിയല്ലേ അവൾ .എനിക്കവളെ സഹായിക്കണം.ഇന്നും കൂടി മാത്രം…. ഞാൻ അവളെ ക്ലാസ്സിൽ പോയി ഒന്ന് കണ്ടോട്ടേ മദർ.നാളെ മുതൽ ഞാനവളെ ചാപ്പലിൽ വച്ച് രഹസ്യമായി കണ്ടു കൊള്ളാം.”
മദർ ഗൗരവത്തിൽ സിസ്റ്റർ അനബെല്ലയെ നോക്കി.
“ശരി ശരി ,ഇന്നും കൂടെ മാത്രം.പക്ഷേ ആ സിസ്റ്റർ സൂസന്റെ കണ്ണിൽ പെടേണ്ട.”
സിസ്റ്റർ അനബെല്ല ചുറ്റുമൊന്ന് നോക്കി. മദറിനെ ഒരിക്കൽ കൂടി ഉമ്മ വച്ച് ഒരു മൂളിപ്പാട്ടും പാടി നേരെ മുറിയിലേയ്ക്കു പോയി.റൂം മേറ്റ് കാണാതെ മാറ്റി വച്ച ചെറിയ ഗിഫ്റ്റ് പാക്കറ്റ് സിസ്റ്റർ പോക്കറ്റിൽ വച്ചു.ഇന്ന് ക്ലാര മോളുടെ പിറന്നാൾ ആണ്.അവൾക്കു കൊടുക്കാനായി മനോഹരമായ ഒരു പേനയാണ് സിസ്റ്റർ വാങ്ങി വച്ചത്.
സിസ്റ്റർ അനബെല്ല കുട്ടികളുടെ കൗൺസിലർ ആയി ചാർജ്ജ് എടുത്തപ്പോൾ എല്ലാ ഭാഗത്തു നിന്നും മുറുമുറുപ്പായിരുന്നു.മദറിന്റെ ബന്ധു ആയതു കൊണ്ട് ആരും നേരിട്ട് എതിർത്തില്ല എന്ന് മാത്രം.പ്രശ്നക്കാരായ കുട്ടികളെ മാത്രം ക്ലാസ് ടീച്ചേർസ് അനബെല്ലയുടെ അടുത്തേയ്ക്കു വിടും.അനബെല്ലയുടെ അടുത്തേയ്ക്കു വരുന്ന കുട്ടികളിൽ പലർക്കും മാനസികമായ പ്രശ്നമൊന്നും കാണാറില്ല. അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും ശിക്ഷകളിൽ നിന്നും രക്ഷപെടാൻ കുട്ടികൾ അനബെല്ലയുടെ മുറിയിലേയ്ക്കു വരും.
ചാപ്പലിൽ വച്ചാണ് അനബെല്ല ആദ്യമായി ക്ലാര എന്ന ആറാം ക്ലാസ്സുകാരിയെ കണ്ടു മുട്ടുന്നത്.ദുഃഖം കടിച്ചമർത്തി അവൾ പതിവായി ചാപ്പലിൽ പ്രാർത്ഥിക്കുന്നത് ക്ലാര ശ്രദ്ധിച്ചിട്ടുണ്ട്.മറ്റു കുട്ടികൾ കൂട്ടുകാരുമായി കളിക്കുമ്പോൾ ക്ലാര ക്ലാസ്സിലെ ഡെസ്ക്കിൽ കമഴ്ന്നു കിടന്നു കരയുന്നത് കണ്ടിട്ടുണ്ട്.സിസ്റ്റർ സൂസനാണ് അവളുടെ ക്ലാസ് ടീച്ചർ.അവളെക്കുറിച്ച് സൂസനോട് സൂചിപ്പിച്ചപ്പോൾ
“സിസ്റ്റർ, ക്ലാരയുടെ കാര്യത്തിൽ ഇടപെടേണ്ട.അത് ഞാൻ നോക്കി കൊള്ളാം”
എന്ന താക്കീതാണ് സൂസൻ നൽകിയത്.
ആദ്യമൊന്നും മനസ്സ് തുറക്കാതിരുന്ന ക്ലാര മോൾ ഒരിക്കൽ അന്നബെല്ലയെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.
“എനിക്ക് മമ്മിയെ ഒന്ന് കാണണം സിസ്റ്ററെ ,എന്റെ അച്ചാച്ചനെ കാണണം, പപ്പയെ കാണണം.എന്നെ ആരും വീട്ടിലേയ്ക്കു കൂട്ടി കൊണ്ട് പോകുന്നില്ല.എന്നെ ആന്റിയുടെ വീട്ടിൽ നിർത്തിയത് ,ഞാൻ നല്ല സ്കൂളിലൊക്കെ പഠിച്ചു മിടുക്കിയാവാനാണ്.പക്ഷെ എനിക്ക് മമ്മിയെ കാണാതിരിക്കുവാൻ പറ്റുന്നില്ല.”
“മോളുടെ പപ്പയെയും മമ്മിയേയും വിവരം അറിയിക്കട്ടെ .കുറച്ചു ദിവസത്തേയ്ക്ക് പപ്പാ വന്നു വീട്ടിലേയ്ക്കു കൂട്ടി കൊണ്ടു പോകട്ടെ .”
“അയ്യോ ആൻ്റിയെങ്ങാനുമറിഞ്ഞാൽ.”
“ആൻ്റിയറിയണ്ട,മോളുടെ കവിളിലെന്താ ചുവന്ന വിരൽപ്പാടുകൾ?ആരാ തല്ലിയത്.”
അവൾ പേടിച്ച് ചുറ്റും നോക്കി.
“ആരോടും പറയല്ലേ,ഇന്നലെ ആൻ്റി തല്ലിയതാണ്.”
“എന്തിനാ മോളെ,കുട്ടികളെ ആരെങ്കിലും ഇങ്ങനെ തല്ലുമോ?”
“സ്കൂൾ വിട്ട് വന്നപ്പോൾ ഒരു ലെറ്റർ പോസ്റ്റ് ചെയ്യാൻ തന്നു.വിശപ്പ് കാരണം ഞാൻ ചോറ് കഴിച്ചിട്ടാണ് പോയത്.അപ്പോഴേയ്ക്കും പോസ്റ്റ് ഓഫീസ് അടച്ചിരുന്നു.തിരികെ ലെറ്റർ കൊണ്ട് ചെന്ന് കൊടുത്തപ്പോൾ കിട്ടിയതാ.”
അവൾ കവിൾ തടവി.അനബെല്ല സങ്കടത്തോടെ കുട്ടിയെ നോക്കി.അന്ന് മുതലാണ് അനബെല്ല ക്ലാരയെ കൃത്യമായി നിരീക്ഷിക്കാൻ തുടങ്ങിയത്. മിടുക്കിയായ ആ കുട്ടി മാനസിക ആഘാതത്തിൽ ആണെന്ന് മനസിലായി. അനബെല്ല എന്നും അവളെ കാണുകയും അവളുമായി നല്ലൊരു സൗഹൃദം കാത്ത് സൂക്ഷിക്കുകയും ചെയ്തു.
ക്ലാരയുടെ അമ്മ ഷെറിൻ, അവളുടെ പപ്പയായ ക്രിസ്റ്റിയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു. സമ്പന്നനായ ക്രിസ്‌റ്റി ഷെറിനുമായി അഗാധമായ പ്രണയത്തിലായി.ഷെറിൻ പോലും ക്രിസ്റ്റിയുടെ പ്രണയത്തെ വെറുമൊരു നേരം പോക്ക് വിനോദമായി മാത്രമേ കണ്ടിരുന്നുള്ളു.പക്ഷെ ബാങ്കിൽ ഒരു ജോലി തരപ്പെട്ടപ്പോൾ ,ക്രിസ്‌റ്റി വീട്ടുകാരുടെ എതിർപ്പിനെ മറികടന്നു ഷെറിനെ വിവാഹം ചെയ്തു.അവരുടെ ദാമ്പത്യം സ്നേഹത്തിൽ മുന്നോട്ടു പോയി.ആദ്യത്തെ കണ്മണിയായ സാം ജനിക്കുന്നത് വരെ എല്ലാം സന്തോഷകരമായി മുന്നോട്ട് പോയി.
സാം സാധാരണ കുട്ടികളെ പോലെ ആയിരുന്നില്ല.രണ്ടു വയസ്സായിട്ടും അവൻ നടക്കാൻ തുടങ്ങിയില്ല.അവ്യക്തമായ സംസാരം, ബുദ്ധിക്കുറവ് തുടങ്ങിയ ബുദ്ധിമുട്ടുകളുള്ളൊരു കുട്ടിയായി അവൻ വളർന്നു.എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കാൻ അമ്മ എപ്പോഴും അവൻ്റെ കൂടെയുണ്ടാകണം.ഇളയ കുട്ടിയായ ക്ലാര വളരെ മിടുക്കിയായി വളർന്നു വന്നു.
സാമിന്റെ ഈ അവസ്ഥ കാരണം ഷെറിൻ വിഷമിച്ചു. ക്രിസ്റ്റിയും ഷെറിനും തമ്മിലുള്ള ബന്ധം തകരാൻ സാം ഒരു കാരണമായി.അയാൾ ഷെറിനോട് പിണങ്ങി. താൻ മാതാപിതാക്കളെ ധിക്കരിച്ചതു കൊണ്ടാണ് തനിക്കിങ്ങനെയൊക്കെ അനുഭവിക്കേണ്ടി വന്നത് എന്ന കുറ്റബോധം അയാളെ വേട്ടയാടി.അയാൾ മ-ദ്യപിയ്ക്കാൻ തുടങ്ങി.ഭാര്യയെയും മക്കളെയും അയാൾ അവഗണിച്ചു.ഒടുവിൽ അയാളുടെ വീട്ടുകാർ തന്നെ അയാൾക്ക് ഒരു പോംവഴി കണ്ടെത്തി കൊടുത്തു.ഇളയമകളായ ക്ലാരയെ , അവൾക്ക് നല്ല വിദ്യാഭ്യാസവും ജീവിതവും കിട്ടാനായി ക്രിസ്റ്റിയുടെ മാതാപിതാക്കളോടൊപ്പം ആ നിലവാരത്തിൽ വളർത്തുക.ക്രിസ്റ്റിയുടെ മാതാപിതാക്കളുടെ കാലത്തോളം അവൾക്ക് കുഴപ്പമില്ലായിരുന്നു.അവരുടെ മരണശേഷം ക്ലാര അപ്പച്ചിയുടെ കൂടെയായി അവളുടെ താമസം.
വർഷത്തിൽ രണ്ടു പ്രാവശ്യം,ക്രിസ്തുമസിനും ഈസ്റ്ററിനും മാത്രമാണ് ക്ലാരയ്ക്കു സ്വന്തം വീട്ടിൽ പോകാൻ അനുവാദം ഉണ്ടായിരുന്നത്.അപ്പച്ചിയുടെയും മക്കളുടെയും ജോലിക്കാരിയെ പോലെ കുഞ്ഞു ക്ലാര അവിടെ ജീവിച്ചു.എല്ലാ ജോലിയും കഴിഞ്ഞു അവൾക്കു പഠിക്കാൻ സമയം കിട്ടിയിരുന്നില്ല.അവളുടെ പ്രായത്തിലുള്ള കുട്ടികളെക്കാൾ പക്വതയും പാകതയും അവൾക്കു ഉണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അവളുടെ പപ്പാ അവളെ കാണാൻ വരും,അപ്പോഴൊക്കെ തന്നെ തൻ്റെ അമ്മയുടെ അടുത്തേയ്ക്കു കൊണ്ട് പോകാൻ പറയാനായി അവളുടെ മനസ്സ് വെമ്പും,പക്ഷെ അപ്പച്ചിയുടെ സാന്നിധ്യം,പപ്പാ പോയി കഴിഞ്ഞാൽ ഏൽക്കേണ്ടി വരുന്ന ക്രൂ-ര മ-ർദ്ദനം,ഇനി ഇതൊക്കെ പറഞ്ഞാലും പപ്പാ ഒരിക്കലും സ്വന്തം പെങ്ങളെ അവിശ്വസിക്കത്തുമില്ല.
ഒരിക്കൽ കരഞ്ഞു കലങ്ങിയ കണ്ണുമായി ക്ലാരമോൾ സ്കൂളിൽ വന്നു .ഉച്ചക്ക് ക്ലാസ്സിൽ മയങ്ങി വീണ ക്ലാരയെ കുട്ടികൾ എടുത്തു കൊണ്ട് വന്നത് അനബെല്ലയുടെ മുന്നിലേക്കാണ്.കരഞ്ഞു തളർന്ന കുഞ്ഞിനോട് എന്ത് ചോദിച്ചിട്ടും അവൾ വാ തുറന്നില്ല.വളരെ പ്രയാസപ്പെട്ടാണ് അനബെല്ല അവളെ കൊണ്ട് ഭക്ഷണം കഴിപ്പിച്ചത്.അവളുടെ തുടയിൽ പതിഞ്ഞ മൂന്ന് വിരൽ പാടുകൾ അനബെല്ല മദറിന്റെ ശ്രദ്ധയിൽ പെടുത്തി.അപ്പോഴാണ് അപ്പച്ചിയുടെ മർദ്ദനത്തെ കുറിച്ച് കുഞ്ഞു ക്ലാര കരഞ്ഞും കൊണ്ട് പറഞ്ഞത്.ഇതൊന്നും പപ്പയും അമ്മയും അറിയരുത്.അറിഞ്ഞാൽ അപ്പച്ചി അവളെ കൂടുതൽ ഉ-പദ്രവിയ്ക്കും.
സ്വകാര്യതയിൽ ജോലിക്കാരിയുടെ മകളേയെന്ന് വിളിച്ചാണ് ഉപദ്രവം.രാവിലെ എഴുന്നേറ്റ് വീട്ടു പണിയൊക്കെ ചെയ്തതിനു ശേഷമേ അവൾക്കു സ്കൂളിൽ പോകാൻ അനുവാദമുണ്ടായിരുന്നുള്ളു.സമപ്രായക്കാരായ, ബന്ധുക്കളായ കുട്ടികളുടെ മുന്നിൽ വച്ചേൽക്കുന്ന അപമാനം അവൾക്കു താങ്ങാവുന്നതിലും അധികമായിരുന്നു.
മദറിന്റെ അനുവാദത്തോടെ അനബെല്ല ക്ലാരയുടെ ക്ലാസ്സിനടുത്തേയ്ക്കു നടന്നു. സൂസൻ ഫോണിലാണ്,ആരുമായോ ചിരിച്ചുല്ലസിച്ചു സംസാരിക്കുകയാണ്. ബെല്ലടിച്ചപ്പോൾ കുട്ടികൾ പുറത്തേയ്ക്കു കളിയ്ക്കാൻ പോയി,ക്ലാര പുറത്തേയ്ക്കു വന്നതും അനബെല്ല അവളെ തന്റെ മുറിയിലേയ്ക്കു കൊണ്ട് പോയി,ആരും കാണാതെ അവൾക്കു ഒളിപ്പിച്ചു വച്ച സമ്മാനപ്പൊതി നൽകി.
“നാളെ ക്ലാര മോൾക്ക് ഒരു സർപ്രൈസ് നൽകുന്നുണ്ട്.എന്താണെന്നു പറയാമോ?”
“എനിക്ക് വായിക്കാൻ ചാർലി ആൻഡ് ദി ചോക്ലേറ്റ് ഫാക്ടറി വാങ്ങി തരാമെന്നു സിസ്റ്റർ പറഞ്ഞതല്ലേ.”
“അതൊന്നുമല്ല .അതൊക്കെ നാളെ അറിഞ്ഞാൽ മതി.”
അവളെ സന്തോഷത്തോടെ പറഞ്ഞയച്ചിട്ട് അനബെല്ല അഡ്മിഷൻ രജിസ്റ്ററിൽ നിന്നും ഷെറിന്റെ ഫോൺ നമ്പർ എഴുതിയെടുത്തു .പലപ്പോഴും ഷെറിൻ്റെ നമ്പർ സൂസനോട് ചോദിച്ചിട്ടുണ്ടെങ്കിലും ,അനബെല്ലയുടെ ഇടപെടലുകൾ അവളിഷ്ടപ്പെട്ടില്ല.സൂസനറിയാതെ അവൾ ഷെറിന്റെയും ക്രിസ്റ്റിയുടെയും ഫോൺ നമ്പർ എഴുതിയെടുത്തു. ആദ്യം ഷെറിനെ വിളിക്കാമെന്ന് കരുതി.
ഫോൺ കോൾ സ്കൂളിൽ നിന്നാണെന്ന് കേട്ടപ്പോഴേ ഷെറിൻ പേടിച്ചു.
“സിസ്റ്ററേ എന്റെ മോൾക്ക് എന്തേലും കുഴപ്പം “
“അവൾക്കു കുഴപ്പം ഉണ്ടാകാതിരിക്കാതിരിക്കാനാ വിളിച്ചത്.നാളെ ഷെറിന് സ്കൂളിലേയ്ക്ക് ഒന്ന് വരാമോ? “
“അയ്യോ മോനെ തനിയെ വിട്ടിട്ട് ഞാൻ എങ്ങനെയാ വരുന്നത്.ജോലിക്കും പോകണമല്ലോ സിസ്റ്ററെ.വിളിച്ചാൽ അവളുടെ അപ്പച്ചി വരും,അവളുടെ പഠനകാര്യമൊക്കെ അപ്പച്ചിയാണ് നോക്കുന്നത്.”
“അവളുടെ പഠനകാര്യമൊന്നും പറയാനല്ല.പറ്റുമെങ്കിൽ ഒന്ന് വന്നു കൂടെ.സ്വന്തം മകൾക്കു വേണ്ടി കുറച്ചു നേരം.തത്കാലം വേറെ ആരും അറിയണ്ട.മദറിന്റെ റൂമിൽ എത്തിയാൽ മതി.”
“ഞാൻ വരാം.കാര്യമെന്ത് സിസ്റ്ററെ ,എനിക്ക് ആധിയായി.”
പിറ്റേ ദിവസം രാവിലെ തന്നെ ഷെറിൻ ഓടി വന്നു.മദറിനെ മുറിയിൽ വച്ച മകളെ കണ്ടപ്പോൾ ഷെറിൻ കുട്ടിയെ ഉമ്മകൾ കൊണ്ട് മൂടി.കുട്ടിയാകട്ടെ അമ്മയെ കണ്ടപ്പോൾ അനുസരണയുള്ള കൊച്ചു കുട്ടിയെപ്പോലെ അമ്മയുടെ സാരി തുമ്പിൽ ചുറ്റി നിന്നു.ബെല്ലടിച്ചപ്പോൾ കുട്ടിയെ ക്ലാസ്സിൽ അയച്ചിട്ട് സിസ്റ്റർ അനബെല്ല ഷെറിനോട് സംസാരിക്കാൻ തുടങ്ങി.
“അപ്പച്ചിയുടെ വീട്ടിൽ ക്ലാര മോൾ അനുഭവിയ്ക്കുന്ന കഷ്ടപ്പാടുകൾ ഷെറിൻ അറിയുന്നില്ലേ.ഒരു കൊച്ചു കുട്ടിയെ കൊണ്ട് താങ്ങാൻ കഴിയുന്നതിലും അധികമാണ് പീ-ഡനം.”
“ഞാനെന്ത് ചെയ്യും സിസ്റ്ററെ ,അവളുടെ പപ്പയുടെ ആൾക്കാരാണ് അവളെ പഠിപ്പിക്കുന്നത്.അവിടെ നിന്നാൽ അവൾക്കു നല്ലൊരു ഭാവി ഉണ്ടാകും. അതാണ് ഞാൻ അവളെ അവിടെ നിർത്തിയത്.അവരൊക്കെ ധാരാളം പഠിച്ചവരും ജോലിക്കാരുമൊക്കെയാണ്.എന്റെ മോളും അവരെ പോലെ ആകണ്ടേ സിസ്റ്ററെ .എന്നെ പോലെ ഒരു വീട്ടുജോലിക്കാരി ആകാനല്ല ഞാൻ അവളെ വളർത്തുന്നത്.”
“അതിനു ഈ കഷ്ടപാടൊക്കെ സഹിച്ചു കഴിഞ്ഞ് അവൾ ജീവനോടെ വേണ്ടേ.”
“എന്താ സിസ്റ്ററെ.”
“ഷെറിൻ,സ്വന്തം വീട്ടിൽ ഒരു രാജകുമാരിയെ പോലെ ജീവിക്കുന്നതല്ലേ, രാജകൊട്ടാരത്തിൽ ജോലിക്കാരിയെ പോലെ കഴിയുന്നതിനേക്കാൾ നല്ലത്. അവർ ആ കുഞ്ഞിനെ നല്ലതു പോലെ ഉപദ്രവിക്കുന്നുണ്ട്.അവളെ അവിടെ നിന്നു രക്ഷപെടുത്തണം.ഈ പ്രായത്തിൽ പെൺകുഞ്ഞുങ്ങൾക്ക് അമ്മമാരുടെ സാന്നിധ്യമാണ് വേണ്ടത്.”
“പക്ഷെ അവര് സമ്മതിക്കില്ല സിസ്റ്ററെ ,അവളുടെ പപ്പായ്ക്കും അവളെ വീട്ടിൽ കൊണ്ട് പോകുന്നത് ഇഷ്ടമാകില്ല.”
സിസ്റ്റർ തന്റെ ഫോണിൽ എടുത്ത ഒന്ന് രണ്ടു ഫോട്ടോ ഷെറിനെ കാണിച്ചു. അടിച്ചു പൊട്ടിച്ച കൈകാലുകളുടെ ചിത്രം.കവിളിൽ പതിഞ്ഞ മൂന്നു വിരല്പാടുകൾ.
“ഇത് ഷെറിന്റെ കുട്ടിയാണ്.ക്ലാരമോളുടെ അമ്മ ഷെറിനാണ്.ഉപദ്രവം താങ്ങാനാകാതെ കുട്ടി എന്തെങ്കിലും കടും കൈ ചെയ്താൽ പിന്നെ വിഷമിച്ചിട്ടു കാര്യമില്ല ഷെറിനെ.ഷെറിൻ ഒന്നും ചെയ്തില്ലെങ്കിലും ഞാൻ ഈ ഫോട്ടോസ് വച്ച് ചൈൽഡ് ലൈനിൽ പരാതി കൊടുക്കും.ബാ-ല വേലയും ബാല പീ-ഡന-വും.ആ വീട്ടിലെ മുഴുവൻ പണികൾ കഴിഞ്ഞു കുട്ടിക്ക് വിശ്രമിക്കാനും പഠിക്കാനും നേരം കിട്ടുന്നുമില്ല.പിന്നെയെങ്ങനാണ് ഷെറിനെ അവൾ പഠിച്ചു കേമിയാകുന്നത്. കുഞ്ഞെന്ന പരിഗണയെങ്കിലും അവൾക്കു കിട്ടണ്ടേ.”
ഷെറിൻ പൊട്ടിക്കരഞ്ഞു.
“ഞാനവരെ പേടിച്ചാണ് സിസ്റ്റർ .ഇനിയെനിക്കാരെയും പേടിയ്ക്കാനില്ല. ഞാനൊരമ്മയല്ലേ, വയ്യാതെ കിടക്കുന്ന എന്റെ മകനെ സംരക്ഷിക്കുന്നതിന്റെ നൂറിൽ ഒന്ന് ഞാനെന്റെ മകൾക്കു വേണ്ടി ചെയ്യുന്നില്ല.ഞാൻ അവളെ അവിടെ നിന്നു മാറ്റുകയാണ്.നാട്ടിലെ പള്ളിക്കൂടത്തിൽ അവൾ പഠിക്കട്ടെ.എന്റെ കൺവെട്ടത്ത് അവൾ വളരട്ടെ.”
“അതാ നല്ലത് ഷെറിൻ.അവളെ പിരിയുന്നതിൽ എനിക്കും സങ്കടമുണ്ട്.പക്ഷെ അവളുടെ സങ്കടം കാണാൻ ആകുന്നില്ല.ഞാനിടക്ക് അവളെ കാണാൻ നാട്ടിൽ വന്നുകൊളളാം .”
ക്ലാര മോൾ യാത്ര ചോദിയ്ക്കാൻ വന്നപ്പോൾ സിസ്റ്റർ അനബെല്ലയ്ക്കു കരച്ചിൽ വന്നു.അവളെല്ലാവരോടും യാത്ര പറഞ്ഞു അമ്മയോടൊപ്പം സന്തോഷത്തോടെ യാത്രയായി.അവളുടെ അപ്പച്ചിയുടെ പരാതിയുമായി സൂസൻ മദറിനെ സമീപിച്ചപ്പോൾ മദർ തന്റെ ഫയലിൽ നിന്നും കുട്ടിയെ മർദിച്ചതിന്റെ ഫോട്ടോസും കുട്ടിയും അമ്മയും എഴുതി നൽകിയ പരാതിയും കാണിച്ചു.
“എന്തറിഞ്ഞിട്ടാണ് സൂസൻ സിസ്റ്റർ അവർക്കു വേണ്ടി സംസാരിക്കുന്നത്.തന്റെ ക്ലാസ്സിലെ ഒരു പെൺകുട്ടി ഇത്രയും ക്രൂ-ര-മായ പീ-ഡനം ഏറ്റു വാങ്ങിയിട്ട് സിസ്റ്റർ എന്താണ് ആ കുട്ടിക്ക് വേണ്ടി ചെയ്തത്.ഇപ്പോഴും സിസ്റ്റർ പ്രതികൾക്ക് വേണ്ടിയാണു സംസാരിക്കുന്നത്.ആ കുട്ടിയുടെ കുഞ്ഞു കുഞ്ഞു വേദനകൾ നമ്മൾക്ക് മനസിലാക്കാൻ സാധിയ്ക്കണ്ടേ.നമ്മളെ ദൈവത്തിന്റെ മാലാഖമാർ എന്ന് വിശേഷിപ്പിക്കുന്നതിന്റെ പൊരുളെന്താണ് ?അവൾക്കു വേണ്ടി പ്രാർത്ഥിയ്ക്കൂ സിസ്റ്റർ.”
“ഞാനൊന്നും അറിഞ്ഞിരുന്നില്ല മദർ.”
അമ്മയ്ക്കും ചേട്ടനും പപ്പയ്ക്കുമൊപ്പം എന്നും സന്തോഷത്തോടെ കഴിയാമെന്ന ആശ്വാസത്തിലായിരുന്നു ക്ലാര.അന്നാദ്യമായി അവൾ പപ്പയ്ക്കും അമ്മയ്ക്കും ഒപ്പം കിടന്നുറങ്ങി.അവളുടെ സാന്നിധ്യം അവളുടെ പപ്പയുടെ മ-ദ്യ-പാനത്തിന്റെ അളവ് കുറച്ചു.മകളുടെ ഹീറോ ആകാനുള്ള തീവ്ര ശ്രമത്തിലായിരുന്നു അവളുടെ പപ്പ. ആ കുഞ്ഞു മനസ്സിൽ സമാധാനം കളിയാടി .
✍️നിഷ പിള്ള