ശ്രീഹരി ~ അധ്യായം 30, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

തോമസ് ചേട്ടൻ ഹരിയുടെ പശുക്കളെ കുളിപ്പിക്കുകയായിരുന്നു. പിന്നിൽ ഒരനക്കം കേട്ട് അയാൾ തിരിഞ്ഞു നോക്കി

അഞ്ജലി..

അയാളുടെ ഹൃദയത്തിൽ കൊടുങ്കാറ്റടിച്ചു. ആക്രോശിക്കണമെന്നുണ്ട്. എന്റെ കൊച്ചിനെ കൊ ല്ലാ കൊ ല ചെയ്തതെന്തിന്? എന്റെ മോൻ ഈ നാട് വിട്ട് പോകാൻ ഉള്ള കാരണം നീയല്ലേ? അവനെയെന്തിനാ ദ്രോഹിച്ചത്?

പക്ഷെ ആ നിൽപ് കണ്ടപ്പോൾ അയാൾക്ക് ഒന്നും പറയാൻ തോന്നിയില്ല

“എന്താ വന്നത്? അവൻ ച ത്തോ എന്നറിയാനാണോ?” അറിയാതെ ക്ഷോഭിച്ചു പോയി

“അവനിവിടില്ല. എന്റെ കുഞ്ഞിനെ കാണാത്ത എത്രമത്തെ മാസമാണെന്ന് അറിയുമോ നിനക്ക്?”

“രണ്ടു മാസം ആറു ദിവസം. എനിക്ക് ഓർമയുണ്ട്.”അവൾ കണ്ണീരോടെ പറഞ്ഞു

“ശ്രീ എന്താ പറഞ്ഞത് എന്ന് എനിക്ക് അറിയില്ല പക്ഷെ ഞാൻ..”

“എന്റെ മോൻ പറയുന്നത് മാത്രമെ ഞാൻ വിശ്വസിക്കൂ “

അവൾ മുഖം തുടച്ചു

“ശ്രീക്ക് മുംബൈയിൽ നിന്ന് വലിയ ഒരു സംഗീത സംവിധായകന്റെ ഓഫർ വന്നിരുന്നു. ആശുപത്രിയിൽ അച്ഛൻ ഉള്ള സമയം. എന്റെ നിഴൽ പോലെ ജീവിച്ചാൽ ശ്രീയുടെ ഭാവി എന്താ എന്നോർത്ത് ഞാൻ. മാത്രവുമല്ല എന്റെ അച്ഛനെ കൊ ല്ലാൻ ശ്രമിച്ചവർ ഒരു പക്ഷെ എന്നെയോ ശ്രീ യെയോ അപകടപ്പെടുത്തിയേക്കാം. എനിക്ക് എന്ത് വന്നാലും ഒന്നുല്ല പപ്പാ. ശ്രീ… അവൾ ഒന്ന് നിർത്തി

തോമസ് ചേട്ടന്റെ ഉള്ളു വിറച്ചു പോയി

“ശ്രീക്കൊപ്പം ജീവിക്കാൻ തുടങ്ങിയവളാണ്  ഞാൻ .. ഞാൻ ശ്രീയെ വേണ്ടന്ന് വെക്കുമോ? എല്ലാരും പറഞ്ഞു ഞാൻ സ്വാർത്ഥയാണെന്ന്. അതേ ശ്രീയുടെ കാര്യത്തിൽ ഞാൻ അങ്ങനെ തന്നെ. അത് കൊണ്ടാണ് പറഞ്ഞു വിട്ടത്. രക്ഷപെടാൻ ഉള്ള വഴി മുന്നിൽ തുറക്കുമ്പോ ഞാൻ എന്ത് ചെയ്യണം പിന്നെ? ആര് മനസിലാക്കിയില്ലെങ്കിലും പപ്പാ എന്നെ മനസിലാക്കണം എന്നെങ്കിലും ഞാൻ ഇല്ലാണ്ടായാലും ആരെങ്കിലും ഒരാൾ ഇത് അറിയണം. അത് പറയാനാ വന്നത്.”

“എന്റെ കുഞ്ഞേ..”.അയാൾ വിതുമ്പി പോയി

“ശ്രീ എന്നെയിപ്പോ വെറുക്കുന്നു അത് നല്ലതാ. കുറച്ചു കൂടിനല്ല ഒരു ജീവിതം കിട്ടും ശ്രീക്ക്. നല്ല ഒരു പെൺകുട്ടിയേ കിട്ടും.. എന്നെങ്കിലും ഇവിടെ വരുമ്പോൾ പറയണം അഞ്ജലി… ശ്രീയോട് പറഞ്ഞതൊക്കെ ശ്രീക്ക് വേണ്ടി തന്നെ ആണെന്ന് “

തോമസ് ചേട്ടൻ ആ കയ്യിൽ പിടിച്ചു

“മോളെവിടെ പോവാ? “

“ഞങ്ങൾ ഇപ്പൊ കേരളത്തിൽ അല്ല. വേറെ ഒരു സ്ഥലത്ത്… രണ്ടു ദിവസത്തെ ബിസിനസ് കാര്യങ്ങൾക്ക് വേണ്ടി വന്നതാ. ഇനി ഇങ്ങോട്ട് വരില്ല. പോവാ “
അവൾ പിന്തിരിഞ്ഞു നടന്നു

“മോളെ. ഇത് ശ്രീയുടെ വീടാ. അവനുപേക്ഷിച്ചു പോയ അവന്റെ വീട്.മോള് നോക്ക് വാ.”അയാൾ അവളുടെ കൈ പിടിച്ചു കൊണ്ട് പോയി

എങ്ങും ചിതറി കിടക്കുന്ന സാധനങ്ങൾ

“പോകുന്ന അന്നിവിടെ എന്തായിരുന്നുന്ന്..എല്ലാം വലിച്ചെറിഞ്ഞു പൊട്ടിച്ചു. ഭ്രാന്ത് പിടിച്ചവനെ പോലെ പൊട്ടിക്കരഞ്ഞു കൊണ്ട് ഈ നിലത്ത് കിടന്ന് ഉരുണ്ട്.. എത്ര പ്രയാസപ്പെട്ടാ ആശ്വസിപ്പിച്ചത് എന്ന് എനിക്ക് അറിയാം.. എന്റെ മോളെ അവൻ കണ്ടത് വെറുമൊരു പെണ്ണായിട്ടല്ല അവന്റെ ദേവി ആയിട്ട്. അവന്റെ ദൈവം ആയിട്ട്…”

അഞ്ജലി നടുക്കത്തിൽ അങ്ങനെ നിന്ന് പോയി. അവൾ ഓരോ സാധനവും അടുക്കി വെച്ചു

“ഈ നാട്ടിൽ ഹരി പോയതിൽ പിന്നെ സന്തോഷം ഇല്ല ആർക്കും.
ഒത്തിരി കാര്യങ്ങൾ ചെയ്തു തുടങ്ങിയിരുന്നു അവൻ. പലരുടെയും ഒരു പാട് കാര്യങ്ങൾ ചെയ്തിരുന്നത് അവനായിരുന്നു. ദേ ഈ മിണ്ടപ്രാണികൾ പോലും നേരാ വണ്ണം ഭക്ഷണം കഴിക്കുന്നില്ല.. മോള് പറ അവനെ നഷ്ടം ആയ ഞങ്ങൾ എന്ത് ചെയ്യും?”

അഞ്ജലി വിളറി പകച്ച മിഴികൾ ഉയർത്തി

“എന്റെ ഭാര്യ ഒരു ബിപി രോഗിയാ. അവളുടെ സങ്കടം മാറീട്ടില്ല ഇന്നലെ കൂടി ഹോസ്പിറ്റലിൽ കൊണ്ട് പോയി വന്നു “

“അവൻ പോയി. മോളും പോകുന്നു. ശരിയാ ആർക്കു വേണ്ടിയും ആരും
കാത്തു നിൽക്കണ്ടതില്ല. പക്ഷെ മോളെ അവനെ ഞങ്ങൾ സ്നേഹിച്ചു പോയില്ലേ?”

അയാൾ കണ്ണീരോപ്പി

അഞ്ജലി കിടക്കയിലിരുന്നു

“നേരം സന്ധ്യയായി പോകാം മാഡം ” കാറിന്റെ ഡ്രൈവർ വന്ന് പറഞ്ഞു

“ഞാൻ വരുന്നില്ല. നിങ്ങൾ തിരിച്ച് പൊക്കൊളു. അച്ഛനോട് ഞാൻ പറഞ്ഞോളാം “

അയാൾ ഒന്ന് സംശയിച്ചു നിന്നു

“പൊയ്ക്കോളൂ ” അവൾ വീണ്ടും പറഞ്ഞു

“ഞാൻ ശ്രീക്ക് പകരമാവില്ല. പക്ഷെ ശ്രീ വന്നിട്ടെ ഞാൻ പോകു. ശ്രീ ചെയ്തു തുടങ്ങിയത് ഞാൻ പൂർത്തീകരിക്കാൻ ശ്രമിക്കാം.” അവൾ ആ കൈ പിടിച്ചു

“പപ്പാ എന്നെ മകളുടെ സ്ഥാനത്തു കാണില്ലേ?” തോമസ് ചേട്ടൻ ആ നിറുകയിൽ വിറയ്ക്കുന്ന കൈകൾ വെച്ചു

“മോളെ ഒരു കാര്യം. ഞാൻ അവൻ പോയി എന്നെ ഇവിടെ പറഞ്ഞുള്ളു. അതിന്റെ കാരണം ഞാൻ ആരോടും പറഞ്ഞിട്ടില്ല. അതാരും അറിയുന്നത് അവന് ഇഷ്ടമായിരിന്നില്ല. മോളും പറയരുത് “

അവൾ തലയാട്ടി

“ഞാൻ ഇവിടെ ഉണ്ടെന്ന് ശ്രീ ഒരിക്കലും അറിയരുത്. അറിഞ്ഞ ചിലപ്പോൾ വരും. ശ്രീയെ എനിക്കറിയാം. ശ്രീക്ക് ഒത്തിരി പാട്ടുകൾ കിട്ടട്ടെ ലോകം അറിയട്ടെ..”

അവൾ കണ്ണീരോടെ ചിരിച്ചു

“മോളെ ഈ മനസ്സ് ആരും കണ്ടില്ലല്ലോ..”

അവൾ മെല്ലെ ഒന്ന് ചിരിച്ചു

“മോള് ഇവിടെ ഒറ്റയ്ക്ക് കിടക്കണ്ട അങ്ങോട്ട് വാ…” അയാൾ അവളുടെ കൈ പിടിച്ചു

ഹരിക്ക് ചെറിയ ഒരു താമസസ്ഥലം ഏർപ്പാട് ചെയ്തു കൊടുത്തു മാധവ്

അവന് ചില ആൽബങ്ങളിൽ പാടാൻ അവസരം കിട്ടി. അത് കൂടാതെ ഒരു കോഫീ ഷോപ്പിൽ പാർട്ട്‌ ടൈം ജോലിയും..റഹ്മാൻ സാറിന്റെയൊപ്പം യൂറോപ്യൻ രാജ്യങ്ങളിൽ പ്രോഗ്രാം നടത്താൻ ക്ഷണം കിട്ടിയപ്പോ ഒരു ആശ്വാസം തോന്നിയവന്

യാത്രകൾ നല്ല മരുന്നാണ്. മറക്കാൻ… ഒന്നും ഓർക്കാതിരിക്കാൻ

പക്ഷെ പറ്റുന്നില്ല. തീ പോലെ പൊള്ളുവ..

അഞ്ജലി..

ഒന്ന് കണ്ടാൽ ആ കാലിൽ വീണു മാപ്പ് പറഞ്ഞേനെ. നൂറു വട്ടം അവൻ വിളിച്ചു നോക്കി. ഫോൺ ഓഫ്‌ ആണ്

നകുലൻ സാറിനോട് ചോദിച്ചു നോക്കിയാൽ അറിയാം

പക്ഷെ… വേണ്ട

അവളെവിടെയാണെങ്കിലും സുഖമായിരിക്കണേ എന്ന് പ്രാർത്ഥന മാത്രം ഉള്ളവന്. പക്ഷെ അവൾ മറ്റൊരുവന്റേതാകുന്നത് ഇടക്ക് അവൻ ഓർക്കാറുണ്ട്

അങ്ങനെ ഉണ്ടായാൽ..

അത് സഹിക്കാൻ വയ്യ. തന്റെ പെണ്ണ്.

തോമസ് ചേട്ടൻ വിളിച്ചപ്പോൾ അവൻ റഹ്മാൻ സാറിന്റെ കൂടെയുള്ള പര്യടനത്തെ കുറിച്ച് പറഞ്ഞു

“രണ്ടു മാസമുണ്ട് ടൂർ. നമ്മുടെ അമ്പലത്തിൽ ഉത്സവം എനിക്ക് ഓർമ്മയുണ്ട്. ഒന്നാം ഉത്സവത്തിന് എന്റെ പാട്ട് ഉണ്ടാകുമെന്ന് പ്രസിഡന്റ്‌നോട്‌ പറയണം “

തോമസ് ചേട്ടന്റെ കണ്ണ് കലങ്ങി

“ചേട്ടാ?”

“എന്താ മോനെ?”

“എനിക്ക് അവളെ മറക്കാൻ വയ്യ…. ഭ്രാന്ത് പിടിക്കും പോലെ തോന്നുവാ.. ഒന്ന് കണ്ടു പറയാമോ ഞാൻ വരുമെന്ന്. ഞാൻ അന്വേഷിച്ചു ചെന്നെങ്കിലും കണ്ടില്ല. അവളോട് പറയണം എന്നോട് ക്ഷമിക്കണംന്ന്. അവളെ വേദനിപ്പിച്ചതിന് ഇതിൽ കൂടുതലോരു ശിക്ഷ എനിക്ക് തരരുത് എന്ന്.”

“ഞാൻ പറയാം..”

“ഞാൻ നാളെ പോകും. പിന്നെ വിളിക്കാൻ ചിലപ്പോൾ സാധിക്കില്ല. പക്ഷെ അവളെ കണ്ടാൽ എന്റെ നമ്പർ കൊടുക്കണം. എനിക്ക് മെസ്സേജ് ഇട്ട മാത്രം മതി ഞാൻ വിളിച്ചോളാം..”

അയാൾ മൂളി

ഫോൺ സ്പീക്കർ ഓഫ്‌ ചെയ്തു കാൾ കട്ട്‌ ചെയ്തു കഴിഞ്ഞു അയാൾ അഞ്ജലിയെ നോക്കി

ആ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു

“എല്ലാം മോള് കേട്ടല്ലോ അല്ലെ?എന്താ പറയേണ്ടത്?”

“പോയിട്ട് വരട്ടെ… ഇല്ലെങ്കിൽ ചിലപ്പോൾ പോവില്ല.. ഞാൻ ഇവിടെ ഉണ്ടല്ലോ. ഇപ്പൊ ഒന്നും അറിയണ്ട “അവൾ കണ്ണീർ തുടച്ചു

ശ്രീഹരിയുടെ സോങ് വീഡിയോയുമായി ഇറങ്ങിയ ചിത്രത്തിന്റെ ടീസർ വൻ ഹിറ്റായ്

ഇതാരാണ് ഈ ചെറുപ്പക്കാരൻ എന്ന് സോഷ്യൽ മീഡിയ തിരഞ്ഞു തുടങ്ങി

മാധ്യമങ്ങൾ അവനെ തിരഞ്ഞു ഗ്രാമത്തിലെത്തി അവനില്ലാന്ന് കണ്ടു അവന് പരിചയമുള്ളവരുടെ അഭിമുഖങ്ങൾ എടുത്തു തല്ക്കാലം തൃപ്തരായി പോയി.

അഞ്ജലി ഒന്നിന്റെയും മുന്നിൽ ചെല്ലാതെ നോക്കി. അവൾ പകൽ മുഴുവൻ അവന്റെ വീട്ടിൽ ചിലവഴിക്കും

അവന്റെ പശുക്കളും ആടുകളുമൊക്ക അവളോട് നന്നായി ഇണങ്ങി. അവർ അല്പസ്വല്പം ഊർജസ്വലരായി

ഒരു ദിവസം അവന്റെ വസ്ത്രങ്ങൾക്കിടയിൽ അവൾ താൻ കൊടുത്ത ഫോൺ കണ്ടു

ഒന്നിച്ചെടുത്ത ഫോട്ടോ കൾ

“ചേച്ചി?”

ജെന്നി

“എന്താ ജെന്നി?”

“ചേച്ചി ഹരിയേട്ടനോട് പിണങ്ങിയോ?

അവൾ ഒന്നും മിണ്ടിയില്ല

“ചേച്ചി പിണങ്ങിയത് കൊണ്ടാണോ ഹരിയേട്ടൻ പോയത്?”

“ഉം “

ജെന്നി അവളുടെ മുന്നിൽ ചെന്നു അവളുടെ കയ്യിലെ ഫോൺ നോക്കി

അതിലെ ഫോട്ടോകൾ

“നിങ്ങൾ തമ്മിൽ.. ഇത്രയും അടുപ്പമുണ്ടാരുന്നോ ചേച്ചി?”

“ഉം “

“പിന്നെ എങ്ങനെ പിണങ്ങാൻ പറ്റി?”

“അത്…. വെറുതെ ഒരു പിണക്കമാ മോളെ. സൗന്ദര്യ പിണക്കം ” അവൾ ചിരിക്കാൻ ശ്രമിച്ചു

“അല്ല അങ്ങനെ എങ്കിൽ..ഏട്ടൻ ഞങ്ങളെ പോലും വിളിക്കാതെ ഇങ്ങനെ എവിടെയൊ പോയി ജീവിക്കില്ല “

“എല്ലാം മോളോട് ശ്രീ പറയും “

അവൾ ആ തോളിൽ കൈ വെച്ചു

“പ്രണയിക്കുമ്പോൾ പ്രണയിക്കുന്ന ആള് ജയിക്കാൻ നമ്മൾ എന്തും ചെയ്യണം. ജീവിതത്തിൽ അവർ ജയിക്കാൻ എന്നാ ഞാൻ ഉദേശിച്ചത്‌.. അങ്ങനെ വരുമ്പോൾ ഇത് പോലെ പിണക്കങ്ങൾ ഉണ്ടാകും “

ജെന്നിക്ക് ഒന്നും മനസിലായില്ല. അവൾ വെറുതെ അഞ്ജലിയെ നോക്കി നിന്നു

“ചേച്ചി എന്താ ആഭരണമൊന്നും ഇടാത്തത്?”

അവളുടെ നഗ്നമായ കഴുത്ത് നോക്കി ജെന്നി ചോദിച്ചു

“ഇടാൻ വിധിയുണ്ടെങ്കിൽ ഇടും ” അവൾ കഴുത്തിൽ തടവി

ജെന്നിക്കൊന്നും മനസിലായില്ല

അഞ്ജലി വീടൊക്കെ വൃത്തിയാക്കി പൂട്ടി അവൾക്കൊപ്പം ചെന്നു. ബാലചന്ദ്രൻ വിളിക്കുമ്പോൾ അവൾ കിടക്കാൻ ഉള്ള ഒരുക്കത്തിലായിരുന്നു

“മോളെന്നാ മോളെ ഇങ്ങോട്ട്?”

“ശ്രീ വന്നിട്ട്. ഞങ്ങൾ ഒന്നിച്ചു വരും അച്ഛാ “

“മോള് ടീവി ഒന്ന് വെയ്ക്ക്. ഹരിയുടെ ഇന്റർവ്യൂ നാഷണൽ ചാനലിൽ “

അവൾ ചാടിയെഴുനേറ്റ് ജെന്നിയോട് ടീവി വെയ്ക്കാൻ പറഞ്ഞു

ടീവി യിൽ ശ്രീ യുടെ മുഖം

താൻ കൊടുത്ത ജീൻസും ഷർട്ടും ധരിച്ച് സുന്ദരനായ ശ്രീ

കനത്ത കണ്ണീർ മഴയിൽ ആ മുഖം മറഞ്ഞു

(തുടരും )