Story written by Vasudha Mohan
======================
“അമ്മേ, വാ കേറ്…ഒരു റൈഡിന് പോകാം.”
മകൻ അഭിയുടെ പതിവില്ലാത്ത ക്ഷണത്തിൽ അമ്പരന്ന് ഭാഗ്യ നിന്നു. അവർ വെറുതെ ബൈക്കിൻ്റെ ബാക്ക് സീറ്റിലേക്ക് നോക്കി നിൽക്കുന്നത് കണ്ട് അഭി പറഞ്ഞു.
“അമ്മക്ക് ബൈക്കിൽ കേറാൻ പേടിയാണോ? കം ഓൺ അമ്മാ..ഓൾഡ് ജനറേഷൻ അമ്മച്ചിമാരെ പോലെ പേടിക്കാതെ.”
“ഒന്ന് പോടാ ചെറുക്കാ..എനിക്ക് പേടിയൊന്നും ഇല്ല.”
ഭാഗ്യ മകൻ്റെ പിറകിൽ കയറി. കാതുകളിൽ കാറ്റിൻ്റെ ഇരമ്പം കേട്ടപ്പോൾ അവർ ശ്യാമിനെ ഓർത്തു. ഇരുപത്തിയേഴു വർഷങ്ങൾക്ക് പുറകിൽ ആദ്യമായി ബൈക്കിൽ കയറിയത് അവനൊപ്പം ആണ്.
“ബൈക്ക് യാത്രകൾ സ്വാതന്ത്ര്യത്തിൻ്റെ മറ്റൊരു ലോകമാണ്. മെറ്റൽ ബോഡികളുടെ സുരക്ഷ ഇല്ലാതെ, മിനിമം 180 ഡിഗ്രിയിലെ കാഴ്ചകൾ തടസമില്ലാതെ കണ്ട് കൊണ്ട്. ആഹാ.”
അവൻ്റെ ഓർമ്മയിൽ അവൾ പുഞ്ചിരിച്ചു. അഭി ബൈക്ക് ബീച്ചിൽ കൊണ്ട് നിർത്തി. സന്തോഷത്തോടെ ബീച്ചിലേക്ക് നടക്കാൻ തുടങ്ങിയ അവളുടെ കൈ പിടിച്ചു അഭി.
“അമ്മേ, എനിക്ക് പറയാൻ ബുദ്ധിമുട്ടുള്ള ഒരു കാര്യം നേരിൽ കാണിക്കാൻ ആണ് ഞാൻ അമ്മയെ കൊണ്ട് വന്നേ ..”
“എന്താടാ…വല്ല പ്രേമവും ആണോ…അച്ഛനോട് ഞാൻ ശുപാർശ ചെയ്യില്ലാട്ടോ..” ഭാഗ്യ ചിരിയോടെ പറഞ്ഞു.
അവൻ നിഷേധാർത്ഥത്തിൽ തലയാട്ടി.
ഭാഗ്യയുടെ കണ്ണുകളെ നേരിടാൻ മടിച്ച് ദൂരേക്ക് കൈ ചൂണ്ടി. അവർ അങ്ങോട്ട് നോക്കി. അവിടെ തൻ്റെ ഭർത്താവ് മുകേഷ് മറ്റൊരു സ്ത്രീക്കൊപ്പം ഇരിക്കുന്നു. ഭാഗ്യക്ക് അവരെയും തിരിച്ചറിയാൻ സാധിച്ചു
സന്ധ്യ….മുകേഷിൻ്റെ ഒപ്പം ജോലി ചെയ്യുന്ന ഒരു വിഡോ.
“അമ്മേ….” അഭി അവരുടെ കയ്യിൽ തൊട്ടു.
“പോകാം…”
ബൈക്കിൽ മകന് പിന്നിൽ ഇരിക്കുമ്പോൾ ഒരു ശൂന്യത തന്നെ പൊതിയുന്നതായി തോന്നി അവൾക്ക്. വീട്ടിൽ എത്തി ഭാഗ്യ നേരെ ബെഡ്റൂമിൽ കയറി വാതിൽ അടച്ചു.
“അമ്മേ…വാതിൽ ഒന്ന് തുറന്നേ” അഭി അസ്വസ്ഥനായി വാതിലിൽ മുട്ടി.
ഭാഗ്യ മുഖം കഴുകി വാതിൽ തുറന്നു.
“നിനക്ക് വിശക്കുന്നുണ്ടോ? ബ്രഡോ മറ്റോ ചൂടാക്കി തരാം.”
മുടി വാരിക്കെട്ടി പറയുന്ന അമ്മയെ അഭി അവിശ്വാസത്തോടെ നോക്കി. ഭർത്താവിൻ്റെ ചെയ്തികൾ എല്ലാം ക്ഷമിക്കുന്ന സർവ്വം സഹയായ ഒരമ്മയെ അഭി തീരെ പ്രതീക്ഷിച്ചില്ല. പിന്നെ എങ്ങനെ അവർ പ്രതികരിക്കണമായിരുന്നു എന്ന് ചോദിച്ചാൽ അവന്റെ കയ്യിൽ ഉത്തരം ഇല്ല. അമ്മ ചോദിച്ചില്ലെങ്കിലും താൻ ചോദിക്കും എന്ന ചിന്തയിൽ അവൻ സോഫയിലേക്ക് ഇരുന്നു.
മുകേഷ് വന്നപ്പോൾ എട്ട് മണി ആയി. നേരെ ബാഗ് റൂമിൽ വെച്ച് കുളിക്കാൻ കയറിയപ്പോൾ ഗീസർ ഓൺ ആക്കിയിട്ടില്ല.
“ഭാഗ്യം, നീ ഇന്ന് എനിക്ക് വെള്ളം ചൂടാക്കിയില്ലേ?” ഒറ്റ മുണ്ടുടുത്ത് ഗീസർ ഓൺ ചെയ്ത് അയാൾ പുറത്ത് വന്നിരുന്നു.
“ഇനി ചായ കുടിച്ചിട്ട് കുളിക്കാം” സോഫയിൽ അച്ഛനെ കാത്ത് ഉറങ്ങിപ്പോയ അഭി എഴുന്നേറ്റതും ഭാഗ്യ ചായയുമായി വന്നതും ഒരുമിച്ചായിരുന്നു.
“ഇനി പതിയെ മുകേഷേട്ടൻ എല്ലാം തന്നെത്താൻ ചെയ്യാൻ തുടങ്ങിക്കോളൂ.”
“എന്താടീ…നീ വീട്ടമ്മ സ്ഥാനത്ത് നിന്ന് റിട്ടയർ ആവാണോ?” മുകേഷ് പുഞ്ചിരിയോടെ ചോദിച്ചു.
ഭാഗ്യയുടെ മുഖത്തെ ഗൗരവം കണ്ട് ആ ചിരി മാഞ്ഞു.
“അല്ല. നിങ്ങളുടെ ഭാര്യ സ്ഥാനം രാജി വെക്കുകയാണ്. ഞാൻ ഇന്ന് ബീച്ചിൽ വന്നിരുന്നു.” മുകേഷിൻ്റെ മുഖം ദയനീയമായി. അയാൾ അടുത്തിരുന്ന അഭിയെ നോക്കി. അവൻ അമ്മയെ നോക്കി ഇരിപ്പാണ്.
“വീടിൻ്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണം. ധൃതി വേണ്ട പതുക്കെ മതി. വീടിൻ്റെ മതിപ്പ് വിലയുടെ പകുതി തന്നാൽ ഞാൻ തന്നെ ഇറങ്ങാം. ഏതായാലും സന്ധ്യയോടൊപ്പം താമസിക്കാൻ ഒരു വീട് ആവശ്യം മുകേഷിനാണല്ലോ. ഡിവോർസിൻ്റെ കാര്യം നാളെത്തന്നെ വക്കീലിനോട് സംസാരിക്കണം….”
പിന്നെയും എന്തോ പറയാൻ തുനിഞ്ഞ ഭാഗ്യയെ മുകേഷ് തടഞ്ഞു.
“നീ എന്തൊക്കെയാ ഈ പറയുന്നെ?”
“നടക്കാൻ പോകുന്ന കാര്യങ്ങൾ” ഭാഗ്യ നിസ്സാരമായി പറഞ്ഞു.
“അതിനും മാത്രം….”
“സന്ധ്യയെ ഇന്ന് മുകേഷിനൊപ്പം കണ്ടു എന്നത് മാത്രം അല്ല. ഞാൻ ഒളിഞ്ഞും തെളിഞ്ഞും ഈ ബന്ധത്തെ കുറിച്ച് കേൾക്കാൻ തുടങ്ങി കുറെ ആയി.”
അവരുടെ ശബ്ദം ശാന്തമായിരുന്നു. പക്ഷേ അന്തിമ വിധി എന്നോണം അതിനൊരു ശക്തിയുണ്ടായിരുന്നു. രണ്ടുപേർക്കും മുഖം കൊടുക്കാൻ മടിച്ച് മുകേഷ് കുളിമുറിയിലേക്ക് നടന്നു.
“നീയൊന്നും കഴിക്കാതെ ഉറങ്ങി പോയല്ലേ. വാ ദോശ ഉണ്ടാക്കിയിട്ടുണ്ട്.” അഭിയോടായി പറഞ്ഞ് ഭാഗ്യ ഡൈനിങിലേക്ക് നടന്നു.
“അമ്മക്ക് എങ്ങനെ ഇങ്ങനെ കൂൾ ആയി നിൽക്കാൻ പറ്റുന്നു. അച്ഛനോട് അമ്മ വഴക്കിടും എന്നാ ഞാൻ വിചാരിച്ചെ. ഇത്ര വേഗം കയ്യൊഴിയാൻ മാത്രം നിസ്സാരം ആയിരുന്നോ അമ്മക്ക് അച്ഛൻ്റെ ഭാര്യാ പദവി?”
“ആ പദവി ആദ്യം വേണ്ടത് അച്ഛൻ്റെ മനസ്സിൽ അല്ലേ. അതില്ലാത്തിടത്ത് ഞാൻ എന്തിന് നിൽക്കണം?”
“അമ്മക്ക് തീരെ സങ്കടമില്ലെ?”
“സങ്കടം ഇല്ലെന്ന് ആരു പറഞ്ഞു. ഞാൻ കരഞ്ഞാൽ ആ സങ്കടം തീർന്നു പോവില്ലെ. അങ്ങനെ തീരരുത്. അതിൽ നിന്ന് കിട്ടുന്ന ശക്തി കൊണ്ട് വേണം എനിക്ക് പുതിയ ജീവിതം തുടങ്ങാൻ.
ഏറെ നാളുകൾക്ക് ശേഷം ബീച്ചിൽ അഭിയും ഭാഗ്യയും ഇരുന്നു.
“അച്ഛൻ്റെ രജിസ്റ്റർ മാര്യേജ് ആണ് നാളെ”
“മ് മ്….ഞാൻ അറിഞ്ഞു”
“അമ്മക്ക് ഭയങ്കര സ്പൈ നെറ്റ്വർക്ക് ഉണ്ടല്ലോ!”
ഭാഗ്യ ചിരിച്ചു.
“എന്നാ എൻ്റെ സ്പൈ നെറ്റ്വർക്ക് കൊണ്ട് ഞാൻ കണ്ടുപിടിച്ച ഒരു കാര്യം പറയട്ടെ”
“പറ”
“അമ്മക്ക് ഒരു പ്രേമം ഉണ്ടായിരുന്നില്ലേ. ആ ആൾ ഇപ്പോഴും അമ്മയെ കാത്ത് നിൽക്കുന്നില്ലെ?” ഭാഗ്യ കൗതുകത്തോടെ അഭിയേ നോക്കി.
“നാട്ടിൽ പോകുമ്പോ അമ്മയെ നോക്കി നിൽക്കുന്നത് കാണാം. പാവം. അമ്മക്ക് അയാളെ കെട്ടിക്കുടെ?”
“നിൻ്റച്ഛനും ഞാനും പിരിഞ്ഞില്ലെങ്കിൽ നീ ഇത് ചോദിക്യോ? അമ്മക്ക് ഒരു കൂട്ട് വേണമെന്ന് തോന്നുന്നുണ്ടോ നിനക്ക്?”
“അമ്മേ, അത്…അമ്മക്കും ഇഷ്ടമായിരുന്നു അയാളെ എന്ന്….”
“ഇഷ്ടം ആയിരുന്നു. ഇപ്പൊ ആണെന്ന് ആരാ പറഞ്ഞെ? അയാൾ എനിക്ക് ജീവിതത്തിൽ വലിയൊരു പാഠം പഠിപ്പിച്ചു. ഇഷ്ടമുള്ളതിനെ പിടിച്ച് വെച്ചാൽ കൈവെള്ളയിലെ മണൽ പോലെ ഊർന്ന് പോകുമെന്ന്. ഞാൻ അയാളെക്കാൾ കൂടുതൽ സ്നേഹിച്ചത് എൻ്റെ സ്വാതന്ത്രത്തെ ആണ്. അതേ സ്വാതന്ത്ര്യം ആണ് ഞാൻ നിൻ്റെ അച്ഛന് കൊടുത്തതും.”