അവളെങ്ങനെ എന്നിലേക്കൊരുപാട് ചേർന്നതു പോലെ തോന്നും ചിലപ്പോൾ, വരാനൊന്നു വൈകിയാൽ കരഞ്ഞു…

വിനുവിന്റെ നന്ദിനി
Story written by Sowmya Sahadevan
=======================

നന്ദിനിയുടെ കല്യാണ പിറ്റേന്ന് അവളെയും ഓർത്തുകൊണ്ടങ്ങനെ പാലത്തിനു മേലെ കിടക്കുകയായിരുന്നു. എന്റെ നന്ദിനി എന്ന ലോകം അങ്ങനെ അവസാനിച്ചിരിക്കുന്നു. ഇന്നലെ ഈ നേരത്തവൾ മറ്റൊരുത്തന്റെ വധുവായി,

പ്രീ ഡിഗ്രീ തോറ്റു നിൽക്കുന്ന എന്റെ കൂടെ എങ്ങനെയാ ഒരു പെണ്ണ് ഇറങ്ങിവരിക! വീട്ടിലേക്കു  വരുന്നതിലും ബേധം അവളെങ്ങോട്ടെങ്കിലും പോകുന്നതാണ്, ഞാനൊരു നെടുവീർപ്പുമിട്ടു, പാലത്തിലെ ചെറിയ ചൂടിൽ സ്വസ്ഥമായി കിടന്നപ്പോളാണ് അമ്മ വിളിച്ചത്,

വിനൂ, അവളെയും ഓർത്തു കിടക്കുകയാവും രാജകുമാരൻ, ദാ ഇവളെ ഒന്നു പിടിച്ചേ, കയറു നീട്ടികൊണ്ട് അമ്മ പറഞ്ഞു.

അമ്മിണിയമ്മക്ക് നോക്കാൻ വയ്യ. ഞാനിതിനെയിങ്ങ് വാങ്ങി.

വെളുപ്പിൽ ബ്രൗൺ പുള്ളികളുള്ള ഒരു സുന്ദരിയെ അമ്മ എന്റെ കയ്യിലേക്ക് കൃതജ്ഞതയോടെ ഏല്പിച്ചു. എനിക്ക് ദേഷ്യമാണ് ആദ്യം വന്നത്. പക്ഷെ ഇവളെന്റെ ഹൃദയം കവരാൻ തക്ക സുന്ദരിയായിരുന്നു.

നെറ്റിയിലെ ബ്രൗൺ നിറത്തിൽ ഗോപി പൊട്ടുപോലെ വെളുപ്പു പടർന്നു നിൽക്കുന്നു. കാലുകളെല്ലാം വെളുപ്പ്. അവളെന്റെ കൂടെ ഒരു നവവധുവിനെ പോലെ വന്നു. എന്നോട് പറ്റിച്ചേർന്നു കൊണ്ട്.

വീട്ടിലെ തൊഴുത്തിലെ സെറീനക്കും, വിമലക്കും, സുന്ദരിക്കും, അമ്മിണിക്കും അമ്മിണി ടെ മോൻ നജീബ്നും, സുന്ദരിയുടെ മോൾ മോനിഷക്കും ഇടയിലേക്ക് എന്റെ നന്ദിനികുട്ടിയും കൂടെ പെട്ടെന്നു ഇണങ്ങിച്ചേർന്നു. അവളെ പക്ഷെ ഞാൻ പൊന്നെ എന്നു മാത്രം വിളിച്ചു, നന്ദിനിയെ വിളിക്കുന്നത് പോലെ.

വീട്ടിലെ പശുക്കൾക്കു പേരിടുന്നതെപ്പോളും ഞാനാണു. സെറീനക്കു പേരിട്ടപ്പോൾ എന്നോട് കുറേ ദേഷ്യപ്പെട്ടു അമ്മ. കണ്ണിൽ കണ്ട മാ-പ്ലിച്ചികളുടെ പേരും കൊണ്ടു വന്നിരിക്കുവാ അവൻ! എപ്പോളോ സെറീന വഹാബ് ന്റെ ഒരു ഫോട്ടോ കാണിച്ചപ്പോളാണ് അത് എന്റെ കാമുകിയല്ലെന്നു അമ്മക്ക് ആശ്വാസമായത്.

അമ്മിണി പ്രസവിക്കണ സമയത്തു ഞാൻ ആടുജീവിതമായിരുന്നു വായിക്കുന്നുണ്ടായിരുന്നത്. ഓരോ കഥകളും ഞാൻ അമ്മക്ക് പറഞ്ഞു കൊടുക്കും. രാവിലെ കറക്കാൻ എണീക്കുമ്പോൾ കൂടെ ഇരിക്കാൻ അമ്മ വെറുതെ കഥകൾ ചോദിക്കും. അമ്മിണി പ്രസവിച്ചപ്പോൾ അമ്മയാണ് പറഞ്ഞത് നിന്റെ കഥയിലെ ആളുടെ പേരിടാൻ…

നന്ദിനികുട്ടിക്ക് എല്ലാത്തിനും ഞാൻ വേണം, എന്റെ സൈക്കിൾ ബെല്ലോന്നു കേട്ടാൽ പിന്നെ തൊഴുത്തിൽ കയറാതെ അവളെന്നെ അകത്തേക്ക് വിടില്ല. ചിലപ്പോളൊക്ക എന്നെ കൊണ്ടു മാത്രമേ അഴിച്ചുകെട്ടിക്കു അവൾ. മേയാൻ കൊണ്ടുപോയാലും എന്നെ ചുറ്റിപറ്റികൊണ്ടവൾ പിന്നാലെ നടക്കും, അപ്പോഴെല്ലാം എന്റെ മനസ്സ് നന്ദിനിയോടൊപ്പം വിരാചിക്കുകയായിരിക്കും…

കണ്ണുകളൊന്നറിയാതെ നനഞ്ഞാൽ അവളെന്റെ കാലുകളിൽ നക്കികൊണ്ട് എന്റെ മുഖത്തേക്ക് തന്നെ നോക്കും. ചിലപ്പോൾ ഇവളെന്റെ ഏറ്റവും വലിയ ആശ്വാസമായി തോന്നും.

ഞാനല്ലാതെ കുളിപ്പിക്കാനോ അഴിച്ചുകെട്ടാനോ അവൾ അയക്കില്ല. പറയാതെ എങ്ങോട്ടെങ്കിലും പോയാൽ, ആരെങ്കിലും വെള്ളം കൊടുത്താലും അവളതു തട്ടിമറിച്ചുകളയും. പുല്ല് അല്ലാതെ തിന്നുകയും ഇല്ല. അമ്മ ഇടയ്ക്കു വഴക്കു പറയും, അവന്റെ ഒരു പൊന്നും, സ്വർണവും ഒക്കെ….വേറെ ആരും ഇവിടെ പശുവിനെ കണ്ടിട്ടില്ലാലോ!!

അവളെങ്ങനെ എന്നിലേക്കൊരുപാട് ചേർന്നതു പോലെ തോന്നും ചിലപ്പോൾ, വരാനൊന്നു വൈകിയാൽ കരഞ്ഞു ബഹളം വക്കും. ഞാൻ അരിഞ്ഞുകൊണ്ടുവരുന്ന പച്ച പുല്ലു മാത്രം തിന്നാനായി പട്ടിണി കിടക്കുകയും ചെയ്യും.

നന്ദിനി പ്രസവത്തിനു നാട്ടിൽ വന്ന കാലത്താണ്, അവൾക്കും ആദ്യത്തെ പേറിനുള്ള സമയം ആയത്. ദിവസമടുത്തപ്പോൾ അടുത്തപ്പോൾ അമ്മ പറഞ്ഞു, വിനു നീ എങ്ങോട്ടും പോവല്ലേ അവൾക്കു നീയില്ലാതെ പറ്റില്ലെന്ന്. അവളുടെ അടുത്തു തന്നെ ഞാൻ ഇരുന്നു. തൊട്ടും തലോടിയും അടുത്തിരുന്നപ്പോൾ വേദനകൊണ്ടവൾ എന്നെ നോക്കി കരഞ്ഞു.

ശിവരാത്രിയായിരുന്നു…അന്നു പുലർച്ചെ അവൾ പ്രസവിച്ചു. ശരീരം മുഴുവൻ ബ്രൗൺ നിറത്തിൽ നെറ്റിയിൽ മാത്രം വെള്ള നിറം ഗോപി പോലെ, സുന്ദരനായ ഒരു മൂരികുട്ടൻ…അവനു ഞാൻ ഓം എന്നു പേര് വച്ചു.

നന്ദിനിയെ ഞാൻ കറക്കുന്നത് കാണുമ്പോളെല്ലാം അമ്മിണിക്കുട്ടിയും വിമലയും കളിയാക്കുന്നതുപോലെ എനിക്ക് തോന്നും, അമ്മയും ഇടയ്ക്കു കളിയാക്കും.

ഒരിക്കൽ ഞാനും ഏട്ടനും കൂടെ ഒരു കല്യാണത്തിന് പോയിട്ടു വന്നതായിരുന്നു ദൂരെ. വന്നു കേറിയതും അമ്മ പറഞ്ഞു, വിനു, ആ പെണ്ണിന് ഇത്തിരി പുല്ലരിഞ്ഞിട്ട് വാ, കുട്ടി ഒന്നും തിന്നാതെ നിന്നെയും നോക്കി നിൽക്കുന്നുവെന്ന്.

അതു കേട്ട് മറുപടി പറഞ്ഞത് ഏട്ടനാണ്….അവനു ഒരു പോസ്റ്റിങ്ങ്‌ ആയിട്ടുണ്ട്. അപ്പോയ്ന്റ്മെന്റ് ലെറ്റർ വന്നാൽ അവനങ്ങു പോവും, വയ്യാത്ത കാലും വച്ചിട്ട് എന്തിനാ അമ്മക്ക് ഈ തൊഴുത്തു. അമ്മയെ പറഞ്ഞിട്ട് എന്തിനാ മലയാള സാഹിത്യവും സിനിമയും തൊഴുത്തു നിറഞ്ഞു നില്കുകയല്ലേ…

പുല്ലരിയുമ്പോഴും ഏട്ടന്റെ വാക്കുകൾ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു, ഇപ്പോളാണ് ജോലിയെ കുറിച് ഓർത്തത് ഞാൻ ഇല്ലാതെ അവൾ, എങ്ങനെ, എന്തു ചെയ്യും.

പുല്ല് സൈക്കിളിൽ വച്ചു കെട്ടിയപ്പോളേക്കും ഇരുട്ടി തുടങ്ങിയിരുന്നു. മനസു നീറുന്നു കാലും, പുല്ലു തൊഴുത്തിൽ ഇട്ടുകൊടുത്തപ്പോളേക്കും കണ്ണു മങ്ങി തുടങ്ങി, അവളുറക്കെ കരയുന്നത് എനിക്ക് മാത്രം പതിയെ കേട്ടുകൊണ്ടിരുന്നു. കാലുകളിൽ നീല നിറം കയറിതുടങ്ങിയിരുന്നു.

3 ദിവസം വേണ്ടി വന്നു കണ്ണൊന്നു തുറക്കാൻ. ബോധം വന്നപ്പോൾ ഐ സി യൂ വിലെ തണുപ്പിലായിരുന്നു.. പിന്നെയും രണ്ടു ദിവസമെടുത്തു വാർഡിലേക്ക് മാറ്റാൻ. വാർഡിലും വരാന്തയിലും അമ്മയെ കണ്ടപ്പോളും അമ്മയുടെ കണ്ണു നിറയുന്നതിന്റെ ഗതി മാറിയപ്പോളും മനസിലായി തൊഴുത്തു ഒഴിവായിഎന്നു. അല്ലെങ്കിലും അമ്മ അങ്ങനെയാണ് എന്നെ വേറെയാരും അളവിൽ കൂടുതൽ ഇഷ്ടപ്പെടുന്നത് അമ്മക്ക് ഇഷ്ടമല്ല.

എന്റെ ഇഷ്ടങ്ങളുടെയും നഷ്ടങ്ങളുടെയും പട്ടികയിൽ ഒരു പേര് മാത്രം ഒന്നു കൂടെ ചേർക്കപ്പെട്ടു

“നന്ദിനി “…..

-Sowmya Sahadevan