ആശ്വസിപ്പിക്കാൻ ആളുകൾ അടുത്തേക്ക് വരുമ്പോൾ മാത്രം അയാളുടെ മുഖം പെട്ടെന്ന് ഞെട്ടി മാറുന്നു.

ചൂള….
Story written by Vaisakh Baiju
===================

“നല്ലൊരു സ്ത്രീയായിരുന്നു, ചിരിക്കാതെ ഷൈല ചേച്ചിയെ ആരും കണ്ടിട്ടില്ല” മോളമ്മ പറഞ്ഞു നിർത്തി

“സത്യം…എല്ലാവരോടും വലിയ സ്നേഹമായിരുന്നു. ഒരാവശ്യം പറഞ്ഞു ചെന്നാൽ പറ്റുന്നപോലെ എന്നെ സഹായിക്കുമായിരുന്നു പാവം…ഇതിപ്പോ ഒരു അസുഖവും ഇല്ലാരുന്നു…മനുഷ്യരുടെ ഒരു കാര്യം..” ലളിതയും കൂട്ടിച്ചേർത്തു

നേരം നന്നായി വെളുത്തിരിക്കുന്നു….

സുഗതൻ്റെ ഭാര്യ ഷൈലജ മരണപ്പെട്ടിരിക്കുന്നു….സൈലന്റ് അറ്റാക്ക് ആയിരുന്നു…പതിയെ എല്ലായിടത്തേക്കും വാർത്തയെത്തി.

നടുമുറിയിൽ തന്നേയാണ് ഷൈലയേ കിടത്തിയിരിക്കുന്നത്….ഒരു ഉറക്കത്തിലെന്നപോലെ അവൾ കിടക്കുന്നു…എക മകൻ റെജി അടുത്തായി തളർന്നിരിപ്പുണ്ട്…ഇടയ്‌ക്കിടെ അവൻ വിതുമ്പി കരയുന്നു….ആ കാഴ്ച ചുറ്റുമുള്ളവരുടെ കണ്ണ് നിറയ്ക്കുന്നു…

പുറത്ത് മുറ്റത്ത് മൗനിയായിരിക്കുന്ന ഷൈലയുടെ ഭർത്താവായ സുഗതൻ…അയാളുടെ മുഖം…ആകെ മരവിച്ച അവസ്ഥയിലാണ്….

ആശ്വസിപ്പിക്കാൻ ആളുകൾ അടുത്തേക്ക് വരുമ്പോൾ മാത്രം അയാളുടെ മുഖം പെട്ടെന്ന് ഞെട്ടി മാറുന്നു. വീണ്ടും ആ മരവിപ്പിലേക്ക് അയാൾ മടങ്ങുന്നു….

മറ്റാരും വരാനില്ല. വൈകുന്നേരത്തോടെ തെക്കേ വളപ്പിൽ ഷൈലയ്ക്കായി ചിതയൊരുങ്ങി…ചിതയ്ക്ക് മുകളിലേക്ക് അവളെ കിടത്തി…

നനഞ്ഞ ദേഹത്തോടെ റെജി അമ്മയെ കെട്ടിപിടിച്ചു അലറികരഞ്ഞു…കൂടെ നിന്നവർ അവനെ പിന്നിലേക്ക് പിടിച്ചു മാറ്റികൊണ്ടിരുന്നു…

സുഗതൻ പതിയെ അവളുടെ അടുത്തേക്ക് വന്നു…അപ്പോൾ മാത്രം അയാളുടെ കണ്ണുകൾ നിറഞ്ഞു

അവളുടെ തണുത്ത നെറ്റിയിൽ അയാൾ തന്റെ കൈ ഒന്നമർത്തി. ആ തണുപ്പ് അയാളുടെ കൈപ്പത്തിയെ പൊള്ളിക്കുന്നുണ്ടായിരുന്നു…വിറയ്ക്കുന്ന ദേഹത്തോടെ മകൻ അമ്മയുടെ ചിതയ്ക്ക് തീ കൊളുത്തി….തീ ആളിപടർന്നു….ആ തീയിന്റെ ചൂടിൽ ആ പറമ്പിൽ ഷൈല നട്ടുവളർത്തിയ പച്ചക്കറി ചെടികൾ വാടി കരിയുന്നുണ്ടായിരുന്നു…രാമച്ചവും മാം–സവും ഒന്നിച്ച് കരിയുന്ന ഗന്ധം കാറ്റിൽ നിറഞ്ഞു…

ആളുകൾ പതിയേ അവിടെ നിന്ന് ഒഴിഞ്ഞു തുടങ്ങുന്നു….നേരം പാതിരാവിനോട് അടുക്കുന്നു…ചിത അപ്പോഴും കെട്ടടങ്ങിയിരുന്നില്ല…വെണ്ണീറായ ദേഹത്ത് നിന്നും ബാക്കിയായ എല്ലിൻ തുണ്ടുകൾ അതിൽ നീറി നീറി കിടക്കുന്നുണ്ടായിരുന്നു…അതിലേക്ക് നോക്കിയിരുന്ന സുഗതൻ പതിയെ എഴുന്നേറ്റ് വീട്ടിലേക്ക് നടക്കുന്നു….

വീട്ടിലേക്ക് കയറും മുൻപ് അയാൾ തെക്കേവളപ്പിലെ ആ കനൽക്കൂമ്പാരത്തിലേക്ക് ഒരു വട്ടം കൂടി നോക്കി…

അയാൽ പതിയേ തന്റെ മുറിയിലേക്ക് നടന്നു….

മുറിയിൽ അപ്പോഴും അവളുടെ ഗന്ധം ബാക്കി നിൽക്കുന്നുണ്ടായിരുന്നു. താനേറെ പ്രിയപ്പെട്ട അവളുടെ ആ ഗന്ധം ഇപ്പോൾ അയാളിൽ വേദനയാണുണ്ടയാക്കുന്നത്…

അയാൾ അലമാര തുറന്നു…അതിൽ അവൾ ഭംഗിയായി അടുക്കി വച്ചിരിക്കുന്ന സാരികളും പലപ്പോഴായി താൻ കൊടുത്ത സമ്മാനങ്ങളും ആഭരണങ്ങളും…താൻ കൊടുത്ത ഒന്നും അവൾ വിലകുറച്ചു കണ്ടിട്ടില്ല…അതൊരു മൊട്ടുസൂചിയാണെങ്കിൽ പോലും…അയാൾക്ക് തൻ്റെ വലത് ഭാഗം ശൂന്യമായതുപോലെ തോന്നി.

അയാളുടെ കണ്ണുകൾ ചെന്ന് നിന്നത്… അവരൊന്നിച്ചുള്ള വിവാഹഫോട്ടോയിലേക്കാണ്…..അതിലേക്ക് അയാൾ ഏറെനേരം നോക്കി നിന്നു. അവരൊന്നിച്ച് ആ മുറിയിൽ പങ്കുവച്ച നിമിഷങ്ങളൊക്കെയും ആ ഒറ്റ നിമിഷത്തിൽ അയാളിലൂടെ കടന്ന് പോകുന്നു…

മുകളിലത്തെ നിലയിലെ റെജിയുടെ മുറിയിലേക്ക് സുഗതൻ നടന്നെത്തി. റെജി മുറിയിൽ തന്റെ കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു. അച്ഛനെ കണ്ട് അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റിരുന്നു. സുഗതൻ അവൻ്റെ മുന്നിലെ കസേരയിൽ ഇരുന്നു. റെജി അച്ഛനെ നോക്കി….അയാളുടെ കയ്യിൽ ആ വിവാഹഫോട്ടോയുണ്ട്..

“അവൾക്ക് എന്നേക്കാൾ ഇഷ്ടം നിന്നോടായിരുന്നു എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ”

സുഗതൻ പറഞ്ഞു തുടങ്ങി…

“ഞങ്ങൾ തമ്മിൽ ആദ്യമായി വഴക്കിടുന്നത് പോലും നീ ബാംഗ്ലൂരിൽ പോകുന്നതിലുള്ള എന്റെ എതിർപ്പിന്റെ പേരിലാണ് “

റെജിയുടെ മുഖം താഴ്ന്നു..

“നീയൊരു പി–ഴച്ച സന്തതിയാണെന്ന് എന്തായാലും ഇനിയാരും അറിയില്ല. അതിനുള്ള തെളിവും ഉള്ളിൽ പേറിയാണല്ലോ അവൾ പോയത്…അല്ലേടാ നാ—-യിന്റെ മോനേ…”

സുഗതന്റെ ശബ്ദത്തിൽ പകയും സങ്കടവും ഒരുപോലെ നിറഞ്ഞിരുന്നു…

റെജി ഞെട്ടി തരിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു

“ഇരിക്കെടാ അവിടെ…”

സുഗതൻ അലറി..

റെജി വിറച്ചുകൊണ്ട് കൊണ്ട് കട്ടിലിൽ ഇരുന്നു..

“നിൻ്റെ അഭിനയമെല്ലാം എല്ലാവരും വിശ്വസിച്ചു…ഞാൻ അതെല്ലാം നോക്കിക്കണ്ടു. മതി….അതിനപ്പുറം ഒന്നും വേണ്ടാ…ഒന്നുമാത്രം ഓർത്തോ…നിന്റെ അമ്മ…അല്ല…ഇനി ഞാൻ അത്‌ പറയില്ല….എന്റെ ഭാര്യ… എന്നോട് പറയാത്തതായി ഒന്നുമില്ല….”

പറഞ്ഞു നിർത്തുമ്പോൾ അയാളുടെ ശബ്ദം ഉള്ളിലെവിടെയോ ഉടക്കി.. വിതുമ്പി….

റെജി നിശബ്ദനാണ്….

“പു-കയും മരുന്നും മൂക്കുമ്പോൾ ത-ള്ളയെ കണ്ടാലും നീയൊന്നും തിരിച്ചറിയില്ല…നിന്നെ തീർക്കാനാണ് ആദ്യം എനിക്ക് തോന്നിയത്…ഇല്ല നീ ചാവരുത്..ചാവാൻ പാടില്ല….” അത്രയും പറഞ്ഞു തീർത്തിട്ട് സുഗതൻ എഴുന്നേറ്റ് തിരികെ നടന്നു…

റെജിയുടെ മുഖം ചുവന്നു തുടുത്തു…ഒരായിരം പ്രഹരങ്ങൾ ഒന്നിച്ച് തലയിലേൽക്കുന്നത് പോലെ അവന് തോന്നി….

സുഗതൻ ഒരു കൈസഞ്ചിയിലേക്ക് ആ വിവാഹഫോട്ടോ വച്ചു. മുറ്റത്തേക്കിറങ്ങി നിന്ന് അയാൾ തന്റെ വീടിനെയും…തെക്കേവളപ്പിലെ അണയാത്ത ആ തീച്ചൂളയെയും ഒരുവട്ടം കൂടി നോക്കി….ശേഷം ഇരുളിലേക്ക് അയാൾ പതിയെ നടന്നകന്നു….

നേരം വെളുത്തു…പിറ്റേന്ന് പകൽ….

മോളമ്മ അയൽക്കാരി ലളിതയോട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു…

“അറിഞ്ഞാരുന്നോ…ഷൈലചേച്ചിയുടെ മോൻ റെജി തൂങ്ങി…ത–ള്ള പോയതിന്റെ സങ്കടമായിരിക്കും പാവം..സുഗതൻ ചേട്ടനെ കാണാനുമില്ല…എവിടെ പോയെന്ന് ആർക്കുമറിയില്ല….”

“ഹാ ആ ചെറുക്കൻ ത-ള്ളയുമായി അത്രയ്ക്ക് അടുപ്പമല്ലായിരുന്നോ…എന്തൊരു നല്ല കുടുംബമായിരുന്നു… “

ലളിത പറഞ്ഞു നിർത്തി….