ആ കണ്ണുകൾ നിറഞ്ഞു ചുവന്നു തുടുത്തത് കണ്ടത് കൊണ്ട് തന്നെ ഞാൻ ഉമ്മയുടെ അടുത്തേക് നടന്നു..

എഴുത്ത്: നൗഫു ചാലിയം
===================

“തല്ലല്ലേ ഉമ്മാ…തല്ലല്ലേ..ഞാൻ എടുത്തിട്ടില്ല….സത്യായിട്ടും ഞാൻ എടുത്തിട്ടില്ല ഉമ്മാ……”

ഉമ്മയുടെ അടി കിട്ടി കൊണ്ടിരുന്ന സമയം അത്രയും ഞാൻ വേദന കൊണ്ട് പുളഞ്ഞു നിലവിളിച്ചു കൊണ്ട് ഉമ്മയോട് പറഞ്ഞു..

“സത്യം പറഞ്ഞോ ജലി, നിയാണോ ആ പൈസ എടുത്തേ, സത്യം പറഞ്ഞോ..ഇല്ലേൽ ഞാൻ ഇനിയും അടിക്കും….”

ഉമ്മയുടെ കയ്യിൽ ഉണ്ടായിരുന്ന ചെമ്പരത്തി കൊമ്പ് കൊണ്ട് വീണ്ടും അടിച്ചു കൊണ്ട് ചോദിച്ചു..

ഉമ്മയുടെ അടിയിൽ തുടയിൽ എല്ലാം ചുവന്ന കളറിൽ തുടിപ്പ് പോലെ ഉയർന്നു വന്നിരുന്നു അടയാളങ്ങൾ..

ഞാൻ എത്ര തല്ലിയാലും എടുത്തൊന്നു പറയില്ല എന്നറിയുന്നത് കൊണ്ടായിരിക്കാം ഉമ്മ തല്ലു നിർത്തി അടുക്കള പുറത്തെ തിണ്ടിലേക് കയറി ഇരുന്നു…എന്നെ ദയനീയമായി നോക്കികൊണ്ട്…

“എങ്ങനെ, വളർത്തു ദോശമല്ലേ…എവിടുന്നാ എന്തെക്കെയാ മോഷ്ടിച്ചു കൊണ്ട് വരിക എന്നാർക്കറിയാം…വീട്ടിൽ നിന്നെ കട്ടിട്ടാണ് നാട്ടിലേക് ഇറങ്ങുന്നേ… കള്ളനാണവൻ…ഏഴു വയസായപ്പോൾ തന്നെ മോഷ്ടിക്കാൻ പഠിച്ചിരിക്കുന്നു…”

ഉമ്മയുടെ നാത്തൂൻ എന്നെ നോക്കി പറഞ്ഞു കൊണ്ട് വീണ്ടും തുടർന്നു…

“സ്വന്തം വീട്ടിലെ മക്കൾ അല്ലേ എന്ന് കരുതിയാണ് പത്തോ നൂറോ മേശപ്പുറത് തന്നെ വെക്കുന്നത് ഇനി ഇവിടെ എന്തേലും വെക്കാൻ പറ്റുമോ…ഹ്മ്മ്…സ്വർണ്ണമോ വിലപിടിപ്പുള്ള മറ്റെന്തേലും കട്ടിട്ടുണ്ടോ എന്ന് ആർക്കറിയാം…”

എരി തീയിൽ എണ്ണ ഒഴിക്കുന്നത് പോലെ ഉമ്മാനെ വീണ്ടും വീണ്ടും കു-ത്തി നോവിച്ചു കൊണ്ട് അമ്മായി വീടിനുള്ളിലേക് കയറി പോയപ്പോൾ ഉമ്മ നിർവികാരതയോടെ എന്നെ നോക്കി..

ആ ചുണ്ടുകൾ വിറക്കുന്നുണ്ടയായിരുന്നു…

ആ കണ്ണുകൾ നിറഞ്ഞു ചുവന്നു തുടുത്തത് കണ്ടത് കൊണ്ട് തന്നെ ഞാൻ ഉമ്മയുടെ അടുത്തേക് നടന്നു..

ഉപ്പ മറ്റൊരു പെണ്ണിനേയും കൊണ്ട് നാട് വിട്ടത് മുതൽ ഉമ്മയുടെ ഒരേ ഒരു ആങ്ങളയുടെ കാരുണ്യത്തിൽ ആയിരുന്നു ഞങ്ങളുടെ ജീവിതം…

ഉമ്മയുടെ അടുത്തേക്ക് നടന്നടുത്തു  തോളിൽ കൈ വെച്ചതും എന്നെ കെട്ടിപിടിച്ചു ആർത്തു കരയാൻ തുടങ്ങി…

“ഉമ്മാ…അള്ളാണേ സത്യം ഉമ്മാന്റെ ജലി (ജലീൽ ) ഒന്നും ഇത് വരെ കട്ടിട്ടില്ല…ഇനി കക്കുകയും ഇല്ല…ഞാൻ എന്റെ ഉമ്മാന്റെ മോനല്ലേ…ന്റെ ഉമ്മാന്റെ മോൻ…”

ഞാൻ പറയുന്നത് കൂടേ കേട്ടപ്പോൾ എന്നെ കെട്ടിപിടിച്ചു കരയുക എന്നല്ലാതെ ആ സാധുവിനു കഴിയില്ലായിരുന്നു..

കണ്ണുകൾ നിറഞ്ഞൊഴുകി എന്റെ കഴുത്തിലൂടെ അതിന്റെ നനവ് ഇറങ്ങുന്നത് ഞാൻ അറിഞ്ഞു..

ചൂടായിരുന്നു ആ കണ്ണു നീരിന്…

ഉപ്പ പോയിട്ട് പോലും ഉമ്മ കരഞ്ഞിട്ടില്ല…

എന്നെ കെട്ടിപിടിച്ചു ഒന്ന് ദീർഘശ്വാസം എടുത്തു…ഉണ്ടായിരുന്നു കുറച്ചു തുണികൾ മാത്രം എടുത്തു ആ വീടിൽ നിന്നും ഇറങ്ങിവന്നതാണ് ഈ വീട്ടിലേക്…

അമ്മായിയുടെ വകയിൽ ഉണ്ടായിരുന്ന ഏതോ ഒരാൾക്കു ഉമ്മയെ കെട്ടിച് കൊടുക്കാൻ അമ്മായി ഇടക്കിടെ അമ്മോനോട് പറയാറുണ്ടായിരുന്നു..

ഉമ്മ ഞാൻ ഉണ്ട് എനിക്ക് കൂട്ടിനെന്നും പറഞ്ഞു എല്ലായിപ്പോഴും അതിൽ നിന്നും അകന്നു നിൽക്കുന്നതിന്റെ ദേഷ്യം കൂടേ ഉണ്ടായിരുന്നു അമ്മായിക്ക് കുറേ കാലം ആയിട്ട്…

അയാൾക് ബുദ്ധി സ്ഥിരത ഇല്ലായിരുന്നു…മാത്രമല്ല സ്വന്തമായി വീടോ ഒന്നും തന്നെ ഇല്ല..

അയാളെ കെട്ടിയാൽ ഉമ്മ തന്നെ അയാളെയും നോക്കേണ്ടി വരുമായിരുന്നു…

ഇനിയും നിന്നാൽ എന്റെ പേരിൽ ഒരുപാട് പ്രശ്നങ്ങൾ അമ്മായി ഉണ്ടാകുമോ എന്ന് പേടിച്ചിട്ടായിരുന്നു അറിയുന്ന ആളുകളുടെ മുന്നിൽ ഉമ്മ കൈ നീട്ടി ഒരു വാടക വീട്ടിലേക് ഞങ്ങൾ മാറിയത്…

അതിന് രണ്ട് ദിവസം മുമ്പ് ഉമ്മ ഒരു പ്ലാസ്റ്റിക് കമ്പിനിയിൽ കുപ്പി ഉണ്ടാക്കുന്ന പണിക് കയറിയിരുന്നു..

മാസം 8000 ആയിരുന്നു ശമ്പളം…വീട് വാടക നാലായിരവും…ബാക്കി നാലായിരം മതിയായിരുന്നു എനിക്കും ഉമ്മാകും ജീവിക്കാൻ..

അങ്ങനെ ആയിരുന്നു തൊട്ടടുത്തുള്ള തീപ്പെട്ടി കമ്പിനിയിൽ അവരുടെ അച്ചിലേക് തീപ്പെട്ടി കൊള്ളി സെറ്റ് ചെയ്തു കൊടുക്കുന്ന ജോലി ഉണ്ടെന്ന് ഞാൻ അറിഞ്ഞത്..

വീട്ടിൽ നിന്നും ചെയ്താൽ മതി.

ഒന്ന് സെറ്റ് ചെയ്താൽ രണ്ടോ മൂന്നോ രൂപ കിട്ടും…

ദിവസം എങ്ങനെ പോയാലും പത്തോ പതിനഞ്ചോ ചെയ്യാൻ കഴിയുന്നത് കൊണ്ട് തന്നെ ഞാൻ രാത്രി പഠിത്തം കഴിഞ്ഞാൽ ആ ജോലി ചെയ്യാൻ തുടങ്ങി..

കൂട്ടുകാരുടെ കൂടേ പുറത്തേക് പോലും പോകാതെ ഇരിക്കുന്നത് കൊണ്ട് തന്നെ സ്കൂൾ ഇല്ലാത്ത ദിവസം എന്റെ കൂട്ടുകാരും എന്നെ സഹായിക്കാൻ കൂടുമായിരുന്നു..അന്ന് പതിനഞ്ചു എന്നുള്ളത് അമ്പതോ അറുപതോ ആവും..

ജീവിതം നല്ല രീതിയിൽ പോകുന്നതിനു ഇടയിൽ ആയിരുന്നു..പള്ളിയിലെ ബാങ്ക് വിളിക്കുന്ന ആള് എന്നെ ഒരു ദിവസം കാണാൻ വന്നത്…

“ജലീ…ഞാൻ ഒരു കാര്യം പറഞ്ഞാൽ മോന് മനസ്സിലാകുമോ…”

അയാൾ വന്ന ഉടനെ എന്നോട് ചോദിച്ചു..

“എന്താ ഉസ്താദ്ദേ…”

വഴിയിൽ നിന്നും ആയത് കൊണ്ട് തന്നെ ഞാൻ മൂപ്പരുടെ മുന്നിൽ നിന്നു കൊണ്ട് ചോദിച്ചു..

മോനേ..നിനക്ക് പള്ളിയിലെ വലിയ ഉസ്താദിനെ അറിയാമല്ലോ…

(വലിയ ഉസ്താദിനെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ ആ രൂപം എന്റെ മുന്നിലൂടെ കടന്ന് പോയി..അത്രക്ക് സുന്ദരൻ ആയിരുന്നു ഉസ്താദ്…നാട്ടിലെ എല്ലാവർക്കും പ്രിയപെട്ടവനും നല്ലത് പോലെ സംസാരിക്കാൻ കഴിയുന്ന ആളും ആയിരുന്നു..…)

“അറിയാമല്ലോ ഉസ്താദെ..എന്താ കാര്യം…”

“മോനേ..നീ ചെറിയ കുട്ടി ആണെന്ന് എനിക്കറിയാം…നിനക്ക് ഞാൻ പറയുന്നത് മനസിലാക്കാൻ പറ്റിയ വകതിരിവ് ആയിട്ടുണ്ടോ എന്ന് പോലും എനിക്ക് അറിയില്ല..എന്നാലും ഞാൻ പറയുന്നത് മോൻ ശ്രദ്ധിച്ചു കേൾക്കണം…വല്യ ഉസ്താദിന്റെ ഭാര്യാ ആറു മാസം മുന്നേ പ്രസവത്തിനു ഇടയിൽ മരണപെട്ടു പോയിരുന്നു..ഉസ്താദിനു അത്ര പ്രായം ആയിട്ടില്ല എന്ന് നിനക്ക് അറിയാമല്ലോ…ഏറിയാൽ 30 വയസ്സ്…ഉസ്താദിനു ആ പ്രസവത്തിൽ ഒരു കുഞ്ഞു മോളാണ് ഉള്ളത് ആറു മാസം ആയത്…മോൻ വിരോധം ഒന്നും ഇല്ലേൽ ഉസ്താദിനു മോന്റെ ഉമ്മയെ വിവാഹം കഴിക്കാൻ താല്പര്യമുണ്ട്…”

ഉസ്താദ്‌ എന്നെ നോക്കി കൊണ്ട് പറഞ്ഞു…

വീണ്ടും തുടർന്നു…

മോന് സമ്മതം ആണേൽ വല്യ കാളി വഴി ഉമ്മാന്റെ ആങ്ങളയെ കാര്യം ധരിപ്പിച്ചു വിവാഹം നടത്താം…ഞാൻ പറയുന്നത് മോന് മനസ്സിലായോ..

ഉമ്മയുടെ കല്യാണക്കാര്യമാണ് ഉസ്താദ് പറയുന്നതെന്ന് എനിക്ക് മനസിലായെങ്കിലും അതിൽ കൂടുതൽ ഒന്നും എനിക്ക് മനസിലായിരുന്നില്ല…

മോനേ..നിന്റെ ഉമ്മ നീ ഉള്ളത് കൊണ്ടാണ് മറ്റൊരു വിവാഹത്തിന് സമ്മതിക്കാത്തത്…മോന് സമ്മതം ആണെന്ന് അറിഞ്ഞാൽ ഇൻശാഅല്ലാഹ്‌ നല്ലൊരു കാര്യം ആയിരിക്കും ഇത്..നിങ്ങൾക് വാടക കൊടുക്കാതെ സ്വന്തം വീട്ടിൽ കഴിയാം…ഉമ്മാക് ജോലിക്ക് പോകേണ്ടി വരില്ല…മോനും ജോലി എടുക്കാതെ പഠിക്കാൻ ഉള്ളത് പഠിച്ചു മാത്രം നടക്കാം…”

ഉസ്താദ് വീണ്ടും പറഞ്ഞപ്പോൾ അതൊക്കെ ശരി ആണെന്ന് എനിക്ക് മനസിലായി…

പക്ഷെ ഞാൻ ഉള്ളത് കൊണ്ടാണ് ഉമ്മ വിവാഹത്തിന് സമ്മതിക്കാത്തത് എന്ന് പറഞ്ഞത് മാത്രം എനിക്ക് മനസിലായില്ല..

ഇനി ഞാൻ മരിച്ചിട്ട് ആയിരിക്കുമോ ഉമ്മ കല്യാണം കഴിക്കുക…

എന്റെ പൊട്ടാ ബുദ്ധിയിൽ വന്ന ചോദ്യം ജോലി കഴിഞ്ഞു വന്ന ഉമ്മയോട് ഞാൻ ചോദിക്കുക തന്നെ ചെയ്തു..

“ഞാൻ മരിക്കാഞ്ഞിട്ടാണോ ഉമ്മ വേറെ കല്യാണം കഴിക്കാത്തെ…”

എന്ത് പറഞ്ഞെടാ നീ എന്നും ചോദിച്ചു ഒരുപാട് ഉമ്മ തല്ലി…

“നീ…നീ എന്റെ പൊന്നീല്ലേടാ…ഉമ്മാക് നീ മതിയെടാ…വേറെ ആരും വേണ്ടാ എന്നും പറഞ്ഞു കരയുന്ന ഉമ്മയെ കണ്ടപ്പോൾ എന്റെ നിയന്ത്രണവും വിട്ടു പോയിരുന്നു…”

പക്ഷെ ഉമ്മാക്ക് ഒരു തുണ വേണമെന്ന് ഞാൻ അന്നേ ഉറപ്പിച്ചിരുന്നു…

ഉമ്മയെ ഷോപ്പിട്ട് ഷോപ്പിട്ട് ഞാൻ അവസാനം അത് നേടി എടുക്കുക തന്നെ ചെയ്തു..

ഉമ്മാക് ഒരു പുതിയാപ്പിളയെ യും മകളെയും കിട്ടിയപ്പോൾ…എനിക്ക് കിട്ടിയത് ഒരു ഉപ്പയെയും അനിയത്തിയെയും ആയിരുന്നു…കൂടേ ഞങ്ങൾക്ക് സമാധാനമായി കഴിയാൻ ഒരു കുഞ്ഞ് വീടും…”

ഇഷ്ട്ടപെട്ടാൽ 👍

ബൈ

നൗഫു 😘