അരുണയുണ്ടായിരുന്നുവെങ്കിൽ, ഇപ്പോൾ കിടക്കയിൽ പായാരങ്ങളുടെ നിലയ്ക്കാത്ത ധാരകളുണ്ടായേനേ. വലിയ വീടുണ്ടായതു മൂലം…

നിലാവ്….
എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്
=====================

കിടപ്പുമുറിയുടെ ജനൽവാതിലുകളെല്ലാം വിരിനീക്കി തുറന്നിട്ട്, പ്രകാശ് കട്ടിലിൻ്റെ ക്രാസിയിൽ തലയിണ ചാരിവച്ചു കിടന്നു. കമ്പ്യൂട്ടറിൽ നിന്നും സുഗതകുമാരിയുടെയൊരു കവിത വളരേ പതിഞ്ഞ ശബ്ദത്തിലൊഴുകി വന്നുകൊണ്ടിരുന്നു. പ്രകൃതിയേക്കുറിച്ചുള്ള വർണ്ണനകളുടെ വൈഭവത്തിൽ ലയിച്ചങ്ങനേയിരിക്കുമ്പോളാണ്, വാതിൽക്കൽ അമ്മ വന്നു നിന്നത്.

“മോനേ, ഒമ്പതുമണിയാകാറായി; കിടക്കണ്ടേ? രാത്രി കഴിക്കാൻ, അമ്മ ചപ്പാത്തിയുണ്ടാക്കിത്തരട്ടേ?”

പ്രകാശ് എഴുന്നേറ്റിരുന്നു.

അമ്മ, മറുപടിയും കാത്തുനിൽപ്പാണ്. അച്ഛനുറങ്ങിക്കാണണം. അച്ഛൻ ദിനചര്യകളിൽ നിഷ്കർഷത പുലർത്തുന്നൊരാളാണ്. എട്ടുമണിക്ക് അത്താഴം കഴിച്ച്, ഒൻപതുമണിയോടെ ഉറങ്ങാനായിപ്പോകും. എഴുപതിലെത്തിയിട്ടും അച്ഛനിപ്പോളും ചുറുചുറുക്കും പ്രസന്നതയും സൂക്ഷിക്കുന്നു. അമ്മയ്ക്ക്, അച്ഛനേക്കാൾ പ്രായം തോന്നിക്കും. അറുപത്തിരണ്ടാം പിറന്നാൾ കഴിഞ്ഞിട്ട് നാളേറെയായിട്ടില്ല. അമ്മയുടെ നരച്ചയുടുപ്പും, അതിലേറെ വെളുത്ത മുടിയിഴകളും തമ്മിൽ നല്ല ചേർച്ച തോന്നിച്ചു.

“അമ്മേ, അമ്മ ചപ്പാത്തിയുണ്ടാക്കേണ്ട. ഞാൻ, പാതി വേവിച്ച ചപ്പാത്തി കൊണ്ടുവന്നിട്ടുണ്ട്. അതൊന്നു, പാനിൽ ചൂടാക്കി വേവിച്ചാൽ മതി. അമ്മ അടുക്കളയിലേക്കു പൊയ്ക്കോളൂ. ചപ്പാത്തിയുടെ പാക്കറ്റ്, ഫ്രിഡ്ജിനു മുകളിലുണ്ട്”

അമ്മ, പതിയേ പിന്തിരിഞ്ഞു പോകുന്നതും ശ്രദ്ധിച്ച് ഏതാനും നിമിഷങ്ങൾ കൂടി പ്രകാശ് അതേയിരിപ്പു തുടർന്നു. കവിതയുടെ ശീലുകൾ വീണ്ടും കാതുകളേ തേടിയെത്തി.

“രാത്രിമഴ പണ്ടെൻ്റെ സൗഭാഗ്യരാത്രികളിലെന്നെ ചിരിപ്പിച്ച, കുളിർ കോരിയണിയിച്ച, വെണ്ണിലാവേക്കാൾ പ്രിയം, തന്നുറക്കിയോരന്നത്തെയെൻ പ്രേമസാക്ഷി”

കമ്പ്യൂട്ടർ ഓഫ് ചെയ്ത്, എഴുന്നേറ്റു. ജാലകങ്ങൾക്കു വെളിയിൽ കുംഭനിലാവിൻ്റെ മഞ്ഞച്ചവെളിച്ചം തൊടിയിലാകെ നിറഞ്ഞു നിൽക്കുന്നതായി കാണപ്പെട്ടു. ഈ രാത്രി എത്ര സുന്ദരമാണ്. വേനലിൽ വെന്ത പുൽനാമ്പുകൾക്കു മീതെ താരള്യസ്പർശം തീർക്കുന്ന നിലാവ്. കറുത്ത രാത്രിയുടെ കസവുപുടവ പോൽ സുഭഗയായ പൗർണ്ണമി.

ഹൃദയത്തിൽ പഴയൊരു കാലം വിരുന്നെത്തും പോലെ തോന്നിച്ചു.
പുഴകളേയും മഴയേയും നിലാവിനേയും സ്നേഹിച്ച കൗമാരവും, തീഷ്ണയൗവ്വനവും വിളിപ്പാടകലേ മാത്രം അമാന്തിച്ചു നിൽക്കും പോലെയുള്ള അവസ്ഥയുറയുന്നു. പഴയൊരു ഡയറിത്താളുകളിലെന്നോ കുറിച്ച കവിതകളുടെ മഷി മായാൻ തുടങ്ങിയിട്ടുണ്ടാകും. സത്യത്തിലിപ്പോൾ, ഈ വീട്ടിൽ എവിടെയെങ്കിലും ആ ഡയറികളുണ്ടായിരിക്കുമോ? അതോ, പഴയ പത്രക്കടലാസുകൾക്കൊപ്പം, ഏതെങ്കിലും ആക്രിക്കടയിൽ സമാധിയടഞ്ഞുവോ? അറിയില്ല.

നോട്ടം വീണ്ടും വിശാലമായ കട്ടിലിലേക്കും, അതിൻമേൽ നിവർത്തിയിട്ട പതുപതുത്ത കിടക്കയിലേക്കും നീണ്ടു. വരിയിട്ടു കിടക്കുന്ന മൂന്നു തലയിണകൾ. രണ്ടെണ്ണം ഒരുപോലെ വലിപ്പമുള്ളതും, ഒന്നു തെല്ലു ചെറുതും. അരുണയും മകനും അവളുടെ വീട്ടിലേക്കു രാവിലെ പോയി. അഞ്ചാംക്ലാസുകാരൻ അഗ്നിവേശിനു മധ്യവേനലവധി ലഭിച്ചതിനാൽ അരുണയേറെ സന്തോഷവതിയായിരുന്നു.

അരുണയുണ്ടായിരുന്നുവെങ്കിൽ, ഇപ്പോൾ കിടക്കയിൽ പായാരങ്ങളുടെ നിലയ്ക്കാത്ത ധാരകളുണ്ടായേനേ. വലിയ വീടുണ്ടായതു മൂലം എല്ലായിടത്തും വൃത്തിയാക്കാൻ സാധിക്കാത്ത അസ്വസ്ഥതകൾ, ഒരു ഗവർമെൻ്റ് സ്കൂളിലെ അധ്യാപകൻ്റെ ഭാര്യയെന്ന സ്ഥാനത്തേക്കാൾ, അവൾ സ്വന്തമായൊരു ജോലിയാഗ്രഹിച്ചിരുന്നു. പബ്ലിക് സർവ്വിസ് കമ്മീഷൻ പരീക്ഷകൾക്കു വേണ്ടി,  പതിവായി കോച്ചിംഗിനു പോയ്ക്കൊണ്ടിരിക്കുന്നുമുണ്ട്. കപ്പിനും ചുണ്ടിനുമിടയിൽ വച്ച് ഉദ്യോഗാവസരങ്ങൾ നഷ്പ്പെടുമ്പോൾ അവൾ തീർത്തും നൈരാശ്യത്തിലാകാറുണ്ട്.

“പ്രകാശേട്ടാ, അച്ഛൻ സ്വയം പാത്രങ്ങൾ കഴുകി വയ്ക്കുന്നത് വൃത്തിയാകുന്നില്ല. രണ്ടു ദിവസം മുൻപ്, ഞാൻ ഭക്ഷണം കഴിക്കാൻ പ്ലേറ്റ് എടുത്തപ്പോൾ അതിൽ എച്ചിൽ ഉണങ്ങിയൊട്ടിയിരിക്കുന്നു. എനിക്കു ഓക്കാനം വന്നു”

“അരുണാ, അച്ഛനേ തിരുത്തുക വയ്യ. ആളുടെ പ്രായമതാണ്. നീയൊന്നു ശ്രദ്ധിക്കുക. വെറുതേ അച്ഛനു മുഷിച്ചലുണ്ടാക്കേണ്ട. അച്ഛൻ പിന്നിട്ട വഴികൾ അത്യദ്ധ്വാനത്തിൻ്റേതു കൂടിയാണ്. എൻ്റെ ഈ നല്ല ഭാവിയിൽ,
ആ വിയർപ്പാണ് വളക്കൂറ് തീർത്തത്”

“ചേട്ടാ, നിങ്ങളുടെ അമ്മയുടെ അ–ടിവസ്ത്രങ്ങൾ ഞാൻ കഴുകില്ലാ ട്ടാ..എല്ലാം, മൂ–ത്രം നനഞ്ഞിരിക്കുന്നു. കഴുകാനെടുടുക്കുമ്പോൾ അറയ്ക്കുന്നു. ഭക്ഷണം കഴിക്കുമ്പോളും വിളമ്പുമ്പോളും നിർത്താത്ത ചുമയും. എന്നെ തോൽപ്പിക്കാൻ, അല്ലാതെന്ത്.”

”അരുണാ, അമ്മയ്ക്ക് അറുപതു വയസ്സു കഴിഞ്ഞത് അറിയാല്ലോ? ഈ പ്രായത്തിലുള്ള സ്ത്രീകളിൽ സാധാരണമാണീയവസ്ഥ. ഇപ്പോൾ, നാൽപ്പതു കഴിഞ്ഞവരിലും കാണുന്നുണ്ട്. മൂ-ത്രസഞ്ചിയിലുണ്ടാകുന്ന അമിതസമ്മർദ്ദം മൂലമുള്ള മൂ- ത്രച്ചോർച്ച. ചുമയ്ക്കുമ്പോൾ അതു വർദ്ധിക്കുന്നു. പാവം, ചെറുപ്പത്തിൽ എത്രയോ കഷ്ടപ്പെട്ടിരിക്കുന്നു. നീ, അമ്മയുടെ വസ്ത്രങ്ങൾ പ്രത്യേകിച്ചു വാഷിംഗ് മെഷീനിൽ ഇട്ടോളൂ. അമ്മ അറിയേണ്ട. അമ്മയോടു ചുമയ്ക്കരുതെന്നു പറയാൻ വയ്യ. മരുന്നുകൾ മുടങ്ങാതെ ചെയ്യാനല്ലാതെ മറ്റൊന്നും സാധിക്കില്ല. ഇത്തരം അവസ്ഥകൾ നാളെ നിനക്കുമുണ്ടാകാം”

എന്തു വിഷയത്തിലുമുണ്ടാകുന്ന വാദപ്രതിവാദങ്ങൾ, സന്ധ്യാവേളകളിൽ അവൾ അഗ്നിവേശിനെ പഠിപ്പിക്കാനിരിക്കുമ്പോൾ നാടുവിടുന്നതാണ് നല്ലതെന്നു തോന്നും. ഒരു പോലീസ് സ്റ്റേഷനിൽ പ്രതിയേ ഭേദ്യം ചെയ്യുന്ന അതേ സാഹചര്യം പോലെ. അടുക്കളയിൽ, അലക്ഷ്യമായി പാത്രങ്ങൾ കൈകാര്യം ചെയ്യുന്നതിനിടേ താഴെ വീണ സ്റ്റീൽക്കിണ്ണത്തിൻ്റെ കലമ്പൽ കർണ്ണപടം തകർക്കുന്നു. അമിതശബ്ദങ്ങളും വാഗ്വാദങ്ങളും ഇഷ്ടമില്ലാത്തതിനാൽ ചിലപ്പോഴൊക്കെ കടുത്ത വെറുപ്പു തോന്നാറുണ്ട്.

ചപ്പാത്തി കഴിച്ച്, പ്രകാശ്, വീണ്ടും കിടപ്പറയിലേക്കു വന്നു. ജാലകങ്ങൾ ബന്ധിച്ചു. കിടക്കയുടെ മദ്ധ്യത്തിൽ മലർന്നു കിടന്നു. ശൂന്യമായ ഇരുതലയിണകൾക്കും മേലെ ഇരുകൈകളും വിരിച്ചു വച്ചു. അരുണയും, മോനും തൻ്റെ കൈത്തണ്ടകളാണ് തലയിണയാക്കാറുള്ളത്. മകനുറങ്ങിക്കഴിഞ്ഞാൽ, അവനേ ചുവരരികോടു ചേർത്തുകിടത്തി അരുണ തൻ്റെ നെഞ്ചിൽ കൈചുറ്റി, വലതുകാൽ അരക്കെട്ടിലേക്കു കയറ്റിവച്ച് പറ്റിച്ചേർന്നു കിടക്കും. പല രാവുകളും പ്രണയസഫലങ്ങളാകുന്നതും ആ കിടപ്പിനെ പിന്തുടർന്നാണ്. നേരം പുലരുമ്പോൾ, തൻ്റെ ഇടത്തേ കൈത്തണ്ട മരവിച്ചിട്ടുണ്ടാകും. എങ്കിലും, അവളുടെ നിശ്വാസത്തിൻ്റെ ഊഷ്മളത പുരളുന്ന കരതലം അനക്കാറില്ല.

പ്രകാശിനു സങ്കടം വന്നു. അയാൾ മെല്ലെയെഴുന്നേറ്റ് അടച്ച ജാലകങ്ങളിലൊന്നു പതിയേ തുറന്നു. ഭൂമിയിൽ നിലാവും, വാനത്തു നക്ഷത്രങ്ങളും. ഒരീറൻ കാറ്റു വീശുന്നു, പ്രണയികൾക്കു വേണ്ടി മാത്രമായി. പ്രകാശ്, കമ്പ്യൂട്ടർ ടേബിളിൽ നിന്നും മൊബൈൽ ഫോണെടുത്ത് അരുണയുടെ നമ്പർ ഡയൽ ചെയ്തു.

“എന്തെ, ഇത്ര നേരത്തേ കിടന്നോ? ട്രാവൽ വ്ലോഗും, പുസ്തകങ്ങളുമൊന്നും നോക്കിയില്ലേ?എന്തൂട്ടാ കഴിച്ചത്? അമ്മേടെ സ്പെഷ്യൽ, കഞ്ഞീം മെഴുക്കുപുരട്ടിയുമാണോ. അതോ, എന്തെങ്കിലും പുറമേന്നു വാങ്ങിച്ചോ?”

അരുണയുടെ ശബ്ദത്തിൽ, പതിവില്ലാത്തൊരു ആർദ്രത ഇടകലരുന്നു.

“ഇല്ലെടീ, ഞാൻ ചപ്പാത്തി വാങ്ങിച്ചിരുന്നു. അത്, അമ്മ വേവിച്ചു തന്നു. തക്കാളിച്ചമ്മന്തിയുണ്ടായിരുന്നു. നീയെന്താ കഴിച്ചേ, അമ്മ കിടന്നോ?നിൻ്റെ നാത്തൂനെന്തു പറയണൂ? ആങ്ങള വിളിച്ചോ, പോളണ്ടീന്ന്?മോനുറങ്ങിയോ?”

പ്രകാശിന് ചോദിക്കാൻ, ഏറെ ചോദ്യങ്ങളുണ്ടായിരുന്നു. എല്ലാം ഒന്നിച്ചു തീർത്ത ശേഷം, ഉത്തരങ്ങൾക്കായി കാതോർത്തു.

“മോനുറങ്ങി, അമ്മയുടെ കൂടെയാണ്.  ഇന്നു പകലു മുഴുവൻ എന്തായിരുന്നു കളിയെന്നറിയോ? ആ ക്ഷീണമാണ്. നന്ദന ഇവിടെയുണ്ട്. അവള് ഈ മാസം കഴിഞ്ഞേ പാർക്കാൻ പോണുള്ളൂന്നാ പറഞ്ഞേ. അവിടെ വീടിൻ്റെ അറ്റകുറ്റപ്പണികള് നടക്കുണണ്ടത്രേ. ചേട്ടൻ വിളിച്ചിരുന്നു. മോനോടും വർത്തമാനം പറഞ്ഞു. പിന്നെ നന്ദനയോട് ഒരു മണിക്കൂറോളം പറഞ്ഞിട്ടേ നിർത്തിയുള്ളൂ..”

അരുണ ഒന്നു നിശ്വസിച്ചു. പിന്നെയും തുടർന്നു.

“നന്ദനയ്ക്ക് ഇപ്പോൾ നല്ല സാമർത്ഥ്യണ്ട്. ചേട്ടൻ, തലേല് കേറ്റി വച്ചേക്കല്ലേ. ഇവിടത്തെ അമ്മേനെപ്പറ്റി നൂറു പരാതി പറഞ്ഞു. അമ്മ, നാലു ദിവസം കൂടുമ്പോളേ തല കുളിക്കൂന്ന്, പിന്നെ, അമ്മേടെ പിണ്ഡതൈലത്തിൻ്റെ മണമാണ് കിടക്കവിരികൾക്കും, വസ്ത്രങ്ങൾക്കുമെന്ന്.

ഞാൻ, മറുപടി പറയാൻ പോയില്ല. കുഴമ്പും തൈലവുമൊക്കെ, അമ്മ ചെറുപ്പത്തിലേ ശീലിച്ചതാ. ഇവൾക്കു വേണ്ടി, ഇനിയിതെല്ലാം മാറ്റാൻ പറ്റുമോ?
ചേട്ടനും അവളുടെ സൈഡാ; ഒരു കാര്യം ചോദിച്ചോട്ടെ, നിങ്ങള് നാളെ ജോലി കഴിഞ്ഞ് ഇങ്ങോട്ടു വരാമോ? മറ്റന്നാൾ രാവിലെ നമുക്ക് ഒരുമിച്ച് പോരാം. നന്ദന, അവളുടെ വീട്ടില് പോകുമ്പോൾ ഞാനിവിടെ രണ്ടുദിവസം വന്നു നിൽക്കാം. നാളെ വര്വോ?”

അരുണ, പറഞ്ഞു നിർത്തി.

പ്രകാശിൻ്റെ മനസ്സിൽ അരുണയുടെ വീടിൻ്റെ അകത്തളങ്ങൾ തെളിഞ്ഞു.
അകാലത്തിൽ അന്തരിച്ച അവളുടെ അച്ഛൻ്റെ, മാല ചാർത്തിയ വലിയ ഫോട്ടോ ഉൾക്കണ്ണിൽ സുവ്യക്തമാകുന്നു. അവളുടെ അമ്മയുടെ മുറിയിൽ നിന്നുമുള്ള തൈലഗന്ധം, ഇപ്പോൾ അനുഭവപ്പെടും പോലെ തോന്നിച്ചു.

“ഞാൻ നാളെ വരണോ ? ഇവിടെ, ഒരു രാത്രിയൊക്കെ അമ്മയുമച്ഛനും തനിച്ചു നിൽക്കും. എന്നാലും ഞാൻ വരണോ?വല്ല, മെച്ചോം ഉണ്ടാവോ?”

പ്രകാശിൻ്റെ ചോദ്യത്തിൽ, കുസൃതി സന്നിവേശിച്ചു.

“മെച്ചം, ഉണ്ടാക്കാം.. നിങ്ങള് വായോ, നിങ്ങൾക്കിഷ്ടമുള്ള ബീ-ഫ് ഫ്രൈ തയ്യാറാക്കാം. അപ്പുറത്തെ കൃഷ്ണേട്ടനോടു പറഞ്ഞ്,  “സ്മിരണോഫ് കോഫി” ചെറുതു വാങ്ങാം. നിങ്ങടെ ശിക്ഷ്യഗണങ്ങൾ അറിയണ്ട. മാഷിൻ്റെ ഉള്ള നല്ല പേര് പോകും. കൂട്ടത്തിൽ എനിക്കൊരു ടിൻ ബി- യറും. ആരുമറിയണ്ട”

പ്രകാശ് ചിരിച്ചു. എന്നിട്ടു ചോദിച്ചു.

“ഇത്രേള്ളോ?”

കപടമായൊരു ശുണ്ഠിയിലാണ്, അരുണയുടെ മറുപടിയെത്തിയത്.

“നിങ്ങള് വാ മനുഷ്യാ…എല്ലാം, ശര്യാക്കാം.ക്ടാവ്, അമ്മേടടുത്താ കിടക്കണത്. അപ്പോൾ, എല്ലാം ശര്യായില്ലേ? അപ്പോൾ, നാളെക്കാണാം. ഇന്ന്, കവിതയും കേട്ടുറങ്ങാൻ നോക്ക്. ഗുഡ് നൈറ്റ്”

പ്രകാശ്, ഫോൺ താഴെ വച്ചു. കട്ടിലിൽ നീണ്ടുനിവർന്നു കിടന്നു. അപ്പോൾ, വഴിതെറ്റി വന്നൊരു നിലാക്കീറ് കിടപ്പുമുറിയിലേക്കെത്തി നോക്കുന്നുണ്ടായിരുന്നു. പ്രണയത്തിൻ്റെ ചന്ദനനിറവും പേറി.