നിയന്ത്രിക്കാൻ പറ്റാതെ വന്നപ്പോൾ അന്നുരാത്രിയിൽ ഓമനയുടെ വീട്ടുമുറ്റത്ത് നിന്ന് ഞാൻ…

എഴുത്ത്: ശ്രീജിത്ത് ഇരവിൽ
========================

ആദ്യമായി ഞാൻ ഓമനയെ കാണുന്നത് അവളുടെ കല്ല്യാണം മുടങ്ങിയ പന്തലിൽ വെച്ചാണ്. ഉറപ്പിച്ച ചെറുക്കൻ മുഹൂർത്തിന് എത്തിയില്ല. തന്റെ ഉറ്റസുഹൃത്തായ പെൺകുട്ടിയെ പിരിഞ്ഞ് മറ്റൊരു ജീവിതത്തിലേക്ക് പോകാൻ ആ ചെറുപ്പക്കാരന് വയ്യത്രെ..

‘അതേതായാലും നന്നായി…കെട്ട് കഴിഞ്ഞിട്ടല്ലല്ലോ ഓൻ പോയേ…!’

പലരും പറഞ്ഞു. എല്ലാം അറിഞ്ഞതിന് ശേഷം ഒന്നും പറയാൻ ആകാതെ തലകുനിച്ച് നിന്ന ഓമനയുടെ ശബ്ദം പെട്ടെന്നാണ് ഉച്ചഭാഷിണിയിൽ മുഴങ്ങിയത്.

‘തടസ്സം നേരിട്ടത്തിൽ ഖേദിക്കുന്നു…എന്നെ കെട്ടാനിരുന്ന ഓടിപ്പോയവനോട്‌ ക്ഷമിച്ച് നമുക്ക് സദ്യയിലേക്ക് നടക്കാം…ആരും കഴിക്കാതെ പോകരുത്….’

വളരേ ഔപചാരികമായി പക്വതയോടെ ഓമന സംസാരിച്ചപ്പോൾ എന്റെ കാതുകൾക്കത് അവിശ്വസനീയമായിരുന്നു…മകളുടെ കെട്ട് മുടങ്ങിയതിൽ ഹൃദയം പൊട്ടി നിൽക്കുന്ന ഓമനയുടെ അച്ഛൻ വാപൊളിച്ചാണ് അവൾ പറഞ്ഞത് കേട്ടത്. ഞാൻ ഉൾപ്പടെ ഭൂരിഭാഗം പേരും ഊട്ടുപുരയിലേക്ക് ചലിച്ചു….

കല്ല്യാണം മുടങ്ങിയിട്ടും പെണ്ണ് എത്ര ഭംഗിയായാണ് കാര്യങ്ങൾ വ്യക്തമാക്കിയത്. എനിക്ക് ഓമനയെ കൂടുതൽ അറിയണമെന്ന് തോന്നി. അമ്മയോട് ചോദിക്കാം. കാലത്ത് പണിക്ക് പോകാതെ മടി പിടിച്ചിരുന്ന എന്നെ ഈ കല്ല്യാണത്തിന് ഉന്തിത്തള്ളി വിട്ടത് അമ്മയാണ്. ക്ഷണമുള്ളതുകൊണ്ട് കുടുംബത്തിൽ നിന്ന് ആരെങ്കിലും ഒരാളെങ്കിലും പോയില്ലെങ്കിൽ മോശമല്ലേയെന്നും അമ്മ പറഞ്ഞു.

അടപ്രഥമൻ ഇലയിലേക്ക് ഒഴിച്ച് ഞാൻ വാരിക്കുടിച്ചു. വടിച്ച് നക്കുമ്പോഴും ഞാൻ ഓമനയെ തന്നെ ഓർക്കുകയായിരുന്നു. വിളമ്പിയ കൂട്ടുകളുടെ സമ്മിശ്ര രുചി കലർന്ന ആ പായസം ഒരു മുടങ്ങിപ്പോയ കല്ല്യാണത്തിന്റേതാണെന്ന് എനിക്ക് തോന്നിയതേയില്ല.

കൈകഴുകി ഊട്ടുപുരയിൽ നിന്നും ഞാൻ ഓഡിറ്റോറിയത്തിലേക്ക് നടന്നു. മടിയോടെ വന്നതും, മധുരം രുചിച്ചതുമെല്ലാം ഒരു നിമിത്തമാണോയെന്ന് ഞാൻ സംശയിച്ചു. ആ സംശയത്തിന്റെ കണ്ണുകൾ കൊതിയോടെ ഓമനയെ തിരഞ്ഞു. കൂട്ടുകാരുടെ ഇടയിൽ തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന അവളെ കണ്ണെടുക്കാതെ ഞാൻ നോക്കി നിന്നു. കരളിൽ തറക്കുകയായിരുന്നുവെന്ന് അപ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല.

‘അമ്മേ..എനിക്ക് ആ പെണ്ണിനെ കെട്ടിച്ചുതര്യോ..?’

വീട്ടിലെത്തിയ ഉടൻ ഞാൻ അമ്മയോട് ചോദിച്ചു. അതുകേട്ടപ്പോൾ കല്ല്യാണത്തിന് പോയ തന്റെ ചെറുക്കന് ഇതെന്ത് പറ്റിയെന്ന് കരുതി ആ പാവം മിഴിച്ചുനിന്നു. ഞാൻ കാര്യങ്ങളെല്ലാം വിശദീകരിച്ചു. സമ്പത്തുകൊണ്ടും, ജാതി കൊണ്ടും, എന്റെ മഹിമ കൊണ്ടും, ഓമനയെ നിനക്ക് കിട്ടാൻ തീരേ സാധ്യതയില്ലെന്ന് അമ്മ പറഞ്ഞു.

ഞാൻ അതീവ ദുഃഖിതനായി. പിന്തിരിഞ്ഞില്ല. കഴിഞ്ഞുപോകുന്ന നാളുകളിൽ എല്ലാം ഞാൻ അവളെ തിരഞ്ഞു. വൈകാതെ മുഖാമുഖം നിന്നു.

‘ഓമനേ…എനിക്ക് നിന്നെ കല്ല്യാണം കഴിക്കണമെന്നുണ്ട്….’

ഒരുനാൾ ബസ്റ്റോപ്പിലേക്ക് തനിയേ നടക്കുന്നുണ്ടായിരുന്ന ഓമനയെ പിന്തുടർന്നുകൊണ്ടാണ് ഞാൻ  അങ്ങനെ പറഞ്ഞത്. അവൾ എന്റെ  വള്ളി ചെരുപ്പിൽ നിന്നും തലയിലേക്ക് നോക്കി. കള്ളിലുങ്കി ഇറക്കിയിട്ട് കണ്ണുകളിലേക്ക് വീണ മുടികളെ ഞാൻ കൈകൊണ്ട് വാരിയൊതുക്കി. താൽപര്യമില്ലെന്ന് പറഞ്ഞ് അവളൊരു അമ്പതുരൂപ എനിക്ക് തന്നു.

‘ഇതെന്തിനാണ്…?’ തലപുകഞ്ഞ് ഞാൻ ചോദിച്ചു.

‘സോപ്പും ഷാമ്പുമൊക്കെ വാങ്ങി മെനയിൽ ഒന്ന് കുളിക്കാദ്യം…ഈ നഖവും വെട്ടണം…’ ഓമന പറഞ്ഞു.

കുളിക്കാറൊക്കെ ഇണ്ടെടി പെണ്ണേയെന്ന് പറയുന്നതിന് മുമ്പേ അവൾ വന്നുനിന്ന ബസ്സിൽ കയറി എങ്ങോട്ടോ പോയി..നഖം കടിച്ചുകൊണ്ട് ഞാനും തിരിച്ചുനടന്നു..

അന്ന് ഞാനൊരു ബ്ലേഡ് വാങ്ങി. മിച്ചത്തിന് ചാ—രാ-യവും കുടിച്ചു. അമ്മ ഉണ്ടാക്കി വെച്ചതെല്ലാം എന്താണെന്ന് പോലും ചോദിക്കാതെ വാരിവലിച്ച് തിന്നു. ഒടുവിൽ ഓമനയെ  സ്വപ്നത്തിൽ വീണ്ടെടുക്കുവാനായി പോ-ത്തുപോലെ ഉറങ്ങി. ഉണർന്നപ്പോൾ അവളെ തേടുകയെന്ന ഒരേയൊരു ചിന്ത മാത്രം..

അങ്ങനെയാണ് എങ്ങോട്ടോ പോകാൻ വേണ്ടി പതിവായി ബസ്സ്റ്റോപ്പിലേക്ക് തനിയേ നടന്നുവരുന്ന ഓമനയെ കാത്തിരിക്കുന്നത് എനിക്കൊരു ശീലമായി മാറിയത്. ഇടക്ക് നോക്കും. നോക്കുമ്പോഴൊക്കെ നിന്നെ കെട്ടണമെന്ന് ഞാൻ പറയും. ആദ്യം നീ പണിക്ക് പോകെടാ ചെക്കായെന്ന് അവളും…

‘നിനക്ക് എങ്ങാണ്ടോ ജോലിയുണ്ടല്ലോ…അതിനാണല്ലോ എന്നുമിങ്ങനെ പോകുന്നേ…ഞാൻ പിള്ളാരേയും നോക്കി വീട്ടിൽ ഇരുന്നോളാം…!’

അതും പറഞ്ഞ് ഞാൻ ചിണുങ്ങി. കിലുക്കാം പെട്ടി പോലെ ഓമന ചിരിച്ചു.. വീണ്ടും ഗൗരവ്വം നടിച്ചു.

‘ഏത് പിള്ളേര്…?’

അറിഞ്ഞിട്ടും അറിയാതെ പോലെയുള്ള ആ ചോദ്യം എനിക്ക് ഇഷ്ട്ടപ്പെട്ടില്ല. ഒരു അമ്പത് രൂപയുണ്ടാകുമോ എടുക്കാനെന്നും ചോദിച്ച് ഞാൻ തലചൊറിഞ്ഞു. എന്തിനാണെന്ന് അവൾ ചോദിച്ചു.

‘ചാ–രാ-യം കുടിക്കണം…അന്നും കുടിച്ചിരുന്നു…’

ഓമനയുടെ കണ്ണുകൾക്ക് പിടികൊടുക്കാതെ ഞാൻ പറഞ്ഞു.

നിനക്ക് നാണമില്ലേ ചെക്കാ കണ്ടവരോട് ഇരന്ന് ചാ–രായം കുടിക്കാനെന്ന് അവൾ ശബ്ദിച്ചു. ഇല്ലായെന്ന് ഞാൻ പറഞ്ഞു..

‘എന്ത്…?’

“നാണം…!”

ഇവനോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് തോന്നിയത് കൊണ്ടായിരിക്കണം എന്തൊക്കെയോ ഓമന പിറുപിറുത്തു. അമ്പതുരൂപ എനിക്ക് ഔതാര്യം പോലെ വെച്ചുനീട്ടിയപ്പോൾ ആഹ്ലാദത്തോടെ ഞാൻ അതുവാങ്ങി. മുഖം പലഭാവങ്ങളിലേക്ക് മുറിച്ചുവെച്ച് അവൾ പോയി. ഞാൻ ചാ–രായക്കടയിലേക്കും…

‘ഓമനത്തിങ്കൾ കിടാവോ നല്ല, നെല്ലിട്ട് ഊ-റ്റിയ വാ–റ്റോ…വാ-റ്റിൽ നിറച്ചും നീയോ…ഓമനേ ഞാൻ നിന്നെ പ്രേമിക്കുന്നൂ…’

നിയന്ത്രിക്കാൻ പറ്റാതെ വന്നപ്പോൾ അന്നുരാത്രിയിൽ ഓമനയുടെ വീട്ടുമുറ്റത്ത് നിന്ന് ഞാൻ പാടിയ വരികളാണ് ഇത്…അവളുടെ അച്ഛൻ ആരാണെന്നൊക്കെ ടോർച്ചടിച്ച് നോക്കിയെങ്കിലും എന്നെ കണ്ടില്ല. കാണേണ്ടവൾ എന്നെ കാണുകയും, കൃത്യമായി കേൾക്കുകയും ചെയ്തു..

വീട്ടിലേക്ക് എത്തിയപ്പോഴേക്കും അമ്മ കിടന്നിരുന്നു. ഞാനും ചാഞ്ഞു. അന്ന് മയങ്ങും മുമ്പേ ഞാനൊരു തീരുമാനമെടുത്തിരുന്നു.

അതിന്റെ ഭാഗമെന്നോണം പിറ്റേന്നും ഞാൻ ഓമനയെ കണ്ടു. ഇരന്നപ്പോൾ അമ്പതുരൂപയും കിട്ടി..ഞാൻ കുടിച്ചില്ല. അത് പതിവായി. എന്നെ കാണുമ്പോൾ തരാനായി രൂപ കൈയ്യിൽ മടക്കിവെക്കുന്ന തലത്തിലേക്ക് ഓമന മാറി. മാസങ്ങളോളം ജീവനിൽ ഓമന മാത്രം ഊറുകയായിരുന്നു…

ഒരുനാൾ ഒന്നും ചോദിക്കാതെ തന്നെ ഓമന അമ്പതുരൂപ എനിക്ക് നേരെ നീട്ടിയപ്പോൾ ആ കൈകളിൽ ഞാൻ ഒരു പൊതി വെച്ചുകൊടുത്തു. അതിൽ ഉണ്ടായിരുന്ന ചെറു പ്ലാസ്റ്റിക് കൂട് തുറന്നപ്പോൾ അവൾക്കൊരു പൊന്നിന്റെ താലിമാല കിട്ടി. നിന്റെ പണം കൊണ്ടുതന്നെ വാങ്ങിയതാണെന്ന് പറഞ്ഞപ്പോൾ പരിസരം നോക്കാതെ അവൾ എന്റെ മേലേക്ക് വീഴുകയായിരുന്നു…

കുടുംബം നോക്കാൻ പ്രാപ്തിയുള്ളവൻ ആണെന്ന് ഓമനയ്ക്ക് അന്ന് തോന്നിയിട്ടുണ്ടാകും..ദൈവത്തിനോട് ഞാൻ ഉള്ളിൽ നന്ദി പറഞ്ഞു..

എന്റെ ദൈവം ആരാണെന്നല്ലേ..? തന്റെ ഉറ്റസുഹൃത്തായ പെൺകുട്ടിയെ പിരിഞ്ഞ് മറ്റൊരു ജീവിതത്തിലേക്ക് പോകാൻ വയ്യാതെ മുങ്ങിയ, ആ ചെറുപ്പക്കാരൻ അല്ലാതെ മറ്റ് ആർക്കാണ് അതിനുള്ള യോഗ്യതയുള്ളത്…!!!

~ശ്രീജിത്ത് ഇരവിൽ