ഒന്നും സംഭവിക്കാത്ത പോലെ അവരുടെ സ്ഥിരം മീറ്റിങ് പ്ലേസിൽ അവൻ അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു….

Story written by Sajitha Thottanchery
========================

നോയാ….ദേ അവിടെ സൗരവിനെ അജു അടിക്കുന്നു.

നോയയുടെ കൂട്ടുകാരി സൈറ ഓടി വന്നു നോയയോട് പറഞ്ഞു.

“എവിടെ?” ഒരല്പം പേടിയോടെ നോയ ചോദിച്ചു.

“നീ വാ, നമ്മുടെ ഗ്രൗണ്ടിൽ ആണ് സംഭവം ” നോയയെ വലിച്ചു കൊണ്ട് ഓടുന്നതിനിടയിൽ സൈറ പറഞ്ഞു.

നോയയുടെ ബോയ്‌ഫ്രണ്ട്‌ ആണ് അജു. സ്കൂളിൽ അവളുടെ സീനിയർ ആയിരുന്നു അവൻ. ഒരു വർഷത്തോളം പുറകെ നടന്നതിന് ശേഷം ആണ് അവൾക്കും അവനെ ഇഷ്ടം ആയത്.

നോയ ഗ്രൗണ്ടിൽ എത്തിയപ്പോൾ അടി കൊണ്ട് എഴുന്നേൽക്കാൻ വയ്യാതെ കിടക്കുന്ന  സൗരവിനെ ആണ് കണ്ടത്. ആളുകൾ കൂടിയപ്പോൾ അജു അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു.

“എന്താ ഉണ്ടായത്” നോയ സൗരവിന്റെ അടുത്തു ചെന്ന് ചോദിച്ചു.

“നീ എന്റെ അടുത്തു വരല്ലേ. എനിക്ക് പേടിയാ. നിന്നോട് മിണ്ടി എന്നതാണ് അവൻ പറയുന്ന കാരണം. നീയും ഞാനും ഒരുമിച്ചു നടക്കുന്ന കണ്ടു എന്നൊക്കെ പറയുന്നുണ്ടായിരുന്നു. എനിക്കറിയില്ല, നീ എന്നോട് മിണ്ടാൻ വരണ്ട. തല്ലു കൊണ്ട് ചാവാൻ വയ്യ. അന്ന് ആദിലിനെ അവൻ തല്ലിയതും ഇത് പോലെ എന്തിനോ ആയിരുന്നു.” വേദനക്കിടയിൽ അവൻ നോയയോട് പറഞ്ഞു

ആദ്യമൊക്കെ അജുവിന്റെ ഈ സ്വഭാവം ഒരു തരം പൊസ്സസ്സീവ്നെസ്സ് ആയിട്ടാണ് നോയയ്ക്ക് തോന്നിയിരുന്നുള്ളു. എന്നാൽ ഈ ഇടയ്ക്കായി അവൾക്ക് അംഗീകരിക്കാൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ ആണ് നടക്കുന്നത്. അവൾക്ക് ആരോടും മിണ്ടാൻ പാടില്ല. ഫോൺ ബിസി ആയാൽ പ്രശ്നം. കൂട്ടുകാരുടെ കൂടെ ഒന്ന് പുറത്തു എവിടെയെങ്കിലും കണ്ടാൽ അവരോട് പ്രശ്നം ഉണ്ടാക്കുക. എല്ലാത്തിനും അവസാനം നിന്നോടുള്ള സ്നേഹം കൊണ്ടാണ് എന്നൊരു ഡയലോഗും.

“അജു, എനിക്ക് നിന്നെ ഒന്ന് കാണണം”. നോയ പിറ്റേന്ന് അജുവിനെ വിളിച്ചു പറഞ്ഞു.

ഒന്നും സംഭവിക്കാത്ത പോലെ അവരുടെ സ്ഥിരം മീറ്റിങ് പ്ലേസിൽ അവൻ അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഇത്രയൊക്കെ ഇന്നലെ ചെയ്തിട്ടും അവന്റെ മുഖത്തു ഒരു ഭാവ വ്യത്യാസവും ഇല്ലാത്തതിൽ അവൾക്ക് വല്ലാത്ത വിഷമം ഉണ്ടായിരുന്നു.

“നീ എന്തിനാ സൗരവിനെ ഇന്നലെ തല്ലിയത്” അവനായിട്ട് അത് സംസാരിക്കില്ലെന്ന് അറിയാവുന്നതു കൊണ്ട് നോയ തന്നെ അത് തുടങ്ങി വച്ചു

“അത് തീർന്നില്ലേ? ഇനി എന്തിനാ അത് സംസാരിക്കുന്നത് ” രക്ഷപെടാൻ എന്ന വണ്ണം അവൻ പറഞ്ഞു.

“ആർക്ക് തീർന്നു .നിനക്കോ..ആ തല്ലു കൊണ്ട അവനും എനിക്കും അത് തീർന്നിട്ടില്ല. അവന്റെ മുഖത്തേക്ക് നോക്കാൻ പറ്റുമോ എനിക്ക് ഇനി. ഇത് ആദ്യത്തെ സംഭവം അല്ലാലോ. ഇനി ആരെയാ അടുത്തത്..ഒന്ന് അറിഞ്ഞിരിക്കാലോ ” നോയ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു

“ഓഹോ, നിനക്ക് ഇപ്പൊ അവൻ ഒക്കെയാ വലുത് അല്ലെ. നീയും അവനും കൂടി ഇന്നലെ പുറത്തു കറങ്ങി നടക്കുന്ന കണ്ടിട്ട് തന്നെയാ ഞാൻ അവനെ തല്ലിയത്. ഇനിയും തല്ലും, നിനക്കെന്താ അതിന്” വാശിയോടെ അജു പറഞ്ഞു

“ഇന്നലെ ഞാൻ മാത്രം അല്ലാലോ പുറത്തു പോയത്. ക്ലാസ്സിൽ ഉള്ള വേറെയും കുട്ടികൾ ഉണ്ടായിരുന്നു, അതിൽ തെറ്റ് ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല” നോയ പറഞ്ഞു

“നീ അങ്ങനെ ആരുടേയും കൂടെ നടക്കുന്നത് എനിക്ക് ഇഷ്ടം ഇല്ല. നീയും അവനും ചിരിച്ചു സംസാരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഇഷ്ടമായില്ല. ഇഷ്ടം ആവാത്തത് കണ്ടാൽ ഞാൻ ആരെ ആയാലും തല്ലും “

ചെയ്തതിനെ പിന്നെയും ന്യായീകരിക്കുകയാണ് അജു

“നമുക്ക് ഇത് നിര്ത്താം അജു. എനിക്ക് തുടരാൻ വയ്യ. നിന്നോട് മാത്രം മിണ്ടണം, നിന്നോട്  മാത്രം കൂട്ടുകൂടണം, ഇതൊക്കെ എങ്ങനെ നടക്കുന്നെ…എനിക്ക് ഒരുപാട് കസിൻസ് ഉണ്ട്, സുഹൃത്തുക്കൾ ഉണ്ട്, എത്ര  പേരെ ഞാൻ നിനക്ക് വേണ്ടി ഉപേക്ഷിക്കണം.” നിസ്സഹായതയോടെ നോയ പറഞ്ഞു

“ഓഹോ, നിനക്ക് എന്നെ മടുത്തു അല്ലെ. എന്നെ ഒഴിവാക്കാൻ കാരണങ്ങൾ കണ്ടെത്തുകയാണ് നീ. നിന്നെ ഞാൻ അങ്ങനെ വിടുമെന്ന് കരുതണ്ട” അവന്റെ ശബ്ദം ഉയർന്നു .

“അങ്ങനെ എങ്കിൽ അങ്ങനെ, എന്നാലും നിന്നെ അംഗീകരിക്കാൻ എനിക്ക് വയ്യ. നമ്മൾ ഒരുമിച്ച് ഒരു ജീവിതം സക്‌സസ് ആകുമെന്ന് ഞാൻ കരുതുന്നില്ല. ഇപ്പൊ ഇങ്ങനെ ആണേൽ ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയാൽ എന്താകും അവസ്ഥ. അത് കൊണ്ട് നമുക്ക് ഇത് ഇവിടെ വച്ച് നിറുത്താം.”

നോയയുടെ തീരുമാനം ഉറച്ചതായിരുന്നു

മുഖമടച്ചു ഒരു അടിയായിരുന്നു അവന്റെ ആദ്യ പ്രതികരണം. പിന്നെയും ഉപദ്രവിക്കാൻ വന്ന അവനിൽ നിന്നും രക്ഷപെടാൻ അവൾ ഓടി. പിടിച്ചു നിറുത്തി തല്ലാൻ ഓങ്ങിയ കൈകളെ ആരോ പെട്ടെന്ന് തടഞ്ഞു. അജുവിന്റെ അച്ഛനായിരുന്നു അത്. അവനെ പിടിച്ചു മാറ്റി നിറുത്തി തലങ്ങും വിലങ്ങും അയാൾ തല്ലി. അയാളെ എതിർക്കാൻ അവനായില്ല.

അവിടെ തന്നെ നോയയുടെ ചേട്ടനും ഉണ്ടായിരുന്നു. തലേന്നത്തെ സംഭവങ്ങൾ എല്ലാം അവൾ പറഞ്ഞു അറിഞ്ഞപ്പോൾ ആദ്യം ആൾക്കാരെ മനസ്സിലാക്കാതെ പ്രണയിക്കാൻ ഇറങ്ങിയതിനു വഴക്ക് പറഞ്ഞെങ്കിലും അജുവിന്റെ അച്ഛനെ വിളിച്ചു സംസാരിച്ചതും നോയയോട് ഇങ്ങനെ ഒക്കെ പെരുമാറാൻ പറഞ്ഞതും എല്ലാം അവളുടെ ചേട്ടൻ ആയിരുന്നു. അവളെ അവന്റെ അടുത്തേക്ക് വിട്ട് കുറച്ചു മാറി നിന്ന് അവരെ ശ്രദ്ധിക്കുക ആയിരുന്നു അവർ രണ്ടു പേരും…അവനും അവളും തമ്മിൽ സംസാരിച്ചു പ്രശ്നം ഇല്ലാതെ തീരുകയാണെങ്കിൽ തീരട്ടെ എന്ന് കരുതി. ഇങ്ങനെ ഒരു ആക്രമണവും നോയയുടെ ചേട്ടൻ മനസ്സിൽ കണ്ടിരുന്നു. അത് കൊണ്ടാണ് അവന്റെ അച്ഛനെയും അയാൾ കൂടെ കൂട്ടിയത്

“നിന്നെ ഞാൻ വെറുതെ വിടുമെന്ന് കരുതണ്ട. നിന്നെ സമാധാനമായിട്ട് ഞാൻ ജീവിക്കാൻ വിടില്ല.” അജു വിളിച്ചു പറയുന്നുണ്ടായിരുന്നു

“മോള് പൊയ്‌ക്കോ, കൊ–ന്നിട്ടാണെങ്കിലും ഇവന്റെ ഉപദ്രവം ഇല്ലാതെ ഞാൻ നോക്കിക്കോളാം. സ്നേഹിക്കുന്നത് തെറ്റല്ല. പക്ഷെ സ്നേഹം ഉപദ്രവം ആകരുത്. ഈ പ്രായത്തിൽ ഉള്ള പിള്ളേർക്കൊക്കെ ഒരു വിചാരം ഉണ്ട് , അവർ ചെയ്യുന്നത് മാത്രം ആണ് ശെരിയെന്ന്…തെറ്റ് മനസ്സിലാക്കുമ്പോഴേക്കും ജീവിതം തീർന്നു പോകും.” കണ്ണീരോടെ അവന്റെ അച്ഛൻ നോയയോട് പറഞ്ഞു

“നീ വിഷമിക്കണ്ട. കുറെ കഴിഞ്ഞു അവനു തിരിച്ചറിവുകൾ വരുകയാണെങ്കിൽ നമുക്ക് നോക്കാം. ഇപ്പൊ ഇങ്ങനെ പോകട്ടെ”. വീട്ടിൽ എത്തിയതിനു ശേഷം വിഷമിച്ചിരുന്ന നോയയോട് ചേട്ടൻ പറഞ്ഞു

“വേണ്ട ചേട്ടാ, ആൾക്കാരെ മനസ്സിലാക്കാൻ എനിക്കും സാധിച്ചില്ല. സ്നേഹത്തിൽ സ്വാർത്ഥത ആകാം. പക്ഷെ ഇതിലെ തെറ്റ് മനസ്സിലാക്കാൻ ഞാനും വൈകി. നേരത്തെ തിരുത്തേണ്ടതായിരുന്നു. ഇപ്പൊ ഉള്ള വിഷമം മാറിക്കോളും. നാളെ ഒരാളെ തിരഞ്ഞെടുക്കുമ്പോൾ തെറ്റ് പറ്റാതിരിക്കാൻ എനിക്ക് ഇത് ഉപകരിക്കും. പിന്നെ എൻ്റെ കൂടെ ഇത് പോലെ ഒരു ചേട്ടൻ ഉണ്ടെങ്കിൽ വേറെ എന്ത് വേണം എനിക്ക് .” ചേട്ടനെ  കെട്ടിപ്പിടിച്ചു അവൾ പറഞ്ഞു.

എല്ലാം തുറന്നു പറയാൻ പറ്റുന്ന വീട്ടുകാരും ഇങ്ങനെ ചേർന്ന് നില്ക്കാൻ ഒരു ആങ്ങളയും ഉണ്ടെങ്കിൽ എവിടെയും തോൽക്കില്ലെന്നു മനസ്സിൽ ഒരു നൂറു വട്ടം പറയുകയായിരുന്നു അവൾ അപ്പോൾ….

~Sajitha Thottanchery