നീ ഇങ്ങനെ അറ്റവും വാലും മാത്രം പറഞ്ഞാൽ ഞാൻ എന്തു മനസ്സിലാക്കാനാ, പറയുന്നേ മുഴുവൻ പറ…

Story written by Vasudha Mohan
===================

കോഫി ഷോപ്പിൽ പരസ്പരം അഭിമുഖമായി വന്ദനയും ഹരിയും ഇരുന്നു.

“എങ്ങനെ പോകുന്നു ജീവിതം?” ഹരി ചോദിച്ചു

“ലൈഫ് ഈസ് ബ്യൂട്ടിഫുൾ ഹരി” വന്ദന ഉത്തരം പറഞ്ഞു.

ഹരി അനുകമ്പയും പരിഹാസവും നിറഞ്ഞ ഒരു നോട്ടം സമ്മാനിച്ചു അവൾക്ക്.

“അവിടെ കിടന്ന് പട്ടി പണിയെടുത്തിട്ട് ലൈഫ് ബ്യൂട്ടിഫുൾ എന്നോ, വട്ടായോ നിനക്ക്?”

വന്ദന പൊട്ടി ചിരിച്ചു. ചിരിക്കുമ്പോൾ മാത്രം അവൾ പഴയ വന്ദനയാണെന്ന് തോന്നി ഹരിക്ക്. മുന്നിലിരിക്കുന്നത് കോളേജിൽ ഉണ്ടായിരുന്ന വന്ദനയുടെ നിഴൽ മാത്രമാണ്. കറുപ്പ് പടർന്ന കണ്ണുകൾ, നേർത്ത് വന്ന മുടി അങ്ങിങ്ങായി നരച്ചു തുടങ്ങിയിരിക്കുന്നു.

“സങ്കടങ്ങൾ ഉള്ളപ്പോഴല്ലേ ഹരി സന്തോഷത്തിന്റെ വിലയറിയൂ! ഇപ്പൊ എനിക്ക് നിന്നെ കാണുമ്പോൾ ഉള്ള സന്തോഷം ഞാൻ വല്ല കെട്ടിലമ്മ ആയി ഇരിക്കുകയാണെങ്കിൽ ഉണ്ടാവോ?”

ഹരി പരാജയം സമ്മതിച്ച മട്ടിൽ തലയിളക്കി.

“ഇനി നീ പറ, നിൻറെ ജീവിതം എങ്ങനെയുണ്ട്?”

“ഭാര്യവീട്ടിൽ പരമസുഖം ദിനമൊട്ടുകഴിഞ്ഞാൽ പ-ട്ടിക്ക് സമം” ഹരി ആത്മനിന്ദയോടെ പറഞ്ഞു.

അവൻ പറയുന്നത് കേട്ട് വന്ദനക്കു സങ്കടം തോന്നി.

“നീ എന്താടാ അങ്ങനെ എല്ലാം പറയുന്നത്?”

“അതെന്താ നിനക്ക് മുന്നിലും എനിക്കെൻറെ സങ്കടങ്ങൾ പറയാൻ വയ്യാതായോ? എനിക്ക് നീ മാത്രമല്ലേ ഉള്ളൂ ഇതെല്ലാം പറയാൻ.”

“നിമിഷയ്ക്ക് നിന്നെ വളരെ ഇഷ്ടമാണ്, അതെനിക്ക് അറിയാവുന്നതുമാണ് പിന്നെ എന്താ നിൻറെ സങ്കടം, അത് പറ”

“എനിക്കെന്തോ അവിടെ ഇപ്പോ തന്നെ മടുത്തു തുടങ്ങിയിരിക്കുന്നു.”

“നീ ഇങ്ങനെ അറ്റവും വാലും മാത്രം പറഞ്ഞാൽ ഞാൻ എന്തു മനസ്സിലാക്കാനാ, പറയുന്നേ മുഴുവൻ പറ അല്ലെങ്കി മിണ്ടാതിരിക്ക്.”

രണ്ടുപേരും കുറച്ചു നിമിഷം മിണ്ടാതെ ചായ കുടിച്ചു. പിന്നെ വന്ദന സംസാരിക്കാൻ തുടങ്ങി.

“നിന്റെ ആനിവേഴ്സറിക്ക് നിമിഷ തന്ന വാച്ച് എവിടെ? ഭയങ്കര വിലയുടെ വാച്ച് ആണെന്ന് സന്തോഷേട്ടൻ കൂടെ കൂടെ പറയുന്നുണ്ടായിരുന്നു.”

“വിലയൊക്കെ മനുഷ്യരുടെ മനസ്സിൽ അല്ലേ..എനിക്ക് ഏറ്റവും വിലപ്പെട്ട വാച്ചിതുതന്നെയാണ്” അവൻ കയ്യിലെ വാച്ചിലേക്ക് അരുമയോടെ നോക്കി.

“ആഹാ നല്ല വില! ഇപ്പോ പുരാവസ്തു വകുപ്പിന് കൊടുത്താൽ എടുക്കും.”

“ഇത് വാങ്ങിത്തന്ന നീ തന്നെ ഇതു പറയണം”

“ഞാൻ വാങ്ങിയത് തന്നെ സെക്കൻഡ് ഹാൻഡ് ആണ്. നിനക്ക് ഇൻറർവ്യൂവിന് പോകുമ്പോൾ ആവശ്യമുണ്ട് എന്ന് കരുതി വാങ്ങിയതാണ്, അതിങ്ങനെ കലാകാലം സൂക്ഷിച്ചു വയ്ക്കേണ്ട ആവശ്യമൊന്നുമില്ല.”

“തന്ന് കഴിയുമ്പോൾ ഇതെന്റെതാണ്, തീരുമാനമെല്ലാം ഞാൻ എടുത്തോളാം, നീ ബുദ്ധിമുട്ടണ്ട.”

പിന്നെയും രണ്ടുനിമിഷത്തെ മൗനം. കൂടിക്കാഴ്ചകൾ ഒക്കെ എപ്പോഴും ഇങ്ങനെ തന്നെയാണ്. വഴക്കിട്ടും പിണങ്ങിയും പിന്നെ കൂടിയും.

“നിനക്കൊരു വിശേഷം അറിയുമോ?” ഇത്തവണ ഹരി ആദ്യം സംസാരിച്ചു.

“കഴിഞ്ഞദിവസം അവൾ എന്നോട് ചോദിച്ചു, എനിക്ക് പ്രേമം വല്ലതും ഉണ്ടായിരുന്നോ എന്ന്!”

“എന്നിട്ട് നീ എന്തു പറഞ്ഞു?”

“ഞാൻ ഉവ്വ് എന്ന് പറഞ്ഞു. നിൻറെ പേരും പറഞ്ഞിട്ടുണ്ട്” ഹരി ചിരിച്ചു

“നീ എന്തിനാ അങ്ങനെയെല്ലാം പറയാൻ പോയത്. നമ്മൾ തമ്മിൽ അങ്ങനെ ഒന്നുമില്ലല്ലോ.”

“ഒന്നുമില്ലെന്നത് നേര് തന്നെ പക്ഷേ അവൾക്കത് അറിയില്ലല്ലോ. അവൾക്ക് ഞാൻ അവളെ സ്നേഹിക്കുന്നില്ല എന്നൊരു തോന്നൽ. എൻ്റെ ഫീലിങ്സ് അവൾക്ക് വിശദീകരിക്കാൻ എനിക്കറിയില്ല. പിന്നെ അവളെ കൺവൻസ് ചെയ്യിക്കുന്ന ഒരു കാരണം വേണ്ടെ”

“പാവം, സ്നേഹിക്കുന്നവരെ വേദനിപ്പിക്കാനേ നിങ്ങൾ ആണുങ്ങൾക്ക് അറിയാവൂ എന്നെനിക്ക് എപ്പോഴും തോന്നാറുണ്ട്”

“നിന്നെ ഞാൻ വേദനിപ്പിച്ചിട്ടുണ്ടോ?” വന്ദന നിഷേധാർത്ഥത്തിൽ തലയാട്ടി.

“നമ്മൾ ഇതേ പറ്റി മുൻപും സംസരിച്ചിടുള്ളതാണ്. ഇനി പറഞ്ഞാൽ നീ മുഷിയുമോ?”

വന്ദനയുടെ ചോദ്യത്തിന് ഹരി ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി.

“ഭാര്യ വീട്ടിൽ കഴിയുന്നത് നീ ഇത്ര വലിയ  കുറവായി കാണുന്നത് എന്തിനാ, നിമിഷ അവർക്ക് ഒറ്റ മോൾ ആയത് കൊണ്ട് കല്യാണ സമയത്ത് അവർ തന്നെ വെച്ച ഡിമാൻഡ് അല്ലേ നീ അവിടെ നിക്കണം എന്നത്. അപ്പോ നീയും പറഞ്ഞു, വീട് ഏട്ടന് കൊടുക്കാം, അവർക്കും സൗകര്യം ആവട്ടെ എന്ന്. ഇപ്പൊ നിനക്ക് ഈ അസ്വസ്ഥത ഏതേലും നാട്ടുകാർ എന്തേലും പറഞ്ഞിട്ടാവും. അത് വിടെടോ. വീടുമാറ്റത്തിൻ്റെ ഈ വിഷമം ഞാൻ ഇത്ര അനുഭവിച്ചിട്ടുണ്ട് എന്ന് നിനക്ക് ഓർമ്മയുണ്ടോ? ഇതിപ്പോ നിമിഷയ്ക്ക് പകരം നീ അനുഭവിക്കുന്നു എന്നേ ഉള്ളൂ. പതിയെ ശരിയാവും. നീ നിനക്ക് തന്നെ കുറച്ച് സമയം കൊടുക്കണം. പിന്നെയും ശരിയായില്ലേൽ വേറെ വഴി നോക്കാമെന്നേ. പിന്നെ നിൻ്റെ മൂഡ് അനുസരിച്ച് നീയാ നിമിഷയോട് മെക്കിട്ട് കേറാൻ നിൽക്കരുത്. ഇന്ന് തന്നെ പോയി ആ നുണ പ്രേമം പൊളിച്ചോണം”

ഹരി ചിരിയോടെ തലയാട്ടി. ഇവളോട് സംസാരിച്ചാൽ തീരാത്ത പ്രശ്നങ്ങൾ ഒന്നും തനിക്കില്ലല്ലോ എന്നയാൾ കൗതുകപ്പെട്ടു.

“നിൻ്റെ അമ്മായിയമ്മ എന്ത് പറയുന്നു?”

“എന്ത് പറയാൻ, പതിവുള്ളത് തന്നെ. പണിയെടുക്കുന്നത് കുറവ്, തീറ്റ കൂടുതൽ, വൃത്തി കുറവ്, ഉറക്കം കൂടുതൽ, വരവ് കുറവ്, ചിലവ് കൂടുതൽ, ലോകത്ത് എവിടേലും യുദ്ധം നടക്കുന്നേൽ അതും എൻ്റെ കുറ്റം കൊണ്ട്…” ചിരിച്ച് കൊണ്ടാണ് പറഞ്ഞതെങ്കിലും അതിലെ നനവ് അയാൾക്ക് അറിയാൻ കഴിഞ്ഞു.

“കളഞ്ഞിട്ട് വന്നുടെ നിനക്ക്.”

വിചാരിക്കുന്നതിനു മുൻപേ ആ ചോദ്യം അവനിൽ നിന്ന് വീണു കഴിഞ്ഞിരുന്നു.
വന്ദന ദീർഘമായി നിശ്വസിച്ചു.

“സോറി, ഇനി ചോദിക്കില്ല.” ഹരി ഉടനെ മാപ്പ് പറഞ്ഞു.

ആ ചോദ്യത്തിൻ്റെ ഉത്തരം അയാൾക്കവൾ പലകുറി നൽകിയതാണ്. ആയകാലത് അവർ കൊടുത്തിരുന്ന സ്നേഹം. ഇപ്പൊൾ കിടപ്പിലായതിണ്ടെ സമ്മർദം ആണ് ഈ  പ്രാക്കുകളും മറ്റും. പണ്ടെങ്ങോ കിട്ടിയ സ്നേഹത്തിൻ്റെ ഓർമ്മയിൽ പോലും  തിരികെ സ്നേഹിക്കുക എന്നത് വിഡ്ഢിത്തം ആണെന്ന് മനസ്സിൽ പറഞ്ഞെങ്കിലും ഹരി മൗനം വെടിഞ്ഞില്ല.

“സർ, വേറെ എന്തെങ്കിലും?” വെയിറ്റർ ചോദിച്ചപ്പോൾ ഹരി ഒരു ചോക്ലേറ്റ് ഷേക്ക് കൂടി ഓർഡർ ചെയ്തു.

“നീ ഇത് ഇത്തവണ മറന്നു കാണും എന്ന് കരുതി ഞാൻ” അതു രുചിയോടെ കഴിക്കുമ്പോൾ വന്ദന പറഞ്ഞു.

“സർ..ഒരാൾ കൂടി വരാൻ ഉണ്ടെന്നു പറഞ്ഞിട്ട്…”

“ഹ..രണ്ടു ചായ, ഒരു ചോക്ലേറ്റ് ഷേക്ക്. “

മുന്നിലെ ഒഴിഞ്ഞ ഇരിപ്പിടം നോക്കി ഹരി പറഞ്ഞു.

ചോക്ലേറ്റ് ഷേക്കും ഒരു ചായയും ബാക്കി ആക്കി ഹരി എഴുന്നേറ്റ് പോയത് നോക്കി വെയിറ്റർ നിന്നു.

“നിനക്ക് അയാളെ അറിയില്ല ല്ലെ. കഴിഞ്ഞ കൊല്ലം അയാളും ഒരു സുഹൃത്തും ബൈക്ക് ആക്‌സിഡൻ്റിൽ പെട്ടു. ഫ്രണ്ട് മരിച്ചു. പിന്നെ എല്ലാ മാസവും ഇവിടെ വന്ന് ഇതേ ഓർഡർ കൊടുത്തു ചായ മാത്രം കുടിച്ച് പോകും. നീ വേണേൽ ആ ഷേക്ക് എടുത്ത് കുടിച്ചോ.”

കട മുതലാളി പറയുന്നത് കേട്ട് വെയിറ്റർ കുറച്ച് നേരം ഹരിയുടെ പോക്ക് നോക്കി നിന്നു.

ഷേക്ക് ഉള്ളിൽ സിങ്കിൽ കളഞ്ഞ് അയാൾ ഏറെ കാലം ആയി ബന്ധം വിട്ട് കളഞ്ഞ സുഹൃത്തിനെ വിളിച്ചു.