ഫെയ്സ് ബുക്കിലൂടെ കണ്ട് മുട്ടിയ കാമുകനെ കാണാനാണ് ഭർതൃമതിയായ അവൾ ആ കോഫീ ഷോപ്പിലെത്തിയത്…

Story writen by Saji Thaiparambu
====================

ഫെയ്സ് ബുക്കിലൂടെ കണ്ട് മുട്ടിയ കാമുകനെ കാണാനാണ് ഭർതൃമതിയായ അവൾ ആ കോഫീ ഷോപ്പിലെത്തിയത്

അധികമാരും ശ്രദ്ധിക്കാത്ത സ്റ്റെയർകെയ്സിന് താഴെയുള്ള രണ്ട് കസേരകൾ മാത്രമുള്ള ആ ടേബിളിൽ അവൾ കാമുകനെയും കാത്തിരിക്കുമ്പോൾ വെയിറ്റർ അങ്ങോട്ടേക്ക് വന്നു.

എന്താ വേണ്ടത്…?

അയാൾ കൈയ്യിലിരുന്ന ചെറിയ ഡയറിയും പേനയുമെടുത്തു കൊണ്ട് ചോദിച്ചു

പറയാം, ഒരാള് കൂടെ വരാനുണ്ട്,,

അതും പറഞ്ഞവൾ പ്രധാന വാതിലിലേക്ക് ആകാംക്ഷയോടെ എത്തി നോക്കി.

അത്യാവശ്യം തിരക്കുള്ളൊരു ഷോപ്പായിരുന്നത് കൊണ്ട് പലരും അവിടെ വന്നും പോയുമിരുന്നു. എന്നിട്ടും താൻ കാത്തിരിക്കുന്നയാൾ ഇത് വരെ എത്തിയില്ലല്ലോ എന്നോർത്ത് അവൾക്ക് നിരാശയായി

അല്ലെങ്കിലും തൻ്റെ എതിർവശത്തെ കസേരയിൽ അയാൾ വന്നിരുന്നാൽ മാത്രമേ, താനിത്ര നാളും സ്നേഹിച്ചിരുന്ന ആളെന്ന് തനിക്ക് മനസ്സിലാകു, കാരണം രണ്ട് പേരുടെയും പ്രൊഫൈൽ ചിത്രങ്ങൾ വ്യാജമായിരുന്നു. രണ്ട് പേരും യഥാർത്ഥ ഫോട്ടോ ഇത് വരെ കൈമാറിയിട്ടില്ല, അതിൻ്റെ കാരണം മറ്റൊന്നുമല്ല, ശരീരം കണ്ടിട്ടല്ല, മനസ്സ് കൊണ്ട് വേണം ഇഷ്ടപ്പെടാൻ എന്ന അഭിപ്രായമായിരുന്നു രണ്ട് പേർക്കുമുണ്ടായിരുന്നത്

പരസ്പരം അടുത്തറിഞ്ഞപ്പോഴാണ് തങ്ങൾ തുല്യ ദു:ഖിതരാണെന്നറിയുന്നത്. തൻ്റെ ഭർത്താവ് തനിക്ക് സ്വാതന്ത്ര്യം തരാത്തത് പോലെ, അദ്ദേഹത്തിൻ്റെ ഭാര്യയ്ക്കും തൊട്ടതിനും പിടിച്ചതിനുമൊക്കെ അദ്ദേഹത്തെ സംശയമാണത്രേ

ഭാര്യാഭർത്താക്കൻമാരായാൽ പരസ്പരം ബഹുമാനിക്കാൻ പഠിക്കുക, ഒന്നിനും ഒരു പരിധി നിശ്ചയിക്കാതെ സ്വതന്ത്രമായി തീരുമാനമെടുക്കാൻ  അനുവദിക്കുക, പരസ്പരം വിട്ട് വീഴ്ചകൾക്ക് തയ്യാറാവുക

ഇതായിരുന്നു അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടെങ്കിലും അത് തന്നെയായിരുന്നു തൻ്റെയും അഭിപ്രായം

ഓരോന്ന് ആലോചിച്ചോണ്ടിരുന്നപ്പോൾ വെയിറ്റർ വീണ്ടും വന്നു

ആളിത് വരെ എത്തിയില്ലേ?

ഇല്ല, ഇപ്പോഴെത്തും, കുറച്ച് കൂടെ വെയിറ്റ് ചെയ്യണേ…

അവൾ ദൈന്യതയോടെ പറഞ്ഞു

ഓഹ് ഞാൻ വെയിറ്റ് ചെയ്തോളാം. അത് കൊണ്ടാണല്ലോ നമ്മളെ എല്ലാരും വെയിറ്റർ എന്ന് വിളിക്കുന്നത്, ഹു ഹു ഹു,,,

ഒരു അളിഞ്ഞ തമാശ പറഞ്ഞിട്ട് സ്വയം ആസ്വദിച്ച് ചിരിച്ച് കൊണ്ട് അയാൾ നടന്ന് പോയി

കാമുകൻ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഭർത്താവിനെ പേടിച്ച് താൻ ഫോൺ നമ്പർ കൊടുക്കാതിരുന്നത് അബദ്ധമായി പോയെന്ന് അവൾക്കപ്പോൾ തോന്നി.

ഇല്ലെങ്കിൽ, വരുമോ ഇല്ലയോ എന്ന് വിളിച്ചെങ്കിലും ചോദിക്കാമായിരുന്നു,. മെസ്സഞ്ചറിൽ കയറി നോക്കാമെന്ന് വച്ചാൽ തനിക്ക് നെറ്റും കിട്ടുന്നില്ല

അവളാകെ അസ്വസ്ഥയായി

ഇനിയിപ്പോൾ വരുമെന്ന് തോന്നുന്നില്ല മണിക്കൂറ് ഒന്ന് കഴിഞ്ഞില്ലേ നിങ്ങളിവിടെ ഇരിക്കാൻ തുടങ്ങിയിട്ട്…

വെയിറ്ററുടെ ശബ്ദം കേട്ടവൾ ആലോചനയിൽ നിന്നുണർന്നു

ഇനിയും അവിടെ ഇരിക്കുന്നത് ശരിയല്ലെന്ന് മനസ്സിലാക്കിയ അവൾ കടുത്ത നിരാശയോടെ അവിടെ നിന്നും എഴുന്നേറ്റു

തിരിച്ച് വീട്ടിലേക്ക് ചെല്ലുന്നതിനായി ഓട്ടോറിക്ഷയിൽ ഇരിക്കുമ്പോൾ ഭർത്താവിനോടെന്ത് കള്ളം പറയുമെന്നതിനെ കുറിച്ചായിരുന്നു അവളുടെ ആലോചന

എന്ത് പറഞ്ഞാലും തനിക്ക് ചീത്ത കേൾക്കേണ്ടി വരും. അത് സാരമില്ല വീട്ടിൽ നിന്നിറങ്ങുന്നതിന് മുൻപ് താനങ്ങേരെ ഫോണിൽ വിളിച്ചപ്പോൾ എൻഗേജ്ഡായിരുന്നല്ലോ ?
ഏതവളുമായിട്ടായിരുന്നു സൊള്ളിക്കൊണ്ടിരുന്നത്
എന്നൊരു മറു ചോദ്യം ചോദിച്ചാൽ പുള്ളിക്കാരൻ ഡൗണായിക്കോളും, തനിക്ക് രക്ഷപെടാൻ താൻ പണ്ട് മുതലേ സ്വീകരിച്ച് വരുന്നത് ആ വിദ്യയാണല്ലോ ?

പക്ഷേ അവൾ പ്രതീക്ഷിച്ചത് പോലെ ഒന്നും സംഭവിച്ചില്ല. വീടിനുള്ളിലേയ്ക്ക് കയറിച്ചെന്ന അവൾ കണ്ടത് അയാൾ കട്ടിലിൽ കിടക്കുന്നതാണ്

നിങ്ങളെപ്പോഴെത്തി ?

സാരി മാറുന്നതിനിടയിൽ അവൾ വെറുതെ അയാളോട് ചോദിച്ചു

കുറച്ച് നേരമായി

ശാന്തമായി മറുപടി പറഞ്ഞിട്ട് സീലിംഗ്ഫാനിലേക്ക് നോക്കി ആലോചനയോടെ അയാൾ കിടന്നു

ഞാനെവിടെപോയതാന്ന് എന്താ ചോദിക്കാത്തത്?

ജിജ്ഞാസയോടെ അവൾ ചോദിച്ചു

എന്തെങ്കിലും അത്യാവശ്യത്തിനായിരിക്കുമല്ലോ നീ പോയത് ,അല്ലാതെ നീയെങ്ങും പോകില്ലാന്ന് എനിക്കറിയില്ലേ?

അത് കേട്ടപ്പോൾ അവളുടെ നെഞ്ചൊന്ന് പിടഞ്ഞു

നീ കഴിഞ്ഞ ദിവസം ഒരു റീയൂണിയൻ്റെ കാര്യം പറഞ്ഞിരുന്നില്ലേ ? അതിന് വേണമെങ്കിൽ നീ പൊയ്ക്കോളു, പുതിയ ചുരിദാറ്, ഞാൻ വാങ്ങിത്തരാം, ഇല്ലെങ്കിൽ പൈസ തന്നേക്കാം, ഇഷ്ടപ്പെട്ടത് നീ തന്നെ പോയി എടുത്തോളു

അത് കേട്ട് അവൾക്ക് അത്ഭുതം തോന്നി, അവൾ പുറത്ത് ആകാശത്തേയ്ക്ക് എത്തി നോക്കി
കാക്ക വല്ലതും മലർന്ന് പറക്കുന്നുണ്ടോ?

ഇനി എനിക്കൊരു ചായ ഇട്ട് തന്നൂടെ ?

പുഞ്ചിരിയോടെ അയാൾ ചോദിച്ചു

ദാ ഇപ്പോൾ കൊണ്ട് തരാം,,,

മനസ്സ് നിറഞ്ഞ സന്തോഷവുമായിട്ടാണ് അവൾ അടുക്കളയിലേക്ക് പോയത്

ഇപ്പോഴാണ് താൻ ആഗ്രഹിച്ച ഭർത്താവാകാൻ അദ്ദേഹത്തിന് കഴിഞ്ഞത്. ഇത്രയും മതി, ഇനി താനൊരിക്കലും അദ്ദേഹത്തെ സംശയമുനയിൽ നിർത്തില്ല

പെട്ടെന്നവൾക്ക്, തന്നെ, പറഞ്ഞ് പറ്റിച്ച കാമുകനെ ഓർമ്മ വന്നു, ഉടനെ തന്നെ മൊബൈൽ ഓൺ ചെയ്തു. തൻ്റെ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ  കയറി ലോഗൗട്ട് ചെയ്തിട്ട് ആപ് അൺഇൻസ്റ്റാള് ചെയ്തു

അതിനും ഒന്ന് രണ്ട് മണിക്കൂർ മുൻപ് തന്നെ അവളുടെ ഭർത്താവും അയാളുടെ വ്യാജ അക്കൗണ്ട് ഡിലിറ്റ് ചെയ്തിരുന്നു

ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട തൻ്റെ കാമുകിയെ കാണാനാണ് ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങി അയാൾ കോഫി ഷോപ്പിലേയ്ക്ക് വന്നത്, മുൻവശത്ത് കൂടി കയറിയാൽ പരിചയക്കാര് ആരെങ്കിലും കാണുമെന്ന് ഭയന്നാണ് സ്ഥിരമായി അയാൾ വരാറുള്ള ആ ഷോപ്പിൻ്റെ പിൻവാതിലിൽ കൂടി പതുങ്ങി കയറിച്ചെന്നത്
അപ്പോഴാണ് താൻ കാമുകിയോട് പറഞ്ഞ അതേ ടേബിളിൽ തൻ്റെ ഭാര്യ പുറത്തേയ്ക്ക് കണ്ണ് നട്ട് ആരെയോ പ്രതീക്ഷിച്ചിരിക്കുന്നത് ഞെട്ടലോടെ അയാൾ കണ്ടത്

അവൾ നോക്കിയിരിക്കുന്നത് താനെന്ന കാമുകനെയാണന്ന് മനസ്സിലാക്കാൻ അയാൾക്ക് അധിക സമയം വേണ്ടി വന്നില്ല

ഭാര്യാ ഭർത്താക്കൻമാർ തമ്മിലുള്ള ബന്ധം എങ്ങനെ ആയിരിക്കണമെന്ന് ഫെയ്സ് ബുക്കിലെ കാമുകിയും കാമുകനുമായപ്പോഴാണ് ശരിക്കും  അവർക്ക് മനസ്സിലായത്