ഞായറാഴ്ചത്തെ വിശുദ്ധകുർബാന കൈ കൊണ്ട് കഴിഞ്ഞു പ്രസംഗത്തിന്റെ മുന്നേ ഇറങ്ങി അന്ന. അനിയത്തിയുടെയും പപ്പയുടെയും മമ്മിയുടെയും കണ്ണ് വെട്ടിച്ചവൾ മെല്ലെ ഇറങ്ങി മുറ്റത്തെ മരത്തിന്റെ ചുവട്ടിൽ നിൽക്കുന്ന ആൽബിയുടെ അടുത്ത് ചെന്നു. ആൽബിയെ കണ്ടപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത്
“ഞാൻ കരുതി നീ വരില്ലായിരിക്കുമെന്ന്. പേടിച്ചു പോയി “
“ഞാൻ വരാതെ ഇരിക്കുമോ.? എന്താ കാര്യം? അടുത്ത ട്രിപ്പ് എന്നാ “
അവൻ അവളുടെ ശരീരത്തിൽ കൊതിയോടെ നോക്കി
“ട്രിപ്പ്? ഞാൻ നുറു തവണ പറഞ്ഞു ഇത് വേണ്ട വേണ്ട ന്ന്. ഇപ്പൊ പണി കിട്ടി “
അവന്റെ മുഖം വിളറി
“എത്ര? “
“രണ്ട് “
“അത്രല്ലേയുള്ളൂ. നമുക്ക് പഴയ പോലെ കളയാം. നമ്മുട ഡോക്ടർ ഇപ്പോഴും അവിടെ തന്നെ ഉണ്ട് “
“ഇതിപ്പോ എത്രമത്തെ ആണ് കളയുന്നത്? കർത്താവ് പൊറുക്കുകേല കേട്ടോ “
“നീ ചുമ്മാതിരിക്ക് പെണ്ണെ ലൈഫ് ഒന്നേയുള്ളു. ആഘോഷം അതാണ് ജീവിതം. കുഞ്ഞ് കുട്ടി തേങ്ങാ..”
“എന്നാ പിന്നെ അതുണ്ടാകാതിരിക്കാനുള്ള കാര്യം ചെയ്യാൻ പറഞ്ഞാൽ കേൾക്കില്ല “
അവൾ പരിഭവിച്ചു
“അതിനൊരു സുഖമില്ല പെണ്ണെ..”
അവൻ കള്ളച്ചിരി ചിരിച്ചു
“നാളെ രാവിലെ ഞാൻ വന്നോളാം നീ പാലത്തിന്റെ അവിടെ നിന്ന മതി. പോകുക കാര്യം കഴിയുക പോരുക “
“പറയാൻ എന്തെളുപ്പം, ദേ ഒടുവിൽ എന്നെ തേച്ചിട്ട് പോയ നിന്നെ ഞാൻ കൊ-ല്ലും കേട്ടോ “
“ശെടാ. എടി നിനക്ക് ഇപ്പൊ. എത്ര വയസ്സായി?”
“ഇരുപത്തി രണ്ട് “
“എനിക്കു ഇരുപത്തി മൂന്ന്. ഒരു വർഷം കൂടി കഴിഞ്ഞ ഞാൻ ഓസ്ട്രേലിയക്ക് പറക്കും അതിനു മുന്നേ നിന്നെ കെട്ടും. ഉറപ്പ് “
അന്നയുടെ മുഖം വിടർന്നു
“പിന്നെ അമ്മച്ചി കുറച്ചു സ്ട്രിക്ട് ആണ് ട്ടോ. കാശ് വല്ലോം ചോദിച്ചു കളയും നീ വിഷമിക്കണ്ട അപ്പോഴേക്കും എന്തെങ്കിലും ഞാൻ ചെയ്തോളാം.”
അന്ന തലയാട്ടി
കളരിക്കൽ ജോസഫ്യന്റെയും അന്നമ്മയുടെയും മകനാണ് ആൽബി. മൂത്തത് രണ്ടു പെൺകുട്ടികൾ. കല്യാണം കഴിഞ്ഞു. ആൽബി പഠിക്കുന്നു
അന്നയും ആൽബിയും സ്കൂൾ കാലം മുതൽ പ്രണയത്തിലാണ്. പ്രണയം അതിന്റെയെല്ലാ സീമകളെയും ഭേദിച്ചു കഴിഞ്ഞു
അന്നയുടെ അപ്പൻ തോമസ് അമ്മ മേരി
ഒരു അനിയത്തി സാറ..
അന്നയുടെ അപ്പൻ തോമസിന് ടൗണിൽ ഒരു കടയുണ്ട്. അതാണ് അവരുടെ വരുമാനമാര്ഗം. പിന്നെ പശു ഉണ്ട്. ആ ഗ്രാമത്തിൽ മിക്കവാറും എല്ലാ വീട്ടിലും ഇവരുടെ പശുവിന്റെ പാലാണ് ഉപയോഗിക്കുക. സാറയാണ് അതൊക്ക കൊണ്ട് കൊടുക്കുന്നത്
സാറ TTC ക്ക് പഠിക്കുന്നു. അവളുടെ മോഹം ടീച്ചർ ആകാൻ ആണ്. കൊച്ചു കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർ.
പ്ലസ് ടു കഴിഞ്ഞു അവൾ TTC ക്കാണ് ചേർന്നത്. വേഗം ജോലി കിട്ടിയാൽ പപ്പയ്ക്ക് അത് ഒരു സഹായം ആവുമെന്ന് അവൾ ചിന്തിച്ചു.
ഈ ചേച്ചി ഇതെവിടെ പോയി?
അവൾ ഒന്ന് തിരിഞ്ഞു നോക്കി
പെട്ടെന്ന്. പിന്നിൽ നിൽക്കുന്ന പ്രായമുള്ള ഒരു സ്ത്രീ കുഴഞ്ഞു വീഴാൻ ഭാവിക്കുന്നത് കണ്ട് അവൾ പിടിച്ചു
“അയ്യോ എന്നാ പറ്റി?”
ആ സ്ത്രീയെ അവൾക്ക് അറിയാം
കുരിശുങ്കൽ തറവാട്ടിലെ ഷേർലി
“ഷുഗർ കുറഞ്ഞതാ.”
ഒരു ഗംഭീരസ്വരം, അവൾ മുഖം ഉയർത്തി നോക്കി
സ്റ്റാൻലി…കുരുശുങ്കൽ സ്റ്റാൻലി
ഷേർലിയുടെ ഭർത്താവ്
അവൾ കയ്യിൽ ഉള്ള പേഴ്സിൽ നിന്നും ഒരു മുട്ടായി പൊളിച്ചു വായിൽ ഇട്ടു കൊടുത്തു
“എങ്ങനെ ഉണ്ട് അമ്മച്ചി?”
അവൾ തന്നെ തൂവാല കൊണ്ട് വിയർപ്പ് ഒപ്പി കൊടുത്തു
“ഓ അത് ഇടയ്ക്ക് വരുന്നതാ. മാറിക്കൊള്ളും “
അവർ വിവശതയോടെ പറഞ്ഞു
അവൾ അവരെ എണീൽപ്പിച്ചു
“ഇങ്ങോട്ട് പോരെ. വീട്ടിലോട്ട് പോകാം. കുറച്ചു കഴിഞ്ഞു ശരിയാകും “
സ്റ്റാൻലി അവരെ ചേർത്ത് പിടിച്ചു നടന്നു പോയി
“എന്നാ സ്നേഹമാ രണ്ടും കൂടി ” ആരോ പിറുപിറുത്തു
അവൾ തിരിഞ്ഞു
“അന്ന എന്തിയെ?”
മമ്മി പതിയെ ചോദിച്ചപ്പോ അവൾ വീണ്ടും എത്തി നോക്കിനടന്നു വരുന്നുണ്ട്
“ദേ വരുന്നു “
“നീ എവിടെ പോയതാടി?”
“ബാത്‌റൂമിൽ “
ഒരു കൂസലുമില്ലാതെ അവൾ പറഞ്ഞു
അവർ വീണ്ടും അച്ചന്റെ പ്രസംഗം ശ്രദ്ധിച്ചു
പള്ളി പിരിഞ്ഞു ഇറങ്ങുമ്പോൾ ആൾക്കാർ കൂടി നിന്നു കുശലം പറയുന്നിടത്തേക്ക് മമ്മി പോയി
ഒപ്പം അവളും ചെന്നു
ക്ഷീണം ആണെന്ന് പറഞ്ഞു അന്ന വീട്ടിലേക്ക് പോയി
“അതേയ് ആ അമ്മച്ചി കുഴഞ്ഞു വീണത് ഷുഗർ കുറഞ്ഞത് കൊണ്ടൊന്നുമല്ല, വല്ല ബിപി യും കൂടിയതായിരിക്കും.” അയല്പക്കത്തെ മേരി ചേട്ടത്തി പറയുന്നത് കേട്ട് സാറ ചെവി കൂർപ്പിച്ചു
“അതെന്ന ഇപ്പൊ ബി പി കൂടാനായിട്ട് ഉണ്ടായേ?” അപ്പുറത് നിൽക്കുന്ന നാൻസി ചേട്ടത്തി ചോദിച്ചു
“ജയിലിൽ ആയിരുന്ന ചെറുക്കൻ വന്നിട്ടുണ്ട് “
“ആരു മകനോ.?” വേറെ ആരോ ചോദിക്കുന്നു
സാറ ഒന്നും മനസിലാകാതെ കേട്ട് നിന്നു
“അതെന്ന് “
“അതിനു സ്റ്റാൻലിക്ക് മകനുണ്ടോ. രണ്ടു പെണ്മക്കൾ അല്ലെ ഉള്ളു?”
“അത് കൊള്ളാം നിങ്ങൾ പുതിയ ആയത് കൊണ്ടാ അറിയാത്തത്. മൂത്തത് മോനല്ലേ പിന്നെ രണ്ടു പെൺപിള്ളേർ. ഇളയതാ ഈ ചെക്കൻ.”
സാറ നടുക്കത്തോടെ അത് കേട്ട് നിന്നു
“എത്ര വർഷം കിടന്നു?”
“രണ്ടു വർഷം “
“ഹോ എന്നാ നല്ല ചെറുക്കൻ ആയിരുന്നു. പള്ളിൽ എന്നാ ആക്റ്റീവ് ആയിരുന്നു. കൊച്ചിയിൽ ഏതോ കോളേജിൽ അല്ലെ പഠിക്കാൻ പോയത്?”
“അതെന്ന്. എസ് ഐ ടെസ്റ്റ് ഒക്കെ കഴിഞ്ഞു നിൽക്കുവല്ലായിരുന്നോ?, “
“രണ്ടു വർഷം?”
“ഹോ എന്നാ അല്ലെ?” ആരോ താടിയിൽ കൈ വെച്ചു
“ആ ചെറുക്കന്റെ പേര് എന്തായിരുന്നു?”
“ചാർലി “
അവൾ താടിക്ക് കൈകൊടുത്തു
എന്നാ പണക്കാരാ അവര്, പറഞ്ഞിട്ടെന്താ ചെക്കന്റെ തല തിരിഞ്ഞു പോയി
സാറ ആ വീട്ടിൽ പാല് കൊണ്ട് കൊടുക്കുമ്പോൾ ഇടക്ക് ആ അമ്മച്ചിയെ കാണാം അങ്ങനെ പുറത്തേക്ക് വരാറില്ല. നാലഞ്ച് ജോലിക്കാർ അകത്തും പുറത്തും ആയിട്ടുണ്ട്. കാണുമ്പോൾ ചിരിക്കും
ഒരു തവണ പേര് ചോദിച്ചു
“നല്ല പേരാണല്ലോ ” അതും പറഞ്ഞു ചിരിച്ചു
പഠിക്കുവാ എന്ന് പറഞ്ഞപ്പോ നന്നായി പഠിക്ക് എന്നും പറഞ്ഞു
ആ അപ്പച്ചൻ മിക്കവാറും തോട്ടത്തിൽ ആയിരിക്കും, ചെല്ലുമ്പോ കാണാറില്ല
ജോലിക്കാരി സിന്ധു ചേച്ചിയാണ് തന്റെ കയ്യിൽ നിന്ന് പാല് വാങ്ങി കൊണ്ട് പോകുക
കണ്ണെത്താ ദൂരത്തോളം സ്ഥലം ഉണ്ട് അവർക്ക്, നിറയെ മരങ്ങൾ, ഒക്കെ നോക്കി നിന്നു പോകാറുണ്ട്, പക്ഷെ താൻ അറിഞ്ഞിട്ടില്ല ഈ ചരിത്രം, തങ്ങൾ ഈ ഇടവകയിലേക്ക് വന്നിട്ട് വന്നിട്ട് രണ്ടു വർഷം ആയതേയുള്ളു
നാട്ടിൽ പപ്പയുടെ കുടുംബ സ്വത്ത് ഒക്കെ വീതിച്ചപ്പോ കിട്ടിയതും കൊണ്ട് ഇങ്ങോട്ട് പോരുന്നതിനു ഒരു കാരണം ഉണ്ട്. ഇവിടെ ആണ് അമ്മയുടെ കുടുംബക്കാരുള്ളത്. അമ്മയുടെ അമ്മ മരിച്ചപ്പോ വീടും പറമ്പും ഒക്കെ ആരും നോക്കാനില്ലാതെ കിടക്കുവാ നിങ്ങൾ എടുത്തോ എന്നും പറഞ്ഞു അമേരിക്കയിലുള്ള അപ്പാപ്പൻ നിർബന്ധം പിടിച്ചപ്പോ ഇങ്ങോട്ട് പോന്നതാണ്. വീടും പറമ്പും എന്ന് പറയുമ്പോ അത്രയ്ക്ക് ഒന്നുമില്ല. പത്തു സെന്റും ഒരു സാധാരണ വീടും. അത്ര തന്നെ. എന്നാലും അത് ഒരാശ്വാസം ആയിരുന്നു. വീതം വെപ്പിൽ കിട്ടിയ കാശ് കൊണ്ട് പപ്പാ ഒരു കടയിട്ടു ബാക്കി കുറച്ചു പശുക്കളെ വാങ്ങിച്ചു. മീതിഉണ്ടായിരുന്നത് ഞങ്ങൾ രണ്ടു മക്കളുടെ പേരിൽ ബാങ്കിലും ഇട്ടു. പിള്ളേരുടെ കല്യാണം വരുമ്പോൾ ആരോടും ചോദിക്കണ്ടല്ലോ എന്നും പറഞ്ഞു.നല്ല നാടാണ്. നല്ല ആൾക്കാർ ആണ്. അന്ന ചേച്ചി ഇവിടെ ആയിരുന്നു നേരെത്തെ തന്നെ. അമ്മയുടെ കുടുംബത്ത്. ഇത് പക്ഷെ പറഞ്ഞു കേട്ടിട്ടില്ല
പക്ഷെ ഇപ്പൊ, ഒരു കൊ-ലപാതകി എത്തിയിട്ടുണ്ട്
കർത്താവെ, എങ്ങനെയാ ഇനി പാല് കൊണ്ട് കൊടുക്കാൻ പോവാ?
തുടരും….