പ്രണയ പർവങ്ങൾ – ഭാഗം 08, എഴുത്ത്: അമ്മു സന്തോഷ്

സാറയുടെ വീട്ടിൽ സമാധാനം ഉണ്ടായിരുന്നില്ല. ചോദ്യങ്ങൾ ആവർത്തിച്ചു

“സത്യം പറയടി ആരാണ് “

അന്ന കരഞ്ഞു കൊണ്ട് മുഖം ഉയർത്തി. അവൾക്ക് ച-ത്താൽ മതി എന്ന് തോന്നിപ്പോയി. ഇങ്ങനെ ഒക്കെ വരുമെന്ന് ആരറിഞ്ഞു? സാധാരണ കാണാറുള്ള ഡോക്ടർ ലീവ് ആരുന്നു. ആൽബിക്ക് പരിചയം ഉള്ള ഒരു നഴ്സ് കൊടുത്ത ടാബ്ലറ്റ് വീട്ടിൽ വന്നതിനു ശേഷം അവൾ കഴിച്ചു. അതെ ഓർമ്മ ഉള്ളു

ഒരു മയക്കം വരും പോലെ തോന്നി. ഓർമ വരുമ്പോൾ ആശുപത്രിയിൽ ആണ്

“മോളെ തെറ്റ് പറ്റുക സ്വാഭാവികമാ. പക്ഷെ നി ആ കുഞ്ഞിനെ കൊ-ന്ന് കളഞ്ഞു അത് മഹാപാപമാ. അതിന്റെ ആവശ്യം എന്താ? നിന്റെ ഏതെങ്കിലും ആഗ്രഹത്തിന് ഞങ്ങൾ എതിര് നിന്നിട്ടുണ്ടോ? നിനക്ക് അങ്ങനെ ഒരിഷ്ടം ഉണ്ടെങ്കിൽ അപ്പനോടും അമ്മയോടുമല്ലേ മോളെ പറയേണ്ടത്? ലോകത്ത് ആരു ചതിച്ചാലും അപ്പനും അമ്മയും ചതിക്കില്ല കുഞ്ഞേ “

അന്ന ചുണ്ടുകൾ കടിച്ചു പിടിച്ചു

ആൽബി ഫോൺ എടുക്കുന്നില്ല. കുറെ തവണ വിളിച്ചു

“ആരാണെന്നു പറ കുഞ്ഞേ ഞങ്ങൾ പോയി സംസാരിക്കാം “

അവൾ ഗത്യന്തരമില്ലാതെ എല്ലാം പറഞ്ഞു കൊടുത്തു. കളരിക്കലെ ജോസഫ്യിന്റെയും അന്നമ്മയുടെയും മകൻ ആൽബി. കുടുബക്കാരെ മൊത്തം അവർക്ക് അറിയാം. ബന്ധുക്കളെയും കൂട്ടി ആ വീട്ടിൽ എത്തി തോമസ്

ജോസഫ്യും അന്നമ്മയും ഞെട്ടിപ്പോയി. ഇരുപത്തിമൂന്ന് വയസ്സേയുള്ളു ചെറുക്കന്. എം ബി എ പഠിച്ചു കൊണ്ട് ഇരിക്കുന്നു

ഈ വർഷം കോഴ്സ് കഴിഞ്ഞാൽ ഓസ്ട്രേലിയക്ക് പോകാൻ തയ്യാറായി ഇരിക്കുവാ

എന്റെ കർത്താവെ എന്തൊക്കെ പൊക്കണം കേടാ കാണിച്ചു വെച്ചേക്കുന്നേ

“ഇപ്പൊ ഉടനെ കല്യാണം ഒന്നും നടക്കുകേല തോമസ്. ചെറുക്കൻ പഠിക്കുന്നേയുള്ളു. അത് കഴിഞ്ഞു അവൻ ഓസ്ട്രേലിയക്ക് പോകും. രണ്ടു വർഷം എങ്കിലും വേണം ഒരു ജോലി ശരിയാകാനും സെറ്റിൽ ആകാനും. ഇപ്പൊ കല്യാണം ഒന്നും പറ്റുകേല “

ജോസഫ് തീർത്തു പറഞ്ഞു

“അതെന്നാ വാർത്തമാനമാ ഞാൻ ഒരു കേസ് കൊടുത്താൽ നിങ്ങളുടെ മോന്റെ പഠിത്തവും തീരും യാത്രയും തീരും. അവളെ കണ്ടിടത്ത് ഒക്കെ കൊണ്ട് നടന്നു ഗർഭിണി ആക്കിയിട്ടു അബോർഷൻ ചെയ്യാൻ ഏതോ വ്യാജ മരുന്ന് കൊടുത്തു കൊ-ല്ലാൻ നോക്കി എന്ന് ഞാൻ ഒരു കേസ് അങ്ങോട്ട് ഫയൽ ചെയ്യും. ആശുപത്രിയിൽ നിന്നുള്ള മുഴുവൻ രേഖകളും എന്റെ കയ്യിൽ ഉണ്ട്. അത് വെച്ച് ഞാൻ ഒന്ന് നോക്കട്ട് “

അയാൾ എഴുന്നേറ്റു

“തോമാച്ചാ നിൽക്ക് അതെന്താ അങ്ങനെ ഒരു പോക്ക്.? കേസും കൂട്ടവും ആയാൽ തനിക്കും നാണക്കേട് അല്ലെ? ഇളയ ഒരു കൊച്ചു കൂടി വളർന്നു വരുവല്ലേ? അതിനെ ആരെങ്കിലും കെട്ടുമോ?”

“ഓ അവളെ കെട്ടിക്കണമെന്ന് എനിക്ക് ഒരു നിർബന്ധവുമില്ല. രണ്ടെണ്ണവും എനിക്കു ഒരു പോലെയാ. മൂത്തതിന്റെ ഭാവി നോക്കാതെ ഇളയതിന്റെ നോക്കിട്ട് എന്തോ കിട്ടാനാ. ഞാൻ ഇത് പോലീസിൽ പറയാൻ പോവാ “

“തോമസേ ഒന്ന് കേൾക്ക് “

അന്നമ്മ എഴുന്നേറ്റു. അവർ ഈ വിവരം അറിഞ്ഞപ്പോൾ തന്നെ ആൽബിയെ വിളിച്ചു സംസാരിച്ചു അവൻ ഒന്നും മറച്ചു വെച്ചില്ല എല്ലാം പറഞ്ഞു

“ഇതിൽ എന്റെ മോൻ മാത്രം അല്ല തെറ്റ് ചെയ്തത്. അവൻ വിളിച്ചിടത്തെല്ലാം ഇറങ്ങി പോയ തന്റെ മകളും ഒരു പോലെ തെറ്റുകാരിയാ. ഒരു തവണ അല്ല അബോർഷൻ നടന്നിട്ടുള്ളത്. മൂന്ന് തവണ നടന്നിട്ടുണ്ട് “

തോമസ് ഞെട്ടി പകച്ചു പോയി

“എന്റെ മോൻ എന്നോട് എല്ലാം പറഞ്ഞു. ഒരു കാര്യം ഞാൻ അങ്ങോട്ട് പറയാം. ഇപ്പൊ നിശ്ചയം നടത്തി വെയ്ക്കാം. ചെറുക്കൻ ജോലിക്ക് കേറിയിട്ട് കല്യാണം, അപ്പോഴേക്കും അവളും ജോലി കിട്ടാനുള്ള കോഴ്സ് വല്ലതും പഠിക്കട്ടെ. എന്നിട്ട് കല്യാണം സമ്മതമാണെങ്കിൽ ഞങ്ങൾക്ക്.  ഓക്കേ. ഇനി കേസുമായി പോകാൻ ആണ് പ്ലാൻ എങ്കി ചെറുക്കനെ ഞങ്ങൾ കടത്തും. അവൻ നാട്ടിൽ നിന്നാലേ പ്രശ്നം ഉള്ളു. അല്ലെങ്കിലും ഞങ്ങൾക്ക് ഇതൊന്നും വലിയ നാണക്കേട് അല്ല
ചെറുക്കൻ വിളിക്കുന്നിടത്തൊക്കെ ഇറങ്ങി പോകാൻ നിന്ന തന്റെ മകളെ അടിക്കണം ആദ്യം എന്റെ മോളാണെങ്കിൽ ഞാൻ ഒന്ന് കൊടുത്തിട്ടേ സംസാരിക്കുവുള്ളു. എനിക്കുണ്ട് രണ്ടു പെണ്ണ്. ഇപ്പൊ കല്യാണം കഴിഞ്ഞു സുഖം ആയിട്ട് ജീവിക്കുന്നു. ഞാൻ ഒരു കുടുബത്തിൽ പോയി ഇങ്ങനെ കെഞ്ചേണ്ടി വന്നിട്ടില്ല. അത് കൊണ്ട് പോയി നല്ലോണം ആലോചിക്ക്. പിന്നെ ധർമ്മകല്യാണം ഒന്നും പറ്റുകേല, ഇപ്പോഴേ പറഞ്ഞേക്കാം. ഇരുപത്തിയഞ്ചു ലക്ഷം രൂപ വേണം. ചെറുക്കന്റെ പേരിൽ എഫ് ഡി ആയിട്ട് എന്ന കല്യാണം നടക്കും.നല്ല വണ്ണം ആലോചിച്ചു നോക്ക്. കേസ് എങ്കിൽ അങ്ങനെ കല്യാണം എങ്കിൽ അങ്ങനെ “

തോമസിന്റെ തൊലി ഉരിഞ്ഞു പോയി

മക്കൾ ചെയ്തു വെയ്ക്കുന്ന തെറ്റുകൾക്ക് ഏറ്റവും കൂടുതൽ അപമാനം സഹിക്കേണ്ടി വരുന്നത് അപ്പനും അമ്മയുമാണ്

അയാൾ അവിടെ നിന്നിറങ്ങി

വീട്ടിൽ വന്നു

കുടുംബക്കാരുടെ മുന്നിൽ നാറി

“എന്നാലും. ആ പെണ്ണുംപിള്ള എന്നാ സാധനമാ എന്റെ അച്ചായാ. ഹോ എന്ന തന്റെടിയാ “

“അത് പറയാൻ പറ്റില്ല. തെറ്റ് നമ്മുട കൊച്ചിന്റെ ഭാഗത്തുമുണ്ട് അവർ പറഞ്ഞത് പോലെ ചെറുക്കൻ വിളിക്കുന്നിടത്ത് മുഴുവൻ പോയതാ ഒന്നാമത്തെ തെറ്റ്. മൂന്ന് തവണ അ-ബോർഷൻ എന്നൊക്ക പറഞ്ഞ എന്നാ എന്റെ തോമച്ചായാ. കൊച്ചു ചാകാതെ ഇരുന്നത് ഭാഗ്യം. അല്ല ഇത് നിങ്ങളുടെ പിടിപ്പ് കേടാ. മക്കളെ ശ്രദ്ദിക്കണം. വിശ്വസിക്കാൻ കൊള്ളുകേല.. അവർ പറയുന്നതാ ശരി. തത്കാലം നിശ്ചയം പിന്നെ കല്യാണം “

“എവിടെ നിന്ന് എടുത്തിട്ട് കൊടുക്കും ഈ ഇരുപത്തി അഞ്ചു ലക്ഷം രൂപ? ഒരു ലക്ഷം തികച്ചും എടുക്കാനില്ല. അപ്പോഴാ”

മേരി പറഞ്ഞു

“ഇതിപ്പോ നമ്മൾ കുടുംബക്കാർ മാത്രം അറിഞ്ഞിട്ടുള്ളു. ഇത് അങ്ങ് മറന്നേക്കാം നമുക്ക് “

തോമസ് പറഞ്ഞു

“എനിക്കു അതിനു പറ്റുകേല “

വാതിൽക്കൽ അന്ന

“അവൻ എന്നെ ചതിക്കില്ല. അവന്റെ വീട്ടുകാരാ ഇതിനൊക്കെ കൂട്ട് നിൽക്കുന്നെ. അതിന് ഞാൻ സമ്മതിക്കില്ല. ഞാൻ അവന്റെ കൂടെയേ ജീവിക്കു “

ഒറ്റ അടി വീണു അവളുടെ മുഖത്ത്

തോമസിന് കലി തീരും വരെ അവളെ ചവിട്ടി മെതിച്ചു

“എന്റെ തോമസെ ഒന്ന് അടങ്ങിക്കെ. അവള് ച-ത്തു പോകും “

കുഞ്ഞുഞ്ഞു അച്ചായൻ തോമസിന്റെ ചേട്ടൻ അയാളെ പിടിച്ചു മാറ്റി

അന്ന ഓടി മുറിയിൽ കടന്ന് വാതിൽ അടച്ചു

“എന്റെ തോമസേ അവള് വല്ല കടും കയ്യും ചെയ്യും.”

“പപ്പാ “

ഒരു നിലവിളി

“ദൈവമേ സാറ ആണല്ലോ.”

അവർ ഓടി ചെന്നു

“പുറത്തു നിന്നാ “

ആരോ പറഞ്ഞു

“പപ്പാ നോക്കിക്കേ “

കോളേജിൽ നിന്ന് വരും വഴി ആയിരുന്നു സാറ

ചേച്ചിയുടെ മുറിയിൽ നിന്ന് എന്തോ ശബ്ദം കേട്ട് നോക്കി അവൾ

“അയ്യോ എന്റെ കുഞ്ഞ് “

അലറി കരഞ്ഞു പോയി മേരി

ഫാനിൽ തൂങ്ങി പിടയ്ക്കുന്ന അന്നയെ കണ്ട് തോമസ് ബോധം കെട്ട് വീണു

തുടരും..