പ്രണയ പർവങ്ങൾ – ഭാഗം 13, എഴുത്ത്: അമ്മു സന്തോഷ്

ചാർളി ഉറക്കം ഉണർന്നപ്പോൾ വൈകി

“ചാർളിപ്പാ ഞാൻ ഇന്ന് സ്കൂളിൽ പോകുന്നില്ല “

ടെസ്സമോള് വന്ന് നെഞ്ചിൽ കേറി ഒറ്റ കിടപ്പ്

“ദേ ഇങ്ങോട്ട് വന്നോ. പരീക്ഷ ആണെന്ന്. അവൾക്ക്. മടിയാ. എന്റെ ചാർളി ഒന്ന് താഴേക്ക് കൊണ്ട് വായോ
സ്കൂൾ ബസ് ഇപ്പൊ വരും. നിന്നെ ഇന്ന് ഞാൻ ശരിയാക്കും “പുറകെ ഭദ്രകാളിയെ പോലെ ബെല്ല

“ചേച്ചി പൊയ്ക്കോ ഞാൻ കൊണ്ട് വന്നോളാം “ചാർലി മോളെ നെഞ്ചിൽ അടക്കി

അവൻ അത് ഏറ്റു

“വേഗം വന്നില്ലെങ്കിൽ ചട്ടുകം ചൂടാക്കി ച-ന്തിയിൽ വെയ്ക്കും ഞാൻ “

ബെല്ല കലി തുള്ളി ഇറങ്ങി പോയി

“അതേയ് പരീക്ഷ ആണോ?”അവൾ പോയി കഴിഞ്ഞു അവൻ ചോദിച്ചു

“എന്ത് പരീക്ഷ? വെറുതെ ഇടയ്ക്കിടെ പരീക്ഷ? പരീക്ഷ ബോറാ “

ചാർളി ചിരിച്ചു പോയി

“അങ്ങനെ പറയല്ലേ. ഇങ്ങനെ പരീക്ഷ എഴുതി പാസ്സ് ആയാൽ നമ്മൾ പിന്നെയും പിന്നെയും വളർന്നു വലിയ കുട്ടിയായി നല്ല ജോലിയൊക്കെ കിട്ടി. ചാർലിപ്പാനെ നോക്കാൻ വേറെ ആരാ ഉള്ളെ. ടെസ്സ മോള് വലിയ കുട്ടി ആയിട്ട് വേണം…”

“അപ്പൊ ചാർലിപ്പൻ ഈ പരീക്ഷ ഒന്നും എഴുതിയിട്ടില്ലേ?”

ചാർളിക്ക് ഉത്തരം മുട്ടി

“അങ്ങനെ തന്നെ വേണം..എന്താടാ മിണ്ടാട്ടം മുട്ടിപ്പോയ. പപ്പേടെ പൊന്ന് വന്നേ, പാപ്പം കഴിച്ചേ. സ്കൂളിൽ പോയിട്ട് വരുമ്പോൾ പപ്പാ ഒരു കൂട്ടം മേടിച്ചു വെച്ചേക്കാം ട്ടോ “

ഷെല്ലി

“അതെന്ന പപ്പാ ” മോള് കൊഞ്ചി

“അതോ “

ഷെല്ലി കുഞ്ഞിനെ കോരിയെടുത്തു തോളിൽ ഇട്ടു

“എടാ വേഗം ഫ്രഷ് ആയി വരണേ ബോർഡ് മീറ്റിംഗ് ഒമ്പത് മണിക്കാണ് “

അവനോടായി പറഞ്ഞിട്ട് ഷെല്ലി പോയി

അവൻ ടവൽ എടുത്തു കൊണ്ട് ബാത്‌റൂമിലേക്ക് പോയി

കുളിച്ചു ഡ്രസ്സ്‌ മാറി താഴെ വരുമ്പോൾ ഷെല്ലി അവനെ നോക്കി നിന്നു പോയി

ബ്ലാക്ക് ജുബ്ബയും കസവു മുണ്ടും, കഴുത്തിലെ സ്വർണമാലയിൽ കുരിശ്, നല്ല സുന്ദരനായിട്ടുണ്ട്, തനി അച്ചായൻ

ക്ഷീണം ഒക്കെ മാറി

“ബ്രേക്ക്‌ ഫാസ്റ്റ് എന്താ ചേച്ചി?”

“മോനിഷ്ടമുള്ളത് അപ്പവും താറാവും “

ബെല്ല അവനു വിളമ്പി കൊടുത്തു

അവൻ അപ്പം മുറിച്ചു കറിയിൽ മുക്കി കഴിക്കുന്നത് അവർ നോക്കിയിരുന്നു

കല്യാണം കഴിഞ്ഞു കുരിശുങ്കൽ തറവാട്ടിലോട്ട് വരുമ്പോൾ ഒരു പത്തു വയസ്സുകാരൻ വന്ന് കയ്യിൽ പിടിച്ചു

“വാ എല്ലാരേം കാണിച്ചു തരാം ” അതിശയം തോന്നി

അവൻ കൊണ്ട് നടന്നു തന്നെ വീടിന്റ ഓരോ മുക്കും മൂലയും പരിചയം ആക്കി തന്നതും അവനാണ്. ഓരോ ബന്ധുക്കളെ കുറിച്ചും നല്ല ഒരു സ്റ്റഡി ക്ലാസ്സ്‌ തന്നെ എടുത്തു അന്ന് ചാർലി. അവനു ഒരു പരിചയ കുറവുമില്ലായിരുന്നു. തന്നോട് അടുക്കാൻ

ആദ്യരാത്രിയിൽ ഷെല്ലി ച്ചായൻ പറഞ്ഞു

“ചാർലി എന്റെ ഒപ്പമാ ഉറങ്ങാറ്..ഇന്ന് ആള് എങ്ങനെ ആവുമോ എന്തോ?”

താൻ തന്നെ പോയി കൂട്ടിക്കൊണ്ട് വന്ന് കൂടെ കിടത്തി. ഇച്ചായനും തനിക്കും അവനാണ് മൂത്ത മകൻ. അവനും തങ്ങൾ കഴിഞ്ഞേയുള്ളൂ ആരും. ഇപ്പൊ ടെസ്സ മോളു വന്നിട്ടും അവനോടുള്ള സ്നേഹം ഒരു തരി കുറഞ്ഞിട്ടില്ല

“ഒന്നുടെ എടുത്തു കഴിക്ക് ചെറുക്കാ “

“മതി. നിറഞ്ഞു “

അവൻ എഴുന്നേറ്റു കൈ കഴുകി

ഷെല്ലി കാറിന്റെ കീ അവന്റെ കയ്യിൽ കൊടുത്തു

“എടി ഇറങ്ങുവാ “

“ഉച്ചക്ക് വരില്ലേ”

“ഇല്ല ചേച്ചി, ഞാൻ ആ വഴി വീട്ടിൽ പോകും.”

ചാർലി കാറിലോട്ട് കേറും മുന്നേ പറഞ്ഞു

“അതേന്നതിനാ ഇപ്പൊ ഉടനെ അങ്ങോട്ട് പോകുന്നെ? ഇങ്ങോട്ട്  വന്നല്ലേയുള്ളു?”

“അടുത്ത ആഴ്ച വരാമെന്നേ “

അവൻ കൈ വീശി കാറിൽ കയറി

ഷെല്ലിയും കൈ വീശി

കാർ അകന്ന് പോകുന്നത് ബെല്ല നോക്കി നിന്നു

“ഇത് പതിവില്ലല്ലോ എന്താ ഇപ്പൊ ഉടനെ ഓരോടി പോക്ക് “

പിറുപിറുത്തു കൊണ്ട് അവർ അകത്തോട്ടു പോയി

“ഇന്ന് മീറ്റിംഗിന് ടോണിയും അവന്റെ അപ്പനും കാണും. ഷെയർ തിരിച്ചു കൊടുക്കണം എന്നാണ്.” ഷെല്ലി പറഞ്ഞു

ടോണിയും അപ്പൻ ആന്റണിയും കുറച്ചു നാളുകളായി ഷെല്ലിക്ക് മനഃസമാധാനം കൊടുക്കുന്നുണ്ടായിരുന്നില്ല. ശരിക്കും പറഞ്ഞാൽ ചാർലി ജയിലിൽ ആയിരുന്ന സമയം അവർ തുടങ്ങി. ആരോ അവരുടെ പിന്നിൽ ഉണ്ടെന്ന് ഷെല്ലിക്ക് സംശയ ഉണ്ട്. പക്ഷെ അത് അയാൾ ചാർളിയോട് പറഞ്ഞില്ല. ഇപ്പൊ ഷെയർ വേണമെന്നുള്ള വാശി

“അതിന് എഗ്രിമെന്റ് കാലാവധി കഴിഞ്ഞിട്ടില്ലല്ലോ.” ചാർലി പറഞ്ഞു

“ഇല്ല. അവർക്ക് മറ്റേ കമ്പനിയിൽ നോട്ടമുണ്ട്. പാലക്കാരുടെ. ജോർജ് ഇപ്പൊ പുതുതായി തുടങ്ങിയ  കമ്പനിഇല്ലെ?”

“അത് മരുന്ന് കമ്പനിയോ മറ്റൊ അല്ലെ?”

“ഉം.”

“നമ്മുടെ കമ്പനി ലാഭത്തിൽ ആണല്ലോ. പിന്നെ എന്താ?”

“കൂടുതൽ പണം ഓഫർ ചെയ്തു കാണും “

“എന്ത് ഓഫർ ചെയ്താലും എഗ്രിമെന്റ് കാലാവധി കഴിയാത് കൊടുക്കാൻ പറ്റുകേല..അത് തീർത്തു പറഞ്ഞേക്കണം “

“അത് ഞാൻ പറഞ്ഞു. എന്തായാലും ബോർഡ് മീറ്റിംഗിൽ വെയ്ക്കാമെന്ന് പറഞ്ഞു. നീ ആണല്ലോ ഇതിന്റെ പാതി?”

“ഏതിന്റെ പാതി?”

ചാർലി കണ്ണ് മിഴിച്ചു

“എല്ലാത്തിന്റെയും “

ഷെല്ലി മെല്ലെ പറഞ്ഞു

“ദേ ചേട്ടാ ഞാൻ പറഞ്ഞിട്ടുണ്ട് ഇമ്മാതിരി പരിപാടി കാണിക്കരുത് എന്ന്. എന്നെ ബിസിനസ് ചെയ്യാൻ കൊള്ളുകലാ. എന്നെ പിടിച്ചു ഇതിന്റെ ഇടയിൽ ഇടരുത്. ഞാൻ ദേ ഇത് പോലെ വന്നോളാം. എന്താ എന്ന് വെച്ച ചെയ്തോളാം. എന്നെ പിടിച്ചു ദയവ് ചെയ്തു ഇതിൽ ഇടരുത് “

ഷെലിക്ക് ചിരി വന്ന് പോയി

“നീ എന്തിനാടാ ഉവ്വേ ഇങ്ങനെ പേടിക്കുന്നെ? നീ പാസ്സീവ് പാർട്ണർ ആണ്. സൈലന്റ് കി-ല്ലർ എന്നൊക്ക പറയുന്ന പോലെ “

“ഉവ്വേ..എനിക്ക് ഇന്ന് വൈകുന്നേരം തിരിച്ചു പോണം ഞാൻ പറഞ്ഞില്ലേ നാളെ ഒരു മനസമ്മതം ഉണ്ടെന്ന് “

“ആ എനിക്കു. നീ എത്ര പറഞ്ഞിട്ടും. കിട്ടിയില്ല കേട്ടോ അവരെ. ശരിക്കും ആരാ അവർ?”

“എനിക്കു അങ്ങനെ ഡീറ്റെയിൽസ് അറിയില്ല. അപ്പ പറഞ്ഞു പോണമെന്നു അത്രേ ഉള്ളു “

“എന്നാ പിന്നെ അപ്പനങ്ങ് പോയ പോരെ”

ചാർളി ഒന്ന് വിളറി

“അത് ശരിയാ “

“ഞാൻ വേണേൽ അപ്പനോട് പറയാം “

ഷെല്ലി ഫോൺ എടുത്തു

“അത് വേണ്ട. അപ്പ വിചാരിക്കും ഞാൻ നേരിട്ട് പറയാൻ മടിച്ചിട്ട് ചേട്ടനെ കൊണ്ട് പറയിക്കുവാണെന്ന് “

“എന്നാ വേണ്ട “

ചാർളിക്ക് അത് ഓർക്കുമ്പോ ഉള്ളിൽ ഒരു പരിഭ്രമം വന്നു നിറയും അത് എന്താണെന്ന് എത്ര ആലോചിച്ചു നോക്കിട്ടും അവനു പിടി കിട്ടിയില്ല.

ബോർഡ് മീറ്റിംഗിന് ഇരിക്കുമ്പോൾ പക്ഷെ അവൻ അതെല്ലാം മറന്നു പോയി

പതിവുള്ള ഡിസ്‌കഷനുകൾ എല്ലാം കഴിഞ്ഞു

ടോണി എഴുന്നേറ്റു

“എനിക്ക് ഒരു കാര്യം പറയാനുണ്ട്. ഞാൻ അത് ചെയർമനോട് പറഞ്ഞിരുന്നതാണ്. എന്റെ ഷെയർ എനിക്ക് തിരിച്ചു വേണം. ഞാൻ ഔദാര്യം ഒന്നുമല്ല ചോദിക്കുന്നെ. കടവുമല്ല. ഞാൻ ഇട്ട കാശ് ആണ് “

“അതെങ്ങനെയാ ടോണി ശരിയാവുന്നെ? ഓരോന്നിനും ഓരോ കാലാവധി ഇല്ലെ? താൻ ഇപ്പൊ ഇത് തുടങ്ങി വെച്ചാൽ നാളെ മറ്റൊരാളോട് എനിക്കു നോ പറയാൻ പറ്റുമോ? ഒരു രണ്ടു മാസം കൂടി കഴിഞ്ഞാൽ എഗ്രിമെന്റ് കാലാവധി പൂർണമാകും
അന്നേരം തരാം “

ഷെല്ലി മറുപടി പറഞ്ഞു

“അത് നടക്കുകേല ഷെല്ലി, എനിക്ക് എന്റെ ക്യാഷ് വേണം. ഞാൻ അത് കൊണ്ടേ പോകു. എനിക്കു ഈ കമ്പനിയിൽ ഇപ്പൊ വിശ്വാസം ഇല്ല. ഇത് മുങ്ങി തുടങ്ങിയ കപ്പലാണ്.”

പിന്നെ. അവൻ കൂടെ ഇരിക്കുന്ന ഓരോരുത്തരെയും നോക്കി

“നിങ്ങളോടും കൂടിയാ പറയുന്നത് അവനവന്റെ ഷെയർ മേടിച്ചു കൊണ്ട് രക്ഷപെട്ടു പൊയ്ക്കോ. കണ്ട കൊ-ല-പാതകികളുടെ കമ്പനിയിൽ തുടരാൻ നിൽക്കാതെ “

ടോണി തെറിച്ച് മേശക്ക് അടിയിലോട്ട് വീഴുന്നതെ ബാക്കി ഉള്ളവർ കണ്ടുള്ളു

ചാർലി മുണ്ട് ഒന്ന് മടക്കി കുത്തി അവനെ പൊക്കിയെടുത്തു നേരെ നിർത്തി

“ഒന്ന് ചെയ്താലും ഒമ്പത് ചെയ്താലും ഒരേ ശിക്ഷയാ “

അവൻ തല ഒന്ന് ചരിച്ചു ഒറ്റ ഇടി കൊടുത്തു

ടോണിക്ക് തന്റെ തല തകർന്നു പോയ പോലെ തോന്നി

അയാൾ തല പൊത്തി നിലത്തു ഇരുന്നു

“ആർക്ക് വേണേൽ സ്വന്തം ഷെയർ വാങ്ങിച്ചോണ്ട് പോകാം. പക്ഷെ കാലാവധി കഴിയണം. ആരു പോയാലും ഷെല്ലിയുടെ കമ്പനി ഇവിടെ തന്നെ ഉണ്ടാകും. മുങ്ങി പോകുന്ന കപ്പൽ ആയിട്ടല്ല. ലോകം ചുറ്റുന്ന കപ്പലായിട്ട്. സംശയം ഉണ്ടെങ്കിൽ നോക്കിക്കോ..”

അവൻ ഷെല്ലിയെ നോക്കി

“മീറ്റിംഗ് വെടിപ്പായല്ലോ പോകുവല്ലേ?അപ്പൊ..”

എല്ലാവരെയും നോക്കി അവൻ ഒന്ന് ചിരിച്ചു

“ഈശോമിശിഹാക്ക് സ്തുതി ആയിരിക്കട്ടെ “

അവൻ പറഞ്ഞു

ഒരു നിശബ്ദത

തുടരും…