പ്രണയ പർവങ്ങൾ – ഭാഗം 49, എഴുത്ത്: അമ്മു സന്തോഷ്

തനിക്ക് ബോധം ഇല്ലന്ന് ചാർലിക്ക് തോന്നി. ഒരു മന്ദത.

ആ ചുണ്ടുകൾ വെണ്ണ പോലെ മിനുത്ത ചുണ്ടുകൾ. ചുംബനത്തിനു ശേഷം ഉള്ള മുഖം. കടും ചുവന്ന മുഖം. അവൻ റോഡിൽ ബുള്ളറ്റ് നിർത്തി. ഓടിക്കാൻ പറ്റുന്നില്ല. നെഞ്ചിൽ അമർന്നു ഒരു നിമിഷം അവൾ. ഒരു കുല പൂവ് അമർന്ന പോലെ..അവൻ മാലയുടെ ലോക്കറ്റിൽ ചുണ്ട് അമർത്തി. ഹൃദയം പാടുന്നുണ്ട്

ഇന്ന് അവരുടെ മുന്നിൽ പോയിരുന്നാൽ തന്റെ അവസ്ഥ എന്തായി പോകുമെന്ന് അവൻ ഓർത്തു. അവൻ മൊബൈലിൽ മെസ്സേജ് വരുന്നത് നോക്കി

“ഇച്ചാ “

സാറയുടെ മെസ്സേജ്

“മോളെ എനിക്ക് പറ്റുന്നില്ല.. ഞാൻ ഔട്ട്‌ ഓഫ് വേൾഡ്ലാണ്. എനിക്ക്…”

“പൊ ഇച്ചാ നാണം വരുന്നു ട്ടോ.എവിടെയാ ഇപ്പൊ?”

“റോഡിൽ “

“അതെന്താ?”

“കു- ന്തം എടി പോ- ത്തേ ഫസ്റ്റ് കിസ്സ് ഇങ്ങനെ ഒക്കെയാ. ബോധം പോകും..”

“ഉം “

“നീ എന്തോ ചെയ്യുവാ “

“നാളെ ക്ലാസ്സ്‌ ഉണ്ട് ഇച്ചാ. പഠിക്കാൻ പോവാ..”

അവനു ചിരി വന്ന് പോയി

“പഠിച്ചോ “

“അതേയ്…”

“പറ “

“നല്ല ഉമ്മയാ ട്ടോ “

അവൻ കുറച്ചു നേരമ മെസ്സേജ് നോക്കിയിരുന്നു

“എന്റെ മോള് പഠിച്ചോ നാളെ കാണാം “

അവൻ ഫോൺ പോക്കറ്റിൽ വെച്ച് വീട്ടിലേക്ക് പോയി. അവനു ഈ ഭൂമിയിൽ ഉള്ള സകലതിനോടും സ്നേഹം തോന്നി. ഭൂമിയിൽ എല്ലാമെല്ലാം നല്ലതാണെന്നു തോന്നി. എല്ലാം മനോഹരമാണ്.

അവൻ വീട്ടിൽ വരുമ്പോൾ ഷെല്ലി മുറ്റത്തുണ്ട്

“നീ എന്നോട് സംസാരിക്കില്ല എന്ന വാശിയിൽ ആണോ?” ഷെല്ലി ചോദിച്ചു

“ഇല്ലല്ലോ ” അവൻ കീ ചെയിൻ കറക്കി

“പിന്നെ എന്താ മുഖത്ത് നോക്കാത്തത്?”

ചാർലി ആ മുഖത്ത് നോക്കുക തന്നെ ചെയ്തു

“ദേഷ്യം മാറിയില്ലേ?”

“എന്റെ പെണ്ണിനെ തീർക്കുമെന്ന് പറഞ്ഞത് ഞാൻ മറന്നിട്ടില്ല ചേട്ടാ. മറക്കുകയുമില്ല. ചേട്ടൻ അത് ഒരു ആവേശത്തിൽ പറഞ്ഞതാണ് എന്ന് വിശ്വസിക്കാൻ മാത്രം വിഡ്ഢി അല്ല ഞാൻ. പക്ഷെ ഇവിടെ അത് ഒരു ചർച്ച ആവണ്ട. അമ്മച്ചിക്ക് ഒന്നുമറിയില്ല. അത് കൊണ്ട് അത് ഇവിടെ ഞാൻ ഓർക്കാതെ നോക്കുവാ,

“നീ ദേവസി ചേട്ടനോട് എനിക്ക് കാശ് തരരുത് എന്ന് പറഞ്ഞോ?”

“ചേട്ടൻ എന്നല്ല പുറത്ത് ആരുമായും എന്റെ അനുവാദം ഇല്ലാത്ത ഒരു ട്രാൻസാക്ഷൻ ഉണ്ടാകരുത് എന്ന് പറഞ്ഞു..എല്ലാത്തിനും ഒടുവിൽ ഓഡിറ്റ്‌ ഉണ്ടാകുമ്പോ കണക്ക് കാണിക്കേണ്ടത് ഞാൻ ആണല്ലോ..”

“ഇത്ര നാളും ഈ ഓഡിറ്റ്‌ ഒക്കെ ഉണ്ടായിരുന്നു “

“ഇനി വേണ്ട ഈ പരിപാടി.. ചേട്ടൻ ചേട്ടന്റെ കാശ് വെച്ച് ബിസിനസ് ചെയ്യ്. ചേട്ടനും വിജു ചേട്ടനും കൂടി നടത്തിയ അത്രയും തിരിമറി ഞാൻ കണ്ടു. കോടിക്കണക്കിനു രൂപയാണ് തിരിച്ചു തരാം എന്ന് പറഞ്ഞു വാങ്ങിയിരിക്കുന്നത്. ഒറ്റ രൂപ തിരിച്ചു വന്നിട്ടില്ല. അത് കൊണ്ട് ഇനി ഇത് വേണ്ട. ഇത് ചാർളിയുടെ മാത്രം ലോകമാ ഇനി..”

അവന്റെ മുഖം ഇരുണ്ടു

“എന്റെ ലോകം ഇനി ഇവിടെയാ..ഇത് മാത്രമാ..ഇനി ഞാൻ അങ്ങോട്ട് വരില്ല..എന്റെ കൊച്ചിനെ കൊ- ല്ലും എന്ന് പറഞ്ഞവരുടെ ഇടയിലേക്ക് ഇനി ചാർളി വരില്ല “

അവൻ ഷെല്ലിയെ കടന്ന് പോയി

അവിശ്വസനീയതയോടെ നിന്ന് പോയി ഷെല്ലി

ഈ വർഷങ്ങളിൽ താൻ അവനു കൊടുത്ത സ്നേഹം ഒരു പെണ്ണ് വന്നപ്പോൾ ഒറ്റ തട്ടിന് അവൻ തെറിപ്പിച്ചു കളഞ്ഞു. അവളെ തീർക്കും എന്ന് താൻ പറഞ്ഞിട്ടുണ്ടെങ്കിൽ താൻ അത് ചെയ്യും. അവനു തന്നെ ശരിക്കും അറിഞ്ഞൂടാ, എന്റെ ചെറുക്കൻ എന്റെയാ…അങ്ങനെ ഒരു പെണ്ണും തന്റെയും അവന്റെയും ഇടയിൽ വേണ്ട

അയാൾക്ക് വേദന തോന്നി. എന്ത് പെട്ടെന്ന് അവൻ മാറി. ഇന്നലെ വന്ന ഒരു പെണ്ണ്. തന്റെ അനിയനാണ് അവൻ. തന്റെ ചോ- ര. എന്ത് പറഞ്ഞാലും അവൻ തന്റെ ജീവനാണ്. അവൻ തനിക്ക് കാശ് തന്നില്ലെങ്കിൽ ഒരു ദേഷ്യവുമില്ല. കാശ് ഒന്നുമല്ല. അവൻ…തന്റെ മോൻ, ഒരു പെണ്ണ് കാരണം അകന്ന് പോയി. അവളാരാണ് ഇത്രയ്ക്കും അവനെ അടിമയാക്കി കളഞ്ഞ പെണ്ണ്. ഇവൻ ഇനി ഒരിക്കലും കൊച്ചിയിലേക്ക് വന്നില്ലെങ്കിൽ?

അതോർക്കുമ്പോ തന്നെ ഒരു ഭയം തോന്നി ഷെല്ലിക്ക്. അവനെ കാണാതിരിക്കാൻ വയ്യാഞ്ഞിട്ടാണ് ഇങ്ങോട്ട് വന്നത്. അത് തനിക് പറ്റില്ല. നെഞ്ചിൽ ഇട്ട് വളർത്തിയവനാ. ഇത്ര കടുത്ത തീരുമാനം എടുക്കണോ അവന്?

അയാൾ മുറ്റത്തു കൂടി നടന്നു

ചാർലി നേരെ മുറിയിൽ പോയി. അവൻ വാതിൽ അടച്ചു കുറ്റിയിട്ടു. ഈസിലിൽ കടലാസ് ഉറപ്പിച്ചു. മെല്ലെ വരയ്ക്കാൻ തുടങ്ങി

ആ മുഖം..താനും അവളും…നെഞ്ചിൽ ചേർന്ന് അമർന്നു പോയ മുഖം…താമര പോലെ വിടർന്ന മുഖം…കൈകുമ്പിളിൽ മുഖം ഉയർത്തിയപ്പോ അടഞ്ഞു പോയ നീൾ മിഴികൾ…ചുവപ്പ് രാശിയുള്ള ചുണ്ട്…ഒന്ന് തൊട്ടപ്പോ താഴ്ന്ന് പോയ ചുണ്ടുകൾ

അമർത്തിയുള്ള ഒരു ചും- ബനത്തിൽ ചോ- ര പൊടിഞ്ഞ പോലെ ചുവന്നു പോയി

വരച്ചു തീർന്ന് അവൻ അത് നോക്കി നിന്നു പോയി. പിന്നെ സൈൻ ചെയ്തു പതിവ് പോലെ അലമാരയിൽ വെച്ചു

അവൻ ഷർട്ട്‌ ഊരികണ്ണാടി നോക്കി. നെഞ്ചിൽ നഖം കൊണ്ട് വരഞ്ഞ ഒരു പാട്. നാണം വന്നിട്ട് ചെയ്തതാണ്
അവനതിൽ തൊട്ടു. ഉറങ്ങിയോ ആവോ…

പപ്പയുടെയും മമ്മിയുടെയും കൂടയാ കിടക്കുന്നെ വിളിക്കല്ലേ എന്ന് പറഞ്ഞിട്ടുണ്ട്. കുഞ്ഞ് പെണ്ണാണ്. നിഷ്കളങ്ക സ്നേഹം. അല്ലെങ്കിൽ രാത്രി ആയിട്ടും ആ പടിക്കെട്ടിൽ തന്നെ നോക്കിയിരിക്കുമോ

പാവം…താൻ ചെന്നില്ലായിരുന്നെങ്കിലോ

അവൻ സങ്കടത്തിൽ അവളെ ഓർത്തു കൊണ്ട് ഇരുന്നു

“ചാർലി കഴിക്കാൻ വാ “

അവന് സത്യത്തിൽ വിശപ്പ് ഉണ്ടായിരുന്നില്ല. പിന്നെ അതൊരു സംസാരം ആക്കണ്ട എന്ന് കരുതി ചെന്നു

“നീ എന്താ ഈ നുള്ളി തിന്നുന്നെ വേണ്ടേ നിനക്ക്?”

“മതി വിശപ്പില്ല ” അവൻ എഴുന്നേറ്റു

കൈ കഴുകി മുറിയിൽ പോയി. ഷെല്ലി ആ പോക്ക് നോക്കിയിരുന്നു. മുറിയിൽ വന്നവൻ കിടന്നു

ഫോൺ വരുന്നു..അവൾ..

“ഇച്ചാ..”

“എന്താ രാത്രി?” അവൻ പേടിച്ചു പോയി

“ഒന്നുല്ല അവർ കഴിക്കുവാ. ഞാൻ മുറ്റത്താ..എനിക്ക് ആ ശബ്ദം ഒന്ന് കേൾക്കാൻ തോന്നി.. വെറുതെ..”

അവൻ ഒരു നിമിഷം മിണ്ടാതെ ആ ശബ്ദം കേട്ടിരുന്നു

“എന്റെ മോളോട് ഞാൻ ഒരു താങ്ക്സ് പറയണം..എനിക്ക് തരുന്ന ഈ നിമിഷം.. എനിക്ക് തന്ന ഉമ്മ…എന്നെ കാത്തിരുന്ന ഈ വൈകുന്നേരം..എല്ലാത്തിനും..എന്റെ പ്രാണനോട് ഇച്ചായൻ കടപ്പെട്ടിരിക്കുന്നു..”

അവളുടെ കണ്ണ് നിറഞ്ഞു പോയി

“എന്ന ഫൈനൽ എക്സാം?”

“ഡേറ്റ് മിക്കവാറും നാളെ വരും..പിന്നെ ചേച്ചിയെ കല്യാണം കഴിക്കാൻ പോകുന്ന ആൾക്കാർ ഈ ആഴ്ച വരും ന്ന് പറഞ്ഞു..എന്താണോ ആവോ “

“ഒന്നുല്ല…ടെൻഷൻ വേണ്ട..എക്സാം കഴിഞ്ഞു സ്കൂളിൽ ജോയിൻ ചെയ്തോട്ടൊ. ഞാൻ പറഞ്ഞു വെച്ചേക്കാം..”

“ഉയ്യോ റിസൾട്ട്‌ വരാതെയോ “

“റിസൾട്ട്‌ വന്നോട്ടെ നിനക്ക് നല്ല മാർക്ക്‌ ഉണ്ടാവും. അപ്പൊ ഒഫീഷ്യൽ ആയി പെര്മനെന്റ് ആക്കാം.. ഇപ്പൊ ജൂണിൽ സ്കൂൾ തുറക്കുന്നതിനു മുൻപ് വെക്കേഷന് ക്ലാസ്സ്‌ വെയ്ക്കും. അപ്പൊ പോരെ “

“ഉം “

“അത് കഴിഞ്ഞു permanent ആക്കാം. നീ പ്രൈവറ്റ് ആയിട്ട് ഡിഗ്രി എടുക്ക്. ഏതാ ഇഷ്ടം ഉള്ള സബ്ജെക്ട്?,

“മാത്‍സ് “

“അത് നന്നായി. ഞാൻ പഠിപ്പിച്ചു തരാം..പ്രൈവറ്റ് ആയിട്ട് ചെയ്യാം “

“ഇച്ചാൻ..വരില്ലേ സ്കൂളിൽ?,

“പിന്നെ വരാതെ?”

“ഇച്ചാ?”

“ഉം “

“എനിക്ക്…എനിക്ക് പേടിയുണ്ട് ഇച്ചാ..”

“ഞാനാണ് നിന്റെ കൂടെ…ഞാൻ..പേടിച്ച നിന്നെ ഞാൻ തന്നെ തട്ടി കളയും കേട്ടോടി “

അപ്പുറത്ത് ഒരു ചിരി

“വെയ്ക്കുവ അവർ കഴിച്ചു കഴിഞ്ഞു..ഉമ്മ്മമ്മ “

ഫോൺ കട്ട്‌ ആയി. അവൻ അതിൽ തന്നെ നോക്കിയിരുന്നു

തുടരും….