പ്രണയ പർവങ്ങൾ – ഭാഗം 48, എഴുത്ത്: അമ്മു സന്തോഷ്

സാറ രാവിലെ വരുമെന്ന് സത്യത്തിൽ ചാർലി പ്രതീക്ഷിച്ചില്ല. അവൻ ഉറങ്ങിയില്ലായിരുന്നു. പിന്നെ അവളെ കണ്ടു കഴിഞ്ഞു ഉറക്കം വന്നുമില്ല. ആ മുഖം നെഞ്ചിൽ ഇങ്ങനെ പൂ പോലെ വിടർന്ന് നിന്നു. പ്രണയം ചുഴലി പോലെ ചുഴറ്റിയെറിയുന്നതാണെന്ന് അവൻ തിരിച്ചറിഞ്ഞു. ഒരേ സമയം മഞ്ഞിന്റെ തണുപ്പും തീയുടെ ചൂടുമുള്ളത്. അവളെ കാണുമ്പോൾ തണുപ്പാണ്. ഉള്ളിൽ മഞ്ഞു പെയ്തു തുടങ്ങും. ഇച്ചാ എന്ന കൊഞ്ചലിൽ അടിമുടി നനഞ്ഞു കുതിർന്നു പോകും. കാണാത്തപ്പോൾ തീചൂട്…പതിയെ പൊള്ളിക്കുന്ന ചൂട്..ഉഷ്ണം ഉള്ളിലും പുറത്തും.

അവൻ ഓടി മുറ്റത്തു വന്നു. അവൾ കുളിച്ചു മുടി വിതർത്തിട്ടിരുന്നു. മുട്ടറ്റം എത്തുന്ന മഞ്ഞ ഉടുപ്പ്. വാരി നെഞ്ചിൽ ചേർക്കാൻ ഉള്ള വെമ്പലിനെ അവൻ പാട് പെട്ട് നിയന്ത്രിച്ചു. പക്ഷെ അടുത്ത് ചെന്നു

മഷിയെഴുതിയ നീല കണ്ണുകളിൽ ഒരു കടലോളം സ്നേഹം

“ഇന്നാ ഇച്ചാന് വാങ്ങിയതാ ” നീട്ടിയ കയ്യിൽ ഒരു കീചയിൻ. ഒരു കുഞ്ഞ് ലോക്കറ്റ്. S എന്ന അക്ഷരം കൊത്തിയിട്ടുണ്ട് രണ്ടിലും

അവൻ അത് വാങ്ങി. അപ്പൊ തന്നെ മാലയിൽ കോർത്തിട്ടു. കുരിശിന്റെ മുകളിൽ അത് ചേർന്ന് കിടന്നു

“നല്ല ഭംഗിണ്ട് ” അവൻ മെല്ലെ പറഞ്ഞു

“ഇത് ഞാൻ ബുള്ളറ്റ്ന്റെ കീയിൽ ഇടാം “

അവൾ തലയാട്ടി. ഒരു ചോക്ലേറ്റ് നീട്ടി അവൾ

“പാരിസ് മിട്ടായി കണ്ടപ്പോ വാങ്ങിയതാ. കുഞ്ഞായിരുന്നപ്ലോ കടയിൽ ഒക്കെ കിട്ടുമായിരുന്നു.. ഇച്ചാന് ഇഷ്ടം ആണോ.?”

അവൻ ഒന്ന് മൂളിയതേയുള്ളു. ഹൃദയം നിറഞ്ഞു പോയിരുന്നു

കണ്ണൊക്കെ നീറുന്ന പോലെ

അവൻ ആ കയ്യുടെ മുകളിൽ കൈ വെച്ചു. സാറ ആ കണ്ണുകളിലേക്ക് നോക്കി നിന്നു

“രണ്ടു വർഷം ഒന്നും എനിക്ക് പറ്റില്ലായിരിക്കും സാറ “

അവൾ മനസിലാകാത്തത് പോലെ നോക്കി. പിന്നെ പെട്ടെന്ന് മനസിലായപ്പൊ ചിരിച്ചു

“ഞാൻ പോവാ താമസിക്കും “

അവൻ കൈ എടുത്തു

“വൈകിട്ട് പള്ളിയിൽ വരണം “

അവൾ തലയാട്ടി

“പറഞ്ഞ സാധനം തരാം “

അവൾ തിരിഞ്ഞു നോക്കി ചിരിച്ചു കൊണ്ട് സൈക്കിൾ ഉരുട്ടി നടന്ന് പോയി. സാറയ്ക്ക് ചിരി വന്നിട്ട് മേലാരുന്നു. അവൾ കടിച്ചു പിടിച്ചു നടന്നു

“ഹലോ ” പെട്ടെന്ന് ഒരു കാർ വന്നു അരികിൽ നിന്നു. ഗ്ലാസ്‌ താഴ്ന്ന് വന്നു

ഒരു ചെറുപ്പക്കാരൻ

“പാലാമാറ്റത്തെ നിവിന്റെ വീട് അറിയാമോ?”

അവൾ കൈ ചൂണ്ടി കാണിച്ചു

അവൻ താങ്ക്സ് പറഞ്ഞു

“കുട്ടിയുടെ പേരെന്താ?”

അവൾ അത് കേട്ടതായിട്ട് ഭാവിച്ചില്ല. ഗ്ലാസ്‌ ഉയർന്നു. അവൻ കൂടെയുള്ളവനെ നോക്കി

“എന്തൊരു ഭംഗിയാ.. ഉഫ് “

“സത്യം..നാച്ചുറൽ ബ്യൂട്ടി “

കൂടെയുള്ളവൻ പറഞ്ഞു. അവർ നാലു പേരുണ്ടായിരുന്നു. അവളെ കൊതിയോടെ തിരിഞ്ഞു നോക്കിയവർ. മുകളിൽ ഇരുന്ന് ഒരുത്തൻ അത് കാണുന്നുണ്ട് എന്ന് അവർ അറിയുന്നില്ലല്ലോ. വരാൻ പോകുന്ന അടി വഴിയിൽ തങ്ങത്തില്ലന്നും അതവർ താങ്ങത്തില്ലന്നും അപ്പൊ അവർ അറിഞ്ഞില്ല

“അവരെന്താ ചോദിച്ചത്?” വീട്ടിൽ എത്തിയ ഉടനെ മെസ്സേജ് കണ്ടു സാറ തിരിച്ചു വിളിച്ചു

അന്ന് അവൾക്ക് അവധിയാണ്

“നിവിൻ ചേട്ടന്റെ വീട് ചോദിച്ചതാ. അവിടെ വന്നത് ആണെന്ന തോന്നുന്നേ “

“ഒരു കാർ കൊണ്ട് അടുത്ത് നിർത്തിയ നീ എന്തിനാ അവിടെ നിന്നത്? ആർക്ക് അറിയാം എങ്ങനെ ഉള്ളവരാണെന്ന്. പിടിച്ചു വലിച്ചു കാറിലിട്ടോണ്ട് പോയാൽ ആരാ അറിയുക?”

അവന്റെ ശബ്ദം ദേഷ്യം കൊണ്ട് മാറി

“അങ്ങനെ ഒക്കെ ചെയ്യോ ഇച്ചാ?”

“കു- ന്തം..മേലിൽ. ഇങ്ങനെ ചെയ്യരുത്..കാറിനോട് ചേർന്ന് നിൽക്കരുത് “

“ഇല്ല അതിന് എന്തിനാ ദേഷ്യം? ചെയ്യണ്ട എന്ന് പറഞ്ഞ പോരെ?”

അവൻ പെട്ടെന്ന് തണുത്തു

“ഇച്ചാ?”

“ഉം “

“ദേഷ്യം മാറിയോ?”

“ഉം “

“എന്റെ പൊന്നല്ലേ ദേഷ്യം വേണ്ട ട്ടോ ഞാൻ പാവല്ലേ “

അവനു എന്താപ്പോ പറയുക എന്നറിയാതെയായി

“ഇച്ചാ “

“ഉം “

“എപ്പോ പള്ളിൽ വരും “

“വൈകുന്നേരം “

“ഞാനും വരാവേ “

“ഉം “

“ദേഷ്യം മാറിയോ. ഇനി സൂക്ഷിച്ചു കൊള്ളാം ട്ടോ ” അവൾ മെല്ലെ പറഞ്ഞു. അവൻ ഒന്ന് മൂളിയിട്ട് കാൾ കട്ട്‌ ചെയ്തു

സാറ കഴിച്ചിട്ട് ഒന്നുറങ്ങി

“ചാർലിയെ ഇതാരാ വന്നേക്കുന്നെന്ന് നോക്ക് “

വൈകുന്നേരം പള്ളിയിൽ പോകാൻ ഇറങ്ങുകയായിരുന്നു ചാർലി. അമ്മയുടെ വിളി കേട്ട് അവൻ താഴേക്ക് ചെന്നു. ഷെല്ലി ചേട്ടൻ, ചേച്ചി,മോൾ

ഷെല്ലി അവനെ സൂക്ഷിച്ചു ഒന്ന് നോക്കി

“എന്താ പതിവില്ലാതെ.?” അവൻ ചോദിച്ചു

“എന്താഡാ അങ്ങോട്ട് വരാത്തത്?” ഒറ്റ അടി കൊടുത്തു ബെല്ല

“നിനക്ക് ഇപ്പൊ ഞങ്ങളെയൊന്നും വേണ്ടയോ “

അവൻ ചേച്ചിയെ നെഞ്ചിൽ ചേർത്ത് പിടിച്ചു ഒരുമ്മ കൊടുത്തു

“അങ്ങനെ പറയാതെ. കുറച്ചു തിരക്ക് ആയിപോയി അതല്ലേ?”

ഷെല്ലി കൈകൾ മാറിൽ പിണച്ചു കെട്ടി. തന്റെ മുഖത്തേക്ക് അധികം നോക്കുന്നില്ല. മോൾ അവന്റെ നെഞ്ചിലേക്ക് ചാടി

“എന്റെ സ്കൂളടച്ചു അവധിയാ ഇനി..”

“ആണോ? എന്നാ ഇവിടെ നിന്നോ “

അവൻ മുഖം അവളുടെ മുഖത്ത് ഉരച്ചു
അവൻ വാച്ചിൽ നോക്കി. സാറ എത്തിക്കാണും. അവൻ മൊബൈൽ എടുത്തു മുറ്റത്തൊട്ട് പോയി

“ഇന്ന് വരണ്ട എന്ന് മെസ്സേജ് ഇട്ടു. പിന്നെ അവർക്ക് അരികിലേക്ക് ചെന്നു

സാറ മൊബൈൽ കൊണ്ട് പോയിരുന്നില്ല. അവൾ പള്ളിയിൽ പ്രാർത്ഥിച്ചിട്ട് ആ പടിക്കെട്ടിൽ ഇരുന്നു

സമയം കടന്ന് പൊയ്ക്കൊണ്ട് ഇരുന്നു

അച്ചൻ വന്നരികിൽ നിന്നപ്പോ അവൾ എഴുന്നേറ്റു

“അവൻ വരുമെന്ന് പറഞ്ഞോ.?” അവൾ തലയാട്ടി

“എന്തെങ്കിലും അത്യാവശ്യം ഉണ്ടായി കാണും. മോള് ഒന്ന്  വിളിച്ചു നോക്ക്.”

“മൊബൈൽ എടുത്തിട്ടില്ല ” അവൾ മെല്ലെ പറഞ്ഞു

അച്ചന്റെ ഫോൺ വരുന്നത് കണ്ട് അവൻ എടുത്തു

“എടാ നീ എവിടെ?”

“വീട്ടിലാണ് അച്ചോ “

“സാറ എത്ര നേരമായി ഇവിടെ വന്നിരിക്കുന്നു. വരത്തില്ലെങ്കിൽ വിളിച്ചു പറഞ്ഞു കൂടെ?”

അവന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി. ഇരുട്ടി

“ഞാനിപ്പോ വരാം അച്ചോ ” അവൻ ബുള്ളറ്റിന്റെ കീ എടുത്തു

“എടാ എങ്ങോട്ടാ?”

“പള്ളിയിൽ നിന്നാ വിളിച്ചത്. ഇപ്പൊ വരാം, അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു ഓടിച്ചു പോയി

“ചെക്കന് ഭക്തി ഒക്കെ ആയല്ലോ.” ബെല്ല കളിയാക്കി

അവൻ പടികൾ ഓടിക്കയറി ചെല്ലുമ്പോൾ സാറ എഴുന്നേറ്റു

അച്ചൻ അവനെ രൂക്ഷമായി ഒന്ന് നോക്കി

“ഞാൻ മെസ്സേജ് ഇട്ടിട്ടുണ്ടായിരുന്നു ” അവൻ മെല്ലെ പറഞ്ഞു

“ഷെല്ലി ചേട്ടനും ഫാമിലിയും പെട്ടെന്ന് കേറി വന്ന്. ഇറങ്ങി പോരാൻ കഴിഞ്ഞില്ല. ഞാൻ മെസ്സേജ് ഇട്ടു സാറ “

“മൊബൈൽ എടുത്തില്ല.” അവൾ മെല്ലെ പറഞ്ഞു

“ഒരു ഉത്തരവാദിത്തം വേണ്ടേ ചാർലി? ഇതൊരു പാവം പെൺകൊച്ചായത് നിന്റെ ഭാഗ്യം. നോക്കിക്കേ ഇരുട്ടി. വേഗം വീട്ടിൽ പോകാൻ നോക്ക് രണ്ടും “

അച്ചൻ തിരിച്ചു പള്ളിയിലേക്ക് പോയി

അവൻ അവളെ പിടിച്ചു കൊണ്ട് വാകമരത്തിന്റെ തണലിലേക്ക് മാറി നിന്ന് ആ കൈ എടുത്തു കവിളിൽ വെച്ചു

“എന്റെ പൊന്ന് എന്നെ അടിച്ചോ “

സാറ പെട്ടെന്ന് കൈ വലിച്ചെടുത്തു

“ആരുടെയും തെറ്റല്ല ഇച്ചാ. ഞാൻ മൊബൈൽ കൊണ്ട് വരാഞ്ഞിട്ടല്ലേ?”

“എന്നാലും ഇത്രേ വൈകിയപ്പോ മോൾക്ക് പൊയ്ക്കൂടാരുന്നോ?”

“ഇച്ചാ വരുമെന്ന് പറഞ്ഞില്ലായിരുന്നോ..വന്നാലോ എന്നോർത്ത് പോയി “

അവന്റെ കണ്ണുകൾ നിറഞ്ഞു. അവൻ മുന്നോട്ട് ആഞ്ഞു. അവളെ കെട്ടിപ്പുണർന്നു

“എന്റെ പൊന്ന് ക്ഷമിക്ക്.. എന്നോട് ക്ഷമിക്ക് ” സാറ മുഖം ഉയർത്തി

“സാരോല്ല.”

ചാർലി വിറയ്ക്കുന്ന കൈകൾ കൊണ്ട് മുഖത്ത് തൊട്ടു. പൂവിതൾ പോലെ മൃദുലം. ശ്വാസം ഒന്ന് ചൂടായി. ചാർലി മുഖം മെല്ലെ അടുപ്പിച്ചു. കുനിഞ്ഞ് ആ ചുണ്ടുകളിൽ ചുണ്ട് കൊണ്ട് മെല്ലെ തൊട്ടു

സാറ പെട്ടെന്ന് ഞെട്ടി അകലാൻ ശ്രമിച്ചപ്പോ അടുപ്പിച്ചു പിടിച്ചു
കെട്ടിപിടിച്ച് അമർത്തി ചുണ്ടിൽ ഒരുമ്മ. അവൾ കണ്ണുകൾ ഇറുക്കി അടച്ചു. ചുണ്ടുകൾ ചുണ്ടുകളിൽ ഒന്നുരുമ്മി അമരുന്നു.

അവൾ പെട്ടെന്ന് പിടഞ്ഞു മാറി
അകന്ന്  നിന്നു

“കണ്ണ് തുറക്ക് ” അവൻ മന്ത്രിച്ചു

അവൾ കുനിഞ്ഞു നിന്ന് തലയാട്ടി

“ഇച്ചായന്റെ പൊന്നല്ലേ?” അടഞ്ഞു പോയ സ്വരം. അവൾ മുഖം ഉയർത്തി

ചുവന്ന പനിനീർ പൂവ്

“ദേഷ്യം ആണോ?”

അവൾ ആ നെഞ്ചിൽ ഒന്ന് നഖം അമർത്തി ഒരു വര

“ഒരുമ്മ കൂടി തന്നോട്ടെ?” ചാർലി കുനിഞ്ഞതേയുള്ളു

“ഡാ ” ഒരു വിളി

അച്ചൻ

“ഇങ്ങേർ…” അവൻ പിറുപിറുത്തു

പിന്നെ മെല്ലെ മാറി നിന്നു

“സാറയുടെ വീട്ടിൽ നിന്ന് വിളിച്ചു. മോള് ചെല്ല്. ഇനിയിവൻ വിളിച്ചാ വരണ്ട. ബോധം ഇല്ലാത്തവനാ “

അച്ചൻ പറഞ്ഞു

സാറ വാ പൊത്തി ചിരിച്ചു

പിന്നെ പോവാ എന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചിട്ട് പോയി

“ഇനിയങ്ങോട്ട് വാ ട്ടാ ലൈറ്റ് ഫാൻ തേ- ങ്ങാക്കൊ- ല എന്നൊക്ക പറഞ്ഞു കൊണ്ട് വാ…കാണിച്ചു തരാ ഞാൻ “

അവൻ അച്ചന്റെ കാതിൽ പറഞ്ഞിട്ട് പടികൾ ഇറങ്ങി ബുള്ളറ്റ് ന്റെ അടുത്തേക്ക് പോയി

“എടാ ചെറുക്കാ ഇത് പള്ളിയാ. പറുദീസയല്ല ” അച്ചൻ ഉറക്കെ പറഞ്ഞു

“നിങ്ങൾ നോക്കിക്കോ കെട്ട് ഒന്ന് കഴിഞ്ഞോട്ടെ. ഇവിടെ വെച്ചു ഞാൻ പബ്ലിക് ആയിട്ട് ഉമ്മ കൊടുക്കും. അപ്പൊ എന്താ പറയുന്നേ എന്ന് എനിക്ക് ഒന്ന് കാണണം. ഒരുമ്മ അല്ലെ മനുഷ്യ. അത് കൊടുക്കാനുള്ളതല്ലേ?”

അവൻ തിരിച്ചടിച്ചു

“ഓട്രാ ” അച്ചൻ പൊട്ടിച്ചിരിച്ചു

അവൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി ഓടിച്ചു പോയി.

തുടരും…