പ്രണയ പർവങ്ങൾ – ഭാഗം 58, എഴുത്ത്: അമ്മു സന്തോഷ്

കോട്ടയത്തെ വിജയുടെയും ജെറിയുടെയും വീട്.

ജെറി ഓടി വന്നവനെ കെട്ടിപിടിച്ചു

“വല്ലോം പറ്റിയോടാ മോനെ? എന്റെ ദൈവമേ എന്റെ ചെറുക്കന്റെ നെഞ്ചിൽ വല്ല ഇടി കിട്ടിക്കാണുമോ? വാ ചേച്ചി മുട്ട വാട്ടി തരാം. കുളിച്ചേച്ചും വാ “

“എന്റെ ചേച്ചി എനിക്കു ഒന്നുല്ല.” അവൻ ചിരിച്ചു

“അതൊക്ക ഇപ്പൊ തോന്നും. പിന്നെ ആണ് ക്ഷീണം വരിക. വന്നേ “

അവൻ നേർത്ത ചിരിയോടെ അവൾക്ക് ഒപ്പം അകത്തേക്ക് പോയി

ഷെല്ലിയുടെ കാർ അകത്തേക്ക് വരുന്നത് കണ്ട് വിജയ് നിന്നു

“എന്തിയെ അവൻ?”

“അകത്തോട്ടു പോയി “

“നീ വാ. കുരിശുങ്കലെ ചെറുക്കനെ തൊടാൻ ധൈര്യം കാണിച്ചവന്മാർ എവിടെയാണ് എന്ന് വിളിച്ചു ചോദിചിട്ട് വാ. അങ്ങനെ എന്റെ ചെറുക്കന്റെ നേർക്ക് ഒരുത്തന്റെയും കൈ പൊങ്ങണ്ട “

വിജയ് അപ്പൊ തന്നെ ഇറങ്ങി. ഷെല്ലിയുടെ ആൾക്കാർ അവന്റെ പിന്നാലെ വന്നിട്ടുണ്ടായിരുന്നു. ചാർലി എന്തൊക്ക കാണിച്ചാലും പറഞ്ഞാലും ഷെല്ലി അത് ക്ഷമിക്കും. അവൻ ഈ ഭൂമിയിൽ അങ്ങനെ ക്ഷമിക്കുന്നതും ചാർളിയോടാണ്. കാര്യം വഴക്കിട്ടോ പിണങ്ങിയോ വാശിയിലോ ഒക്കെ ഇരുന്നേക്കാം. കുരിശുങ്കൽ തറവാട്ടിലെ ഒരു കാര്യം വന്നാൽ എല്ലാവരും ഒറ്റക്കെട്ടാണ്. അത് അവരുടെ അഭിമാനത്തിന്റെ പ്രശ്നം ആണ്

ആശുപത്രിയിൽ കിടന്നവന്മാരെ മുഴുവൻ ഒരു ദക്ഷിണ്യവും ഇല്ലാതെ കേറി മേഞ്ഞു കളഞ്ഞു ഷെല്ലിയുടെ ആൾക്കാർ. ഒടിയാത്തതും ചതയാത്തതുമായി ഒരിഞ്ച് സ്ഥലം പോലുമില്ല എന്ന് കണ്ടപ്പോ വിട്ടു

“ജോണേ കുരിശുങ്കൽ ചാർളിയെ തൊടാൻ മനസ്സിൽ നീ ചിന്തിക്കുമ്പോൾ അന്ത്യകുർബാനയ്ക്ക് ഒരുക്കങ്ങളും കൂടെ ചെയ്തോണം. ഇത്തവണ ആദ്യത്തെ തവണ ആയത് കൊണ്ട് മാത്രമാ നിന്റെ ജീവൻ തിരിച്ചു തരുന്നത്. ഇനി ആ ദയ ഷെല്ലിയിൽ നിന്ന് പ്രതീക്ഷിക്കരുത്. ചാർളിയെ തൊട്ടാ ഷെല്ലി നിന്റെ കുടുംബം കത്തിച്ചു ക- ളയും. കർത്താവാണേ ക- ത്തിക്കും.. എന്റെ മോനാടാ അവൻ..കേട്ടോടാ “

ഷെല്ലിയുടെ ഇടിയിൽ ജോണിന്റെ മുഖം തകർന്നു പോയി. ചോ- രയിൽ മുങ്ങിയ മുഖം അയാൾ കൈകളിൽ താങ്ങി

“വാ പോകാം.”

വിജയേ നോക്കി ഷെല്ലി പറഞ്ഞു
അവർ തിരിച്ചു പോരുമ്പോൾ വിജയ് ഷെല്ലിയെ തന്നെ നോക്കിയിരുന്നു. കാര്യം സ്നേഹം ആണെങ്കിലും ചാർലി കഴിഞ്ഞേയുള്ളു ചേട്ടന് ഭൂമിയിൽ എന്തും. അവനെ ആരെങ്കിലും തൊട്ടാൽ തൊടുന്നവന്റെ കുടുംബം കത്തിച്ചു കളയും ചേട്ടൻ.

വീട്ടിൽ എത്തിയപ്പോഴേ കേട്ടു ശബ്ദം

“ചേച്ചി അത് കുറച്ചു കൂടി മൂത്തോട്ടെ..ബീ- ഫ് കറക്റ്റ് ആണ്. ഈ മീൻ ആണ് കുറച്ചു കൂടി ആകാനുള്ളത് “

അവൻ കുപ്പി വായിലേക്ക് കമിഴ്ത്തി

ഷെല്ലി അടുക്കളയിൽ വരുമ്പോൾ അവൻ ജെറി ചെയ്യുന്നതിന് നിർദേശം കൊടുത്തു കൊണ്ട് ഇരിക്കുകയാണ്. ചേട്ടനെ കണ്ട് ഒന്ന് നോക്കിട്ട് അവൻ തിരിഞ്ഞു കളഞ്ഞു. അവന്റെ പിണക്കമിതു വരെ മാറിയില്ല എന്ന് അയാൾക്ക് മനസിലായി. അയാൾ അടുത്ത് ചെന്ന് നിന്നു

“എന്തോന്നാടാ ചെറുക്കാ ദേഷ്യം ഇത് വരെ തീർന്നില്ലേ?”

ചാർലി ഒന്നും മിണ്ടാത് പുറത്തോട്ട് പോയി. അവൻ അങ്ങനെ പിണങ്ങി നടക്കുമ്പോ നെഞ്ചിൽ തോന്നുന്ന ഒരു വേദന ഉണ്ട്. ഷെല്ലിക്ക് അത് സഹിക്കാൻ വയ്യാരുന്നു

“എന്താ സംഭവം?” ജെറി ചോദിച്ചു

“അവന് പ്രേമം ” വിജയ് പറഞ്ഞു

ജെറിയുടെ കണ്ണുകൾ വിടർന്നു

“പ്രേമമോ ചാർളിക്കോ പിന്നേ ഒന്ന് പോ വിജു “

“ആണെന്ന്. അതിന്റെ പേരിൽ ചേട്ടനോട് വഴക്ക് ആയി. ഇപ്പൊ മിണ്ടത്തില്ല “

“ഉയ്യോ ഇതൊക്ക എപ്പോ?,

“മൂന്നാല് മാസമായി “

“എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ. “

“ചേട്ടൻ പറഞ്ഞു ആരോടും പറയണ്ടാന്നു,

അവൻ അവിടെ ഇരുന്നു

“ചാർലി ഡാ?” ഷെല്ലി അവനെ പിടിച്ചു നിർത്തി

“നീ നിനക്ക് ഇഷ്ടം ഉള്ളതിനെ കല്യാണം കഴിച്ചോ.. ചേട്ടൻ എതിരെ നിൽക്കുകേല. ഒന്നും ചെയ്യുകയുമില്ല..സത്യം..”

ചാർളി ഒരു ചു- രുട്ട് ക- ത്തിച്ചു വലിച്ചു പുക വിട്ടു

“നീ ഇങ്ങനെ പിണങ്ങി നടക്കാതെ മോനെ.. നോക്ക്. കല്യാണം നാളെ വേണോ ചേട്ടൻ നടത്തി തരാം നിന്റെ കാര്യത്തിൽ ചേട്ടൻ എല്ലാം മാറ്റി വെയ്ക്കുവാ. ഇഷ്ടം ഉള്ള പെണ്ണിനെ മോൻ കല്യാണം കഴിച്ചോ “

ചാർലിക്ക് പെട്ടെന്ന് വിശ്വാസം വന്നില്ല

നേരെത്തെ പറഞ്ഞാൽ കുഴപ്പം ആകുമോയെന്ന് അവന് ഭയമുണ്ട്. പക്ഷെ ഷെല്ലി ഉള്ളിൽ തട്ടി പറയുകയാണെന്ന് അവന് മനസിലായി. അവൻ വലിച്ചു കൊണ്ട് ഇരുന്ന ചു- രുട്ട് ഷെല്ലിക്ക് നേരെ നീട്ടി. അതാണ് പിണക്കം മാറിയതിന്റെ ലക്ഷണം

ഷെല്ലിയുടെ കണ്ണ് നിറഞ്ഞു പോയി

“എന്റെ കൊച്ചിന്റെ ദേഹത്ത് എന്തെങ്കിലും എന്തെങ്കിലും…പറ്റിയാ..ഇതൊക്ക ചാർലി മറക്കും ഷെല്ലി ചേട്ടാ. ഇപ്പൊ ഞാൻ വിശ്വസിക്കുവാ..പക്ഷെ ചതിച്ചു എന്നെനിക് തോന്നിയ..”

“എന്റെ മോള് സത്യം ചേട്ടൻ നിന്നെ ചതിക്കില്ല..നീ എന്റെ മോനല്ലെടാ “

“എനിക്ക് ചേട്ടനെ വിശ്വാസം ഇല്ല “

“നീ കല്യാണം കഴിഞ്ഞു വിശ്വസിച്ച മാത്രം മതി..നീ പിണങ്ങി നടക്കാതെ. ബെല്ലക്ക് എന്ത് വിഷമം ആണെന്നറിയാമൊട. ശരിയാ ഞാൻ പറഞ്ഞതും ചിന്തിച്ചതും ഒക്കെ തെറ്റാ..നീ ക്ഷമിക്ക്. വീട്ടിൽ വാ “

“ഉം “

ഷെല്ലി ആ മുഖത്ത് തൊട്ട്

“ചേട്ടന് ഈ ഭൂമിയിൽ നീ കഴിഞ്ഞേയുള്ളൂ എന്തും “

ചാർലി ആ കണ്ണുകളിലേക്ക് നോക്കി നിന്നു. തന്നെ വളർത്തിയ കൈകൾ. തന്നെ താലോലിച്ച കൈകൾ. ആ നെഞ്ചിൽ ആയിരുന്നു എന്നും ചാർലി ഉറങ്ങിയിരുന്നത്

അവൻ മുന്നോട്ടാഞ്ഞു ഷെല്ലിയെ ഇറുക്കി പിടിച്ചു

“എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത്..അവളെന്റെ ജീവനാ ചേട്ടാ..പിന്നെ ഞാൻ ഇല്ല..”

ഷെല്ലിക്ക് അത് മനസിലായി. ചാർളിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അവളോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് അവന്റെ ഉടൽ വിറച്ചു. ഷെല്ലി ആ കവിളിൽ ഒരുമ്മ കൊടുത്തു

“നാളെ പോകാം അവളുടെ വീട്ടിലേക്ക്..ചേട്ടൻ വരാം..എത്രയും പെട്ടെന്ന് കല്യാണം “

വിജയ് അങ്ങോട്ട് വന്നു

“അത് ശരി സെറ്റ് ആയോ..”

“എടാ റെഡി ആയിക്കോ ഇവന്റെ കല്യാണം നമ്മൾ ഉറപ്പിക്കുന്നു “

“ഈ രാത്രിലോ?” വിജയ് അന്തം വിട്ടു

“അല്ലടാ രാവിലെ “

ചാർലിക്ക് ചിരി വന്നു

“ഏതാടാ പെണ്ണ്?” ജെറി അങ്ങോട്ട് വന്നു

“അത് ഇപ്പൊ. പറയുകേല..എനിക്ക് ഇച്ചിരി കൂടി സമയം വേണം “

“ശെടാ അതെന്നാടാ ഉവ്വേ “

“അത്..അവളുടെ ചേച്ചിയുടെ കല്യാണമാ അടുത്ത മാസം. അത് കഴിഞ്ഞു മതി “

“ആഹാ..നമ്മുടെ ഇടവകയിൽ ഉള്ള കൊച്ചാണോ?” ജെറി ചോദിച്ചു

അവൻ ഒന്ന് മൂളി

“ഫോട്ടോ ഉണ്ടോടാ?” അവൾ ഫോൺ മേടിച്ചു നോക്കി

“ഇല്ല. നോക്കണ്ട “

“ശോ നല്ല കൊച്ചാണോ കാണാൻ “

“ഉം “

“എത്ര വയസ്സ് ഉണ്ട് എന്നാ പഠിച്ചതാ?”

“19വയസ്സ്. ഇനി ഡിഗ്രിക്ക് ” അവൻ അങ്ങനെയെ പറഞ്ഞുള്ളു

പെട്ടെന്ന് ചാർലി ആരെയും വിശ്വസിക്കില്ല. അത് സ്വന്തം അപ്പൻ ആണെങ്കിൽ പോലും. ചേട്ടൻ പറഞ്ഞത് ഒക്കെ സത്യം ആണ്. ഉള്ളിൽ തട്ടിയാ, പക്ഷെ…കുറച്ചു കൂടി സമയം വേണം. അത് കഴിഞ്ഞു പറയാം. അത് മതി

എന്തായാലും ഏറ്റവും വലിയ കടമ്പ കഴിഞ്ഞു

“19 വയസ്സൊ? കൊച്ചു കൊച്ചാണല്ലോ. നിന്നെ ഇഷ്ടം ആണോ.?”

ജെറിക്ക് ഉത്സാഹം

“അതെന്ന ചോദ്യമാ..പിന്നെ ഇഷ്ടം ആകാതെ അവൻ ഇങ്ങനെ നീറു പോലെ നിൽക്കുമോ?” ഷെല്ലി ചോദിച്ചു

“എന്താ പേര്?”

അവൻ ഒന്ന് തപ്പി

“അന്ന് ഫോണിൽ കണ്ട പേരാണോ?Angel?”

അവൻ ഒന്ന് മൂളി

“എടാ ഒരു ഫോട്ടോ പോലുമില്ലെടാ?”

“ഇല്ല ചേച്ചി.”

ആ സംസാരമങ്ങനെ നീണ്ടു

ഉറങ്ങാൻ കിടക്കുമ്പോ അവൻ ഷെല്ലിയുടെ കൂടെ ചെന്ന് കിടന്നു. അവനെ ചേർത്ത് പിടിച്ച്, അവന്റെ നെഞ്ചിൽ തല വെച്ച്

“ചേട്ടാ അവളുടെ പേര് angel എന്നല്ല..വേറെയാ “

“എന്താ അത്?”

“ചേട്ടൻ കണ്ടു പിടിക്ക് ഞാൻ ഒരു ക്ലൂ തരാം. പഴയ നിയമത്തിലുണ്ട്. പുതിയ നിയമത്തിൽ ഇല്ല. അബ്രഹാമിലുണ്ട് ജോസഫിലില്ല… “

ഷെല്ലിക്ക് ചിരി വന്നു. അങ്ങനെ കിടന്നു ചാർലി ഉറങ്ങിപ്പോയി. ഷെല്ലി അവന്റെ ശിരസ്സ് തന്റെ നെഞ്ചിൽ ഒന്നുടെ ചേർത്ത് പിടിച്ചു

മനസിലെ അവസാന വൈരാഗ്യത്തിന്റെ കണികയും അയാള് പുറത്തേക്ക് ഒഴുകി കളഞ്ഞു

അവനിഷ്ടമുള്ള പെണ്ണ്…അവന്റെ ജീവിതം…അവൻ ജീവിക്കട്ടെ…അവൻ തന്നോട് പിണങ്ങാതിരുന്നാൽ മാത്രം മതി

വിജയ് മുൻവശത്തെ പുൽത്തകിടിയിൽ ആയിരുന്നു

പണ്ട് ഷെറിയുടെ പ്രേമം വന്നപ്പോ ഇതിലും പണക്കാരായിരുന്നു. ഒരെ സഭ ആയിരുന്നു. എന്നിട്ടും ആരും സമ്മതിച്ചില്ല. അന്ന് താനും ജെറിയും പ്രണയത്തിലായിരുന്നു. ആർക്കും എതിർപ്പുമില്ല. കാരണം കുരിശുങ്കൽ തറവാടും തന്റെ തറവാടും ഒരെ പോലെ ആണ്. ഒരെ സ്റ്റാറ്റസ്. അന്ന് ചേട്ടനെക്കാൾ എതിർപ്പ് സ്റ്റാൻലി പപ്പാ യുടെ ചേട്ടൻ സ്റ്റീഫൻ പപ്പയ്ക്ക് ആയിരുന്നു. തീർക്കാൻ പറഞ്ഞത് അദ്ദേഹം തന്നെ..

ഷെല്ലി ചേട്ടൻ അതിന് മാത്രം എതിരായിരുന്നു. കൊ- ല്ലണ്ട…പേടിപ്പിച്ചു നാട് നടത്തിയ മതി

പക്ഷെ താനും സ്റ്റീഫൻ പപ്പയും ചേട്ടനെ ബ്രെയിൻ വാഷ് ചെയ്തു. എന്നിട്ടും കുറേ നാള് ആ കുറ്റബോധം കൊണ്ട് നടന്ന് ചേട്ടൻ. വേണ്ടായിരുന്നു എന്ന് പറയുമായിരുന്നു. ഇപ്പൊ ഈ പെണ്ണിന്റെ കാര്യം വന്നപ്പോ തുടക്കത്തിൽ തീർക്കും എന്നൊക്കെ പറഞ്ഞു എങ്കിലും തനിക്ക് ഇത് ഇങ്ങനെ തന്നെ വരുവുള്ളു എന്ന് അറിയാം. ചാർളിയുടെ കാര്യത്തിൽ ഷെല്ലി അങ്ങനെയാണ്

രണ്ടു പേരെയും പിണക്കിയാൽ തനിക്ക്
നല്ലതാണ്. പക്ഷെ പിണങ്ങില്ല. ഒരിക്കലും ദീർഘമായി പിണങ്ങില്ല. ചേട്ടൻ ചാർളി പറയുന്നതേ കേൾക്കു. അപ്പ പിന്നെ ബുദ്ധിമുട്ട് ആകും. രണ്ടിലൊരാളെ പാടുള്ളു. രണ്ടു പേരും ഇല്ലെങ്കിലും കുഴപ്പമില്ല…അവൻ വന്യമായി ചിരിച്ചു

അവസരം വരും…

തുടരും….