അശോകേട്ടാ എന്ന് വിളിച്ചു കൊണ്ടു ഉള്ള മകളുടെ പോക്ക് കണ്ടപ്പോൾ വാര്യർക്ക് എന്തോ പന്തികേട് തോന്നി…..
അശോകേട്ടാ… എന്താ ഫോൺ എടുക്കാഞ്ഞത്… ഞാൻ എത്രമാത്രം വിഷമിച്ചു എന്ന് അറിയാമോ….. ” അതും പറഞ്ഞു കൊണ്ട് ലെച്ചു കരഞ്ഞു…
“എന്റെ സാഹചര്യം അതായി പോയി ലെച്ചു…. സോറി ” അവൻ മെല്ലെ പറഞ്ഞു കൊണ്ട് അവളെ ദയനീയമായി നോക്കി
എന്താണ് പറ്റിയത് തന്റെ മകൾക്ക് എന്ന് എത്ര ആലോചിച്ചിട്ടും അയാൾക്ക് പിടികിട്ടിയില്ല…എന്തിനാണ് ഇവൾ അശോകിനെ ഫോണിൽ വിളിച്ചത്… അത്രമാത്രം ഇവർ തമ്മിൽപറയാൻ എന്തിരിക്കുന്നു..
വാര്യരുടെ നെറ്റി ചുളിഞ്ഞു
ആദ്യമായിട്ടാണ് ലെച്ചു അശോകിന്റെ അടുത്തേക്ക് ഇത്ര സ്വന്തന്ത്ര്യത്തോടെ ചെല്ലുന്നതെന്നു ദേവുനും തോന്നി..ചേച്ചി എന്തിനാ ഇങ്ങനെ കരയുന്നെ…. ഇത് എന്താ പറ്റിയേ…. എന്തൊക്കെയോ അരുതാത്തത് സംഭവിക്കാൻ പോകുന്നു എന്ന് ദേവൂന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചു…
എന്റെ ഭഗവാനെ നീ തന്നെ തുണ…കൈവെടിയല്ലേ…അവൾ മനസ്സിൽ ഒരു വിട്ടു….
അശോകിനെ കണ്ടതും ലെച്ചുവിന്റെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞൊഴുകി…
അവനും തിരിച്ചതേ അവസ്ഥയിലായിരുന്നു….കുറച്ചു ദിവസങ്ങൾ കൊണ്ട് അവൻ ആകെ കോലം വിട്ടു പോയതായി വാര്യർക്കും തോന്നി…ആരും കാണാതെ കണ്ണീർ തുടച്ചുകൊണ്ട് ലെച്ചു അശോകിനൊപ്പം വാര്യരുടെ അടുത്തെത്ക്ക് വന്നു….
“അച്ഛാ… ഞാൻ…”
ലച്ചു എന്തോ പറയുവാനായി ആരംഭിച്ചതും വാര്യർ അവളെ കയ്യെടുത്ത് വിലക്കി..
“ദേവു…. ചേച്ചിയേം കൂട്ടി അകത്തേക്ക് പോകു….. എന്നിട്ട് അശോകേട്ടന് കുടിക്കുവാൻ എന്തെങ്കിലും എടുത്തു കൊണ്ടു വരൂ നീയ് “
വാര്യരുടെ ശബ്‌ദം മുഴങ്ങി…. പതിവില്ലാത്ത വിധം അതിൽ ഇത്തിരി ഗൗരവവും നിറഞ്ഞുനിന്നതായി അവർക്ക് എല്ലാവർക്കും മനസ്സിലായി..
പെൺകുട്ടികൾ രണ്ടുപേരും ഒന്നും പറയാതെ കൊണ്ട് വേഗത്തിൽ തന്നെ അകത്തേക്ക് പോയി…
“അശോക്… കയറി വരൂ മോനേ..ഇതെന്താ യാതൊരു മുന്നറിയിപ്പും ഇല്ലാതെ,,, ഇന്നലെ വൈകുന്നേരം കണ്ടിട്ടുകൂടി ബാലകൃഷ്ണൻ എന്നോടൊന്നും പറഞ്ഞതുമില്ല….
വാര്യർ അശോകിനെ ക്ഷണിച്ചു…
ഒരു നിമിഷം അങ്കിൾ… അച്ഛൻ ഒന്ന് വന്നോട്ടെ… എല്ലാ കാര്യങ്ങളും ഞാൻ പറയാം, എന്നും പറഞ്ഞു അശോക് വഴിയിലേക്ക് കണ്ണ് നട്ടു നില്കയാണ്…
എന്തൊക്കെയോ പ്രശനങ്ങൾ ലെച്ചുവിനും, അശോകിനും ഇടയിൽ ഉണ്ട് എന്ന് വാര്യർക്ക് തോന്നി.. ഇവർ തമ്മിൽ ഇഷ്ടമാണോ, അതോ അശോക് ആർക്കെങ്കിലും മധ്യസ്ഥൻ ആയിട്ട് വന്നതാണോ എന്നാണ് അയാൾക്ക് ആദ്യമായി സംശയം തോന്നിയത്…..
ഈ വിവാഹം ഉറപ്പിച്ചതിൽ പിന്നെ ഉള്ള ലെച്ചുവിന്റെ ഓരോരോ സംഭവ വികാസങ്ങൾ അയാളുടെ മനസ്സിലൂടെ മിന്നിമറഞ്ഞു….
ഇനി ലച്ചുവിന് ആരെങ്കിലും ആയി അടുപ്പം ഉണ്ടോ ആവോ…. അയാൾക്ക് തല പെരുക്കും പോലെ തോന്നി. താൻ ഒരിക്കൽപോലും അങ്ങനെ ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല… അതിനുള്ള ഒരു ഇട തന്റെ രണ്ടു പെൺകുട്ടികളും വരുത്തിയിട്ടില്ല താനും.
ബാലകൃഷ്ണൻ എന്തിനാണ് ഇപ്പോൾ ഇങ്ങട് വരുന്നത്…. ഇതിന്റെ ഇടയ്ക്ക് എന്തൊക്കെയോ സംഭവങ്ങൾ നടന്നു കഴിഞ്ഞിരിക്കുന്നു എന്ന് വാര്യർക്ക് ഉറപ്പായി.. ആലോചിച്ചിട്ട് ആണെങ്കിൽ ഒരു എത്തും പിടിയും കിട്ടുന്നില്ല…..
അയാൾ ദീർഘമായി ഒന്ന് നിശ്വസിച്ചു..
എന്തായാലും കുറച്ചു സമയം കഴിഞ്ഞാൽ ബാലൻ വരും.. അപ്പോൾ കാര്യങ്ങൾ അറിയാം,ബാലൻ എന്തായാലും തന്നോട് നുണ പറയില്ല. എന്നയാൾ കണക്ക് കൂട്ടി…
അപ്പോഴേക്കും ബാലകൃഷ്ണനും ശോഭയും കൂടി വരുന്നുണ്ടായിരുന്നു അവരുടെ വണ്ടിയിൽ..
‘നീ എന്താ മോനെ ഒരു മുന്നറിയിപ്പ് പോലും തരാതെ വന്നത്, അതും ഇങ്ങോട്ട്… ഭയങ്കര സർപ്രൈസ് ആയി പോയല്ലോടാ…. “
കാറിൽ നിന്നും ബാലകൃഷ്ണന് ഒപ്പം വന്ന ശോഭ മകനെ നോക്കി കൊണ്ട് ഇറങ്ങുക ആയിരുന്നു..
മറുപടിയായി അശോക് ഒന്ന് മന്ദഹസിക്കുക മാത്രം ആണ് ചെയതത്…..
ഉടനെ ഒന്നും നാട്ടിലേക്ക് വരാമെന്ന് ഓർക്കേണ്ട എന്ന് പറഞ്ഞു പോയ നീ ആണോ മോനെ ഇത്…എന്താ പറ്റിയേ… നിന്റെ മുഖം ഒക്കെ വല്ലാണ്ട്….
കാർ ഒതുകിയിട്ടിട്ട് ബാലകൃഷ്ണൻ മകന്റെ അരികിലേക്ക് വന്നു അവന്റെ തോളിൽ ഒന്ന് തട്ടി.
നിങ്ങൾ എല്ലാവരും അകത്തേക്ക് വരൂ, നമ്മൾക്കു ഇവിടെ ഇരുന്ന് സംസാരിക്കാം…. വാര്യർ എല്ലാവരോടുമായി പറഞ്ഞു….
“മ്മ്.. അതെ അതെ…. എന്തിനാ എല്ലാവരും കൂടി ഈ വാതിൽക്കൽ നിൽക്കുന്നെ ല്ലേ…”
ശോഭ ആണ് ആദ്യം കയറിയത്.. പിന്നാലെ മറ്റുള്ളവരും.
രമേ…….ശോഭ ഉച്ചത്തിൽ വിളിച്ചു.
ദാ വരുന്നു ചേച്ചി… ചായ എടുക്കുവാ….
ഒരു ട്രേയിൽ എല്ലാവർക്കും ഉള്ള ചായയും ആയിട്ട് രമ ഹാളിലേക്ക് വന്നു..
രമ കൊടുത്ത ചായ എടുത്തു കൊണ്ട് അവിടെ കിടന്ന കസേരകളിലായി ഓരോരുത്തരും ഇരുന്നു..
“പിള്ളേർ എന്ത്യേ…… കണ്ടില്ലല്ലോ രണ്ടാളെയും.ഇവിടെ ഇല്ലേ ” ശോഭ അകത്തേക്ക് നോക്കി…
അവർ അപുറത്തുണ്ട്….. ടൗണിൽ പോകണം എന്ന് ഒക്കെ പറയണ കേട്ടു.
വാര്യർ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു…
എന്തിനാ നീ ഇന്ന് എല്ലാവരോടും ഇവിടെ കൂടാൻ പറഞ്ഞു വിളിച്ചത് മോനേ…. എന്താണ് നിനക്ക് ഞങ്ങളോടു,എല്ലാവരോടും പറയുവാൻ ഉള്ളത്…ബാലകൃഷ്ണൻ ആശ്ചര്യത്തോടെ മകനെ വീണ്ടും നോക്കി…
ചായ കുടിച്ച ഗ്ലാസ് ടീപ്പോയിൽ വെച്ചിട്ട് അശോക് പതിയെ ഇരിപ്പടത്തിൽ നിന്ന് എഴുനേറ്റ് നിന്നു….
അശോകന് വല്ലാത്ത മാനസിക പിരിമുറുക്കം ഉണ്ടെന്ന് എല്ലാവർക്കും മനസ്സിലായി…
അങ്ങനെയൊരു സാഹചര്യത്തിൽ മകനെ ആദ്യമായി കാണുകയായിരുന്നു ബാലകൃഷ്ണനും ശോഭയും..
“എന്താടാ അശോകേ എന്താ പറ്റിയത്…. വന്നപ്പോൾ മുതൽ നീ ഉരുണ്ടുകളിക്കുകയാണ്… കാര്യമെന്താണെന്ന് തെളിച്ച് പറയു “
ബാലകൃഷ്ണൻ മകനെ നോക്കി..
“എനിക്ക് നിങ്ങളോടൊക്കെ എന്റെ ജീവിതത്തിലെ ഒരു പ്രധാന പെട്ട കാര്യം നിങ്ങളോട് എല്ലാവരോടും പറയാനുണ്ട്…. അത് എന്നെ കൂടാതെ അറിയാവുന്ന മറ്റൊരാൾ ലെച്ചു ആണ്..”
അശോക് മെല്ലെ പറഞ്ഞു തുടങ്ങി…
എല്ലാ കണ്ണുകളും അശോകിന്റെ മുഖത്താണ്…
ആദ്യം നീലിമയുടെ വിവാഹം കഴിഞ്ഞിട്ട് ആവാം എന്ന് ഞാൻ തീരുമാനിച്ചിരുന്നു,വിവാഹം കഴിഞ്ഞതിനുശേഷം എനിക്ക് പെട്ടെന്ന് തന്നെ ബാംഗ്ലൂർക്ക് മടങ്ങേണ്ടതായി വന്നു,അതുകൊണ്ട്,?ഞാൻ ഇനി അവധിക്ക് വരുമ്പോൾ പറയാം എന്ന് ആയിരുന്നു വിചാരിച്ചത്, പക്ഷെ എന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റി പോയി.. കാര്യങ്ങൾ കൈ വിട്ടു പോകും മുൻപ് അതാണ് ഞാൻ ഓടിയെത്തിയത്… അശോക് പറയുകയാണ്…
“എന്താ മോനേ…. എന്തേലും പ്രശ്നമുണ്ടോ?വെറുതെ മനുഷ്യനെ ടെൻഷൻ കൂട്ടാതെ കാര്യം എന്താണെന്ന് തെളിച്ച് പറയു മോനെ…എന്താടാ നിന്റെ പ്രശ്നം….ബാലകൃഷ്ണൻ മകന്റെയടുത്തേക്ക് വന്നു…
“പ്രശനം എന്തുണ്ടായാലും പരിഹരിക്കാൻ നമ്മൾക്ക് പറ്റണം… അതല്ലേ ശരിയായ നടപടി.” അശോകിന്റെ മറുപടി അതായിരുന്നു…
“നീ കാര്യം പറ….എന്നിട്ട് തീരുമാനിക്കാം ബാക്കി..”
ശോഭയ്ക്കും ക്ഷമ നശിച്ചു..
വാര്യരും ഭാര്യ രമയും മാത്രം നിശബ്ദത പാലിച്ചു നില്കുകയാണ….രണ്ടുപേരുടെയും മനസ്സിൽ ആധി ആണ്…. അശോക് എന്താണ് പറയുന്നതെന്ന്, ഓർക്കും തോറും അവർക്ക് വല്ലാത്ത പരവേശം ആയിരുന്നു.
“അമ്മേ… ഞാനും ലെച്ചുവും തമ്മിൽ ഇഷ്ടത്തിലാണ്,അടുത്ത വരവിനു പറയാം എന്നോർത്താണ് ഞാൻ ഇരുന്നത്…. നന്ദൻ ഇടയിൽ വരുമെന്ന് സ്വപ്നത്തിൽ പോലും ഓർത്തതല്ല ഞങ്ങൾ… ഞങ്ങൾ ഇരുവരും പരസ്പരം വിവാഹം കഴിക്കുവാൻ ആഗ്രഹിച്ച തന്നെയാണ് സ്നേഹിച്ചത്, ഇനിയൊരിക്കലും പിരിയാൻ ആകില്ല താനും. അതുകൊണ്ട് എത്രയും പെട്ടെന്ന് എല്ലാവരും കൂടി ഇതിനൊരു പരിഹാരം കാണണം …അശോക് പറഞ്ഞു നിർത്തി…
ശോഭയും, ബാലകൃഷ്ണനും അങ്കലാപ്പോടെ മകനെ നോക്കി നിൽക്കുക ആണ്….
വാര്യർക്കും ഭാര്യക്കും പക്ഷെ ഏകദേശം അറിയാമായിരുന്നു ഇവർക്കിടയിൽ എന്തോ ഉണ്ടെന്നു… ലെച്ചു ഓടിപോയപ്പോൾ അവർക്ക് തോന്നിയിരുന്നു…
“നീ എന്തൊക്കെയാ ഈ പറയുന്നത് മോനേ… രണ്ട് ദിവസം കൂടി കഴിഞ്ഞു ഇവിടെ ഒരു ചടങ്ങ് നടക്കാൻ ഇരിക്കെ നീ എന്തൊക്കെയാ വിളിച്ചു കൂവുന്നത്… ബാലകൃഷ്ണൻ മകനെ നോക്കി..
തുടരും….