ധ്വനി, അധ്യായം 53 – എഴുത്ത്: അമ്മു സന്തോഷ്

അമ്മയോട് അങ്ങനെ ഒക്കെ പറഞ്ഞു എങ്കിലും അവനോട് സംസാരിക്കുമ്പോ അവൾക്ക് ഉള്ളിൽ ഒരു വേദന തോന്നി. മറയ്ക്കാൻ കഴിയുന്നില്ല.

“എന്താ നീ വല്ലാതെ? നന്ദന വല്ലതും പറഞ്ഞോ?”

രാത്രി ഭക്ഷണം കഴിക്കുമ്പോൾ ചന്തു ചോദിച്ചു

“ഇല്ല. ഒരു ചോദ്യം ചോദിക്കട്ടെ.”

“ഉം “

“ചന്തുവേട്ടന്റെ അമ്മ തേടി വന്നാൽ എന്ത് ചെയ്യും?”

അവൻ അവളുടെ കണ്ണിലേക്കു നോക്കി

“സിറ്റുവേഷൻ അനുസരിച്ചു ബീഹെവ് ചെയ്യും. എന്താ വന്നോ.?” അവൾ ഉമിനീരിറക്കി

“നിന്റെ കയ്യിൽ ഒരു ബോംബ് ഉണ്ടല്ലോ ” അവൻ ചിരിച്ചു

“പറ “

“അതേ.. പിന്നേയ്‌.. അത്..”

“ആരാ അത്?”

അവൾ അവന്റെ മുഖം നോക്കി. സീരിയസ് ആയിരിക്കുന്നു

“നീ കണ്ടോ അവരെ” അവൾ തലയാട്ടി

“ആദിയുടെ അമ്മയാണോ?” അവൾ ഞെട്ടിപ്പോയി

“എങ്ങനെ മനസിലായി?”

“കല്യാണത്തിന്റെ ഒരു വീഡിയോ കണ്ടപ്പോൾ അച്ഛൻ സംശയം പറഞ്ഞു. ഉറപ്പില്ലായിരുന്നു.”

“അച്ഛൻ പറഞ്ഞോ?”

“yes പറഞ്ഞു. അവർ ഇനി എന്നെ തേടി വരും എന്ന് അച്ഛന് തോന്നിയിരിക്കാം. അത് കൊണ്ട് ആവും പറഞ്ഞു “

“എന്നിട്ട്?”

“എന്നിട്ട് എന്താ?”

അവള് ദീർഘ ശ്വാസം വിട്ടു

“ഞാനെ ടെൻഷൻ ആയി. ഏട്ടന് വിഷമം ആയാലോന്ന് കരുതി “

“എന്ത് കാര്യത്തിന്? എന്നെ പ്രസവിച്ചു എന്നൊരു കാര്യം അവർ ചെയ്തു. ബാക്കിയെല്ലാം എന്റെ അമ്മ വിമല യാ ചെയ്തത്. പ്രസവിച്ച കൊണ്ട് അമ്മയാകുമോ എനിക്ക് അത്തരം സെന്റിമെന്റ്സ് ഒന്നുമില്ല. അങ്ങനെ ഒരാൾ അല്ല ഞാൻ “

“ഞഞ്ഞായി. ഇല്ലെങ്കിൽ ഞാൻ ടെൻഷൻ അടിച്ച് പണ്ടാരമടങ്ങിയേനെ ഹോ എന്റെ പോന്നോ ” അവൾ പറഞ്ഞു

രാത്രി ബെഡ്‌റൂമിൽ അവൾ വരുന്നത് കണ്ട് അവൻ നോക്കി

“എങ്ങോട്ടാ?”

“കിടക്കാൻ “

“നിനക്ക് പരീക്ഷ എന്ന?”

“മറ്റന്നാൾ “

“നീ പരീക്ഷ തീരും വരെ ദോ ആ മുറിയിൽ കിടന്ന മതി. പഠിച്ചിട്ട് അവിടെ കിടന്നുറങ്ങിക്കോ,”

“എന്ത് ദുഷ്ടനാടാ “

“ആ ദുഷ്ടനാ മോള് ചെല്ല് “

അവൻ ലൈറ്റ് അണച്ചു. അവൾ കുറച്ചു നേരം ചുറ്റിപ്പറ്റി നിന്നിട്ട് മുറിയിൽ പോയി

പുസ്തകങ്ങൾ അടുക്കി വെച്ചിട്ടുണ്ട്. ടൈം ടേബിൾ നോക്കി. പിന്നെ പുസ്തകം എടുത്തു വായിച്ച് തുടങ്ങി. വായിച്ച് തുടങ്ങിയപ്പോ പിന്നെ അവൾ സർവവും മറന്നു വായിച്ച് തുടങ്ങി. ഒരു മണി ആയപ്പോൾ മുന്നിൽ ചൂട് കാപ്പി വന്നു. തലയിൽ ഒരു തട്ട്

“കുടിച്ചിട്ട് പഠിക്ക് “

അവൾ ചരിഞ്ഞു നോക്കി ചിരിച്ചു

“ലവ് യു കെട്ടിയോനെ “

ഉറക്കെ പറഞ്ഞു

“ആയിക്കോട്ടെ “

പരീക്ഷകൾ കഴിഞ്ഞു കൊണ്ടിരുന്നു. അവളോട് പിന്നെ ഒരു ദിവസം പോലും പഠിക്കാൻ പറയേണ്ടി വന്നില്ല അവന്. പരീക്ഷക്ക് ഇടയിലുള്ള ഇടവേളകളിൽ പോലും അവൾ മുറിയിൽ തന്നെ ആവും. അവന് ചിലപ്പോൾ ചിരി വരും. എന്താ ഗൗരവം!

പരീക്ഷകൾ കഴിഞ്ഞു. വൈകുന്നേരം എത്തുമ്പോൾ കുളിച്ചു സുന്ദരികുട്ടിയായിട്ട് നിൽക്കുന്നുണ്ട് കക്ഷി. അവൻ ഒന്ന് ചിരിച്ചു. പിന്നെ ഫ്രഷ് ആയി വന്നു

“ഒരു സർപ്രൈസ് തരാട്ടോ വാ “

അവന്റെ കൈ പിടിച്ചു കൂട്ടിക്കൊണ്ട് പോയി dining ടേബിളിന്റെ മുന്നിൽ ഇരുത്തി

“അടപ്രഥമൻ “

“yes”

“wow എന്റെ കുട്ടി ഉണ്ടാക്കിയതാ?”

“yes the one and only sree “

“ഭയങ്കര ബിൽഡപ്പാണല്ലോ “

“നോക്ക് “

അവൻ ഒരു സ്പൂണിൽ എടുത്തു രുചിച്ചു

“ശെടാ കിടിലൻ “

“അത് കേട്ടാ മതി. “

“എന്താ സംഭവം?”

“എന്ത്?”

“പതിവില്ലാതെ പായസം “

“എന്റെ പിറന്നാൾ ആണ് “

അവന്റെ കണ്ണ് മിഴിഞ്ഞു പോയി

“ശ്രീ?”

“ആണ്. ഇടവത്തിലെ രോഹിണി എന്റെ പിറന്നാൾ,

അവന് സങ്കടം വന്നു. അവളെ പിടിച്ചരുകിൽ ഇരുത്തി

“എന്താ നേരെത്തെ പറയാഞ്ഞത്?”

“എന്തിന്?”

“ഗിഫ്റ്റ് ഒന്നും തന്നില്ലല്ലോ എന്റെ കുട്ടിക്ക് ഒന്നിച്ചു അമ്പലത്തിൽ പോകാമായിരുന്നു “

“എക്സാം ആയിരുന്നില്ലേ? സാരോല്ല. കഴിക്ക് “

അവൻ ഒരു സ്പൂണിൽ കുറച്ചു അവളുടെ വായിൽ വെച്ചു കൊടുത്തു. പിന്നെ ചേർത്ത് പിടിച്ചു ഒരുമ്മയും

“നമുക്ക് രാത്രി സിനിമ കാണാൻ പോകാം “

“വേണ്ട “

“പിന്നെ. എവിടെ പോണം പറ “

“ഇവിടെ മതി. ഒന്നിച്ച്.. വേറെയെങ്ങും പോകണ്ട “

അവൾ പറഞ്ഞു. അവൻ സ്നേഹത്തോടെ അവളെ ഉമ്മ വെച്ചു. ഒന്നിച്ച് ഒറ്റ ഉടലായ് ചേർന്ന് കിടക്കുമ്പോൾ ശ്രീ ആ നെഞ്ചിൽ ഒന്ന് തൊട്ടു

“എന്താ ശ്രീ?”

“എനിക്ക് സിവിൽ സർവീസ് കോച്ചിങ് തരാമോ?”

അവൻ അമ്പരപ്പോടെ അവളെ നോക്കി

“എന്നെ ഏട്ടൻ പഠിപ്പിച്ച മതി. ഞാൻ കണ്ടു ഒരു പാട് ബുക്സ് ഉണ്ട് ഇവിടെ. ഞാൻ വായിച്ചോളാം. കുറച്ചു നേരം പഠിപ്പിച്ചു തന്ന മതി “

അവനെന്തു പറയണം എന്നറിയാതെ അവളെ നോക്കി കിടന്നു

“ഈ വർഷം തന്നെ തുടങ്ങാം..എന്തോ ഒരിഷ്ടം ഇപ്പൊ. ഒരാഗ്രഹം. കിട്ടിയില്ലെങ്കിൽ ഞാൻ പിജി ചെയ്തോളാം. എന്നാലും ഒരു തവണ എഴുതി നോക്കാം “

അവൻ ആ മുഖം നെഞ്ചിൽ അടക്കി

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ റിസൾട്ട്‌ നോക്കുകയായിരുന്നു നന്ദന. തന്റെ നമ്പർ ഇല്ല. അവൾ ഒന്ന് കൂടെ നോക്കി. ഇല്ല. കൂടെ ഉറ്റ സുഹൃത്തുക്കളായിരുന്ന മൂന്ന് പേരും ലിസ്റ്റിൽ പെട്ടിരിക്കുന്നു. താൻ ഇല്ല. അവൾ തകർന്നിരുന്നു. ഒരു വർഷത്തെ കഠിന പ്രയത്നം

അവൾ മുറിക്ക് വെളിയിൽ വന്നു. വീണ എന്തോ വായിച്ചു കൊണ്ടിരിക്കുന്നു

എല്ലാം അറിഞ്ഞതിനു ശേഷം വീണ അവളോട് ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തിട്ടില്ല. ശ്രീയുടെ വിവാഹം കഴിഞ്ഞ സ്ഥിതിക്ക് ഇനി ഡിസ്കസ്സ് ചെയ്യണ്ട എന്ന് നിർദേശിച്ചിരുന്നു കൃഷ്ണകുമാർ

“അമ്മേ?

“ഉം “

“എനിക്ക് പ്രിലിംസ് കിട്ടിയില്ല “

വീണ ഒന്ന് മൂളി”ഞാൻ നന്നായി എഴുതിയിരുന്നു. പക്ഷെ “

വീണ പത്രം മടക്കി

“സ്വന്തം അനിയത്തിയേ ഇല്ലാതാക്കാൻ എന്ന് നീ ആലോചിച്ചു തുടങ്ങിയോ അന്ന് തൊട്ട് നീ തോറ്റു തുടങ്ങി നന്ദനാ. എനിക്ക് അത്ഭുതം ഇല്ല. നിനക്ക് ജയിക്കാൻ ഞാൻ ഒരു വഴി പറഞ്ഞു തരാം. നീ ഡൽഹിയിൽ പോകുക കോച്ചിങ്ങിനു ചേരുക ഹോസ്റ്റലിൽ നിൽക്കാം. ചുരുക്കത്തിൽ ശ്രീയുടെ കണ്ണിനു മുന്നേ നിന്നു പോകുക.അവളെ കാണുന്ന ഓരോ നിമിഷവും നിന്റെ മനസ്സിൽ പകയാണ്. ആ പക നിന്റെ ജീവിതം നശിപ്പിക്കുന്നതാണ്. അവളുടെ ജീവിതം സെറ്റിൽ ആയി. കണ്ടില്ലേ. നല്ല ബന്ധം കിട്ടി. ഇനിയവളുടെ കാര്യങ്ങൾ അവള് നോക്കിക്കോളും. നീയോ എവിടെ എന്നറിയാതെ നിൽക്കുകയാണ് തുടങ്ങിയ ഇടത്ത് തന്നെ. ഇനി സിവിൽ സർവീസ് വേണ്ടഎന്നാണെങ്കിൽ ഏതെങ്കിലും ഹോസ്പിറ്റലിൽ ജോയിൻ ചെയ്യുക. അല്ലെങ്കിൽ പിജി ചെയ്യുക.”

വീണ എഴുന്നേറ്റു പോയിട്ടും അവൾ ആ നിൽപ് നിന്നു

അമ്മ പറഞ്ഞത് ശരിയാണ്. തന്റെ മനസ്സിൽ അൽപ്പവും കുറയാതെ ഇപ്പോഴും പകയുണ്ട്. ആ പക തന്റെ കോൺസെൻട്രേഷൻ കളഞ്ഞു. പഠിത്തം കളഞ്ഞു

ചുരുക്കത്തിൽ ഒരു വർഷം കളഞ്ഞു. തല്ക്കാലം മാറി നിൽക്കുന്നതാണ് ബുദ്ധി. അമ്മ പറഞ്ഞത് പോലെ ഡൽഹിയിൽ പോകാം. കോച്ചിങ്ങിനു ചേരാം

സിവിൽ സർവീസ് ആണ് സ്വപ്നം. തല്ക്കാലം അവളെയും അവനെയും മനസ്സിൽ നിന്നു കളയുന്നു

അത് അവൾ ഉറപ്പിച്ചു. ഒരു ഇടവേള കിടക്കട്ടെ

ആ ഞായറാഴ്ച ശ്രീയും ചന്തുവും വന്നു

“കല്യാണം കഴിഞ്ഞു ഒരു പ്രാവശ്യം ആണ് രണ്ടു പേരും കൂടി വന്നത്. പിന്നെ ഒരു തവണ ശ്രീ മാത്രം.നല്ല പാർട്ടികളാ “

വീണ പരിഭവിച്ചു

“പരീക്ഷ ആയിരുന്നു അമ്മേ. വെള്ളിയാഴ്ച കഴിഞ്ഞു. ശനിയാഴ്ച ഏട്ടന് കോൺഫറൻസ് ഉണ്ടായിരുന്നു. അതാ “

അവളുടെ നിഷ്കളങ്കമായ മുഖം കാണവേ അവരുടെ ഉള്ളിൽ വാത്സല്യത്തിന്റെ ഉറവ കിനിഞ്ഞു

“പരീക്ഷ നന്നായോ?”

“പിന്നെ ഞാൻ തകർത്തു “

വീണയ്ക്ക് ചിരി പൊട്ടി

“ജയിക്കോ?”

“ആ ജയിക്കും “

അവൾ മുഖം വീർപ്പിച്ചു

“ജയിച്ചില്ലെങ്കിൽ ആ കുട്ടിക്ക് നാണക്കേട് ആണ് ട്ടോ “

“എനിക്ക് അപ്പൊ നാണോം മാനോം ഒന്നുമില്ലേ?”

വീണ പൊട്ടിച്ചിരിച്ചു

“നിനക്ക് ശീലം ഉണ്ടല്ലോ “

“അത് ശരി കൊള്ളാം കൊള്ളാം “

ചന്തു കൃഷ്ണകുമാറിനൊപ്പം ആയിരുന്നു

“ഞങ്ങൾ ഇപ്പൊ ശരിക്കും ഒറ്റയ്ക്കായി വിവേക്.. ഇന്ന് നിൽക്കാമോ ഇവിടെ?”

ചന്തു സമ്മതിച്ചു. ഭക്ഷണം ഉണ്ടാക്കി കളിചിരികൾ പറഞ്ഞ ഒരു പകലിന് ശേഷം വന്ന രാത്രി

മുറ്റത്തു ഇരിക്കുകയാണ് ശ്രീയും ചന്തുവും

“മുറ്റത്തു എവിടെയോ മുല്ല പൂത്തു “

അവൾ ആ മണം ഉള്ളിലേക്ക് എടുത്തു

അവൻ കൗതകത്തോടെ അവളെ നോക്കി

“എനിക്ക് നിന്റെ മണമാണ് ഇഷ്ടം “

അവൻ അടക്കി പറഞ്ഞു. ശ്രീ അവന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നു. അവളുടെ മുഖം അവന്റെ ചുണ്ടോട് ചേർന്നു. പ്രണയത്തിന്റെ തിരുമധുരം

ചന്തു അവളെ മടിയിലേക്ക് ഇരുത്തി.ലാളനകളുടെ, ചുംബനങ്ങളുടെ..പെരുമഴ… ഒടുവിൽ അവൻ അവളെ കോരിയെടുത്തു കൊണ്ട് എഴുനേറ്റു. മുറിയിലേക്ക് നടക്കുമ്പോൾ അവർക്ക് ഒറ്റ മനസ്സായിരുന്നു. തമ്മിൽ അലിയാനുള്ള ആവേശം നിറഞ്ഞ മനസ്സ്

രാത്രി വളർന്നു കൊണ്ടിരുന്നു

തുടരും…