ക്ഷേത്രത്തിൽ തൊഴുതു പ്രാർത്ഥിച്ചു വലം വെയ്ക്കുകയാണ് കൃഷ്ണ.
“മോളെ ഇന്നല്ലേ റിസൾട്ട്?”
ഭജന പാടാൻ വരുന്ന മാലതി ചേച്ചി വകയാണ് ചോദ്യം. അവൾ തലയാട്ടി
“അച്ഛൻ ഇന്നലെ കണ്ടപ്പോൾ പറഞ്ഞു. ഇന്ന് മുതൽ കുട്ടി ഡോക്ടർ ആണെന്ന്”
“അയ്യോ അതിന് അഞ്ചു വർഷം കൂടെ പഠിക്കണം മാലതിയേച്ചിയെ… ഇത് ആദ്യത്തെ കടമ്പ അത്രേയുള്ളു “
“എന്റെ കുട്ടിക്ക് കിട്ടും. എന്തോരം കഷ്ടപ്പെടുന്നതാ. അത് ഭഗവാൻ കാണാതെയിരിക്കുമോ?”
കൃഷ്ണ സ്നേഹത്തോടെ പുഞ്ചിരിച്ചു
“അഡ്മിഷൻ കിട്ടിയാല് ഇവിടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തന്നെ കിട്ടില്ലേ കുട്ടി?”
“നല്ല റാങ്ക് ഉണ്ടെങ്കിൽ കിട്ടും “
“അല്ലെങ്കിൽ ദൂരെ ആയിരിക്കുമല്ലേ?”
“അതേ ” അവൾ മറുപടി പറഞ്ഞു.
“എന്തായാലും നമ്മുടെ നാട്ടിൻപുറത്ത് ഒരു ഡോക്ടർ വരുമല്ലോ അത് മതി “
കൃഷ്ണ അവർ പോകുന്നത് നോക്കി നിന്നു
തിരുവനന്തപുരത്ത് ഒരു ഉൾഗ്രാമത്തിലാണ് കൃഷ്ണ താമസിക്കുന്നത്. കൂലിവേലക്കാരനായ രമേശന്റെ മകൾ. അവൾക്ക് ഏട്ടൻ മനു. ഹൃദയസംബന്ധമായ രോഗം ഉള്ളത് കൊണ്ട് പഠനം പാതിയിൽ നിന്നു പോയി. ഇപ്പൊ ലോട്ടറികൾ വിൽക്കുന്ന ചെറിയ ഒരു സംരഭവുമായി കഴിയുന്നു. അമ്മ ലത. വീട്ടുവേലക്ക് പോകുന്നു. കൃഷ്ണയും പോകുമായിരുന്നു. സ്കൂളിൽ പഠിച്ചു കൊണ്ട് ഇരുന്ന കാലം മുതൽ അവളോരോ വീടുകളിൽ ജോലിക്ക് പോകും
അവൾ വരുമ്പോൾ ആ വീട്ടുകാർക്ക് പോലും സങ്കടമാണ്. പഠിക്കാൻ അതി സമർത്ഥയായ പെൺകുട്ടി
“ദോഷം കിട്ടും കുഞ്ഞേ നിന്നേ കൊണ്ട് ജോലി ചെയ്യിച്ചാൽ.. മോള് വരണ്ട”
അവർ പറയും
“അങ്ങനെ പറയല്ലേ പൊന്ന് ചേച്ചി. എനിക്കും ആവശ്യങ്ങളുണ്ട്. ഞാനും ഒരു പെൺകുട്ടി അല്ലെ? മാല, വള കണ്മഷി, പൊട്ട് ഒക്കെ വാങ്ങണ്ടേ.. പിന്നെ നല്ല ഡ്രസ്സ് വാങ്ങണം. ഒക്കെറ്റിനും പൈസ വേണം. എനിക്ക് ജോലി ചെയ്യാൻ മടി ഇല്ലെനും. ഞാൻ ചെയ്തോട്ടെ “
പിന്നെ എന്ത് പറയാൻ?
കൃഷ്ണ ഒന്നാന്തരമായി ജോലി ചെയ്യും. ആർക്കും ഒരു പരാതിയുമില്ല. ഒരു പുഞ്ചിരി ഇല്ലാതെ ആരും അവളെ കണ്ടിട്ടില്ല. ദരിദ്ര ആണെന്ന് കരുതി ഒരു വിഷമവുമില്ല അവൾക്ക്..
അതിസുന്ദരിയാണ് കൃഷ്ണ. ആര് കണ്ടാലും ഒന്ന് കൂടെ നോക്കിപ്പോകുന്ന ഭംഗിയുള്ള പെൺകുട്ടി
വിടർന്ന കണ്ണുകളും കുസൃതി നിറഞ്ഞ ചിരിയും ചെറിപ്പഴം പോലെ ചുവന്നു തുടുത്ത അധരങ്ങളും ഒക്കെ ഉള്ള ഒരു സുന്ദരിക്കുട്ടി. നന്നായി വേഷം ധരിക്കണം എന്ന് നിഷ്കർഷയുള്ളവളാണ്. എപ്പോഴും വൃത്തിയായി മനോഹരമായി വേഷം ധരിച്ചു മാത്രമേ അവളെ കാണാറുള്ളു
ആള് നന്നായി തയ്ക്കും.വില കുറഞ്ഞ തുണികൾ ടൗണിൽ പോയി വാങ്ങി വന്ന് സ്വന്തം ആയിട്ട് ഡിസൈൻ ചെയ്തു കൃഷ്ണ ധരിച്ചു പുറത്ത് ഇറങ്ങി കഴിഞ്ഞാൽ നൂറു ചോദ്യമുണ്ടാവും
എവിടെ നിന്ന് വാങ്ങി?എത്ര രൂപയായി? അവൾ സ്വന്തം ആയിട്ട് ചെയ്യുന്നതാണെന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ തന്നെ പ്രയാസമാണ്. അത്രയ്ക്ക് ഫാഷൻ ഉള്ള വസ്ത്രങ്ങൾ ആണ്
പലരും അവരുടെ മക്കൾക്ക് കൂടെ തയ്ച്ചു കൊടുക്കാൻ തുണികൾ അവളെ ഏല്പിക്കും. അതും അവൾക്ക് ഒരു വരുമാനം ആണ്. പക്ഷെ ആ വരുമാനം മുഴുവൻ അവൾ ഏട്ടന് കൊടുക്കും. ഏട്ടന് കടയിൽ നിന്ന് കിട്ടുന്നത് മരുന്നിനു മാത്രേ തികയു. ഒരു ഓപ്പറേഷൻ ചെയ്താൽ പൂർണമായി മാറുമെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട് പക്ഷെ നാലഞ്ച് ലക്ഷം രൂപ വേണം. ചിന്തിക്കാൻ കൂടെ വയ്യ അത്രയും പണം
അച്ഛൻ രമേശൻ കുറച്ചു മദ്യപിക്കുന്ന ആളാണ്
എന്നുമൊന്നുമില്ല. ആഴ്ച അവസാനം. കൃഷ്ണ വളർന്നതിനു ശേഷം ആ ദിവസങ്ങളിൽ പേടിച്ചാണ് വീട്ടിൽ വരിക. അവള് നന്നായി ശാസിക്കും. അവളെ പേടിയാണ് രമേശന്
“നിങ്ങൾ ഇങ്ങനെ സ്വന്തം മോളെ പേടിക്കുന്നതെന്തിനാ രമേശാ വല്ലോം പറഞ്ഞോണ്ട് വന്നാൽ ഒന്നങ്ങ് കൊടുക്കണം അല്ല പിന്നെ അപ്പനെ ഭരിക്കണ്ട പെൺപിള്ളേർ “
അങ്ങനെ പറഞ്ഞ സഹദേവന്നിട്ട് രമേശൻ ഒന്ന് അങ്ങ് കൊടുത്തു
“എന്റെ മോളെ തല്ലാനോ. എന്റെ കുഞ്ഞ് ദേവിയാ അറിയാമോ എന്റെ കുടുംബത്തിന്റെ പരദേവതയാ എന്റെ മോള്. അവൾ ഒരു വര വരച്ചിട്ടവിടെ നിൽക്കാൻ പറഞ്ഞ ഈ രമേശൻ അവിടേ നിൽക്കും. അനങ്ങുകേല. എന്റെ കുഞ്ഞ് എന്റെ പൊന്നാ. അച്ഛന്റെ പൊന്ന്.. നീ പോടാ. ഞാൻ പേടിക്കും. പേടിച്ചു ചിലപ്പോൾ മൂത്രം ഒഴിച്ചെന്നും വരും. എന്റെ കുഞ്ഞിനെയല്ലേ? ഞാൻ വെള്ളമടിച്ചോണ്ട് ചെന്നിട്ടല്ലേ? “
“എന്നാ പിന്നെ അവള് ഒന്ന് തന്നാലും നീ വാങ്ങിച്ചോ “
“വാങ്ങിക്കുമെടാ വാങ്ങിക്കും. എന്റെ നെഞ്ചിൽ ചവിട്ടിയല്ലേ അവള് വളർന്നത്. കുഞ്ഞിലേ ദേ.. ഇങ്ങോട്ട് നോക്ക്. ഡാ ഇങ്ങോട്ട് നോക്ക് “
“ആ നോക്കി പറ..”
സഹദേവൻ തിരിഞ്ഞു
“എന്റെ കരണകുറ്റിക്ക് ടപ്പോ ടപ്പോ എന്നാ അവള് അടിക്കുന്നെ. കുഞ്ഞിലേയാ കേട്ടോ. എനിക്ക് നോവുകേലാ. പെണ്ണുംപിള്ള പറയും പെൺകുഞ്ഞുങ്ങൾക്ക് ഇങ്ങനെ സ്വാതന്ത്ര്യം കൊടുക്കരുത്. കൊഞ്ചിച്ചു വഷളാക്കരുത് എന്നൊക്കെ. അവൾക്ക് വിവരം ഇല്ല “
അയാൾ വാ പൊത്തി ചിരിച്ചു
“പെൺപിള്ളേർ റോക്കറ്റിൽ കേറി പോകുന്ന കാലമാ ഇത് “
“റോകറ്റിലോ? എപ്പോ? ചുമ്മാ മണ്ടത്തരം പറയല്ലേ എന്റെ രമേശാ,സ്പെസിൽ പോയെന്നാരിക്കും “
“ആ എവിടെ ആണെങ്കിലും പോയല്ലോ.. എന്റെ മോള് മിടുക്കിയ. എന്റെ കുഞ്ഞ് പഠിച്ചു ഡോക്ടർ ആയിട്ട് വേണം.. നിന്റെ ഭ്രാന്തിനു ചികിത്സിക്കാൻ ” സഹദേവൻ പൊട്ടിച്ചിരിച്ചു
“എടാ രമേശാ നിന്റെ മോള് എന്റെ മോളാടാ. എന്റെ കുഞ്ഞാ. എനിക്ക് ദൈവം ഒരു കുഞ്ഞിനെ തന്നില്ല എന്നൊരു വിഷമം അങ്ങ് തീരുന്നത് കൃഷ്ണ മോളെ കാണുമ്പോഴാ. ഒരു ദിവസം പോലും എന്റെ വീട്ടിൽ വരാതെയിരിക്കില്ല കക്ഷി. അവൾക്ക് ജീവനാ. രാധക്കെ. ഇനിയിപ്പോ ദൂരെ വല്ലോം കിട്ടിയാൽ എന്നാ ചെയ്യുമെന്ന് പറഞ്ഞു കരച്ചിലാ അവള് “
രമേശനും അതോർക്കുമ്പോ ഒരു ആധിയാ. അവളെ കാണാതിരുന്നാൽ ചത്തു പോകത്തെയുള്ളു. എന്റെ ഈശ്വര തിരുവനന്തപുരം തന്നെ കിട്ടണേ
“അച്ഛാ…”
ദൂരെ നിന്ന് കൃഷ്ണ ഓടി വരുന്നുണ്ട്
അവളോടി വന്നയാളെ കെട്ടിപിടിച്ചു
“അച്ഛാ എന്റെ നമ്പർ ഉണ്ട്.. ഞാൻ പാസ്സായി അച്ഛാ. എനിക്ക് അഡ്മിഷൻ കിട്ടും “
അയാൾ കണ്ണീരോടെ അവളെ എടുത്തു പൊക്കി
“എന്റെ പൊന്നെ..അച്ഛന്റെ പൊന്നെ “
അവൾ അച്ഛനെ ഇറുകെ പിടിച്ചു പൊട്ടിച്ചിരിച്ചു
സഹദേവൻ നിറഞ്ഞ കണ്ണുകളോടെ അത് കണ്ടു നിന്നു
“സഹദേവൻ മാമാ ഞാൻ വീട്ടിലേക്ക് വരാമെന്ന് പറഞ്ഞേക്കണേ പായസം ഉണ്ടാക്കി വെയ്ക്കാൻ രാധ മാമിയോട് പറ “
അയാൾ അവളെ ചേർത്ത് പിടിച്ചു ഒരുമ്മ കൊടുത്തു തലയാട്ടി
“ഈ സന്തോഷത്തിനു അച്ഛൻ രണ്ടെണ്ണം അടിച്ചാലോ “
അവളുടെ മുഖം കൂർത്തു
“അടിച്ചാൽ ഞാൻ അച്ഛനെ അടിക്കും.അത് വേണോ? “
“അത് വേണോടാ സഹദേവ? “
“തൊലി പിന്നെ കണ്ടാമൃഗത്തിന്റെ ആയത് കൊണ്ട് കുഴപ്പമില്ലഡാ നീ അവളുടെ കയ്യിൽ നിന്ന് ഒരെണ്ണം മേടിച്ചോ “
“നീ പോടാ.. എന്റെ കൊച്ച് ജയിച്ച ദിവസമാണ്. ഞാൻ അടിക്കും എന്റെ പൊന്നുമോളല്ലേ. അച്ഛൻ രണ്ടു ചെറുത് അടിച്ചിട്ട് വരാം.”
അവൾ കുറച്ചു നേരം സൂക്ഷിച്ചു നോക്കി
“വാക്ക് മാറരുത് രണ്ടിൽ നിർത്തിക്കോണം “
“എന്റെ പൊന്ന് പറഞ്ഞ അത് തന്നെ. അവിടെ നിർത്തും രമേശൻ. നീ വരുന്നോ ഇല്ലയോ “
സഹദേവൻ അയാളുടെ തോളിൽ കയ്യിട്ട് നടന്നു. കൃഷ്ണ അൽപനേരം അത് നോക്കി നിന്നിട്ട് ചിരിയോടെ ഏട്ടന്റെ കടയിലേക്ക് ഓടി
അവിടെ ഗൗരി നിൽക്കുന്നത് കണ്ട് അവൾ ഒരു കള്ളച്ചിരി ചിരിച്ചു
“അല്ല ഗൗരിയേച്ചിയെ.. കോളേജിൽ പോകുമ്പോളും വരുമ്പോളും ഇവിടെ ഹാജർ വെച്ചിട്ട് പോകണം എന്ന് നിയമം വല്ലോമുണ്ടോ? “
ഗൗരിയുടെ മുഖം വിളറി
“അവളൊരു ലോട്ടറി എടുക്കാൻ വന്നതാ എന്റെ കൃഷ്ണേ “
“ഓ ഓ അത് ഞാൻ മറന്നു. എടുത്തോ എന്നിട്ട് ലോ… ട്ട…. റി? ഏട്ടന്റെ കവിളിൽ ഇരിക്കുന്ന പൊട്ട് എടുത്തു നെറ്റിയിൽ തൊട് എന്റെ ചേച്ചി…”
ഗൗരി ചുവന്നു പോയി. മനുവും
കൃഷ്ണ അവന്റെ കവിളിൽ നിന്നു പൊട്ടെടുത്ത് ഗൗരിയുടെ നെറ്റിയിൽ ഒട്ടിച്ചു വെച്ചു
“പശ പോയി ” അവൾ അർത്ഥം വെച്ച് പറഞ്ഞു
“ഞാൻ പോകുന്നെ ” ഗൗരി നടക്കാൻ ആഞ്ഞു
“അവിടെ നിൽ. എന്നിട്ട് എന്റെ മുഖത്തോട്ട് ശരിക്കും ഒന്ന് നോക്കിക്കേ ” ഗൗരി നോക്കി
“എന്തെങ്കിലും മാറ്റമുണ്ടോ?” ഗൗരി മനുവിനെ നോക്കി
മനു അവളെയും
“മനുവേട്ടൻ പറ. എന്തെങ്കിലും മാറ്റമുണ്ടോ?”
“എന്തോന്നാ കൊച്ചേ “
“ഏട്ടാ ഏട്ടന്റെ കൃഷ്ണ മോള് ഡോക്ടർ ആവാൻ പോവാ “
മനുവിന്റെ മുഖം വിടർന്നു. അവൻ മുന്നോട്ട് ആഞ്ഞു. അവളെ കെട്ടിപ്പുണർന്നു
“ഈശ്വര റിസൾട്ട് വന്നോ?” ഗൗരിയും ആനന്ദത്തിലായി
“ഇപ്പൊ വന്നേയുള്ളു..”
“റാങ്ക് എത്ര മോളെ?”
“76”
“ഈശ്വര തിരുവനന്തപുരം തന്നെ കിട്ടും അല്ലെ?”
അവൾ തലയാട്ടി
“ദൈവമേ നീ എന്റെ പ്രാർത്ഥന കേട്ട്. ഒരു വിളക്ക് കൊടുക്കാമെന്നു നേർന്നിട്ടുണ്ട്. ഭഗവതിക്ക് “
മനു കൈ കൂപ്പി
“അപ്പൊ മോളെ പോയി വരാൻ പറ്റുമോ?”
“പറ്റും ചേച്ചി. ബസ് ഉണ്ടല്ലോ..”
“ഈശ്വര നന്നായി. മനുവേട്ടന് അതായിരുന്നു സങ്കടം. എന്നാലും മോളെ കുറച്ചു ദൂരമില്ലേ? നമ്മുടെ അടുത്ത ടൗണിൽ ഉള്ള മാധവം മെഡിക്കൽ കോളേജിൽ കിട്ടിയിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയേനെ അല്ലെ?”
“അത് പ്രൈവറ്റ് അല്ലെ ചേച്ചി? ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പഠിക്കുന്നതിനു ഒരു ഗമ കൂടുതലാ “
കൃഷ്ണ ചിരിയോടെ പറഞ്ഞു
“പിന്നെ അവിടെ നല്ല കാശ് കൊടുക്കണം.”
“ആണോ. എത്ര കൊടുക്കണം?”
“ഒരു കോടി “
“എന്റെ ദൈവമേ എനിക്ക് അറ്റാക് വരുമെ എന്റെ കൊച്ചേ. ഉയ്യോ ഒരു കോടിയോ?”
“ആ ഏകദേശം അത്രേം വരും. പഠിച്ചിറങ്ങുമ്പോൾ പിന്നെയും കുറച്ചു കൂടെ ആകും. പിന്നെ ഗവണ്മെന്റ് സീറ്റ് കുറച്ചു ഉണ്ടാവും. അതിൽ കിട്ടിയ കൊടുക്കണ്ട. എന്നാലും ഗവണ്മെന്റ് കോളേജ് ആണ് നല്ലത്.”
“അത് ശര്യാ. ഈ മാധവത്തിൽ തന്നെ ഒരു പനി വന്ന് പോയ പോലും ആയിരങ്ങൾ ആവും. അയ്യോ പിന്നെ ഇവിടെ അടുത്ത് അതല്ലേ ഉള്ളു. ഗവണ്മെന്റ് ആശുപത്രിയുള്ളത് പറയാതിരിക്കുകയാ ഭേദം. എന്റെ കൊച്ചു ഡോക്ടർ ആയിട്ട് വേണം മനുവേട്ടന്റെ ഓപ്പറേഷൻ നടത്താൻ “
ഗൗരി പറഞ്ഞു. കൃഷ്ണ മനുവിനെ ഒന്ന് നോക്കി. അവന്റെ ചുണ്ടിൽ വിഷാദത്തിൽ പൊതിഞ്ഞ ഒരു ചിരിയുണ്ടായിരുന്നു
അവൾ അവന്റെ തോളിൽ കയ്യിട്ടു
“ഒക്കെ നടക്കും. എന്റെ ഏട്ടന്റെ ഓപ്പറേഷൻനടക്കും.അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് ഒക്കെ മാറും. നമ്മുക്ക് നല്ല ഒരു വീട് വേണം.. എല്ലാം നടക്കും “
അവൾ ചേട്ടനോട് ചേർന്ന് നിന്നു. ഒരു പാട് സ്വപ്‌നങ്ങൾ ഉണ്ട്. തന്റെ അച്ഛൻ, അമ്മ ഏട്ടൻ എല്ലാവരെയും നോക്കണം. അവർ കഷ്ടപ്പെട്ടു ജീവിക്കുന്നത് കണ്ടാണ് വളർന്നത്. തനിക്കൊരു ജോലി ആയാൽ ആദ്യം ഈ കഷ്ടപ്പാട് അവസാനിപ്പിക്കണം. ഏട്ടനെ ചികിൽസിക്കണം. ഒരു വീട് വെയ്ക്കണം. ഒത്തിരി സ്വപ്‌നങ്ങൾ. എല്ലാം നടക്കണേ ഭഗവാനെ
“മോളെ ലത വീട്ടിൽ വന്നിട്ടുണ്ട്. അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ” അയല്പക്കത്തെ സരസ്വതിചേച്ചി അവളോട് പറഞ്ഞു
“ആ ദാ പോവാ ചേച്ചി. ഞാൻ വീട്ടിൽ ചെന്നപ്പോൾ അമ്മയില്ലാരുന്നു.”
“മോളെവിടെ പോയിരുന്നു?”
“ഞാൻ ബീന ടീച്ചർടെ വീട്ടിൽ റിസൾട്ട് നോക്കാൻ പോയി “
“പ്ലസ് ടൂ റിസൾട്ട് ഇന്നാള് വന്നിരുന്നല്ലോ “
“അതല്ല ചേച്ചി എൻട്രൻസ് “
“ഉയ്യോ ശരിയാണല്ലോ. മോൾക്ക് കിട്ടിക്കാണും അത് ഉറപ്പാ “
അവര് സന്തോഷത്തോടെ പറഞ്ഞു
“കിട്ടി ചേച്ചി “
“എന്റെ കാവിലമ്മേ. ലതയുടെ സങ്കടം കണ്ട് ഞാനും കാവിൽ ഒരു പായസം നേർന്നാരുന്നു. ലതക്ക് ഭയങ്കര പേടിയാരുന്നു എന്റെ മോൾക്ക് കിട്ടുമോ ചേച്ചി എന്ന് ചോദിക്കാത്ത ഒരു ദിവസം ഇല്ല. മോള് വേഗം ചെന്നു വിവരം പറ “
കൃഷ്ണ ശരി എന്ന് പറഞ്ഞു അവർ പോയപ്പോൾ അവൾ വീട്ടിലേക്ക് പോയി. ചെന്നപ്പോഴേ കണ്ടു തുണികൾ നനച്ചു വിരിക്കുന്ന അമ്മ
“ഹലോ മാഡം “
ലത ഒന്ന് തിരിഞ്ഞു കയ്യിൽ കിട്ടിയ കമ്പ് എടുത്തു
“എവിടെ പോയിരിക്കുവാരുന്നെടി. എത്ര നേരമായി ഞാൻ വന്നിട്ട്. മനുഷ്യനെ തീ തീറ്റിക്കാൻ..”
അവൾ ഒറ്റ ഓട്ടം വെച്ച് കൊടുത്തു
“ഓടരുത് കൃഷ്ണേ ഞാൻ എറിയും “
പറയുക മാത്രം അല്ല ലത ആ കമ്പു വെച്ച് ഒരു ഏറ് കൊടുക്കുകയും ചെയ്തു
“അയ്യോ ദുഷ്ട മനുഷ്യത്തി. കൃത്യമായി കൊണ്ടല്ലോ. സ്കൂളിൽ പഠിക്കുമ്പോ ജാവലിൻ ത്രോ ആയിരുന്നോ ഐറ്റം “
“എടി നിന്നെയിന്ന് ഞാൻ..”
“അവിടെ നിക്ക്.. ഒരു ബഹുമാനം ഇല്ലാതെ എടി പോടീ നീ…. “
“ഇവളെയിന്ന് ഞാൻ “
“ഹലോ ഹലോ.. ഡോക്ടർ കൃഷ്ണ… മനസ്സിലായോ.. ഡോക്ടർ എന്ന് വിളിക്കേണ്ടി വരും അഞ്ചു വർഷം കഴിഞ്ഞ് “
ലത അങ്ങനെ നിന്നു പോയി. അവരുടെ നെഞ്ചു ശക്തിയായി മിടിച്ചു കൊണ്ടിരുന്നു. കൃഷ്ണ ഓടി വന്ന് അമ്മയെ കെട്ടിപ്പുണർന്നു
“അമ്മേടെ പ്രാർത്ഥന ദൈവം കേട്ടു.. എനിക്ക് അഡ്മിഷൻ കിട്ടിയമ്മേ “
ലത വിതുമ്പി കരഞ്ഞു കൊണ്ട് അവളെ നിറയെ ഉമ്മ വെച്ചു. കൃഷ്ണയുടെ മുഖത്ത് ചിരി ആയിരുന്നു.
“ഇതെന്തു ഭ്രാന്ത്. കരയുന്നോ..ചിരിക്ക്. സന്തോഷിക്ക്. നോ കരച്ചിൽ.”
അവൾ അമ്മയെ പൊക്കിയെടുത്തു
“എടി താഴെ നിർത്ത്.. ശോ ഈ പെണ്ണ്…”
അവർ ചിരിച്ചു കൊണ്ട് അവളുടെ കൈയിൽ നിന്ന് വഴുതി ഇറങ്ങി
“വിശക്കുന്നുണ്ട് വല്ലോം ഉണ്ടൊ?”
അവൾ അടക്കി ചോദിച്ചു
“രവി സാറിന്റെ വീട്ടിലെ കൊച്ചിന്റെ പിറന്നാൾ ആയിരുന്നു. അവര് പുറത്ത് നിന്ന് ബിരിയാണി വരുത്തി. എന്റെ പങ്ക് ഞാൻ ഇങ്ങു കൊണ്ട് പോരുന്നു എന്റെ മോൾക്ക് ഏറ്റവും ഇഷ്ടം ഉള്ള സാധനം അല്ലെ?”
കൃഷ്ണ ആ പാത്രത്തിലേക്ക് നോക്കി
“അപ്പൊ അമ്മ ഒന്നും കഴിച്ചില്ലേ?”
“അമ്മയ്ക്ക് ഇതൊന്നും ദഹിക്കില്ല കൊച്ചേ. പഴയ ചോറ് ഉണ്ട്.. അത് മതി “
ആ നേരം അവളുടെ കണ്ണ് നിറഞ്ഞു. ഉള്ളു പിടഞ്ഞു. ബിരിയാണിയിലെ ആദ്യത്തെ പിടി ചോറ് വായിൽ വെയ്ക്കുമ്പോൾ കണ്ണീരുപ്പ് കലർന്നു
പഴയ ചോറ് തൈര് ഒഴിച്ച് വാരി കഴിക്കുന്ന അമ്മയെ നോക്കി വായിൽ വെച്ച ബിരിയാണി ഇറക്കാൻ കഴിയാതെ അവൾ ഇരുന്നു
ചില നേരം അങ്ങനെ ആണ്
കണ്ണും മനസ്സും നിറയുന്ന നേരം ..
തുടരും…