ധ്വനി, അധ്യായം 34 – എഴുത്ത്: അമ്മു സന്തോഷ്

രണ്ട് ദിവസം കോഴിക്കോട് വെച്ച് ഒരു കോൺഫറൻസ് ഉള്ളത് കൊണ്ട് ചന്തു പോയി. അന്ന്  രാവിലെ ശ്രീലക്ഷ്മിക്ക് ഒരു ഫോൺ കാൾ വന്നു. മീരയുടെ

“ശ്രീക്കുട്ടി ഞാൻ എത്തി കേട്ടോ.. അതേയ് ഒരു സീക്രട് പറയാം അച്ഛൻ നിന്നേ കുറിച്ച് അമ്മയോട് ഇന്നലെ ചോദിച്ചു ത്രേ. ആ കുട്ടിയെ പിന്നെ ഇങ്ങോട്ട് കണ്ടില്ലല്ലോന്ന്. ഇന്നിങ്ങോട്ട് വരുന്നോ അതോ ഏട്ടൻ ഉള്ളപ്പോൾ മാത്രേ വരുവുള്ളോ?”

ശ്രീക്ക് ചെറിയ ഒരു കൺഫ്യൂഷൻ വന്നു. ചന്തുവേട്ടൻ പോയത് കൊണ്ട് ആകെ മൂഡ് ഓഫ്‌ ആണ്. കോളേജ് സ്ട്രൈക്ക് ആണ്. പിന്നെ ഡാൻസ് പ്രാക്ടീസ് മാത്രം ഉള്ളു. പോകണോ?

“ഞാൻ അമ്മയ്ക്ക് കൊടുക്കാം “മീര പറഞ്ഞു

അവൾ ചെറിയൊരു ടെൻഷൻ വന്നിട്ട് കാതോർത്തു

“ശ്രീലക്ഷ്മി “

“ആ അമ്മേ “

“ഇങ്ങോട്ട് വരൂ ഇന്ന്.. രാജേട്ടൻ ചോദിച്ചു. ഫ്രീ ആണെങ്കിൽ വരൂ “

“അമ്മയോട് ചോദിച്ചിട്ട് വരാം അമ്മേ “

“എങ്കിൽ വേഗം വരൂ “

അവർ ഫോൺ വെച്ചു. അവൾ ഒന്ന് പരുങ്ങി അമ്മയുടെ അടുത്ത് ചെന്ന് നിന്നു

“ഊം?”

“ചന്തുവേട്ടൻ കോഴിക്കോട് പോയി “

“അത് നാലു തവണ പറഞ്ഞായിരുന്നു “

“ഒരു മിസ്സിംഗ്‌ അമ്മേ..”

“അയ്യോടാ.. ആണോ?”

“ഈ ദുഷ്ടയെന്താ ഇങ്ങനെ? അങ്ങനെ ഒക്കെ വരും. ഞങ്ങൾ പ്രേമത്തിലല്ലേ?”

വീണ പൊട്ടിച്ചിരിച്ചു പോയി

“അത് ശരി.. അത് കൊണ്ട് “

“ചന്തുവേട്ടന്റെ അമ്മ വിളിച്ചു. അങ്ങോട്ടേക്ക് ചെല്ലമോന്ന് ചോദിച്ചു “

വീണ അവളെയൊന്നു നോക്കി

“ഞാൻ ഒന്ന് വെറുതെ പോയിട്ട് വന്നാലോ “

“അവരുടെ മൈൻഡ് എങ്ങനെയാ നിന്നോട്?”

വീണ കറിക്ക് അരിഞ്ഞു കൊണ്ട് ചോദിച്ചു

“അവർക്ക് ചന്തുവേട്ടൻ ഒരു സിവിൽ സർവീസ് പാസ്സ് ആയ പെണ്ണിനെ കല്യാണം കഴിക്കാൻ ആണ് ആഗ്രഹം. വലിയ എതിർപ്പ് ഉണ്ടായിരുന്നു. പക്ഷെ ഇപ്പൊ എന്തോ അത്രക്ക് ഇല്ലാന്ന് തോന്നുന്നു. അറിയില്ല.”

“പിന്നെ എന്തിനാ പോകുന്നത്?”

ശ്രീലക്ഷ്മി ഒന്ന് ചിരിച്ചു

“അമ്മേ എനിക്ക് പൊതുവെ വലിയ വാശി ഒന്നും തോന്നില്ല. ഒരു കാര്യത്തിലും. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലും എനിക്ക് ഗ്രാസ്സ് ആണ്. പക്ഷെ അന്ന് ചേച്ചി എന്നോട് മോശമായി പറഞ്ഞില്ലേ ചിലത്.അന്ന് ഞാൻ തീരുമാനിച്ചു ഞാൻ ഇങ്ങേരെയേ കെട്ടുവുള്ളു. അത് നാളെ വേണം ന്ന് ചന്തുവേട്ടൻ പറഞ്ഞാൽ നാളെ. അതൊരു കുഞ്ഞ് വാശിയാണ്. ഞാൻ എന്താ അത്രയ്ക്ക് വിലയില്ലാത്തവളാണോ..?ഐ എ എസുകാരും ഡോക്ടർമാരും മാത്രേ ബുദ്ധി ഉള്ളവരുള്ളു? അവളുടെ ഭാവം കണ്ടാൽ അവളാണ് ആൽബർട്ട് ഐൻസ്റ്റീൻ..”

“എടി കൊച്ചേ അത് ഒരു ആണല്ലേ?”

“അതൊക്കെ എനിക്ക് അറിയാം. അതിന്റെ സ്ത്രീ വേർഷൻ അതാ ഉദേശിച്ചത്‌ “

വീണയ്ക്ക് ചിരി വന്നു

“അവരെന്താ വിചാരിക്കുക? നിന്റെ അച്ഛനും അമ്മയും മകളെ ഒരു ഐ എ എസുകാരൻ കല്യാണം കഴിച്ചോട്ടെ എന്ന് കരുതി അഴിച്ചു വീട്ടിരിക്കുകയാണ് എന്ന് പറയില്ലേ? അത് വേണ്ട ശ്രീ. നിങ്ങളുടെ സ്നേഹം സത്യമാണെങ്കിൽ അത് നടക്കും. നീ അവരെ ഒരിക്കൽ പോയി പരിചയപ്പെട്ടു. അവർ ഇങ്ങോട്ട് ഇത് വരെ സംസാരിക്കുകയോ ഇങ്ങോട്ട് വരികയോ ചെയ്തിട്ടില്ല. അത് ശരിയല്ല. പോകണ്ട “

ശ്രീക്ക് എതിർക്കാൻ തോന്നിയില്ല. മീര വിളിച്ചു

“ചേച്ചി അമ്മ സമ്മതിച്ചില്ല. സോറി. അമ്മ പറയുന്നത് അത് ശരിയല്ലന്നാ. ഞാൻ വരുന്നില്ല “

മീര വിമലയെ നോക്കി

“വെയ്ക്കട്ടെ “

അവൾ ഫോൺ കട്ട്‌ ചെയ്തു

“ശ്രീക്കുട്ടി വരുന്നില്ല. അമ്മ സമ്മതിച്ചില്ല “

വിമലയുടെ മനസ്സിടിഞ്ഞു. ഒന്ന് ആലോചിച്ചു നോക്കിയപ്പോൾ അവരാണ് ശരി. ഒരു സാധാരണ അമ്മയാണ്. അങ്ങനെ മാത്രേ ചിന്തിക്കു

രാജഗോപാൽ പത്രം വായിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു

“ശ്രീ വരില്ല”

അവർ വിഷാദത്തോടെ പറഞ്ഞു

അയാൾ അതിന് മറുപടി കൊടുത്തില്ല

“ആ കുട്ടിയെ പിന്നെ കണ്ടിട്ടേയില്ല. എന്ത് രസാ അതിന്റെ സംസാരമൊക്ക?”

അയാൾ പത്രത്തിൽ നിന്ന് കണ്ണെടുത്തില്ല

“ഇനിയിപ്പോ എത്ര ദിവസം കൂടി ഇവിടെ ഉണ്ടാകും. എനിക്ക് ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു “

“തനിക്ക് പൊയ്ക്കൂടേ”

“എവിടെ?”

“ശ്രീലക്ഷ്മിയുടെ വീട്ടിലേക്ക്?”

അവരുട കണ്ണുകൾ വിടർന്നു

“രാജേട്ടാ ശരിക്കും പറഞ്ഞതാണോ?”

“ഞാൻ നിന്റെ ശ്രീക്കുട്ടിയേ പോലെ തമാശ പറയാറില്ല “

അവർ സന്തോഷത്തോടെ മീരയെ നോക്കി

“ഞങ്ങൾ ഒന്ന് പോയിട്ട് വരട്ടെ”

അയാൾ ഒന്ന് മൂളി

“രാജേട്ടൻ വരുന്നോ?”

“ഇല്ല “

അയാൾ പത്രം മടക്കി മുറിയിലേക്ക് പോയി

“നമുക്ക് പോകാം വാ “

മീര അവരെ പിടിച്ചു വലിച്ചു

ശ്രീ ഡാൻസ് പ്രാക്ടീസ് ചെയ്യുകയായിരുന്നു

“ശ്രീക്കുട്ടി “

ഒരു വിളിയൊച്ച കേട്ട് അവൾ തിരിഞ്ഞു നോക്കി

മീര

“മീര ചേച്ചി…”

അവൾ ഓടി വന്നു. വിമലയെ കണ്ട് അവൾ പെട്ടെന്ന് നിന്നു

“ഉയ്യോ അമ്മ… വിളിച്ചപ്പോ പറഞ്ഞില്ലല്ലോ “

അവൾ ആ കാല് തൊട്ട് വന്ദിച്ചു

ചെറിയ ഉടുപ്പിൽ കണ്ടത് പോലെയല്ല സാരിയിൽ വലിയ കുട്ടിയാണ്

“ഇതാണോ യൂണിഫോം?”

“അതേ അമ്മേ. സാരീ ഉടുത്തുള്ള പെർഫോമൻസ് ഉണ്ട്. അപ്പൊ ഇതാണ് എളുപ്പം. പിന്നെ എല്ലാം സാരീ ആണല്ലോ. അമ്മ വീട്ടിലേക്ക് വരൂ. തൊട്ട് ആണ്. വാ മീരേച്ചി “

വിമലയുടെ കണ്ണുകൾ ഒന്ന് ചുറ്റി സഞ്ചരിച്ചു. വലിയ ഒരു വളപ്പിൽ രണ്ടു കെട്ടിടങ്ങൾ. ഒന്ന് വീടാണെന്ന് തോന്നി

“അമ്മയുടെ തറവാടാണ് “

അവൾ അവരോട് ഇരിക്കാൻ പറഞ്ഞിട്ട് അകത്തേക്ക് ചെന്നു

“അമ്മേ ഏട്ടന്റെ അമ്മ “

വീണ ഒന്ന് അമ്പരന്നു

“ചന്തുവേട്ടന്റെ അമ്മയും മീരേച്ചിയും “

“ആഹാ “

അവർ ചുരിദാർന്റെ മുകളിൽ ഒരു ഷാൾ ഇട്ടിട്ട് അങ്ങോട്ടേക്ക് ചെന്നു. വീണയെ കണ്ട് വിമല എഴുന്നേറ്റു. അതിസുന്ദരിയാണ് വീണ

അമ്മയാണെന്ന് തോന്നില്ല. ശ്രീയുടെ ചേച്ചി ആണെന്നെ തോന്നു

“ഇരിക്കുട്ടോ. കുടിക്കാൻ എന്താ?”

“ഉച്ച ആയപ്പോഴാണോ എന്റെ മ്മേ കുടിക്കാൻ. നല്ല പുഴ മീൻ കറിയും കപ്പപുഴുക്കും മാമ്പഴ പുളിശ്ശേരി യും ഉണ്ട്. ഊണ് കഴിച്ച മതി “ശ്രീ അവർക്ക് അരികിൽ ഇരുന്നു

മീരയുടെ വായിൽ ഉമിനീർ നിറഞ്ഞു

“അയ്യോ ഊണ് ഒന്നും വേണ്ട ട്ടോ കുറച്ചു വെള്ളം മതി “വിമല പുഞ്ചിരിച്ചു

“ഇന്ന് ഒരു ദിവസം ഡയറ്റ് വിട് അമ്മേ. അമ്മ സീറോ സൈസ് ആണെന്ന്. ഒരു ദിവസം കൊണ്ടൊന്നും വെയിറ്റ് കൂടില്ല. അല്ലെ ഒരു കാര്യം ചെയ്യൂ. മീരേച്ചിക്കൊപ്പം പോര്. ഡാൻസ് പഠിക്കാം. പിന്നെ എന്ത് വേണേൽ കഴിക്കാല്ലോ. പ്ലീസ് ഇന്ന് ഒരു ദിവസം.. പ്ലീസ് പ്ലീസ് “

വിമല പുഞ്ചിരിച്ചു

“ആയിക്കോട്ടെ “

“നിങ്ങൾ സംസാരിക്കെ ഞാൻ മീരേച്ചിയേ വീട് ഒക്കെ കൊണ്ട് നടന്ന് കാണിച്ചിട്ട് വരാം “

അവർ പോയി. വിമല അൽപനേരം എങ്ങനെ തുടങ്ങണം എന്ന് അറിയാതെ നിശബ്ദയായി

“വീട് എവിടെയാ ഡോക്ടറുടെ?” വീണ തന്നെ തുടങ്ങി വെച്ചു

“തൃശൂർ ആണ്. ഞങ്ങൾ രണ്ടു പേരും. കസിൻസുമാണ്. കുറെയായി നാട്ടിലേക്ക് വന്നിട്ട്. ഏട്ടൻ മാത്രേയുള്ളു എന്റെ വീട്ടിൽ. രാജേട്ടന്റെ വീട്ടിൽ രാജേട്ടന്റെ അച്ഛനുണ്ട്.”

“എന്റെ കാര്യവും ഏകദേശം അങ്ങനെ തന്നെ. കൃഷ്ണേട്ടന്റെയും എന്റെയും പേരെന്റ്സ് ഇല്ല. ഏട്ടൻ ഒരാളേയുള്ളു. എനിക്ക് ഒരു ചേച്ചി ഉണ്ട്. അവർ ദുബായിലാണ്. വർഷത്തിൽ ഒരിക്കൽ വരും “

വിമലയ്ക്ക് വീണയുടെ സംസാരം ഇഷ്ടമായി

“മൂത്ത മകൾ ക്ലാസ്സിൽ പോയോ?”

“അതേ..”

“ഡോക്ടർ ആണ്?”

“അതേ..”

“മൂത്ത കുട്ടി നിൽക്കുമ്പോ ഇളയ ആളെ ചോദിക്കുന്നത് ഔചിത്യമല്ല എന്ന് അറിയാം. പക്ഷെ ഒന്ന് പറഞ്ഞു വെയ്ക്കണം എന്നുണ്ട്. ചന്തു ഒരു യുദ്ധം തന്നെ നടത്തി അച്ഛനോട്.”

അവർ ഒന്ന് നിർത്തി

“പിന്നെ കണ്ടു കഴിഞ്ഞു വലിയ ഇഷ്ടമായിട്ടുണ്ട്. കാണിക്കില്ല ആള്. പക്ഷെ നല്ല ഇഷ്ടം ഉണ്ട്. ചന്തുവിന് ഇനി വെയിറ്റ് ചെയ്യാൻ വയ്യ എന്നൊക്കെ മീരയോട് പറയുന്നുണ്ടായിരുന്നു.. എനിക്ക് അത് എങ്ങനെ ചോദിക്കണമെന്ന് പോലും അറിഞ്ഞൂടാ. ശ്രീയെ ഞങ്ങൾക്ക് തരാമോ?”

വീണയുടെ കണ്ണ് നിറഞ്ഞു തുളുമ്പി

അവർ ഒരു ചിരി കൊണ്ട് അത് മറച്ചു

“ഇപ്പൊ ഉടനെ വേണമെന്ന് അല്ല. അടുത്ത അവധിക്ക് മതി. ഒരു മോതിരം മാറൽ പോലെ എന്തെങ്കിലും നടത്താൻ പറ്റുമോ? രാജേട്ടൻ വരും സംസാരിക്കും. എന്നാലും ഞാൻ അത് പറയണ്ടേ? എന്റെ മോന് അത്ര ഇഷ്ടമാണ് ശ്രീക്കുട്ടിയേ..”

അവർ അൽപനേരം അനങ്ങാതെ ഇരുന്നു

“അവൻ കുഞ്ഞിലേ മുതലേ ഒന്നിനും ആഗ്രഹിച്ചിട്ടില്ല വീണാ. ഒരു നിർബന്ധവും ഇല്ല. വാശിയുമില്ല. ഭക്ഷണത്തിനു പോലും. ആദ്യമായിട്ടാ ഞങ്ങളോടൊക്ക ഇങ്ങനെ… കണ്ടു കഴിഞ്ഞു ഞങ്ങൾക്കും മനസിലായി. എന്ത് കൊണ്ടാണ് വാശി കാണിക്കുന്നത് എന്ന്.”

“ചന്തുവിനെ ആദ്യം കാണുമ്പോൾ ആ കുട്ടി ഇത്രയും വലിയ ഒരു പോസ്റ്റിൽ ഒക്കെ ഉള്ള ആളാണെന്ന് അറിയില്ല. മോൾക്കും അറിയില്ല.കൂട്ടായ്. ചന്തു ഇഷ്ടം ആണെന്ന് പറഞ്ഞു ന്ന് ശ്രീ പറഞ്ഞു. പക്ഷെ അപ്പോഴും അവൾക്ക് അറിയില്ല ആള് ഇതാണ് എന്ന് അറിഞ്ഞപ്പോൾ എല്ലാം ഡ്രോപ്പ് ചെയ്യാം എന്നൊക്കെ പറഞ്ഞുത്രേ. പിന്നെ എപ്പോഴാ പരസ്പരം ഇഷ്ടം ആയി. ഇഷ്ടം ആയി കഴിഞ്ഞാൽ പിന്നെ അവരെ പിടിച്ചു നിർത്തുക ബുദ്ധിമുട്ട് ആണ്. കൂടെ പോകാനേ പറ്റു വരും വരായ്കകൾ പറഞ്ഞു കൊടുത്തു കൊണ്ട്.. ഞാൻ ശ്രമിച്ചു. പക്ഷെ എന്റെ മോൾക്കിപ്പോ ചന്തുവിനെ ഒത്തിരി ഇഷ്ടമാണ്. ചന്തുവിന് തിരിച്ചും. പക്ഷെ എനിക്ക് അറിയാം രണ്ടു വീട് രണ്ടു സംസ്കാരം.. അതാണ് പിന്നെ ഞാൻ..”
വീണ പറഞ്ഞു

വളരെ മര്യാദയുള്ള വാക്കുകൾ ആയിരുന്നു അത്. സെൻസിബിൾ ആയത്. അപ്പോഴേക്കും മീരയും ശ്രീയും വന്നു

“ഒരു മണി കഴിഞ്ഞു. വിളമ്പട്ടേ അമ്മേ “

“ആയിക്കോട്ടെ “

കുത്തരി ചോറും പുഴ മീൻ കറിയും നല്ല കോമ്പിനേഷൻ ആയിരുന്നു

“കപ്പ ഞങ്ങളുടെ പറമ്പിൽ ഉണ്ടായതാ.. എങ്ങനെ ഉണ്ട്. മീനും കപ്പയും ഞാൻ ഉണ്ടാക്കിയതാ. ഇത് ചന്തുവേട്ടന് വലിയ ഇഷ്ടാ “

പറഞ്ഞതും അവൾ നാക്ക് കടിച്ചു

“അല്ല ചന്തുവേട്ടന് ഞാൻ പൊതിച്ചോറ് കൊണ്ട് കൊടുത്തിട്ടുണ്ട്. അപ്പൊ പറഞ്ഞതാ “

അവള് ഒരു ചമ്മിയ ചിരി പാസ്സാക്കി

“അമ്മ ഇത് നോക്കു കുറച്ച്. വാഴക്കൂമ്പ് തോരനാ..”

ഓരോന്നും വിളമ്പി കൊടുത്ത് അവൾ അരികിൽ നിന്നു

“മോള് കഴിക്കുന്നില്ലേ?”

“പ്രാക്ടീസ് ഉണ്ട്. കഴിച്ചാ ശരിയാവില്ല. കുറച്ചു കഴിഞ്ഞു കഴിക്കും “

ഭക്ഷണം കഴിഞ്ഞു അവർ പോകാൻ ഇറങ്ങി

ശ്രീ അടുത്ത് വന്ന് ഒരു പൊതി കൊടുത്തു

“അങ്കിളിന്.. ഒരു പൊതിച്ചോറ് ആണ്.. ഇഷ്ടവില്ലായിരിക്കും. എന്നാലും കൊടുക്കണം. ഞാൻ തന്നതാണെന്ന് പറയണം “

ആ നിമിഷം വിമലയുടെ കണ്ണ് നിറഞ്ഞൊഴുകി. അവർ അവളെ ചേർത്ത് പിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു

“ഗോഡ് ബ്ലെസ് “

ആ തലയിൽ കൈ വെച്ച് പറഞ്ഞു. പിന്നെ തിരിഞ്ഞു കാറിൽ കയറി

തുടരും…