ധ്വനി, അധ്യായം 59 – എഴുത്ത്: അമ്മു സന്തോഷ്

ഇനിയൊന്നും ചെയ്യാനില്ല എന്ന് പറഞ്ഞത് കൊണ്ട് നന്ദനയെ ഹോസ്പിറ്റലിൽ നിന്നു വീട്ടിലേക്ക് കൊണ്ട് വന്നു

വീട്ടിലെ ഏറ്റവും വലിയ മുറി തന്നെ അവൾക്കായി ഒരുക്കി. നന്ദനയ്ക്ക് ഉള്ളിൽ ബോധം ഉണ്ടായിരുന്നു. സംസാരിക്കാൻ വയ്യ. ചലിക്കാനും. അവൾ അങ്ങനെ കിടന്നു

ഒരു ഹോം നഴ്സ് ഉണ്ട് ഇരുപത്തി നാലു മണിക്കൂറും. പിന്നെ അമ്മ

ഇടക്ക് ശ്രീ വരും. നന്ദനയുടെ കൈകൾ പിടിച്ചു കുറച്ചു നേരം ഇരിക്കും. കുഞ്ഞിലേ ഉള്ള കാര്യങ്ങൾ ഒക്കെ പറയും. പരസ്പരം സ്നേഹം മാത്രം ഉണ്ടായിരുന്ന കുട്ടിക്കാലം.

പിന്നെ എപ്പോഴോ അനിയത്തി പരിഹസിക്കാൻ മാത്രം ഉള്ള ഒന്നായ്. പിന്നെ അത് പ്രണയിച്ച പുരുഷനെ തട്ടിയെടുത്തവളോടുള്ള പകയായി വൈരാഗ്യം ആയി. ഒടുവിൽ കൊ- ന്നു കളയാൻ ഉള്ള തീരുമാനം ആയി

മുന്നിൽ വന്നവരെ മുഴുവൻ വെട്ടി നിരത്തിയായിരുന്നു മുന്നോട്ടു പോയിട്ടുള്ളത്

ആലിയ…

അവൾ ഇപ്പൊ എവിടെ ആയിരിക്കും. നന്ദന ഓരോന്ന് ഓർത്തു കിടക്കും

രാത്രി ഉറക്കം ഇല്ല. ഓർമ്മകൾ, ചെയ്ത പാതകങ്ങളുടെ ഓർമ്മകൾ. അവളങ്ങനെ കണ്ണീർ ഒഴുക്കി കിടക്കും

സിവിൽ സർവീസ് പരീക്ഷയുടെ റിസൾട്ട്‌ വരുമ്പോൾ അവൾ റൂമിലെ ടീവി നോക്കി കിടക്കുകയായിരുന്നു

“സിവിൽ സർവീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ആദ്യത്തെ പത്തു റാങ്കിൽ  എട്ടും മലയാളികൾക്ക് “

പിന്നെ പേരുകൾ എഴുതി കാണിക്കുന്നു. അവൾ കണ്ണടച്ച് അത് കേട്ട് കിടന്നു

“ആറാം റാങ്ക് ശ്രീലക്ഷ്മി കൃഷ്ണകുമാർ “

അവൾ പെട്ടെന്ന് കണ്ണ് തുറന്നു. അവൾ ടീവിയിൽ നോക്കി. ഫോട്ടോ ഇല്ല പേര് മാത്രം. ന്യൂസ്‌ തുടരുകയാണ്

“ശ്രീലക്ഷ്മി കൃഷ്ണകുമാറിനൊരു പ്രത്യേകത ഉണ്ട്.ഇന്ത്യയിൽ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഐ എ എസ് ജേതാവായ പെൺകുട്ടിയാണ് ശ്രീലക്ഷ്മി. ഇരുപത്തിയൊന്നു വയസ്സ് മാത്രം പ്രായമുള്ള ശ്രീലക്ഷ്മി ആദ്യത്തെ സംരംഭത്തിൽ തന്നെ ഉജ്ജ്വല വിജയം നേടിയിരിക്കുകയാണ്.തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടർ വിവേക് സുബ്രഹ്മണ്യത്തിന്റെ ഭാര്യയാണ് ശ്രീലക്ഷ്മി കൃഷ്ണകുമാർ “

നന്ദന നടുക്കത്തോടെ അത് കേട്ട് കിടന്നു

അവൾ എഴുതിയോ..എപ്പോ? ആരും പറഞ്ഞില്ലല്ലോ

നന്ദന കണ്ണുകൾ ഇറുക്കി അടച്ചു. ചെന്നിയിലൂടെ കണ്ണീർ ഒഴുകി കൊണ്ട് ഇരുന്നു

“സാറെ മോൾക്ക് ഐ എ എസ് കിട്ടിയിട്ട് ഒരു വാക്ക് പറഞ്ഞില്ലല്ലോ.”

കൃഷ്ണകുമാറിന്റെ കാബിനിലേക്ക് സ്റ്റാഫ് ഇടിച്ചു കയറി. അയാൾക്ക് ആദ്യമവരത് എന്താ പറയുന്നത് എന്ന് മനസിലായില്ല. പിന്നെ മൊബൈലിൽ ന്യൂസ്‌ കാണിച്ചു കൊടുത്തു

അയാൾ അന്തം വിട്ടു അത് നോക്കിയിരുന്നുഇതെപ്പോ

ആരും പറഞ്ഞില്ല. ശ്രീക്കുട്ടി ഇതേപ്പോ എഴുതി

ഈശ്വര!

അയാൾ വീണയെ വിളിച്ചു. വീണയുടെ ഫോൺ ബിസി. ആൾക്കാർ അവളെയും വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അറിഞ്ഞില്ല എന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല

പുറത്ത് കാർ വന്നു നിൽക്കുന്നത് കേട്ട് അവർ ഓടി വന്നു

ശ്രീക്കുട്ടി.

അവർ അവളെ ഇറുകെ പുണർന്നു ഉമ്മ വേച്ചു. ശ്രീ ആ കാലുകൾ തൊട്ട് തൊഴുതു

“എന്നാലും പൊന്ന് പറഞ്ഞില്ലല്ലോ “

“എങ്ങാനും കിട്ടിയില്ലെങ്കിൽ എല്ലാവരും കളിയാക്കും അമ്മേ. അമ്മ ഉൾപ്പെടെ. ഡിഗ്രി ക്ക് ഞാൻ ജയിക്കുമോ എന്ന് ചോദിച്ച കക്ഷിയാ അമ്മ. എന്തെങ്കിലും കിട്ടിയ ധൈര്യം ആയിട്ട് പറയാമല്ലോ. വീട്ടിൽ ഇരുന്ന ചാനെൽ കാർ വരും. ഞാൻ അമ്മേ ഒന്ന് കണ്ടിട്ട് ചന്തുവേട്ടന്റെ ഓഫീസിൽ പോവാ. നാളെ കാശ്മീർ പോകും ഏട്ടന്റെ അച്ഛന്റെയും അമ്മയുടെയും അടുത്ത് “

അവർ അവളെ ചേർത്ത് പിടിച്ചു

“എന്റെ കുഞ്ഞ് ഇത്രയും മിടുക്കിയാണെന്ന് അമ്മ അറിഞ്ഞില്ല ” അവൾ മന്ദഹസിച്ചു

“ഭൂമിയിൽ ഒരാൾ മാത്രം ആണ് ശ്രീയെ മനസിലാക്കിയത് ” അവൾ താലിയിൽ തൊട്ടു

“ഈ ആൾക്ക് മാത്രമേ വിശ്വാസം ഉണ്ടായിരുന്നുള്ളു..” വീണയുടെ കണ്ണ് നിറഞ്ഞു തുളുമ്പി

“അച്ഛൻ വന്നിട്ട് രാത്രി വരാം കേട്ടോ. പോവാ “

അവൾ ഇറങ്ങാൻ ഭാവിച്ചു

“മോളെ ചേച്ചിയേ കാണുന്നില്ലേ?”

“ഇന്ന് വേണ്ട. അത് ചേച്ചിക്ക് വിഷമം ആകും. ഞാൻ revenge എടുത്തത് പോലെ തോന്നും. കുറച്ചു ദിവസം കഴിഞ്ഞു വരാം “

അവൾ പടികൾ ഇറങ്ങി പോയി. വീണ മുറിയിൽ ചെല്ലുമ്പോൾ നന്ദന ജനാലയിലൂടെ പുറത്ത് നോക്കി കിടപ്പുണ്ട്

ശ്രീക്കുട്ടി പോകുന്നത് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് വീണ കണ്ടു

അവർ അവളുടെ അരികിൽ ഇരുന്നു

ശ്രീ എന്താ വരാഞ്ഞത് എന്ന് കണ്ണ് കൊണ്ട് അവൾ ചോദിച്ചു

നിനക്ക് വിഷമം ആവുമെന്ന് കരുതിയാണെന്ന് വീണ പറഞ്ഞു

ഇല്ല എന്ന് നന്ദന തലയാട്ടി

പിന്നെ എത്തി എത്തി അവൾ പോകുന്നത് നോക്കി കിടന്നു

ശ്രീ നേരേ അവന്റെ ഓഫീസിൽ പോയി. വൻപിച്ച സ്വീകരണം തന്നെ അവർ ഒരുക്കിയിരുന്നു. ചന്തു നേർത്ത ചിരിയോടെ അവളെ നോക്കിക്കൊണ്ട് നിന്നു

അവന്റെ ഹൃദയം ആനന്ദത്തിൽ നിറഞ്ഞിരുന്നു. തന്റെ പെണ്ണ് മിടുമിടുക്കിയാണെന്ന് ലോകം അറിഞ്ഞ ദിവസം ആണിന്ന്

പരിഹസിച്ചവർക്ക്, നിന്ദിച്ചവർക്ക് ഒക്കെ ഉള്ള മറുപടി

ആരെയും അളക്കാനുള്ള scale ദൈവം നമുക്ക് തന്നിട്ടില്ല എന്ന് ഓരോ മനുഷ്യനും തിരിച്ചറിയേണ്ടതാണ്

എപ്പോഴാണ് വില ഇല്ല എന്ന് കരുതുന്ന ഒരു മുത്ത് വൈഡൂര്യം ആകുന്നതെന്ന് ദൈവത്തിന് മാത്രം അറിയാം. ചാനലുകൾ അറിഞ്ഞു കേട്ട് ഓഫീസിൽ എത്തി

ഇന്റർവ്യൂ ഒന്നും വേണ്ട എന്ന് എത്ര പറഞ്ഞിട്ടും വിലപോയില്ല

ചന്തു കണ്ണ് കാണിച്ചു

“ഇത് പ്രതീക്ഷിച്ചിരുന്നുവോ?”

ശ്രീ ഒന്ന് നോക്കി

“അല്ല ഈ വിജയം പ്രതീക്ഷിച്ചിരുന്നോ?”

“ജയിക്കും എന്ന് ഉറപ്പായിരുന്നു. റാങ്ക് പ്രതീക്ഷിച്ചില്ല “

അവൾ നേർത്ത ചിരിയോടെ പറഞ്ഞു

“എങ്ങനെ ആയിരുന്നു പഠന രീതികൾ?”

“ഇരുപത് മണിക്കൂർ പഠിക്കുമായിരുന്നു. ഒരു വർഷത്തോളം അങ്ങനെ തന്നെ പഠിച്ചു കൊണ്ട് ഇരുന്നു.”

മാധ്യമ പ്രവർത്തകർ അമ്പരന്ന് പോയി

“സാധാരണ ആൾക്കാർ ഇത്രയും പഠിക്കാറില്ല എന്നാണ് പറഞ്ഞു കെട്ടിട്ടുള്ളത് “

“അത് ശരിയാകും. അവർ നേരത്തെ തന്നെ ആ ലക്ഷ്യമുള്ളവരാ. അവർ നന്നായി പഠിക്കുന്നവരും ബുദ്ധിമതികളും ആവും. ഞാൻ അങ്ങനെ ആയിരുന്നില്ല. ആവറേജ് ആയി പഠിച്ചു വന്ന ഒരാൾ. ജസ്റ്റ്‌ പാസ്സ് മാർക്ക്‌ മാത്രം വാങ്ങി ജയിച്ചു വന്ന ഒരാൾ. അപ്പൊ ഞാൻ ഹാർഡ് വർക്ക്‌ ചെയ്യണം “

“ഭർത്താവ് കളക്ടർ ആയത് കൊണ്ട് അദ്ദേഹം പ്രേരിപ്പിച്ചത് ആയിരുന്നോ?”

അവൾ ദൂരെ നിൽക്കുന്ന അവനെ നോക്കി

“ഞാൻ ഞാൻ ആയി ജീവിച്ച മതി എന്ന് പറഞ്ഞ ഒരേയൊരാൾ എന്റെ ചന്തുവേട്ടനാണ്. എനിക്ക് കുറച്ചു പൊതു ജനസേവനത്തിന്റെ അസ്കിത ഉണ്ട്. അപ്പൊ ഒരിക്കൽ ഏട്ടൻ എന്നോട് പറഞ്ഞു ഈ മനസ്സിന്റെ കൂടെ പവർ കൂടിയുണ്ടെങ്കിലോ. നമുക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പറ്റും എന്ന്. ആ ഒറ്റ വാചകത്തിലാണ് ഞാൻ തീരുമാനിച്ചത്. എനിക്കിത് പ്രെസ്ടിജിനു വേണ്ടിയോ സ്റ്റാറ്റസ് ന് വേണ്ടിയോ അല്ല. എനിക്ക് പബ്ലിക് സർവീസ് ഇഷ്ടമാണ് അത് കൊണ്ട് പഠിച്ചതാണ് അങ്ങനെ ഒരു സർവീസ് ന്റെ ഇടയിലാണ് എനിക്ക് എന്റെ ഭർത്താവിനെയും കിട്ടിയത്.”

ചന്തു ചിരിച്ചു പോയി

പഴയ ശ്രീ. ആ കുസൃതിക്കാരി

അവനവളെ കോരിയെടുത്തു എങ്ങോട്ടെങ്കിലും ഓടി പോകാൻ തോന്നി

തുടരും…