നിന്നെയും കാത്ത്, ഭാഗം 44 – എഴുത്ത്: മിത്ര വിന്ദ

മേലേക്കാവില് പൂരത്തിനു എന്നും പോകാല്ലോ, അത് ഏതായാലും നന്നായി..അമ്മയാണ് പറയുന്നേ..

മ്മ്… പെണ്ണിന് പീരിയഡ് ആയെന്ന് തോന്നുന്നു.. അതാണ് ഈ സംസാര വിഷയം..

ആദ്യം മനസിലായില്ല എങ്കിലും പിന്നീട് ഭദ്രന് കാര്യം പിടി കിട്ടി.

അമ്മേ……

ഒന്നും അറിയാത്ത പോലെ അവൻ അമ്മയെ വിളിച്ചു കൊണ്ട് അവിടെക്ക് കയറി ചെന്നു.

ഒരു കുപ്പിഗ്ലാസിൽ കട്ടൻ കാപ്പി കുടിച്ചു കൊണ്ട് ഇരിക്കുന്ന നന്ദന യേ അവൻ ഒന്ന് ഒളിക്കണ്ണൽ നോക്കി.

എന്റെ ഏട്ടാ, ഇന്നലെ ഏട്ടനെ കാണാഞ്ഞിട്ട് ഇവിടെ എന്തൊക്ക പുകിലായിരുന്നു. ഭക്ഷണം വേണ്ട, വെള്ളം വേണ്ട, കുളിയ്ക്കാനും നാമം ചൊല്ലാനും ഒക്കെ ഭയങ്കര മടി ആയിരുന്നു ഒരാൾക്ക്… ഇനി ഇങ്ങനെ ഇട്ടിട്ട് പോകല്ലേ, ചങ്ക് പൊട്ടി ചത്തു പോകും നമ്മുടെ ഏടത്തിയമ്മ…

അമ്മു കളിയാക്കിയതും നന്ദനയുടെ മുഖം ഒക്കെ അങ്ങട് ചുവന്നു തുടുത്തു.

എന്നാൽ മറുപടി ഒന്നും പറയാതെ കൊണ്ട് ഭദ്രൻ അമ്മ കൊടുത്ത കട്ടൻ കാപ്പിയും മേടിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി തിണ്ണയിലേക്ക് നടന്നു..

ഇവള് മനുഷ്യനെ നാറ്റിയ്ക്കും, മുറിയിലോട്ട് വാടി, വെച്ചിട്ടുണ്ട് കേട്ടോ .

ഭദ്രൻ ഉള്ളാലെ പറഞ്ഞുകൊണ്ട് ചൂട് കാപ്പി ഊതി കുടിച്ചു.

അനുജത്തിമാരുടെ ഒപ്പം തന്നെ അവനും കാലത്തെ കവലയിലേക്ക് പോകാൻ തയ്യാറായി.

നീ ഇത് എങ്ങോട്ടാ ഭദ്രാ….

കവലയ്ക്ക് പോകുവാ അമ്മേ..എന്തേലും മേടിക്കാൻ ഉണ്ടോ…..

ആടിന് ഇത്തിരി തീറ്റ മേടിയ്ക്ക്, വേറൊന്നും വേണ്ട… ആഹ് പിന്നെ, ഇന്ന് സൂസമ്മ എന്നെ വിളിച്ചു, അവിടെ വരെ ഒന്ന് ചെല്ലാൻ പറഞ്ഞു.. നീ പോയിട്ട് പെട്ടന്ന് വന്നേക്കണം”

“മ്മ്….”

ഒന്ന് നീട്ടി മൂളിയ ശേഷം അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത്.

“ഹ്മ്മ്… ഓമനിച്ചു വളർത്തി കൊണ്ട് വന്ന താടിയാ.. കിടക്കുന്ന കിടപ്പ് കണ്ടില്ലേ, എന്നാലും എന്റെ ഭദ്രേട്ടാ, എനിക്ക് ഇപ്പോളും സംശയം ആണ്, ആ ചേച്ചി പറഞ്ഞിട്ട് അല്ലേ ഇത് മുഴുവനും വെട്ടി ഒതുക്കിയത്.”

ബാർബർ ഷോപ്പിലെ പയ്യൻ പിന്നെയും അവനെ നോക്കി ചോദിച്ചു.

മറുപടിയായി അവനെ ഒന്നൂടെ കനത്തിൽ നോക്കിയ ശേഷം ഭദ്രൻ കസേരയിൽ നിന്നും ഇറങ്ങി.

ഇതാ പറയുന്നേ ഏത് ചട്ടമ്പിയുടെയും നടു വളയ്ക്കാൻ ഒരു പെണ്ണ് മതിഎന്ന് അല്ലേടാ ഭദ്രാ..

തൊട്ടടുത്ത മുറുക്കാൻ കടയിലെ, കണാരേട്ടന്റെ വകയാണ് അടുത്ത കമന്റ്.

ഹൊ.. ഒറ്റ രാത്രി കൊണ്ട് ഇവളെന്നെ കീശയിൽ ആക്കിയ മട്ടാ…

ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു വേഗം തന്നെ അവൻ വീട്ടിലേക്ക് ഒടിച്ചു പോയി.

ഇട വഴി കടന്നു കുറുക്കിന് കയറി വരുന്ന അമ്മയെ അവൻ അകലെ നിന്നും കണ്ടു.

ഹെൽമെറ്റ്‌ വെച്ചത് കൊണ്ട് രാധമ്മയ്ക്ക് പെട്ടന്ന് മകന്റെ മാറ്റം തിരിച്ചു അറിയാൻ കഴിഞ്ഞില്ല.

മകനെ കൈ വീശി കാണിച്ചുകൊണ്ട് അവർ വേഗത്തിൽ നടന്നു.

തിരികെ വീട്ടിൽ എത്തിയപ്പോൾ കണ്ടു കുളി കഴിഞ്ഞു തലമുടി തോർത്തി കൊണ്ട് തന്ങ്ങളുടെ മുറിയുടെ വാതിൽക്കൽ നിൽക്കുന്ന നന്ദനയേ.

ഹ്മ്മ്.. ചാലും തോടും കാണിക്കുന്ന ചുരിദാറേ ഒള്ളു ഇവൾക്ക്.. മേടിച്ചു കൊടുത്താലും ഇടില്ലെന്ന് വെച്ചാൽ.

പിറു പിറുത്തു കൊണ്ട് അവൻ ബൈക്കിൽ നിന്നും ഇറങ്ങി.

മുറിയിലേക്ക് കയറി വന്നതും കണ്ടു തന്നെ നോക്കി ചിരിയോടെ വരുന്നവളെ.

ഭദ്രേട്ടാ….സൂപ്പർ ആയിട്ടുണ്ട് കെട്ടോ,ദേ ഈ കണ്ണാടിയിലേക്ക് ഒന്ന് നോക്കിയേ, എന്തൊരു ഐശ്വര്യം ആണെന്ന്…

നന്ദ പറഞ്ഞതും അവൻ അതൊന്നും കേൾക്കാത്ത ഭാവത്തിൽ ഷർട്ട്‌ ഊരി മാറ്റി അഴയിലേയ്ക്ക് ഇട്ടു.

നി ഇന്നലെ എന്തായിരുന്നു ഇവിടെ പ്രശ്നം ഉണ്ടക്കിയത്, അമ്മയും, കുട്ടികളുമൊക്കെ ഓരോന്ന് പറയുന്നുണ്ടല്ലോ.

“ഒന്നുമില്ല ഭദ്രേട്ടാ, എനിക്ക് ഇന്നലെ വിശപ്പ് തോന്നിയില്ല, ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ പോയില്ലന്നെ… അതുകൊണ്ടാ..”

“അതെന്താ തോന്നാഞ്ഞത്,നിനക്ക് മാത്രമായിട്ട്…”

അവൻ ചോദിച്ചതും നന്ദ ഒന്നും മിണ്ടാതെ നിന്നു.

ടി.. ചോദിച്ച കേട്ടില്ലേ നീയ്..

“ഭദ്രേട്ടൻ ഇല്ലാഞ്ഞിട്ട് എനിക്ക് ആകെ ഒരു സങ്കടം ആയിരുന്നു,,സത്യം പറഞ്ഞാല് ഞാൻ ഇന്നലെ രാത്രി കുറെ കരഞ്ഞു, ഏട്ടൻ ഒന്ന് എത്താൻ വേണ്ടി എന്ത്‌ മാത്രം പ്രാർത്ഥിച്ചു ന്ന് കണ്ണനും എനിക്കും മാത്രം അറിയൂ….രാത്രി ആകും തോറും നെഞ്ചിലൊരു ഭാരം തിങ്ങി വരും പോലെ ആയിരുന്നു ഏട്ടാ..

പെണ്ണ് ആണെങ്കിൽ ഒരുപാട് വർത്താനം പറയുന്നുണ്ട് എങ്കിലും ഭദ്രൻ അതൊന്നു കേട്ടതായി പോലും ഭാവിച്ചില്ല.

ആ ഇരുപ്പ് കണ്ടതും നന്ദനയ്ക്ക് ദേഷ്യം തോന്നി.

“നിങ്ങൾക്ക് എന്നോട് ഒരല്പം എങ്കിലും സ്നേഹം ഉണ്ടോ ഭദ്രേട്ടാ… ഇരിക്കുന്ന ഇരുപ്പ് കണ്ടില്ലേ, ഒരൊറ്റ ഒരെണ്ണം വെച്ച് തരാൻ ആണ് തോന്നുന്നേ..

മനസാലെ പറഞ്ഞു കൊണ്ട് അവൾ ഭദ്രനെ ഒന്നൂടെ നോക്കി. തന്റെ ഫോണിൽ എന്തോ ഫോട്ടോ തിരഞ്ഞു കൊണ്ട് ഇരിക്കുന്നവനെ കണ്ടതും അവൾ ദേഷ്യത്തോടെ അരികിലേക്ക് ചെന്ന് അത് മേടിച്ചു.

ടി.. അതിങ്ങോട്ട് തന്നെ…

അല്പം ബലമായി തന്നെ അവൻ ഫോണ് അവളുടെ കൈയിൽ നിന്ന് മേടിക്കുവാൻ ശ്രെമിച്ചു.

“ഹാ ഇപ്പൊ തരാന്നേ, ഒരു ഫോട്ടോ എടുക്കട്ടെ,”

പറഞ്ഞു കൊണ്ട് അവൾ ക്യാമറ ഓൺ ചെയ്തു ഭദ്രന്റെ നേർക്ക് തിരിഞ്ഞു.

ഒന്ന് ചിരിച്ചേ, നോക്കട്ടെ കൊള്ളാമോന്നു…

എവിടുന്ന്… നമ്മുടെ കഥനായകൻ ഉണ്ടോ ചിരിയ്ക്കുന്നത് …. അവൻ അങ്ങനെ മസിലുപിടിച്ചു നിന്നു.

തുരു തുരന്നു നന്ദന ഫോട്ടോ എടുത്തു കൂട്ടി..

മതി നിർത്തുന്നുണ്ടോ,

ഭദ്രൻ ഒച്ച വെച്ചതും അവള് ചുണ്ട് കൂർപ്പിച്ചു ഒന്ന് നോക്കി. എന്നിട്ട് അവന്റെ അടുത്തേക്ക് വന്നു.

ഒരു സെൽഫി എടുത്തെ ഏട്ടാ, നമ്മടെ ഒരൊറ്റ ഫോട്ടോ പോലും ഇല്ലാലോ ഇതില്..

ഫോൺ കൈമാറി കൊണ്ട് അവൾ പറഞ്ഞു എങ്കിലും ഭദ്രൻ ഫോട്ടോ എടുക്കാൻ ഒന്നും തുനിഞ്ഞില്ല..

പ്ലീസ് ഭദ്രേട്ടാ, ഒന്ന് എടുത്തേ..

കെഞ്ചി കൊണ്ട് ഒരുത്തി പിന്നാലെ നടന്നു. അവൻ പക്ഷെ എടുത്തില്ല..

ഭദ്രേട്ടാ പ്ലീസ്….

അവസാന ശ്രെമം എന്ന വണ്ണം നന്ദന വിളിച്ചു എങ്കിലും ഭദ്രൻ മുറി വിട്ട് ഇറങ്ങി പോയി. നെഞ്ചിലാരോ കാരമുള്ളിട്ട് വലിയ്ക്കും പോലെ ആണ് അവൾക്ക് അപ്പോൾ തോന്നിയത്.

എന്നെ ഇഷ്ടം അല്ലാത്ത കൊണ്ട് ആണ് ഇറങ്ങി പോയത്… എനിക്ക് അറിയാം..

പെണ്ണിന്റെ മിഴികൾ അപ്പോളേക്കും നിറഞ്ഞു കവിഞ്ഞു..

“കുറച്ചു മീൻ മേടിച്ചുകൊണ്ട് വന്നിട്ടിണ്ട്, നിനക്ക് അത് വല്ലതും പെരുമാറ്റൻ അറിയാമോ “

ഇടയ്ക്ക് അവളെ കാണാതെ വന്നപ്പോൾ മുറിയിലേക്ക് വന്നത് ആണ് ഭദ്രൻ.

മ്മ്… വന്നോളാം..

അലക്ഷ്യമായി പറഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റു

“എന്ത് പറ്റി, മുഖത്ത് കടന്നല് കുത്തിയ പോലെ    “

കാര്യം മനസിലായി എങ്കിലും ഭദ്രൻ വെറുതെ നന്ദനയേ നോക്കി തിരക്കി.

മറുപടി ഒന്നും പറയാതെ കൊണ്ട് അവൾ അടുക്കളയിലേക്ക് പോകാൻ ഇറങ്ങിയതും ഭദ്രൻ അവളുടെ വലം കൈയിൽ കയറി പിടിച്ചു.

“എന്ത് പറ്റിന്ന്… ചോദിച്ചേ കേട്ടില്ലേ നീയ് “

“എന്റെ കൈന്നു വിട്ടേ,,,”

“അതല്ലല്ലോ ഞാൻ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം…”

“ആഹ് തത്കാലം എനിക്ക് ഇപ്പൊ പറയാൻ മനസില്ല…അങ്ങട് മാറുന്നുണ്ടോ “

പെണ്ണിന്റെ ശബ്ദം ഒക്കെ അല്പം ഗൗരവത്തിൽ ആയി.

“മാറാൻ ഇപ്പൊ മനസില്ല… നിനക്ക് എന്താ പറ്റിയേന്ന് പറഞ്ഞിട്ട്പോയാൽ മതി.”

അവനും അതെ പോലെ ഗൗരവം പൂണ്ടു.

“ഞാൻ ഒരു അധികപ്പറ്റാണോ ഭദ്രേട്ടാ…അതുകൊണ്ട് ആണോ എന്നെ ഒഴിവാക്കാൻ ശ്രെക്കുന്നെ…”

ചോദിച്ചതും പെണ്ണ് വാവിട്ടു കരഞ്ഞു.

“തുടരും…

വായിച്ചിട്ട് ഒരു വരി… പ്ലീസ്..