ദേവർഷിന്റെ വാക്കുകളിൽ ഭാര്യയോടുള്ള സ്നേഹം പ്രകടമാകവേ ഒരു വേള ദേവർഷ് നെ പോലെയുള്ള പങ്കാളിയെ ആഗ്രഹിച്ചു പോയി ശ്രുതി…

_upscale

ദേവയാനം…

Story written by Reshja Akhilesh

==============

“നിങ്ങളാരെയാ പ്രതീഷേട്ടാ നോക്കണേ. വല്ല പെൺപിള്ളേരേം വായ് നോക്കുവാണോ…”

“ഒന്ന് പോടീ അവിടന്ന്. ഞാൻ ഗൗരിയെ നോക്കിയതാ. വീണയും ഗൗരിയും ക്ലാസ്സ്‌മേറ്റ്സ് ആയിരുന്നല്ലോ. അപ്പൊ മോൾടെ ബേഡേ ഫങ്ങ്ഷന്  ഗൗരി എന്തായാലും വരാതിരിക്കില്ല.”

“ഏഹ് ഗൗരി? ഗൗരി ഏടത്തി എന്ന് വിളിച്ചോണ്ടിരുന്ന പ്രതീഷേട്ടൻ ഇപ്പൊ ഗൗരി എന്നാക്കിയോ!”

“അത് പണ്ടല്ലേ. ഇപ്പോ അവർക്കു നമ്മുടെ കുടുംബവുമായി യാതൊരു ബന്ധവുമില്ല. എന്നെക്കാൾ ഇളയതല്ലേ പിന്നെ ബഹുമാനം കാണിക്കണോ.”

“ഓ അങ്ങനെ. അവർ വന്നിട്ടെന്തിനാ. ഇത്രേം വലിയ ഫങ്ങ്ഷന് അവരെ ഇൻവൈറ്റ് ചെയ്യാൻ ചാൻസ് ഇല്ല. വന്നാലും ഏതെങ്കിലും കോർണറിൽ ജാമ്പവാന്റെ കാലത്തുള്ള ചുരിദാറും ഇട്ട് ഇരിപ്പുണ്ടാകും. “

പുച്ഛത്തോടെ പറഞ്ഞു ശ്രുതിയും പ്രതീഷും ഒന്നിച്ചു ചിരിച്ചു.

പ്രതീഷിന്റെ ഇളയച്ഛന്റെ മകനായ ജീവന്റെ മകളുടെ ഒന്നാം ജന്മദിനാഘോഷത്തിനു വന്നിരിക്കയാണ് പ്രതീഷും ഭാര്യ ശ്രുതിയും. പിങ്ക് കളർ തീമിൽ ബലൂണുകളാലും തോരണങ്ങളാലും അണിയിച്ചൊരുക്കിയ ആ വലിയ  ഹാളിൽ  അതിഥികൾ  നിറഞ്ഞു. കുഞ്ഞു പാവയെപ്പോലെ സുന്ദരിയായ പിറന്നാൾകാരിയ്ക്ക് ഓരോരുത്തരും വലുതും ചെറുതുമായ സമ്മാനങ്ങൾ നൽകി. അല്പനേരത്തിനു ശേഷം കേക്ക്  മുറിച്ചു. ബന്ധുക്കളും പരിചയക്കാരും വിശേഷങ്ങൾ പങ്കു വെച്ചും പാനീയങ്ങൾ നുകർന്നും നിന്നു.

“ഞാൻ പറഞ്ഞില്ലേ പ്രതീഷേട്ടാ അവര് വരില്ലാന്ന്. നമ്മളെയെല്ലാം ഫേസ് ചെയ്യാനുള്ള മടി ഉണ്ടാകും.”

“ആ ശരിയാ..അവരെ കണ്ടാൽ കുറച്ചു പറയണം എന്നുണ്ടായിരുന്നു. എന്റെ ഏട്ടനെ ഡിവോഴ്സ് ചെയ്ത് അഹങ്കാരം കാണിച്ചു പോയതല്ലേ. എന്നിട്ടെന്തു നേടിയെന്ന് മുഖത്ത് നോക്കി ചോദിക്കണമായിരുന്നു.”

“ജസ്റ്റ്‌ ലീവിറ്റ് പ്രതീഷേട്ടാ…നമുക്ക് ഇനിയും ചാൻസ് കിട്ടും.”

“ശ്രുതി…ദേ നോക്കിയേ ആ ബ്ലൂ ഷേർട്ട്  ഇട്ട ആളെ കണ്ടോ അയാൾ നമ്മുടെ കോഫി ഷോപ്പിൽ സ്ഥിരം കസ്റ്റമർ ആണ്. ദേവർഷ്. ഹൈ ക്ലാസ്സ്‌ ആണ്.
ഹി ഈസ്‌ എ കൂൾ മാൻ. നമുക്ക് ഒന്നു പോയി സംസാരിക്കാം. കം.”

“ഗുഡീവെനിംഗ് സർ “

“ഹൈ പ്രതീഷ്, താനെന്താ ഇവിടെ. ഇതാരാ വൈഫ്‌ ആണോ “

“ബേഡേ ഗേൾ എന്റെ ഇളയച്ഛന്റെ പേരക്കുട്ടിയാണ് സർ. ഇത്‌ ശ്രുതി എന്റെ വൈഫ് ആണ്.”

“ആഹാ. എന്റെ ചെറുപ്പത്തിലേ കളി ക്കൂട്ടുകാരിയാണ് വീണ. അനിയത്തി കുട്ടിയെ പോലെയാണ്. അവളുടെ പാറു മോൾടെ ഫങ്ക്ഷന് വന്നില്ലെങ്കിൽ അവളെന്നെ കൊ ല്ലും. ലേറ്റ് ആയിപ്പോയി വരാൻ അതിന് അവൾടെന്ന് വയറു നിറച്ചും കേട്ടു “

“ഓഹ്. സർ  ഒറ്റയ്ക്കാണോ വന്നത്.”

“ഏയ് അല്ല. വൈഫ് ഉണ്ട്. അവൾ പിറന്നാൾകാരിയെ എടുത്തോണ്ട് നടന്നിരുന്നു. ഞാൻ ഫോണിൽ ഒന്നു വിളിച്ചു നോക്കട്ടെ.” പാന്റ്സിൽ നിന്നും ഫോണെടുത്തു ദേവർഷ്  കിച്ചു എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പർ ഡയൽ ചെയ്തു.

“ഹെല്ലോ കിച്ചു. നീയിതെവിടെയാ…ഇങ്ങോട്ടൊന്നു വന്നേ…ഞാൻ ഫ്രന്റ്‌ ഏരിയയിൽ ഉണ്ട്‌ “

പുഞ്ചിരിച്ചു കൊണ്ട് ഫോണിൽ സംസാരിച്ച ശേഷം പ്രതീഷിനും ശ്രുതിയ്ക്കും നേരെ തിരിഞ്ഞു.

“ഇപ്പൊ വരും കേട്ടോ. കുട്ട്യോളെ ജീവനാ അവൾക് അതാ പാറൂനെ തന്നെ ചുറ്റിപ്പറ്റി നിൽക്കണേ “

“അപ്പൊ സാറിന് കുട്ട്യോളൊന്നും ആയില്ലേ.”

“ഏയ്യ്,വീ ആർ ജസ്റ്റ്‌ മാരീഡ്. ആറു മാസം ആകുന്നേയുള്ളു. പിന്നെ എന്റെ വൈഫ്നു കുറച്ചു ആഗ്രഹങ്ങൾ ഉണ്ട്‌ അതെല്ലാം സാധിച്ചു കൊടുത്ത ശേഷം ആയിരിക്കും ഒരു കുഞ്ഞു ഞങ്ങളുടെ ജീവിതത്തിലേക്കു വരേണ്ടത്. “

“വൗ. ഇറ്റ്സ് ഗ്രേറ്റ്. യുവർ വൈഫ്‌ ഈസ്‌ സോ ലക്കി ” പ്രതീഷ് മറുപടി പറയുമ്പോൾ ശ്രുതിയുടെ കണ്ണുകളിൽ അപരിചിതയായ ദേവർഷിന്റെ ഭാര്യയോടുള്ള അസൂയ നിഴലിക്കുന്നത് ശ്രദ്ധിച്ചില്ല. സമ്പന്നനും സുന്ദരനുമായ ദേവർഷിന്റെ വാക്കുകളിൽ ഭാര്യയോടുള്ള സ്നേഹം പ്രകടമാകവേ ഒരു വേള ദേവർഷ് നെ പോലെയുള്ള പങ്കാളിയെ ആഗ്രഹിച്ചു പോയി ശ്രുതി.

“ദേവേട്ടാ…ദേ നോക്കിയേ പാറുക്കുട്ടി വല്ല്യേ ആളായിട്ടോ…എന്താ ഗമാ കാന്താരിയ്ക് ” പ്രതീക്ഷിന്റെയും ശ്രുതിയുടെയും പുറകിൽ നിന്നും പാറുമോളെയും ഒക്കത്തെടുത്തു വെച്ച് ദേവന്റെ കിച്ചു നടന്നു വന്നു. അവളുടെ സംസാരം കേട്ട് പ്രതീഷും ശ്രുതിയും തിരിഞ്ഞു നോക്കി.

സ്ലീവ്ലെസ്സ് ഡാർക്ക്‌ ബ്ലൂ കളർ ബ്ലൗസും വൈറ്റ് കളർ സാരിയും കഴുത്തിൽ  തിളങ്ങുന്ന വജ്രം പതിച്ച നെക്ലൈസും ആയി അതീവ സുന്ദരിയായി വരുന്ന ദേവർഷിന്റെ ഭാര്യയെ കണ്ട് ഇരുവരും  അറിയാതെ വായ് തുറന്നു പോയി.

“ഗൗരി ഏടത്തി ” പ്രതീഷ് അറിയാതെ ഉരുവിട്ടു.

ഒന്നര വർഷം മുൻപേയാണ് അവസാനമായി ഇരുവരും ഗൗരിയെ കാണുന്നത്. പ്രതീഷിന്റെ ഏട്ടൻ കലേഷുമായുള്ള വിവാഹം മോചനത്തിന്റെ ദിവസം…

കിച്ചു എന്ന് ഗൗരിയെ ദേവർഷ് വിളിക്കുന്നതിന്റെ പുറകിൽ എന്താണെന്ന് പ്രതീഷിന് മനസ്സിലായതേ ഇല്ല. അഞ്ചു വർഷങ്ങൾക്കു മുൻപ് തന്നേക്കാൾ രണ്ടു വയസ്സിനു മുതിർന്ന ഏട്ടൻ കലേഷ് ഗൗരി കൃഷ്ണ എന്ന ഗൗരിയെ വിവാഹം കഴിച്ചു കൊണ്ടു വരുമ്പോഴും അറിയുമായിരുന്നിരിക്കില്ല ഗൗരിയിലെ കിച്ചുവിനെ. വീട്ടിലെ ചെല്ലപ്പേരും കുട്ടിത്തവും എല്ലാം ഉപേക്ഷിച്ചു കൊണ്ടാണല്ലോ ഗൗരിയായി മറ്റൊരു വീട്ടിലേയ്ക് കാലെടുത്തു വെച്ചത്. അവളിലെ അവളെ ആരും തേടിയതുമില്ല.

ഭർത്താവിനും വീട്ടുകാർക്കും വെച്ചു വിളമ്പിയും വീട്ടുവേലകൾ ചെയ്തും സ്നേഹിച്ചും സഹിച്ചും ഭർത്താവിനെ തൃപ്തിപ്പെടുത്തിയും അവൾ ഭാര്യയുടെയും മരുമകളുടെയും ഏടത്തിയുടെയും സ്ഥാനം ഭംഗിയായി നിർവഹിച്ചു.

യഥാർത്ഥത്തിൽ ഗൗരി ആഗ്രഹിച്ച ജീവിതവും കലേഷ് അവൾക് നൽകിയ ജീവിതവും രണ്ടും രണ്ടായിരുന്നു. വേലക്കാരിയ്ക്ക് ശമ്പളം ആണെകിൽ അവൾക് വർഷത്തിൽ മുന്നോ നാലോ തവണ പുതിയ വസ്ത്രങ്ങൾ. അതു മാത്രം ആയിരുന്നു വ്യത്യാസം. തന്റെ ജീവിതം ഏറ്റവും താഴെ തട്ടിലാണെന്ന് മനസ്സിലാക്കാൻ ഭർത്താവിന്റെ അനിയന്റെ വിവാഹം വേണ്ടി വന്നു. അതു വരെയും സംതൃപ്ത ആയിരുന്നില്ല എങ്കിൽ കൂടിയും പിന്നീട് ഉള്ള അനുഭവങ്ങൾ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്നത് ആയിരുന്നു.

“ശ്രുതി…എന്നെയൊന്നു വന്നു അടുക്കളയിൽ സഹായിക്കാമോ…എപ്പോഴും ഫോണിൽ തന്നെ ഇരിക്കല്ലേ… ” പണിയെടുത്ത് ക്ഷീണിച്ച ഒരു  വിശേഷദിവസം ഗൗരി ശ്രുതിയോട് പറഞ്ഞു.

“അയ്യടാ…എനിക്ക് അടുക്കളയിൽ ചെയ്യാൻ ഒന്നും അറിയില്ല. മാത്രമല്ല എന്നെ ഇത്രേം സ്ത്രീധനം തന്നു കെട്ടിച്ചയച്ചത് ഇവിടെ അടുക്കളയിൽ കിടക്കാനല്ല. എനിക്കു മാസം ശമ്പളം കിട്ടുന്ന ജോലിയുണ്ട്.”

“ഞാനും പഠിച്ചോണ്ടിരിക്കുമ്പോഴാ കല്ല്യാണം കഴിച്ചത്. ഇവിടുള്ളോർ പഠിപ്പ് മുഴുവപ്പിക്കാൻ സമ്മതിച്ചില്ല അല്ലെങ്കിൽ എനിക്കും ജോലി ആവുമായിരുന്നു. പിന്നെ പണിയെടുക്കാൻ വയ്യെങ്കിൽ കഴിക്കാനും വരണ്ട കേട്ടല്ലോ.”  സ്വതവേ സമാധാനപ്രിയയായ ഗൗരി അന്ന് ഒരിത്തിരി ദേഷ്യപ്പെട്ടു.

അന്ന് മുതൽ കണ്ണിലെ കരട് പോലെയാണ് ഭർത്താവുൾപ്പടെ എല്ലാവർക്കും അവൾ. ഭർത്താവിന്റെയും വീട്ടുകാരുടെയും താല്പര്യമനുസരിച്ചു മാത്രം പ്രവർത്തിക്കേണ്ടവരാണല്ലോ പാവപ്പെട്ട വീട്ടിലെ പെൺകുട്ടികൾ…ജോലി ഇല്ല. പഠിപ്പില്ല. പണമില്ല. പിന്നെന്തു വില? ഭാര്യയുടെ ഇഷ്ട്ടാനിഷ്ടങ്ങൾ പോലും അറിയാത്ത ഭർത്താവിന് അവളുടെ വേദനയും അറിയില്ലായിരുന്നു.

അവളുടെ കണ്ണുനീർ അവളിലൂടെ വീട്ടുകാരിലേക്കും പടർന്നതോടെ  വിവാഹമോചനത്തിന് ഇരു കൂട്ടരും ഒരുപോലെ സമ്മതിച്ചു. ആൺ തുണയില്ലെങ്കിലും വ്യക്തിത്വം അടിയറവു വെയ്ക്കാതെ ജീവിക്കാമെന്നു ഗൗരിയും പഠിപ്പും ജോലിയും പണവുമുള്ളൊരുവളെ കണ്ടെത്താമെന്ന് കലേഷും സ്വപ്നം കണ്ടു.

“കിച്ചൂ…നീയെന്താ ഇങ്ങനെ മിഴിച്ചു നോക്കുന്നെ “

ദേവർഷിന്റെ ശബ്ദം കേട്ടാണ് ശ്രുതിയും പ്രതീഷും ഗൗരിയിൽ നിന്നും കണ്ണെടുത്തത്. എന്നും എപ്പോഴും യാതൊരു ചിന്തയുമില്ലാതെ കലേഷിന്റെ ഇഷ്ട്ടനുസൃതമുള്ള വസ്ത്രം മാത്രം ധരിച്ചു, എപ്പോഴും മുഷിഞ്ഞ വേഷവുമായി ക്ഷീണിച്ചു കാണാറുള്ള ഗൗരി തന്നെയാണോ ഇതെന്ന് ഇരുവരും അത്ഭുതപ്പെട്ടു. നീണ്ടു കറുത്ത മുടിയിഴകൾ കളർ ചെയ്തു കേൾ ചെയ്തു മനോഹരമാക്കിയിരിക്കുന്നു. അടിമുടി മാറിയിട്ടുണ്ട്!

“അത് ദേവേട്ടാ ഇവർ…” മടിച്ചു മടിച്ച് ഗൗരി ഇരുവരെയും ദേവർഷിനെ പരിചപ്പെടുത്തി.

“കിച്ചു പറഞ്ഞിരുന്നു ഇയാളുടെ എക്സ് ഹസ്ബൻന്റെ റിലേറ്റീവ്സ് ആണെന്ന്. നിങ്ങളെ അറിയില്ലായിരുന്നു.”

“സാറിനു എങ്ങനെ കിട്ടി ഇവരെ. ശരിക്കും അന്വേഷിച്ചാണോ വിവാഹം നടന്നത്.?” പ്രതീഷിന്റെ പരിഹാസം നിറഞ്ഞ സ്വരം.

“ഏയ്‌ മിസ്റ്റർ മര്യാദക്ക് സംസാരിക്കണം. ഗൗരിയെക്കുറിച്ച് എല്ലാം എനിക്കറിയാം. ഞാനും എന്റെ കിച്ചുവും തമ്മിൽ പത്തു വയസ്സിന്റെ വ്യത്യാസം ഉണ്ട്‌. എന്നു വെച്ചാൽ ഇവളെക്കാൾ പക്വത എനിക്ക് ഉണ്ടെന്നർത്ഥം. പണമുണ്ടാക്കാൻ നടന്നപ്പോ വിവാഹം സൗകര്യപൂർവ്വം മറന്നു കളഞ്ഞതാന്ന്. പിന്നെ വീണയാണ് എനിക്കിവളെ തന്നത്. നിങ്ങളുടെ വീട്ടിൽ ഇവൾ എങ്ങനെ ആയിരുന്നു എന്നും എനിക്കറിയാം. ഇപ്പോൾ നിങ്ങളിൽ ഒരു ഞെട്ടൽ ഞാൻ ശ്രദ്ധിച്ചു. നിങ്ങൾ പണ്ട് കണ്ട ഗൗരി അല്ല ഇന്നു കണ്ടത് അല്ലേ….

നോക്ക് പ്രതീഷ്…നിങ്ങളുടെ ഏട്ടനല്ല ഞാൻ. എന്നെപ്പോലെ തന്നെ ഒരു മനുഷ്യ ജന്മമാണ് എന്റെ ഭാര്യ എന്ന് എനിക്കു പൂർണ ബോധ്യമുണ്ട്. എന്റെ കിച്ചു എന്തായിരിക്കാൻ എങ്ങനെ ആയിരിക്കാൻ ആഗ്രഹിക്കുന്നുവോ അതിന് പിന്തുണച്ചു ഞാനുമുണ്ടാകും. ഇവളെ കുറേ പരിഹസിക്കുകയും പുച്ഛിച്ചു തള്ളുകയും ചെയ്ത എല്ലാവർക്കു മുൻപിലും ഞാൻ ഇവളെ കൊണ്ടു വന്നു നിർത്തുന്നുണ്ട്…ഇപ്പോഴല്ല. അധികം വൈകാതെ…കൈവിട്ടു കളഞ്ഞ നിധിയാണ് ഗൗരിയെന്ന് എല്ലാവരും പറയും. എങ്കിലേ ഞാൻ ഒരു ഭർത്താവാകൂ…ശരിഎന്നാൽ കാണാം വീണ്ടും. വാ കിച്ചൂ പോകാം “

ഇത്രയും പറഞ്ഞു ദേവർഷ് കിച്ചുവിനെയും ചേർത്തു പിടിച്ച് നടന്നകന്നു.

കലേഷിന്റെ ഭാര്യാപദവി ഉപേക്ഷിച്ചു നിർഗുണയായി നിൽക്കുന്ന ഗൗരിയെ വീണ്ടും പുച്ഛിച്ചും പരിഹസിച്ചും കുത്തി നോവിക്കാനും ആഗ്രഹിച്ച  പ്രതീക്ഷിന്റെയും ഭാര്യയുടെയും തലയ്ക്കു പ്രഹരമേറ്റതു പോലെയായിരുന്നു ദേവർഷിന്റെ സംസാരം.

ഗൗരിയോട് ഇരുവർക്കും ഇപ്പോൾ അറിയാതെ ബഹുമാനമാണ് തോന്നുന്നത്. ഒരു ഭർത്താവ് എങ്ങനെ ഭാര്യയെ പരിപാലിക്കുന്നുവൊ അതെ ബഹുമാനം മറ്റുള്ളവരിൽ നിന്നും അവൾക്കു വന്നു ചേരുമെന്ന് അവർ മനസ്സിലാക്കി.

ഒരു മുളച്ചെടിയിൽ ചിത്രശലഭമിരിക്കുന്നതിനേക്കാൾ ഭംഗി മൃദു ദളങ്ങളോട് കൂടിയ പൂവിലിരിക്കുന്നത് തന്നെയല്ലേ…അതുപോലെയാണ് ഓരോ വിവാഹവും ചെരേണ്ടത് ചേർന്നാലേ ജീവിതം സുരഭിലവും വർണ്ണാഭവും ആകുകയുള്ളു…ദേവർഷും അവന്റെ കിച്ചുവും അത് മനസ്സിലാക്കി കഴിഞ്ഞു. അസൂയാവഹമായ അവരുടെ  സ്നേഹത്തെ ആരും കണ്ണുവെയ്ക്കാതിരിക്കട്ടെ…

(യാനം -മാർഗം /സഞ്ചാരം )

~രേഷ്ജ അഖിലേഷ്.