രാവിലെ തന്നെ ഭാര്യയും ഭർത്താവും ഒരുങ്ങി കെട്ടി വന്നത് ഇതിനാണല്ലേ. എന്നാലും ഏട്ടന് എങ്ങനെ എന്നോടിത് പറയുവാൻ തോന്നി…

മംഗല്യം

Story written by Suja Anup

==============

“മോളെ, അങ്ങോട്ട് പോകേണ്ട കേട്ടോ. കാല് തെറ്റിയാൽ തോട്ടിൽ കിടക്കും..”

എപ്പോഴും അവളുടെ പുറകെ എൻ്റെ കണ്ണുകൾ ഉണ്ട്. കല്യാണം കഴിഞ്ഞു ഒരുണ്ണിക്കാല് കാണുവാൻ എത്ര കൊതിച്ചൂ. ഉരുളി കമഴ്ത്തിയും നേർച്ചകൾ നേർന്നും ആറ്റുനോറ്റു പത്തു വർഷം കഴിഞ്ഞപ്പോൾ ഒരു മാലാഖകുട്ടിയെ കിട്ടി.

കാണുമ്പോൾ കുഴപ്പമൊന്നും തോന്നിയില്ലെങ്കിലും അവൾക്കു ബുദ്ധിവളർച്ച കുറവായിരുന്നൂ. പ്രസവ സമയത്തു പല ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നൂ. അതിൽ നിന്നും സംഭവിച്ചതാണത്രേ, ഒക്സിജൻ്റെ കുറവ് കൊണ്ട് പറ്റിയതാണ്.

എന്തിനും ഏതിനും അവൾക്കു ഞാൻ വേണം. പാവം എൻ്റെ കുട്ടി.

അവൾ വളർന്നു വരുമ്പോൾ നെഞ്ചിൽ തീയായിരുന്നൂ. എങ്ങനെ അവളെ ഓരോന്ന് പറഞ്ഞു മനസ്സിലാക്കും. ചുറ്റിലും പതിയിരിക്കുന്ന അപകടങ്ങൾ….

അദ്ദേഹത്തിന് കൃഷിയാണ്. അതുകൊണ്ടു തന്നെ വീട്ടിൽ എപ്പോഴും ആളുണ്ടാവും. അവളെ സ്കൂളിൽ വിടുന്നതും തിരിച്ചു കൊണ്ട് വരുന്നതും അദ്ദേഹമാണ്.

പത്താം ക്ലാസിൽ തോറ്റതോടെ അവളുടെ പഠനം നിറുത്തി.

***************

“ഏട്ടാ, മോൾക്ക് വയസ്സ് ഇരുപതായില്ലേ, ഒരു കല്യാണം നോക്കിയാലോ.”

“അവളെ മനസ്സിലാക്കുന്ന ഒരാൾ വേണ്ടേ. അങ്ങനെ ഒരാളെ എവിടെ കിട്ടും..?”

“നമുക്ക് ഉണ്ണിയെ കൊണ്ട് കെട്ടിച്ചാലോ, അവളുടെ മുറച്ചെറുക്കനല്ലേ. അവനാകുമ്പോൾ മോളെ മനസ്സിലാകുമല്ലോ…?”

“ശരി, എനിക്ക് പ്രതീക്ഷയൊന്നുമില്ല, എന്നാലും ഞായറാഴ്ച അവിടം വരെ ഒന്ന് പോകാം…”

“അവളെ അയല്പക്കത്തെ രമണി ചേച്ചിയെ ഏല്പിക്കാം. അവിടാകുമ്പോൾ സുകു ഉണ്ടല്ലോ. അവനും അവളെ വലിയ കാര്യമാണ്. അവർ നോക്കിക്കൊള്ളും. ഒരു രണ്ടുമൂന്നു മണിക്കൂറത്തെ കാര്യമല്ലേ ഉള്ളൂ…”

*****************

പിറ്റേന്ന് പെങ്ങളുടെ വീട്ടിൽ ചെന്നൂ..

അവളും അളിയനും കാര്യമായി തന്നെ ഭക്ഷണം ഒരുക്കി വച്ചിരുന്നൂ…

ഭക്ഷണത്തിനിടയിലാണ് സീതയ്ക്ക് കല്യാണം ആലോചിക്കുന്ന വിവരം പറഞ്ഞത്.

ഉടനെ തന്നെ നാത്തൂൻ പറഞ്ഞു..

“ഈ പൊട്ടിപെണ്ണിനെ ആര് കെട്ടുവാനാണ്. കാണുവാൻ ചന്തം മാത്രം നോക്കി ഈ കാലത്തു ആരെങ്കിലും വരുമോ..?”

പെട്ടെന്നാണ് ഏട്ടൻ ചോദിച്ചത്.

“വേറെ പയ്യൻ എന്തിനാണ്. നമ്മുടെ ഉണ്ണി പോരെ. അവനാകുമ്പോൾ എല്ലാം അറിയാമല്ലോ..”

“ആ വെള്ളം ഏട്ടൻ അങ്ങു വാങ്ങി വെച്ചേരെ, കണ്ട മന്ദബുദ്ധികളെ കെട്ടുവാനല്ല അവനെ ഞാൻ വളർത്തികൊണ്ട് വന്നിരിക്കുന്നത്..”

“രാവിലെ തന്നെ ഭാര്യയും ഭർത്താവും ഒരുങ്ങി കെട്ടി വന്നത് ഇതിനാണല്ലേ. എന്നാലും ഏട്ടന് എങ്ങനെ എന്നോടിത് പറയുവാൻ തോന്നി.”

പിന്നെയും നാത്തൂൻ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നൂ..

ഉണ്ട ചോറ് തൊണ്ടയിൽ കുടുങ്ങി. ഭക്ഷണം കഴിച്ചു കഴിച്ചില്ല എന്ന് വരുത്തി ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. മഴ പെയ്യുവാൻ തുടങ്ങിയിരുന്നൂ. കിട്ടിയ ബസിൽ കയറി വീട്ടിലേയ്ക്കു പോന്നൂ…

****************

“മോനെ സുകൂ, നല്ല മഴയുണ്ടല്ലോ..അവരെ ഇതുവരെ കണ്ടില്ല. എട്ടു മണിയാവുമ്പോഴേയ്ക്കും എത്തുമെന്ന് പറഞ്ഞതാണല്ലോ. ഇപ്പോൾ മണി പതിനൊന്ന് കഴിഞ്ഞു. “

“റോഡിൽ വല്ല മരവും വീണു കാണുമോ… “

“അവരിങ്ങോട്ടു വരും അമ്മേ, സീതയെ പിരിഞ്ഞു ഒരു രാത്രി അവർ നിൽക്കുമോ..”

പെട്ടെന്നാണ് അയൽപക്കത്തുള്ള വാസുച്ചേട്ടൻ ഓടി വന്നത്.

“സുകു, നീ ഒന്നു വേഗം വാ..”

മഴ കാരണം ചാനലൊന്നും കിട്ടുന്നുണ്ടായിരുന്നില്ല. സിഡി ഇട്ടു ഒരു പടം കാണുന്നതിനിടയിലാണ് കരണ്ടു പോയത്. ആ സമയത്താണ് വാസുച്ചേട്ടൻ്റെ വരവ്.

റോഡിലിറങ്ങിയപ്പോൾ കണ്ടൂ…

സീതയുടെ വീടിനടുത്തായി ആൾക്കൂട്ടം. നോക്കുമ്പോൾ അവളുടെ അച്ഛനും അമ്മയും മരിച്ചു കിടക്കുന്നൂ. വീട്ടിലേയ്ക്കു കയറുവാൻ ശ്രമിക്കുമ്പോൾ ഇലക്ട്രിക്ക് കമ്പി പൊട്ടികിടക്കുന്നത് അവർ കണ്ടു കാണില്ല. എപ്പോഴാണ് മരണം നടന്നെതെന്നു പോലും ആർക്കും അറിയില്ല.

കാറ്റും മഴയും കാരണം എല്ലാവരും വീടിനകത്തു തന്നെ ചുരുണ്ടു കൂടിയിരുന്നൂ. പോലീസെത്തി.

സീതയെ ഒന്നും അറിയിച്ചില്ല……..

പിറ്റേന്ന് ശവശരീരം വന്നപ്പോഴാണ് അവളെ അറിയിച്ചത്.

അച്ഛൻ്റെയും അമ്മയുടെയും ശരീരം കെട്ടിപിടിച്ചു കരയുന്ന അവളെ നോക്കി ഒരുപാടാളുകൾ സഹതപിക്കുന്നുണ്ടായിരുന്നൂ.

അവളെ ആശ്വസിപ്പിക്കുവാൻ ആർക്കും ആവുമായിരുന്നില്ല. അവളെ അച്ഛനമ്മമാർ സ്നേഹിച്ചത് പോലെ ഈ ലോകത്തു ആരും മക്കളെ സ്നേഹിച്ചു കാണില്ല.

ചടങ്ങുകൾ കഴിഞ്ഞു എല്ലാവരും പോയി. ആകെയുള്ള ബന്ധുക്കൾ അച്ഛൻ പെങ്ങളും  കുടുംബവും ആണ്. ഒരു മാസം അവർ കൂടെ നിന്നൂ. അവർ പോയപ്പോൾ കൂടെ സീതയെ കൊണ്ട് പോയി…

*****************

സീത പോയതിൽ പിന്നെ അമ്മയ്ക്ക് നല്ല വിഷമം ആയിരുന്നൂ.

“എൻ്റെ സുകു, നമുക്ക് അവളെ പോയി ഒന്ന് കണ്ടാലോ. അവൾക്കു എന്തെങ്കിലും വിഷമം ഉണ്ടെങ്കിലോ..”

“ഈ അമ്മയുടെ ഒരു കാര്യം..”

അവിടെ എത്തുന്നതുവരെ മനസ്സിൽ ഒരു വിങ്ങൽ ആയിരുന്നൂ..

അമ്മയെ കണ്ടതും സീത ഓടി വന്നു കെട്ടി പിടിച്ചൂ.

സീതയുടെ അമ്മായി ഞങ്ങളെ അകത്തേയ്ക്കു വിളിചൂ. അവൾക്കു അവിടെ ഒരു കുറവും ഉണ്ടായിരുന്നില്ല.

നിറകണ്ണുകളോടെ അമ്മായി പറഞ്ഞു.

ആങ്ങള മരിക്കും മുൻപേ ഇവിടെ വന്നു ഒന്നേ ആവശ്യപ്പെട്ടുള്ളു.

“എൻ്റെ മകനെ കൊണ്ട് സീതയെ കല്യാണം കഴിപ്പിക്കണം. എന്നിട്ടും ഏട്ടനെ വിഷമിപ്പിച്ചു അയച്ചു ഞാൻ.”

“എൻ്റെ ഉണ്ണിയുടെ എല്ലാ പിറന്നാളുകൾക്കും കൈ നിറയെ സമ്മാനങ്ങളുമായി വരുന്ന അമ്മാവനെ അവനോർമ്മയുണ്ട്. ഒരു പിറന്നാളിനു പോലും സീതയ്ക്ക് പക്ഷേ ഞാൻ ഒന്നും വാങ്ങി കൊടുത്തിട്ടില്ല…”

ഉണ്ണിയാണ് എന്നോട് പറഞ്ഞത്…

“അമ്മാവൻ വേറെ എവിടെ പോയി ഈ കാര്യം പറയും അമ്മേ, നമ്മളല്ലാതെ അവൾക്കു ആരുണ്ട്. ഇനി ഞാൻ ഏതു പെൺകുട്ടിയെ കെട്ടിയാലും മനസ്സിൽ ഒരു കുറ്റബോധം നിൽക്കും. നാളെ എനിക്കൊരു കുട്ടി ജനിക്കുമ്പോൾ അതിനിതു പോലെ ആയാൽ നമ്മൾ അവളെ കൈ വിടുമോ. എനിക്ക് സീതയെ വിവാഹം കഴിക്കുവാൻ സമ്മതമാണ്.”

“എൻ്റെ പഠിപ്പിന് വേണ്ടി അമ്മാവൻ എത്രയോ പണം ചിലവാക്കി. ഒരിക്കലെങ്കിലും ഇവിടെ വന്നു കണക്കു പറഞ്ഞിട്ടുണ്ടോ..”

“പഠിക്കുവാനുള്ള ഇത്തിരി ബുദ്ധിക്കുറവല്ലേ അവൾക്കുള്ളൂ. അവളെ പോലെ മറ്റുള്ളവരെ സ്നേഹിക്കുവാൻ വേറെ ആർക്കു കഴിയും…”

“ആണ്ടു കഴിഞ്ഞാൽ ഉണ്ണി അവളെ വിവാഹം കഴിക്കും. അവൾക്കു ഈ വീട്ടിൽ ഒരു കുറവും ഉണ്ടാവില്ല. എൻ്റെ മകൻ അവളെ പൊന്നു പോലെ നോക്കും.”

അത് കേട്ടതും അമ്മയുടെ കണ്ണുകൾ നിറഞ്ഞു…..

…………..സുജ അനൂപ്