ഈ കഥയിലെ നായിക ഈ ഭൂമിയിൽ എനിക്കൊപ്പം തന്നെ പിറന്നു വീഴുകയായിരുന്നു അപ്പോൾ…

കള്ളനും പോലീസും…

Story written by Sai Bro

===============

ഇതൊരു ചെറ്യേ പ്രണയകഥ ആണ്…..

ഈ പോസ്റ്റ്‌ വായിച്ച് ഇഷ്ടായാൽ താഴേ ഇൻബോക്സിൽ ഒന്ന് കയ്യടിച്ചേക്കണം സൂർത്തുക്കളെ….

ചറപറാ മഴപെയ്യുന്ന  തുലാവർഷ രാത്രിയിൽ ഒരു പവർകട്ട്‌ സമയത്താണ് എന്റെ ജനനം…

തൊട്ടടുത്ത നിമിഷം കറന്റ്‌ വരുകയും എന്റെ വീടിന് തൊടുത്തുള്ള വീട്ടിലെ അമ്മിണി ചേച്ചിയുടെ നിലവിളി ഉയരുകയും ചെയ്തു…

അതെ, ഈ കഥയിലെ നായിക ഈ ഭൂമിയിൽ എനിക്കൊപ്പം തന്നെ പിറന്നു വീഴുകയായിരുന്നു അപ്പോൾ…

ഞാൻ ബാലനും അവൾ ഇന്ദുവും…

ഒരേസമയത് തൊട്ടടുത്ത വീടുകളിൽ ജനനം…

പിറന്നുവീണത് പവർകട്ട്‌ സമയത്ത് ആയതുകൊണ്ടാകാം ഞാൻ കറുത്ത് കരുവാളിച്ചു കരുമാടിക്കുട്ടൻ ആയത്..

അതേസമയം തൊട്ടപ്പുറത്തെ വീട്ടിൽ എനിക്കൊപ്പം പിറന്നുവീണ ഇന്ദു പാലപ്പൂ നിറമുള്ള വെളുത്തു തുടുത്ത ഒരു സുന്ദരി ആയിരുന്നു…

എന്റെ പല്ലുകൾ ആനക്കൊമ്പുപോലെ ചുണ്ടിന് പുറത്തേക്ക് തള്ളിനിന്നപ്പോൾ ഇന്ദുവിന്റെ പല്ലുകൾ വടിവൊത്തു നിരതെറ്റാത്തതും ആകർഷണീയവും ആയിരുന്നു..

ഇന്ദു സ്കൂളിൽ പോയിത്തുടങ്ങിയപ്പോൾ ഞാൻ വീടിന് ചുറ്റുമുള്ള പുരയിടങ്ങളിലെ (ഇന്ദുവിന്റെ ഉൾപ്പെടെ ) കശുവണ്ടി, ജാതികുരു,  കുരുമുളക്, അടക്ക  തുടങ്ങിയ നാണ്യവിളകൾ ശേഖരിച്ചു നാണയമാക്കാനുള്ള ബദ്ധപ്പാടിലായിരുന്നു….

സ്കൂളിൽ എല്ലാത്തിനും ഒന്നാമതായ ഇന്ദുവിനെ നാട്ടുകാരും കൂട്ടുകാരും മിടുക്കി എന്ന് വിളിച്ചപ്പോൾ, നാട്ടിലെ ചെറുകിട മോഷണങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ച എന്നെ നാട്ടുകാരും കൂട്ടുകാരും കള്ളൻ എന്ന് വിശേഷിപ്പിച്ചു..

ഇന്ദു പഠിച്ചു പോലീസ് ആകാൻ ആഗ്രഹിച്ചപ്പോൾ ഞാൻ ഈ ലോകം മുഴുവനും അറിയുന്ന ഒരു മുഴുത്ത കള്ളനാകാൻ ആഗ്രഹിച്ചു…

അതിനിടയിൽ എപ്പോഴോ അത് സംഭവിച്ചു….

അതെ ഇന്ദുവിനോട് എനിക്ക് കടുത്ത പ്രണയം….

വെറും പ്രണയമല്ല,

മുടിഞ്ഞ, അസ്ഥിക്കുപിടിച്ച, ആത്മാർത്ഥ, ദിവ്യ പ്രണയം…

നാട്ടിലെ കവുങ്ങുകളിൽ മുഴുവനും ഇന്ദുവിനോടുള്ള  പ്രണയം ഞാൻ കോറിയിട്ടു…

അങ്ങനെ ആ സംഭവം നാട്ടിൽ പാട്ടായി….

കള്ളൻ ബാലന്റെ കാമുകി ആയി ഇന്ദു…

ഇ സംഭവങ്ങൾ നടക്കുമ്പോഴും നമ്മുടെ നായിക ഇന്ദു ഇതൊന്നും ശ്രദ്ധിക്കുന്നതെ ഇല്ലായിരുന്നു.

പഠിത്തത്തിൽ മാത്രമായിരുന്നു അവളുടെ ശ്രദ്ധ…

കാലങ്ങൾ കടന്നുപോയി, ഇന്ദു ആഗ്രഹിച്ചത് സംഭവിച്ചു…അവൾ പോലീസ് ആയി..

അതും ഞങ്ങളുടെ ഗ്രാമത്തിലെ പോലീസ് സ്റ്റേഷനിൽ കോൺസ്റ്റബിൾ ആയിട്ട് തന്നെ ആദ്യത്തെ നിയമനം….

അപോഴെക്കും ഞാൻ നാട്ടിലെ പേരെടുത്ത കള്ളനായി മാറിക്കഴിഞ്ഞിരുന്നു…എന്റെ ജോലിയുടെ സ്വഭാവം കൊണ്ട് ഞാനും ഇന്ദുവും ഒരൂസം  നേർക്കുനേർ കണ്ടുമുട്ടി…

പ്രണയം പൂത്ത കണ്ണുകളോടെ, കൊന്ത്രപല്ലുകൾ മറച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ട് ഞാനവളെ നോക്കി ചിരിച്ചപ്പോൾ കയ്യിലെ ലാത്തിയും ചുഴറ്റി ഇന്ദു എന്റെ സമീപം വന്നു..

പണ്ട് കൂട്ടുകാർക്കിടയിൽ ഒളിച്ചുകളിക്കുമ്പോൾ ഒരൂസം ഞാനും ഇന്ദുവും ഒരു വാക്കോൽകൂനക്ക് മറവിൽ ഒരുമിച്ചു ഒളിച്ചിരുന്നിട്ടുണ്ട്…

അതിനു ശേഷം ഇപ്പോഴാണ് അവൾ എന്റെഅടുത്തു വരുന്നത്…ആ ഉഷ്ണകാലത്തും ഞാനൊന്നു കുളിർത്തു…

കള്ളൻ ബാലന്റെ പ്രണയം എവിടംവരെ എത്തി.. ??

നാട്ടിലെ കവുങ്ങുകളിൽ മുഴുവനും നിനക്കൊപ്പം നീ എന്റെപേര് എഴുതിയിട്ടത് ഞാനറിഞ്ഞിരുന്നു..

കാലങ്ങൾക്ക് ശേഷമുള്ള എന്റെ പ്രണയിനിയുടെ ആ ചോദ്യം കേട്ട് ഞാനൊന്നു പരുങ്ങി..

കള്ളന് പോലീസ്‌കാരിയോട് പ്രേമം, സംഗതി ജോറായിട്ടുണ്ട്..

അതും പറഞ്ഞു ഇന്ദുവും സ്റ്റേഷനിലെ മറ്റു പോലീസ് ഏമാന്മാരും പൊട്ടിച്ചിരിക്കുമ്പോൾ അവർക്ക് നടുവിൽ തലതാഴ്ത്തി ഞാൻ നിന്നു…

ആ സംഭവത്തിന് ശേഷം എന്റെ കാര്യം പരുങ്ങലിലായി.

ഇന്ദു ഒരുതരം വൈരാഗ്യബുദ്ധിയോടുകൂടിയാണ് എന്നോട് പെരുമാറുന്നത്..

നാട്ടിലെ എവിടെ കളവ് നടന്നാലും ഇന്ദുവും ഏമാന്മാരും എന്നെത്തപ്പി ഇറങ്ങും….

അങ്ങിനെ പിടികിട്ടാത്ത എല്ലാ മോഷണങ്ങളുടെയും ഉത്തരവാദിത്യം നൈസ് ആയിട്ട് എന്റെ തലയിൽ കെട്ടിവെച്ചു തന്നു ഇന്ദു..

കള്ളന്റെ വാക്കിന് എവിടെയും വിലയില്ലാത്തതുകൊണ്ട് എല്ലാം ഞാൻ സ്വയം ഏറ്റെടുത്തു…

ജാമ്യം കിട്ടി കോടതിവരാന്തയിലൂടെ നടക്കുമ്പോൾ എതിരെ വന്ന ഇന്ദുന്ടെ മുഖത്തെ പുച്ഛം കണ്ട്‌ ഞാനൊന്ന് പുഞ്ചിരിച്ചു.

അല്ലെങ്കിലും അവളെ  കണ്ടാൽ എനിക്ക് ചിരിക്കാനേ അറിയുമായിരുന്നുള്ളു….

അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി ഒരു സംഭവം നടന്നു….

അതായിരുന്നു എന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ്‌…

ഒരൂസം വൈകീട്ട് ചാലക്കുടി പുഴയുടെ കുറുകെയുള്ള പാലത്തിനു മുകളിൽ ആൾക്കൂട്ടവും പോലീസും കണ്ട ഞാൻ എന്താ സംഭവം എന്നറിയാൻ അങ്ങോട്ട്‌ ഓടിച്ചെന്നു…

ഏതോ ഒരുത്തി പുഴയിൽ ചാടിയെന്നു അവിടെ കൂടി നിൽകുന്നവർ പറഞ്ഞു ഞാനറിഞ്ഞു…

പുഴയുടെ ആ ഭാഗത്ത്‌ ആഴം കൂടുതലുള്ളതിനാൽ പോലീസും നാട്ടുകാരും പുഴയിലേക്കിറങ്ങുവാൻ മടിച്ചു നില്കുന്നു,

പോലീസ്‌കാരുടെ കൂട്ടത്തിൽ ഇന്ദു നിൽക്കുന്നതും ഞാൻ കണ്ടിരുന്നു…

ന്നാപ്പിന്നെ പുഴയിൽചാടിയ ആളെ ഒന്ന് കണ്ടുകളയാം എന്നുകരുതി ആൾകൂട്ടത്തിനിടയിലൂടെ തിക്കി തിരക്കി ഞാൻ പുഴയിലേക്ക് ഏന്തിവലിഞ്ഞു നോക്കി…

അതാ ഒരുത്തി പുഴയിൽ കൈകാലിട്ടടിക്കുന്നുണ്ട്. മരണവെപ്രാളം ആണെന്ന് തോനുന്നു….

ഇതിനിടയിൽ പിറകിൽ നിന്നിരുന്ന ഏതോ ഒരു കാലമാടൻ എന്നെയൊന്നു തള്ളി…

കൈവരിയിലെ പിടിവിട്ട് ഞാനതാ പുഴയിലേക്ക്….

പുഴ വെള്ളത്തിൽ ഒന്ന് മുങ്ങിപൊങ്ങിയപ്പോൾ അതാ  രണ്ട് കൈകൾ എന്നെ മുറുക്കെ പിടിച്ചിരിക്കുന്നു…

പുഴയിൽ ചാടിച്ചാവാൻ തുനിഞ്ഞവൾ കാറ്റ്പുവാറായപ്പോൾ മരണവെപ്രാളം കൊണ്ട് എന്നെ ഇറുക്കി പിടിച്ചിരിക്കുന്നു….

അവളുടെ ഭാരം കാരണം എനിക്ക് നീന്താൻ കഴിയുന്നില്ല…

പണ്ടാരം, ഇവളുകാരണം ഞാനും ഈ വെള്ളത്തിൽ മുങ്ങിചാവുന്ന തോന്നണേ…

സർവ്വശക്തിയുമെടുത്തു എങ്ങിനെയോ നീന്തി കരക്കെത്തിയപ്പോൾ വിക്രമാദിത്യന്റെ ചുമലിൽ വേതാളം ഇരിക്കുന്നതുപോലെ എന്നെ ഇറുക്കിപിടിച്ചുകൊണ്ട് വെള്ളത്തിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചവൾ ഇരിപ്പുണ്ടായിരുന്നു…

ആൾക്കൂട്ടത്തിന് നടുവിൽ തളർന്നവശനായി ഇരിക്കുമ്പോൾ ആരോ പിറുപിറുക്കുന്നത് കേട്ടു…

ബാലൻ കള്ളനാണെങ്കിലും നല്ലവനാ…അതോണ്ടല്ലേ സ്വന്തം ജീവൻ പണയപ്പെടുത്തി ഒരു പെങ്കൊച്ചിന്റെ ജീവൻ രക്ഷിച്ചത്…

അതെ, കള്ളൻ ബാലൻ നല്ലവനാ….

കൂടിനിൽകുന്ന നാട്ടുകാർ ഒന്നടക്കം പറഞ്ഞു…

നിമിഷം നേരംകൊണ്ട് നല്ലവനായ ഈ കള്ളൻ ബാലൻ വീണത്‌ വിദ്യയാക്കി…..

ചാടി എണീറ്റ് ഷർട്ടിന്റെ കോളർ ഒന്ന് പിറകിലോട്ട് വലിച്ചു….

എന്നിട്ട് സിനിമ സ്റ്റെയിലിൽ ഒരു ഡയലോഗും പറഞ്ഞു….

ബാലൻ നല്ലവനാടാ…കയ്യടിക്കെടാ..

ആദ്യത്തെ കയ്യടി ഉയർന്നിടത്തേക്ക് ഒന്ന് പാളി നോക്കിയപ്പോൾ ഒന്നമ്പരന്നു..

ഇന്ദു….

നിറഞ്ഞ പാൽപുഞ്ചിരി തൂകികൊണ്ട് അവളാണ് ആദ്യം കയ്യടിച്ചത്…

പിന്നീടതൊരു കരഘോഷമായി മാറി….

അതേസമയം എന്റെ കണ്ണുകൾ ഇന്ദുവിനെ വിട്ട് മറ്റൊരാളെ തിരയുകയായിരുന്നു…

എന്നെ പിറകില്നിന്നും പുഴയിലേക്ക് തള്ളിയിട്ട ആ സാമാദ്രോഹിയേ…..