പരസ്‌പരമുള്ള സൗഹൃദസംഭാഷണങ്ങൾ ഉച്ച വരെ നീണ്ടു. ശേഷം അവന്റെ ഫാമിലിയുടെ ഫോട്ടോസ് ഓരോന്നായി വിവേക് അയച്ചു…

_upscale

Story written by Sajitha Thottanchery

================

കാലത്തേ വീട്ടിലെ അടുക്കളയിലെ തിരക്കുകളും ഓഫീസിലെ മടുപ്പിക്കുന്ന സ്ഥിരം ജോലികൾക്കും ശേഷം വൈകീട്ട് വീട്ടിലെത്തി ഒരു നേരംപോക്കിനാണ് അനാമിക സാമൂഹ്യമാധ്യമങ്ങളിൽ വെറുതെ ഒന്ന് കയറിയത്.

“ഹായ് അനു, ഓർമയുണ്ടോ?” ആരുടെയോ അക്കൗണ്ടിൽ നിന്ന് മെസ്സേജ് റിക്വസ്റ്റ് വന്നിരിക്കുന്നു.

എടുത്തു നോക്കിയപ്പോൾ വിവേക് ആണ് അത്. പക്വതയില്ലാത്ത പ്രായത്തിൽ തോന്നിയ ഒരിഷ്ടം. കല്യാണത്തോടടുത്തപ്പോൾ അവനു വീട്ടുകാരും സാമ്പത്തികവും എല്ലാം പ്രശ്നമായി. കോളേജ് ലൈഫിലെ വെറും ഒരു ഏടായി മറവിയുടെ കൂട്ടത്തിലേക്ക് ഒരല്പം സങ്കടത്തോടെ ആണെങ്കിലും വലിച്ചെറിഞ്ഞാണ് പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വച്ചത്.

“ഇങ്ങനൊക്കെ ഒരിഷ്ടം ഇല്ലാത്തോർ ആരും തന്നെ ഉണ്ടാകില്ല. അതൊക്കെ തമാശയായി കണ്ടാൽ മതി. എന്നെ തന്നെ എത്ര പേർ തേച്ചിരിക്കുന്നു.”

കല്യാണം കഴിഞ്ഞ നാളുകളിൽ എന്നോ അനൂപേട്ടനോട് പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് കിട്ടിയ മറുപടി അതായിരുന്നു. പിന്നെ അതെല്ലാം മറന്നു കൊണ്ടുള്ള ജീവിതം തന്നെ ആയിരുന്നു. അനൂപേട്ടനും രണ്ടു മക്കൾക്കും അപ്പുറത്തൊരു ലോകം സ്വപ്നത്തിൽ പോലും അനാമിക കണ്ടിട്ടില്ല.

“നീയെന്തിനു മറുപടി കൊടുക്കാതിരിക്കണം. പേടിക്കേണ്ട ആവശ്യമൊന്നും ഇല്ലല്ലോ. നല്ലൊരു സൗഹൃദമാണെങ്കിൽ നല്ല രീതിയിൽ സംസാരിക്കുന്നതിൽ എന്താണ് തെറ്റ്.” വിവേകിന്റെ മെസ്സേജ് വന്ന കാര്യം കേട്ടപ്പോൾ അനൂപിന്റെ മറുപടി അതായിരുന്നു.

എല്ലാത്തിനേക്കാളും ഉപരി അനാമികയ്ക്ക് എന്തും തുറന്നു പറയാവുന്ന നല്ലൊരു സുഹൃത്തു കൂടിയായിരുന്നു  അനൂപ്. അവൾക്ക് അത് വല്ലാത്ത അഭിമാനം തന്നെ ആയിരുന്നു. അത് കൊണ്ട് തന്നെ അവർക്കിടയിൽ ഒന്നും മറച്ചു വയ്‌ക്കേണ്ടതായി ഇല്ലായിരുന്നു.

“വിവേക് അല്ലെ, എന്താ ഓർമയുണ്ടോന്ന് ചോദിക്കുന്നെ? ഞാൻ സുഖായിരിക്കുന്നു.” പിറ്റേന്ന് കാലത്താണ് വിവേകിന് അനാമിക മറുപടി നൽകിയത്

പരസ്‌പരമുള്ള സൗഹൃദസംഭാഷണങ്ങൾ ഉച്ച വരെ നീണ്ടു. ശേഷം അവന്റെ ഫാമിലിയുടെ ഫോട്ടോസ് ഓരോന്നായി വിവേക് അയച്ചു. അനാമിക തിരിച്ചും അയച്ചു കൊടുത്തു.

വിവേകിനോട് ചേർന്ന് നിൽക്കുന്ന അവന്റെ ഭാര്യയെയും മടിയിൽ ഇരിക്കുന്ന മോനെയും കണ്ടപ്പോൾ അനാമികയ്ക്ക് നല്ല ഭംഗി തോന്നി.

“ക്യൂട്ട് ഫാമിലീ” ഫോട്ടോകൾക്ക് മറുപടിയായി അവൾ അയച്ചു.

“ഫോട്ടോയിൽ മാത്രമേയുള്ളു അനു. സത്യത്തിൽ മനസ്സ്‌കൊണ്ട് ആ അടുപ്പം ഒന്നും ഞങ്ങൾക്കിടയിൽ ഇല്ല. ഫാമിലി സ്റ്റാറ്റസ് മാത്രം നോക്കിയുള്ളൂ.” വിവേക് പറഞ്ഞു.

അതിനു അനാമിക മനഃപൂർവം മറുപടി കൊടുത്തില്ല. അല്ലെങ്കിൽ തന്നെ അവന്റെ ഫാമിലിയുടെ ഉള്ളിലെ കാര്യം തനിക്ക് അറിയേണ്ട ആവശ്യമില്ലെന്നു അവൾ മനസ്സിൽ പറഞ്ഞു.

“എനിക്ക് നിന്നെ ഇപ്പോഴും ഇഷ്ടമാണ് അനു. നിന്നെ കല്യാണം കഴിച്ചാൽ മതിയായിരുന്നെന്നു പലപ്പോഴും ആലോചിക്കാറുണ്ട്.” വിവേക് കഴിഞ്ഞ കാലത്തേക്ക് പോകാൻ തുടങ്ങി.

“അതൊക്കെ അപ്പൊ ഓർത്തില്ലലോ. ഇനിയിപ്പോൾ അത് പറഞ്ഞിട്ട് കാര്യവുമില്ല.” ഒട്ടും താല്പര്യമില്ലാത്ത പോലെ അനു മറുപടി കൊടുത്തു.

“ഒന്നും കഴിഞ്ഞിട്ടില്ലെടോ..എനിക്ക് ഇപ്പോഴും തന്നെ ഇഷ്ടാണ്. നീ ഇപ്പൊ അന്നത്തെക്കാൾ സുന്ദരിയാണ്.” വിവേക് പോകുന്നത് ശെരിയായ രീതിയിൽ അല്ലെന്നു അനുവിന് തോന്നി.

“രാത്രി നീ മെസ്സേജ് ഒന്നും അയക്കണ്ടട്ടോ. കാലത്തു ഞാൻ നിനക്ക് അങ്ങോട്ട് അയച്ചതിനു ശേഷം നീ മറുപടി തന്നാൽ മതി. അവൾ കണ്ടാൽ കുഴപ്പാണ്. നമുക്ക് ഇങ്ങനെ ആരും അറിയാതെ  പോകാടോ. നമ്മുടെ കഴിഞ്ഞ കാലത്തേ നടക്കാതെ പോയ ഇഷ്ടങ്ങൾ എല്ലാം നമുക്ക് അങ്ങനെ നടത്താടോ.” വിവേകിന്റെ മെസ്സേജസ് തുരുതുരാ വന്നു കൊണ്ടിരിക്കുകയാണ്.

ഒരു നിമിഷത്തേക്ക് അനാമിക കണ്ണ് മഞ്ഞളിച്ചു ഇരുന്നു പോയി. പലയിടത്തും പറഞ്ഞു കേട്ടിട്ടുണ്ടെന്നല്ലാതെ കല്യാണത്തിന് ശേഷം ഇങ്ങനെ ഒരു അനുഭവം അവൾക്ക് ആദ്യമാണ്.

“വിവേക് എന്താ ഉദ്ദേശിക്കുന്നെ?” അനാമിക ചോദിച്ചു.

“ഒരിക്കൽ നേടാതെ പോയ നമ്മുടെ ഇഷ്ടം. അത് ഇങ്ങനെ എങ്കിലും പൂവണിയട്ടെടോ. ഇന്നത്തെ കാലത്തു അതൊന്നും വല്യേ കാര്യമല്ല. എല്ലായിടത്തും നടക്കുന്നതാ ഇതൊക്കെ.” ഒരു ലവ് ഇമോജി കൂടെ ചേർത്ത് അവൻ പറഞ്ഞു

“എല്ലായിടത്തും നടക്കുന്ന കാര്യം എനിക്കറിയില്ല വിവേക്. എന്റെ ജീവിതം ഞാൻ ആ ഫോട്ടോയിൽ അയച്ച പോലെ തന്നെയാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്തും എന്റെ അനൂപേട്ടൻ തന്നെയാണ്. വിവേകിനോട് ഞാൻ ഇപ്പോൾ സംസാരിച്ചത് പോലും ഞാനും അനൂപേട്ടനും ഒരുമിച്ച് എടുത്ത തീരുമാനമാണ്. നല്ല രീതിയിൽ ഉള്ള സൗഹൃദമാണെങ്കിൽ തുടർന്നോളാൻ എന്നോട് പറഞ്ഞത് അനൂപേട്ടനാ. ആരുടെ മുന്നിലും ഒളിക്കേണ്ട ആവശ്യമില്ലാത്ത നല്ല ഒരു സൗഹൃദം മാത്രേ ഞാൻ ആഗ്രഹിക്കുന്നുള്ളു. പക്ഷെ നീ ഉദ്ദേശിക്കുന്നത് അതല്ലാന്നു എനിക്ക് മനസ്സിലായി. അത് കൊണ്ട് തന്നെ തുടർന്ന് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” ഇത്രയും പറഞ്ഞു  മറുപടിയ്ക്ക് കാത്തു നിൽക്കാതെ അനാമിക വിവേകിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു.

വാർത്തകളിൽ കാണുന്ന പല സംഭവങ്ങളുടെയും തുടക്കം ഇതൊക്കെ ആയിരിക്കുമെന്ന് അവൾ വെറുതെ മനസിലോർത്തു..അനൂപ് ഇത്രേം സ്നേഹമുള്ള ഒരാൾ ആയതുകൊണ്ടാണ് തനിക്ക് കഴിഞ്ഞ കാലത്തെ വീണ്ടും തിരികെ കൊണ്ട് വരാൻ ആഗ്രഹമില്ലാത്തത്. മറിച്ചായിരുന്നേൽ മനസ്സല്ലേ…ഒന്നും പറയാൻ പറ്റില്ല. അവൾ സ്വയം പറഞ്ഞു.

“ബ്ലോക്ക് ആക്കണ്ടാർന്നു. നമുക്ക് രണ്ടാൾക്കും ചേർന്ന് വെറുതെ ഒന്ന് കളിപ്പിക്കാർന്നു അവനെ.” രാത്രി കാര്യം അറിഞ്ഞപ്പോൾ ഒരു കള്ളച്ചിരിയോടെ അനൂപ് പറഞ്ഞു.

“അയ്യടാ…അങ്ങനെ തമാശയ്ക്ക് പോലും എന്റെ ജീവിതത്തിൽ ഒരുത്തൻ വേണ്ട.” അനൂപിന്റെ നെഞ്ചോട് ചേർന്ന് അനാമിക പറഞ്ഞു.

~സജിത