അങ്ങനെ ഒരു അഞ്ചാറു മാസം കഴിഞ്ഞിട്ടുണ്ടാവും..ഒരു ദിവസം രാത്രി അവന്റെ കൂട്ടുകാരന്റെ ഒരു കോൾ..

_upscale

അനന്തരം

Story written by Bindu NP

==================

ആശുപത്രിക്കിടക്കയിൽ ചലനമില്ലാതെ കിടക്കുന്ന മകനെ അയാൾ വേദനയോടെ നോക്കി..എത്ര മാസമായി അരുൺ ഈ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട്…എത്ര സ്മാർട്ട്‌ ആയിരുന്നു അവൻ….

പഠനം കഴിഞ്ഞപ്പോൾ ബാംഗ്ലൂരിൽ ജോലിക്ക് പോകണം എന്നത് അവന്റെ മാത്രം താൽപ്പര്യം ആയിരുന്നു..അവന്റെ ആഗ്രഹം പോലെ ഐ ടി മേഖലയിൽ ജോലി ശരിയായെന്നറിഞ്ഞപ്പോൾ പിന്നെ എതിർക്കാൻ നിന്നില്ല. നല്ല ശമ്പളം..കുഴപ്പമില്ലാത്ത ജോലി..ജീവിതം സുന്ദരമായി മുന്നോട്ട് പോകുന്ന കാലം.

അങ്ങനെ ഒരു അഞ്ചാറു മാസം കഴിഞ്ഞിട്ടുണ്ടാവും..ഒരു ദിവസം രാത്രി അവന്റെ കൂട്ടുകാരന്റെ ഒരു കോൾ..

“അങ്കിൾ അരുണിനൊരു ആക്‌സിഡന്റ്….ഇവിടെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്..എത്രയും പെട്ടന്ന് വരണം “

പിറ്റേന്ന് അവിടെ എത്തുമ്പോ അവൻ അത്യാഹിത വിഭാഗത്തിലാണ്..അവർ താമസിക്കുന്ന ഫ്ലാറ്റിന്റെ മുകളിലത്തെ നിലയിൽ നിന്നും താഴെ വീണതാണ്..ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ബോധം വന്നിട്ടില്ല. പിറ്റേന്ന് അവന് ബോധം വന്നു..പക്ഷേ ശരീരം അനക്കാൻ പറ്റുന്നില്ല..കുറേ ദിവസം ബാംഗ്ലൂരിലെ ഹോസ്പിറ്റലിൽ തന്നെയായിരുന്നു. പിന്നീട് നാട്ടിലേക്ക് കൊണ്ടുപോന്നു

ഇവിടെ മാസങ്ങളാവുന്നു…ഇപ്പോഴും മാറ്റം വന്നിട്ടില്ല ..

“അച്ഛാ “…

അരുൺ വിളിക്കുന്നത് കേട്ടാണ് അയാൾ ചിന്തയിൽ നിന്നുണർന്നത്..പെട്ടെന്നാണ് അയാൾ അത് ശ്രദ്ധിച്ചത്. അവന്റെ കൈ ചെറുതായി അനങ്ങിയല്ലോ….

“മോനേ “… അയാൾ സന്തോഷത്തോടെ അവനെ തലോടി..പിന്നെ സിസ്റ്ററുടെ അടുത്തേക്ക് വിവരം പറയാനായി ഓടി. വിവരം അറിഞ്ഞു ഡോക്ടർസ് വന്നു. അവരുടെ മാസങ്ങളോളം ഉള്ള പരിശ്രമത്തിന്റെ ഫലം ആയിരുന്നു അത്..

അവനെ പരിശോധിച്ച ശേഷം ഡോക്ടർമാർ പറഞ്ഞു… “ഇനി പതിയെ പതിയെ മാറ്റം വന്നുകൊള്ളും…ഇവിടെ ഇങ്ങനെ എത്ര നാൾ കിടക്കും. അതുകൊണ്ട് നാളെ വീട്ടിൽ പോകാം…ഫിസിയോ തെറാപ്പിയും മറ്റു കാര്യങ്ങളും മുടക്കാതെ ചെയ്താൽ മതി..”

അത് കേട്ടപ്പോൾ അയാൾക്ക് സന്തോഷം തോന്നിയെങ്കിലും മറ്റു കാര്യങ്ങൾ ഓർത്തപ്പോ മനസ്സ് വിങ്ങുന്നത് അയാൾ അറിഞ്ഞു.

വീട്ടിലേക്ക് പോയ ഭാര്യയെ വിളിച്ച് അയാൾ കാര്യങ്ങൾ പറഞ്ഞു.. “നീ വേഗം വരാൻ നോക്കൂ. അതുകഴിഞ്ഞു വേണം എനിക്ക് ആ ഫിനാൻസ് കമ്പനി വരേ ഒന്ന് പോകാൻ..”

ചികിത്സക്കായി പൈസ ആവശ്യം വന്നപ്പോ വീടും പറമ്പും പണയപ്പെടുത്തിയാണ് പണം തരപ്പെടുത്തിയത്…അതിപ്പോ പലിശ മുടങ്ങിയിട്ട് മാസങ്ങളായി..അതിനിത്തിരി സാവകാശം കിട്ടുമോ എന്നറിയണം..

അയാൾ ആ ഫിനാൻസ് കമ്പനിയിൽ കയറിച്ചെല്ലുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു…ആകെ ക്ഷീണിച്ച് അവിടെ കടന്നു ചെല്ലുമ്പോൾ..

“ആഹാ..ഇതാരാ കൃഷ്ണനോ…വരൂ..

“വരൂ…വരൂ…”

“എന്താ കുടിക്കാൻ ?…”

“വെള്ളം കിട്ടിയാൽ മതി ..” എന്ന് പറഞ്ഞു കൊണ്ട് തലയുയർത്തിയപ്പോൾ തന്റെ മുന്നിൽ നിൽക്കുന്ന ആളെ അയാൾ ഒരിക്കൽ കൂടി നോക്കി..

“ഈശ്വരാ….തോമസ്…”

ഓർമ്മകൾ വർഷങ്ങൾ പുറകോട്ടുപോയി. അന്ന് അരുൺ കുട്ടിയായിരിക്കുന്ന സമയം. അന്ന് അമ്മ ഒരു കശുവണ്ടി ഫാക്ടറിയിൽ ജോലിക്ക് പോകാറുണ്ടായിരുന്നു..

പതിവുപോലെ അന്നും ജോലിക്ക് പോകുമ്പോഴാണ് വഴിയിൽ നിന്നും പണമടങ്ങിയ ഒരു ബാഗ് വീണു കിട്ടിയത്.

അത് കണക്കിൽ പെടാത്ത പണം ആയിരുന്നുവെന്നും പുലർച്ചെ ബൈക്കിൽ വരുമ്പോ തെറിച്ചു വീണതാണെന്നും അതിന്റെ ഉടമസ്ഥൻ തോമസ് ആണെന്നും അറിഞ്ഞു..അപ്പോഴേക്കും ഇതൊക്കെ നാട്ടിൽ പരസ്യമായ രഹസ്യമായി..അങ്ങനെ തോമസ് വീട്ടിൽ അന്വേഷിച്ച് വന്നു

അന്നത്തെ കഷ്ടപ്പാടിനിടയിൽ കിട്ടിയ ആ നിധി വിട്ടുകൊടുക്കാൻ മനസ്സ് അനുവദിച്ചില്ല. ഞങ്ങൾക്ക് കിട്ടിയില്ല എന്ന് പറഞ്ഞു കയ്യൊഴിഞ്ഞു. അനധികൃതമായ പണം ആയതിനാൽ അയാൾക്ക് പരാതിപ്പെടാനും പറ്റിയില്ല

അവസാനം ഗത്യന്തരമില്ലാതെ തോമസും കുടുംബവും വീണ്ടും പറമ്പും വിറ്റ് മക്കളെയും കൊണ്ട് എങ്ങോട്ടോ പോയി..ആ കിട്ടിയ പണം കൊണ്ട് തന്റെ ഓലപ്പുരയുടെ സ്ഥാനത്ത് രണ്ടു നില വീട് പണിതു. അങ്ങനെ ഒരു കുടുംബത്തിന്റെ തകർച്ചയും മറ്റൊരു കുടുംബത്തിന്റെ ഉയർച്ചയും നാട്ടുകാർ നേരിൽ കണ്ടു. അതിനിടയിൽ ഇടയ്ക്കിടെ മനസീക ആസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള അമ്മ ഒരു ദിവസം ആത്മഹത്യ ചെയ്തു. പിന്നീട് തോമസിനെ കാണുന്നത് ഇന്നാണ്..അയാളുടെ തൊണ്ട വരണ്ടു

“കൃഷ്ണൻ വിയർക്കുന്നുണ്ടല്ലോ…ദാ ഈ വെള്ളം കുടിക്കൂ..” തോമസ് നീട്ടിയ വെള്ളം അയാൾ ഒറ്റ വലിക്കു കുടിച്ചു തീർത്തു

“എന്നോട് ക്ഷമിക്കണം…അന്ന് ഞാൻ ചെയ്തു പോയതിനൊക്കെയുള്ള ശിക്ഷ എനിക്ക് ദൈവം തന്നു..ഇപ്പൊ ഞാൻ ഒരു അപേക്ഷയുനയാണ് വന്നത്..എന്നെ കൈവിടരുത്…” അയാൾ കൈകൂപ്പി.

“കൃഷ്ണൻ കഴിഞ്ഞതൊന്നും മറന്നിട്ടുണ്ടാവില്ലല്ലോ..അല്ലേ ..?” തോമസ് ചോദിച്ചു..

അയാൾ തല താഴ്ത്തി..

“പേടിക്കേണ്ട….കൃഷ്ണൻ ചെയ്തതുപോലെ ഒന്നും ഞാൻ ചെയ്യില്ല…എന്റെ മോൻ വന്നു പറഞ്ഞപ്പോഴാണ് ഞാൻ കാര്യങ്ങൾ അറിഞ്ഞത്. അവന്റെ കൂടെ കോളേജിൽ എന്റെ മോനും ഉണ്ടായിരുന്നു. എന്റെ മോൻ എന്നോട് പറഞ്ഞു പപ്പാ കഴിഞ്ഞതൊന്നും മനസ്സിൽ വെക്കരുതെന്ന്…അല്ലെങ്കിലും അതൊക്കെ മനസ്സിൽ വെച്ച് ഞാനും പെരുമാറിയാൽ പിന്നെ ഞാനും താനും തമ്മിൽ എന്ത് വ്യത്യാസമാണെടോ..”

“അറിഞ്ഞുകൊണ്ട് ആരെയും ദ്രോഹിക്കാത്തത് കൊണ്ടാവണം എനിക്ക് നഷ്ടമായതൊക്കെ എന്റെ മകൻ വഴി ഇരട്ടിയായി എനിക്ക് ദൈവം തിരിച്ചു തന്നു..”

അതും പറഞ്ഞുകൊണ്ട് ഷെൽഫിൽ നിന്നും വീടിന്റെയും പറമ്പിന്റെയും ആധാരം എടുത്തുകൊണ്ട് അത് അയാളുടെ കയ്യിൽ വെച്ച് കൊടുത്തു.

“ഇനി സമാധാനത്തോടെ തിരിച്ചു പൊയ്ക്കോളൂ…ആശുപത്രിയിലെ കാര്യങ്ങൾ ഓർത്തു വിഷമിക്കേണ്ട. അവിടത്തെ ബില്ല് മോൻ അടച്ചുകൊള്ളാമെന്ന് പറഞ്ഞിട്ടുണ്ട്” എന്ന് തോമസ് പറഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു…

അപ്പോൾ അയാൾ മനസ്സ് കൊണ്ട് ആ മനുഷ്യനോട് പിന്നെയും പിന്നെയും മാപ്പ് ചോദിക്കുകയായിരുന്നു…

ബിന്ദു… ✍️