ശ്രീഹരി ~ അധ്യായം 5, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

ഹരി ഉറക്കമുണർന്നെഴുന്നേറ്റപ്പോൾ ഉച്ച കഴിഞ്ഞു. പശുവിന്റെ കാര്യങ്ങൾ തോമസ് ചേട്ടൻ നോക്കിക്കൊള്ളുമെന്ന അറിയാവുന്നത് കൊണ്ട് അവൻ മനസമാധാനമായി കിടന്നുറങ്ങി.

“ഹരിയേട്ട… ചോറ് “. ജെന്നി

അവന് കണ്ണ് തുറക്കാൻ പറ്റുന്നില്ലായിരുന്നു

“അവിടെ വെച്ചിട്ട് മോള് പൊയ്ക്കോ ” കണ്ണ് തുറക്കാതെ തന്നെ അവൻ പറഞ്ഞു

അവൾ അത് അവിടെ വെച്ചിട്ട് പോയി

അവൻ കുറച്ചു നേരം കൂടി കിടന്നിട്ട് എഴുനേറ്റു

അഞ്ചാം ഉത്സവമാണ് ഇന്ന്

ഇന്ന് ആയിരത്തിയൊന്ന് താലപ്പൊലി ഉണ്ട്

ഏറ്റവും ശ്രദ്ധ വേണ്ട ദിവസവും ഇന്നാണ്

മുൻപേ തന്നെ ബുക്ക്‌ ചെയ്തു വെച്ചിരിക്കുന്ന പെൺകുട്ടികൾ ആണ് താലമെടുക്കുക. താലപ്പൊലി എടുക്കുന്ന പെൺകുട്ടികൾക്ക് അടുത്ത ഉത്സവത്തിന് മുൻപ് അവരാഗ്രഹിക്കുന്ന വരനെ ലഭിക്കുമെന്നാണ് വിശ്വാസം. ഓരോ വർഷവും ആള് കൂടുന്നതല്ലാതെ കുറയുന്നില്ല. അഞ്ചു മാസം മുന്നേ തന്നെ ബുക്കിങ് തീർന്നു. ഇത്രയധികം പെൺകുട്ടികൾ പങ്കെടുക്കുന്ന ഒരു ചടങ്ങ് ആയത് കൊണ്ട് തന്നെ ആൺകുട്ടികൾ ധാരാളം എത്തും. സാമൂഹ്യ വിരുദ്ധരും ധാരാളം ഉണ്ടാകും

ഹരിയുടെ നേതൃത്വത്തിൽ നാട്ടിലെ ആൺകുട്ടികളുടെ ഇടയ്ക്ക് നിന്ന് ഉത്തരവാദിത്തമുള്ള കുറച്ചു ചെറുപ്പക്കാരെ വോളന്റിയർമാരായി വെച്ചിട്ടുണ്ട്. അഞ്ചു പെൺകുട്ടികൾക്ക് ഒരാൾ വെച്ച് അത് തീരുമാനിക്കപ്പെട്ടിട്ടുണ്ട്. അത് കുറച്ചു ടെൻഷൻ ഉള്ള ഒന്നാണ് താനും അത് തീരും വരെ ഹരിയുടെ കണ്ണും കാതും തുറന്ന് തന്നെ ഇരിക്കും. അന്യനാട്ടിൽ നിന്ന് വരുന്ന പെൺകുട്ടികൾക്ക് ഒരു മോശം അനുഭവമുണ്ടാകരുത് എന്ന് അവനു നിർബന്ധം ഉണ്ട്.

വിഷ്ണു വിളിച്ചപ്പോൾ അവൻ എഴുന്നേറ്റു കുളിച്ചു വേഷം മാറിയിരുന്നു

വീട് പൂട്ടി താക്കോൽ അപ്പുറത്ത് കൊടുത്തവൻ വിഷ്ണുവിനോപ്പം പോയി

“ഹരിയേട്ടാ കഴിഞ്ഞ വർഷത്തെ ആ കിച്ചനും ടീമും ഇറങ്ങിയിട്ടുണ്ട് കേട്ടോ. ഞാൻ കണ്ടാരുന്നു. ആ സ്കൂളിൽ ഇരുന്നു വെള്ളമടിക്കുന്നു “

പുഷ്പ ചേച്ചിയുടെ മൂത്ത മകൻ സനൽ വന്നു പറഞ്ഞപ്പോൾ ഹരി യുടെ മുഖം ചുവന്നു

മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ഇറങ്ങിയിരിക്കുവാണെന്ന് അവന് മനസിലായി

താലപ്പൊലി അലങ്കോലമാക്കാൻ ഉള്ള പരിപാടി ആണ്

അവൻ വിഷ്ണുവിനെ ഒന്ന് നോക്കി

ആറു മണിക്ക് താലപ്പൊലി തുടങ്ങും. ഇപ്പൊ അഞ്ചു മണി. ഒരു മണിക്കൂർ ധാരാളം മതി

പോകാമെടാ അവൻ വിഷ്ണുവിനോട് പറഞ്ഞു

അന്ന് ബാലചന്ദ്രൻ തനിച്ചായിരുന്നു. നകുലന് ഒരു ചെറിയ പനിക്കോള്. അയാൾ വന്നില്ല

ബാലചന്ദ്രൻ കാഴ്ചകൾ ഒക്കെ കണ്ടു നടന്നു

പൊടുന്നനെ അയാൾക്ക് മുന്നിലേക്ക് ഒരാൾ വന്നു വീണു

“അടിയാ സാറെ മാറിക്കോ “

ആരോ വിളിച്ചു പറഞ്ഞു

ബാലചന്ദ്രൻ പെട്ടെന്ന് പിന്നിലേക്ക് മാറി ഒരു കടത്തിണ്ണയിലെക്ക് കയറി നിന്നു

കൊടുംകാറ്റ് പോലെ ഒരാൾ നാലു പേർക്ക് നടുവിൽ ഒറ്റയ്ക്ക് നിന്ന് അടിക്കുന്നു

അടി കിട്ടുന്നവൻ തെറിച്ചു വീഴുന്നു. വീണ്ടും എഴുന്നേറ്റു ചെല്ലുന്നു വീണ്ടും വീഴുന്നു

എന്നാ പിന്നെ ഇവനൊക്കെ വീണിടത്തു തന്നെ കിടന്നാ പോരെ
അയാൾ ഓർത്തു

അടിക്കുന്ന ആളിന്റെ മുഖം ആയാൾ അപ്പോഴാണ് ശരിക്കും കണ്ടത്

“ഹരി ” നെറ്റിയിൽ ഒരു തോർത്ത്‌ ചുറ്റിക്കെട്ടിയിട്ടുണ്ട്. മുണ്ട് മടക്കിയുടുത്തിരിക്കുന്നു. ചുവന്ന ഷർട്ടിൽ ചെളിയിൽ കുതിർന്നിരിക്കുന്നു

ഇടതൂർന്ന മുടി നെറ്റി മറഞ്ഞ് അവന്റെ മുഖം പാതി മറഞ്ഞ്  കാണപ്പെട്ടു

അവന്റെ ശരീരം മികച്ച ഒരു കായികഭ്യാസിയുടേത് പോലെ വഴക്കമുള്ളതും ദൃഢത ഉള്ളതുമാണ്

ഇടയ്ക്ക് ഒരു വേള ഒരു കത്തിയുടെ തിളക്കം കണ്ടപ്പോൾ മാത്രം ബാലചന്ദ്രൻ ഒന്ന് ഭയന്നു

ഹരി നിസാരമായി അത് വാങ്ങി എറിഞ്ഞു കളയുന്നത് അയാൾ അതിശയത്തോടെ കണ്ടു

ഇവന് പേടിയില്ലേ?

എന്തൊരു ചുണക്കുട്ടിയാണ്. അയാൾ കണ്ടു നിൽക്കെ യുദ്ധം അവസാനിച്ചു

ഓരോരുത്തരായി കിട്ടിയ വണ്ടിയിൽ ഓടി ക്കയറി ചിലരൊക്കെ വന്ന വണ്ടിയിൽ…

ഹരി തോർത്ത്‌ അഴിച്ചു മുഖം തുടച്ചു

ആരോ ഒരു സോഡാ പൊട്ടിച്ചു കൊണ്ട് കൊടുക്കുന്നത് കണ്ടു

ഹരി അത് കുറച്ചു മുഖത്ത് ഒഴിച്ചിട്ടു കുടിക്കുന്നത് കണ്ടു

അയാൾ മെല്ലെ അവനരികിലെത്തി

“എന്താ പ്രോബ്ലം?”

അയാൾ ചോദിച്ചു

“ഒരു അലമ്പ് ടീം. ഉത്സവം കലക്കികളാ. എല്ലാ വർഷവും വരും തല്ല് മേടിക്കും പോകും. പതിവാണ് “

അവൻ ചിരിച്ചു

“സാർ പേടിച്ചു പോയോ? ഇവരൊക്കെ വെറുതെ..ചില വർഷം ഇറങ്ങുന്നവന്മാരെ കാണണം..”

“ഹരിക്ക് പേടിയില്ലേ?”

“എന്ത് കാര്യത്തിന്? മരണം ഒരിക്കലല്ലേയുള്ളു സാറെ? അത് എന്റെ നാടിനു വേണ്ടിയാണെങ്കിൽ അതിൽ കൂടുതൽ എന്താ എനിക്ക് വേണ്ടേ? പോട്ടെ സാറെ ജോലിയുണ്ട്. നകുലൻ സാർ വന്നില്ല?”

“ഇല്ല ചെറിയ ഒരു പനി പോലെ “

“ഒരു ചുക്ക് കാപ്പി അങ്ങോട്ട് ഇട്ടു കൊടുക്ക്.. പനിയൊക്കെ ശൂന്ന് ഓടും “

ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു

“പോകാം ഹരി ” വിഷ്ണു ബൈക്ക് കൊണ്ട് നിർത്തി

“അപ്പൊ സാറെ വൈകുന്നേരം അമ്പലത്തിൽ കാണാട്ടോ “

അവൻ കൈ വീശി

ഹരി നേരേ വീട്ടിലേക്ക് പോയി

ഒന്ന് കുളിച്ചു വേഷം മാറി ഇറങ്ങാൻ തുടങ്ങുമ്പോൾ ജെന്നിയും മീനാക്ഷിയും

“ഇവൾക്ക് താലപ്പൊലി എടുക്കണമെന്ന് ഒരാഗ്രഹം ” ജെന്നിയാണ് അത് പറഞ്ഞത്

“അതിന്റെ booking തീർന്നല്ലോ ” ഹരി വാതിൽ പൂട്ടിക്കൊണ്ട് പറഞ്ഞു

“ഹരിയേട്ടൻ വിചാരിച്ചാൽ ഒരാളെ കൂടി ഉൾപെടുത്താൻ പറ്റില്ലേ”

“ഇല്ലാ. ആയിരം പേര് തികഞ്ഞു “

“ആയിരത്തിയൊന്ന് ആയാൽ ഇപ്പൊ എന്താ?” അവൾ ശുണ്ഠിയോടെ ചോദിച്ചു

“അത് പാടില്ല. ഓരോ കീഴ് വഴക്കങ്ങൾ അത് അങ്ങനെ തന്നെ പാടുള്ളു “

“ഈ ഹരിയേട്ടൻ..”ജെന്നിക്ക് ദേഷ്യം വന്നു

മീനാക്ഷി ഹരിയിൽ നിന്ന് കണ്ണെടുക്കുന്നില്ലായിരുന്നു. അവളുടെ ഹൃദയം അവനധീനമായത് പോലെ..ഏതോ മാന്ത്രികവലയത്തിൽ  പെട്ടത് പോലെ

ഇതെന്തൊരു കഷ്ടാണ് ദൈവമേ..ഈ ചെറുക്കൻ ആണെങ്കിൽ ഒന്ന് നോക്കുന്നു പോലുമില്ല

കോളേജ് ബ്യൂട്ടി എന്ന് തന്നെ വിളിക്കുന്നവരെ തല്ലി കൊ* ല്ലണം

എന്ത് ബ്യൂട്ടി?

ഈ ചെക്കന്റെ മനസ്സിളക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഇങ്ങനെ ഇരുന്നിട്ടെന്ത് കാര്യം?

അവൾ ജെന്നിയെ ഒന്ന് നുള്ളി

“അതേയ് താലപ്പൊലി എടുക്കാൻ ഇനി പറ്റിയില്ല എങ്കിൽ വേണ്ട. ഹരിയേട്ടൻ ഇവളെ ഒന്ന് ക്ഷേത്രത്തിൽ കൊണ്ട് പൊ. അതൊക്കെ ഒന്ന് കാണുകയെങ്കിലും ചെയ്യാല്ലോ “

ഹരിക്ക് റൂട്ട് പിടികിട്ടി. പക്ഷെ അതവൻ ഭാവിച്ചില്ല

“വിഷ്ണു.. ഡാ.”

റോഡിൽ നിന്ന് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്ന വിഷ്ണു എന്താ എന്ന് കൈ കൊണ്ട് ചോദിച്ചു

“ഇങ്ങോട്ട് വാ “

അവൻ കൈയാട്ടി വിളിച്ചു

വിഷ്ണു കാൾ കട്ട്‌ ചെയ്തു അരികിലേക്ക് വന്നു

“വിഷ്ണു ഇത് മീനാക്ഷി. ജെന്നിയുടെ ക്ലാസ്സ്‌മേറ്റ് ആണ്. നീ ഒന്ന് കൊണ്ട് പോയി താലപ്പൊലി നടക്കുന്നിടത്ത് ആക്കി കൊടുക്കണം. ആരെയെങ്കിലും കൂട്ടിന് ഏല്പിച്ചും കൊടുക്കണം കേട്ടോ “

വിഷ്ണു പിന്നെന്താ എന്ന മട്ടിൽ അവനെ നോക്കി

ജെന്നി വിളറി

മീനാക്ഷിക്ക് ദേഷ്യം വന്നു കണ്ണ് കാണുന്നില്ലായിരുന്നു

ഇവനാര് ഋശ്യശ്രിംഗനോ? പെണ്ണിനെ കണ്ടിട്ടില്ലേ? അതോ ഇനി ആണല്ലേ?ഇത്രയും ജാഡ എന്തിന്? ഇനി ഇവനെ എന്റെ പ ട്ടി നോക്കും

മീനാക്ഷി വിഷ്ണുവിന്റെ ബൈക്കിൽ കയറി ഇരുന്ന് ജെന്നിക്ക് നേരേ കൈ വീശി. ജെന്നി തിരിച്ചും

“കഷ്ടം ഉണ്ട് ട്ടോ.. ഇത്രയും ഗമ പാടില്ല.അവൾക്ക് എന്തിഷ്ടമാണെന്നോ ഹരിയേട്ടനെ?”

“എന്നെ അങ്ങനെ ആരും ഇഷ്ടപ്പെടണ്ട ” ഹരി അലസമായി പറഞ്ഞു

“ഹരിയേട്ടൻ അപ്പൊ ഒരു പെണ്ണിനേയും സ്നേഹിക്കില്ലേ?”

ജെന്നി ദേഷ്യത്തിൽ ചോദിച്ചു

“എന്റെ മുന്നിൽ ഒരു പെണ്ണ് വരും..അവളെ കാണുമ്പോൾ എനിക്ക് തോന്നും എന്റെ പെണ്ണാണെന്ന്. അവളെ മാത്രേ ഞാൻ സ്നേഹിക്കു. അങ്ങനെ ഒരു പെണ്ണിനെ ഞാൻ ഇത് വരെ കണ്ടിട്ടില്ല “

ഹരി പറഞ്ഞു

“ഇപ്പൊ വരും നോക്കിയിരുന്നോ… ദേ ആ മീനാക്ഷിയുണ്ടല്ലോ.. കോളേജിലെ ആണ്പിള്ളേര് മുഴുവൻ അവളുടെ പുറകെയാ ഒരു നോട്ടത്തിന്, ഒരു വാക്കിന്.. അവള് നിങ്ങളുടെ പുറകെയും..ഇങ്ങനെ ഒരു മൂരാച്ചി “

“എടി ജെന്നി. ഇങ്ങനെ സുന്ദരി ആയിട്ടിരിക്കണമെന്നില്ല സ്നേഹം വരാൻ.. . എന്താ പറയുക? ഒറ്റ കാഴ്ചയിലെ സ്നേഹം ഒന്നും നീണ്ടു നിൽക്കില്ല. അതൊക്കെ പോകും. ഞാൻ സ്നേഹിക്കുന്ന പെണ്ണ് വലിയ സുന്ദരി ഒന്നുമാവണ്ട… “

“നമുക്ക് കാണാം “

“കണ്ടോടി നീ കണ്ടോ… ഞാൻ ഇവിടെ കൊണ്ട് വരും.. നിന്റെ മുന്നില്… ഹരി മൂരാച്ചി ആണോ റൊമാന്റിക് ആണോ എന്നൊക്കെ നീ അന്ന് കാണും “

“ഹരീ… ഒന്നോടി വന്നേ… ” ജെസ്സിയുടെ നിലവിളി

അവൻ ഒന്ന് പകച്ചു. പിന്നെ ഓരോട്ടത്തിന് അവിടെയെത്തി

“എന്താ ചേച്ചി?”

“അന്ന മോള്… വിളിച്ചിട്ട് മിണ്ടുന്നില്ല ” ജെസ്സി നിലവിളിച്ചു

അന്ന മോളെ..ഹരി കുഞ്ഞിനെ കൈകളിൽ എടുത്തു  കുലുക്കി

കുഞ്ഞ് വാടിയ ചീര തണ്ട് പോലെ അവന്റെ കൈക്കുള്ളിൽ കണ്ണടച്ചു കിടന്നു

“എന്റെ കർത്താവെ എന്റെ മോൾക്കെന്താ പറ്റിയെ?” ജെസ്സി തലയിൽ തല്ലി നിലത്തിരുന്നു

“മോളെ ഒന്ന് പിടിക്ക്. ഞാൻ കാർ വിളിച്ചു കൊണ്ട് വരാം ” ഹരി മോളെ അവരുടെ കയ്യിൽ കൊടുത്തു

നകുലൻ സാറിന്റെ വീട്ടിൽ വന്ന സാറിന് കാറുണ്ടല്ലോ എന്ന് അവൻ ഓർത്തു

അവൻ അങ്ങോട്ട് ഓടി

“നകുലനോട്‌ അവൻ കാര്യം പറഞ്ഞു . നകുലൻ ബാലചന്ദ്രനെ നോക്കി

“ഹരിക്ക് ഡ്രൈവിംഗ് അറിയാം. നിന്റെ വണ്ടി ഒന്ന് കൊടുക്ക് “നകുലൻ പറഞ്ഞു

“കാർ ഞാൻ ഓടിക്കാം ഹരി കുഞ്ഞിനെ കൊണ്ട് വരു”

ബാലചന്ദ്രൻ അവന്റെ തോളിൽ തൊട്ടു പറഞ്ഞു ഹരി തിരിഞ്ഞോടി

“താങ്ക്സ് ബാലു..”

നകുലൻ മെല്ലെ പറഞ്ഞു ബാലചന്ദ്രൻ അതിന് മറുപടി പറഞ്ഞില്ല

ഹരി..ഹരിയെ തനിക്ക് വേണം

അതെങ്ങനെ എന്ന് അയാൾക്ക് അറിയില്ലായിരുന്നു

പക്ഷെ അയാൾ അത് തീവ്രമായി ആഗ്രഹിച്ചു കൊണ്ട് ഇരുന്നു

അത്ര തീവ്രമായ ആഗ്രഹങ്ങൾ ചിലപ്പോൾ അങ്ങ് നടക്കുമായിരിക്കുമല്ലേ?

ആർക്കറിയാം.

(തുടരും)