ജീവിതങ്ങൾ…
എഴുത്ത്: ദേവാംശി ദേവ
=====================
“ഏട്ടൻ വരുന്നില്ലേ..”
“ഇല്ല..നിങ്ങൾ പോയിട്ട് വാ..”
“എന്താ ഏട്ടാ ഇത്..നമ്മുടെ അനിയത്തിയെ വിവാഹം കഴിച്ചഴച്ച വീടാണ് അത്. അവിടെ എന്ത് വിശേഷം വന്നാലും ഏട്ടൻ വരില്ലെന്നു പറഞ്ഞാൽ കഷ്ടമാണ്. അളിയന്റെ അനിയന്റെ എങ്കേജ്മെന്റിനാണ് ഏട്ടൻ അവസാനമായി അങ്ങോട്ടേക്ക് വന്നത്..പിന്നെ അവരുടെ വിവാഹത്തിനൊ കുഞ്ഞ് ജനിച്ചപ്പോഴോ കുഞ്ഞിന്റെ ചടങ്ങുകൾക്കോ ഒന്നും വന്നിട്ടില്ല..ഇപ്പോ ആ കുഞ്ഞിന്റെ ഫസ്റ്റ് ബെർത്ഡേയ് ആഘോഷിക്കുവാ..ഇതിനും വരുന്നില്ലെന്ന് പറഞ്ഞാൽ എങ്ങനെയാ..തരുണിക്കത് വിഷമമാകും.”
“എനിക്ക് താല്പര്യമില്ലാത്താ കാര്യത്തിന് എന്തിനാ നീ നിർബന്ധിക്കുന്നത്.”
“ഏട്ടാ ഞാൻ പറയുന്നത്.”
“എന്താ വരുണേ..”
“അമ്മേ ഫങ്ഷന് ഏട്ടൻ വരുന്നില്ലെന്ന്.”
“എന്താ അരുൺ നിന്റെ പ്രശ്നം..നീ ആരിൽ നിന്നാ ഇങ്ങനെ ഓടി ഒളിക്കാൻ ശ്രെമിക്കുന്നത്. ലോകത്ത് വിവാഹ മോചനം നേടിയ ആദ്യത്തെ ആളൊന്നും അല്ല നീ..നീ വരാതിരുന്നാൽ ഹേമന്ദും നീലിമയും എന്ത് കരുതും. നീ വരണം മോനെ..” അമ്മയും അനിയനും അകത്തേക്ക് പോയതും അരുൺ സിറ്റൗട്ടിലെ സോപാനത്തിൽ ഇരുന്നു..
ഹേമന്തും നീലിമയും….അവർ തന്നെയാണ് തന്നെ അങ്ങോട്ടേക്ക് പോകുന്നത്തിൽ നിന്ന് തടയുന്നതെന്ന് ആർക്കും അറിയില്ലല്ലോ..
സ്വയം വലിച്ചെറിഞ്ഞു കളഞ്ഞ ജീവിതം മറ്റൊരാളുടെ കൈയ്യിൽ സന്തോഷത്തോടെ ഇരിക്കുന്നത് കാണാനുള്ള ശേഷിയില്ലായ്മ…അത് തന്നെയാണ് തന്റെ പ്രശ്നം.
നീലിമ…
കോളേജിൽ വെച്ചാണ് അവളെ ആദ്യമായി കാണുന്നത്..ഒരുപാട് നാൾ പുറകെ നടന്നാണ് അവളെകൊണ്ട് ഇഷ്ടമാണെന്ന് പറയിച്ചത്..
അവൾ ഇഷ്ടമാണെന്ന് പറഞ്ഞ ശേഷം പതിയെ പതിയെ താൻ അവളിൽ ആധിപത്യം സ്ഥാപിച്ചു..ഫ്രണ്ട്സുമായി ഒരിടത്തേക്കും പോകാൻ പാടില്ല, ആൺകുട്ടികളോട് സംസാരിക്കാൻ പാടില്ല, ഷോൾ രണ്ട് സൈഡും പിൻ ചെയ്ത് മാത്രമേ ചുരിദാർ ഇടാൻ പാടുള്ളു..മുടി പിന്നിയിടണം….അങ്ങനെ ഒരുപാട്….
കോളേജ് ഓണം സെലിബ്രേഷന് എല്ലാ പെൺകുട്ടികളും സെറ്റ് സാരി ഉടുത്തപ്പോൾ താൻ അവളെ അതിൽ നിന്നും തടഞ്ഞു…എല്ലാം അവൾ അനുസരിച്ചു…തന്നോടുള്ള ഇഷ്ടം കൊണ്ടു മാത്രം.
പക്ഷെ ഒരിക്കൽ പോലും തന്നോടൊത്ത് പുറത്തേക്ക് വരാൻ അവൾ തയാറായില്ല..ആരെങ്കിലും കാണുമെന്നുള്ള പേടിയായിരുന്നു അവൾക്ക്..
പഠിത്തം കഴിഞ്ഞ് വിദേശത്തേക്ക് പോകാൻ അവസരം കിട്ടി..പോകും മുൻപ് ഒരു ദിവസം അവളോടൊത്ത് ചുറ്റി കറങ്ങണമെന്ന് തീരുമാനിച്ചായിരുന്നു അവളെ വിളിച്ചത്. വരുന്നില്ലെന്ന് പറഞ്ഞപ്പോൾ ഒരുപാട് ദേഷ്യപ്പെട്ടു..പിണങ്ങി ഫോൺ കട്ട് ചെയ്തു…ഒടുവിൽ അവൾ വരാമെന്ന് സമ്മതിച്ചു..
പിറ്റേന്ന് രാവിലെ ബസ്റ്റോപ്പിൽ ബൈക്കുമായി മണിക്കൂറുകൾ കാത്തു നിന്നിട്ടും അവൾ വന്നില്ല..നേരെ അവളുടെ വീട്ടിലേക്ക് പോയി..ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നു..
എന്നോടൊപ്പം വരാതിരിക്കാൻ അവൾ കുടുംബത്തെയും കൂട്ടി രവിലെ തന്നെ എങ്ങോട്ടൊ പോയിരിക്കുന്നു. ദേഷ്യവും വാശിയും വെറുപ്പുമൊക്കെ തോന്നി അവളോട്. അവളുടെയൊരു കോളോ മെസേജോ ഇനി എന്നെ തേടി വരാതിരിക്കാൻ എന്റെ സിം തന്നെ ഞാൻ നശിപ്പിച്ചു..
ദിവസങ്ങൾക്കകം വിദേശത്തേക്ക് പറന്നു..രണ്ട് വർഷത്തിന് ശേഷം തിരികെ വന്നു..ആദ്യം പെണ്ണുകാണാൻ പോയ പെണ്ണാണ് രമ്യ..ആദ്യ കാഴ്ച്ചയിൽ തന്നെ ഇഷ്ടപ്പെട്ടു…സൗന്ദര്യം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും സാമ്പത്തികം കൊണ്ടും നീലിമക്ക് മുകളിൽ നിൽക്കുന്നവൾ..അങ്ങനെയൊരു പെൺകുട്ടി തന്നെ എന്റെ ഭാര്യയായി വരണമെന്ന് എനിക്കും നിർബന്ധമായിരുന്നു..
പിന്നെ എല്ലാം പെട്ടന്നായിരുന്നു..നിശ്ചയവും വിവാഹവും കഴിഞ്ഞു…രണ്ട് മാസം കഴിഞ്ഞ് ഞാൻ ലീവ് തീർന്ന് വീണ്ടും വിദേശത്തേക്ക് പോയി..ഫോണിലൂടെയും മെസ്സേജിലൂടെയും ഞാനും രമ്യയും പ്രണയിച്ചു..
ആ സമയത്താണ് കൊറൊണ വരുന്നത്. ജോലി നഷ്ടപ്പെട്ട് ഞാൻ തിരികെ വന്നു..അപ്പൊഴാണ് അയച്ചുകൊടുത്ത പണം കൊണ്ട് അവളിവിടെ ആഡംബര ജീവിതമാണ് ജീവിച്ചതെന്ന് മനസ്സിലായത്. ഒന്നും മിച്ചം പിടിച്ചില്ല….
എങ്കിലും അവളെയൊന്നും പറഞ്ഞില്ല..നാട്ടിൽ ജോലിക്ക് കയറി..എങ്കിലും വിദേശത്ത് സമ്പാദിക്കുന്നതു പോലെ ഇവിടെ പറ്റില്ലല്ലോ..വരുമാനം കുറഞ്ഞപ്പോ പ്രശ്നങ്ങളും ആരംഭിച്ചു..ഒട്ടും അഡ്ജെസ്റ്റ് ചെയ്യാൻ രമ്യ ഒരുക്കമായിരുന്നില്ല..അവളുടെ ആവശ്യങ്ങൾക്കുള്ള കാശ് കിട്ടാതായപ്പോൾ അവൾ പ്രശ്നമുണ്ടാക്കി..ഒടുവിലത് ഡിവോഴസിലാണ് അവസാനിച്ചത്..
തന്റെയും രമ്യയുടെയും ഡിവോഴ്സിന് ശേഷമാണ് അനിയത്തി തരുണിയുടെ ഭർത്താവിന്റെ അനിയൻ ഹേമന്ദിന്റെ വിവാഹ നിശ്ചയം. അവിടെ ചെന്നപ്പോഴാണ് പെണ്ണ് നീലിമയാണെന്ന് അറിഞ്ഞത്..
നിശ്ചയത്തിന് വന്ന അവളുടെയൊരു കൂട്ടുകാരിയിൽ നിന്നാണ് എന്നോടൊപ്പം പുറത്തേക്ക് വരാനിരുന്നതിന്റെ തലേ ദിവസം രാത്രി അവളുടെ അച്ഛന് സുഖമില്ലാതായെന്നും ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ തന്നെ മരിച്ചെന്നും അറിഞ്ഞത്..ബോഡിയുമായി അവളുടെ അച്ഛന്റെ വീട്ടിലേക്കാണ് പോയത്..പിന്നെ രണ്ട് മാസം കഴിഞ്ഞാണ് അവളും അമ്മയും തിരികെ വന്നത്..
അച്ഛൻ മരിച്ച് രണ്ട് ദിവസത്തിനു ശേഷം അവൾ എന്നെ വിളിച്ചിരുന്നത്രെ..വിവരങ്ങൾ എന്നെ അറിയിക്കാൻ അവൾ ശ്രെമിച്ചിരുന്നു.
എല്ലാം എന്റെ തെറ്റാണ്.”
“അരുൺ നീ ഇതുവരെ റെഡിയായില്ലെ.” അമ്മ വിളിച്ചപ്പോയാണ് അരുൺ ഓർമകളിൽ നിന്ന് ഉണർന്നത്.
അവരുടെ കൂടെ പോകുന്നതാണ് നല്ലത്..അല്ലെങ്കിൽ എല്ലാം എല്ലാവരോടും പറയേണ്ടി വരും.
അമ്മയോടും അനിയനോടുമൊപ്പം തരുണിയുടെ വീട്ടിലേക്ക് പോയി..അവിടെ ചെല്ലുമ്പോൾ ഫങ്ഷൻ തുടങ്ങി കഴിഞ്ഞു..
ഭർത്താവിനും കുഞ്ഞിനോടുമൊപ്പം സുന്ദരിയായി അണിഞ്ഞൊരുങ്ങി നീലിമയും..അവളിന്നൊരു ഗവർമെന്റ് ഉദ്യോഗസ്ഥയാണ്..എങ്കിലും അതിന്റെ ആഡംബരമൊന്നും അവൾക്കില്ല..തരുണിക്ക് അവളെന്നുവെച്ചാൽ ജീവനാണ്.
“അരുണേട്ടാ..ഇതാ കേക്ക്.” വീടിന് പുറത്ത് ഒരു വശത്തേക്ക് മാറി നിന്ന എന്റെ അരികിലേക്ക് ഒരു ചെറിയ പ്ലേറ്റിൽ ഒരു പീസ് കേക്കുമായി നീലിമ വന്നു..നിറഞ്ഞ ചിരിയോടെ..
ഇവൾക്ക് എന്നോട് പിണക്കമോ പരിഭവമോ ഒന്നും ഇല്ലേ എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചു.
“നീ ഹാപ്പിയല്ലേ..”
“അതെ..” ചിരിച്ചുകൊണ്ടവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി..
“നീലിമ..” എന്താന്നുള്ള അർത്ഥത്തിൽ അവൾ തിരിഞ്ഞു നോക്കി..
“നീ…നീ എന്നെ അർത്മാർത്ഥമായി തന്നെയാണോ സ്നേഹിച്ചിരുന്നത്.”
“ഇതിനുത്തരം അരുണേട്ടന് അറിയില്ലെങ്കിൽ പിന്നെ ഞാൻ പറഞ്ഞു തന്നിട്ടും കാര്യമില്ല..”
“ഒരു പുരുഷനെ ആത്മാർത്ഥമയി ഒരിക്കൽ സ്നേഹിച്ചിരുന്നെങ്കിൽ പെൺകുട്ടികൾക്ക് മറ്റൊരാളുടെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ കഴിയില്ലെന്ന് കേട്ടിട്ടുണ്ട്.”
“അറിയില്ല…പക്ഷെ ഒന്നറിയാം..ആണായാലും പെണ്ണായാലും ആത്മാർത്ഥമായി സ്നേഹിച്ചവരെ മറക്കാനാണ് പ്രയാസം. മറന്നുകഴിഞ്ഞാൽ പിന്നെ ഹാപ്പിയായി ജീവിക്കാം.”
“അപ്പോ നീ എന്നെ പൂർണമായി മറന്നെന്നാണോ..”
“അരുണേട്ടനോട് എനിക്കുണ്ടായിരുന്ന ഇഷ്ടം ഒരു ദു:സ്വപ്നം പോലെ എന്നേ ഞാൻ മറന്നു..”
“നിനക്കെന്നോട് ദേഷ്യമാണോ…നിന്നെ ഞാൻ മനസിലാക്കിയിട്ടില്ലായിരുന്നു.”
“എന്തിന്…അന്ന് അങ്ങനെയൊക്കെ സംഭവിച്ചതിനാലാകാം ഞാനിന്ന് ഹാപ്പിയായി ജീവിക്കുന്നത്..എനിക്കിന്ന് സ്വന്തമയൊരു ജോലിയുണ്ട്..എന്റെ ഇഷ്ടത്തിൻ വസ്ത്രം ധരിക്കാം, തലമുടി കെട്ടാം, ഇഷ്ടമുള്ളവരോട് സംസാരിക്കാം…അരുണേട്ടാനായിരുന്നു എന്നെ വിവാഹം കഴിച്ചിരുന്നെങ്കിൽ ഞാനിപ്പോ കൂട്ടിലിട്ട കിളിയെ പോലെ ആയിരുന്നേനെ..”
തമാശപോലെയാണ് അവൾ പറഞ്ഞതെങ്കിലും അത് സത്യമാണെന്ന് എനിക്ക് തോന്നി.
“നീ പൊയ്ക്കോ..വെറുതെ ഇവിടെ നിന്ന് സംസാരിച്ച് നിന്റെ ഭർത്താവിന് സംശയം തോന്നേണ്ട..”
“അരുണേട്ടൻ ഇപ്പോഴും എന്നെ മനസിലാക്കിയിട്ടില്ല..ഹേമന്ദേട്ടന് എല്ലാം അറിയാം..
ഞാനും ഹേമന്ദേട്ടനും തമ്മിൽ ആദ്യമായി കാണുന്നത് എവിടെ വെച്ചാണെന്നറിയോ.ഒരു സൈക്യാർട്ടിസ്റ്റിന്റെ അടുത്ത് വെച്ച്..സൈക്യാർട്ടിസ്റ്റ് പ്രദീപ് കുമാറിന്റെ ഫ്രണ്ടാണ് ഹേമന്ദേട്ടൻ..ഞാൻ അദ്ദേഹത്തിന്റെ പേഷ്യന്റും.” ഞെട്ടലോടെ ഞാനവളെ നോക്കി.
“അച്ഛന്റെ മരണത്തിന്റെ കൂടെ അരുണേട്ടനെ കൂടി നഷ്ടപ്പെട്ടപ്പോൾ ഞാൻ ആകെ തകർന്നു പോയി..ഡിപ്രെഷനിലായ എന്നെ അമ്മ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയി..അവിടെ വെച്ചാണ് ഞങ്ങൾ കാണുന്നത്.”
“നീലിമ…സോറി..ഇതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല..”
“ഏയ്..അതിന്റെയൊന്നും ആവശ്യം ഇല്ല അരുണേട്ടാ..ഞാൻ പറഞ്ഞല്ലോ..ഞാനിപ്പോ ഹാപ്പിയാണ്..കഴിഞ്ഞതൊന്നും ഓർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല..അരുണേട്ടനും പഴയതൊക്കെ മറന്ന് പുതിയൊരു ജീവിതം തിരഞ്ഞെടുക്ക്.” അവൾ തിരിഞ്ഞു നടക്കുമ്പോൾ ഞാൻ ഒരിക്കൽ കൂടി ഉറപ്പിച്ചു..
നഷ്ടപ്പെട്ട എന്റെ ജീവിതമാണ് അവളെന്ന്…അല്ല…ഞാൻ നഷ്ടപ്പെടുത്തിയ എന്റെ ജീവിതം…