മൂന്നാല് ദിവസം മുമ്പ് രാത്രി പത്ത് മണി കഴിഞ്ഞപ്പോ ഞാനും ഇക്കയും കൂടെ ചോറ് കഴിച്ചോണ്ടിരിക്കാണ്…

Written by Shabna Shamsu

==================

എന്നെ ഗർഭം ധരിച്ച് ആറോ ഏഴോ മാസം ഉള്ള സമയത്താണ് ഉമ്മാന്റെ വീടിനടുത്തുള്ള മെയിൻ റോഡിലെ  മൂന്നാമത്തെ വളവിൽ കോഴിമുട്ടയും കൊണ്ട് പോയ പിക്കപ്പ് ലോറി മറിഞ്ഞത്. വണ്ടിയിലെ പകുതിയോളം മുട്ട റോഡിൽ വീണ് പൊട്ടി റോഡിൽ മുട്ടപ്പുഴ ഒഴുകിയത്രേ.

ബാക്കിയുള്ള പൊട്ടാത്ത മുട്ടകൾ അടുത്ത് താമസിക്കുന്ന വീട്ടുകാർ കുറഞ്ഞ വിലക്ക് വാങ്ങിച്ചു. കൂട്ടത്തിൽ ഉമ്മാന്റെ ഉപ്പയും വാങ്ങി കണക്കിലധികം. ആ സമയത്ത് എന്റെ ഉമ്മ ഏറ്റവും കൂടുതൽ തിന്ന പോഷകാഹാരം കോഴിമുട്ട ആയിരുന്നു.

ചുരുക്കി പറഞ്ഞാൽ ഗർഭ കാലത്ത് തന്നെ ഹൈകലോറിയാണ് എനിക്ക് കിട്ടിക്കൊണ്ടിരുന്നത്. അത് കൊണ്ടാണോ എന്നറിയില്ല ഗർഭാവസ്ഥ കഴിഞ്ഞ് കൊല്ലം പത്ത് മുപ്പത്തെട്ടായിട്ടും ഒരു മാറ്റവും ഇല്ലാത്തത് പച്ചക്കുതിര സിനിമയിലെ ദീലീപിനെ പോലെയുള്ള അവസ്ഥക്കാണ്. ഇച്ചിരിയൊന്ന് സമയം തെറ്റിയാൽ വയറീന്ന് കൂമൻ കുത്തും. വിശന്ന് വിശന്ന് വയ്യാണ്ടാവും.

മക്കൾക്ക് എല്ലാ ദിവസവും രാത്രി ഇക്ക മിഠായി കൊണ്ടോരും. ഓരോ മക്കൾക്കും ഓരോന്ന് വീതം, അങ്ങനെ മൂന്നെണ്ണം…

മൂന്നിലധികം ഒരു ദിവസം പോലും കൊണ്ടോരാതിരിക്കാൻ മൂപ്പർ പ്രത്യേകം ശ്രദ്ധിക്കും. മൂന്നാളുടെയും പുറകെ നടന്ന് ഇനിക്കൊരു കഷണം താടീന്ന് ഞാൻ കെഞ്ചിപ്പറയും. ഉമ്മച്ചിയെന്താ ചെറിയ കുട്ടിയാണോന്നും ചോദിച്ച് മൂന്നാളും മോന്ത വീർപ്പിക്കും.

എന്റെ വാപ്പാക്ക് വാഴക്കുല കച്ചവടം ആയിരുന്നൂന്നും ഇങ്ങളെ വാപ്പാനെ പോലെ റിച്ച് അല്ലായിരുന്നെന്നും ഒരു മുഠായി വാങ്ങിത്തരാൻ പോലും പാങ്ങില്ലായിരുന്നെന്നും പറഞ്ഞ് ഞാൻ അവരെ നോക്കി കൊഞ്ഞനം കുത്തും. വീർപ്പിച്ച ലൈസിന്റെ കവറും മുറുക്കി പിടിച്ച് ഭീമൻ രഘുവിനെ പോലെ നിവർന്ന് നിക്കുന്ന മക്കള് ഒരു പൊട്ട് പോലും എനിക്ക് തരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും.

നാലഞ്ച് മഴ അടുപ്പിച്ച് പെയ്തതിൽ പിന്നെ എന്തെന്നില്ലാത്ത വിശപ്പ്. രാവിലെ മൂന്നാല് ദോശയും സാമ്പാറും എ-രുമപ്പാലിന്റെ ചായയും കുടിച്ചു കഴിഞ്ഞ് ഈർക്കിളി ചൂലും കൊണ്ട് മുറ്റത്ത് രണ്ട് റൗണ്ട് നടന്ന് കഴിഞ്ഞാൽ അപ്പോ തൊട്ട് വയറിനുള്ളീന്ന് ശബ്ദം വരാൻ തുടങ്ങും.

ചൂല് മാറ്റി വെച്ച് രണ്ടോ മൂന്നോ മൈസൂർ പഴം കുത്തിയിളക്കി ലേശം പാലും പഞ്ചസാരയും പൊരി അവലും ഇട്ട് മുകളില് നിലക്കടല വിതറി വലിയൊരു കുറ്റിഗ്ലാസ് നിറയെ സ്‌പെഷ്യൽ അവിൽ മിൽക്ക് സ്പൂണ് കൊണ്ട് കോരി കഴിക്കും..

അതും കഴിഞ്ഞ് ഉച്ചക്കുള്ള ഭക്ഷണം ഉണ്ടാക്കുന്ന തിരക്കാണ്. ഉപ്പേരിക്കുള്ള ക്യാരറ്റ് അരിയുമ്പോ മെല്ലിഞ്ഞ ഭാഗം മുഴുവനും ഞാൻ കഴിക്കും. സാമ്പാറിലേക്കുള്ള പച്ചക്കായയും കോവക്കയും അണ്ണാക്കിലോട്ട് തള്ളും. മീൻ പൊരിക്കുമ്പോ ഞെരിഞ്ഞത് നോക്കി ഉപ്പുണ്ടോ മുളകുണ്ടോന്ന് നോക്കും.

കുളിയൊക്കെ കഴിഞ്ഞ്  വിശാലമായി നല്ലൊരു പ്ലേറ്റ് ചോറുണ്ണും. അത് കഴിഞ്ഞ് എനിക്ക് മധുരം നിർബന്ധമാണ്. ജിലേബിയോ ചോക്ലേറ്റോ അങ്ങനെ എന്തേലും കഴിക്കും. വൈകിട്ട് പഴം കഴിക്കും. ചായക്ക് കടിയുണ്ടാക്കി അത് കഴിക്കും. രാത്രി മക്കൾക്ക് ചോറ് കൊടുക്കുമ്പോ അതിന്റെ ബാക്കി കഴിക്കും. ഞാൻ ഇക്ക വന്നിട്ടാണ് കഴിക്കാറ്..

മൂന്നാല് ദിവസം മുമ്പ് രാത്രി പത്ത് മണി കഴിഞ്ഞപ്പോ ഞാനും ഇക്കയും കൂടെ ചോറ് കഴിച്ചോണ്ടിരിക്കാണ്. മീനും ചീര ഉപ്പേരിയും പപ്പടവും അമ്പഴങ്ങ അച്ചാറും കൂട്ടി വയറ് നിറഞ്ഞ് കവിയോളും ഞാൻ കഴിച്ചു. വെള്ളം കുടിച്ചു. മധുരത്തിന് മക്കൾക്ക് കൊണ്ടോന്ന ബെല്ല മുട്ടായീന്ന് രണ്ടെണ്ണം കഴിച്ചു.

അത് കഴിഞ്ഞ് പാത്രങ്ങള് കഴുകി വച്ച് ഇക്ക കൊണ്ടോന്ന സാധനങ്ങള് ഫ്രിഡ്ജിലേക്ക് വെക്കുമ്പോഴാണ് ഞാനത് കണ്ടത്. നല്ല കൊതിപ്പിക്കുന്ന മണമുള്ള മൂത്ത് പഴുത്ത മല്ലിക മാങ്ങ. സീസൺ കഴിഞ്ഞ ശേഷം ആദ്യമായിട്ടാണ് മാങ്ങ കൊണ്ട് വരുന്നത്. എന്റെ വയറിലന്നേരം ഒരു തുള്ളി പോലും സ്ഥലമില്ല.

മാങ്ങ കയ്യില് പിടിച്ച് നിന്നപ്പോ ഹരിതകർമ്മ സേനയുടെ ട്രാക്ടറ് പോലെ ഫുള്ളായ വയറ് എന്നെ നോക്കി ദയനീയമായി കരഞ്ഞു. ഞാൻ അടുക്കള വാതിലിലൂടെ ഒളിഞ്ഞ് നോക്കി. ഇക്ക ഫോണില് വീഡിയോ കണ്ട് കിടപ്പാണ്. ഉമ്മയും ഉപ്പയും ഐ ഫോണിന്റെയും നോക്കിയയുടെയും റിംഗ്ടോണ് പോലെ കൂർക്കം വലിക്കുന്നുണ്ട്.

അടുക്കളയിലേക്കുള്ള ചില്ലുവാതിലും പുറത്തോട്ടുള്ള മരവാതിലും കുറ്റിയിട്ടു.
നട്ടപ്പാതിരാക്കും തീറ്റയാണെന് ആരും അറിയണ്ട. വലിയ മാങ്ങ നോക്കി എടുത്ത് തൊലി ചെത്തി ഏമ്പക്കം വിട്ടോണ്ടാണേലും മുഴുവനും കഴിച്ചു.
ഇനി തൊണ്ടിമുതല് നശിപ്പിക്കണം. അല്ലെങ്കിൽ ദൃക്‌സാക്ഷികൾ ഇല്ലാത്ത ഈ ക്രൈം സാഹചര്യ തെളിവ് വെച്ച് പിടിക്കപ്പെടും.

അടുക്കളയുടെ ജനലിനപ്പുറത്ത് മുളങ്കാടാണ്. മാങ്ങയണ്ടിയും തൊലിയും എടുത്ത് ഞാൻ ജനലിലൂടെ കയ്യിട്ട് മുളക്കാട്ടിലേക്ക് നീട്ടിയെറിഞ്ഞു. കാർന്നോമ്മാരെ പറയിപ്പിക്കാനോ എന്റെ ഭാഗ്യക്കേടോ എന്തോ പുറത്തോട്ടിട്ട കയ്യ് അകത്തോട്ട് വലിക്കാൻ പറ്റുന്നില്ല.

പല തവണ ശ്രമിച്ചിട്ടും ഒന്നര പവന്റെ, നോട്ട് ദി പോയിന്റ്, ഒന്നര പവന്റെ,  സ്വർണ്ണ വള ചളുങ്ങിയിട്ടും ഞാനൊച്ചയില്ലാതെ കരഞ്ഞിട്ടും കയ്യെന്നെ ചതിച്ചു.

രണ്ട് വാതിലും കുറ്റിയിട്ടതോർത്ത് ഞാൻ ഏങ്ങലടിച്ചു. ഒടുവിൽ, അടുക്കളയിൽ നിന്നും എലി കേറിയ ശബ്ദം കേട്ടപോലെ, ഇക്ക വന്നു. കൂടെ ഉറങ്ങിക്കിടന്ന നോക്കിയ ഉണർന്നു. ഐഫോൺ ക്രുദ്ധനായി. കുറച്ച് സമയത്തേക്ക് ഞാൻ അന്ധയും ബധിരയും മൂകയുമായി.

മുൻവശത്തെ വാതില് തുറന്ന് മുളഞ്ചോട്ടിലെത്തി അടുക്കളയിലെ ജനലീന്ന് എന്റെ കൈ പിടിച്ച് അകത്തോട്ട് തള്ളുമ്പോ ഞാൻ ഒച്ചയില്ലാതെ കരഞ്ഞു..

ചളുങ്ങി കോടിയ വളയിട്ട കൈ കൊണ്ട് ചില്ലു വാതില് തുറക്കുമ്പോ എന്റെ വയറില് കൂമൻ കുത്തി..ഞാൻ വയറ് മുറുക്കനെ പൊത്തി പിടിച്ചു..

ഫോണിലെ ബാക്കി വീഡിയോ കണ്ടോണ്ടിരിക്കുന്ന കെട്ടിയോന്റെ അരികില് കിടക്കുമ്പോ വള കോറി ചോര വന്ന കയ്യിലേക്ക് ഞാൻ നിർത്താതെ ഊതി.

“എന്റെ വാപ്പാക്ക് വാഴക്കുല കച്ചോടം ആയോണ്ട് മല്ലികാ മാങ്ങ വാങ്ങാനൊന്നും.. “

മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല…മൂപ്പരെന്റെ വായ പൊത്തി പിടിച്ചു…

അതും മുറുക്കനെ…

ഇനി മേലാൽ മിണ്ടരുതെന്നാണോ….തിന്നരുതെന്നാണോ….

ആവോ..ആർക്കറിയാം..

~Shabna shamsu❤️