Story writen by Sajitha Thottanchery
======================
“ശ്രുതീ…ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ വിഷമിക്കരുത്”
അടുത്ത സുഹൃത്തായ ദേവിക മുഖവുര പോലെ ശ്രുതിയോട് പറഞ്ഞു
“നീ പറയെടീ, അല്ലെങ്കിലും ഇപ്പൊ വല്ലാത്തൊരു മരവിപ്പാ. വിഷമം ഒന്നും അങ്ങനെ വരാറില്ല” നിർവികാരയായി ശ്രുതി പറഞ്ഞു.
“ഇത് അങ്ങനെ അല്ല. സുധേച്ചി ഇന്നലെ അയൽക്കൂട്ടത്തിൽ വന്നപ്പോൾ പറയുന്ന കേട്ടതാ. നീ ഇപ്പൊ ഇങ്ങനെ ഒക്കെ പറഞ്ഞുണ്ടാക്കുന്നത്, നിനക്ക് വേറെ ഏതോ റിലേഷൻ ഉള്ളത് കൊണ്ടാണ്, ഏതോ ഒരുത്തന്റെ കൂടെ ഇറങ്ങി പോകാൻ വേണ്ടി ഉള്ള വഴി ഉണ്ടാക്കാൻ വേണ്ടി ആണെന്നൊക്കെ. ഞാൻ അവിടെ ഉള്ളത് അവർ അപ്പൊ ശ്രദ്ധിച്ചില്ല. എന്നെ കണ്ടതും അവർ പെട്ടെന്ന് നിറുത്തി.” ദേവിക സങ്കടത്തോടെ പറഞ്ഞു
“ഞാൻ ഇത് പ്രതീക്ഷിച്ചത് തന്നെ ആണെടീ. വല്യമ്മേടെ മകൻ ആണെങ്കിലും അവരുടെ ആങ്ങള ആണല്ലോ എൻ്റെ ഭർത്താവെന്നു പറയുന്ന ആ മനുഷ്യൻ. തെളിവ് സഹിതം ഞാൻ അയാളുടെ കള്ളത്തരം പിടിച്ചപ്പോൾ എല്ലാര്ക്കും എന്നെ കുറ്റം പറയാൻ തന്നെയാ തിടുക്കം. ചെന്ന് പറയാൻ എനിക്ക് വീട്ടിലും ആരും ഇല്ലാത്ത അവസ്ഥ അല്ലെ ? സ്വന്തം വീട്ടിൽ ഉള്ളവരുടെ തെറ്റ് പറഞ്ഞു മനസ്സിലാക്കി തിരുത്താൻ അവർക്കൊന്നും വയ്യ. ന്യായീകരിക്കാൻ കാരണങ്ങൾ തേടുകയാ എല്ലാവരും. ഭാര്യ ശെരിയല്ലെങ്കിൽ ഭർത്താവ് വേറെ പോകുമത്രേ. അതാണ് അവസാനത്തെ ഡയലോഗ്. വേറെന്ത് തെറ്റും സഹിക്കാൻ ഒരു പെണ്ണിന് പറ്റും. ഇതിനെ ന്യായീകരിക്കുന്നത് മാത്രം സഹിക്കാൻ ആവുന്നില്ല എനിക്ക്. എന്തായാലും എത്രത്തോളം പോകുമെന്ന് നോക്കട്ടെ…” ശ്രുതി നിസ്സഹായതയോടെ പറഞ്ഞു
“ഇത്രത്തോളം ഒന്നും സഹിക്കാൻ നിന്ന് കൊടുക്കണമെന്ന് എനിക്ക് തോന്നുന്നില്ല. ഇതിനേക്കാൾ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നത് തന്നെയാ. നീ വിഷമിക്കണ്ട. നിനക്ക് ശെരിയെന്നു തോന്നുന്ന ഒരു തീരുമാനം നീ എടുക്കണം. മറ്റുള്ളവരുടെ വാക്കുകൾ നിന്നെ തളർത്തരുത്. മറ്റൊരാൾ നിന്നെ പറയുന്ന കേട്ടപ്പോൾ അത് നിന്നോട് വന്നു പറയണമെന്ന് എനിക്ക് തോന്നി. നമ്മൾ കേൾക്കാതെ ഇനിയും പലതും പറഞ്ഞു പരത്തുന്നുണ്ടാകും അവർ.” ദേവിക പറഞ്ഞു
“അറിയാമെടി, നീ കേട്ടത് കൊണ്ട് എന്നോട് നേരിട്ട് വന്നു പറഞ്ഞു. എത്ര പേര് എൻ്റെ മുഖത്തു നോക്കി ചിരിച്ചു ഉള്ളിൽ പരിഹസിക്കുന്നുണ്ടാകും. എന്തായാലും ഞാൻ ഇത് അവരോട് ചോദിക്കും. ചോദിക്കുന്നത് കൊണ്ട് നിനക്ക് പ്രശ്നം ഒന്നും ഇല്ലാലോ ല്ലേ” ശ്രുതി സംശയത്തോടെ ദേവികയെ നോക്കി
“നീ ചോദിച്ചോടീ, അത് കൊണ്ട് എന്ത് വന്നാലും എനിക്ക് ഒന്നുമില്ല. എനിക്ക് നിന്നെക്കാൾ വലുതല്ല അവർ ആരും. ഈ നാട്ടിലേക്ക് കുറച്ചു നാളുകളിലെ വ്യത്യാസം കൊണ്ട് മാത്രം മരുമക്കൾ ആയി വന്നവരാ നമ്മൾ. അന്ന് മുതൽ എനിക്ക് നീ എൻ്റെ ആരൊക്കെയോ ആണ്” ശ്രുതിയെ കെട്ടിപ്പിടിച്ചു അത്രേം പറഞ്ഞു ദേവിക അവിടെ നിന്നും പോയി.
ദേവിക പോയത് മുതൽ ശ്രുതിയുടെ മനസ്സിൽ എന്തെന്നറിയാത്ത ഒരു ദേഷ്യം ആളിക്കത്തുകയാണ്. സത്യങ്ങൾ എല്ലാം അറിഞ്ഞിട്ടു പോലും മറ്റുള്ളവരുടെ മുന്നിൽ തന്നെ പറ്റി അനാവശ്യം പാടി നടക്കാനുള്ള തന്റെ ഭർത്താവിന്റെ വീട്ടുകാരുടെ വൃത്തികെട്ട മനസ്സിനെ എത്ര ആലോചിച്ചിട്ടും അവൾക്ക് മനസ്സിലാവുന്നില്ലായിരുന്നു. ഈ പറയുന്ന സുധേച്ചി ആണെങ്കിൽ തന്റെ അടുത്തു വരുമ്പോൾ ഒന്നും അറിയാത്ത ഭാവത്തിൽ ആണ് സംസാരിക്കുക. എന്തായാലും അവരോട് ഒന്ന് സംസാരിക്കാൻ തന്നെ അവൾ തീരുമാനിച്ചു…
“സുധേച്ചീ, ഒന്നിങ്ങോട്ട് വരാമോ ?” നാലു വീട് അപ്പുറം ഉള്ള സുധയെ അവൾ ഫോൺ വിളിച്ചു ചോദിച്ചു
സ്വന്തം ചെറിയമ്മയുടെ വീട് ആണെങ്കിലും അവിടത്തെ രഹസ്യങ്ങൾ അറിയാനും നാട്ടിൽ പരദൂഷണം പറഞ്ഞു നടക്കാനും ഉള്ള വല്ലാത്തൊരു ഇഷ്ടം ഉള്ള കൂട്ടത്തിലാണ് സുധ. ശ്രുതിയുടെ വിളി കേട്ടപ്പോൾ അത് പോലെ എന്തെങ്കിലും പറയാനാകും എന്ന് കരുതി അവൾ ഓടി വന്നു
“എന്താ മോളെ, എന്തിനാ വിളിച്ചേ ?” വാക്കുകളിൽ തേൻ കിനിയുന്ന രീതിയിൽ അവർ ചോദിച്ചു
“ഒന്നുമില്ല സുധേച്ചീ, എനിക്ക് ഒരു സംശയം ചോദിക്കാനായിരുന്നു. ചേച്ചിയോട് അല്ലാതെ വേറെ ആരോടും എനിക്ക് അതിനെ പറ്റി ചോദിക്കാൻ പറ്റില്ലാ. അതാ വിളിച്ചേ.” സ്നേഹത്തോടെ തന്നെ ശ്രുതി പറഞ്ഞു
“പറഞ്ഞോ മോളെ, ഇവിടിപ്പോ ആരും ഇല്ലാലോ. ആരേലും വരാണെന്നു മുൻപ് വേഗം ചോദിച്ചോ.” സുധ ഒന്ന് കൂടി അവളോട് ചേർന്നിരുന്നു
“ഞാൻ ഒരു ബാഗൊക്കെ ഒരുക്കി വച്ചിട്ട് കുറച്ചു ദിവസമായി. ഒളിച്ചോടാനേ….ഞാൻ ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അതിനു വേണ്ടിയാണല്ലോ” ശ്രുതി പകുതിയിൽ നിറുത്തി
“നീ എന്താ ഈ പറയുന്നേ…” സുധയ്ക്ക് എന്തോ അപകടം മണത്തു
“അല്ല സുധേച്ചി, പോകാൻ എല്ലാം റെഡി ആയി. ഒരൊറ്റ പ്രശ്നം മാത്രേ ഉള്ളു. ആരുടെ കൂടെ പോകണം എന്ന് അറിയില്ല. ഇത്രയ്‌ക്കൊക്കെ മറ്റുള്ളവരോട് പറഞ്ഞ ചേച്ചിക്ക് ആളെയും കാണിച്ചു തരാൻ പറ്റണമല്ലോ. വേഗം ഒന്ന് കാണിച്ചു തന്നാൽ എനിക്ക് അങ്ങോട്ട് ഇറങ്ങി പോകാമായിരുന്നു” ശ്രുതിയുടെ വാക്കുകളിൽ നിന്നും കാര്യം മനസ്സിലായ സുധ ഇറങ്ങി പോകാനായി എണീക്കാൻ ശ്രമിച്ചു
“നിങ്ങൾ എങ്ങോട്ടാ…അവിടെ ഇരിക്ക്. എനിക്ക് ഉള്ള മറുപടി തന്നിട്ട് പോയാൽ മതി ” ശ്രുതിയുടെ ശബ്ദം കനത്തു
ഇരുന്ന ഇരുപ്പിൽ ഭൂമി പിളർന്നു താഴോട്ട് പോയിരുന്നെങ്കിൽ എന്ന് സുധ ആഗ്രഹിച്ചു
“നിങ്ങളോട് ആരുടേം കുറ്റം പറയരുത് എന്നൊന്നും ഞാൻ പറയുന്നില്ല. അത് നിങ്ങൾക്ക് ബുദ്ധിമുട്ടാകും. പക്ഷെ എന്നെ പറ്റി എന്തെങ്കിലും ഇനി പറഞ്ഞു എന്ന് ഞാൻ അറിഞ്ഞാൽ, അവിടേം ഇവിടേം പോയി പറയുന്ന സ്വഭാവം ഒന്നും എനിക്ക് ഉണ്ടാകില്ല. ആകെ കത്തി നില്ക്കാന് ഞാൻ. എന്താ ഞാൻ ചെയ്യുക എന്ന് എനിക്ക് തന്നെ ഒരു നിശ്ചയം ഇല്ല. അത് കൊണ്ട്, ആവർത്തിക്കാതിരുന്നാൽ നിങ്ങൾക്ക് കൊള്ളാം” താക്കീതായി ശ്രുതി പറഞ്ഞു
“ഇല്ല മോളെ, അത് അറിയാതെ പറ്റിയതാ, എന്നോട് വല്യമ്മ ആണ് അങ്ങനെ ഒക്കെ പറഞ്ഞത്. ഞാനായിട്ട് ആരോടും ഒന്നും പറയില്ല. ഞാൻ പോകട്ടെ. വീട്ടിലെ പണിയൊന്നും തീർന്നില്ല”
എങ്ങനെയോ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു ഓടുന്ന സുധയെ കണ്ടപ്പോൾ ശ്രുതിയുടെ ഉള്ളിൽ ചിരി വരാതിരുന്നില്ല.
മുഖത്തു നോക്കി പ്രതികരിച്ചാൽ തീരാവുന്നതേ ഉള്ളൂ ഇത് പോലുള്ള മനുഷ്യർ എന്ന് മനസ്സിൽ ചിന്തിച്ചു അവളും അകത്തേയ്ക്ക് കയറി
~Sajitha Thottanchery