കുടുംബജെറ്റ്
Story written by Sebin Boss J
=======================
”’നാളെ ഫെയർ വെല്ലാ കൊച്ചിന്റെ ”
കട അടച്ചുവന്നു ഷർട്ട് ഹാങ്ങറിലേക്ക് ഇടുമ്പോഴാണ് സുധയുടെ ഓർമ്മപ്പെടുത്തൽ…
മണികണ്ഠൻ ഹാങ്ങറിലേക്കിട്ട ഷർട്ടിന്റെ പോക്കറ്റിലുള്ള പണം വലിച്ചെടുത്തു. നൂറിന്റെ ഒരു നോട്ടും നാലഞ്ച് പത്തുരൂപാ നോട്ടുകളും .
”എത്രയാടീ ഫീസ് ?”
”ആഹാ..അത് കൊള്ളാം, അഞ്ഞൂറാണെന്ന് ഞാനിന്ന് രാവിലേം കൂടെ പറഞ്ഞു വിട്ടതല്ലേ ? ശ്ശെടാ !!”
സുധ അടുക്കളയിലേക്ക് മടങ്ങി .
അഞ്ഞൂറാണ്. രാവിലെ പറഞ്ഞു വിട്ടതുമാണ്, ശെരിയാണ്. പക്ഷെ ആ അഞ്ഞൂറ് രൂപ എവിടുന്നെടുക്കും ? ഓരോ തവണയും പീടികയിലെ പണപ്പെട്ടി തുറക്കുമ്പോൾ അതിൽ കാശ് മുളച്ചുണ്ടാകുന്നില്ലല്ലോ !പേരിനൊരു കച്ചവട സ്ഥാപനമുണ്ട് .?അതുമൊരു ഗ്രാമ പ്രദേശത്ത്. കാർഷിക വിളകളുടെ ലഭ്യതക്കുറവും വിലക്കുറവും എന്തിന് കാലാവസ്ഥയും വരെ ഗ്രാമത്തിലെ കച്ചവടത്തിനെ ബാധിക്കും. ശമ്പളക്കാരെ പോലെ മാസാവസാനം എണ്ണിത്തിട്ടപ്പെടുത്തി എടുക്കാനാവില്ലല്ലോ കടയിൽ നിന്ന്….
എന്നാപ്പിന്നെ നിർത്തീട്ട് മറ്റുവല്ല പണിക്കും പോയ്ക്കൂടെ എന്ന് ചോദിക്കും !! അതിനുള്ള ആരോഗ്യവും വിദ്യാഭ്യാസവും ഉണ്ടാവണ്ടേ ? പത്തിരുപത് വർഷമായിട്ട് ഈ കട കൊണ്ട് എന്തുണ്ടാക്കി എന്ന് സുധയും ചോദിക്കാറുണ്ട്
ശെരിയാണ്. അടച്ചുറപ്പുള്ള ഒരു വീടോ ഒരുതരി സ്വർണമോ ഉണ്ടാക്കാനായിട്ടില്ല. എങ്കിലും ആരോഗ്യ പ്രശ്നങ്ങളുള്ള അവളെയും മക്കളെയും പട്ടിണി കൂടാതെ ഈ പത്തിരുപതു വർഷം നോക്കിയില്ലേ ?
അത് ചിന്തിക്കില്ല. കുറ്റപ്പെടുത്താനും ഉത്തരവാദിത്വങ്ങളിൽ നിന്നുമൊഴിഞ്ഞു മാറാനുമേ നോക്കൂ…
കല്യാണം കഴിഞ്ഞെന്ന് കരുതി ജീവിതാന്ത്യം ചിലവിന് കൊടുക്കണം എന്നൊരു നിയമം ഇന്ത്യൻ നിയമസംഹിതയിൽ ഉണ്ടോ ആവൊ ?!!
”ഈ അഞ്ഞൂറ് രൂപ എന്തിനാ ? നമ്മുടെ ഒക്കെ കാലത്ത് അമ്പതു രൂപ പോലുമില്ലായിരുന്നു. ഒരു ഗ്രൂപ് ഫോട്ടോ എടുക്കും. വല്ല പബിസ്ക്കറ്റോ പഴമോ നാരങ്ങാവെള്ളമോ കാണും. ടീച്ചേഴ്‌സും അതുകൊണ്ട് തൃപ്തിപ്പെടും . ”
”’ആ, അനുഭവിച്ചോ ? വല്യ ഉത്സാഹമല്ലായിരുന്നോ ഇഗ്ലീഷ് മീഡിയത്തിൽ ചേർക്കാൻ ? ഇത് നമ്മുടെ പണ്ടത്തെ സോഷ്യല് പോലെയല്ല..ഫെയർവെല്ലാ..ഫെയർവെൽ”
സുധ പറഞ്ഞപ്പോൾ മണികണ്ഠൻ ഊണുമേശയിലെ പ്ളേറ്റ് നീക്കിവെച്ച് എണീറ്റു
”നിങ്ങള് കഴിക്കുന്നില്ലേ ? കറി കൊള്ളത്തില്ലാഞ്ഞിട്ടാണോ ?”
കഴിക്കാതെണീറ്റപ്പോൾ സുധ ഉത്തമയായ ഭാര്യയായി
നാവിന്റെ രുചി മുകുളത്തേക്കാൾ ആഹാരത്തിന് രുചി നൽകുന്നതാണല്ലോ മനസംതൃപ്തി. രണ്ടു ചുവന്നുള്ളി ചതച്ചു കാന്താരിയും പൊട്ടിച്ചു ഉപ്പുമിട്ടിളക്കി സ്നേഹത്തോടെ വിളമ്പിയാൽ അതിനും മധുരമാകും. സാധാരണ അത്താഴവും കഴിഞ്ഞ് കാറ്റും കൊണ്ട് ഉമ്മറത്തിരിക്കുമ്പോഴാണ് ഭാരിച്ച ജീവിതച്ചിലവുകളെ പറ്റി സുധ സംസാരിക്കാറുള്ളത്. വന്നുകയറുമ്പോഴേ പ്രാരാബ്ധങ്ങളുടെ കെട്ടഴിച്ചിടരുതെന്ന് പറഞ്ഞിട്ടുണ്ട്.
പറയാതെ വയ്യ, എങ്കിലും ഒരു പിടി കഞ്ഞി കുടിച്ചിട്ടൊന്ന് സ്വസ്ഥമായിട്ടായാൽ പോരെ എന്ന് പണ്ടൊന്ന് ചോദിച്ചതിൽ പിന്നെ സുധ അക്ഷരംപ്രതി അതനുസരിച്ചിട്ടുണ്ട്. ഇത് അത്രമാത്രം പ്രാധാന്യം ഉള്ള സംഗതിയാണെന്ന് കരുതിയാകും വന്നു കയറിയപ്പോഴേ ഓര്‍മിപ്പിച്ചത്.
അതേ, പ്രാധാന്യമേറിയതാണ്..കാശിന്റെ കാര്യം എന്തായാലും അത് പ്രാധാന്യമേറിയതാണല്ലോ
” വിശപ്പില്ല, വയറ് നിറഞ്ഞ പോലാ ..”
ഉമ്മറത്തിരുന്നു കാലുകൾ നീട്ടി ആരഭിത്തിയിലേക്ക് ചാരിയിരുന്നു. ചൂട് കൂടുകയാണ്. വീടിനുള്ളിലേക്ക് കയറിയാൽ നല്ല പുഴുക്കമാണ്.?ഫാനിടാതെ കിടക്കാനാവില്ല.?ഫാനിനേക്കാൾ വേഗതയിലാണ് വൈദ്യുതി മീറ്റർ കറങ്ങുന്നത്. കറന്റ് ചാർജ്ജിനൊരു കുറവുമില്ല. ഉറക്കവും കുറവാണിപ്പോൾ, നാളെ എന്നതൊരു ഒരു ഭീകര സത്വമായി നിൽക്കുമ്പോൾ എങ്ങനെയാണ് ഉറങ്ങാനാകുക. അതുകൊണ്ട് ഉറക്കം കൺപീലികളെ തഴുകുമ്പോഴാകും ഉള്ളിൽ കയറിൻ കിടക്കുക, പലപ്പോഴും ഉമ്മറത്ത് തന്നെയാവും പുലർകാലേയുള്ള ഉറക്കം.
”’പണ്ടത്തെ പോലെയല്ല ഇപ്പോഴത്തെ കാര്യങ്ങളൊന്നും, പണ്ടൊരു ഫോട്ടോയും രണ്ട് പഴോം ബിസ്ക്കറ്റും മതിയാരുന്നു. ഇന്ന് ബിരിയാണീം ടീച്ചർമാർക്കുള്ള സമ്മാനങ്ങളുമൊക്കെ വേണം ”’
ഉറങ്ങാനുള്ള മരുന്നുമായി സുധ അടുത്തുവന്നു അരഭിത്തിയിലിരുന്നു. മണികണ്ഠൻ ഒന്നും മിണ്ടിയില്ല.
”പിന്നെ ഇവർക്ക് ഒരേ രീതിയിലുള്ള ഉടുപ്പും വാങ്ങണം. അതിന് വേറെ പൈസ. ”’
സുധ നല്ല ഉറക്ക ഗുളികയാണ് കൊടുക്കുന്നത്. ഓരോ വാക്കും ചെവിയിലേക്ക് പതിക്കുമ്പോൾ ഓരോ ആഴ്ചത്തേക്കുള്ള ഉറക്കത്തിനുള്ള വകയായി
”കേശവൻ മാമന്റെ മോൾടെ കല്യാണത്തിന് അവരെടുത്തുതന്ന ഡ്രെസ് ഇല്ലേടി ? അതുപോരെ ?”’
”പിന്നെ…എല്ലാരും ഒരുപോലെ ഇടുമ്പോ ഇവള് മാത്രം മാറി നിക്കണോ ? അത് കൊച്ചിന് മോശമാകില്ലേ ? ഞാൻ രണ്ടാഴ്ച മുൻപേ പറഞ്ഞതാ അതിനുള്ള പൈസ വേണോന്ന്…സ്വന്തമിഷ്ടത്തിന് ഇംഗ്ലീഷ് മീഡിയത്തിൽ ചേർത്തതല്ലേ…എന്നിട്ടിപ്പോ….. ”
”നേരത്തെ പറഞ്ഞാൽ പൈസയുണ്ടാകുമോ ? അതിന് വല്ലോം വിൽക്കണം, വിൽക്കണോങ്കിൽ സാധനം മേടിച്ചുവെക്കണം…കച്ചോടമുണ്ടെൽ സാധനമെവിടുന്നേലും ലോണെടുത്തെങ്കിലും മേടിച്ചുവെക്കും…ഇപ്പൊ വീട്ടുചെലവിനുള്ള കച്ചോടം പോലും കഷ്ടിച്ചാ കിട്ടുന്നെ. പത്തോ മുന്നൂറോ വിറ്റാൽ അതുകൊണ്ടു ചിലവ് കഴിക്കാം. പക്ഷെ സാധനങ്ങൾ കുറയുവാ. അതെവിടുന്നിനി എടുത്തു വെക്കും. നിന്റെ പറച്ചിലുകേട്ടാൽ ഞാനേതാണ്ട് കയ്യീ വെച്ചോണ്ട് തരുന്നില്ലാത്ത പോലാണല്ലോ ‘
മണികണ്ഠന് ദേഷ്യം വന്നു
”ആ…ഇനിയെന്റെ മേലേക്കായിക്കൊ. ഞാനെന്ന ചെയ്യാനാ ? ഞാൻ അന്നേരെ പറഞ്ഞതാ പിള്ളേരെ ഇംഗ്ലീഷ് മീഡിയത്തിൽ ചേർക്കണ്ടാന്ന്. പഠിക്കുന്ന പിള്ളേരാണേൽ എവിടാണെലും പഠിക്കും. നമ്മളെന്താ ഇംഗ്ലീഷ് മീഡിയത്തിൽ ആണോ പഠിച്ചേ?”
”എന്നിട്ടെവിടെ വരെയെത്തി ? വല്ല ജോലിയുമായോ ? അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്നൊരു പഴംചൊല്ലുണ്ട് ”
സുധ കണ്ണ് തള്ളിച്ചവനെ നോക്കി. പെട്ടന്നവളുടെ മിഴികൾ നിറഞ്ഞു
മണികണ്ഠനും പറയണ്ടായിരുന്നു എന്നായി പോയി
അവളുടെ ആരോഗ്യപ്രശ്നങ്ങൾ അറിയാഞ്ഞിട്ടല്ല. എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും പട്ടിണിയാണെങ്കിലും കുഴപ്പമില്ല. എങ്ങനെയെങ്കിലും സന്തോഷമായി കഴിയാം, കുറ്റപ്പെടുത്തലുകൾ ഇല്ലാതെ, നല്ലൊരു പിന്തുണ കുടുംബത്തിൽ നിന്നുണ്ടെങ്കിൽ….
ഇതുപക്ഷേ എല്ലാം അറിഞ്ഞിട്ടും അവസാനം തന്നിലേക്ക് മാത്രം പഴിചാരൽ എത്തുമ്പോൾ ചിലപ്പോൾ പിടിവിട്ടുപോകും. അവൾക്കും മക്കൾക്കും തന്നോട് പറയാം..താൻ ആരോടാണ് പറയുക !!.
ഇനിയീ പ്രായത്തിൽ മറ്റൊരു ജോലിക്ക് പോകാനോ നോക്കാനോ പറ്റുന്ന ആരോഗ്യത്തിലല്ല. പണ്ടത്തെപ്പോലെയല്ല, എന്തും വരട്ടെയെന്ന പോലെ ഇറങ്ങിത്തിരിക്കാനുള്ള ധൈര്യമില്ല..ഒന്ന് തുഴഞ്ഞു നിൽക്കും വരെ നിലത്തുറപ്പിച്ചു ചവിട്ടാനുള്ള നിലമുണ്ടെങ്കിൽ ഒന്ന് ശ്രമിച്ചുനോക്കാമായിരുന്നു. അതില്ലാത്തവനെന്തു ചെയ്യാൻ പറ്റും ? പണം എറിഞ്ഞാലേ പണം കായ്ക്കൂ. അഞ്ചുസെന്റ് പട്ടയമില്ലാ ഭൂമി ഒരു ബാങ്കുകാർക്ക് പോലും വേണ്ട…
”സുധേ….ഏത് കൂലിപ്പണിക്കാരനും ആഗ്രഹമുണ്ടാകും ഒരു നേരം ആഹാരം മിച്ചം പിടിച്ചാണെങ്കിലും തന്റെ പിള്ളേരെ നന്നായി പഠിപ്പിക്കാൻ. അതെ ഞാനും ചെയ്തുള്ളൂ. പത്തുവർഷം പഠിപ്പിച്ചില്ലേ ? ഇപ്പോൾ മോശം അവസ്ഥയുണ്ടായി..ഞാൻ എന്ത് ചെയ്യാനാ ?”’
”എന്നിട്ടവര് പഠിക്കുന്നുണ്ടോ ? നിങ്ങക്ക് വല്ലോം അറിയാമോ ? രാവിലെ ഇറങ്ങിപ്പോയി ഫാനുമിട്ട് കടയിലിരുന്നേച്ചും വൈകിട്ട് കേറിവന്നാൽ മതി. മനുഷ്യനിവിടെ ഉരുകുവാ ”
സുധ കഠിനാധ്വാനത്തിന്റെ കെട്ടുകളഴിച്ചു
അകെ നാലു പേരേയുള്ളൂ. താനും ഉച്ചയൂണ് കൊണ്ട് പോകുന്നുണ്ട്.?പിള്ളേർക്കും പൊതിച്ചോറ് വേണമല്ലോ. എട്ടുമണിക്കുള്ളിൽ അടുക്കളപ്പണികൾ ഒതുങ്ങും പിന്നെ പിള്ളേര് വരുമ്പോ വല്ലോം ഉണ്ടാക്കിയാൽ മതി. അത്താഴത്തിനുള്ള അരിയും കൂടെ രാവിലെ ഇടുന്നതുകൊണ്ടു പിന്നൊന്ന് ചൂടാക്കിയാൽ മതി. അലക്കും പാത്രം കഴുകലും അഞ്ചു സെന്റ് പുരയിടത്തിലെ മുറ്റം തൂപ്പും എന്നിങ്ങനെ ശരാശരി വീടുകളിലെ പണിയേ ഉള്ളൂ….
പക്ഷെ അത് പറഞ്ഞാൽ ബൂമറാങ്ങുപോലെ വാക്കുകൾ ഇങ്ങോട്ടുതന്നെ വരും, വേണ്ട ഇപ്പൊത്തന്നെ ഒരാഴ്ചത്തേക്കുള്ള ഉറക്കത്തിനുള്ള മരുന്ന് ആയി. അങ്ങോട്ട് കുറ്റപ്പെടുത്താതിരിക്കാനുള്ള ഒരു മുഴം മുന്നേയെറിയുന്നതാണ് ഈ കഠിനാധ്വാനകണക്കുകൾ…
”ആ, രണ്ടു ദിവസം കഴിഞ്ഞ് നോക്കാം പൈസ..അതിനുള്ളിൽ വല്ല കച്ചോടം കിട്ടുമായിരിക്കും. എന്തെങ്കിലും മറിമായം നടന്നാൽ ഭാഗ്യം, കച്ചവടം ഒന്നും നമ്മുടെ കൈയിലല്ലല്ലോ..പട്ടണത്തിൽ ഇഷ്ടം പോലെ സൂപ്പർമാർക്കറ്റുകളും ഓൺലൈൻ ശ്രംഖലകളുമായി. സാധാരണക്കാർ വല്ല അത്യാവശ്യത്തിനും ഓടി വരുന്നതേയുള്ളൂ. അതും മിക്കവാറും കടം വാങ്ങും…
സാധാരണക്കാർക്ക് പൈസ ഉണ്ടേലെ ഗ്രാമ പ്രദേശത്തു കച്ചോടമുളളൂ. പെൻഷൻ കിട്ടുന്ന ദിവസമാണേൽ രണ്ടുദിവസം ചെറിയ അനക്കം ഉണ്ടാകുമായിരുന്നു. അതും മൂന്നാലു മാസമായി മുടങ്ങിക്കിടക്കുവല്ലേ ”
മണികണ്ഠൻ ആരോടെന്നില്ലാതെയാണ് അത് പറഞ്ഞത്
കാരണം സുധ അവിടെ നിന്നതിന് മുൻപേ അകത്തേക്ക് കയറിയിരുന്നു.?അവൾക്ക് ഉറക്കമിളക്കാൻ പാടുള്ളതല്ല
”മണിയേ…..പെൻഷൻ വന്നോടാ ?”
”ഇല്ല… ”
രാവിലെ പീടിക തുറന്ന് അപ്പുറത്തെ ബാങ്കിന്റെ ഷട്ടറിനിടയിൽ നിന്ന് പാർട്ടിപത്രമെടുത്തു വായിക്കുകയായിരുന്ന മണികണ്ഠൻ തലയുയർത്താതെ തന്നെ പറഞ്ഞു
പത്രത്തിൽ ബജറ്റിനെ പുകഴ്ത്തിയുള്ള വാർത്തകളാണ് മുഴുവനും….രാഘവേട്ടന്റെ ചായക്കടയിലെ പ്രതിപക്ഷത്തിന്റെ പത്രത്തിൽ ബജറ്റിനെ കുറ്റപ്പെടുത്തിയുള്ള വാർത്തകൾ വായിച്ചു മടുത്തിരുന്നു. പരസ്പരം പഴി ചാരുന്നതല്ലാതെ ഭരണത്തിൽ വന്നാൽ ഇരുകൂട്ടരും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്
പട്ടയത്തിന്റെ പുറകെ നടക്കാൻ തുടങ്ങീട്ട് കാലങ്ങളായി. അവര് ഭരണത്തിൽ കേറുമ്പോ ഇവര് സമരം നടത്തും. ഇവര് കയറുമ്പോൾ അവര് ഹർത്താൽ നടത്തും. പൊതുജനങ്ങളെ കുരങ്ങുകളിപ്പിക്കാൻ ഭരണത്തിൽ കയറിയാലുടൻ ഒരു അപേക്ഷ ക്ഷണിക്കലും ഉണ്ടാകും. വല്ലപ്പോഴും കിട്ടുന്നൊരു പണിയും കളഞ്ഞു പൊരി വെയിലത്ത് അപേക്ഷ നൽകാൻ ക്യൂ നിൽക്കുന്നത് മാത്രം മിച്ചം
” ശാരദ പറഞ്ഞു വന്നെന്ന് ”
”ശ്ശെടാ….ഇല്ലന്ന് പറഞ്ഞില്ലേ ? വാ..ഒന്നൂടെ നോക്കാം ”
നാരായണേടത്തി പോകുന്ന ലക്ഷണമില്ല. എല്ലാ മാസവും ഒന്നാം തീയതി മുതൽ പെൻഷൻ കിട്ടുന്നത് വരെ നാരായണേട്ടത്തി മുടങ്ങാതെ കട തുറക്കും സമയം മുന്നിലുണ്ടാകും.
ബാങ്കിന്റെ എടിഎമ്മിൽ നിന്ന് തൊഴിലുറപ്പുകാർക്കും വാർദ്ധക്യ പെൻഷൻ വാങ്ങുന്നോരും മണികണ്ഠനെ ആണ് സമീപിക്കുന്നത്. അത്കൊണ്ട് തന്നെ പെൻഷൻ വന്നിട്ടുണ്ടോയെന്നവന് നന്നായിയറിയാം. തലേന്ന് കട അടക്കാൻ നേരവും ഒരാൾക്ക് വേണ്ടി ചെക്ക് ചെയ്തതാണ്
നാരായണിയേടത്തി മിക്ക ദിവസവും വരും. വന്നിട്ടില്ലെന്ന് പറഞ്ഞാലും എടിഎമ്മിൽ കയറിയൊന്ന് നോക്കിയാലേ സമാധാനമാകൂ. പറഞ്ഞിട്ടുകാര്യമില്ല. സുധാകരേട്ടനും നാരായണിയേട്ടത്തിക്കും വേറെ വരുമാനമൊന്നുമില്ല. മക്കളൊക്കെ തിരിഞ്ഞുപോലും നോക്കുന്നുമില്ല
” ആഹാ..വന്നിട്ടുണ്ടല്ലോ ”
ബാലൻസ് ചെക്ക് ചെയ്തപ്പോൾ ഒരുമാസത്തെ പെൻഷൻ തുക അകൗണ്ടിൽ കണ്ടതും നാരായണിയേക്കാൾ സന്തോഷം മണികണ്ഠനായിരുന്നു.?വാർത്തയറിഞ്ഞാൽ ഏത് സമയോം എടിഎമ്മിൽ ആയിരിക്കുമെങ്കിലും ആളുകൾ എന്തേലുമൊക്കെ വാങ്ങും. നാരായണിയേടത്തിയും കുറച്ചു പറ്റ് കാശ് തരാനുണ്ട്..ബുക്കിൽ നോക്കി മൊത്തം തുകയും വാങ്ങണം. കൊച്ചിന് ഡ്രെസ് എടുക്കാൻ പറ്റിയില്ലെങ്കിലും ഫെയർവെല്ലിനുള്ള പണം ചിലപ്പോൾ കിട്ടിയേക്കും
”മൊത്തം അറുനൂറ്റമ്പത് രൂപ നിനക്ക് തരാനുണ്ട്. അഞ്ഞൂറുപിടിക്ക്….അതേയുള്ളൂ….വേറെ ചില കാര്യങ്ങളുണ്ട് .”
രണ്ടാളുടെയും പെൻഷൻ തുക എടുത്തു നീട്ടിയതും അതിൽ നിന്നൊരു അഞ്ഞൂറ് തിരിച്ചു നൽകി, തന്നെയും പിന്നെയും നോട്ടുകൾ എണ്ണി നോക്കി മതിയാകാതെ നാരായണി നടന്നകന്നപ്പോൾ യാന്ത്രികമായി മണികണ്ഠന്റെ കാലുകൾ പീടികയിലേക്ക് ചലിച്ചു. കയ്യിൽ കിട്ടിയ അഞ്ഞൂറുകൊണ്ട് സാധനങ്ങൾ എടുക്കണോ കൊച്ചിന്റെ ഫീ കൊടുക്കണോ എന്നുള്ള ആലോചനയിലായിരുന്നു മണികണ്ഠൻ. മറ്റ് പറ്റ് കാശുകളും കൃത്യമായി കിട്ടിയാൽ വാടകയും കറന്റ് കാശും എല്ലാം കൊടുക്കാനാകും. പക്ഷെ പലപ്പോഴും കിട്ടാറില്ല എന്നതാണ് സത്യം.
”മണിയെ….നമ്മുടെ രാജേഷ് ആശൂത്രീൽ കിടക്കുന്നത് നിനക്കറിയാല്ലോ, നിന്റെം പറ്റുപടിക്കാരൻ അല്ലാരുന്നോ അവൻ..ഒരു സഹായനിധി രൂപീകരിച്ചിട്ടുണ്ട് ഞങ്ങൾ…ഈ വർഷത്തെ പാർട്ടി ഫണ്ടും നീ തന്നിട്ടില്ല. സാഹചര്യങ്ങളൊക്കെ അറിയാം, എല്ലാം കൂടെ അഞ്ഞൂറിൽ നിർത്തുവാ കേട്ടോ ”
പാർട്ടിയുടെ ഏരിയ ചുമതലയുള്ള കറിയാച്ചൻ വെളുക്കെചിരിച്ചുകൊണ്ടു രശീത് എഴുതി, ശിലയായി നിൽക്കുന്ന മണികണ്ഠന്റെ പോക്കറ്റിൽ തിരുകിയിട്ട് വിറയ്ക്കുന്ന കയ്യിലിരുന്ന അഞ്ഞൂറിന്റെ നോട്ടും വാങ്ങി അടുത്ത കടയിലേക്ക് നടന്നപ്പോൾ, അകലെ നിന്ന് ഉത്സവ കമ്മറ്റിക്കാരുടെ തലവെട്ടം കണ്ട മണികണ്ഠൻ ഇനി കിട്ടാൻ പോകുന്ന പറ്റുകാശിനേക്കാൾ വലിയ സംഖ്യ ലാഭിക്കണമെന്നുള്ള ഉദ്ദേശത്തോടെ അതിവേഗം തന്റെ പീടികയുടെ തട്ടി താഴ്ത്തി വീട്ടിലേക്ക് നടന്നു
”പണമെന്നാഖ്യ കേൾക്കുമ്പോൾ പിണവും വാ പിളർന്നിടും പണമില്ലെങ്കിൽ ജാതിയുമില്ലൊരു രാഷ്ട്രീയവും…”
വീട്ടിലേക്ക് വന്നു കയറിയ മണികണ്ഠൻ മൂളിയ പാട്ടിന്റെ അർത്ഥമറിയാതെ സുധ തന്റെ കഠിനാധ്വാനത്തിന്റെയും ആവശ്യങ്ങളുടെയും ഉറക്ക ഗുളികകളുമെടുത്തു അവനെ അനുഗമിച്ചു….
-സെബിൻ ബോസ്