പ്രണയ പർവങ്ങൾ – ഭാഗം 01, എഴുത്ത്: അമ്മു സന്തോഷ്

ഒരു മലയോരഗ്രാമമാണ് പുല്ലാരിക്കുന്ന്

വളരെ ചെറിയ ഒരു ഗ്രാമം

നല്ലവരായ കുറച്ചു മനുഷ്യർ, കൃഷിയാണ് പ്രധാനജീവിത മാർഗം

ഗ്രാമത്തിൽ ആകെയുള്ളത് ഒരു പള്ളി, ഒരു എൽ പി സ്കൂൾ രണ്ട് ക്ഷേത്രങ്ങൾ,പാല് കൊടുക്കുന്ന ഒരു സൊസൈറ്റി. അഞ്ചു കിലോമീറ്റർ പോയാൽ ടൗണിൽ എത്താം. ദിവസവും രണ്ടോ മൂന്നോ ബസ് ഉണ്ട്. പക്ഷെ ആൾക്കാർ കൂടുതലും ജീപ്പുകളെ ആണ് ആശ്രയിക്കുന്നത്. അതാണ് സൗകര്യം. ജീപ്പുകൾ നഗരത്തിലേക്ക് ട്രിപ്പ് അടിക്കും. ഇവിടെ വിളയുന്ന പച്ചക്കറികൾ നഗരത്തിലെ ചന്തയിൽ കൊണ്ടാണ് പലരും കച്ചവടം ആക്കുക.

ജീപ്പുകൾ കുരിശുങ്കലേ സ്റ്റാൻലിയുടെ വകയാണ്. എൽ പി സ്കൂളും അദേഹത്തിന്റെ വക തന്നെ.നല്ല മനുഷ്യൻ ആണ് സ്റ്റാൻലി. അദേഹത്തിന്റെ ഭാര്യ ഷെർലിയും സാധുവാണ്. കണക്കില്ലാത്ത സ്വത്തുക്കൾ ഉള്ളതിന്റെ അഹങ്കാരം ഒന്നുമില്ല.

നാലു മക്കൾ ആണ് അവർക്ക്. ഏറ്റവും മൂത്തത് ഷെല്ലി. ഷെല്ലി കൊച്ചി നഗരത്തിൽ ബിസിനസ് ആണ്. അവൻ കുടുംബമായി അവിടെയാ താമസം.ഭാര്യ ബെല്ല വീട്ടമ്മ ആണ്. ഒരു മകള് . സന്തോഷമായി അവരങ്ങനെ കഴിഞ്ഞു പോകുന്നു.

രണ്ടാമത്തെ മകൾ ഷെറി അവൾ നേഴ്സ് ആണ്. ഭർത്താവും നേഴ്സ്. അവർ കാനഡയിൽ ആണ് അവർക്കു രണ്ട് കുഞ്ഞുങ്ങൾ.

മൂന്നാമത്തെ ആൾ ജെറി. അവൾ കല്യാണം കഴിച്ചിരിക്കുന്നത് കോട്ടയത്തു ഒരു കുടുംബത്തിൽ നിന്നാണ്. പ്രണയവിവാഹം ആയിരുന്നു. വിജയ് എഞ്ചിനീയർ ആണ്. സ്വന്തം ആയി കൺസ്ട്രക്ഷൻ കമ്പനിയാണ്. ജെറിയുംഎഞ്ചിനീയർ തന്നെ.

ഏറ്റവും ഒടുവിലുള്ള ആളാണ് ചാർലി

ചാർലി..

ആറടി പൊക്കത്തിൽ ഒരു ഒറ്റയാൻ

പഠിക്കാൻ മോശമായിരുന്നില്ല
പോലീസ് ആവാനായിരുന്നു ഇഷ്ടം

എസ് ഐ ടെസ്റ്റ്‌ കഴിഞ്ഞു പാസ്സ് ആയി ഫിസിക്കൽ കഴിഞ്ഞു നിൽക്കുന്ന സമയത്താണ് പള്ളി പെരുന്നാൾ വന്നത്

ആ പള്ളി പെരുന്നാളിന് പുറം നാട്ടിൽ നിന്ന് കുറച്ചുപേര് വന്നു

തല തെറിച്ച കുറച്ചു ആണുങ്ങൾ

മ-ദ്യപിച്ചു ബോധം ഇല്ലാതെ സ്ത്രീകളോട് മോശമായി പെരുമാറിയപ്പോൾ അത് സംഘട്ടനമായി

പിന്നെ ഒരു കുഞ്ഞിനോട് കാണിച്ച പരാക്രമം അതിർ വിട്ടപ്പോ
ചാർലിയുടെ കൈ കൊണ്ട് ഒരാൾ മരിച്ചു

ചാർലി ജയിലിലായി

സ്റ്റാൻലി തന്റെ എല്ലാ സ്വാധീനവും പുറത്തെടുത്തു

പക്ഷെ രണ്ടു വർഷം ജയിലിൽ കിടക്കേണ്ടി വന്നു

ഒടുവിൽ തെളിവുകളുടെ അഭാവത്തിൽ കോടതി അവനെ കുറ്റക്കാരൻ അല്ല എന്ന് കണ്ടു വെറുതെ വിട്ടു

അതിനു ശേഷം ആ വീട്ടിൽ സന്തോഷം ഉണ്ടായിട്ടില്ല

ഷേർലി പുറത്ത് ഇറങ്ങിയിട്ടില്ല

ആധി പിടിച്ചും വിഷമിച്ചും കരഞ്ഞും അവർ ഒരു രോഗിയായി മാറി

സ്റ്റാൻലി പുറമെയ്ക്ക് ഒന്നും ഭാവിച്ചില്ല

മറ്റു മൂന്ന് മക്കളും കുടുംബവും അയാൾക്കൊപ്പം നിന്നു

അവൻ കുത്തുന്നത് കണ്ടവരാണ് ഇടവകക്കാർ. പക്ഷെ ആരും സാക്ഷി പറഞ്ഞില്ല. കാരണം അത് ച-ത്തവന് ആവശ്യമായിരുന്നു അവൻ ച-ത്തത് നന്നായി എന്നുള്ള അഭിപ്രായം ആയിരുന്നു എല്ലവർക്കും. ഇച്ചിരി ഇല്ലാത്ത ഒരു കൊച്ചിനെയായിരുന്നു അവർ അന്ന് കയറി പിടിച്ചത്.അവൻ ചാ-വേണ്ടവൻ ആയിരുന്നു

കാലങ്ങൾ കഴിഞ്ഞു

ചാർലി ഇന്ന് ഇറങ്ങുകയാണ്

സ്റ്റാൻലി കാത്തു നിന്നു

ജയിലിന്റെ വാതിൽ തുറന്നു അവൻ അരികിലേക്ക് വരുമ്പോൾ കണ്ണീരു പുറം കൈ കൊണ്ട് തൂത്തു കളഞ്ഞു അയാൾ

ജയിൽ അവനെ കുറെ മാറ്റിക്കളഞ്ഞു എന്ന് അയാൾക്ക് തോന്നി

അല്ലെങ്കിലും ഒരു തവണ ജയിലിൽ പോയ ആ ആള് മാറിപ്പോകും. ഒരു പാട് മാറിപ്പോകും.

അവന്റെ മുഖത്ത് ജീവിതം മടുത്തു പോയവന്റെ നിരാശ ഉണ്ടായിരുന്നു

എന്തിനോടൊക്കെയുള്ള വെറുപ്പ് ആ മുഖത്ത് കല്ലിച്ചു കിടന്നു

അവൻ ഒരു അക്ഷരം പോലും പറയാതെ കാറിൽ കയറി

വീട്ടിൽ എത്തും വരെയും അവൻ ഒന്നും സംസാരിച്ചില്ല

ഷേർലി വാതിൽക്കൽ തന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു

കുടുംബത്തിലെ മുഴുവൻ പേരും ആ വീട്ടിൽ ഉണ്ട്

അവൻ കാറിൽ നിന്ന് ഇറങ്ങുമ്പോൾ അവർ മുന്നോട്ട് ഓടി വന്നു അവനെ കെട്ടിപ്പുണർന്നു

എന്റെ മോനെയെന്നുള്ള ഒരു നിലവിളിയോടെ പൊട്ടിക്കരഞ്ഞു കൊണ്ട് അവർ ആ മുഖത്ത് ഉമ്മ വെച്ചു

ചാർളിക്ക് ഏറ്റവും അടുപ്പം അമ്മയോടാണ്

അവൻ സ്റ്റാൻലിയുടെ മറ്റു മക്കളെ പോലെ ഒരുപാട് സംസാരിക്കുകയോ ബഹളം വെയ്ക്കുകയോ ചെയ്യുന്ന ഒരാളല്ല. പുറമെയ്ക്ക് നോക്കുമ്പോൾ. അവന്റെ മനസിലെന്താണ് എന്ന് പിടികിട്ടുകയുമില്ല
അപ്പനോടാണെങ്കിലും ഒരു മൂളൽ രണ്ടു വാക്ക് അതാണ് പണ്ട് മുതലെ തന്നെ പ്രകൃതം. മൂത്ത ചേട്ടൻ ഷെല്ലിയോട് അടുപ്പം ഉണ്ട്. അവന്റെ കൂടെ നിന്നാണ് പഠിച്ചത്.മിക്കവാറും കാര്യങ്ങൾ ഷെല്ലി വഴി ആണ് സ്റ്റാൻലി അറിയുക. ഷെല്ലിക്കും അപ്പനമ്മമാരെ ക്കാൾ പ്രിയപ്പെട്ടത് അനിയനാണ്. അവൻ സ്വന്തം മകളെക്കാൾ ഷെല്ലിക്ക് പ്രിയപ്പെട്ടവനാണ് എന്ന് കൂടി പറയണം. ചേച്ചിമാരോടും കുടുംബത്തിലുള്ള എല്ലാവരോടും അവനു സ്നേഹം ഉണ്ടെങ്കിലും ചില മനുഷ്യൻമാരെ പോലെ സംസാരത്തിലൂടെയും പ്രവർത്തിയിലൂടെയും അത് പ്രകടിപ്പിക്കാൻ അറിയില്ല ചാർളിക്ക്. അവൻ ഒതുങ്ങി ഒരു വഴിക്ക് പോകും അതാണ് പ്രകൃതം. വീട്ടിൽ വന്നാൽ അപ്പന്റെ തോട്ടത്തിലെ മുഴുവൻ കാര്യങ്ങളും നോക്കുന്നതവനായിരുന്നു. അത് കൊണ്ട് തന്നെ കാടുമായിട്ടാ കൂടുതൽ സഹവാസം. അത് കൊണ്ടാണമ്മച്ചി ഇവൻ കാട്ടുമനുഷ്യൻ ആയി പോയതെന്ന് ഇടക്ക് ജെറി പറയും.

അമ്മച്ചിയെ ഒന്നു കൂടി നെഞ്ചോട് അമർത്തി ചാർലി പിന്നെയാ നെറ്റിയിൽ ചുണ്ട് അമർത്തി ഒരുമ്മ കൊടുത്തു

കണ്ട് നിന്നവരുടെ കണ്ണുകൾ നനഞ്ഞു

“മോൻ വന്നു കഴിക്കേ അമ്മച്ചി കാച്ചിലും കപ്പയും പുഴുങ്ങി വെച്ചിട്ടുണ്ട്. അപ്പൻ ഒരു മുട്ടനാടിനെയാ വെ-ട്ടിയത്. അതും കള്ളപ്പവും ഉണ്ട്. എന്റെ പൊന്നുമോൻ കുളിച്ചിട്ട് വാ “

അവൻ അമ്മയെ തന്നെ കുറച്ചു നേരം നോക്കി നിന്നു

രണ്ടു വർഷം ആയി കണ്ടിട്ട്

ഇടക്ക് പരോൾ കിട്ടിയെങ്കിലും അവൻ നിഷേധിച്ചിരുന്നു

“എന്താ മോനെ?”

അവൻ ആ കവിളിൽ ഒന്ന് കൂടി ഉമ്മ വെച്ചിട്ട് എല്ലാവരെയും നോക്കി ഒന്ന് പിശുക്കി ചിരിച്ചു

കുടുബത്തെ കണ്ട സന്തോഷം ആ മുഖത്ത് ഉണ്ടായിരുന്നു

“കുളിച്ചിട്ട് വാടാ യാത്ര കഴിഞ്ഞു വന്നതല്ലേ?”

ഷെല്ലി അവനെ ഒന്ന് തട്ടി

അവൻ മുകളിൽ ഉള്ള തന്റെ മുറിയിലേക്ക് പോയി

മുറി നന്നായി ഒരുക്കിയിട്ടുണ്ട്

അവൻ ടവൽ എടുത്തു ബാത്‌റൂമിലേക്ക് പോയി

ജയിലിൽ കുളിക്കുന്നത് ഓർമ്മ വന്നപ്പോൾ അവൻ കണ്ണുകൾ ഇറുക്കിയടച്ചു

പിന്നെ ഷവറിന്റെ കീഴിലേക്ക് കയറി നിന്നു

വെള്ളത്തുള്ളികൾ ദേഹത്തെക്ക് വീഴുന്നു

അതിന്റെ സുഖം

എത്ര നേരം അങ്ങനെ നിന്നുവെന്ന് അറിയില്ല

ചേട്ടൻ വന്നു വിളിച്ചപ്പോഴാണ് അവൻ ഷവർ ഓഫ്‌ ചെയ്തത്

കുളിച്ചു വേഷം മാറി താഴേക്ക് വരുമ്പോൾ എല്ലവരും അവനെ നോക്കിയിരുന്നു

വെയിലും മഴയും ഒന്നും കൊള്ളാത്ത രണ്ടു വർഷങ്ങൾ അവനെ കുറെ മാറ്റിയിട്ടുണ്ട്

ആള് നന്നായി വെളുത്തു

കുറച്ചു കൂടി സുന്ദരനായി

സ്റ്റാൻലിയുടെ മക്കളിലേറ്റവും ഭംഗിയുള്ള ആളും അവൻ തന്നെ ആയിരുന്നു

എല്ലാവരും സ്റ്റാൻലിയുടെ ഛായ ആയപ്പോൾ. ചാർലി മാത്രം അമ്മച്ചിയെ പോലെയാണ് കണ്ണുകൾ ഷേർലിയുടെ തന്നെ. വിടർന്ന വലിയ കണ്ണുകൾ. സ്റ്റാൻലി പുറമെക്ക് എല്ലാവരോടും ഒരു പോലെയാണ് സ്നേഹം പ്രകടിപ്പിക്കുക പക്ഷെ ഉള്ളിൽ എപ്പോഴും ഇളയ കുഞ്ഞിനോട് കൂടുതൽ വാത്സല്യം ഉണ്ടായിരുന്നു. പക്ഷെ. അവൻ അമ്മ മോനാണ്. സദാ അമ്മയെ ചുറ്റിയാണ് നടക്കുക. വീട്ടിൽ ഉള്ളപ്പോ അമ്മയ്‌ക്കൊപ്പമാണ് പകലുറക്കം പോലും.

“കഴിക്ക് “

ഷേർലി വാത്സല്യത്തോടെ അവനോരോന്ന് വിളമ്പി കൊടുത്തു കൊണ്ട് ഇരുന്നു

“രണ്ടെണ്ണം അടിക്കുന്നോടാ? നല്ല സാധനം ഉണ്ട്,

ഷെല്ലി കുപ്പി എടുത്തു ടേബിളിൽ വെച്ചു

“ഇന്ന് വേണ്ട “

ചാർലി പതിയെ പറഞ്ഞു

ഭക്ഷണം കഴിഞ്ഞു

“സുഖമാണോ ചേച്ചി?”

അവൻ ചോദിച്ചപ്പോൾ ജെറിയുടെ ഉള്ളൂ ഒന്ന് നിറഞ്ഞു

അവൾ ആ മുഖത്ത് ഒന്ന് തൊട്ടു

“ഒന്നും. ആലോചിച്ചു വിഷമിക്കണ്ട കേട്ടോ “

അവൻ നേർത്ത ചിരിയോടെ ജെറിയുടെ ഭർത്താവ് വിജയേ നോക്കി

വിജയ് അവന്റെ തോളിൽ ഒന്ന് തട്ടി

“ഞങ്ങൾ നാളെയെ പോകുന്നുള്ളൂ. പോയി റസ്റ്റ്‌ എടുത്തിട്ട് വാ “

അയാൾ പറഞ്ഞു

ചാർലി അമ്മയുടെ തോളിൽ കൂടി കയ്യിട്ട് മുറിയിലേക്ക് നടന്നു

അമ്മയുടെ മടിയിൽ കിടക്കുമ്പോൾ സർവ്വ ദുഖങ്ങളും അവന്റെ ഹൃദയത്തിൽ നിന്ന് മാഞ്ഞു പോയി

ഒരുറക്കം അവനെ തേടി വന്നു

തുടരും…