Story written by Saji Thaiparambu
==============
സ്വന്തം ഭർത്താവിന്റെ അറയിലേക്ക് മനസ്സില്ലാ മനസ്സോടെ മകളുടെ പ്രായമുള്ള പെൺകുട്ടിയെ കയ്യിൽ പാൽ ഗ്ളാസ്സുമായി കയറ്റി വിടുമ്പോൾ, ആരിഫയുടെ മനസ്സിൽ ഒരു തരം നിർവ്വികാരതയായിരുന്നു.
ഈ വിവാഹത്തിന് ആ കുട്ടിക്ക് ഒട്ടും താത്പര്യമില്ലായിരുന്നു എന്ന് അവളുടെ കരഞ്ഞ മുഖത്ത് നിന്നും അവർ വായിച്ചെടുത്തിരുന്നു.
സൈനുദ്ദീൻ മൂന്നാമത് നിക്കാഹ് ചെയ്തോണ്ട് വന്നതാണ്, സുലേഖ എന്ന പതിനെട്ട് കാരിയെ…
ആദ്യ ഭാര്യ ആരിഫ, മ.ച്ചിയാണെന്ന വാദത്തിലൂടെയാണ് അയാൾ രണ്ടാമത് റംലാബീവിയെ നിക്കാഹ് ചെയ്തത്
പക്ഷേ മക്കളുണ്ടാകാത്തത് ആരിഫ, മ ച്ചിയായത് കൊണ്ടല്ല, അത് സൈനുദ്ദീന്റെ കുറവ് തന്നെയാണെന്ന കാരണം പറഞ്ഞ് മൂന്ന് വർഷത്തെ ജീവിതം മതിയാക്കി, റംലാബീവി വീട്ടിൽ പശുവിനെ കറക്കാൻ വരുന്ന കറവക്കാരന്റെ ഒപ്പം പോയി…
ഇതിൽ അരിശം മൂത്ത സൈനുദ്ദീൻ തന്റെ കഴിവ് തെളിയിച്ച് കാണിക്കും എന്ന വാശിയിലാണ് ഇപ്പോൾ മൂന്നാമതൊരു കി.ളുന്ന് പെണ്ണിനെ കെട്ടിക്കൊണ്ട് വന്നത്…
ആ നാട്ടിലെ, ഏക്കറ് കണക്കിന് ഭൂസ്വത്തിന്റെ ജന്മിയായ സൈനുദ്ദീന് യത്തീമായ സുലേഖയെ നിക്കാഹ് ചെയ്യാൻ യാതൊരു തടസ്സവുമില്ലായിരുന്നു.
“സുലേഖയെ മണിയറയിലേക്കയച്ചോ?”
സൈനുദ്ദീന് പിറ്റേന്ന് കൂപ്പിലേക്ക് പോകുമ്പോൾ ധരിച്ചോണ്ട് പോകാനുള്ള, ജൂബയും ഡബിൾ വേഷ്ടിയും ഇസ്തിരിയിട്ട് കൊണ്ടിരുന്ന, ആരിഫ, കോലായിൽ നിന്ന് കയറി വന്ന ഭർത്താവിന്റെ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി.
“ഉവ്വ് ഓള് അറയിലിരിപ്പുണ്ട്…”
ആരിഫ, പതിഞ്ഞശബ്ദത്തിൽ അയാളോട് പറഞ്ഞു.
“എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട് “
അയാൾ ധൃതിയിൽ മണിയറയിലേക്ക് നടക്കാനൊരുങ്ങുമ്പോൾ പുറകിൽ നിന്ന് ആരിഫ വിളിച്ച് പറഞ്ഞു.
“ഉം എന്താ, എല്ലാം നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതല്ലേ ? എന്റെ ആദ്യ ഭാര്യയായ നിനക്ക് തന്നെയായിരിക്കും, ഈ കാണുന്ന സ്വത്തിന്റെ നേർപകുതിക്ക് അവകാശം. ബാക്കിയുള്ളതിൽ ഒരു പങ്ക് മാത്രമേ സുലേഖയ്ക്ക് ഞാൻ കൊടുക്കു, അത് പോരെ “
അയാൾ തിരിഞ്ഞ് നിന്ന് ചോദിച്ചു.
“അതല്ല, നിങ്ങൾ പണ്ട് നമ്മുടെ കല്യാണ രാത്രിയിൽ എന്നോടൊരു രഹസ്യം പറഞ്ഞിട്ടില്ലേ?”
”എന്ത് രഹസ്യം ?”
”പണ്ട് നിങ്ങളുടെ വീട്ടിൽ ജോലിക്ക് നിന്ന സുഹറയെ നിങ്ങൾക്കിഷ്ടമായിരുന്നെന്നും നിങ്ങൾ മൂലം അവൾ ഗ ർഭിണിയായെന്നറിഞ്ഞ നിങ്ങടെ വാപ്പ, അവളെ നാട് കടത്തിയെന്നുമൊക്കെയുള്ള കാര്യം “
അത് കേട്ട് സൈനുദ്ദീൻ ഒന്ന് ഞെട്ടി.
”അതൊക്കെ എന്തിനാ ഇപ്പോൾ പറയുന്നത്?”
സുലേഖ കേൾക്കുമെന്ന ഭയത്തിൽ അയാൾ ആരിഫയുടെ അടുത്തേക്ക് നീങ്ങി നിന്നു.
”അല്ലാ….ഓളെ നിങ്ങളിവിടെ കൊണ്ട് നിർത്തിയിട്ട് പുറത്ത് പോയ സമയത്ത് ഞാൻ ഓളോട് കുടുംബക്കാരെക്കുറിച്ചൊക്കെ ചോദിച്ചു.”
“എന്നിട്ട് അവൾ എന്ത് പറഞ്ഞു.?”
അയാൾക്ക് ആകാംക്ഷയായി.
“ഓള് പറഞ്ഞത് വച്ച് നോക്കുമ്പോൾ അവളുടെ ഉമ്മ സുഹറ തന്നെയാണെന്നാ എനിക്ക് തോന്നുന്നത്”
”ങഹേ, അതെങ്ങനെ നിനക്ക് മനസ്സിലായി ”
”അവൾക്ക് ഓർമ്മ വച്ച നാൾ മുതൽ, ഉമ്മ മാത്രമായിരുന്നു അവൾക്കുണ്ടായിരുന്ന ഏക ആശ്രയം, വാപ്പയെക്കുറിച്ച് അവൾ ചോദിക്കുമ്പോഴെല്ലാം ഒഴിഞ്ഞ് മാറിയിരുന്ന അവർ, അവസാനം മരണാസന്നയായി കിടന്നപ്പോൾ അവളോട് പറഞ്ഞു, ഒരു വലിയ കുടുംബത്തിലെ അംഗമാണ് നിന്റെ ബാപ്പയെന്നും, അവിടുത്തെ വേലക്കാരിയായത് കൊണ്ട് അവിടുന്ന് ഇറക്കിവിട്ടതാണെന്നും പറഞ്ഞു,
അപ്പോഴേക്കും അവരുടെ റൂഹ് പിരിഞ്ഞെന്നും, അത് കൊണ്ട് അവൾക്കൊരിക്കലും അവൾടെ ബാപ്പയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലന്നുമാ പറഞ്ഞത് “
ആരിഫ ഒറ്റ ശ്വാസത്തിൽ പറഞ്ഞ് നിർത്തി.
“ങ് ഹേ സത്യമാണോ നീയീ പറയുന്നത്”
അയാൾക്കത് വിശ്വസിക്കാനായില്ല.
“നിങ്ങളാണെ സത്യം”
“യാ റബ്ബേ..ഇനി ഞാനെന്ത് ചെയ്യും, അവളോടിനി, ഞാനെന്ത് പറയും എങ്ങനെ ഞാനവളുടെ മുഖത്ത് നോക്കും”
അയാൾ അരമതിലിൽ തളർന്നിരുന്നു.
“നിങ്ങൾ ബേജാറാവണ്ട, മറ്റൊരുത്തി പ്രസവിച്ചതാണെങ്കിലും നിങ്ങളുടെ ചോരയല്ലേ അവൾ…എന്റെ സ്വന്തം മോളായിട്ട് ഞാൻ കണ്ടോളാം. കാര്യങ്ങളൊക്കെ തുറന്ന് പറഞ്ഞ് അവളെക്കൊണ്ട് നിങ്ങളെ വാപ്പാന്ന് വിളിപ്പിച്ചോളാം ഞാൻ…കൂപ്പിലേക്ക് ബഷീറിനെയും കൂട്ടി നിങ്ങൾ ഇന്ന് തന്നെ പൊയ്ക്കോളീൻ, രണ്ട് ദിവസം കഴിഞ്ഞ് എല്ലാം കലങ്ങി തെളിയുമ്പോൾ ഞാൻ നിങ്ങളെ വിളിക്കാം”
”ശരി , എന്നാൽ ഞാനിറങ്ങുവാ, നമ്മുടെ മോളെ നീ പൊന്ന് പോലെ നോക്കിക്കോണേ…”
അപ്രതീക്ഷിതമായിട്ട് ഒരച്ഛനായതിന്റെ സന്തോഷത്തിലും ആവേശത്തിലുമായിരുന്നു അയാൾ
ഇസ്തിരിയിട്ട ഡ്രസ്സ് പൊതിഞ്ഞെടുത്ത് അയാൾ പടിക്കെട്ടിറങ്ങി ഇരുളിലേക്ക് മറയുമ്പോൾ ആരിഫ മുകളിലേക്ക് നോക്കി പടച്ചവനേ സ്തുതിച്ചു.
ഒപ്പം അദ്ദേഹത്തോട് കളവ് പറഞ്ഞതിന് മാപ്പിരക്കുകയും ചെയ്തു.
സദുദ്ദേശ്യത്തിനായി കളവ് പറഞ്ഞാൽ അള്ളാഹു പൊറുക്കുമായിരിക്കും
ഇപ്പോൾ എന്റെ ഭർത്താവിനെയും സ്വന്തമായി കിട്ടി, ഒപ്പം, ഒരു യതീം കുട്ടിയെ മകളായും കിട്ടി.
മകളാണെന്ന ധാരണയിൽ അദ്ദേഹം, അവൾക്ക് യോജിച്ച ഒരു പയ്യനെ കണ്ടെത്തി, നിക്കാഹ് ചെയ്ത് കൊടുത്ത് കൊള്ളും. ഇനി മക്കളില്ലെന്ന പേര് പറഞ്ഞ് ഒരിക്കലും മറ്റൊരു വിവാഹത്തിന് മുതിരത്തുമില്ല
ഒരു വെടിക്ക് രണ്ട് പക്ഷി…എന്ന് മനസ്സിലോർത്ത് കൊണ്ട് ആരിഫ സുലേഖയുടെ അരികിലേക്ക് ചെന്നു.
~സജിമോൻ തൈപറമ്പ്