മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ഹരിയുടെ വീടിന്റെ പിന്നിൽ ഒരു ചെറിയ പുഴയുണ്ട്. അവിടെയാണ് അവൻ കുളിക്കുക. പതിവ് പോലെ കുളി കഴിഞ്ഞു വന്ന് വിളക്ക് വെച്ച് പ്രാർത്ഥിക്കുമ്പോൾ കാളിംഗ് ബെൽ അടിച്ചു
അവൻ ഒന്ന് കൂടി തൊഴുതിട്ട് പോയി വാതിൽ തുറന്നു
മുന്നിൽ അഞ്ജലി..സ്വപ്നമാണോ എന്നറിയാൻ അവൻ തന്നെതാൻ ഒന്ന് നുള്ളി നോക്കി
സത്യമാണ്. അഞ്ജലി തന്നെ
അവൻ പെട്ടെന്ന് മുന്നോട്ടാഞ്ഞ് അവളെ കെട്ടിപ്പുണർന്നു. പിന്നെ തെരുതെരെ ഉമ്മ വെച്ചു. വീണ്ടും ഇറുക്കിയൊരു കെട്ടിപ്പിടിത്തം
അഞ്ജലി ആ മുഖം കയ്യിൽ എടുത്തു. കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട് ഹരിയുടെ
അവളാ കണ്ണുകളിൽ ചുണ്ടമർത്തി
“എന്റെ പൊന്ന്…”അവൻ മന്ത്രിച്ചു
പരിസര ബോധം വന്നപ്പോൾ അവൻ അവളെ അകത്തേക്ക് വലിച്ചിട്ട് വാതിൽ അടച്ചു
“ഈശ്വര എടി ആരെങ്കിലും കണ്ടു കാണുമോ എന്റെ ബോധം പോയി അന്നേരം”
അവൾ ചിരിച്ചു
“കണ്ടാൽ എന്ത് പറയും?”
“വഴി തെറ്റി വന്ന പെണ്ണാണെന്ന് പറയാം ” അവൻ കുസൃതിയിൽ പറഞ്ഞു
“വഴി തെറ്റിച്ചതാരാ എന്ന് കൂടി പറയണേ ” അവൾ മൂക്കിൽ ഒന്ന് നുള്ളി
“നീ എങ്ങനെ വന്നു? കാറിൽ ആണോ? ഒറ്റയ്ക്ക് ഇത്രയും ദൂരം?”
അവൾ ബാഗ് കിടക്കയിൽ വെച്ച് ഇരുന്നു
“ബസിൽ “
“ബസിലോ ഒറ്റയ്ക്കോ?”
“ശ്രീ ബസിലല്ലേ ഇങ്ങോട്ട് വന്നത്? ഒറ്റയ്ക്ക്? പിന്നെ എനിക്ക് വന്നൂടെ?”
“ഞാൻ…. ഞാൻ… എന്നെപ്പോലാണോ മോള്?”അവൻ ആ നിറുകയിൽ ചുംബിച്ചു
“അതെന്താ വ്യത്യാസം?”
“ഇത് വരെ ബസിൽ കേറിയിട്ടുണ്ടോ?”
“ഇങ്ങനെയല്ലേ ഓരോന്ന് പഠിക്കുന്നത്?” അവൾ വീട് ഒന്ന് ചുറ്റി നടന്നു കണ്ടു
“കൊള്ളാല്ലോ. നല്ല വൃത്തി. എനിക്ക് ഇഷ്ടായി “
“അത് ശരി താമസിക്കാൻ സർവ്വ സന്നാഹങ്ങളുമായിട്ടാ വരവ്?”
“പിന്നല്ല.. നല്ല ക്ഷീണം ശ്രീ.. ഒരു ചായ “
“അയ്യോ.. ഞാൻ ഓർത്തില്ല ഇപ്പൊ തരാട്ടോ. നീ വേഷം മാറ്റിക്കോ അപ്പോഴേക്കും തരാം “
“അതേയ് കുളിക്കണം. എവിടെയാ ബാത്റൂം?” അവൻ ബാത്റൂമിൽ കൊണ്ട് പോയി ആക്കി
“വേണേൽ പുഴയിൽ കുളിക്കാം ട്ടോ. പിന്നിൽ പുഴയാണ് “
“എനിക്ക് നീന്തൽ അറിയില്ല. പേടിയാ “അവൾ ടവൽ എടുത്തു കതക് അടച്ചു
“ഞാൻ പഠിപ്പിക്കാം “അവൻ ഉറക്കെ പറഞ്ഞു
“ആയിക്കോട്ടെ പോയെ.പോയി ചായ ഉണ്ടാക്ക് “
അവൻ തനിയെ ഒന്ന് ചിരിച്ചു
മനസ്സ് നിറഞ്ഞു തുളുമ്പുകയാണ്ഒരു പാട്ട് മൂളിക്കൊണ്ട് അവൻ ചായ ഉണ്ടാക്കി. മറ്റുള്ളവരെ അവൻ ആ നിമിഷം ഓർത്തതെയില്ല. അവരൊക്കെ എന്ത് ചോദിക്കും അതിനെന്തു മറുപടി പറയും അതൊന്നുമവന്റെ ചിന്തയിൽ വന്നില്ല
ഹൃദയത്തിൽ അഞ്ജലി നിറഞ്ഞു നിന്നു. അവൾ തന്നെ തേടി വന്നിരിക്കുന്നു
ചായ ഉണ്ടാക്കി വെച്ചിട്ട് അവൻ വെറുതെ പുറത്തേക്ക് നോക്കി നിന്നു
തന്റെ രാജകുമാരി വന്നു. ഈ പാവപ്പെട്ടവന്റെ കുടിലിലേക്ക്
പൊടുന്നനെ പിന്നിലൂടെ ഒരു ഉടൽ അമർന്ന് കഴിഞ്ഞു
പിൻകഴുത്തിൽ ഒരു ചുംബനം
“എന്റെ ശ്രീ….” വിറയാർന്ന ശബ്ദം
ശ്രീഹരി തിരിഞ്ഞു. അവന്റെ മുഖം അവളിലെക്ക് അമർന്നു
ആവേശം…ഭ്രാന്തമായ ആവേശം
വിരഹം കൊണ്ട് ഭ്രാന്ത് പിടിച്ച രണ്ടാത്മക്കൾ തമ്മിൽ കെട്ടിമറിഞ്ഞുമ്മ വെച്ചു സ്നേഹിച്ച്..നിമിഷങ്ങൾ കഴിഞ്ഞു പോയി
അഞ്ജലിയുടെ കണ്ണുകൾ പൂർണമായും അടഞ്ഞു. ശ്രീഹരിയവളുടെ കണ്ണുകളിൽ ചുംബിച്ചു
“അഞ്ജലി?”
“ഉം?”
“എന്റെ മോൾക്ക് കല്യാണത്തിന് മുന്നേ കുഞ്ഞു വേണ്ടെങ്കിൽ ദേ ഈ ചായ കുടിക്ക് “
അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് അവനെ നുള്ളി
“പൊ ശ്രീ “
“സത്യം.. എന്റെ കയ്യിന്ന് പോകും.. പിന്നെ എന്നെ പറഞ്ഞേക്കരുത് “
“അങ്ങനെ ഒന്നും പോവൂല്ല..”അവൾ അവന്റെ നെഞ്ചിലെ ആ മുറിപ്പാടിലേക്ക് നോക്കി
“ഇത് മാഞ്ഞു പോയില്ലേ?”
“അത്ര ആഴമുണ്ടായിരുന്നു നിന്റെ അന്നത്തെ ആ.ഇത് പോകണ്ട.. ഒരു ഓർമയാണ് നിന്റെ പ്രണയത്തിന്റെ “
അഞ്ജലി അതിന്മേൽ ചുംബിച്ചു
“ഷർട്ട് ഇല്ലാത് ഞാൻ ആദ്യം കാണുവാ ” അവൾ മെല്ലെ പറഞ്ഞു
അവൻ അവളെ ദേഹത്തോട് ചേർത്ത് പിടിച്ചു
“ചന്ദനത്തിന്റെ മണം ” അവൾ നാസികത്തുമ്പ് അവന്റെയുടലിലൂടെ ഒന്നുഴിഞ്ഞു
“നീ അടങ്ങി നിന്നേ… വെറുതെ “അവനവളെ പിടിച്ചു മാറ്റി ചായ എടുത്തു കൊടുത്തു
“കുടിക്ക്. കഴിക്കാൻ എന്ത് വേണം?”
“ശ്രീ എന്താ കഴിക്കുക?”
“ഞാൻ സ്ഥിരമായി രാവിലെ മേരി ചേച്ചിയുടെ വീട്ടിൽ നിന്നാ കഴിക്കുക. അല്ലെങ്കിൽ പിണങ്ങും.. ഇന്ന് എന്താ പറയുക?”
അവൻ നഖം കടിച്ചു
“ഇന്ന് എന്റെ പെണ്ണ് വന്നിരിക്കുന്നു. അവൾ ഉണ്ടാക്കി തരും എന്ന് പറയ് “
അവൾ ചായ ഗ്ലാസ് കഴുകി വെച്ചു
“അതൊന്നും വേണ്ട..”അവൻ ആ കൈകൾ എടുത്തു മുഖം അമർത്തി
“പൂ പോലെയുള്ള കൈകളാ.. അഴുക്കാക്കണ്ട “
“ശ്രീ… ഞാൻ രണ്ടു ദിവസം ഇവിടെ തന്നെ ഉണ്ടാകും ശ്രീക്കൊപ്പം. ഞാൻ പാചകം ചെയ്യും ഞാൻ ഊട്ടും..ഞാൻ തന്നെ എല്ലാം ചെയ്യും എന്നെ എതിർക്കരുത് ട്ടോ.. ആശ കൊണ്ടാ..”
ശ്രീ ആ മടിയിലേക്ക് മുഖം അണച്ചു വെച്ചു
“എല്ലാരും അറിയട്ടെ എന്റെ ശ്രീ ഒറ്റയല്ല എന്ന്. ശ്രീക്ക് ഒരു പെണ്ണ് ഉണ്ടെന്ന്..ശ്രീക്ക് ഒരു കുടുംബം ഉണ്ടെന്ന്..” അവൾ പറഞ്ഞു കൊണ്ടിരുന്നു
ശ്രീഹരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഈ കടമൊക്കെ ഞാൻ എങ്ങനെ വീട്ടും അവൻ ഓർത്തു. ഇത്രയും നാൾ തരാതെ മാറ്റി വെച്ചതെല്ലാം ദൈവമൊറ്റയടിക്ക് തരികയാണ്.അല്ലെങ്കിൽ ദൈവം അഞ്ജലിയിലൂടെ തന്നിലേക്ക് വരികയാണ്
പക്ഷെ രണ്ടു ദിവസം രാത്രിയും പകലും ഒരു പെണ്ണ് തന്നോടൊപ്പം. അയ്യോ
“രാത്രി വേണ്ട “
“ങ്ങേ?” അഞ്ജലി കണ്ണ് മിഴിച്ചു
“അതേയ്.. ഇത് ഗ്രാമമാ. രാത്രി നീ ഇവിടെ… നാട്ടുകാർ വല്ലോം പറയും “
“അയ്യടാ പറയട്ടെ…”
“എന്റെ പൊന്നല്ലേ? കല്യാണത്തിന് മുന്നേ ഇവിടെ ഒക്കെ അത് പാടില്ലാന്ന് “
“അപ്പൊ ശ്രീ അവിടെ വന്നു നിന്നതോ?”
“അത് സാർ ഉണ്ടായിരുന്നു.പിന്നെ അങ്ങനെ ഒരു അവസ്ഥ…”
“എന്ന ഞാൻ പോയേക്കാം ” അവൾ എഴുന്നേറ്റു
“എന്റെ പൊന്നേ പിണങ്ങി പോകല്ലേ. ഞാൻ വഴിയുണ്ടാക്കാം സത്യം..”
അവൾ ചിരിച്ചു കൊണ്ട് അവന്റെ പരിഭ്രമത്തിലേക്ക് നോക്കി
“ഹരിയേട്ടാ…”
ജെന്നിയുടെ വിളി
“ദേണ്ടേ ജെന്നി..”അവൻ ചാടി എഴുന്നേറ്റു. അവൾ കൗതുകത്തോടെ അവൻ എന്ത് ചെയ്യുന്നു എന്ന് നോക്കിക്കൊണ്ടിരുന്നു
“ഹരിയേട്ടാ കഴിക്കാൻ വാ “
“ഞാൻ വന്നേയ്ക്കാം നീ പൊയ്ക്കോ “
അവൻ തെല്ല് ഉറക്കെ വിളിച്ചു പറഞ്ഞു
“ഞാൻ വന്നത് ബുദ്ധിമുട്ട്…” അവൻ ആ വാ പൊത്തി
“അങ്ങനെ ചിന്തിക്കുക പോലും ചെയ്യരുത്… അതല്ല. ഒരു പ്ലാനിങ് ഇല്ലാത്ത കൊണ്ട്..എങ്ങനെ വേണം ന്ന് ഞാൻ ഒന്ന് ആലോചിച്ചു നോക്കുവാ… നീ വന്നത് ഇപ്പൊ എത്ര സന്തോഷമായെന്ന് അറിയോ? മരുഭൂമിയിൽ ദാഹജലം പോലുമില്ലാതെ കിടന്ന ഒരുവന്റെ മുന്നില് തുലാമഴ പെയ്തത് പോലെ.. ശ്രീഹരി ഇത് വരെ ഈ വീട്ടിൽ തനിച്ച്… ഇപ്പൊ നീ വന്നപ്പോൾ…”
അവൻ ആ കയ്യിൽ മുറുകെ പിടിച്ചു
“വാ.. എല്ലാരേം പരിചയപ്പെടണ്ടേ?”അവൾ കണ്ണ് ചിമ്മി
“എഴുന്നേറ്റു വാ കൊച്ചേ. ഇവിടെ ഒക്കെ ആരെങ്കിലും വന്നാൽ അയല്പക്കത്തെ വീട്ടിൽ ഒക്കെ പോകും. അല്ലാതെ ടൗണിലേ പോലല്ല. വാ “
അവൾക്ക് ഒരു ചമ്മൽ തോന്നി
“അതേയ് ഞാൻ എന്താ പറയുക? “
“ഞാൻ പറയുന്നത് കേട്ടാ മതി.”
“ഈ ഡ്രസ്സ് ഓക്കെ അല്ലെ?” അവൻ അവളെയൊന്ന് നോക്കി
ഇളം വയലറ്റിൽ പൂക്കൾ തുന്നിയ നീളൻ ഉടുപ്പ് മുട്ടിനു താഴെ നിൽക്കുന്നത്..
“ഏത് ഡ്രെസ്സും ഓക്കെ ആണ് വാ ” അവൻ അവളെ കൂട്ടി ഇറങ്ങി വാതിൽ ചാരി
ഹരിക്കൊപ്പം അതിസുന്ദരിയായ ഒരു പെൺകുട്ടിയേ കണ്ട് ആദ്യം വാ പൊളിച്ചത് മേരിയാണ്
“ഇത് ബാലചന്ദ്രൻ സാറിന്റെ മകൾ അഞ്ജലി “
അവൻ പറഞ്ഞു. അവരുടെ മുഖത്ത് ബഹുമാനം നിറഞ്ഞു
“അയ്യോ… മോള് എപ്പോ വന്നു? ഇരിക്ക് ” അവർ കസേര വലിച്ചിട്ട് കൊടുത്തു
“ഇപ്പൊ വന്നേയുള്ളു “അവൾ കുനിഞ്ഞവരുടെ കാല് തൊട്ട് കണ്ണിൽ വെച്ചു എന്നിട്ട് കസേരയിൽ ഇരുന്നു
മേരി ഒരു നിമിഷം സ്തംഭിച്ചു പോയി
സമ്പന്നനായ ഒരാളുടെ അതി സമ്പന്നയായ മകളാണ് അഞ്ജലി എന്നവർ കേട്ടിട്ടുണ്ട്. അവൾ ഇത്രയും ലാളിത്യമുള്ളവളാണെന്ന് അറിഞ്ഞിരുന്നില്ല
ജെന്നി അമ്പരന്ന് നിൽക്കുകയായിരുന്നു
“മോൾക്ക് എന്താ കഴിക്കാൻ?”
“അങ്ങനെ ഒന്നുല്ല എല്ലാം കഴിക്കും “
അവൾ ചുറ്റുമോന്ന് നോക്കി പറഞ്ഞു. ജെന്നിയെ കണ്ട് മൃദുവായി പുഞ്ചിരിച്ചു. ജെന്നിയും ഒരു ചിരി പകരം കൊടുത്തു
“ഹരിക്ക് ഇഷ്ടം അപ്പവും മുട്ടയുമാണ് മിക്കവാറും അത് കൊണ്ട് അതാണ് ഉണ്ടാക്കുക. അത് കഴിക്കില്ലേ”
“ഉവ്വ് ” അവൾ ചിരിച്ചു
അവൾ കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ അവർ വെറുതെ അവളുടെ മാലയിൽ ഒന്ന് നോക്കി
വിവാഹിതയല്ല.ഒറ്റയ്ക്ക് ഇത്രയും ദൂരം. അതും ഹരിയുടെ അടുത്തേക്ക്
അവർ ഹരിയെ നോക്കി. ഒരു പതർച്ച ഉണ്ട് ആളിന്
“മോള് ഇങ്ങോട്ടായി വന്നതാണോ?”
“അതേ “
“എത്ര ദിവസം ഉണ്ട്?”
“രണ്ട് “
“എവിടെ താമസിക്കും?”
അതൊരുഗ്രൻ ചോദ്യമായിരുന്നു
ഹരി അവളെ ഒന്ന് നോക്കി
അവൾ ഹരിയെയും…
(തുടരും )