തനിയെ ~ ഭാഗം 17, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ദിവസങ്ങൾ പിന്നെയും ഓടിമറഞ്ഞുകൊണ്ടിരുന്നു. ശ്രുതിമോൾ നടന്നു തുടങ്ങിയതോടെ വേണിക്ക് സ്വസ്ഥമായി ഒരു ജോലിയും ചെയ്യാൻ പറ്റാത്ത നിലയായി. എല്ലായിടത്തും അവൾക്കു പിന്നാലെ മോളുമുണ്ട്.

പ്രസാദിനെ കാണുമ്പോൾ ചിരിച്ചു കൊണ്ട് അവൾ അടുത്തേക്ക് ചെല്ലും. ചിലപ്പോഴൊക്കെ അവൻ കുഞ്ഞിനൊരു മറു ചിരി സമ്മാനിക്കും. എടുത്തു കൈത്തണ്ടയിലിരുത്തി കൊച്ചു വർത്തമാനം പറയും

വേണിക്ക് അതു കാണുമ്പോൾ ഉള്ളിൽ ചിരിയൂറും.

വേണി അവനോട് സംസാരിച്ചിട്ട് നാളുകൾ ഏറെയായിരുന്നു. ഒരു വീട്ടിൽ രണ്ടു വ്യത്യസ്ത ധ്രുവങ്ങളിലായി ജീവിക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടാകുന്നു. മോളില്ലായിരുന്നെങ്കിൽ എവിടെയെങ്കിലും ജോലിക്ക് കയറി ഏതെങ്കിലും ഹോസ്റ്റലിൽ കഴിഞ്ഞു കൂടാമായിരുന്നു. ഒന്നിനും കഴിയാത്ത അനന്തമായ നിസ്സഹായത തിങ്ങി നിറഞ്ഞു നിൽക്കുന്നു.

ചില ദിവസങ്ങളിൽ പ്രസാദിന്റെ ഭ്രാന്തമായ ആക്രമണങ്ങളെ ചെറുത്തു നിൽക്കാൻ പല്ലും നഖവും ഉപയോഗിക്കേണ്ടി വന്നു അവൾക്ക്.

“നിങ്ങളെയെനിക്കിഷ്ടമല്ല. ഇനിയും എന്റെ ദേഹത്ത് തൊട്ടാൽ കൊല്ലും ഞാൻ… പല പ്രാവശ്യം അവന്റെ മുഖത്തു നോക്കി അലറിയിട്ടും യാതൊരു ഉളുപ്പുമില്ലാതെ വീണ്ടും അവൻ അവൾക്കരികിലെത്തും.

എങ്ങനെ അവന്റെ ക്രൂരതകളിൽ നിന്ന് രക്ഷപെടും എന്നറിയാതെ വേണി സമനില തെറ്റിയവളെപ്പോലെ ഉഴറി നടന്നു.

ഒരു ദിവസം രാവിലെ,

വേണി മുറ്റത്തു നിന്ന ഇത്തിരിയോളം ചീരയിലകൾ നുള്ളിയെടുത്തുകൊണ്ട് അടുക്കളയിലേക്ക് വരികയായിരുന്നു

“നമ്മുടെ ചാക്കോ ചേട്ടന്റെ വീട്ടിൽ വാടകക്ക് താമസിക്കാൻ വന്നേക്കുന്നത് എന്റെ പഴയൊരു കൂട്ടുകാരനാ. ഇന്ന് ഉച്ചക്ക് ഉണ്ണാൻ ഞാനവനെ ഇങ്ങോട്ടു വിളിച്ചിട്ടുണ്ട്. അവരുടെ സാധനങ്ങൾ എല്ലാം ഇറക്കി തീർന്നിട്ടില്ല. ഞാനും കൂടി അങ്ങോട്ട്‌ പോകുവാ. ഉച്ചക്ക് അവരെയും കൂട്ടി വരാം. അപ്പോഴേക്കും എല്ലാം റെഡിയാക്കിക്കൊ.

കയ്യിലിരുന്ന പച്ചക്കറികളും മറ്റു പലവ്യജ്ഞനങ്ങളും അടുക്കളയിൽ കൊണ്ട് വെച്ച് പ്രസാദ് വേണിയോട് പറഞ്ഞു.

അവളതിലേക്കു നോക്കാനേ പോയില്ല.

രാവിലെ മുതൽ എന്തെങ്കിലുമൊരു കറിയുണ്ടാക്കാനുള്ള വക തേടി പുരയ്ക്കു ചുറ്റും നടപ്പായിരുന്നു അവൾ.

പൊരിഞ്ഞ വയറുമായി എത്രയൊ ദിവസങ്ങൾ പട്ടിണിയിരുന്നിട്ടുണ്ട്. അന്നൊന്നും നീ വല്ലതും കഴിച്ചോ, കുഞ്ഞിന് വല്ലതും കൊടുത്തോ എന്ന് ചോദിക്കാനുള്ള മനസ്സുപോലും കാണിക്കാത്ത ഒരുത്തൻ. മോൾടെ പിറന്നാളിന് ഒരു വാഴയിലപോലും കൊണ്ട് തരാതിരുന്നവൻ കൂട്ടുകാരനും ഭാര്യക്കും വേണ്ടി സൽക്കാരമൊരുക്കുന്നു.. ത് ഫൂ… അവൾ മനസ്സിൽ നൂറു വട്ടം കാറിത്തുപ്പി.

പിന്നെയവൾ അത്യാവശ്യം വീട്ടു ജോലികൾ തീർത്ത് ഉച്ചക്ക് കഴിക്കാനുണ്ടാക്കിയ ചോറും ചീരയില കറിയും ഒരു പാത്രത്തിൽ ഭദ്രമായി അടച്ച് പ്രസാദിന്റെ കണ്ണിൽ പെടാതെ എടുത്തു വെച്ച് ഷീജ ചേച്ചിയുടെ വീട്ടിലേക്ക് പോയി.

ഉച്ചക്ക് അവന്റെ കൂടെ ആരൊക്കെയൊ വീട്ടിലേക്ക് കയറി വരുന്നത് ഷീജയുടെ തയ്യൽ ക്ലാസ്സിലിരുന്നു വേണി കാണുന്നുണ്ടായിരുന്നു. അല്പം കഴിഞ്ഞു അവൻ മുറ്റത്തിറങ്ങി നാലുപാടും നോക്കുന്നതും ഷീജ ചേച്ചിയുടെ വീട്ടിലേക്കെത്തി നോക്കി ടെറസ്സിന് മുകളിലേക്കു സൂക്ഷിച്ചു നോക്കുന്നതും ഷീറ്റിട്ട് മറച്ച തയ്യൽ ക്ലാസ്സിന്റെ ഇത്തിരി വിടവിലൂടെ വേണി കണ്ടു കൊണ്ട് നിന്നു.

അവൻ ഉറക്കെ എന്തൊക്കെയോ ചീത്ത വിളിക്കാൻ തുടങ്ങിയതും, തടിച്ചുരുണ്ട ഒരു സ്ത്രീ വന്ന് അവനോട് ചുമലിൽ തട്ടി സാരമില്ല എന്ന ഭാവത്തിൽ എന്തോ പറഞ്ഞു.

പിന്നെയവൾ രണ്ടു കുട്ടികളുടെ കയ്യും പിടിച്ച് റോഡിലേക്കിറങ്ങി. അവൾക്ക് പിന്നാലെ രണ്ടു പുരുഷൻമാരും. അവർ പ്രസാദിനെയും പിടിച്ചു വലിച്ച് തങ്ങൾക്കൊപ്പം കൂട്ടി.

അവർ പോയെന്ന് ഉറപ്പായതോടെ വേണി തിരികെ വന്ന് ഭക്ഷണം കഴിച്ചു. പിന്നെ തുന്നാനുള്ള തുണികളുമായി വരാന്തയിലിരുന്നു.മോളോട് കൊച്ചു വർത്തമാനങ്ങളും പറഞ്ഞുകൊണ്ടവൾ വൈകുവോളം ജോലി തുടർന്നു.

നിലത്തുറക്കാത്ത കാലുകളുമായാണ് അന്ന് പ്രസാദ് വീട്ടിൽ വന്നത്.

“എന്നെ നാണം കെടുത്തിയപ്പോ തൃപ്തിയായല്ലോടി പൂ…. മോളെ നിനക്ക്. ഒരു നിമിഷം ഇനി നീയിവിടെ നിൽക്കരുത്. ഇപ്പൊ ഇറങ്ങിക്കോണം. ഇതെന്റെ വീടാ. എന്നെ അനുസരിക്കാത്തവൾക്ക് ഇവിടെ തുടരാൻ യാതൊരു യോഗ്യതയുമില്ല.

അവൻ അവളുടെ കയ്യിൽ പിടിച്ച് പുറത്തേക്ക് വലിച്ചിട്ടു.

വേണിക്ക് തടയാനാകും മുന്നേ അവൻ മുൻവശത്തെ വാതിലടച്ചു കുറ്റിയിട്ടു.

എങ്ങോട്ടു പോകും എന്നറിയാതെ മോളെയും കൊണ്ട് വേണി ഇരുളിൽ പകച്ചു നിന്നു.

*********************

ഹലോ വേണി, ഞാൻ ലീന. അപ്പുറത്ത് വാടകക്ക് താമസിക്കുന്നു. എന്റെ ഏട്ടനും പ്രസാദും കൂട്ടുകാരാ. പ്രസാദ് ശരിയാക്കി തന്നതാ ഈ വീട്.

വേണി മോൾക്ക് ചോറും കൊടുത്ത് അടുക്കളയിറത്തു ഇരിക്കുകയായിരുന്നു. നിറഞ്ഞ ചിരിയുമായി നിൽക്കുന്ന സ്ത്രീയെ കണ്ട്,അന്ന് പ്രസാദിനോപ്പം ഉച്ചക്ക് ഊണുകഴിക്കാൻ കയറി വന്നവരുടെ കൂട്ടത്തിൽ ഇവളുമുണ്ടായിരുന്നു എന്ന് വേണി തിരിച്ചറിഞ്ഞു.

കയറിയിരിക്ക്

അവൾ അവരെ അകത്തേക്ക് ക്ഷണിച്ചു.

പിള്ളേർ സ്കൂളിൽ പോയൊ?

എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് കരുതി വേണി അവരോടു ചോദിച്ചു.

“ആ പിള്ളേര് രണ്ടും സ്കൂളിൽ പോയി. ഏട്ടൻ ജോലിക്കും. ഒറ്റക്കിരുന്നു ബോറടിച്ചപ്പോ ഇങ്ങോട്ടിറങ്ങിയതാ. പ്രസാദ് വിളിച്ചപ്പോ പറയേം ചെയ്തു ഇവിടെ വേണിയും തനിച്ചാണെന്ന്.

പ്രസാദ് ദിവസവും നിങ്ങളെ വിളിക്കാറുണ്ടോ എന്നൊരു ചോദ്യം നാവിൻ തുമ്പിലെത്തിയെങ്കിലും വേണിയത് ഉമിനീര് ചേർത്തു താഴോട്ടിറക്കി.

“വീട്ടിൽ ടീവി ഫിറ്റ്‌ ചെയ്തിട്ടില്ല. എനിക്ക് സ്ഥിരമായി രണ്ടു സീരിയൽ കാണുന്ന പതിവുണ്ട്. അതിന്റെ നേരമായി. വേണി അതൊന്നു വെച്ചു തരൂ.

പറഞ്ഞുകൊണ്ടവർ ടീവിക്ക് മുന്നിലെ കസേരയിൽ ചെന്നിരുന്നു.

പിന്നെയതൊരു പതിവായി

കൂടുതൽ പരിചയപ്പെട്ടു വന്നപ്പോൾ വിചാരിച്ചപോലൊരു പ്രശ്നക്കാരിയല്ലെന്നും ഒരു പാവമാണെന്നും വേണിക്ക് തോന്നി.

പ്രസാദുള്ളപ്പോഴും അവളവിടെ വന്നിരിക്കും. കുട്ടികൾ സ്കൂൾ വിട്ട് വരും വരെ. ആദ്യമൊക്കെ വേണി അതിൽ അതൃപ്തി കാട്ടിയെങ്കിലും പിന്നെ പിന്നെ, എന്തോ ആകട്ടെ എന്ന രീതിയിലേക്ക് അവളുടെ മനസ്സ് മാറി…

******************

ശ്രുതിമോൾക്ക് പനിതുടങ്ങിയിട്ട് രണ്ടു ദിവസമായി.തല്ക്കാലത്തേക്കുള്ള മരുന്നുകൊണ്ടൊന്നും ശമനമുണ്ടായില്ല.

കുഞ്ഞ് അവശതയായി തുടങ്ങിയപ്പോ വേണി അവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി.

തിരിച്ചു വരുമ്പോൾ ഉമ്മറവാതിൽ ഉള്ളിൽ നിന്ന് അടച്ചിട്ടുണ്ട്.

പ്രസാദ് ഇന്ന് നേരത്തെ വന്നോ, വന്നാലും മുറിയടച്ചു ഇരിക്കുന്ന പതിവില്ലല്ലോ എന്നവൾ ആശങ്കപ്പെട്ടു.

വാതിലിൽ തട്ടി ഏറെ നേരം കാത്തു നിന്നു.

തുറക്കാൻ വൈകുന്ന വാതിലുകൾ വേണിയുടെ ആശങ്ക വർധിപ്പിച്ചു.

രാവിലെ മുതലുള്ള അലച്ചിലിന്റെ ക്ഷീണം ഒരു വശത്ത്.

ഒടുവിൽ തുറക്കപ്പെട്ട വാതിലിനപ്പുറം വിയർത്തു കുളിച്ച് പ്രസാദ്. അവന് പിന്നിൽ ഒളിക്കാനൊരിടം പരതി ലീനയും.

ഇത്രയും കാലം പലരുടെയും പേരുകൾ ചേർത്തു പറഞ്ഞു കെട്ടിട്ടേയുള്ളു. പക്ഷേ ഇപ്പൊ കണ്മുന്നിൽ തന്നെ… അതും സ്വന്തം വീട്ടിൽ.

ഒരു നിമിഷം നിശ്ചലയായി നിന്ന വേണി അടുത്ത നിമിഷം ഒന്നും സംഭവിക്കാത്തതു പോലെ അകത്തേക്ക് കയറി. രാവിലെ ഉണ്ടാക്കിവെച്ച ആഹാരം എടുത്തു കഴിച്ചു. പിന്നെ അവളുടെയും മോളുടെയും തുണികൾ ഒരു ബാഗിൽ അടുക്കിപ്പെറുക്കി അതുമെടുത്തു പുറത്തേക്കിറങ്ങി.

പ്രസാദിൽ നിന്ന് ഒരു പിൻവിളി പോലുമുണ്ടായില്ല. അവളത് പ്രതീക്ഷിച്ചുമില്ല.

ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ എങ്ങോട്ട് എന്നൊരു ചോദ്യം മാത്രം അവളെ അലട്ടിക്കൊണ്ടിരുന്നു.

തുടരും…