ആ നാട്ടിലെ ഏറ്റവും പ്രായമായ വർക്കിച്ചേട്ടനെയായിരുന്നു അവർക്ക് ഏറ്റവും വെറുപ്പ്…

കലുങ്ക്

Story written by Mary Milret

==============

നാട്ടിലെ പ്രധാന വായ് നോക്കികളായിരുന്നു ആ അഞ്ച് ചെറുപ്പക്കാർ. ചുമ്മാ അങ്ങനെ ആ കലുങ്കിൽ ഇരിക്കും. ആരെയും വെറുതെ വിടില്ല.

പെൺകുട്ടികളെ ഇരട്ട പേരുകൾ വിളിച്ചു കളിയാക്കും. ബോഡിഷെയിമിങ്ങാണ് ഇഷ്ടവിഷയം. ചോദ്യം ചെയ്താൽ തെ റിവിളിക്കും. തെറിവിളിയും ആക്ഷേപിക്കലും ഭയന്ന് നാട്ടുകാർ ആരും അവരോട് എതിർത്തു ഒന്നും പറഞ്ഞിരുന്നില്ല

വയസായവരെ കണ്ടാൽ പരിഹാസം കൂടുതലാണ്. “എന്താണ് പഴുത്തിലേ, ഇങ്ങനെയൊക്കെ നടന്നാ മതിയാ…ഫ്ളെക്സൊക്കെ അടിപ്പിക്കണ്ടേ…മൂക്കീപ്പഞ്ഞീം വെച്ച് പെട്ടീക്കേറാറായില്ലേ” എന്ന് കളിയാക്കും.

ആ നാട്ടിലെ ഏറ്റവും പ്രായമായ വർക്കിച്ചേട്ടനെയായിരുന്നു അവർക്ക് ഏറ്റവും വെറുപ്പ്. പുള്ളി ഒരിക്കൽ അവരെ ഒന്ന് ഉപദേശിക്കാൻ ശ്രമിച്ചിരുന്നു…

ഒരു ദിവസം കലുങ്കിലൂടെ അവരെ കടന്നു പോയ ഒരു പെൺകുട്ടിയെ അവർ പതിവ് പോലെ വൃത്തികെട്ട ഭാഷയിൽ പരിഹസിച്ചു. പെൺകുട്ടി തിരിഞ്ഞു നിന്ന് നല്ല ചീ ത്ത പറയുകയും ഒരുത്തനെ കരണത്തടിക്കുകയും ചെയ്തു.

ആ നാട്ടിലെ പുതിയ താമസക്കാരിയായിരുന്നു അവൾ. അടികൊണ്ടവൻ തിരിച്ചടിക്കാൻ കൈ പൊക്കി ചാടിയെഴുന്നേൽക്കാൻ ശ്രമിക്കേ അടുത്തിരുന്നവൻ അവനെ പിന്നിലേക്ക് വലിച്ച് തടയാൻ ശ്രമിച്ചു. അടിക്കാൻ ശ്രമിച്ചവൻ ദേ, കിടക്കുന്നു തോട്ടിൽ…

പിറ്റേന്ന് കലുങ്കിൽ ചാരിവച്ച ഫ്ളക്സിൽ അവൻ ചിരിച്ചങ്ങനെയിരുന്നു. അതിലേക്ക് കണ്ണ് നട്ട് ദു:ഖമടക്കാനാവാതെ ശേഷിച്ച നാലുപേരും കലുങ്കിൽ ഇരുന്നു.

മൂക്കിൽ പഞ്ഞി, വച്ച് വെള്ള ഡ്രസ്സിട്ട് പെട്ടിയിൽ കിടക്കുന്ന അവനെ കണ്ട് വർക്കിച്ചേട്ടൻ തിരിച്ചു വരുമ്പോൾ ബാക്കി നാലു പേരും കലുങ്കിൽ ഉണ്ടായിരുന്നു. അയാളെ കണ്ട് അവർ എഴുന്നേറ്റു നിന്നു.

“നാട്ടുകാരെ പരിഹസിച്ചു പാഴാക്കി കളഞ്ഞ സമയത്ത് നീന്താനെങ്കിലും പഠിച്ചിരുന്നെങ്കിൽ ഇത്ര ചെറുപ്പത്തിലേ ഫ്ളെക്സും പഞ്ഞീം പെട്ടിയുമൊക്കെ വേണ്ടി വരുമായിരുന്നോ? ഇനിയെങ്കിലും അവനവനെങ്കിലും പ്രയോജനപ്പെടുന്ന തരത്തിൽ ജീവിക്കാൻ നോക്ക്”.

ഇത്രയും പറഞ്ഞ് ആ പഴുത്തില, വർക്കിച്ചേട്ടൻ, പച്ചിലകളേക്കാൾ സ്മാർട്ടായി മുന്നോട്ട്…